Thursday, April 6, 2017

'Munnariyipp' Explained (Part 5)

മുന്നറിയിപ്പ് - ഒരു അന്വേഷണം (ഭാഗം 5)
======================================

ആദ്യ നാല് ഭാഗങ്ങൾക്കും നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി പറഞ്ഞുകൊണ്ട് അഞ്ചാം ഭാഗത്തിലേക്ക് കടക്കുന്നു.മൂന്നു ഭാഗങ്ങളില്‍ അവസാനിപ്പിക്കാം എന്ന് കരുതിയ എനിക്ക് ഓരോ കാഴ്ചയിലും പുതു വ്യാഖ്യാനങ്ങളുമായാണ് 'മുന്നറിയിപ്പ്' എന്ന ഇതിഹാസ ചിത്രം അവതരിക്കുന്നത്.കഴിഞ്ഞ രണ്ടു ഭാഗങ്ങളിലും എന്റെയൊരു സുഹൃത്ത്‌ നിര്‍ദേശിച്ചതായിരുന്നു 'മുന്നറിയിപ്പ്' എന്ന പേരിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന ഒരു പോസ്റ്റ്‌ ആവശ്യമാണെന്ന്.അര്‍ദ്ധതലങ്ങള്‍ ഓരോ കാഴ്ചയിലും മാറിമറിയുമ്പോള്‍ ഒരു പേരിനു വ്യാഖ്യാങ്ങള്‍ നല്‍കുക എന്നത് പോലും പ്രയാസകരമാണ്.എങ്കിലും,'മുന്നറിയിപ്പ്' എന്ന പേരിനു പിന്നാലെയുള്ള ഒരു യാത്രയാകട്ടെ ഈ പോസ്റ്റ്‌.


(To be noted :ചുവടെ നല്‍കിയിരിക്കുന്ന ഫോട്ടോ ഒരു റഫറന്‍സ് ആയി കണക്കാക്കുക.ബ്രാക്കറ്റുകളില്‍ നല്‍കിയിരിക്കുന്ന സംഖ്യകള്‍ അവയിലേക്കുള്ള ചൂണ്ടുവിരലുകളാണ്)

പാഠം 5 - ആര്‍ക്കു ആരാണ് മുന്നറിയിപ്പ് നല്‍കുന്നത് ?
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

ചിത്രത്തെ ഒരു രംഗം ശ്രദ്ധിക്കാം ( 1 ).പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരി സില്‍വിയ പ്ലാത്ത് തന്റെ The Unabridged Journals Of Sylvia Plath എന്ന പുസ്തകത്തില്‍  പറഞ്ഞിട്ടുണ്ട് "I Desire the things which will destroy me in the end". രാഘവന്റെ ചിത്രം ക്ലിപ്പ് ബോര്‍ഡില്‍ അഞ്ജലി പിന്‍ ചെയ്യുന്ന നേരം ഇടതു ഭാഗത്ത്‌ പിന്‍ ചെയ്തിരുക്കുന്ന വാചകമാണിത്. "എന്റെ നാശത്തിനു കാരണമാകുന്നതിനെ ഞാന്‍ ആഗ്രഹിക്കുന്നു".എന്താണിത് ? ഒന്ന് ആലോചിച്ചു നോക്കു,ഇതൊരു മുന്നറിയിപ്പ് ആണ്, ആഗ്രഹങ്ങള്‍ക്ക് വിലക്ക് കല്‍പ്പിക്കാന്‍ താല്പ്പര്യപ്പെടാത്ത മനുഷ്യനെന്ന ഇരുകാലിക്ക് എഴുത്തുകാരി നല്‍കിയ മുന്നറിയിപ്പ്.ആഗ്രഹങ്ങളാണ് ഒരു മനുഷ്യനെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.അത് അമിതമായാലോ? അമിതാഗ്രഹം എന്ന ഒറ്റ കാരണമാണ് ലോകത്തിലെ തിന്മകളുടെയെല്ലാം മൂല കാരണം.അമിതാഗ്രഹങ്ങള്‍ക്ക് പിന്നാലെയുള്ള മനുഷ്യന്റെ സഞ്ചാരം അവന്റെ തന്നെ നാശത്തിനു കാരണമാകുന്നു. സ്വതാല്‍പ്പര്യങ്ങല്‍ക്കായി എന്തും ചെയ്യുന്ന അഞ്ജലി ഇന്നത്തെ മനുഷ്യന്റെ പ്രതിഫലനമാണ്.ഒരേ സമയം അഞ്ജലിക്കും അതുവഴി മനുഷ്യ കുലത്തിനും സംവിധായകന്‍ 'മുന്നറിയിപ്പ്' നല്‍കുന്നു.

