Movie : Who
Genre : Neo Noir Science Fiction
Theatre : Aries Multiplex
Status : 100%
സ്വപ്നങ്ങളുടെ സൗന്ദര്യത്തില്‍ വിശ്വസിച്ചവന്റെതുമാത്രമാണത്രെ ഭാവി....!!! എലോനര്‍ റൂസ്വെല്‍റ്റിനെ ഇത്തരമൊരു ചിന്താധാരയിലേക്ക് നയിച്ച ചേതോവികാരമെന്തെന്നറിയില്ലെങ്കിലും, സ്വപ്നവും വിശ്വാസവും സമയവും ക്രമരഹിതമെങ്കിലും ബന്ധപ്പെട്ടിരിക്കുന്നുവെന്ന വസ്തുതയില്‍ വിശ്വാസമര്‍പ്പിക്കുവാന്‍ താല്‍പ്പര്യപ്പെടുന്ന പ്രേക്ഷകന് ചിന്തയുടെ പുതുവസന്തംതീര്‍ക്കുവാനൊരുങ്ങുകയാണ് ഒരു മലയാള ചിത്രം.ഡേവിഡ് ലിഞ്ചിന്റെ സ്വപ്നവ്യാഖ്യാനങ്ങള്‍ക്കു കൂട്ടായി നമ്മുടെ കൊച്ചുകേരളത്തില്‍ നിന്നും "ഹു" എന്നയീ വലിയ ചിത്രം ഈ മാസം 26 നു തീയറ്ററിലെത്തുകയാണ്.അജയ് ദേവലോകയുടെ സംവിധാനമികവിലൊരുങ്ങുന്ന ചിത്രം മികച്ച പ്രിവ്യു റിപ്പോര്‍ട്ടുകളുമായി പ്രതീക്ഷാഭാരം ഉയര്‍ത്തിയിരിക്കുകയാണ്.
The Distinction between past,present and future is only a stubbornly persistent illusion
-Albert Einstein
പ്രശസ്ത Netflix പരമ്പരയായ "ഡാര്‍ക്കി"ന്റെ വെല്‍ക്കം നോട്ടാണ് ഐന്‍സ്റ്റീനിന്റേതെന്നു വിശ്വസിക്കപ്പെടുന്ന ഈ ഉദ്ധരണി.സമയസഞ്ചാരമെന്ന ഫിക്ഷനെ അതിന്റെയെല്ലാവിധ സൗന്ദര്യത്തോടെയുമവതരിപ്പിച്ച "ഡാര്‍ക്കി"ന്റെ വെല്‍ക്കംനോട്ടോടെയാരംഭിക്കുന്ന "ഹു" വലിയ പ്രതീക്ഷകള്‍ പ്രേക്ഷകന് നല്‍കിയാണ് കര്‍ട്ടനുയര്‍ത്തുന്നത്.മെര്‍ക്കാഡ താഴ്വരയെന്ന സാങ്കല്‍പ്പിക പശ്ചാത്തലത്തില്‍ സമാന്തരമായി നടക്കുന്ന രണ്ടു കഥകളാണ് 'ഹു'വിനെ മുന്നോട്ടുനയിക്കുന്നത്.Shared Dreaming എന്ന പ്രതിഭാസത്താല്‍ മുന്നോട്ടു പോകുന്ന ആദ്യ കഥയുമായി ആഖ്യാനരീതിയില്‍ പോലും വ്യത്യാസം പ്രകടിപ്പിക്കുന്ന ഇസബെല്ല-തിരോധാനമെന്ന കേസന്വേഷണവുമാണ് ചിത്രത്തിന്റെ ആത്മാവ്.2040 മാണ്ടില്‍ ജോണ്‍ ലൂക്കായെന്ന വിഭാര്യനും (?) മകളും അവിചാരിതമായൊരു പറക്കുംതളിക കാണുന്നതോടെ 'ഹു'വിന്റെ തിരശീലയുയരുകയാണ്.വര്‍ഷങ്ങളുടെ പിന്‍വലിവില്‍ ജോണ്‍ ലൂക്കായെന്ന വ്യക്തിയെ ആലോസരപ്പെടുത്തുന്ന സ്വപ്‌നങ്ങള്‍ കേവലം അയാളുടേതുമാത്രമല്ലെന്ന തിരിച്ചറിവില്‍ മുന്നോട്ടു പോകുന്ന ചിത്രം മറ്റു കഥാപാത്രങ്ങളിലേക്ക് ചുവടുമാറുന്നത് വളരെവേഗതയോടെയാണ്.