"Breaking rules isn’t interesting.It’s making up new ones that keeps things exciting." –
Christopher Nolan
ഒരു ഗ്രൌണ്ട് ബ്രേക്കിംഗ് ഫിലിം ക്രിട്ടിക്കായി താനുടനെ വളര്‍ന്നുവരുന്നതായിരിക്കും എന്നവകാശപ്പെടുന്ന ഭൂരിഭാഗം മീഡിയോക്കര്‍ സിനിമാസ്വാദകരുടെയും വജ്രായുധമാണ് ക്രിസ്റ്റഫര്‍ നോളന്‍ എന്ന വ്യക്തി.സിനിമയെ കേവലമൊരാസ്വാദന-മാധ്യമമായി മാത്രം നോക്കിക്കാണുവാന്‍ താല്‍പ്പര്യപ്പെടാത്ത ഏതൊരുവനും നിര്‍ബന്ധമായും അംഗീകരിക്കേണ്ടയാളാണ് നോളന്‍ എന്നൊരു പൊതുധാരണ നിലനില്‍ക്കുന്നതായി കാണാം.ജുറാസിക് പാര്‍ക്കിനാൽ സ്പില്‍ബര്‍ഗോ,ടൈറ്റാനിക്കിനാൽ കാമറൂണോ നേടിയെടുത്തതരം ഗ്ലോബല്‍ "ജനപ്രീയ" സ്വീകര്യതയല്ല നോളന്‍ നേടിയെടുത്തത് എന്നൊരു വിശ്വാസം വലിയൊരു വിഭാഗം നോളന്‍
ആരാധകര്‍ക്കുമുണ്ട്.കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലെ വ്യത്യസ്തതയും,ഇന്‍ഡിപ്പെന്‍ഡന്‍റ്റായ അവതരണരീതിയും,എല്ലാറ്റിനുപരി അദ്ധേഹത്തിന്റെതുമാത്രമെന്ന് വിശ്വസിച്ചു പോരുന്ന ദി ഐക്കോണിക് കോമ്പ്ലക്സിറ്റിയും മേല്‍പ്പറഞ്ഞ സ്വീകാര്യതയുടെ മൂലകാരണങ്ങളാണെന്നും പറയപ്പെടുന്നു.
സമകാലീനരായ ഡേവിഡ് ഫിഞ്ചര്‍,ഡാരന്‍ അരണോഫ്സ്കി,ഡെന്നിസ് വില്ലന്യുവ്,ക്വെന്‍റ്റിന്‍ ടറാന്റിനോ,കോയന്‍ ബ്രദേഴ്സ്,പോള്‍ തോമസ് ആന്‍ഡേഴ്സണ്‍ തുടങ്ങിയവരുടെ ചിത്രങ്ങൾ എക്കാലവും നിരൂപകർക്കു പ്രീയപ്പെട്ടവയായിരുന്നുവെങ്കിൽ,നോളന്റെ ചിത്രങ്ങൾ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റിയവയാണ്.നോളനോളം അക്കംപ്ലിഷ്ഡ് ആയ മറ്റൊരു സിനിമാക്കാരൻ എന്നതൊരുപക്ഷെ ഒരു മരീചികയാകാം....!! ഏതൊരു ജോണറിലും എപ്പിക്കുകൾ സൃഷ്ടിക്കാൻ പ്രാപ്തനായൊരു സംവിധായകന് ലഭിക്കുന്ന ഈ ജനപ്രീതി ഒരിക്കലും യാദൃശ്ചികമാകാൻ തരമില്ല.ഗ്രാഫിക്സ് കെട്ടുകാഴ്ചകള്‍ക്ക് മാത്രമായി ലഭിച്ചിരുന്ന ബ്രഹ്മാണ്ഡ ഔട്ട്‌ലൂക്ക് ഒരു സാധാരണ സിനിമയിലേക്കും കൊണ്ടെത്തിക്കാനാകുമെന്നു നോളന്‍ തെളിയിച്ചത് തന്റെ സ്റ്റോറി ടെല്ലിംഗും ആശയങ്ങളിലെ വ്യത്യസ്തതയും കൊണ്ടാണ്.ഗ്രാഫിക്സ് ഗിമ്മിക്കുകളുടെ അഭാവത്തിലും $ 4B അഗ്രിഗേറ്റ് ബോക്സ് ഓഫീസ് സ്റ്റാറ്റിസ്റ്റിക്സ് കൈമുതലായുള്ള നോളന്‍ തന്നെ ഈ വാദത്തെ സാധൂകരിക്കുന്നുമുണ്ട്.

