Monday, March 27, 2017

'Munnariyipp' Explained (Part 4)

മുന്നറിയിപ്പ് - ഒരു അന്വേഷണം (ഭാഗം 4)
=================================

ആദ്യ മൂന്നു ഭാഗങ്ങൾക്കും നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി പറഞ്ഞുകൊണ്ട് നാലാം ഭാഗത്തിലേക്ക് കടക്കുന്നു.മൂന്നു ഭാഗങ്ങളില്‍ അവസാനിപ്പിക്കാം എന്ന് കരുതിയ എനിക്ക് ഓരോ കാഴ്ചയിലും പുതു വ്യാഖ്യാനങ്ങളുമായാണ് 'മുന്നറിയിപ്പ്' എന്ന ഇതിഹാസ ചിത്രം അവതരിക്കുന്നത്.രാഘവന്‍ എന്തുകൊണ്ടാണ് കൊല ചെയ്തിട്ടില്ല എന്ന് പറയാന്‍ കാരണം എന്ന ചോദ്യത്തിന് ഉത്തരം തേടിക്കൊണ്ടാണ് കഴിഞ്ഞ അദ്ധ്യായം നമ്മള്‍ അവസാനിപ്പിച്ചത്.ഇത്തവണ രണ്ടു കൊലകളും രാഘവന്‍ എന്തിനു വേണ്ടി ചെയ്തു എന്ന ചോദ്യത്തിലേക്ക് കടക്കാം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

(To be noted :ചുവടെ നല്‍കിയിരിക്കുന്ന ഫോട്ടോ ഒരു റഫറന്‍സ് ആയി കണക്കാക്കുക.ബ്രാക്കറ്റുകളില്‍ നല്‍കിയിരിക്കുന്ന സംഖ്യകള്‍ അവയിലേക്കുള്ള ചൂണ്ടുവിരലുകളാണ്)

പാഠം 4 - രാഘവന്‍ എന്തിനു രണ്ടു സ്ത്രീകളെ കൊല ചെയ്തു ?
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

1*രമണി
---------------

രാഘവന്റെ ഭാര്യയാണ് രമണി.26 വയസ്സ് മാത്രമുണ്ടായിരുന്ന രമണി ഒന്നര വര്‍ഷം മാത്രമാണ് രാഘവനൊപ്പം കഴിഞ്ഞത് ( 1 ).ഒന്നര വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ അവര്‍ക്ക് കുട്ടികള്‍ ഒന്നും ഉണ്ടായിട്ടില്ല.24 ആം വയസ്സില്‍ കല്യാണം കഴിഞ്ഞ ഒരു സ്ത്രീ ലൈംഗീകതാല്‍പ്പര്യം ഏറെ ഉള്ളവളാണ്.സുമുഖനായ രാഘവനില്‍ നിന്നും കിടപ്പറയില്‍ അവള്‍ ഏറെ പ്രതീക്ഷിചിട്ടുണ്ടാകും.ഏകാന്തതയ്ക്കു പ്രാധാന്യം നൽകുന്ന രാഘവന്റെ സാമാന്യതയ്ക്കു നിരക്കാത്ത സ്വഭാവം അവളുടെ പ്രതീക്ഷകൾ എല്ലാം നശിച്ചിട്ടുണ്ടാകും എന്ന നിസംശയം പറയാം. കുട്ടികള്‍ ഉണ്ടാകാത്ത കാരണത്താല്‍ ഏതൊരു സ്ത്രീയുടെയും ഉള്ളില്‍ തന്റെ പുരുഷനോട് വിദ്വേഷം ഉണ്ടാകുന്നത് സ്വാഭാവികം.രാഘവന്‍ ഒരു എകാന്ത ആത്മാവ് കൂടിയാകുമ്പോള്‍ ആ വിദ്വേഷത്തിനു ആക്കം കൂടുതലാകും.