ജോനാതന്‍ നോളന്റെ പ്രശസ്തമായ കഥാപാത്രസൃഷ്ടിയുടെ നാമം കടംകൊണ്ട ഡോളോറസ് എന്ന നായികയുടെയും കഥാപശ്ചാത്തലവും സ്വപ്നങ്ങളോട് ചേര്‍ന്നിരിക്കുന്നുണ്ട്. സ്വപ്നങ്ങളാല്‍ സ്വസ്ഥത നഷ്ടപ്പെട്ട കഥാപാത്രം അരുണിമയെന്ന ക്രിമിനല്‍ സൈക്കോളജിസ്റ്റിനെ കണ്ടുമുട്ടുമ്പോള്‍ മറുവശത്ത് സമാനമായ പ്രശ്നങ്ങളാല്‍ അലോസരപ്പെട്ടവരുടെമുന്നില്‍ പകച്ചുനില്‍ക്കേണ്ടിവരുന്ന ഡോക്ടര്‍.സാമുവലെന്ന കഥാപാത്രവും ചിത്രത്തിനു മുതല്‍ക്കൂട്ടാവുന്നുണ്ട്.Chaotic ആയി മുന്നോട്ടു പോകുന്ന സന്ദര്‍ഭങ്ങളാല്‍ സ്വപ്ന-യാഥാര്‍ത്ഥ്യങ്ങളുടെ തിരിച്ചറിവില്‍ നിന്നും,ഇസബെല്ലയുടെ തിരോദ്ധാനത്തിന്റെ ഉള്ളറകളില്‍നിന്നും ക്ലൈമാക്സിലേക്കെത്തുമ്പോള്‍ അപ്രതീക്ഷിതമായൊരു സന്ദര്‍ഭമാണ് പ്രേക്ഷകനായി സംവിധായകനൊരുക്കിവച്ചിരിക്കുന്നത്.ഇരുകഥകളുടെയും Pivotal ലായ 'രണ്ടു' കഥാപാത്രങ്ങള്‍ക്കായി ഒരു Prequel-Sequel സാധ്യതയൊരുക്കിയവസാനിക്കുന്ന 'ഹു'വിന്റെ കഥാഗതി ഇന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്കൊരു നവ്യാനുഭവമായിരിക്കുമെന്നതില്‍ തര്‍ക്കമുണ്ടാകാന്‍ തരമില്ല.
ചിത്രത്തിന്റെ ഏറ്റവും വലിയ മേന്മയെന്നത് കഥാഗതി തന്നെയാണ്.സമാനമായ ജേണറുകളില്‍ കണ്ടുമടുത്ത ടൈം ട്രാവല്‍ ക്ലീഷേകളുമായി പുലബന്ധംപോലുമില്ലാത്ത കഥ,ചിത്രത്തിനു നല്‍കുന്ന മൈലേജ് കുറച്ചൊന്നുമല്ല.Non-Linear പാറ്റേണിലുള്ള ആഖ്യാനരീതി ചിത്രത്തിന്റെ കഥാസന്ദര്‍ഭങ്ങളോടു ചേര്‍ന്നു നില്‍ക്കുന്നുണ്ടെങ്കിലും അതിനാടകീയതനിറഞ്ഞ പല സംഭാഷണങ്ങളും ചിത്രത്തിന്റെ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുന്നുമുണ്ട്.The Invisible Guest പോലെയുള്ള ചിത്രങ്ങള്‍ കഥയിലുടനീളമൊരു Suspicious Ambience പുലര്‍ത്തുവാനായി ഡാര്‍ക്ക് ടോണിലുള്ള എക്സിക്യൂഷന്‍ നടത്തുകയും,സന്ദര്‍ഭങ്ങളിലും സംഭാഷണങ്ങളിലും നിര്‍ബന്ധിതമായൊരു നിഗൂഡത സൃഷ്ടിക്കുവാന്‍ ശ്രമിക്കുകയും,വിജയിക്കുകയും ചെയ്തിട്ടുണ്ട്.സമാനമായി ഒരു In and out suspicious ambience നു രൂപം നല്‍കുവാന്‍ സംവിധായകന്‍ സിനിമയെ ഉപയോഗിച്ചിരിക്കുന്നതായി കാണാം.മികച്ച ഫ്രേമുകളും,പശ്ചാത്തലസംഗീതവും സിനിമയോടിഴുകി ചേരുന്നുണ്ട്.ഹാന്‍സ് സിമ്മറിന്റെ പ്രീയപ്പെട്ട പാട്ടുകാരി ഉയാങ്കാ ബോള്‍ട്ടിന്റെ വോക്കലും,ടെഹോ ടിയാടോ "ഡാര്‍ക്കി"നായി ചിട്ടപ്പെടുത്തിയ A Quiet Life എന്ന ഗാനത്തിന്റെ സാന്നിധ്യവും ചിത്രത്തിനുണര്‍വ് നല്‍കുന്നതായി കാണാം.
