Wednesday, March 29, 2017

KARMA IS A BOOMERANG

"ഓരോ കര്‍മത്തെയും അതിന്റെ കര്‍മഫലം വിടാതെ പിന്തുടരും"-അടുത്തിടെ കണ്ട ഒരു മലയാള ചലച്ചിത്രം കുറിച്ചിട്ട വാക്കുകളാണ്.ജഗതീശ്വര കടാക്ഷത്താല്‍ പാരിലേക്കയക്കപ്പെട്ട ഓരോ മനുഷ്യ ജീവിയും നിരന്തരം വ്യത്യസ്ത കര്‍മങ്ങളില്‍ വ്യാപ്ര്തരാണു.അവനിലെ ചിന്തകളും സ്വപനങ്ങളും ഓരോ കര്‍മത്തിന്റെയും ഏണിപ്പടികളായപ്പോള്‍ തനിക്കു ജീവിക്കാനിടം നല്‍കിയ ഭൂമിദേവിക്ക് പോലും രൂപമാറ്റം വരുത്തുവാന്‍ അവനു കഴിഞ്ഞു.എന്നാല്‍ ആ രൂപമാറ്റങ്ങള്‍ ഏതൊക്കെ രീതിയില്‍ അവനു തിരിച്ചടിയായി എന്ന ബോധം മനുഷ്യനുണ്ടാകാന്‍ കാലതാമസം ഏറെയെടുക്കുന്ന കാരണത്താല്‍, അവന്റെ കര്‍മങ്ങളുടെ ഫലം പ്രകൃതി തന്നെ അവനു നല്‍കി.പേമാരിയും,വെള്ളപ്പൊക്കവും,ഭൂചലനവും,അഗ്നിപര്‍വത സ്ഫോടനങ്ങളും നല്‍കി പ്രകൃതി മനുഷ്യന്റെ കര്‍മങ്ങളെ വരവേറ്റപ്പോള്‍ കാഴ്ചക്കാരനായി നില്‍ക്കുവാന്‍ മാത്രമേ ഭൂമിയിലെ ഏറ്റവും ബുദ്ധിമാനായ ജീവിക്ക് കഴിഞ്ഞുള്ളൂ.ഇതൊരു കര്‍മത്തെയും തേടി അതിന്റെ കര്‍മഫലം ഉണ്ടാകും.ശ്രേഷ്ടമായ കര്‍മങ്ങള്‍ക്കും ദുഷിച്ച കര്‍മങ്ങള്‍ക്കും ഒരുനാള്‍ കര്‍മഫലം തേടിയെത്തുക തന്നെ ചെയ്യും.

സിനിമ എന്നത് കഴിവും ഭാഗ്യവും ഒത്തുചേര്‍ന്ന ഒരു മേഖലയാണ്.ഒരേസമയം ഈ രണ്ടു ഘടകങ്ങളും നമുക്ക് കൂട്ടിനുണ്ടായാല്‍ മാത്രമേ വിജയം കൈപ്പിടിയിലൊതുങ്ങുകയുള്ളൂ.ഭാഗ്യം എന്ന ഘടകം തുണയ്ക്കാത്ത കാരണത്താല്‍ ചിറകു കരിഞ്ഞു വീണവര്‍ ഏറെയാണ്‌.എന്നാല്‍ ഭാഗ്യം എന്നത് മാത്രം കൊണ്ടും ആരും സിനിമ വ്യവസായത്തിന്റെ ഉന്നതിയില്‍ എത്തിയിട്ടില്ല.ആകാരഭംഗി ഒരു ഭാഗ്യ ലക്ഷണമായി കണ്ടുകൊണ്ടു കഴിവിന് കേവല വില പോലും കല്‍പ്പിക്കാതെ കടന്നു വന്ന പലരും വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ വേഷം നല്‍കി പിന്‍വാങ്ങിയ കഥകള്‍ സിനിമ ലോകത്തെ പരിചിതമായ കാഴ്ചയാണ്.വിജയം മനസ്സിലുറപ്പിച്ചു കഠിനപ്രയത്നം ചെയ്ത പ്രതിഭകളെ തേടി ഭാഗ്യം അവരുടെ വീട്ടുപടിക്കല്‍ കാത്തു കിടന്നതും ചരിത്രം.ഇനി വിഷയത്തിലേക്ക് വരാം.ഇതൊരു ചെറു കഥയാണ്‌.ഒരുപക്ഷെ,ഈ കഥ വായിക്കുന്ന ഏതൊരുവനും, സംതൃപ്തിയും തോല്‍വികളില്‍ പതറാതെ മുന്നോട്ടു കുതിക്കാനുള്ള പ്രചോതനവും ആകുമെന്ന വിശ്വാസത്തോടെ തുടര്‍ന്ന് വായിക്കുക.