ഇനി മറ്റൊരു കാര്യം ശ്രദ്ധിക്കാം,രമണി ഒരു ആസ്ത്മ രോഗിയാണ്.നിര്‍ധന കുടുംബത്തില്‍ ജനിച്ച രമണിക്ക് തന്റെ അസുഖതിനു കാര്യമായ ചികിത്സകള്‍ ലഭിക്കാനുള്ള സാധ്യതകള്‍ വളരെ കുറവാണ്.ആയ കാരണത്താല്‍, അവള്‍ ഏതു സമയത്തും താല്‍ക്കാലികമായി അസുഖത്തിന് കീഴ്പ്പെടാനുള്ള എല്ലാ സാഹചര്യങ്ങളും ഉള്ളതാണ്.രാഘവന്‍ ഏതൊരു പരിതസ്ഥിതിയിലും ജീവിക്കാന്‍ 'ശ്രമിക്കുന്ന' ആളാണെന്നു രണ്ടാം ഭാഗത്തില്‍ നമ്മള്‍ പറയുകയുണ്ടായി.കൂടാതെ,രാഘവന്‍ മാനുഷികമൂല്യങ്ങള്‍ക്ക് പരിഗണന നല്‍കുന്ന വ്യക്തിത്വമാണെന്നു കാര്യകാരണ സഹിതം മുന്‍പ് വ്യക്തമാക്കുകയുമുണ്ടായി.ഈ ഒരു കാരണത്താലാണ് കല്യാണ ശേഷവും ഒരു വര്‍ഷത്തെ ആയുസ്സ് രമണിക്ക് നീട്ടി കിട്ടിയത്.ആ കാലാവധിക്ക് അറുതിയുണ്ടായത് ഒരുപക്ഷെ കേവലം ഒരു നിമിഷത്തില്‍ സംഭവിച്ച എന്തിന്റെയെങ്കിലും കാരണത്താലോ അല്ലെങ്കില്‍ ക്രമമായ സംഭവിച്ചുകൊണ്ടിരുന്ന ഒന്നിലധികം സംഭവങ്ങളുടെ കാരണതിലോ ആകാം.ഇക്കാരണത്താലെല്ലാം രമണി, രാഘവൻ എന്ന ഏകാന്താത്മാവിന്റെ സ്വാതന്ത്ര്യ ചിന്താഗതികൾക്കു വിഘാതം നിന്നുകൊണ്ട് സ്വയം വ്യക്തിത്വമുള്ളവൾ അല്ലെന്ന് രാഘവന് മുന്നിൽ തെളിയിച്ചു.അങ്ങനെ,രാഘവന്റെ ചിന്താഗതിയില്‍ വ്യക്തിത്വം നഷ്ടപ്പെട്ട അവളുടെ ശരീരത്തിന്റെ ഉന്മൂലനതിനു സമയമായപ്പോള്‍ രാഘവന്‍ ആ മരണത്തിലെ 'agent' ആയി(റഫറന്‍സ് :പാഠം 3) മാറി.

2*പൂജ പട്ടേല്‍
=============


ചിത്രത്തില്‍ എന്നെ ഏറ്റവുമധികം കുഴക്കിയ ഒരു ഭാഗമാണ് വിനായക് ഭായ് പട്ടേലിന്റെയും ശാന്താ പട്ടേലിന്റെയും ഏക മകള്‍ പൂജ പട്ടേല്‍ എന്ന മാര്‍വാടി പെണ്‍കുട്ടിയുടെ മരണം.ചിത്രത്തില്‍ ശശികുമാര്‍ രാഘവനെ പറ്റി പറയുന്നത് ശ്രദ്ധിക്കാം.

"ചിലത് വായിച്ചാല്‍ 'ഹൈകു' ആണെന്ന് തോന്നും,ചിലത് വായിച്ചാല്‍ 'സെന്‍ ബുദ്ധിസം' ആണെന്ന് തോന്നും" ( 2 )

ഹൈകു എന്നാല്‍ ജപ്പാനീസ് കവിതയുടെ പുരാതന രൂപം ആണ്.3 വരികള്‍ മാത്രമുള്ള 5,7,5 ക്രമത്തില്‍ സിലബിളുകള്‍ അടങ്ങിയ അതീവ ലളിതമായ ഒരു കവിതാ രൂപമാണ് 'ഹൈകു'.
'സെന്‍ ബുദ്ധിസം' എന്നത് പുരാതനമായ മഹായാന ബുദ്ധിസത്തിന്റെയും അതി ലളിതമായ ചൈനീസ് താവോയിസത്തിന്റെയും ഒരു ഒത്തുകൂടലാണ്.

