Tuesday, March 21, 2017

'Munnariyipp' Explained (Part 2)

പാഠം 2 - സി കെ രാഘവന്‍
^^^^^^^^^^^^^^^^^^^^^^^^^^^^^^

അഞ്ജലി അറക്കല്‍ എന്ന വ്യക്തിയുടെ സ്വഭാവവൈദഗ്ധ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഒന്നാം ഭാഗത്തിന് നിങ്ങളേവരും നല്‍കിയ പിന്‍തുണയ്ക്കു നന്ദി പ്രകടിപ്പിച്ചുകൊണ്ട് തന്നെ ഞാന്‍ രണ്ടാം ഭാഗത്തിലേക്ക് കടക്കുകയാണ്.

കഥാപാത്ര വിശകലത്തിനു മുന്‍പ് രാഘവന്‍ എന്ന കഥാപാത്രത്തിന്റെ അവതരണത്തിലേക്ക് ആദ്യം ഒന്ന് കണ്ണോടിക്കാം.മമ്മൂട്ടി എന്ന നടന്‍ എത്രമാത്രം രാഘവന്‍ എന്ന കഥാപാത്രത്തിന് യോജിച്ചിരുന്നു? ഉത്തരം സ്പഷ്ടമാണ്.ഒരുപക്ഷെ,ലോക സിനിമയില്‍ ഈ കഥാപാത്രത്തിന് നിര്‍വചങ്ങള്‍ നല്‍കുവാന്‍ മമ്മൂട്ടി എന്ന മഹാനടനത്തിനല്ലാതെ മറ്റൊരുവന് സാധിക്കുമോ എന്നത് സംശയാസ്പദമാണ്.ചിത്രം ഹിന്ദിയില്‍ ചെയ്യാന്‍ താല്‍പ്പര്യം ഉണ്ടെന്നു സംവിധായകന്‍ അഭിപ്രായപ്പെട്ടപ്പോള്‍ നായകന്‍ ആരാകും എന്ന ചോദ്യത്തിന് മമ്മൂട്ടി എന്ന ഉത്തരത്തിനപ്പുറം  മറ്റൊന്നില്ല എന്ന് വേണു പറഞ്ഞത് വെറുതെയല്ല.രാഘവന്‍ എന്ന കഥാപാത്രത്തിന്റെ അതി സൂഷ്മ ചലനങ്ങളില്‍ പോലും ഒളിഞ്ഞിരിക്കുന്ന നിര്‍വ്വചനങ്ങള്‍ അവതരിപ്പിക്കുന്ന കഠിനമായ ജോലി ഒരു പൂവിറുക്കുന്ന ലാഘവത്തോടെ മമ്മൂട്ടി ചെയ്തു കാട്ടിയപ്പോള്‍ അത്ഭുതപ്പെടുവാന്‍ മാത്രമേ പ്രേക്ഷകന് കഴിഞ്ഞുള്ളൂ.ഈ ഒരു പ്രകടനത്തെ പിന്‍തള്ളിയാണ് ബംഗ്ലൂര്‍ ഡേയ്സിലും 1983 ലും അഭിനയിച്ച യുവനടന് സംസ്ഥാന പുരസ്കാരം നല്‍കിയത് എന്നത് ചരിത്രം.ഇനി വിഷയത്തിലേക്ക് കടക്കാം.

(To be Noted : ചുവടെ നല്‍കിയിരിക്കുന്ന ഫോട്ടോ ഒരു റഫറന്‍സ് ആയി കണക്കാക്കുക.ബ്രാക്കറ്റുകളില്‍ നല്‍കിയിരിക്കുന്ന സംഖ്യകള്‍ അവയിലേക്കുള്ള ചൂണ്ടുവിരലുകളാണ് )

1 )ആരാണ് രാഘവന്‍ ? രാഘവനെ പറ്റി അന്വേഷിക്കാന്‍ വേണ്ടി അഞ്ജലി മരിച്ച രമണിയുടെ (രാഘവന്റെ ഭാര്യ) വീട്ടില്‍ ചെന്ന നേരം അവളുടെ അമ്മയുടെ സംഭാഷണം ഒന്ന് ശ്രദ്ധിക്കാം. (1)
*** രാഘവന്‍ വന്നപ്പോള്‍ ഞങ്ങള്‍ രക്ഷപ്പെട്ടു എന്നു കരുതിയതാണ്.
*** രാഘവന്‍ രമണിയെ കൊന്നോ എന്നെനിക്കറിയില്ല
***എനിക്ക് ചിലപ്പോ പൈസ തന്നിട്ട് പോകും.

