Sunday, March 19, 2017

ഒരേ കഥാബീജം രണ്ടായി അവതരിക്കുമ്പോള്‍.....

കാലം മാറുന്നതോടെ അത്ഭുതങ്ങളുടെ എണ്ണവും കൂടി വന്നു.സ്വപ്‌നങ്ങളായി മനുഷ്യന്‍ ചിന്തിച്ചിരുന്ന പലതും അവനിന്നു നിത്യോപയോഗം ചെയ്യുന്നു.അവന്റെ ജീവിതഘടനയില്‍ മാറ്റം വന്നതോടെ അവന്റെ താല്‍പ്പര്യങ്ങള്‍ക്കും ചിറകു മുളച്ചു.ലോകം വളരുന്നതോടൊപ്പം സിനിമ എന്ന വ്യവസായവും അതോടൊപ്പം വളര്‍ന്നു.പതിനഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറം 100 കോടി എന്നൊരു സംഖ്യ സ്വപ്നം പോലും കാണാതിരുന്ന ഇന്ത്യന്‍ സിനിമ ഇന്ന് 250 കോടിയോളം ചിലവിട്ടുകൊണ്ട് ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രാപ്തരായിരിക്കുന്നു.ഹിന്ദി സിനിമ ലോകമാണ് ഇന്ത്യന്‍ സിനിമയുടെ ആണി എന്ന് ചിന്തിച്ചിരുന്ന കാലമൊക്കെ ഇന്ന് അതിക്രമിച്ചിരിക്കുന്നു.എന്തിനേറെ പറയുന്നു,ഇന്ത്യ മഹാരാജ്യത്തെ ചെറു സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുന്ന കേരളമെന്ന ഇട്ടാവട്ടത്തു പോലും കോടികളുടെ തിളക്കം അലയടിക്കുന്നു.ഇന്ത്യന്‍ സിനിമ ലോകത്തെ പോലും ഞെട്ടിച്ചു കൊണ്ട് 300 കോടി രൂപ ചിലവിട്ടുകൊണ്ട് ഒരു മലയാള സിനിമ അഭ്രപാളികളില്‍ ഒരുങ്ങുന്നു-'കര്‍ണന്‍'.പ്രിത്വിരാജ്-ആര്‍ എസ് വിമല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രം ഹിന്ദി,തമിഴ്,തെലുങ്ക് ഭാഷകളില്‍ ഒരേ സമയം നിര്‍മിക്കും എന്ന് അണിയറക്കാര്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നു.ഇതേ സമയം ഇതേ പേരില്‍ മറ്റൊരു ചിത്രവും അണിയറയില്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത പരന്നിരുന്നു.ചിത്രത്തിന്റെയും പേര് മറ്റൊന്നല്ല,'കര്‍ണന്‍'.പക്ഷെ അണിയറക്കാര്‍ വ്യത്യസ്തരാണ്.മമ്മൂട്ടി-മധുപാല്‍ കൂട്ടുകെട്ടില്‍ 50 കോടിയോളം ചിലവിട്ടുകൊണ്ടാണ് 'കര്‍ണന്‍' എത്തുന്നത് എന്ന വാര്‍ത്തകള്‍ കണ്ടിരുന്നുവെങ്കിലും ചിത്രം ഉപേക്ഷിക്കുന്നു എന്ന രീതിയിലുള്ള സംസാരങ്ങളും കേട്ടിരുന്നു.എന്നാല്‍ ഈ അടുത്ത് തന്നെ,തിരക്കഥാകൃത്ത് പി സുകുമാര്‍ ചിത്രതിനെപ്പറ്റി വ്യക്തമായ ധാരണകളുമായി രംഗതെത്തിയിരുന്നു.ചിത്രം 2017 പാതിയോടെ ആരംഭിക്കും എന്നും അദ്ദേഹം ഉറപ്പു നല്‍കി.