എന്നാൽ ഫിലിം മേക്കിങ്ങിനെ വളരെ സീരിയസായി നോക്കിക്കാണുന്ന വലിയൊരു വിഭാഗം നിരൂപകർക്കും നോളൻ "ദി ബെസ്റ്റ് കാറ്റഗറിയിൽ" നിന്നും അകന്നു നിൽക്കുന്നതായ അഭിപ്രായമുണ്ട്.വ്യക്തമായ വീക്ഷണമുള്ള ഒട്ടനേകം നിരൂപകര്‍ മേല്‍പ്പറഞ്ഞ അഭിപ്രായത്തെ വ്യക്തമായി തന്നെ സാധൂകരിച്ചിട്ടുമുണ്ട്.സിനിമയെ സംബന്ധിച്ച സാങ്കേതികവിഷയങ്ങളില്‍ അജ്ഞനായ ഒരു സാധാരണ സിനിമാസ്വാദകന്റെ കണ്ണിലൂടെ നോളന്‍ എന്ന സംവിധായകനേയും അദ്ധേഹത്തിന്റെ ചിത്രങ്ങളെയും നോക്കിക്കാണുവാന്‍ ഈ പോസ്റ്റ് വഴി ശ്രമിക്കുകയാണ്.
ഒരു ശരാശരി സിനിമാസ്വാദകനെ നോളന്‍ സ്വാധീനിക്കുന്നത് അദ്ദേത്തിന്റെ പ്രശസ്തമായ "കോമ്പ്ലക്സ്" ആഖ്യാനരീതിയുടെ ബലത്തിലാണ്.എന്നാല്‍ ലിഞ്ചിന്റെയോ അരണോഫ്സ്കിയുടെയോ അലിഗറിക്കല്‍ നൊട്ടേഷന്‍സോ,കുബ്രിക്കിന്റെ എക്സ്ട്രീം സിംബോളിസമോ നോളന്‍ സിനിമകളില്‍ കാണാറില്ല.പിന്നെ എന്താടിസ്ഥാനത്തിലാകാം നോളനെ ഒരു കോമ്പ്ലക്സ് സംവിധായകനായി ചിത്രീകരിക്കുന്നത്.... ? സിനിമയ്ക്കായി അദ്ദേഹം തിരഞ്ഞെടുക്കുന്ന തീമുകളാണ് മേല്‍പ്പറഞ്ഞ മരീചികയ്ക്കാധാരമെന്നു കരുതാം.ലുസിഡ് ഡ്രീമിങ്ങിന്റെ എക്സ്ട്രീം ഔട്ട്‌പുട്ടായ 'ഇന്‍സെപ്ഷനും', ടൈം ട്രാവല്‍ ഫിലോസഫിയുടെ "ദി മോസ്റ്റ് ആക്യുറേറ്റ്" സിനിമാറ്റിക് വേര്‍ഷനെന്നു പറയപ്പെടുന്ന 'ഇന്‍റര്‍സ്റ്റെലാറും' എത്രത്തോളം ലളിതമാക്കാമോ അത്രത്തോളം ലളിതമാക്കിയാണ് നോളന്‍ അവതരിപ്പിച്ചിരിക്കുന്നത്.ഡ്രീമിംഗ് പ്രൊജക്ഷനുകളെപ്പറ്റി അറിയാനയ്ക്ക് ക്ലാസെടുക്കുന്ന കോബും,തന്റെ ബഹിരാകാശപര്യടനത്തെപ്പറ്റി നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കുന്ന കൂപ്പറും സംവദിക്കുന്നത് പ്രേക്ഷകരോടാണ്.പ്രേക്ഷകന്റെ ചോദ്യങ്ങള്‍ക്ക് തന്റെ കഥാപാത്രങ്ങളാല്‍ തന്നെ വെര്‍ബല്‍ എക്സ്പ്ലനേഷന്‍ ഉറപ്പുവരുത്തുകയാണിവിടെ സംവിധായകൻ.പ്ലോട്ടിന്റെ കോമ്പ്ലക്സിറ്റിയില്‍ നിന്നുകൊണ്ട് തന്നെ മറ്റൊരു ഡോണി ഡാര്‍ക്കോയോ, ബട്ടര്‍ഫ്ലൈ ഇഫക്റ്റോ സൃഷ്ടിക്കാനുള്ള എല്ലാ സാധ്യതകളും മുന്നിലുണ്ടായിട്ടും നോളന്‍ അതിനു മുതിരുന്നില്ല.അദ്ദേഹത്തിനാവശ്യം പ്രേക്ഷകന്റെ ഇന്‍വോള്‍വ്മെന്റായിരുന്നു.