Tuesday, March 28, 2017

ഒരു താരത്തിന്റെ ഉദയം

"മോഹൻ,നിങ്ങളൊരു നടനാകാണം എന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ,നിങ്ങൾ അത് ആയിരിക്കും"-സൂപ്പർ ഹിറ്റ് ചിത്രം 'ബെസ്റ് ആക്ടറി'ൽ സംവിധായകൻ രഞ്ജിത്ത് മമ്മൂട്ടിയോട് പറയുന്ന സംഭാഷണശകലമാണിത്.ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് മനുഷ്യന്റെ ഉള്ളിലെ വിജയമാഗ്രഹിക്കുന്ന പോരാളിയെ തിരശ്ശീലയ്ക്കിപ്പുറമെത്തിച്ചത്.സ്വപ്‌നങ്ങള്‍ അവനെ കഠിനാധ്വാനിയാക്കി.വിജയങ്ങളും സ്ഥാനമാനങ്ങളും അവന്‍ കെട്ടിപ്പടുത്ത്.ശാസ്ത്ര സാങ്കേതിക കലാ സാഹിത്യ കായിക മേഖലകളിലെല്ലാം കൈയടക്കത്തോടെയുള്ള പ്രകടനങ്ങള്‍ മനുഷ്യനെ ചെറു സ്ഥാങ്ങളില്‍ നിന്നും ഉന്നതിയിലേക്കെത്തിച്ചു.ഞാനൊരു സ്വപ്നത്തിന്റെ കഥ പറയാന്‍ പോകുകയാണ് ഒരു നടനാകാന്‍ സ്വപ്നം കണ്ടു നായകനാകാന്‍ കൊതിച്ച ഒരു താരത്തിന്റെ കഥ.
സിനിമ സ്വപ്നം കണ്ട ഒരാളുണ്ടായിരുന്നു ഒരു നാള്‍ മദ്രാസില്‍,അദ്ധേഹത്തിന്റെ പേര് ജോണ്‍ വിക്ടര്‍.ചലന ചിത്രങ്ങള്‍ ഒരു ഹരമായിരുന്ന അദ്ദേഹം ഒരു നടന്‍ എന്ന പേരില്‍ ലോകം വാഴ്തുമെന്ന്‍ പ്രതീക്ഷയില്‍ വേഷങ്ങള്‍ക്കായി ഓടിനടന്നു.സിനിമയില്‍ വിനോദ് രാജ് എന്ന പേരില്‍ കുറച്ചധികം ചിത്രങ്ങളില്‍ വേഷം ചെയ്ത അദ്ദേഹം അന്നത്തെ സബ് കളക്ടര്‍ ആയിരുന്ന രാജേശ്വരിയെ വിവാഹം ചെയ്തു.അളിയനായ എസ്.ത്യാഗരാജന്‍ അന്നത്തെ പേരുകേട്ട സംവിധായകനായ കാരണത്താല്‍ വിനോദിന് വേഷങ്ങള്‍ നിരവധി ലഭിച്ചു.ഇതിനിടയ്ക്കാണ് അവര്‍ക്കൊരു ആണ്കുഞ്ഞു പിറക്കുന്നത്.അച്ഛന്റെപാതയില്‍ തന്റെ ജീവിതലക്ഷ്യം ആ മകനും ഉറപ്പിച്ചു,അവന്റെ പേര് കെന്നഡി ജോണ്‍ വിക്ടര്‍.പഠന കാലത്ത് തന്നെ ആദ്യ ചിത്രം കെന്നടിയെ തേടിയെത്തി.'എന്‍കാധല്‍ കണ്മണി' എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രം കെന്നഡി എന്ന നടനു യാതൊരു പ്രശംസയും ഏറ്റുവാങ്ങാന്‍ അരങ്ങൊരുക്കിയില്ല.അങ്ങനെ പിന്നീടും അദ്ദേഹത്തിന്റേതായ മൂന്നു ചിത്രങ്ങള്‍ വെള്ളിത്തിരയില്‍ അവതരിച്ചുവെങ്കിലും വന്‍നിരാശ സമ്മാനിച്ചുകൊണ്ട് മൂന്നു ചിത്രങ്ങളും കൊട്ടകകള്‍ വിട്ടു.