Monday, April 10, 2017

അഭിനയസൌകുമാര്യം-സുകുമാരി അമ്മ

നാട്യ-നൃത്യ കലകള്‍ എന്നും മാനുഷനു പ്രീയപ്പെട്ടവയാണ്.കേവലം വിനോദോപാധിയായി അവന്‍ കണക്കാക്കിയവയെല്ലാം അവനറിയാതെ അവന്റെ ജീവിതത്തിലും സംസ്കാരത്തിലും അലിഞ്ഞു ചേര്‍ന്നത്‌ ചരിത്രം.നൃത്തം നെഞ്ചോട്‌ ചേര്‍ത്തവര്‍ ഒരു ചെറു അനുപാതത്തില്‍ ഒതുങ്ങിയപ്പോള്‍ നാട്യം മനുഷ്യനെ ചിന്തയുടെയും ആസ്വാദനത്തിന്റെയും പ്രതിഫലനം ആയി മാറി.സംസ്കാരങ്ങള്‍ മാറി മറിഞ്ഞതോടെ നാട്യം പല രൂപങ്ങളില്‍ അവതരിക്കപ്പെട്ടു.ജനപ്രീതി എന്നതിനെ അടിസ്ഥാനപ്പെടുതിയപ്പോള്‍ മറ്റു കലാരൂപങ്ങളെ ബഹുദൂരം പിന്നിലാക്കി നാടകം എന്ന കല നാട്യത്തിന്റെ പര്യായം ആയി മാറി.തീയറ്ററുകളിലും അമ്പലപറമ്പുകളിലും എല്ലാം നിത്യ സന്ദര്‍ശകനായി നാടകം മാറിയപ്പോള്‍ അഭിനയം എന്നത് സസൂഷ്മം വീക്ഷിക്കപ്പെടെണ്ടതാണ് എന്ന ബോധം ഓരോ പ്രേക്ഷകന്റെയും ഉള്ളില്‍ ജനിക്കുകയായിരുന്നു.പരിണാമങ്ങള്‍ പിന്നെയും സംഭവിച്ചുകൊണ്ടിരുന്നു.നാടകം എന്ന കലാരൂപം ഒരുകാലത്ത് കൈയടക്കിവച്ചിരുന്ന ജനസമ്മതി പുതിയൊരു കലാരൂപത്തിനെ വച്ച്മാറേണ്ടി വന്നു.അതാണ്‌ സിനിമ.നാടക വേദികളില്‍ നാട്യ ശിരോമണികള്‍ അരങ്ങു തകര്‍ത്തപ്പോള്‍ മറുവശത്ത് ചലച്ചിത്രലോകത്ത് സര്‍ഗധനരായ പ്രതിഭകള്‍ തങ്ങളുടെ അഭിനയസപര്യ മിനുക്കിയെടുതപ്പോള്‍ മറ്റെല്ലാത്തിനെയും പിന്നിലാക്കാന്‍ സിനിമ എന്ന കലാവ്യവസായത്തിന് കഴിഞ്ഞു.നായകരും നായികമാരും സഹാനടരുമെല്ലാം വെള്ളിത്തിരയില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു.അഭിനയ കുലപതികള്‍ എന്ന് ലോകം വാഴ്ത്തിയവര്‍ കൂടുതലും പുരുഷ ശ്രേഷ്ഠരായിരുന്നു.നായകരും നായികമാരും സഹാനടരുമെല്ലാം വെള്ളിത്തിരയില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു.അഭിനയ കുലപതികള്‍ എന്ന് ലോകം വാഴ്ത്തിയവര്‍ കൂടുതലും പുരുഷ ശ്രേഷ്ഠരായിരുന്നു.അപ്പോള്‍ എന്താ സ്ത്രീജനങ്ങള്‍ അഭിനയത്തില്‍ പിന്നോക്കമാണോ ? ഒരിക്കലുമല്ല.സ്ത്രീരത്നങ്ങള്‍ അരങ്ങുവാണ കഥകള്‍ ഏറെയാണ്‌.ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ നിലവാരതകര്‍ച്ചയില്‍ നിന്ന് കൈപിടിച് നടത്തുന്ന മലയാള സിനിമ ലോകത്തെ ഒരു അതുല്യ പ്രതിഭയെ നമുക്കൊന്ന് ഓര്‍ക്കാം.