ഓരോ സാഹചര്യങ്ങള്‍ക്കും പശ്ചാത്തലമൊരുക്കുമ്പോള്‍ കഥയ്ക്കനുയോജ്യമായ പ്രോപ്പര്‍ട്ടികളെ സസൂഷ്മം ക്രമീകരിക്കേണ്ടത് ഒരു സിനിമയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്.ഇത്തരത്തില്‍ Property Calibration ല്‍ അത്ഭുതാവഹമായ കൃത്യത പ്രകടിപ്പിച്ചിട്ടുള്ള സംവിധായകരാണ് ഡാരന്‍ അരോഫ്സ്കിയും ഡേവിഡ് ലിഞ്ചും.Metaphor കളുടെ അതിപ്രസരത്തെ മറികടക്കുവാന്‍ ഇരുവരും സ്വീകരിച്ചിട്ടുള്ള കൃത്യത ഒരു മലയാളസിനിമയില്‍ ദൃശ്യമായെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ ?!!! അത്രമാത്രം കൃത്യതയോടെയാണ് സിനിമയുടെ ഓരോ ഭാഗങ്ങളും അജയ് എന്ന സംവിധായകന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.സന്ദര്‍ഭങ്ങളിലെ സീസണല്‍ വ്യത്യാസങ്ങളും,കളര്‍ ടോണുകളും,പ്രോപ്പര്‍റ്റികളെ വിന്യസിച്ചിരിക്കുന്ന വിധവും കൈയടിയര്‍ഹിക്കുന്നതാണ്.
അഭിനേതാക്കളില്‍ പേര്‍ളി മാണി,ഷൈന്‍ ടോം ചാക്കോ എന്നിവര്‍ മികച്ചു നില്‍ക്കുന്നു.പേര്‍ളി മാണി എന്ന Spirited Anchor ല്‍ നിന്നുമൊരു നടിയിലെക്കുള്ള ദൂരം എത്രമാത്രം ചെറുതാണെന്നു 'ഹു' അടിവരയിടുന്നു.കളക്ടര്‍ ബ്രോയുടെ അഭിനയപരീക്ഷണം അഭിനന്ദനാര്‍ഹമാണ്.ഡോക്ടര്‍ സാമുവല്‍ എന്ന താരതമ്യേനെ സ്ക്രീന്‍ സ്പേസ് കുറഞ്ഞ കഥാപാത്രമായി അദ്ദേഹം ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്.ഡോക്ടര്‍ അരുണിമ എന്ന Pivotal കഥാപാത്രമായി വേഷമിട്ട ശ്രുതി മേനോന്‍ വൈകാരികനിമിഷങ്ങളില്‍ പക്വതനിറഞ്ഞപ്രകടനം പുറത്തെടുക്കുന്നുണ്ടെങ്കിലും പേര്‍ളിയുമൊത്ത കോമ്പിനേഷന്‍ രംഗങ്ങളില്‍ പിന്നോക്കം നില്‍ക്കുന്നതായി കാണാം.രാജീവ് പിള്ളയുടെ വിനോദ് ഭര്‍വേ എന്ന കഥാപാത്രം ചോദ്യങ്ങള്‍ ബാക്കിയാക്കി അടുത്ത ചിത്രങ്ങളിലേക്ക് യാത്രതിരിക്കുന്നു.തുടക്കക്കാരുടെ പതര്‍ച്ചയോടെ സ്ക്രീനിനു മുന്നിലെത്തിയ ഷാഹുല്‍ ഹമീദിന്റെയും മറ്റുള്ളവരുടെയും പ്രകടനങ്ങള്‍ ശരാശരിയിലൊതുങ്ങിനിന്നു.