അഞ്ജലി ആരാണ് ? സ്വന്തം തെറ്റുകള്‍ ന്യായീകരിക്കുന്ന,അല്ലെങ്കില്‍ അവ വളച്ചൊടിക്കാന്‍ പോലും താല്‍പ്പര്യം പ്രകടിപ്പിക്കുന്ന,സ്വന്തം വളര്‍ച്ചയ്ക്കായി എന്ത് ചെയ്യാന്‍ മടി കാട്ടാത്ത,ഉപഭോഗസംസ്കാരത്തിന്റെ പൂജിതാവുമായ കഥാപാത്രമാണ് അഞ്ജലി.മാത്രമല്ല,രാഘവന്‍ എന്ന എഴുത്തുകാരനെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച വഴി അവള്‍ കോര്‍പ്പറേറ്റ് ചിലന്തിവലയുടെ കണ്ണിയാണെന്നും വ്യക്തം( റഫറന്‍സ്-ഭാഗം 1 ).ഇനി രാഘവനെ ഒന്ന് ശ്രദ്ധിച്ചാല്‍ സ്വന്തം സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന,ഒരു പരിധി വരെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുന്ന,ഉപഭോഗത്തിന് പിന്നാലെ പോകാത്ത,സമൂഹവുമായി ഭേദപ്പെട്ട ഇടപെടലുകള്‍ നടത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെതെന്നു മനസ്സിലാക്കാം(റഫറന്‍സ് - ഭാഗം 2 ).അങ്ങനെയോക്കെയാകുമ്പോള്‍ ആധുനിക ലോകത്തിലെ കോര്‍പ്പറേറ്റ് മുതലാളിത്ത വ്യവസ്ഥിതിയുടെ പ്രതിഫലനമായി നമുക്ക് അഞ്ജലിയെ കണക്കാക്കാം.മുതലാളിത്ത വ്യവസ്ഥിതിയ്ക്കുണ്ടായ പ്രതിരോധമായിരുന്നു കമ്മ്യൂണിസം.അപ്പോള്‍ രാഘവന്‍ എന്ന വ്യക്തിത്വത്തെ കമ്മ്യൂണിസം എന്ന ചിന്താഗതിയുടെ വക്താവായി നമുക്ക് ചിത്രീകരിക്കാം. ചിത്രത്തില്‍ രാഘവന്‍ പറയുന്നത് ശ്രദ്ധിക്കാം.

"പേടിച്ചിട്ടുള്ള ഒരു ജീവിതം എന്നത് മഹാ ബോറാണ്.അത് നമ്മുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും.ആണായാലും പെണ്ണായാലും അതിനു നിന്ന് കൊടുക്കരുത്.നമ്മള്‍ സ്വാതന്ത്ര്യത്തെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതാണ് കാര്യം.നിങ്ങള്‍ കാണുന്ന സ്വാതന്ത്ര്യം ആയിരിക്കില്ല എന്റെ സ്വാതന്ത്ര്യം.നമുക്ക് തടസ്സമായിട്ടു നില്‍ക്കുന്ന ചില കാര്യങ്ങളെ നമുക്ക് ചിലപ്പം പറിച്ചു മാറ്റേണ്ടി വരും. അതിനല്ലേ സ്വാതന്ത്ര്യം എന്ന് പറയുന്നത്.വീട്ടില്‍ നടന്നാല്‍ കുടുംബകലഹം.സമൂഹത്തില്‍ നടന്നാല്‍ വിപ്ലവം.ക്യൂബയിലായാലും കുടുംബത്തിലായാലും വിപ്ലവം നടന്നാല്‍ ചോര വീണിരിക്കും" ( 2 )