ഇവയില്‍ നിന്നെല്ലാം രാഘവന്‍ എന്ന വ്യക്തിയില്‍ അമ്മായിഅമ്മയ്ക്ക് വെറുപ്പോന്നും തന്നെ ഇല്ല എന്ന് സൂചിപ്പിക്കുന്നു.രാഘവന്‍ വന്നപ്പോള്‍ രക്ഷപ്പെട്ടു എന്ന് കരുതി എന്ന് പറയുന്നത് കല്യാണത്തിന് മുന്‍പുള്ള അയാളുടെ നല്ലനടപ്പ് വ്യക്തമാക്കുന്നു.മരണത്തിനു ശേഷവും അവര്‍ക്ക് കാശെത്തിച്ചിരുന്നു എന്നതിലൂടെ മാനുഷിക പരിഗണന നല്‍കുന്ന വ്യക്തിത്വവുമാണ് രാഘവന്റെത് എന്ന് സമര്‍ധിക്കാം.

2) തന്റെ ബുക്ക്‌ എഴുത്തിനെപ്പറ്റി ആരും അറിയണ്ട എന്ന് ജയിലര്‍ അഞ്ജലിയോടു പറയുമ്പോള്‍ രാഘവന്‍ അടുത്തുണ്ട് ( 2 ).രാഘവനില്‍ ആളുകള്‍ക്കുള്ള വിശ്വാസം അത് സൂചിപ്പിക്കുന്നു.രഹസ്യങ്ങള്‍ അയാളില്‍ നിന്നു വെളിയില്‍ പോകില്ല എന്ന്‍ സംവിധായകന്‍ പറയാതെ പറയുന്നു.രഹസ്യങ്ങളുടെ കലവറയാണ് സി കെ രാഘവന്‍.

## ഓര്‍ത്തിരിക്കേണ്ട മറ്റൊരു കാര്യം രാഘവന്‍ എന്ന കഥാപാത്രത്തെ പറ്റി ചിത്രത്തില്‍ മോശമായി ഒരാളും പറയുന്നില്ല എന്നതാണ്.അയാളിലെ സമീപനത്തിന്റെ നൈപുണ്യം ഇത് വ്യക്തമാക്കുന്നു.

3)ജയിലില്‍ നിന്നു പുറത്തിറങ്ങുന്നതില്‍ സന്തോഷമുണ്ടല്ലോ എന്ന ചോദ്യത്തിന് ജയില്‍ തനിക്കു ദുഃഖം ഒന്നും നല്‍കിയിട്ടില്ല എന്ന് രാഘവന്‍ പറയുന്നു( 3 ).ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങണ്ട വൈകിട്ട് കൊണ്ട് വരും എന്ന് അഞ്ജലി പറയുമ്പോള്‍ ( 4 ) ജയിലിലും അങ്ങനെ തന്നെയാണെണ്ണ്‍  രാഘവന്‍ പറയുന്നുണ്ട്.ജയില്‍ ജീവിതം അയാള്‍ക്ക്‌ ദുഃഖം നല്‍കിയിട്ടില്ല എന്ന് അയാള്‍ പറയുന്നുണ്ട്,അപ്പോള്‍ ജയിലിനു സമാനമായി ഭക്ഷണം ലഭിക്കും എന്നയാള്‍ പറയുന്നത് ഏതു സാഹചര്യത്തോടും പൊരുത്തപെടാന്‍ ശ്രമിക്കുന്ന,I repeat, ശ്രമിക്കുന്ന,രാഘവനെ കാട്ടി തരുന്നു.

