Wednesday, March 15, 2017

The Curious eye on "Memories"



(പോസ്റ്റില്‍ നമ്പറുകള്‍ ഇട്ടിരിക്കുന്നത് ചുവടെ നല്‍കിയിരിക്കുന്ന ചിത്രങ്ങളെ ഉദ്ദേശിച്ചുകൊണ്ടാണ്)


'താന്‍ പാതി ദൈവം പാതി'- ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ വാക്യം ഉരുവിട്ടവരാകും നമ്മള്‍ ഓരോരുത്തരും.മനുഷ്യകുലം അവന്റെ കഴിവുകളാല്‍ ലോകത്തെ പ്രവചനാതീതം മാറ്റിയെടുക്കുമ്പോഴും അവന്റെയുള്ളില്‍ വിളങ്ങുന്ന വിശ്വാസത്തിന്റെ തുടിപ്പാണ് ദൈവം.അപകടങ്ങളിലും വിഷമങ്ങളിലും തനിക്കു താങ്ങായി ദൈവം ഉണ്ടാകും എന്ന വിശ്വാസം മനുഷ്യനെ ഉയരങ്ങളിലേക്ക് കുതിക്കാന്‍ പ്രേരിപ്പിച്ചു.ആ വിശ്വാസം അവനെ ചന്ദ്രനില്‍ എത്തിച്ചു,അമ്ബരച്ചുംബികളുടെ നിര്‍മാണത്തില്‍ എത്തിച്ചു,എവറസ്റ്റില്‍ എത്തിച്ചു.ലോകം അവന്റെ കാല്‍ക്കീഴിലായപ്പോള്‍ പോലും മനുഷ്യന്‍ ദൈവം എന്ന അദൃശ്യ ശക്തിയില്‍ വിശ്വാസമര്‍പ്പിച്ചു.

ജീവിതനൌകയ്ക്കു താങ്ങനാകുന്നതിലും അപ്പുറമുള്ള തിരമാല സാം അലക്സ്‌ എന്ന പോലീസ്കാരനെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടപ്പോള്‍ നഷ്ടങ്ങള്‍ ഉണ്ടായത് സാം എന്ന വ്യക്തിക്ക് മാത്രമല്ല.ഒരു കുടുംബത്തിനും കൂടിയാണ്.ദൈവം എന്ന വിശ്വാസം അവനില്‍ നിന്നും അടര്‍ന്നു പോകുകയായിരുന്നു.സംവിധായകന്‍ ജിത്തു ജോസഫ്‌ 'മെമ്മറീസ്' എന്ന സൂപ്പര്‍ ഹിറ്റിലൂടെ സാം എന്ന മനുഷ്യന്റെ വേദനകള്‍, പ്രേക്ഷകനിലേക്ക് വച്ച് മാറുകയായിരുന്നു ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ.വിശ്വാസത്തെ പറ്റി സാം പറഞ്ഞത് നമുക്കൊന്ന് കണ്ണോടിക്കാം.

"തിരിച്ചെടുക്കാന്‍ ആണെങ്കില്‍ എന്തിനാണ് അച്ചോ,എന്‍റെ മകളെ എനിക്ക് തന്നത്?"
"എന്തിനാണ് അച്ചോ എന്നെ കൊതിപ്പിച്ചത്?"
"ക്രൂരനാണ് നിങ്ങളുടെ ദൈവം."
****"എനിക്ക് നഷ്ടപ്പെട്ടതില്‍ ഏതെങ്കിലും ഒന്ന്  തിരിച്ചു തരാന്‍ നിങ്ങളുടെ ദൈവത്തിനു സാധിച്ചാല്‍ അന്ന് ഞാന്‍ നിങ്ങളുടെ ദൈവത്തെ അനുസരിക്കാം"****