ഒരു അഭിനേതാവ് എപ്പോഴാണ് പൂര്‍ണനാകുന്നത് ? ഏതു തരം വേഷങ്ങളും അയാളില്‍ ഭദ്രം ആകുന്ന നേരം അയാള്‍ സമ്പൂര്‍ണ അഭിനേതാവാകുന്നു.നിര്‍ഭാഗ്യവശാല്‍,അങ്ങനെയൊരു അഭിനയ കുലപതി എങ്ങും ഉണ്ടാകുമെന്നു തോന്നുന്നില്ല.മനുഷ്യനായ കാരണത്താല്‍ അവനു പരിമിതികള്‍ ഉണ്ടാകും.ആ പരിമിതികള്‍ മനസ്സിലാക്കി അത് തങ്ങളുടേതായ രീതിയില്‍ വ്യത്യസ്തമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ചു അവതരിപ്പിക്കുമ്പോള്‍ അവന്‍ മികച്ച ഒരു അഭിനേതാവാകും.നമ്മുടെ പ്രീയപ്പെട്ട മമ്മൂക്കയും ലാലേട്ടനും തിലകനും ജഗതി ശ്രീകുമാറും ഒക്കെ ഈയൊരു കൂട്ടത്തില്‍പെടുത്താവുന്നവരാണ്.ഈയൊരു കൂട്ടത്തില്‍ മേല്പ്പരഞ്ഞപോലെ സ്ത്രീജനങ്ങളും ഉണ്ടാകുമല്ലോ ? ആരൊക്കെ അതിനര്‍ഹാരാണു ? എനിക്കുത്തരമില്ല.പക്ഷെ,അര്‍ഹമായ ഒരു പേര് ഞാന്‍ പറയാം-സുകുമാരി,മലയാളികളുടെ സ്വന്തം സുകുമാരി അമ്മ.

ഒരു അഭിനേതാവ് മികച്ചതാകുന്നത് എപ്പോഴാണെന്ന് നമ്മള്‍ പറയുകയുണ്ടായി.അയാളുടെ കഥാപാത്രങ്ങളിലെ ബഹുവിധനൈപുണ്യത്തിന്റെ അഥവാ Versatalility യുടെ വടിവൊത്ത അവതരണമാണു ഒരഭിനേതാവിനെ മികച്ചതാക്കുന്നത്.ഈ ഒരു കാരണത്താല്‍ മലയാളത്തിലെ ഏറ്റവും മികച്ച നടി എന്ന ചോദ്യത്തിന് എനിക്ക് മുന്നില്‍ തെളിയുന്ന ഒരേയൊരു ഉത്തരമാണ് സുകുമാരി അമ്മ.60 വര്ഷം നീണ്ട അഭിനയജീവിതത്തില്‍ ഒരുപക്ഷെ മറ്റൊരു നടിയും ചെയ്യാത്ത അല്ലെങ്കില്‍ ചെയ്യാന്‍ ശ്രമിക്കാത്ത വേഷങ്ങള്‍ ഈ കൈകളില്‍ ഭദ്രമായിരുന്നു.ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് കാലഖട്ടത്തില്‍ നിത്യ യൌവനമായി സുകുമാരി നിറഞ്ഞാടിയ ചിത്രങ്ങള്‍ ഏറെയാണ്‌.ഹിന്ദി,തമിഴ്,തെലുങ്ക്,മലയാളം ഭാഷകളില്‍ ആ ചിരിയും അഭിനയപ്രകടനവും നിറഞ്ഞു നിന്നു.ഒരു ബംഗാളി ചിത്രത്തിനായി ഏഴോളം നൃത്യകലകള്‍ അഭ്യസിക്കുകയും വാദ്യോപകരണങ്ങള്‍ പഠിക്കുകയും ചെയ്ത സുകുമാരി ബഹുമുഖപ്രതിഭകള്‍ക്ക് പോലും ഒരത്ഭുതമായിരുന്നു.ഒരു പാട്ടുകാരി കൂടിയായിരുന്ന സുകുമാരി ചെറുപ്രായത്തില്‍ തന്നെ concert കള്‍ അവതരിപ്പിച്ചതും ഇത് വിളിച്ചോതുന്നു.

