Wednesday, March 22, 2017

'Munnariyipp' Explained (Part 3)

ആദ്യ രണ്ടു ഭാഗങ്ങള്ക്കും നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി പറഞ്ഞുകൊണ്ട് മൂന്നാം ഭാഗത്തിലേക്ക് കടക്കുന്നു.മൂന്നു ഭാഗങ്ങളില്‍ അവസാനിപ്പിക്കാം എന്ന് കരുതിയ എനിക്ക് ഓരോ കാഴ്ചയിലും പുതു വ്യാഖ്യാനങ്ങളുമായാണ് 'മുന്നറിയിപ്പ്' എന്ന ഇതിഹാസ ചിത്രം അവതരിക്കുന്നത്.ഓരോ ചോദ്യങ്ങളുടെ ഉത്തരങ്ങളുമായി ഇനിയുള്ള ഭാഗങ്ങള്‍ അവതരിപ്പിക്കാം എന്നാണു ഞാന്‍ കരുതുന്നത്.

പാഠം 3 - രാഘവന്‍ ആരെയും കൊന്നിട്ടില്ല???
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^


മൂന്നു കൊലപാതകങ്ങള്‍ ചിത്രത്തില്‍ രാഘവന്‍ ചെയ്യുന്നതായി പറയുന്നുണ്ട്.അഞ്ജലിയുടെ കൊലപാതകത്തെ പറ്റി ഒരു ഏകദേശ രൂപം എല്ലാവരുടെയും മനസ്സില്‍ ഉണ്ടാകും.എങ്കില്‍ പോലും,എന്തിനു വേണ്ടി ആ കൊലപാതകങ്ങള്‍ നടന്നു എന്നത് ഇന്നും ചുരുളഴിയാത്ത രഹസ്യമായി പലര്‍ക്കും അനുഭവപ്പെടുന്നുണ്ടാകാം,അതിലേക്കു വിരല്‍ ചൂണ്ടുന്നതാകട്ടെ ഇന്നത്തെ പോസ്റ്റ്‌.

***എന്തുകൊണ്ടാണ് രാഘവന്‍ ആരെയും കൊന്നിട്ടില്ല എന്ന് എപ്പോഴും പറയുന്നത് ?



ആദ്യം തന്നെ ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡിലേക്ക് നമുക്ക് ഒരു തിരിച്ചു പോക്ക് നടത്താം ( 1 ) . ശവമായ ഒരു പല്ലിയേയും ചുമന്നു കൊണ്ട് പോകുന്ന ഉറുമ്പുംകൂട്ടത്തെ കാണാം.ഇവിടെ പല്ലി മുന്‍പ് തന്നെ ചത്തതാണ്.എന്നാല്‍ ആ നാശം പൂര്‍ണമാകുന്നത് ആ ശരീരം ഉറുമ്പുകള്‍ക്ക് ഭക്ഷണം ആകുമ്പോഴാണ്.വ്യക്തമായി പറഞ്ഞാല്‍ ഉറുമ്പുകള്‍ ആ മരണത്തിനു ഉത്തരവാദികള്‍ അല്ല,മറിച്ചു ആ ശരീരം നശിപ്പിക്കുന്ന 'agents' ആണ്.ഇനി രാഘവന്റെ കാര്യത്തിലേക്ക് വരാം.കൊല്ലപ്പെട്ട മൂന്നു സ്ത്രീകളും രാഘവന്‍ എന്ന വ്യക്തിത്വത്തെ പ്രത്യക്ഷമായോ പരോക്ഷണമായോ ചൂഷണം ചെയ്യാന്‍ ശ്രമിച്ചവരാണ്.മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഒരു വ്യക്തിയുടെ സ്വാതന്ത്രയ്തിനു ഭംഗം വരുത്താന്‍ ശ്രമിച്ചവരാണ്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ വൂഡ്രോ വില്‍‌സണ്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക

"If you loose your wealth,you have lost nothing.If you lose your health,you have lost something.But if you lose your character,you have lost everything"

"സമ്പത്ത് നഷ്ടമായാല്‍ ഒന്നും നഷ്ടമാകുന്നില്ല,ആരോഗ്യം നഷ്ടമായാല്‍ ചിലതെല്ലാം നഷ്ടമാകുന്നു,എന്നാല്‍ സ്വഭാവം അഥവാ വ്യക്തിത്വം നഷ്ടമായാല്‍ എല്ലാം നഷ്ടമാകും"-എന്നത് പരിഭാഷ.രാഘവന്‍ കൊലപ്പെടുത്തിയ മൂന്നു സ്ത്രീകളും രാഘവന്‍ എന്ന വ്യക്തിയുടെ സ്വാതന്ത്ര്യത്തിനു വിഘാതം വരുത്താന്‍ ശ്രമിച്ചവരാണ്.അറിഞ്ഞുകൊണ്ട് ഒരു മനുഷ്യന്റെ സ്വാതന്ത്ര്യം നഷ്ടമാക്കുന്നതില്‍പരം വ്യക്തിത്വമില്ലാത്ത പ്രവര്‍ത്തി വേറെയില്ല.ഇതുവഴി അവരുടെ വ്യക്തിത്വം നശിച്ചു എന്ന് നമുക്ക് വ്യക്തമാക്കാം. വ്യക്തിത്വം നശിച്ചപ്പോള്‍ അവര്‍ വെറും ശരീരങ്ങള്‍ മാത്രമായി.വ്യക്തിത്വം നശിച്ച മനുഷ്യന്‍ മരണപ്പെട്ടവന് തുല്യനാണ്.രാഘവനെ പോലെ ബൌദ്ധികമായി മുന്‍പന്തിയില്‍ ചിന്തിക്കുന്ന ഒരാള്‍ ഈ തത്വം പാലിച്ചതില്‍ ആശ്ച്ചര്യപ്പെടാന്‍ ഒന്നും തന്നെയില്ല.തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയ വഴി അവര്‍ മരിച്ചിരിക്കുന്നു(ടൈറ്റില്‍ കാര്‍ഡിലെ പല്ലിയെ പോലെ).അവരുടെ ശരീരത്തിന് മാത്രമാണ് രാഘവന്‍ നാശം വരുത്തിയത് (ടൈറ്റില്‍ കാര്‍ഡിലെ ഉറുമ്പുകളെ പോലെ ).രാഘവന്‍ അവരുടെ മരണത്തിനു ഉത്തരവാദിയല്ല മറിച്ചു അവരുടെ ശരീരത്തിന്റെ ഉന്മൂലനതിനു മാത്രം കാരണഭൂതനായ ആളാണ്‌.ടൈറ്റില്‍ കാര്‍ഡിലെ ഉറുമ്പുകളെ പോലെ AN AGENT OF DESTRUCTION.