1996 ൽ ഷാജോൺ കാരിയൽ എന്ന പ്രതിഭാധനന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായിരുന്നു 'രജപുത്രൻ'.അന്നത്തെ ഏറ്റവും വിലപിടിപ്പുള്ള താരമായ സുരേഷ് ഗോപിക്കൊപ്പം ശോഭന,വിജയ രാഘവൻ എന്നിവർ മുഖ്യവേഷത്തിലെത്തിയ ചിത്രം ഏറെ ചർച്ചകൾക്ക വഴിയൊരുക്കിയിരുന്നു.ഒരേ സമയം തമിഴ്,തെലുങ്ക് ഭാഷകളിലും റിലീസ് കാത്തിരുന്ന 'രജപുത്രന്‍' ആ വര്‍ഷത്തെ ഏറ്റവും ചിലവേറിയ മൂന്നാമത്തെ മലയാള ചിത്രം കൂടിയായിരുന്നു.


ആയിടയ്ക്കാണ്, ചിത്രത്തിന്റെ
 ലൊക്കേഷനിൽ അന്നത്തെ തമിഴ് സൂപ്പർ നായിക വിനീത എത്തുന്നത്.1995 ലെ സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രം'മാന്ത്രിക'ത്തി ലൂടെ മലയാളികൾക്കും പ്രീയങ്കരിയായിരുന്നു വിനീത.ആ വര്‍ഷം തന്നെ വ്യത്യസ്ത ഭാഷകളില്‍ ഏഴോളം ചിത്രങ്ങള്‍ ചെയ്തുകൊണ്ട് ഒരു സൂപ്പര്‍ നായികയാകാനുള്ള എല്ലാ സാധ്യതകളും കല്‍പ്പിക്കപ്പെട്ടിരുന്ന നായികയായിരുന്നു അവര്‍.

ലൊക്കേഷനിൽ വച്ച് മലയാളത്തിലെ ഒരു പ്രമുഖ സിനിമ മാസിക, വിനീതയ്ക്കായി ഒരു ഫോട്ടോ ഷൂട്ട് തയ്യാറാക്കുകയുണ്ടായി.ചിത്രത്തിൽ സഹനടനായി വേഷമിട്ട താരത്തിനൊപ്പം ഫോട്ടോഷൂട് പ്ലാൻ ചെയ്യുകയുണ്ടായി.എന്നാൽ ഫോട്ടോഷൂട്ടിനു എത്തിയ വിനീത തനിക്കൊപ്പം ഫോട്ടോഷൂട്ടിൽ എത്തിയ നടനെ കണ്ടു തന്റെ തീരുമാനത്തിൽ നിന്ന് വ്യതിചലിച്ചു.സഹനടനൊപ്പം എന്ത് വന്നാലും താൻ അഭിനയിക്കില്ല എന്നവർ വാശിപിടിച്ചു.ഈ ഫോട്ടോ ഷൂട്ട്‌ തന്റെ താരപദവിക്ക് ഒരു വിലങ്ങുതടിയായെക്കാം എന്നവര്‍ ഭയപ്പെട്ടു.നിര്‍ബന്ധമാണെങ്കില്‍ ചിത്രത്തിലെ നായകൻ സുരേഷ് ഗോപിയ്‌ക്കൊപ്പം ഫോട്ടോ ഷൂട്ടിനു തയ്യാറാണെന്ന് നടി പറഞ്ഞു.ഫോട്ടോഷോട്ടിനെത്തിയസഹനടൻ വിനീതയുടെ അവഹേളനം നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഒന്നും സംഭവിക്കാത്തവനെ പോലെ വേദന നിറഞ്ഞ മനസ്സിനു വിഖാതമായി ഒരു ചെറു പുഞ്ചിരി നൽകി അവിടെ നിന്ന് ഇറങ്ങി പോകുകയായിരുന്നു.ഒടുക്കം ഫോട്ടോഷൂട്ട് നടത്താനാകാതെ ഫോട്ടോഗ്രാഫറും പടിയിറങ്ങി.

