Wednesday, January 16, 2019

Wavin' Flag

When I get older,
I' will be stronger
They'll call me Freedom
Just like the Wavin' O Flag

കാല്‍പ്പന്തുകളിയുടെ ചോരാത്ത വീര്യം നെഞ്ചിലേറ്റിയോ ഓരോ ആരാധകന്റെയും ചുണ്ടുകളില്‍ ഇന്നുമീ വരികള്‍ നിറഞ്ഞുനില്‍ക്കുന്നുണ്ടാകണം.സ്വാതന്ത്ര്യലബ്ദിക്കായി കാത്തിരുന്ന സോമാലിയന്‍ ജനതയുടെ ശബ്ദമായിരുന്ന വരികള്‍ ആഫ്രിക്കന്‍ ജനതയുടെ ഫുട്ബോള്‍ സ്വപ്നങ്ങളുടെ പ്രതിഫലമായി മാറിയത് ചരിത്രം...!!! ആഫ്രിക്കന്‍ ലോകകപ്പിന്റെ സ്മൃതികളില്‍ ജീവിക്കുന്ന, കാല്‍പ്പന്തുകളിയുടെ ആവേശം സിരകളില്‍ നുരയ്ക്കുന്ന,ആരാധകരുടെ മനംനിറച്ച വരികളിലൂടെ ഇന്നല്ലെങ്കില്‍ പിന്നെന്നാണ് സഞ്ചരിക്കേണ്ടത്.....!!!


സൊമാലി-കനേഡിയന്‍ സംഗീതജ്ഞനായ കി'നാന്‍, 'ട്രോബടര്‍' എന്ന തന്റെ ആല്‍ബത്തിനായി ചിട്ടപ്പെടുത്തിയതാണ് Wavin' Flag എന്ന ലോകപ്രശസ്തഗാനം.സ്വാതന്ത്ര്യത്തിനായി മുറവിളി കൂട്ടുന്ന സോമാലിയന്‍ ജനതയുടെ സ്വപ്നങ്ങളുടെ സംഗീതാവിഷ്കാരമായാണ് Wavin' Flag രൂപംകൊണ്ടത്.കൈകാര്യം ചെയ്യുന്ന ആശയത്തിന്റെ പ്രാധാന്യവും ആഫ്രിക്കന്‍ ജനതയുടെ സംസ്കാരതത്തോട് ചേര്‍ന്നു നില്‍ക്കുന്ന,എന്നാല്‍ ഏതൊരാസ്വാദകനും രസിക്കുന്ന തരത്തിലുമുള്ള പാട്ടിന്റെ ഈണവും വരികളും ജനശ്രദ്ധയാകര്‍ഷിച്ചു.പാട്ട് ഹിറ്റ് ചാര്‍ട്ടിലേക്കുയര്‍ന്നതു ക്ഷണനേരംകൊണ്ടായിരുന്നു...!!!


പിന്നീട്  2010 ല്‍ നടന്ന ഹെയ്തി ഭൂകമ്പത്തെ മുന്‍നിര്‍ത്തി,സാമാന്യം വ്യത്യാസങ്ങള്‍ വരുത്തിക്കൊണ്ട് പുറത്തിറക്കിയത് പാട്ടിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുവാനിടയാക്കി.ജീവകാരുണ്യപ്രവര്‍ത്തങ്ങള്‍ക്കായി ഹെയ്തിയിലെ യുവാക്കളെ അണിനിരത്തി പുറത്തിറക്കിയ ഈ റീബൂട്ട്, കാനഡയില്‍ ഇന്‍സ്റ്റന്റ് ഹിറ്റായി മാറി !! ആല്‍ബത്തിനായി ഒരു റാപ്പ്-സോളോയും,പുത്തന്‍ വരികളും നല്‍കിയത് മുതല്‍ക്കൂട്ടായിമാറി.ആദ്യ പതിപ്പിനേക്കാള്‍ ജനശ്രദ്ധ നേടിയ ഗാനം വീക്ലി ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത് അത്ഭുതത്തോടെയാണ്‌ സംഗീതപ്രേമികള്‍ നോക്കിക്കണ്ടത്..!!

പാട്ടിനു ലഭിച്ച അത്ഭുതാവഹമായ പിന്തുണ ആഗോള-ബ്രാൻഡായ കൊക്ക-കോളയെ സ്വാധീനിച്ചത് പുതുചരിത്രത്തിന്റെ തുടക്കം മാത്രമായിരുന്നു.ആഫ്രിക്കയിലേക്ക് ആദ്യമായി വിരുന്നെത്തുന്ന ഫുട്ബോള്‍ ലോകകപ്പിന്റെ Promo-Anthem ആയി ഗാനത്തിന്റെ റീമിക്സ് കൊക്കോ-കോള പുറത്തിറക്കാൻ തീരുമാനിച്ചു.ആഫ്രിക്കന്‍ സാംസ്കാരികതയോട് ചേര്‍ന്നുനില്‍ക്കുന്ന ഈണവും കി'നാന്റെ ശബ്ദവും പാട്ടിനെ ഹിറ്റാക്കുമെന്ന വിശ്വാസത്തോടെ കൊക്ക-കോള പാട്ടിനൊപ്പം നിലകൊണ്ടു.പാട്ടിനായി ഫുട്ബാള്‍ പശ്ചാലത്തിലുള്ള വിഷ്വലുകള്‍ പുതുതായി ചേര്‍ക്കപ്പെട്ടു.