4)"വെളിച്ചം,സത്യം എന്നതിനെ ഇല്ലാതാക്കാന്‍ പറ്റില്ല.വേണമെങ്കില്‍ തടയുകയോ മറച്ചു പിടിക്കുകയോ ചെയ്യാം.എന്നാലും അതില്ലാതാവുന്നില്ലല്ലോ,നമ്മള്‍ കാണുന്നില്ലന്നല്ലേ ഉള്ളു","നമ്മുടെ ദേശീയ മുദ്രയായ അശോക സ്തംഭത്തില്‍ നാം കാണുന്നത് പരസ്പരം തിരിഞ്ഞു നില്‍ക്കുന്ന മൂന്നു സിംഹങ്ങളെയാ,എന്നാല്‍ ഇവയ്ക്കു പിന്നില്‍  മറഞ്ഞിരിക്കുന്ന ആരും കാണാത്ത നാലാമതൊരു സിംഹം ഉണ്ട്.സത്യമെന്നത് നാലാമത്തെ സിംഹമാണ്,ആരുമത് അന്വേഷിക്കുന്നില്ല,കണ്ടെതുന്നുമില്ല"-സത്യം എന്നതിനോടുള്ള രാഘവന്റെ കാഴ്ചപ്പാടുകള്‍ വളരെയധികം അഭിനന്ദനാര്‍ഹമാണ്.എന്നാല്‍ സത്യത്തെ അദ്ദേഹം വ്യാഖ്യാനിച്ചതില്‍ ആണ് വ്യത്യാസങ്ങള്‍ ഉള്ളത്.രാഘവന്‍ എന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാള്‍ ആരെയും കൊന്നിട്ടില്ല.അതാണ്‌ സത്യം.പക്ഷെ,ആ സത്യത്തെ കണ്ടെത്താന്‍ ഇന്നിലെ സാധാരണ മനുഷ്യര്‍ ശ്രമിച്ചിട്ടില്ല എന്ന് അയാള്‍ പറയാതെ പറയുകയാണ്‌.എങ്കില്‍ പോലും അയാള്‍ക്ക്‌ ശിക്ഷ എന്ന പേരില്‍ നല്‍കിയ ജയില്‍വാസത്തില്‍ രാഘവന്‍ എന്ന വ്യക്തിത്വം പരാതി പറയുന്നില്ല.

ഇതില്‍ നിന്നെല്ലാം രാഘവന്‍ ഒരു ഏകാന്ത ആത്മാവാണെന്നു ഉപസംഹരിക്കാം.ഏകാന്തത ഇഷ്ടപ്പെടുന്ന അയാളുടെ സ്വാതന്ത്രയ്തിന്റെ വ്യാഖ്യാനം ഇതില്‍ നിന്നും വ്യക്തമാണ്.രാഘവന്റെ വാക്കുകള്‍ ശ്രദ്ധിക്കാം...

"കുറ്റം ചെയ്ത ഒരാളെ ജയിലില്‍ അടയ്ക്കുന്നതെന്തിനാണ് ?അയാള്‍ക്ക്‌ പശ്ചാതപിക്കാനുള്ള അവസരം കൊടുത്തു അയാളെ നന്നാക്കിയെടുക്കനാണോ അതോ അയാളെ മാറ്റി നിര്‍ത്തിക്കൊണ്ട് സമൂഹത്തിനു സുരക്ഷ നേടിക്കൊടുക്കാനോ? തടവുകാരന് മനുഷ്യാവകാശമേ ഉള്ളു പൌരാവകാശമില്ല.മനുഷ്യനെ ശിക്ഷിക്കാതെ പൌരനെ മാത്രം ശിക്ഷിച്ചത് കൊണ്ട് അവനെങ്ങനെ മാനസാന്ദ്രം ഉണ്ടാകുക?"