കഷ്ടപ്പെട്ട് ഇഷ്ടപ്പെടുന്ന സ്ട്രാറ്റജി വഴി കേവലമൊരു കള്‍ട്ട് മോഷന്‍ പിക്ചറെന്ന ഖ്യാതിയിലൊതുങ്ങാന്‍ നോളന്‍ തന്റെ സിനിമകളെ അനുവദിച്ചില്ലെന്നു വേണം കരുതാന്‍.എല്ലാത്തരം പ്രേക്ഷകരുടെയും ഇന്‍വോള്‍വ്‌മെന്‍റ് ആവശ്യപ്പെടുന്നില്ലെന്നു പ്രഖ്യാപിക്കുന്ന മറ്റു പല വിഖ്യാത സംവിധായകരില്‍ നിന്നും നോളന്‍ സമ്പാദിച്ച ഈ വ്യത്യസ്തയാണ് അദ്ദേഹത്തിന്റെ ജനപ്രീതിയുടെ മൂലകാരണം എന്നു കരുതാം

സങ്കീര്‍ണമായ കഥയെ ലളിതമായി അവതരിപ്പിക്കുന്ന നോളന്‍ മറുവശത്ത് ലളിതമായ കഥയെ സങ്കീര്‍ണമായ അവതരണത്തോടെ ജനപ്രീയമാക്കുന്നത്, അദ്ദേഹത്തിന്റെ നരേറ്റിവ് ശൈലിയുടെ രൂപരേഖ വ്യക്തമാക്കുന്നുണ്ട്.'മെമെന്‍റ്റോ' എന്ന തന്റെ കരിയര്‍ ബെസ്റ്റില്‍ നിന്നും 'പ്രെസ്റ്റീജി'ലൂടെ സഞ്ചരിച്ചു 'ഡണ്‍കിര്‍ക്കി'ലെത്തിനില്‍ക്കുമ്പോഴും ഈയൊരു സ്റ്റൈല്‍ ഓഫ് നരേഷന്‍ അദ്ധേഹത്തിന്റെ ട്രേഡ് മാര്‍ക്കായി നിലനില്‍ക്കുന്നുണ്ട്.നോണ്‍ ലീനിയര്‍ നരേറ്റീവിന്റെ എക്സ്ട്രീമിറ്റിയാണ് 'മെമെന്‍റ്റോ'യുടെ ആത്മാവെങ്കില്‍ അത് 'ഡണ്‍കിര്‍ക്കി'ലെത്തുമ്പോള്‍ ഒരു ബര്‍ഡനായി പരിണമിക്കുന്നത് അന്നുവരെ നോളനെ ബാധിക്കാതിരുന്ന മുന്‍വിധിയുടെ പ്രതികൂല സ്വാധീനം കൊണ്ടാണെന്നു കരുതാം.ഒരു ഇന്‍റ്റന്‍സ് ത്രില്ലറായ 'മെമെന്‍റ്റോ'യുടെ സര്‍പ്രൈസ് എലമെന്റുകള്‍ പോലും പരിപൂര്‍ണമായും നോണ്‍ ലീനിയര്‍ നരേഷനില്‍ നിക്ഷിപ്തമാകുമ്പോള്‍ ഡണ്‍കിര്‍ക്കില്‍ അതൊരു ബാധ്യതയാകുന്നത് എന്താടിസ്ഥാനതിലാണ്.... ?? നോളന്റെ ഭാഷയില്‍ 'ഡണ്‍കിര്‍ക്ക്' ഒരു ട്രിപ്റ്റിച് ഘടനയില്‍ സമാന്തരമായ മൂന്നു ഫേസുകളെയാണ് അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്.ക്രോസ്സ് കട്ടിംഗ് വഴി ബ്രേക്ക് ചെയ്ത് നരേറ്റീവിനെ മെര്‍ജ് ചെയ്യാനായി ഛായഗ്രഹണത്തെയും ഹാന്‍സ് സിമ്മറിന്റെ സംഗീതത്തെയും ആശ്രയിക്കേണ്ടുന്ന അവസ്ഥ പലപ്പോഴും സിനിമയ്ക്ക് വന്നുചേരുന്നുണ്ട്.മേല്‍പ്പറഞ്ഞ മെര്‍ജിംഗ് ഫാക്ടറുകളുടെ അഭാവത്തില്‍ വിഖ്യാതമായ ട്രിപ്റ്റിച് ഘടന ഉള്ളു പൊള്ളയായ ഒന്നായി പരിണമിക്കുന്നതിനുണ്ടായിരുന്ന സാധ്യതകള്‍ ഏറെയായിരുന്നു.നോളനെപ്പോലെയൊരു എസ്റ്റാബ്ലിഷ്ഡ് സംവിധായകനില്‍ നിന്നും ഇത്തരത്തിലൊരു ഫോഴ്സ്ഫുള്‍ നരേഷന്‍ അപ്രതീക്ഷിതമായിരുന്നുവെന്നു പറയാതെ വയ്യ.