നെടുമുടി വേണു എന്ന പുരോഹിതന്‍ സാമിനോട് സംസാരിക്കുന്ന ഈ വേളയില്‍ പശ്ചാത്തലത്തില്‍ വ്യക്തമായി(1) ദൈവരൂപം കാണിക്കുന്നു.സാം എന്ന വ്യക്തിയില്‍ വെള്ളിവെളിച്ചം ചൊരിയാന്‍ പുരോഹിതന്റെ സംഭാഷണ ശകലങ്ങളായി ദൈവം സാമിനോട് സംസാരിക്കുന്നു.അവനില്‍ മാറ്റാം കൊണ്ട് വരാന്‍ ദൈവം ശ്രമിക്കുന്നു.എന്നാല്‍ സാം തന്റെ നഷ്ടങ്ങളില്‍ എത്ര മാത്രം വേദന അനുഭവിക്കുന്നു എന്ന് സാമിന്റെ സംഭാഷങ്ങള്‍ വ്യക്തമാക്കുന്നു.ഈ നിമിഷം മുതല്‍ സാം എന്ന മനുഷ്യന്റെ ജീവിതത്തിലേക്ക് ദൈവം തന്റെ അദൃശ്യ കരങ്ങള്‍ നീട്ടുന്നതായി കാണാം.ഈ സംഭവത്തിന്‌ ശേഷം നിര്‍ബന്ധത്തിനു വഴങ്ങിയാണെങ്കിലും മുന്‍പ് 2 തവണ നിരസിച്ച കേസിലേക്ക് സാം എത്തിച്ചേരുന്നതോടെ കേസിന്റെ മാത്രമല്ല അയാളുടെയും ജീവിതവും അതോടെ മാറി മറിയുകയാണ്.


പിന്നീടു,കേസിലേക്ക് കടന്ന വേളയില്‍ സാം എന്ന ബുദ്ധിമാനായ പോലീസുകാരനേയും തിരിച്ചു കൊണ്ടുവരാന്‍ ദൈവകരങ്ങള്‍ പ്രവര്‍ത്തിക്കുന്നു.(2)-മത്തെ ഫോട്ടോയില്‍ മദ്യക്കുപ്പി വലിചെറിഞ്ഞപ്പോള്‍ നിലത്തുവീണ ക്രിസ്തുരൂപം സാമിനെ കേസിന്റെ മര്‍മപ്രധാനമായ ഏടിലെക്ക് കൂട്ടിക്കൊണ്ടു പോകുന്നു.കൊലചെയ്യപ്പെട്ടവരിലെ സമാനതകള്‍ അതുവഴി സാം കണ്ടെത്തുന്നു.

പിന്നീട്,കൊലചെയ്യപ്പെട്ടവരുടെ ശരീരത്തിലെ മുറിപ്പാടുകള്‍ അക്ഷരങ്ങളാണെന്നു സാം സംശയിക്കുന്ന വേളയില്‍ അവനു മുന്നില്‍ 'ജീസസിന്റെ മലയിലെ പ്രസംഗം' എന്ന ചിത്രം യാദ്ര്ശ്ചികമായി പ്രത്യക്ഷപ്പെടുമ്പോള്‍ (3) ആരാമിയ എന്ന ഭാഷയിലൂടെ കൊലയാളിയുടെ മനോനിലയും,കൊലപാതകത്തിന്റെ കാരണങ്ങളും സാമിന്റെ മുന്നില്‍ തുറക്കപ്പെടുന്നു.ഇവിടെ ദൈവപുത്രന്‍ കുടികൊള്ളുന്ന പള്ളി പശ്ചാത്തലം ആയി എന്നുള്ളത് മറ്റൊരു അത്ഭുതം.

കൊലയാളി പിടിക്കപ്പെടും എന്ന സന്ദര്‍ഭത്തില്‍ സാമിന് അതിനു കഴിയാതെ പോയത് തന്റെ ശരീരം യോഗ്യമല്ലാത്ത കാരണത്താലാണ്.തന്നിലെ നിരാശയുടെ പരിണിതഫലം എന്താകാം എന്ന തിരിച്ചറിവ് ജീവിതത്തില്‍ ആദ്യമായി ആ മനുഷ്യന് തോന്നിയപ്പോള്‍ ദൈവം എന്ന വികാരം അവിടെ വീണ്ടും തളിരിട്ടു.തന്റെ നല്ല കാലങ്ങളില്‍ സാം വിശ്വസിച്ചിരുന്ന ദൈവം അവന്റെയുള്ളില്‍ വീണ്ടും പ്രതീക്ഷയുടെ അവസാന നാമം ആയി മാറിയപ്പോള്‍ അവന്‍ വര്‍ഷങ്ങള്‍ക്കു ശേഷം പള്ളിയിലേക്ക് തിരിഞ്ഞു നടന്നു.(4)-മത്തെ ഫോട്ടോ അത് വ്യക്തമാക്കുന്നു.