ചിത്രത്തിലെ മര്‍മ പ്രധാനമായ ഭാഗങ്ങളില്‍ ഒന്നാണിത്.പലയിടങ്ങളില്‍ പല രീതിയില്‍ വ്യാഖ്യാനിക്കാനാകുന്ന തരത്തിലാണ് ഈ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.നമ്മളുടെ കമ്മ്യൂണിസ്റ്റ്‌ തിയറിക്ക് ഇത് എത്രമാത്രം യോജ്യമാണെന്ന് നോക്കാം.മുതലാളിത്ത വ്യവസ്ഥിതിയെ പേടിച്ചിട്ടാണ് ഒരു കാലത്ത് വേതനം പറ്റുന്നവര്‍ ജീവിച്ചിരുന്നത്.അത് പിന്നീട് മുതലെടുക്കാന്‍ മുതലാളിമാര്‍ക്ക് കഴിഞ്ഞു.അങ്ങനെ വേതനം പറ്റുന്നവരെ ചൂഷണം ചെയ്തു അവര്‍ക്ക് ലഭിക്കേണ്ട വേതനം പോലും നല്‍കാതെ അവരുടെ സ്വാതന്ത്ര്യം പോലും ഹനിക്കപ്പെട്ടു.അങ്ങനെ തങ്ങള്‍ക്കു തടസ്സമായി നിരന്തരം അവതരിച്ചുകൊണ്ടിരുന്ന മുതലാളിത്ത വ്യവസ്ഥിതിയെ പറിച്ചുമാറ്റാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരായപ്പോള്‍ അവിടെ കമ്മ്യൂണിസം എന്ന പ്രസ്ഥാനം രൂപം കൊണ്ടു.വിപ്ലവം സമാധാനത്തിന്റെ പാതയില്‍ സാധ്യമല്ല ചോര കൊടുത്തും എടുത്തും വിപ്ലവം വിജയിച്ചു.ഇവിടെ രാഘവന്റെ സ്ഥിതിയും ഇതിനു സമാനമാണ്.തന്നിലെ സ്വാതന്ത്ര്യം പോലും കണക്കാക്കാതെ തന്നെ ചൂഷണം ചെയ്യാനെത്തിയ മൂന്നു സ്ത്രീരത്നങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തികള്‍ വഴി വ്യക്തിത്വമില്ലാതവരാണെന്നു സ്വയം സമ്മതിക്കുന്നു.അത്തരത്തില്‍ ചിന്തിക്കുന്ന മനുഷ്യന്‍ ജീവിക്കാനര്‍ഹനല്ല.അവരെ പറിച്ചു മാറ്റണ്ടതാണ്.രാഘവന്‍ ചെയ്തതും അത് തന്നെയാണ്.വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രത്യക്ഷമായി തൊഴിലാളികളെ ചൂഷണം ചെയ്തുകൊണ്ടിരുന്ന മുതലാളിമാര്‍ കോര്‍പ്പറേറ്റ് എന്ന പേരില്‍ പരോക്ഷമായി ഇന്ന് അത് ചെയ്യുന്നു.ഏതു സമയം വേണമെങ്കിലും ഒരു വിപ്ലവം പൊട്ടിപുറപ്പെടാം എന്ന് കോര്‍പ്പറേറ്റ് രംഗത്തോട് മുന്നറിയിപ്പ് നല്‍കുന്നു സംവിധായകന്‍.


ഇനി മറ്റൊരു കാര്യം ശ്രദ്ധിച്ചാല്‍ രാഘവന്‍ എന്ന വ്യക്തി തന്നെ പല അവസരങ്ങളിലും പരോക്ഷമായി അഞ്ജലിക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.ചേട്ടന്റെ ജീവിതത്തെപ്പറ്റി ഒന്നും എഴുതാത്തതെന്താ എന്നാ ചോദ്യത്തിന് അതൊക്കെ നമുക്ക് അറിയാവുന്നതല്ലേ എന്നാണു രാഘവന്റെ മറുപടി.തന്റെ ജീവിതം അഞ്ജലി അറിഞ്ഞതില്‍ കൂടുതല്‍ ഒന്നുമില്ലയെന്നു രാഘവന്‍ അവിടെ വ്യക്തമാക്കുന്നു.എഴുതണം എന്ന ആജ്ഞയ്ക്കു എന്താണ് എഴുതേണ്ടത്?എങ്ങനെയാണ് എഴുതേണ്ടത്? എന്നൊക്കെയാണ് രാഘവന്‍ ഉത്തരം നല്‍കുന്നത്.അഞ്ജലിയുടെ വരവ് ബുദ്ധിമുട്ടാണെന്ന് പലപ്പോഴും രാഘവന്‍ അവളോട്‌ പറയാതെ പറയുന്നു,അയാളുടെ മുഖഭാവങ്ങള്‍ പലപ്പോഴും ഇത് വ്യക്തമാക്കി തരുന്നു.അഞ്ജലി പ്രസിദ്ധീകരിച്ച മാസിക ജയിലില്‍ വച്ച് തുറന്നു നോക്കി വായിക്കാന്‍ ശ്രമിക്കുന്ന രാഘവന് അഞ്ജലി നല്‍കിയ വീട്ടിലിരുന്നുകൊണ്ട് കഴിയാത്തതും ഇതിനു ആക്കം കൂട്ടുന്നു.പ്രത്യക്ഷമായ അഭിപ്രായ പ്രകടനങ്ങളില്‍ താല്‍പ്പര്യം ഏതുമില്ലാത്ത രാഘവന്‍ ഇങ്ങനെ നിരവധി തവണ അഞ്ജലിക്ക് 'മുന്നറിയിപ്പ്'  നല്‍കുന്നു.