ഇതിനെ രണ്ടു രീതിയില്‍ നമുക്ക് ചിന്തിക്കാം.ഒന്നാമതെത് തന്റെ കൂടെയുണ്ടായിരുന്ന ജയില്‍വാസികളെ പറ്റിയുള്ള രാഘവന്റെ തിരിച്ചറിവാണ്.ജയിലില്‍ അടച്ചത് മൂലം പുറം ലോകത്ത് ജീവിക്കുന്ന അവന്റെ സ്വാതന്ത്രം മാത്രമാണ് നഷ്ടമാകുന്നത്,അതായത് പൌരാവകാശം.സ്വാതന്ത്ര്യം മാത്രം നഷ്ടപ്പെടുതിക്കൊണ്ട് അവനിലെ കുറ്റവാളിയായ മനുഷ്യനെ എങ്ങനെ നന്നാക്കാന്‍ ആകുമെന്ന്‍ രാഘവന്‍ ആകുലപ്പെടുകയാണ്.ഈ ആകുലത രാഘവന്‍ മറ്റുള്ളവരില്‍ ശ്രദ്ധ ചെലുത്തുന്ന ആളാണെന്നു വ്യക്തമാക്കുന്നു.

ഇപ്പൊ പറഞ്ഞത് രാഘവന്‍ എന്ന വ്യക്തിയുടെ  മറ്റുള്ളവരോടുള്ള കാഴ്ചപ്പാട്.ഇനി രാഘവന്‍ എന്ന വ്യക്തി ജയില്‍ ജീവിതത്തെ എങ്ങനെ നോക്കി കാണുന്നു എന്ന രീതിയില്‍ ഇതിനെ എങ്ങനെ വ്യാഖ്യാനിക്കാം എന്ന് നോക്കാം.രാഘവന്‍ ഒരു ഏകാന്ത ആത്മാവാണ്.ജയില്‍ ഒരുവന് നല്‍കുന്നതും കടുത്ത ഏകാന്തതയാണ്.മറ്റുള്ളവര്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു എന്ന് കരുതുന്ന ജയിലറ രാഘവന്‍ എന്ന വ്യക്തിയുടെ സ്വാതന്ത്ര്യ ചിന്താഗതിയുടെ സമ്പൂര്‍ണ രൂപമായി.അയാളിലെ ചിന്തകന് വിഹരിക്കുവാന്‍ ഏറ്റവും നല്ല ഇടം അത് തന്നെയായിരുന്നു.ആ ചുവരുകള്‍ക്കിടയില്‍ അയാളിലെ ബൌദ്ധികമണ്ഡലം ഊര്‍ജസ്വലമായി ജോലി ചെയ്തപ്പോള്‍ അക്ഷരങ്ങള്‍ക്കൊണ്ട്‌ ചിത്രം വരയ്ക്കാന്‍ രാഘവന്‍ എന്ന പ്രതിഭാധനനായ മനുഷ്യന് കഴിഞ്ഞു.

5) സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നവനാണു രാഘവന്‍ എന്ന് നേരത്തെ പറഞ്ഞുവല്ലോ.കടയില്‍ ജോലിക്ക് നില്‍ക്കുന്ന പയ്യനുമായുള്ള രാഘവന്റെ അടുപ്പം അയാള്‍ ഒരു അന്തര്‍മുഖനല്ല എന്ന് തെളിയിക്കുന്നു.എകാന്തതയെ സ്നേഹിക്കുന്ന ഒരുവന്‍ എന്നതിനപ്പുറം ഒരുവനല്ല അയാള്‍.ജയിലില്‍ പോലും ജയില്‍വാസികളോടുള്ള രാഘവന്റെ പെരുമാറ്റം തെറ്റുകുറ്റങ്ങള്‍ക്ക് ചൂണ്ടിക്കാട്ടാനാകുന്നതല്ല.രാഘവനു ഷേവ്  ചെയ്തു കൊടുക്കുന്ന കൊലപാതകി പോലും അയാളെ ചേട്ടന്‍ എന്ന് സംബോധന ചെയ്തുകൊണ്ട് സ്നേഹപൂര്‍വമാണ് സംസാരിക്കുന്നത്.പോലീസുകാരും രാഘവനെപ്പറ്റി നല്ല അഭിപ്രായങ്ങളാണ് പറയുന്നത്.ഇതില്‍ നിന്നെല്ലാം രാഘവന്‍ മറ്റുള്ളവരോട് ഇടപിഴകുന്നതില്‍ താല്‍പ്പര്യമുള്ള ആളാണെന്നു വ്യക്തം.ആയ കാരണത്താല്‍ സംസാരിക്കുവാന്‍ ആകെയുള്ള പയ്യനോട് ആശയവിനിമയം നടത്താന്‍ രാഘവന്‍ ശ്രമിക്കുന്നത് ( 5 ).ഒരു അന്തര്‍മുഖനല്ല മറിച്ചു ഒരു ഏകാന്താത്മാവാണ് രാഘവന്‍ എന്ന്‍ സ്ഥാപിക്കാന്‍ ഇത് സഹായകമാകുന്നു.