ഒരു എഴുത്തുകാരന് എന്നും അയാളുടെതായ ഒരു ശൈലി ഉണ്ടാകും.പശ്ചാത്തലങ്ങള്‍ മാറിയാല്‍ പോലും അയാളുടെ എഴുത്തില്‍ എന്നും ഒരു ചേര്‍ച്ച ഉണ്ടാകും.എന്നാല്‍ ഒരേ സമയം അതിലളിതമാണെന്നു തോന്നും വിധം (ഹൈകു) എഴുതുവാനും,അതെ സമയം വ്യാഖ്യാങ്ങളുടെ പൂങ്കാവനങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ 'സെന്‍ ബുദ്ധിസ'ത്തിനു സമാനമായും എഴുതുവാന്‍ കഴിയുക എന്നത് തികച്ചും അത്ഭുതകരമായ കാര്യമാണ്.രാഘവന്‍ എന്ന വ്യക്തിത്വം എത്രമാത്രം സങ്കീര്‍ണത നിറഞ്ഞതാണെന്ന തിരക്കഥാകൃത്തിന്റെ പ്രസ്താവനയാണ് ഇവിടെ വ്യക്തമാകുന്നത്.ഇത്രയധികം സങ്കീര്‍ണമായ ചിന്താഗതികള്‍ നിറഞ്ഞ ഒരു മനുഷ്യന്‍ സാധാരണ മനുഷ്യരുടെ വികാരപ്രകടനങ്ങളില്‍ നിന്നും വ്യത്യസ്തനാകും.ചിത്രത്തിലെ സമാധാനപരമായ രാഘവന്റെ സംസാരരീതികള്‍ ഒക്കെ ഇതിനു ഉദാഹരണമാണ്.അമിതമായി തന്നോട് ദേഷ്യപ്പെടുന്ന അഞ്ജലിയോടു പോലും അയാള്‍ എത്രമാത്രം സൌമ്യനായാണ് ഉത്തരം പറയുന്നത് തന്നെ.

ശശികുമാര്‍ രാഘവനെ പറ്റി പിന്നീടു പറഞ്ഞത് ഒന്ന് ശ്രധികാം.

"ഇതില് പ്രണയത്തെക്കുറിച്ച് എഴുതിയത് വായിച്ചോ ? അല്ല ഈ പ്രണയം വല്ല്യ കൊഴപ്പം ഇല്ല,പക്ഷെ ഈ സാഷ്ടാംഗപ്രണയം,അത് മഹാ കുഴപ്പമാണ്" ( 3 )


രാഘവന്റെ ബുദ്ധിമണ്ഡലം മറ്റുള്ളവരില്‍ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് മുകളില്‍ പറഞ്ഞിരുന്നുവല്ലോ,അയാളിലെ വികാരങ്ങള്‍ക്കും പരിധികള്‍ ഉണ്ട്.അങ്ങനെ ചിന്തിക്കുമ്പോള്‍ കാമം,പ്രേമം എന്നീ വികാരങ്ങള്‍ അയാളില്‍ ഉണ്ടാകാനുള്ള സാധ്യത തന്നെ ഇല്ല.സ്വന്തം ഭാര്യയുമൊത്തു ഒരു വര്‍ഷത്തിനു മേലില്‍ ജീവിച്ചിട്ടും ഒരു കുഞ്ഞിനെ നല്‍കാന്‍ മടിച്ചത്,20 വര്‍ഷത്തോളം കാരാഗ്രഹ വാസത്തില്‍ ഒരുപക്ഷെ സ്ത്രീകളെ കണ്ടിട്ടുപോലും ഉണ്ടാകാത്ത രാഘവന് സുമുഖയായ അഞ്ജലിയില്‍ കേവല താല്‍പ്പര്യം പോലും ഇല്ല.അഞ്ജലിക്ക് മേലുള്ള രാഘവന്റെ നോട്ടങ്ങളില്‍ ഒന്നില്‍ പോലും കാമമോ,പ്രേമമോ കാണാന്‍ കഴിയുന്നില്ല.അങ്ങനെയുള്ള രാഘവന്‍ പ്രേമത്തെപ്പറ്റി പരാമര്‍ശിച്ചത് ഏതു അര്‍ദ്ധത്തിലാകാം ?