വര്‍ഷങ്ങള്‍ കടന്നുപോയി,വിനീത എന്ന നടിയുടെ പതനം അവിടെ തുടങ്ങുകയായിരുന്നു.98-99 കാലഘട്ടത്തില്‍ അവരുടേതായി പുറത്തിറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളും ബോക്സ്‌ ഓഫീസില്‍ ദുരന്തങ്ങളായപ്പോള്‍ വിനീത എന്ന നടിയും തകര്‍ച്ചയുടെ പടുകുഴിയിലേക്ക് കൂപ്പുകുത്തി.99-00 ഒക്കെ ആയപ്പോള്‍ ആരാലും അറിയപ്പെടാത്ത ചിത്രങ്ങളില്‍ പോലും ചെറു വേഷങ്ങള്‍ ചെയ്തു ഒതുങ്ങിപ്പോയ നടി പിന്നീട് താണ്ഡവം പോലെയുള്ള ചിത്രങ്ങളില്‍ മാദക സമാനമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു സ്വന്തം വില പോലും കളഞ്ഞു കുളിച്ചു.2002 ല്‍ വ്യഭിചാരകുറ്റത്തിന് പിടിക്കപ്പെടുക കൂടി ചെയ്തപ്പോള്‍ തിരിച്ചുവരാനക്കാത്ത വിധം പടുകുഴിയിലായി ഒരുകാലത്തെ സൂപ്പര്‍ നായിക.
മറ്റൊരിടത്ത് സഹനടനായി സ്ഥിരം വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്നയാള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് നോക്കാം.199൦ ല്‍ തുടങ്ങി 9 
 വർഷത്തോളം സഹനടനായും ജൂനിയർ ആര്‍ട്ടിസ്റ്റായും ഒക്കെ വേഷമിട്ട അദ്ദേഹം തമിഴ്,മലയാളം,തെലുങ്ക് ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ചുവെങ്കിലും ഓർത്തിരിക്കാനാകുന്ന വേഷങ്ങൾ ഒന്നും തന്നെ പ്രേക്ഷകർക്ക് നൽകാൻ ഈ ചെറുപ്പക്കാരന് കഴിഞ്ഞില്ല.രാശിയില്ലാതെ അലഞ്ഞു മടുത്ത അദ്ദേഹം സിനിമ മോഹം തന്നെ പെട്ടിയിലാക്കി.ആ ഇടയ്ക്കു,1997 ൽ,പ്രശസ്ത സംവിധായകൻ ബാലു മഹീന്ദ്രയുടെ അസിസ്റ്റന്റ് ബാലാ തന്റെ ആദ്യ സംവിധാന സംരംഭത്തിനായി നായകനെ അന്വേഷിച്ചു നടന്ന വേളയില്‍ നമ്മുടെ സഹനടന്റെ പ്രകടനത്തില്‍ ആകൃഷ്ടനായി നായക വേഷം അദ്ദേഹത്തിനു നല്‍കി.അണിയറപ്രവര്‍ത്തകരെ പോലും അത്ഭുതപ്പെടുത്തിയ ചിത്രം വന്‍വിജയമായി.ഒരു സഹനടന്‍ എന്ന പേരില്‍ നിന്നും ഒരു നായകന്‍ എന്ന വളര്‍ച്ചയക്കാണ് അന്ന് സിനിമ ലോകം സാക്ഷ്യം വഹിച്ചത്.തുടര്‍ന്ന് തമിഴില്‍ തുടരെ തുടരെയുള്ള സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ ഒരു നായകന്‍ എന്നതിലപ്പുറം അദ്ദേഹത്തെ ഒരു താരമാക്കി വളര്‍ത്തി.അഭിനയത്തിന്റെ സര്‍വ മേഖലകളിലും വിജയക്കൊടി നാട്ടിയ ആ താരം മികച്ച നടനുള്ള ദേശീയ പുരസ്കാരം കൈ നീട്ടി വാങ്ങിയപ്പോള്‍ അഭിമാത്തോടെയും സന്തോഷതോടെയുമാണ് ഇന്ത്യന്‍ ചലച്ചിത്ര ലോകം എതിരേറ്റത്.പിന്നീട് തമിഴ് സിനിമ ലോകത്തെ അഭിമാന താരമായി വളര്‍ന്ന അദ്ദേഹം 100 കോടി ക്ലബുകളിലും തന്റെ ചിത്രങ്ങളെ കൊണ്ടെത്തിച്ചു ചരിത്രം രചിച്ചപ്പോള്‍ ഏവരുടെയും സ്നേഹത്തിനു പാത്രമായി അദ്ദേഹം വളര്‍ന്നതെങ്ങനെയെന്നത് സംശയമേതുമില്ലാത്ത ചോദ്യങ്ങളിലോന്നായി.അദ്ധേഹത്തിന്റെ പേര് കെന്നഡി ജോണ്‍ വിക്ടര്‍.സിനിമ പ്രേമികളുടെ സ്വന്തം ചിയാന്‍ വിക്രം :)


***ഓര്‍ക്കുക നിരന്തര പരിശ്രമം നിങ്ങളെ വിജയത്തില്‍ന്റെ തേന്‍ നുകരാന്‍ പ്രേരിപ്പിക്കും,ഭാഗ്യം നിങ്ങള്‍ക്ക് കാവല്‍ കിടക്കും,അവസരങ്ങള്‍ നിങ്ങള്‍ക്കായി വരി നില്‍ക്കും,പരാജയം ഒരു സ്വപ്നം മാത്രമായി പരിണമിക്കും.

***ഓര്‍ക്കുക വളര്‍ച്ചയുടെ നാളുകളില്‍  നിങ്ങള്‍ക്ക്  താഴെ നില്‍ക്കുന്ന ഒരുവനെ കൈപിടിച്ച് കൂടെ നിര്‍ത്തുക.അവനെ ഒരു സഹാജീവിയായി കണക്കാക്കുക.അവനു മേല്‍ സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും ഒരു പുഞ്ചിരി നല്‍കാന്‍ നിങ്ങള്‍ക്കായാല്‍ പരിശ്രമം കൊണ്ട് നിങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ കാത്തിരിക്കുന്നതെല്ലാം ഭാഗ്യത്തിന്റെ അകമ്പടിയോടെ ജഗതീശ്വരന്‍ നിങ്ങള്‍ക്കായി വച്ച് നീട്ടുക തന്നെ ചെയ്യും.

No comments:

Post a Comment