ചിത്രത്തില്‍ രാഘവന്‍ മരണങ്ങളെ കുറിച്ച്  വക്കീലിനോടു പരാമര്‍ശിക്കുന്നത്  ശ്രദ്ധിക്കാം.

* "എന്‍റെ കാര്യങ്ങള്‍ എന്നെകാളും നന്നായി വേറെ ആര്‍ക്കും അറിയാന്‍ വയ്യല്ലോ.ഞാന്‍ പറയുന്നു ഞാന്‍ ചെയ്തിട്ടില്ല".

* "അവന്റെ കൈയുടെയും കാലിന്റെയും ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ഉണ്ടല്ലോ,ഇതെല്ലാം തെളിവല്ലേ രാഘവാ എന്ന് ചോദിച്ചാല്‍,തെളിവുണ്ടായിട്ടാണോ മനുഷ്യന്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് എന്ന് തിരിച്ചു ചോദിക്കും".

ആദ്യത്തെ പരാമര്‍ശം രാഘവന്‍ എന്ന വ്യക്തിയുടെ ബൌധിക മണ്ഡലം എത്രമാത്രം ഊര്‍ജസ്വലം ആണെന്ന് വ്യക്തമാക്കുന്നു.താന്‍ ചെയ്ത തെറ്റുകള്‍ മറ്റുള്ളവരുടെ മുന്നില്‍ കുറ്റങ്ങള്‍ തന്നെയാണ് എന്ന് രാഘവന് വ്യക്തമായി അറിയാം.അതിനെ ന്യായീകരിക്കുവാന്‍ ആ മനുഷ്യന്‍  ശ്രമിക്കുന്നുമില്ല.തന്റെ ശരികള്‍ മറ്റുള്ളവര്‍ക്ക് തെറ്റാണെന്ന തിരിച്ചറിവുള്ള രാഘവന്‍ ഒരു സാധാരണക്കാരന്റെ ചിന്താമണ്ഠലതിനും അപ്പുറം ചിന്താശേഷിയുള്ള ആളാണെന്നു ഈ സംഭാഷണം വ്യക്തമാക്കുന്നു.

രണ്ടാമത്തെ പരാമര്‍ശവും ആദ്യത്തെതിനു കൂടുതല്‍ വ്യക്തത നല്‍കുന്നു.ബാഹ്യമായ തെറ്റുകള്‍ മാത്രം ചൂണ്ടിക്കാട്ടുവാനെ മനുഷ്യന് കഴിയുന്നുള്ളൂ എന്ന രാഘവന്റെ വിശ്വാസമാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.മാനസികമായ അവന്റെ ചെയ്തികള്‍ക്ക് വില കല്പ്പിക്കുവാന്‍ ഇന്നത്തെ സമൂഹം മടിക്കുന്നതിനെ പരോക്ഷമായി രാഘവന്‍ ചോദ്യം ചെയ്യുകയാണ്.രണ്ടാം ഭാഗത്തില്‍ ജയില്‍ ജീവിതത്തെ സംബന്ധിച്ചുള്ള ഒരു വിവരണത്തിന്റെ വ്യാഖാനം ഞാന്‍ നല്‍കുകയുണ്ടായി.ഇതേ കാര്യം തന്നെയാണ് അവിടെയും രാഘവന്‍ പ്രസ്താവിക്കുന്നത്.


പോസ്റ്റു വായിച്ചതിനു ശേഷം നിങ്ങള്ക്ക് തോന്നിയ സംശയങ്ങള്‍ കമന്റ്‌ ബോക്സില്‍ ഇടാവുന്നതാണ്.എന്നാല്‍ കഴിയും വിധം അതിനുള്ള ഉത്തരങ്ങള്‍ നല്‍കുവാന്‍ ഞാന്‍ ശ്രമിക്കാം.അടുത്ത ഭാഗത്തില്‍ പ്രതിപാദിക്കാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളും ഉള്‍പ്പെടുത്താനാകുന്നതാണ്.

തുടരും.......


#rhshy_anilkumar

#munnariyipp_tale

(പരമ്പരയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കുവാനായി ഈ ഹാഷ് ടാഗുകള്‍ ഉപയോഗിക്കുക)

No comments:

Post a Comment