Wednesday, January 16, 2019

Gods' own country

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും ദൈവങ്ങളുടെ സ്വന്തം നാട്ടിലേക്ക് ഒരു പ്രളയദൂരം.....!!!!!!

വേര്‍തിരിവുകള്‍ ഉടയാടകളാക്കിയ മലയാളികള്‍ ഇന്നിവിടെ നഗ്നരാണ് !!! അവരില്‍ ഹൈന്ദവികത ഞാന്‍ കണ്ടില്ല,ഇസ്ലാമികതയും കണ്ടില്ല!!സോഷ്യലിസമോ ലിബറലിസമോ അവര്‍ താങ്ങി നടക്കുന്നതും കാണാമറയത്തായിരുന്നു....!!! കണ്ടത് ഉൽക്കണ്ഠ നിറഞ്ഞ ചില നെട്ടോട്ടങ്ങള്‍ മാത്രമായിരുന്നു....!! ഉറ്റവരുടെ ആശുപത്രിക്കിടക്കകളിലേക്കു  മരുന്നുമായി പായുന്ന ചിലരിലും,ഇന്നേവരെ താന്‍ കാണാത്ത തന്റെ പൊന്നോമനയെ ഒരുനോക്കു കാണുവാന്‍ വീടുകളിലേക്ക് പായുന്ന ചില
പ്രവാസിജീവിതങ്ങളിലും ഞാനീ നെട്ടോട്ടങ്ങള്‍ മുന്‍പെങ്ങോ കണ്ടതായോര്‍ക്കുന്നു.....! എന്നാല്‍ ഇന്നെന്റെ സഹോദരങ്ങള്‍ ഓടിയത് അവര്‍ക്ക് അപരിചിതരായ ചിലര്‍ക്കുവേണ്ടിയായിരുന്നു.അവരാരാണെന്നോ എന്താണെന്നോ എന്റെ സഹോദരങ്ങള്‍ ചിന്തിക്കുന്നത് ഞാന്‍ കണ്ടില്ല.കരുതലോടെ അവര്‍ വസ്തുവകകള്‍ സ്വരുക്കൂട്ടി കൂടപ്പിറപ്പുകളുടെയടുത്തേക്ക് കുതിച്ചു,അതിര്‍ത്തി കാക്കാന്‍ നിയോഗിക്കപ്പെട്ടവർ വായൂമാര്‍ഗവും ജലമാര്‍ഗവുമെത്തി വിസ്മയം തീര്‍ത്തു,ഓഫീസ് മുറികളില്‍ ചടഞ്ഞുകൂടുന്നുവെന്നാരോ പറഞ്ഞവര്‍ നേതൃത്വമരുളി,കാക്കിയിട്ട കാവല്‍ക്കാര്‍ ജീവനുകളെ നെഞ്ചോടു
ചേര്‍ത്തു,ആര്‍ത്തിരമ്പുന്ന കടലില്‍ നങ്കൂരമിടുന്ന ചില മാന്ത്രികര്‍ അവരുടെ ജാലവിദ്യകള്‍ എന്റെ കണ്മുന്നിലും അവതരിപ്പിച്ചു കൈയടി നേടി.ദുരന്തമുഖത്തേക്കോടുന്ന കണ്ണുകളില്‍ എന്റെ ദൈവങ്ങളെ ഞാന്‍ കണ്ടു...!!! അവരെന്റെ പ്രാര്‍ത്ഥന കേള്‍ക്കാന്‍ കാത്തുനിന്നില്ല,വഴിപാടുകളോ കാണിക്കയോ അവര്‍ ചോദിച്ചുവോ,ഞാനോര്‍ക്കുന്നില്ല....!!!

God's own country is now Gods' own country

ഇന്നെന്റെ കേരളം ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ്,പഠിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട്,എന്റെ ദൈവങ്ങളുടെ തോളേറി ഇനിയൊരു ദുരന്തത്തിന്റെ അലയൊലികള്‍ കേള്‍ക്കില്ലെന്ന ഉറപ്പോടെ !!!! 

No comments:

Post a Comment