6)  "എനിക്കൊരു ചൂല് വേണമായിരുന്നു" ( 6 ).എന്നു രാഘവന്‍ ചോദിക്കുന്നുണ്ട്.കൂടാതെ രാഘവന്റെ ജയില്‍ജീവിതം  ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാവുന്ന കുറച്ചു കാര്യങ്ങളുണ്ട്.പായയില്‍ ചെരുപ്പഴിച്ചു കിടക്കുന്ന,ആവശ്യപ്പെട്ടില്ലെങ്കില്‍ പോലും വൃത്തിയാക്കുന്ന,മുഷിഞ്ഞ കുപ്പായങ്ങള്‍ ഇടാത്ത,സാധനങ്ങള്‍ യഥാസ്ഥാനം വയ്ക്കുന്ന ഒരുവനാണ് രാഘവന്‍.വൃത്തിയുള്ള മനസ്സ് അച്ചടക്കത്തിന്റെ ലക്ഷണമാണ്.അച്ചടക്കം എന്നത് നേടിയെടുക്കുന്ന ഒരു കഴിവാണ്.അതില്‍ ഭംഗം വരുവാന്‍ മറ്റൊരാളിന്റെ സാമീപ്യം കാരണമായേക്കാം എന്ന വസ്തുത പോസ്റ്റ്‌ വായിക്കുന്നവരാരും മറക്കാതെ ഇരിക്കുക.

പോസ്റ്റ്‌ വായിച്ച ശേഷം നിരവധി സംശയങ്ങള്‍ എല്ലാവരിലും ഉണ്ടാകും എന്നെനിക്കറിയാം.രാഘവന്‍ എന്ന വ്യക്തിയുടെ സ്വഭാവ സവിശേഷതകള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈ പോസ്റ്റ്‌ ഞാന്‍ തയ്യാറാക്കിയിരിക്കുന്നത്.3 ഭാഗങ്ങള്‍ കൊണ്ടവസാനിപ്പിക്കാനാകും എന്ന വിശ്വാസത്തില്‍ ആരംഭിച്ച ഈ പരമ്പര അതില്‍ കൂടുതല്‍ ഉണ്ടായേക്കാം.ഇനിയുള്ള ഓരോ ഭാഗങ്ങളിലും ചിത്രത്തിന്റെ അവലോഹനങ്ങളും ഒളിഞ്ഞിരിക്കുന്ന വ്യാഖ്യാനങ്ങളും അര്‍ദ്ധതലങ്ങളും ഉള്‍പ്പെടുത്തുവാനാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്.ആദ്യ രണ്ടു ഭാഗങ്ങളും ഒരു റഫറന്‍സ് എന്ന രീതിയില്‍ കണ്ടുകൊണ്ട് ഇനിയുള്ള പോസ്റ്റുകള്‍ വായിക്കും എന്ന പ്രതീക്ഷയോടെ അവസാനിപ്പിക്കുന്നു.

തുടരും............

#rhshy_anilkumar

#munnariyipp_tale

(ആദ്യ ഭാഗം വായിക്കുവാനായി ഈ ഹാഷ് ടാഗുകള്‍ ഉപയോഗിക്കുക)

No comments:

Post a Comment