പിന്നീട് മുന്‍നിര വേഷങ്ങള്‍ തനിക്കു പേരുദോഷം മാത്രമേ നല്‍കുകയുള്ളൂ എന്ന് മനസ്സിലാക്കിയ അദ്ദേഹം സഹനടന്‍ വേഷങ്ങളില്‍ ശ്രദ്ധചെലുത്തി.അങ്ങനെ മലയാളം,തമിഴ്,തെലുങ്ക് ഭാഷകളില്‍ ചെറിയ വേഷങ്ങളില്‍ ശ്രദ്ധേയനായെങ്കിലും നിര്‍ഭാഗ്യം അദ്ദേഹത്തെ പിന്തുടരുക തന്നെ ചെയ്യുകയുണ്ടായി.അവസരങ്ങള്‍ ഗണ്യമായി കുറഞ്ഞപ്പോള്‍ ഡബ്ബിംഗില്‍ പോലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ നടൻ പ്രേരിതനായി.സീരിയല്‍,ടിവി രംഗങ്ങളില്‍ അദ്ദേഹത്തിനുള്ള താല്പ്പര്യകുറവും അദ്ധേഹത്തിന്റെ നായകസങ്കല്‍പ്പങ്ങള്‍ക്ക് ഭംഗം വരുത്തി.7 വര്‍ഷത്തോളം സിനിമ വ്യവസായത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കുവാന്‍ മാത്രമേ ആ ചെറിയകലാകാരന് കഴിഞ്ഞുള്ളൂ.നിരന്തരമായി സെറ്റുകളിലും മറ്റും നിന്നു ലഭിക്കുന്ന അവഗണനകളും കുറ്റപ്പെടുത്തലുകളും മാത്രം കൈമുതലായി ലഭിച്ചുകൊണ്ടിരുന്ന ഈ കാലം ആ മനുഷ്യന്റെ സ്വപ്നങ്ങള്‍ക്ക് പോലും വിശ്വാസ്യത കുറച്ചു.സിനിമ മോഹം പോലും ഉപേക്ഷിക്കുവാനുള്ള തീരുമാനം കൈക്കൊള്ളാന്‍ ആ ചെറുപ്പക്കാരന്‍ നിര്‍ബന്ധിതനായ കാലത്താണ് 1997 ൽ,പ്രശസ്ത സംവിധായകൻ ബാലു മഹീന്ദ്രയുടെ അസിസ്റ്റന്റ് ബാല തന്റെ ആദ്യ സംവിധാന സംരംഭത്തിനായി സൂപ്പർ നായകൻ അജിത്തിനെ സമീപിച്ചതു.പുറത്തുവിടാത്ത കാരണത്താൽ അജിത് ചിത്രത്തിൽ നിന്ന് പിന്മാറി.ഈ അവസരത്തിലാണ് ചിത്രത്തിലേക്ക് കെന്നടിക്കു ക്ഷണം വരുന്നത്
സംവിധായകൻ തന്നിൽ അർപ്പിച്ച വിശ്വാസത്തിനു കേടു വരുത്താതെ കെന്നഡി നിരവധി ത്യാഗങ്ങൾ സഹിച്ചുകൊണ്ട തന്റെ വേഷം മികച്ചതാക്കി.മാസങ്ങളോളം പട്ടിണി കിടന്നു 21 കിലോയോളം ശരീരം കുറച്ചു,നഖങ്ങള്‍ നീട്ടി വളര്‍ത്തി സംവിധായകന്റെ ആവശ്യപ്രകാരം തലമുടിയും മുറിക്കാന്‍ കെന്നഡി പ്രേരിതനായി.പക്ഷെ,1997 ൽ നടന്ന FEFSI സമരം ചിത്രീകരണത്തെ സാരമായി ബാധിച്ചു.മാസങ്ങളോളം ചിത്രീകരണം നിർത്തി വയ്‌ക്കേണ്ടി വന്നു.