ഒരു എക്സൻട്രിക് ത്രില്ലറിനെ ആസ്വാദ്യകരമാക്കാൻ നൽകുന്ന ട്രീറ്റ്മെന്റിനു,ജോണറിനനുസൃതമായ രൂപമാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്.ആൾട്ടർനേറ്റ് ഇവന്റുകളെ തന്റേതായ എഡിറ്റിംഗ് പ്രാവീണ്യതയുടെയും സിമ്മറിന്റെ ഗ്രാൻഡ് ഒപ്പറാറ്റിക് ബി.ജി.എമ്മിന്റെ അകമ്പടിയോടെയും TDKR ൽ അതിമനോഹരമായി അവതരിപ്പിച്ച നോളൻ തന്നെയാണ് തന്റെ അവസാന സംവിധാനസംരംഭത്തിൽ ഇതേ കാര്യം മിസ്പ്ളേസായി അവതരിപ്പിച്ചിരിക്കുന്നത്....!! ഒരു Saving Private Ryan നോ Hacksaw Ridge ഒ നൽകുന്ന അനുഭൂതി പ്രേക്ഷകനിലേക്കു വച്ചുമാറാൻ 'ഡൺകിർക്ക്' പിശുക്കുന്നത് മേൽപ്പറഞ്ഞ കാരണങ്ങൾ കൊണ്ടാണ്.തന്റെ സിനിമകൾ ഇപ്രകാരമായിരിക്കുമെന്നൊരു മുൻവിധി പ്രേക്ഷകനുണ്ടാകുമോ എന്ന അദ്ദേഹത്തിന്റെ വേവലാതികൾക്ക് ഒരു പരിധിവരെ ഇരയാകുന്നുണ്ട് 'ഡൺകിർക്ക്'.
നോളൻ ചിത്രങ്ങൾക്ക് മാനുഷികമൂല്യങ്ങൾ സ്ഫുരിക്കുന്ന തത്വചിന്താപരമായ ആശയങ്ങളെ ഒളിച്ചുകടത്തുന്ന പതിവുണ്ട്.കൈകാര്യം ചെയ്യുന്ന തീം എത്ര സങ്കീർണമായാലും മനുഷ്യന്റെ വികാരവിചാരങ്ങളെ "പ്രൊജക്ട്" ചെയ്ത് അവതരിപ്പിക്കാൻ നോളൻ ശ്രമിക്കാറുണ്ട്.മകളുടെ ഫൂട്ടേജ് നോക്കി കരയുന്ന കൂപ്പറും,ഡോർമറുമായി വിലപേശുന്ന ഫിഞ്ചുമൊക്കെ നോളന്റെ ഇത്തരം വൈകാരികമായ പ്രൊജക്ഷനുകളുടെ ഉദാഹരണങ്ങളാണ്.നിരന്തരമായി നമ്മൾ പ്രസ്താവിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിന്റെ ജനപ്രീയതയുടെ മറ്റൊരു കാരണം കൂടിയാണിത്.അതേസമയം വളരെ യുഷ്വലായ ഒരു സന്ദർഭം ചിത്രീകരിക്കുമ്പോൾ ഈ വൈകാരികതയെ പ്രൊജക്ട് ചെയ്യുന്നില്ല എന്നു മാത്രമല്ല,പരിപൂർണമായി ഒഴിവാക്കുന്നുകൂടിയുണ്ട് നോളൻ.