കാഴ്ചപ്പാടുകളുടെ,വിശ്വാസങ്ങളുടെ,താല്‍പ്പര്യങ്ങളുടെ ഇരിപ്പിടങ്ങള്‍ സ്വയമൊരുക്കിയാണ് ഓരോ പ്രേക്ഷകനും സിനിമ കൊട്ടകകളിലെത്തുന്നതു.തികച്ചും ആപേക്ഷികമായി ഓരോ സിനിമയും സമീപിക്കപ്പെടുന്നു, വിശകലനം ചെയ്യപ്പെടുന്നു.കാഴ്ച്ചയുടെ നിറവസന്തമൊരുക്കിയും,ആവേശത്തിന്റെ പരകോടിയിലെത്തിച്ചും,നന്മ-തിന്മകളുടെ അതിര്‍വരമ്പുകള്‍ കോറിയിട്ടും ചിറകടിച്ചു പറന്ന ചിത്രങ്ങള്‍ നമുക്കെന്നും പ്രീയപ്പെട്ടവയാണ്.കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ "സിംഹഭാഗം"പ്രേക്ഷകര്‍ക്കും പ്രീയപ്പെട്ടവ.എന്നാല്‍ പുതുമ സ്വപ്നം കണ്ടവരാണ് എന്നും ചരിത്രം സൃഷ്ടിച്ചിട്ടുള്ളത്.ദീര്‍ഘവീക്ഷണത്തോടെയുള്ള അത്തരക്കാരുടെ സമീപനങ്ങളാണ് ഇന്ന് സിനിമയെ A Great Train Robbery ല്‍ നിന്നും Avatar വരെ എത്തിച്ചിരിക്കുന്നത്.സംവിധായകന്‍ പ്രേക്ഷകനിലേക്കടുപ്പിക്കുന്ന ആശയങ്ങള്‍ എത്രത്തോളം സുതാര്യമായി സ്വീകരിക്കപ്പെടുന്നുവെന്നതാണ് സിനിമയുടെ വിജയമെന്നൊരു പൊതുബോധം, നല്ലൊരു വിഭാഗം പ്രേക്ഷകരും വച്ചുപുലര്‍ത്തുന്നുണ്ട്.ആഖ്യാനസ്വാതന്ത്ര്യത്തിനു പരിധി നിശ്ചയിക്കുവാന്‍ പോലും ഇക്കൂട്ടര്‍ക്ക് സാധിച്ചുവെന്ന വസ്തുത വിസ്മരിക്കുവാന്‍ ഒരു സംവിധായകന് കഴിയുമ്പോഴാണ് യഥാര്‍ത്ഥ ചിത്രങ്ങള്‍ ഉദയംകൊള്ളുന്നത്.
ഇത്തരത്തില്‍ സ്വന്തം ആശയങ്ങളെ ആഖ്യാനരീതിയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് വെള്ളിത്തിരയിലെത്തിച്ചിരിക്കുകയാണ് ഒരു മലയാളി സംവിധായകന്‍.ഏഷ്യയിലെ ആദ്യ ത്രീ-ഡി ചിത്രം രൂപം കൊണ്ട മണ്ണില്‍ നിന്നും മറ്റൊരു മികച്ച പരീക്ഷണംകൂടി സാധ്യമായിരിക്കുകയാണ്.ഒരു ചരിത്രമാകാന്‍ പ്രാപ്തിയുള്ള 'ഹു' ഫ്രാഞ്ചൈസിയിലെ ഈ ആദ്യചിത്രം ഒരു മികച്ച വിജയമാകട്ടെയെന്നു പ്രത്യാശിക്കാം.

No comments:
Post a Comment