എന്‍റെ ചിന്താഗതി ഇങ്ങനെയാണ്.അതി സുമുഖനായ രാഘവന്‍ എന്ന വ്യക്തിയെ പൂജ പട്ടേല്‍ സ്നേഹിചിരുന്നിരിക്കണം.രാഘവന്‍ എന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം പൂജയ്ക്ക് തന്നോട് തോന്നുന്നതെന്താണോ അതാണ്‌ പ്രണയം ( രണ്ടു പേര്‍ക്ക് ഒരുപോലെ തോന്നുന്നതാണ് പ്രണയം എന്നാണു  നമ്മള്‍ വിശ്വസിക്കുന്നത്.എന്നാല്‍ രാഘവന് അങ്ങനെ ഒരു വികാരം ഇല്ലാത്ത സ്ഥിതിക്ക് ഒരാള്‍ക്ക്‌ മറ്റൊരാളോട് തോന്നുന്ന താല്‍പ്പര്യമാണ് പ്രണയം ).അങ്ങനെ ആകുമ്പോള്‍ രാഘവന്റെ കാഴ്ചപ്പാടില്‍ പ്രണയം ഹാനീകരമല്ല.ഒരാള്‍ക്ക് മറ്റൊരാളോട് താല്‍പ്പര്യം തോന്നുന്നത് എങ്ങനെ കുറ്റമാകും ?
ഇനി അത് കുറ്റം ആകുന്നത് എപ്പോഴാണ് ? അത് 'സാഷ്ടാംഗപ്രണയം' ആകുമ്പോള്‍.പ്രണയ സാഫല്ല്യതിനായി എന്തും ചെയ്യുന്ന ഒരു അവസ്ഥയാണ് സാഷ്ടാംഗ പ്രണയം.അങ്ങനെ ചിന്തിക്കുമ്പോള്‍,പൂജ പട്ടേലിന് രാഘവനോടുള്ള 'പ്രണയം', 'സാഷ്ടാംഗ  പ്രണയം' ആയി പരിണമിച്ചപ്പോള്‍ അത് പ്രശ്നമായി.

ഇനി മറ്റൊരു രംഗം ശ്രദ്ധിക്കാം. ( 4 ).വൃദ്ധദമ്പതികളെ കണ്ടു ദേഷ്യത്തോടെ നടന്നകലുകയാണ് രാഘവന്‍.വേഷവിധാനങ്ങള്‍ കൊണ്ട് അവര്‍ മാര്‍വാടികള്‍ ആണെന്നും അവര്‍ പൂജയുടെ മാതാപിതാക്കള്‍ ആണെന്നും ചിത്രം ഇറങ്ങിയപ്പോള്‍ അഭിപ്രായമുണ്ടായിരുന്നു.ഇതേ അഭിപ്രായം തന്നെയാണ് എന്റെതും.അവരെ കണ്ടപ്പോള്‍ പശ്ചാത്താപം മൂലം രാഘവന്‍ ഓടി ഒളിച്ചതാണെന്ന വ്യാഖ്യാനങ്ങള്‍ അന്ന് ഏറെ ഉണ്ടായിരുന്നു.എന്നാല്‍,അതിനോട് എനിക്ക് വിയോജിപ്പാണ് ഉള്ളത്.ആരെയും കൊന്നിട്ടില്ല എന്ന് വിശ്വസിക്കുന്ന രാഘവന് എങ്ങനെയാണ് പശ്ചാത്താപം ഉണ്ടാകുക ?രാഘവന്റെ മുഖത്ത് പശ്ചാതപമോ മറ്റു വികാരങ്ങളോ കാണുന്നില്ല.പകരം ദേഷ്യം മാത്രമാണ് ആ മുഖത്ത് മിന്നിമാഞ്ഞത്. മുന്‍കാലത്ത്,രാഘവന് അപ്രീയമായ എന്തൊക്കെയോ ആ വൃദ്ധദമ്പതികള്‍ ചെയ്തിരുന്നു എന്ന് വ്യക്തം.രാഘവന്‍ എന്ന വ്യക്തിയോട് മകള്‍ കാണിക്കുന്ന തീഷ്ണമായ താല്‍പ്പര്യം ആ മാതാപിതാക്കളില്‍ സംശയങ്ങള്‍ ഉണ്ടാക്കിയിരിക്കണം.രാഘവന്‍ ഡ്രൈവര്‍ കൂടി ആകുമ്പോള്‍ മകള്‍ക്ക് കൂടുതല്‍ സമയം അയാളോടോത്തു ചിലവഴിക്കാനാകും എന്ന തിരിച്ചറിവ് ആ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നിരിക്കണം.ഇത് മൂലം ചെയ്യാത്ത കുറ്റത്തിന് ധാരാളം പഴി കേള്‍ക്കേണ്ടി വന്നയാളാകണം രാഘവന്‍.
താന്‍ ചെയ്ത രണ്ടു കൊലപാതകങ്ങളെ പറ്റി പോലും പറയുമ്പോള്‍ അസ്വസ്ഥനാകുന്ന രാഘവന് താന്‍ ചെയ്യാത്ത കുറ്റത്തിന് പഴി കേള്‍ക്കേണ്ടി വന്നത് ഏറെ നീരസം ഉണ്ടാക്കിയിരിക്കണം.ഈ ഒരു കാരണത്താലാകം വൃദ്ധദമ്പതികളെ കണ്ടു രാഘവന്‍ ദേഷ്യത്തോടെ നടന്നകന്നത്.