★ 'ഇൻസോമ്നിയ' എന്ന ചിത്രത്തിൽ ഡോർമറും ഹാപ്പും സ്റ്റേഷനിലേക്കു കയറുന്ന സീക്വൻസിനെ കണ്ടമാനം ബ്രെക്ക് ചെയ്തു ഷോട്ടുകളുടെ ഒരു പറുദീസ തീർക്കുന്ന നോളൻ,സംഭാഷങ്ങളിൽ പരിപൂർണമായും വ്യക്തികളുടെ മുഖഭാവങ്ങളെ മാത്രം ഫോക്കസ് ചെയ്യിച്ചുകൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.സിനിമയിൽ ഡോർമാറും ഫിഞ്ചും തമ്മിലുള്ള മർമപ്രധാനമായ രംഗത്തും ഈയൊരു ഐസോലേറ്റഡ് സ്ട്രാറ്റജി വ്യക്തമാണ്.അൽ പചീനോ,റോബിൻ വില്യംസ് എന്നീ ലോകം കണ്ട ഏറ്റവും മികച്ച നടന്മാരാണ് സ്ക്രീനിനു മുന്നിലെന്നോർക്കണം !! വൈകാരിക നിമിഷങ്ങളിൽ പോലും ക്ലോസ് ഷോട്ടുകൾക്ക് മുതിരുന്നതും കഥാപത്രങ്ങളുടെ പരിപൂർണ്ണമായ അംഗവിക്ഷേപണങ്ങൾക്ക് പ്രാധാന്യം നല്കാത്തതും ഒരു ഇന്നോവേറ്റിവ് ആശയമാണെന്നു വ്യക്തിപരമായി വിശ്വസിക്കുന്നില്ല.എന്നാലത് മോശമാണെന്ന അഭിപ്രായവുമില്ല.കൺവെൻഷനൽ മെതേഡുകളെ അംഗീകരിക്കാതിരിക്കേണ്ട ആവശ്യമൊന്നും പ്രേക്ഷകർക്കില്ലല്ലോ...!! തന്റേതല്ലാത്തൊരു തിരക്കഥയുടെ,അതും ഒരു റീമേക്കിന്റെ, ആവിഷ്കാരം സൃഷ്ടിച്ച അതിരുകളാകാം 'ഇൻസോംനിയ'യെ പതിവ് നോളൻ ചിത്രങ്ങളുടെ നിലവാരത്തിലേക്കെത്തിക്കാതെ പോയത്.അതേ സമയം,അരണോഫ്സ്കിയുടെ മേൽപ്പറഞ്ഞ മേഖലയിലെ ഡീറ്റൈലിങ് നോളനേക്കാൾ ഏറെ മെച്ചമാണെന്ന് പറയാതെ തരമില്ല.
★ 'ബ്ലാക്ക് സ്വാനി'ൽ, മൊണാർക്ക് പ്രോഗ്രാമിംഗിനെ ഒരേ സമയം ഒരു സിംബോളിക്കൽ നൊട്ടേഷനായും അതേ സമയം ഒരു മൈൻഡ് കണ്ട്രോളിംഗ് ഫേസായും അവതരിപ്പിക്കുവാൻ അരണോഫ്സ്കി വൈഡ് ആംഗിൾ ഷോട്ടുകളുമായി നായികയുടെ കിടപപ്പറയിലേക്കും നൃത്തവിദ്യാലയത്തിലേക്കും നിരന്തരമായി കടന്നു വരുന്നതു കാണാം.അവിടെ ഇന്നോവേഷനെന്നതിനു കൂടുതൽ മാനങ്ങളുണ്ടാകുകയാണ്.ഫിഞ്ചറുടെ ഹാൻഡ് ഹെൽഡ് കാമറ സീക്വൻസുകളും ഈ വിഷയത്തിൽ പ്രസക്തമാണെന്നു തോന്നുന്നു.
★ 'സെവനി'ന്റെ ക്ലൈമാക്സ് പോർഷനിൽ ജോൺ ഡോയുടെ സംഭാഷങ്ങളിൽ നിലത്തെറ്റുന്ന മിൽസിന്റെ ദയനീയത പ്രേക്ഷകനിലേക്കു കൺവേ ചെയ്യുവാൻ ഫിഞ്ചർ ഉപയോഗിക്കുന്ന ഹാൻഡ് ഹെൽഡ് കാമറ മൂവ്മെന്റുകളോളം പറ്റിയ മറ്റൊരു ഓപ്ഷൻ ഉണ്ടെന്നു പോലും കരുതുന്നില്ല.പെർഫെക്ഷനിസ്റ്റെന്ന വിളിപ്പേര് ഫിഞ്ചറിനൊരു ബാധ്യതയാണെന്നു പറയുന്നവരുടെ തലമണ്ടയടിച്ചു പൊട്ടിക്കാൻ തോന്നുന്ന നിമിഷങ്ങൾ.....!!!!
റീമേക്കിന്റെ പരിമിതികളാൽ 'ഇൻസോംനിയ'യെ ന്യായീകരിക്കുവാൻ നാം സന്നദ്ധരാകുമ്പോൾ,മരുവശത്തു ബെസ്റ്റ് ഡയറക്ടർ കാറ്റഗറിയിലെ മറ്റൊരു സുപ്രധാന കണ്ടന്റർ ഒരു ഉത്തരവുമായി സമീപിക്കുന്നുന്നുണ്ട്.
വീണ്ടും,ഡേവിഡ് ഫിഞ്ചർ ഓൺ ടി സ്റ്റേജ് വിത് 'ദി ഗേൾ വിത് ദി ഡ്രാഗൺ ടാറ്റൂ'....!!!