ചിത്രത്തില്‍ അധികമാരും ശ്രദ്ധിക്കാത്ത മറ്റൊരു മുന്നറിയിപ്പ് കൂടിയുണ്ട്.കോര്‍പ്പറേറ്റ് മേധാവി, അഞ്ജലി അറക്കലിനു നല്‍കുന്നത്.30 ദിവസത്തെ ഒരു കാലയളവ്‌ മാത്രം നല്‍കിക്കൊണ്ട് രാഘവന്റെ ആശയങ്ങള്‍ക്ക് അവര്‍ വിലയിട്ടു.ഒരു മനുഷ്യന്റെ ആശയങ്ങള്‍ക്ക് പോലും സമയദൈര്‍ഖ്യം പ്രഖ്യാപിച്ചുകൊണ്ട് എത്രമാത്രം അധപ്പതിച്ച ചിന്താഗതികളുടെ പിന്മുറക്കാരാണ് കോര്‍പ്പറേററ്റുകള്‍ എന്ന് ഇവിടെ സംവിധായകന്‍ വ്യക്തമാക്കുന്നു.പ്രത്യക്ഷമായ ഈ മുന്നറിയിപ്പിന് പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചതുകൊണ്ടാണ് രാഘവന്‍ നല്‍കിയ പരോക്ഷമായ മുന്നറിയിപ്പ് അഞ്ജലി അറക്കലിനു വ്യക്തമാകാതെ പോയത്.കോര്‍പ്പറേറ്റ് നല്‍കിയ DEADLINE തന്റെ ജീവിതത്തിനും DEADLINE ആകപ്പെടും എന്ന അഞ്ജലിയുടെ തിരിച്ചരിവില്ലായ്മ ഈ ചിത്രത്തിന്റെ Caption ഉം എത്രമാത്രം മികച്ചതാണെന്ന് കാട്ടിതരുന്നു.


ഒരു തലക്കെട്ട്‌ ഒരു സിനിമയ്ക്ക്‌, അല്ലെങ്കില്‍ ഒരു സൃഷ്ടിക്കു എത്രമാത്രം യോജ്യമാണെന്നു 'മുന്നറിയിപ്പ്' കാട്ടിത്തരുന്നു.എന്റെ യുക്തിക്ക് തോന്നിയ വ്യാഖ്യാനങ്ങള്‍ മാത്രമാണ് ഇവിടെ ഞാന്‍ നിരത്തിയിരിക്കുന്നത്.ഓരോ പ്രേക്ഷകനും ചിന്തയുടെ പറുദീസ തുറന്നു നല്‍കുന്ന ചിത്രത്തില്‍ നിങ്ങള്‍ ഏവരുടെയും ചിന്തകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും പ്രാധാന്യം ഏറെയാണ്‌.ആയ കാരണത്താല്‍ നിങ്ങള്‍ക്ക് തോന്നിയ സംശയങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുക.കൂടാതെ, അടുത്ത ഭാഗത്തില്‍ പ്രതിപാദിക്കാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളും ഉള്‍പ്പെടുത്താനാകുന്നതാണ്. നന്ദി :)

തുടരും.......


#rhshy_anilkumar

#munnariyipp_tale

(പരമ്പരയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കുവാനായി ഈ ഹാഷ് ടാഗുകള്‍ ഉപയോഗിക്കുക)

No comments:

Post a Comment