രണ്ടു വര്‍ഷത്തോളം ചിത്രീകരണം നഷ്ടപ്പെട്ട കാരണത്താല്‍ നിര്‍മാതാവ് പ്രൊജക്റ്റ്‌ ഡ്രോപ്പ് ചെയ്യുകപോലും ഉണ്ടാവുകയും പിന്നീട് അണിയറപ്രവര്‍ത്തകരുടെ അഭ്യര്‍ഥനയെ മാനിച്ചു തിരിച്ചു വരികയും ചെയ്തു.അങ്ങനെ 1999 ജൂണ്‍ ഓടെ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിപ്പിക്കാന്‍ ബാലയ്ക്ക് കഴിഞ്ഞു.ചിത്രീകരണത്തിന് ശേഷവും തിരിച്ചടികൾ സിനിമയ്ക്ക് നേരിട്ടു. ദുരന്തപര്യവസാനിയായ ചിത്രം ഏറ്റെടുക്കാൻ വിതരണക്കാരാരും മുന്നോട്ടു വന്നില്ല.പ്രസ്‌ മീറ്റുകള്‍ നടത്താന്‍ പോലും പണമില്ലാതെ വന്നപ്പോള്‍ കെന്നഡിയുടെ ഭാര്യയുടെ കൈയില്‍ നിന്നും കടം വാങ്ങിയ കാശിനു ചിത്രത്തിനു വേണ്ടി പ്രസ്‌ മീററ്റുകള്‍ സംഘടിപ്പിച്ചുവെങ്കിലും അതൊന്നും വിജയമായില്ല.പ്രമുഖര്‍ക്ക് മുന്നില്‍ സ്ക്രീനിംഗ് നടത്തി നല്ല അഭിപ്രായങ്ങള്‍ ലഭിച്ചിട്ട പോലും കെന്നഡി എന്ന നടനിലോ ഒരു പുതുമുഖ സംവിധായകനിലോ പ്രതീക്ഷയര്‍പ്പിച്ച് ആരും മുന്നോട്ടു വന്നില്ല.അങ്ങനെ 1999 ഡിസംബര്‍ 10 ആം തീയതി, ഒരു ബി ക്ലാസ് തീയറ്ററിലെ നൂൺ ഷോ, ചിത്രത്തിന് ഒത്ത് വന്നു.വളരെ പ്രതീക്ഷയോടെ കിട്ടിയ ഷോക്ക് വിരലിലെണ്ണാവുന്ന ആളുകളുടെ സാമീപ്യത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു.ദിവസങ്ങള്‍ കടന്നുപോകുംതോറും,അത്ഭുതകരമാം വിധം ചിത്രത്തിന് ആളുകള്‍ കയറുന്ന കാഴ്ച അണിയറക്കാരെ പോലും അത്ഭുതപ്പെടുത്തി.രണ്ടു ആഴ്ചകൾക്കുള്ളിൽ ആറു തീയറ്ററുകളിൽ കൂടി ചിത്രം ഫുൾ ഷോ പ്രദർശിപ്പിച്ചു.വാമൊഴിയായി ചിത്രത്തിന് ലഭിച്ച പ്രൊമോഷന്‍ ഒരു ഗംഭീര വിജയം സ്വപ്നം കാണാന്‍ ബാലയ്ക്കും കെന്നഡിക്കും ഉത്തേജനം നല്‍കി.തീയറ്ററുകളുടെ എണ്ണം പ്രതീക്ഷയ്ക്കപ്പുറം വര്‍ധിച്ചപ്പോൾ 160 സെന്ററുകളിൽ ചിത്രം 30 വാരം തകർത്തത്തോടി.പ്രേക്ഷകരോടൊപ്പം ചിത്രത്തിന്റെ നിലവാരം നിരൂപകരെയും അത്ഭുതകരമാം വിധം സ്വാധീനിച്ചു.കെന്നഡിയുടെ പ്രകടനം തമിഴ് സിനിമ ലോകത്തെ തന്നെ തങ്കലിപികളില്‍ എഴുതി ചേര്‍ക്കാന്‍ പോലും പോന്നതാണെന്ന അഭിപ്രായങ്ങള്‍ പോലും ഉയര്‍ന്നു.