ഒറിജിനൽ വേർഷനുകളോട് കിടപിടിക്കാവുന്ന റീമേക്കുകളല്ല ഇരു ചിത്രങ്ങളെങ്കിലും തന്റേതായ ഒരു കൈയൊപ്പ് TGWTDT ൽ പതിപ്പിക്കുവാൻ ഫിഞ്ചറിനു സാധിക്കുന്നുണ്ട്.ഡോർമറുടെ പെർസെപ്ഷനിൽ നിന്നുകൊണ്ട് കഥപറയുമ്പോഴും പരിപൂർണ്ണമായൊരു പ്രോട്ടഗോനിസ്റ്റ് കാരക്ടറൈസേഷനു നോളൻ ശ്രമിക്കുന്നില്ല.സിനിമയുടെ ത്രില്ലർ സന്ദർഭങ്ങളോട് പൂർണമായും ചേർന്നുനിന്നുകൊണ്ട്, ഡോർമറെ മുന്നോട്ടു കൊണ്ടുപോകുന്ന നോളൻ സ്വയം സൃഷ്ടിച്ച ഒരു ചട്ടക്കൂടിൽ സിനിമ അവസാനിപ്പിക്കുകയാണ്.അതേസമയം,ഫിഞ്ചറിന്റെ സ്റ്റോറി ടെല്ലിങ് കുറേക്കൂടി വിപുലമാണ്.ബ്ലോമ്ക്വിസ്റ്റും,ലിസ്ബത് സലാണ്ടറും കടന്നുപോയ പരാധീനതകളിൽ കേവലമൊരെത്തിനോട്ടം മാത്രമല്ല ഫിഞ്ചർ നടത്തുന്നത്.ത്രില്ലർ അറ്റയറിനു വെളിയിൽ നിന്നുകൊണ്ട് പ്രധാന കഥാപാത്രങ്ങളായ രണ്ടുപേരുടെയും പൂർണമായ കഥാപാത്രരൂപീകരണത്തിന് ഫിഞ്ചർ സമയം കണ്ടെത്തുന്നുണ്ട്.എമി ഡ്യൂണിനെ സൃഷ്ടിച്ച ക്രാന്തദർശിയുടെ രൂപാന്തരങ്ങൾ സലാണ്ടറിലും വന്നു പോകുന്നതായി കാണാം.മാനുഷിക മൂല്യങ്ങളെ ഒളിച്ചുകടത്തുന്ന ഏറ്റവും മികച്ച സംവിധായകനാണ് നോളനെന്നു അഭിപ്രായപ്പെടുന്ന ഭൂരിഭാഗം ആരാധകരും ഫിഞ്ചറുടെ കാരക്ടറൈസേഷനിൽ അജ്ഞരാണെന്നേ പറയേണ്ടു【 ദയവു ചെയ്തു,ജോക്കറിനെ ഉദാഹരിച്ചുകൊണ്ടു വരരുത്.ജോക്കർ ഒരു സെൽഫ് മാനിഫെസ്റ്റ്ഡ് കഥാപാത്രമാണ്.ഒരു നിശ്ചിത ലക്ഷ്യങ്ങൾക്കായി പ്രോഗ്രാം ചെയ്യപ്പെട്ട ജോക്കർക്കു തന്റെ ഉദ്ദേശശുദ്ധി പ്രേക്ഷകനിലേക്കു കൺവേ ചെയ്യേണ്ടുന്ന യാതൊരാവശ്യകതയുമില്ല.ജോക്കറിന്റെ മുഖത്തെ പാടുകളെച്ചൊല്ലി,വ്യത്യസ്ത സന്ദർഭങ്ങളിൽ അയാളെക്കൊണ്ടു തന്നെ വ്യത്യസ്ത പിന്നാമ്പുറക്കഥകൾ അവതരിപ്പിച്ചുകൊണ്ടു നോളൻ തന്നെ ഇത് സമ്മതിക്കുന്നുമുണ്ട് 】

സാങ്കേതിക വിദ്യയുടെ അതിപ്രസരത്താൽ കണ്ണുമഞ്ഞളിച്ചൊരു സംവിധായകനല്ല എന്നത് വലിയൊരു വിഭാഗം പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നോളന് നേടിക്കൊടുത്തിട്ടുണ്ട്.ഷൂട്ടിംഗിനായി ഇപ്പോഴും ഡിജിറ്റൽ സാങ്കേതികവിദ്യയിൽ നിന്നും വഴിമാറി ഫിലിമിൽ വിശ്വാസമർപ്പിക്കുന്ന സംവിധായകനാണ് നോളൻ.3D പ്രൊജെക്ഷന്റെ സാദ്ധ്യതകളിൽ വിശ്വസിക്കാത്ത അദ്ദേഹം, ~IMAX~ പ്രേക്ഷകർക്കായി സജസ്റ്റ് ചെയ്യുന്നുണ്ട്.സി.ജി.ഐ രംഗങ്ങളെക്കാൾ ലൈവ് റിയലിസ്റ്റിക് ഷൂട്ടിങ്ങിലാണ് നോളൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്.എന്നാൽ അവിടെയൊളിഞ്ഞിരിക്കുന്നത്,നോളന്റെ,മുൻപു പരാമർശിച്ച, കൺവൻഷനൽ മെതേഡുകളോടുള്ള വിധേയത്വമാണെന്നു അഭിപ്രായപ്പെടുന്നു ഒരുകൂട്ടം നിരൂപകരുമുണ്ട്.ഇവിടെയാണ് ഡെന്നിസ് വില്ലെന്യൂ,ഡേവിഡ് ഫിഞ്ചർ എന്നിവർ വീണ്ടും സ്കോർ ചെയ്യുന്നത്.