പീറ്റര്‍ എന്ന കൊലയാളിയുടെ കമ്പ്യൂട്ടര്‍ തുറക്കാനാകാതെ കുഴങ്ങി നിന്ന സാമിന് ബൈബിള്‍ കാട്ടിക്കൊടുതുകൊണ്ടാണ് ദൈവം ഇത്തവണ സഹായിച്ചത് (5).ഒരുവന്റെ വിജയത്തില്‍ ദൈവം വഹിക്കുന്ന പങ്കുകള്‍ എത്രമാത്രം വലുതാണെന്നു സംവിധായകന്‍ പറയാതെ പറയുന്നു.

അഞ്ചാമത്തെ പെണ്‍കുട്ടിയായ അനിതയെ സാമിന് ഒരു പരിചയവും ഇല്ല.അവളെ അവന്‍ കണ്ടത് ഒരിക്കല്‍ മാത്രം.അത് പള്ളിയില്‍,അഥവാ ദൈവപുത്രന്‍ കുടികൊള്ളുന്ന മേടയില്‍ വച്ച് (6) .പള്ളിമേടയിലെ ആ കാഴ്ച കാണാന്‍ സാം പോയില്ലായിരുന്നു എങ്കില്‍ അനിത ആരാണെന്നു പോലും അറിയാതെ സാമിനു തന്റെ അനുജനെ മരണത്തിനു വിട്ടുകൊടുക്കേണ്ടി വന്നേനെ.പള്ളിമേടയില്‍ വിവാഹ നിശ്ചയത്തിനു പങ്കെടുക്കാന്‍ സഹോദരന്‍ എതിര്‍പ്പ് പ്രകടപ്പിച്ചിട്ടും സാം വെളിയില്‍ നിന്നുകൊണ്ടാണ് ആ ചടങ്ങില്‍ വച്ച് തന്റെ അനുജന്റെ ഭാവി വധുവിനെ കണ്ടതെന്നും ഓര്‍ക്കേണ്ടതാണ്.ദൈവത്തിന്റെ അദൃശ്യ സാന്നിധ്യം അവിടെയും സാമിന് തുണയായി.

ചിത്രത്തിന്റെ ഒടുക്കം പീറ്ററുടെ സഹോദരീപുത്രിയുമായി സാം നിറപുഞ്ചിരിയോടെ വരുമ്പോള്‍, സാം ദൈവപശ്ചാത്തലത്തില്‍ മുന്‍പ് പറഞ്ഞത് നമുക്കൊന്ന് ഓര്‍ക്കാം.

"എനിക്ക് നഷ്ടപ്പെട്ടതില്‍ ഏതെങ്കിലും ഒന്ന്  തിരിച്ചു തരാന്‍ നിങ്ങളുടെ ദൈവത്തിനു സാധിച്ചാല്‍ അന്ന് ഞാന്‍ നിങ്ങളുടെ ദൈവത്തെ അനുസരിക്കാം"

വിശ്വാസത്തോടൊപ്പം അവന്റെ ആഗ്രഹവും അവിടെ സാധിക്കപ്പെട്ടു.നഷ്ടങ്ങളുടെ ജീവിതം നല്‍കിയ പാഠങ്ങള്‍ മാത്രമല്ല സാം എന്ന മനുഷ്യനെ പുതുജീവിതത്തിലേക്ക് നയിച്ചത്.അവനിലെ മറനീക്കിയ ദൈവ വിശ്വാസം ആ പുതുജീവനതിനു ജീവശ്വാസമേകിയപ്പോള്‍,അതിനു ദൈവത്തിന്റെ അദൃശ്യ സാന്നിധ്യവും കാരണമായി.

ഒരു ത്രില്ലെര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണെങ്കിലും ദൈവം എന്ന പരോക്ഷനായ നായകനെ സംവിധായകന്‍ ഒളിച്ചുനിര്‍ത്തിയപ്പോള്‍ മലയാളിക്ക് ലഭിച്ചത് അതുല്യമായ ഒരു ചലച്ചിത്രാനുഭാവമാണ്.

No comments:

Post a Comment