ആ വര്‍ഷത്തെ മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ്‌ നേടിയെടുത്ത ചിത്രം പിന്നീട മികച്ച സംവിധായകന്‍,സിനിമ എന്നീ രംഗങ്ങളില്‍ തമിഴ് നാട് സംസ്ഥാന അവാര്‍ഡുകളും നേടിയെടുത്തു.കെന്നഡിയുടെ പ്രകടനം ഫിലിം ഫെയര്‍ അവാര്‍ഡുകളിലും സംസ്ഥാന അവാര്‍ഡുകളും ആദരിക്കപ്പെട്ടപ്പോള്‍ ചെറു നിരാശ നല്‍കി ദേശീയ അവാര്‍ഡുകളില്‍ കേവല വോട്ടുകള്‍ക്ക് മോഹന്‍ലാലിനോട് പരാജപ്പെടേണ്ടി വന്നുവെങ്കിലും അതൊന്നും കെന്നഡി എന്ന നിശ്ചയദാർഢ്യമുള്ള നടനു വിലങ്ങുതടിയായിരുന്നില്ല. തമിഴ് നാട്ടില്‍ അതുവരെ പരിചയമില്ലാത്ത ഒരു റിയലിസ്റിക് കഥാഗതി അവതരിപ്പിച്ചതോടെ ചിത്രം ഒരു പുതിയ ട്രെന്‍ഡ് കൂടി സംസ്ഥാനത്ത് അവതരിപ്പിക്കുകയായിരുന്നു.പ്രതിഭാധനനായ ഒരു സംവിധായകന്റെയും നടന്റെയും ഉദയം കാട്ടി തന്ന ചിത്രത്തിന്റെ പേര് 'സേതു'.ചിത്രത്തിലെ നായകന്‍ കെന്നഡി ജോണ്‍ വിക്ടര്‍ അഥവാ വിക്രം :) പിന്നീട് ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ നാമം ചിയാന് ,‍തന്റെ പേരിനൊപ്പം വിക്രം കൂട്ടിച്ചേര്‍ത്തു.അങ്ങനെ അദ്ദേഹം ആരാധകര്‍ക്ക് പ്രീയങ്കരനായ ചിയാന്‍ വിക്രമായി.'സേതു'വിന്റെ ഉജ്ജ്വലവിജയം അവസരങ്ങളുടെ പറുദീസാ ഈ മഹാനടന് മുന്നില്‍ തുറന്നപ്പോള്‍ ബോക്സ്‌ ഓഫീസില്‍ പുതു ചരിത്രം ഇദ്ദേഹം രചിച്ചു.സേതുവില്‍ തലനാരിഴയ്ക്ക് നഷ്ടമായ ദേശീയ പുരസ്കാരവും എതിരാളികളെ നിഷ്ഭ്രാമനാക്കി അദ്ദേഹം നേടിയെടുത്തപ്പോള്‍ കാഴ്ച്ചക്കാരായവരുടെ സന്തോഷം പോലും അതിരില്ലാത്തതായിരുന്നു.കോടി കിലുക്കങ്ങളും അഭിനയത്തിന്റെ നൂതന സാധ്യതകളും തുറന്നു നല്‍കിയ അദ്ദേഹം രാജ്യത്തെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി അവരോധിക്കപ്പെട്ടപ്പോള്‍ ഒരുകാലത്ത് താന്‍ നേരിട്ട അവഗണനകളും ഭാഗ്യമില്ലായ്മയും ഈ മഹാനടന് കൂട്ടുണ്ടായിരുന്നു...
അത്ഭുതങ്ങള്‍ ഉണ്ടാകുന്നില്ല,നാംഉണ്ടാക്കുകയാണ്.മറ്റൊരു അത്ഭുതമാകാന്‍ നമ്മള്‍ക്കെവര്‍ക്കും കഴിയട്ടെ എന്ന പ്രത്യാശയോടെയും പ്രതീക്ഷയോടെയും അവസാനിപ്പിക്കുന്നു :)
ഏവർക്കും നന്മനിറഞ്ഞ വിഷു ആശംസകൾ
കൂടുതൽ വായനയ്ക്ക് : rhshyanil.blogspot.com

No comments:

Post a Comment