★ 'ഫൈറ്റ് ക്ലബ്ബി'ലെ പ്രശസ്തമായ ക്ലൈമാക്സ് ബോംബ് ഡിറ്റോണെഷൻ സീക്വൻസിൽ, വാനിനുള്ളിൽ നിറച്ച ബോംബു കൂനയിലേക്ക് വളരെ വേഗം സഞ്ചരിച്ചു ഫോക്കസ് ചെയ്യുന്ന ഒരു കാമറ മൂവ്മെന്റ് വ്യക്തമാണ്.അതൊരു അനിമേറ്റഡ് സീക്വൻസാണെന്നു പ്രേക്ഷകന് മനസ്സിലാകുമെങ്കിലും ചിത്രത്തിന്റെ സന്ദർഭത്തെ എലിവേറ്റ് ചെയ്യുവാൻ ആ രംഗത്തിന് സാധിക്കുന്നുണ്ട്.എന്നാൽ അത്തരം ഇന്നോവേറ്റിവ് ഐഡിയകൾക്കായി നോളൻ അധികസമയം മാറ്റി വയ്ക്കാറില്ല.അദ്ദേഹത്തിന്റെ സിനിമകൾ ഹൈലി-ഗ്രിപ്പിംഗായൊരു സ്റ്റോറി ലൈനിൽ മുറുകെപ്പിടിച്ചു മുന്നോട്ടുപോകാറാണ് പതിവ്.സ്വന്തം തിരക്കഥ നൽകുന്ന മേൽക്കോയ്മ 'ഇൻസോംനിയ'യിലെത്തിയപ്പോൾ കൈമോശം വന്നതു ഈ ഇന്നോവേറ്റിവ് മെന്റാലിറ്റിയുടെ ദൗർലഭ്യം മൂലമാകാം.'ഇൻസപ്ഷനി'ലെ പ്രശസ്തമായ ഐക്കോണിക് ഇന്റൻസ് സ്ലോ-മോഷൻ സീനുകളും ഡ്രീം സീക്വൻസുകളും നൽകുന്ന ഇമ്പാക്ട്,വളരെ ലളിതമായി, ഫിഞ്ചർ മറികടക്കുന്നത് മേൽപറഞ്ഞ തരം പൊടിക്കൈകൾ കൊണ്ടുമാത്രമാണെന്നത് ആശ്ചര്യകമാണ്....!!!!