രമണിയുടെ മരണസമയത് രാഘവനെ ആളെ വിട്ടു വിളിപ്പിക്കുകയായിരുന്നു എന്ന് അമ്മായി അമ്മ പറയുന്നുണ്ട്.( 5 ) രാഘവനെ ജോലിസ്ഥലത്ത് നിന്നാകാം വിളിച്ചുകൊണ്ടു വന്നത്.അതിനര്‍ഥം ഒരു വര്‍ഷത്തിനു മുകളില്‍ രാഘവന്‍ മാര്‍വാടികളുടെ വീട്ടില്‍ ജോലി ചെയ്തിരുന്നു എന്നാണു.ഏതു പരിതസ്ഥിതിയിലും ജീവിക്കാന്‍ 'ശ്രമിക്കുന്ന' ആളാണ്‌ രാഘവന്‍ എന്ന് മുന്‍പ് പറയുകയുണ്ടായി.ഈ കാരണത്താലാകാം,ഒരു വര്‍ഷത്തോളം കാലതാമസം എടുത്തതിനു ശേഷം പൂജ കൊല്ലപ്പെട്ടത്.തനിക്കു മേൽ 'സാഷ്ടാംഗ പ്രണയം' കാഴ്ചവച്ചു വ്യക്തിത്വമില്ലാത്തവളാണെന്ന സ്വയം അവരോധിച്ച പൂജയും സി.കെ. രാഘവൻ  എന്ന DESTRUCTION AGENT നു മുന്നിൽ കീഴടങ്ങി മരണം വരിച്ചു.


പോസ്റ്റു വായിച്ചതിനു ശേഷം നിങ്ങള്ക്ക് തോന്നിയ സംശയങ്ങള്‍ കമന്റ്‌ ബോക്സില്‍ ഇടാവുന്നതാണ്.എന്നാല്‍ കഴിയും വിധം അതിനുള്ള ഉത്തരങ്ങള്‍ നല്‍കുവാന്‍ ഞാന്‍ ശ്രമിക്കാം.അടുത്ത ഭാഗത്തില്‍ പ്രതിപാദിക്കാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളും ഉള്‍പ്പെടുത്താനാകുന്നതാണ്.

തുടരും.......


#rhshy_anilkumar

#munnariyipp_tale

(പരമ്പരയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കുവാനായി ഈ ഹാഷ് ടാഗുകള്‍ ഉപയോഗിക്കുക)

No comments:

Post a Comment