പ്രതീക്ഷകളോട് ചേര്‍ന്നു നിന്നുകൊണ്ട് പുത്തന്‍ Wavin' Flag ചരിത്രമെഴുതി.കോളയുടെ സ്ഥിരം പരസ്യങ്ങളിലും ഗാനങ്ങളിലും കണ്ടിരുന്ന റിഥം ആഫ്രിക്കന്‍ സംഗീതത്തിന്റെ ചടുലതയുമായി കൂട്ടിക്കെട്ടിയപ്പോള്‍ രൂപംകൊണ്ട ഈ പുത്തന്‍ പതിപ്പിന്റെ ജൈത്രയാത്ര അവിടെയാരംഭിച്ചു.ജര്‍മന്‍-സ്വിസ്-ഓസ്ട്രിയന്‍ ചാര്‍ട്ടുകളില്‍ ഗാനം ഒന്നാം സ്ഥാനത്തേക്ക് കുതിപ്പു നടത്തി.ലോകകപ്പിന്റെ ചൂടും ചൂരും നെഞ്ചില്‍കുടിയിരുത്തിയ ആരാധകവൃന്ദത്തിനു ആര്‍ത്തുല്ലസിക്കുവാന്‍ പുത്തനൊരു കാരണം കൂടി അവിടെ രൂപം കൊള്ളുകയായിരുന്നു...!!ഇറ്റാലിയന്‍-ബ്രിട്ടിഷ് ചാര്‍ട്ടുകളിലും തന്റെ കൈയൊപ്പു പതിപ്പിച്ച ഗാനം ഒരു ആഗോള-ഹിറ്റിലേക്ക് ചുവടുവച്ചു.

കൊക്ക-കോളയുടെ ലോകകപ്പ്‌ കാംപെയിന്റെ ഭാഗമായി ഗാനം ലോകത്തുടനീളം പ്രദര്‍ശിപ്പിക്കപ്പെട്ടു.ഓണ്‍ലൈന്‍ സ്ട്രീമിങ്ങില്‍ തരംഗം സൃഷ്‌ടിച്ച ഗാനം ആഴ്ചകളോളം ഓണ്‍ലൈന്‍ മീഡിയയകളില്‍ ട്രെണ്ടിംഗായി നിലകൊണ്ടു.ഫിഫയുടെ ലോകകപ്പ് ട്രോഫി ടൂറില്‍ കി'നാന്‍ നടത്തിയ ഗാനത്തിന്റെ ആദ്യ ലൈവ് പെര്‍ഫോമന്‍സിനു സാക്ഷികളായ റിക്കോര്‍ഡ് കാണികളുടെ സാന്നിധ്യം, പാട്ടിന്റെ പൊന്‍തൂവലുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കി..!! ഫുട്ബോള്‍ ലോകത്തിന്റെ ചുണ്ടില്‍ "കൊടി പാറിക്കളിച്ചു"കൊണ്ടേയിരുന്നു....!!!

ലോകം കാല്‍പ്പന്തിന്റെ കാല്‍ക്കീഴിലാകാന്‍ ഇനി നിമിഷങ്ങള്‍ മാത്രം ബാക്കി.ഗോളാരവങ്ങളില്‍ മുങ്ങിയ കായിക മാമാങ്കത്തിന്റെ തിരശീലയുയരുന്നതും നോക്കി ലോകം കണ്ണിലെണ്ണയൊഴിച്ചു കാത്തിരിക്കുകയാണ്.ആ കാത്തിരിപ്പിന് സുഖം പകരാന്‍ ഇന്ന് നമുക്കൊപ്പം ഒരു വേവിംഗ് ഫ്ലാഗോ,വക്ക-വക്കയോ കൂട്ടിനില്ല ( Live it Up നെ വിസ്മരിക്കുകയല്ല ).ആവേശത്തിന്റെ,ആരവത്തിന്റെ,ആഹ്ലാദത്തിന്റെ അലയൊലികള്‍ വീശിയടിക്കുവാന്‍ ഇനി നിമിഷങ്ങള്‍ മാത്രം...ലെനിന്റെയും സ്റാലിന്റെയും ആശയങ്ങള്‍ക്കു ജീവന്‍ നല്‍കിയ മണ്ണിലേക്ക് അക്ഷമയോടെ നമുക്കു ഉറ്റുനോക്കാം....!!! Let's kick the ball with Zabivaka a.k.a the one who scores !!!!

No comments:

Post a Comment