എക്‌സ്ട്രീം ഫാന്റസിയിൽ ചുവടുറപ്പിക്കാൻ താല്പര്യപ്പെടാത്തൊരു സംവിധായകനാണ് നോളൻ.'ഇൻസപ്ഷൻ','ഇന്റർസ്റ്റലാർ' പോലെയുള്ള ചിത്രങ്ങൾ കൈകാര്യം ചെയ്യുന്നത് ഒരു സൈ-ഫൈ ഫാന്റസി തീമാണെങ്കിലും അതിനെ മാക്സിമം ബ്രേക്ക്-ഡൗൺ ചെയ്യുവാൻ നോളൻ ശ്രമിക്കുന്നുണ്ട്.അതായത്,സിനിമ സംസാരിക്കുന്ന വിഷയം ഫാന്റസി ആയാലും അതിലെ ലോജിക്കിനെ സംബന്ധിച്ച ചോദ്യങ്ങൾക്ക് പരിപൂർണ്ണമായ ഉത്തരം നൽകാൻ സംവിധായകൻ ബാധ്യസ്ഥനാണെന്നു അദ്ദേഹം വിശ്വസിക്കുന്നുണ്ട്.ബാറ്റ്മാൻ പോലെയൊരു ഹീറോയെ ഉടച്ചുവാർക്കുമ്പോഴും,ഒരു സൂപ്പർഹീറോ ചിത്രം സ്ഥിരമായി പ്രദാനം ചെയ്യുന്ന അൺക്വസ്റ്റിയനബിൾ ഇല്ലോജിക്കൽ ഫാന്റസിയിൽ നിന്നും വകഞ്ഞു മാറാൻ നോളൻ പ്രത്യേകം ശ്രദ്ധിച്ചു.റാസ് അൽ ഗുല്ലും,സ്കെയർ ക്രോവും,ജോക്കറും,ബെയിനുമെല്ലാം ബാറ്റ്മാൻ എന്ന "മനുഷ്യ"നൊത്ത വില്ലന്മാരായത് അതുകൊണ്ടാണ്.അതേസമയം,നോളനുമായി ഏറ്റവും കൂടുതൽ താരതമ്യപ്പെടുത്തലുകൾ ഏറ്റുവാങ്ങിയ ഡെന്നിസ് വില്ലെന്യുവിൽ ഇത്തരമൊരു പിൻവലിവ് ദൃശ്യമല്ല.റിഡ്ലി സ്കോട്ടിന്റെ വിഖ്യാത ഔട്ട് പുട്ടിനെ പുതിയ കാലത്തേക്ക് പറിച്ചുനട്ട വില്ലെന്യു, എക്‌സ്ട്രീം ഫാന്റസിയിൽ നിന്നുകൊണ്ടുതന്നെ ഒരു മാസ്റ്റർപീസിന് രൂപം നൽകുന്നുണ്ട്.നോളന്റെ കൺവെൻഷണൽ ആസ്പക്ടിൽ നിന്നുകൊണ്ട് Blade Runner 2049 പോലെയൊരു ചിത്രം സാധ്യമാകുമെന്നു,ആയകാരണത്താൽ, തോന്നുന്നില്ല.ഒരുപക്ഷേ,നാളെ നോളന്റെ തിരക്കഥയിൽ ഒരു വില്ലെന്യു ചിത്രം വരികയാണെങ്കിൽ ലോകത്തെ ഏറ്റവും മികച്ച പല ചിത്രങ്ങളെയും തകിടം മറിക്കാനുള്ള കെൽപ്പ് അതിനുണ്ടായിക്കും....!!!
കാലത്തിന്റെ കുത്തൊഴുക്കിൽ മറ്റേതൊരു മാധ്യമത്തെയും പോലെ സിനിമയ്ക്കും പരിണാമമേറ്റുവാങ്ങേണ്ടി വരും.പ്രേക്ഷകന്റെ താല്പര്യങ്ങൾക്കും അഭിരുചികൾക്കും മാറ്റം വന്നേക്കാം,സിനിമയുടെ ഘടന പോലും പൂർണമായി മാറിയെന്നുംവരാം.അപ്പോഴും കാലത്തെ അതിജീവിച്ച ഇതിഹാസചിത്രങ്ങൾ നിത്യവസന്തത്തിന്റെ പ്രഭയിൽ വിഹരിക്കുന്നുണ്ടാകും.അവയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരും ആ ശോഭയിൽ ചിരഞ്ജീവികളായിട്ടുണ്ടാകും.
മരുന്നും ഇരുമ്പും ആയുധമാക്കിയവർ കോടികളുടെ പണക്കിലുക്കം കേൾപ്പിക്കുമ്പോഴും, ഇരുട്ടിലേക്കു മായുന്ന കരിമ്പടം പുതച്ച ആ മനുഷ്യന്റെ നിഴലിന് പോലും ചലനമുണ്ടാകാതെ വരുന്നിടത്തു നോളൻ എന്ന സംവിധായകൻ തന്റെ മായാത്ത മുദ്രണം പതിപ്പിക്കുന്നുണ്ട്.... ഒരു ജനപ്രീയന്റെ മുദ്രണം ❤❤❤
"He's the hero Gotham deserves, but not the one it needs right now. So we'll hunt him. Because he can take it. Because he's not our hero. He's a silent guardian. A watchful protector - The Dark Knight"
കൂടുതൽ വായനയ്ക്ക് ചുവടെയുള്ള ഹാഷ് ടാഗുകൾ ഉപയോഗിക്കുകയോ ബ്ലോഗ് സന്ദർശിക്കുകയോ ചെയ്യുക....
#rhshy_anilkumar
rhshyanil.blogspot.com