ഒരേ കഥാബീജതില്‍ നിന്നു ജന്മം കൊള്ളുന്ന ഈ രണ്ടു സൃഷ്ടികളില്‍ പ്രിത്വിരാജിന്റെ കര്‍ണനെ ആവോളം ഉയര്‍ത്തുകയും മമ്മൂട്ടിയുടെ കര്‍ണനെ ആവോളം ഇകഴ്ത്തുകയും ചെയ്യുന്നുണ്ട് സാക്ഷരസമ്പന്നരായ മലയാളി പ്രേക്ഷകര്‍.യോഗ്യതയുടെ കണക്കെടുത്താല്‍ ഉയര്‍ത്തപ്പെടെണ്ടത് ഏതാണ് ? നക്സല്‍ വര്‍ഗീസ്‌ എന്ന വിപ്ലവകാരിയുടെ സംഭവബഹുലമായ ജീവിതം അതിമനോഹരമായി പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിച്ച മധുപാല്‍ ആണോ, ഒരു ഇതിഹാസ പ്രണയകഥ തിരക്കഥയുടെ പരിമിതികളില്‍ നിന്നുകൊണ്ട് കോമേര്‍ഷ്യല്‍ മേമ്പോടികളോടെ അവതരിപ്പിച്ച ആര്‍ എസ് വിമലോ? തഴയപ്പെട്ട ഒരു സമൂഹത്തില്‍ നീതിക്ക് വേണ്ടി തന്റേതായ ആശയത്തില്‍ മുറുകെപ്പിടിച്ച നക്സല്‍ വര്‍ഗീസും, ഒരു ജനതയുടെ സ്വപ്നത്തെ അധികാര വര്‍ഗ്ഗത്തിന്റെ നിര്‍ബന്ധം മൂലമാണെങ്കില്‍ കൂടിയും നശിപ്പിക്കേണ്ടി വന്ന കുറ്റബോധം പേറി ജീവിതം നരകതുല്ല്യമാക്കിയ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരും കര്‍ണന്‍ എന്ന ഇതിഹാസ കഥാപാത്ര പശ്ചാത്തലത്തില്‍ സാമ്യങ്ങള്‍ ഉള്ളവരാണ്.ഇതേ സമയം,ഒരു സംഭവ പ്രണയ കഥ സിനിമയ്ക്ക്‌ ചേര്‍ന്ന മേമ്പോടികളോടെ അവതരിപ്പിച്ചു മാത്രം പരിചയമുള്ള ആര്‍ എസ് വിമലിനെ പോലെ ഒരു സംവിധായകന്റെ കൈയില്‍ 'കര്‍ണന്‍' എന്ന ഇതിഹാസ  കഥ എത്രമാത്രം സുരക്ഷിതമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.അഭിനേതാക്കളുടെ കാര്യമെടുത്താല്‍ കാര്യമായ ചര്‍ച്ചകളുടെ  ആവശ്യങ്ങള്‍ ഒന്നും തന്നെ ഉണ്ടെന്നു തോന്നുന്നില്ല.ഇതിഹാസ കഥാപാത്രങ്ങളെ അഭ്രപാളികളില്‍ എത്തിച്ചതില്‍ വിജയം മാത്രം കൈമുതലായുള്ള മമ്മൂട്ടി എന്ന മഹാനടനത്തോടോപ്പം പരിമിതികള്‍ ഏറെയുള്ള പ്രിത്വിരാജ് എന്ന യുവനടന്‍ താരതമ്യത്തിന് പോലും അര്‍ഹനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.സംവിധാന-അഭിനയ മേഖലകള്‍ കൈയാളുന്ന ഈ മികവുറ്റവര്‍ക്കൊപ്പം വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയം സിനിമ ലോകത്തുള്ള പി ശ്രീകുമാറിന്റെ തിരക്കഥ കൂടിയാകുമ്പോള്‍ ഏതൊരു മലയാളിയും കാത്തിരിക്കേണ്ട ചിത്രം തന്നെയാകുന്നു മധുപാലിന്റെ 'കര്‍ണന്‍'.

മലയാളത്തിലിറങ്ങും എന്ന് വാഴ്ത്തിപ്പാടുന്ന 'അടാര്‍ ഐറ്റ'ങ്ങളില്‍ മധുപാല്‍ എന്ന സംവിധായകന്‍ സിനിമ കൊട്ടകകളില്‍ എത്തിക്കാന്‍ പോകുന്ന 'കര്‍ണനാ'യി എന്‍റെ കാത്തിരിപ്പുകള്‍ നീളുന്നു.

#rhshy_anilkumar

No comments:

Post a Comment