അഭിനയം എന്ന മേഖലയില്‍ ഏറ്റവും പ്രയാസകരമായ ഒന്നാണ് തമാശ കൈകാര്യം ചെയ്യാനുള്ള കഴിവ്.ഒരാള്‍ ഒരു തമാശ കണ്ടു എത്രമാത്രം ചിരിക്കുന്നുവോ അത്രമാത്രം അയാളുടെ മനസ്സിനെ സ്വാധീനിക്കാന്‍ ആ ഹാസ്യ നാടനു കഴിഞ്ഞു എന്നതാണ് സത്യം.സുകുമാരി എന്ന നടിക്ക് വ്യത്യസ്തവും പരിചിതവുമാല്ലാത്ത ഒരു പ്രതിശ്ചായയാണ് പ്രിയദര്‍ശന്‍ തന്റെ ചിത്രങ്ങളിലൂടെ സുകുമാരിക്ക് നല്‍കിയത്.പൂച്ചയ്ക്കൊരു മൂക്കുത്തി,ബോയിംഗ് ബോയിംഗ്,വന്ദനം തുടങ്ങിയ ചിത്രങ്ങളില്‍ തമാശ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട സുകുമാരി പ്രേക്ഷകരെ ചിരിപ്പിക്കുന്നതോടൊപ്പം അത്ഭുതപ്പെടുത്തുകയും ചെയ്തു.മോഹന്‍ലാലിനൊപ്പമുള്ള തമാശ ജോഡി രംഗങ്ങള്‍ ഒരുപക്ഷെ ഇതൊരു സിനിമ പ്രേമിക്കും മറക്കാനാകുന്നതല്ല.തിലകന്‍,ജഗതി പോലെയുള്ളവര്‍ കാട്ടിയ അത്ഭുതകരമായ make over നടത്തിയ ചുരുക്കം ചില നടിമാരില്‍ ഒരാളായി അങ്ങനെ സുകുമാരി അമ്മ.പ്രായം തളര്‍ത്താത്ത അവരുടെ അഭിനയത്തിലെ അനായാസ്യത അത്ഭുതകരമായിരുന്നു.

ഒരു കഥാപാത്രത്തോട് നമുക്ക് ദേഷ്യം തോന്നുന്നുവെങ്കില്‍ അയാള്‍ ആ കഥാപാത്രത്തിനു നല്‍കിയ അധ്വാനം പ്രശംസനീയമാണ്.അത്തരത്തില്‍ നെഗറ്റീവ് റോളുകളും സുകുമാരി അമ്മ വഴങ്ങുമെന്ന് തെളിയിച്ചു.'അമ്മ അമ്മായിയമ്മ' ഒക്കെ ആ നിരയിലെ എടുത്തു പറയണ്ട കഥാപാത്രങ്ങളില്‍ ഒന്നാണ്.ഒരേ സമയം മോഡേണ്‍ വേഷങ്ങളും പ്രാകൃത വേഷങ്ങളും അതിഭാവുകത്വം കലരാതെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞ ഒരേയൊരു മലയാള നടി ആകാം സുകുമാരിയമ്മ.ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള അവരുടെ അനായ്സ്യതയും പ്രശംസനീയമാണ്.2002 ള്‍ പുറത്തിറങ്ങിയ അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം 'നിഴല്‍ക്കൂത്ത്' സുകുമാരി എന്ന നടിയുടെ എക്കാലത്തെയും മികച്ച പ്രകടനം ആയി വാഴ്ത്തപ്പെട്ടു.പശ്ചാതഥാപ വിവശനായി സ്വന്തം ജീവിതം ഹോമിക്കുന്ന ഒരാളുടെ സഹധര്‍മിണിയായി അതിശയിപ്പിക്കുന്ന പ്രകടനം സുകുമാരി കാഴ്ചവച്ചു.അഭിനയ സൌകുമാര്യം പിന്നെയും തുടര്‍ന്നപ്പോള്‍ 'നമ്മ ഗ്രാമം' എന്ന ചിത്രത്തിന് മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്കാരവും സുകുമാരിയുടെ നേട്ടങ്ങള്‍ക്ക്‌ ശോഭ കൂട്ടി.

പ്രായാധിക്യം അമ്മ വേഷങ്ങളില്‍ തളച്ചിട്ടുവെങ്കിലും,തനിക്കു ലഭിക്കുന്ന വേഷങ്ങള്‍ക്ക് മറ്റാര്‍ക്കും നല്കാനാകാത്ത പൂര്‍ണത നല്‍കാന്‍ ഈ നടിക്ക് സാധിച്ചു.ഒരേ സമയം വെള്ളിത്തിരയിലും മിനി സ്ക്രീനിലും സുകുമാരിയമ്മ തിളങ്ങി.ശ്രീകുമാരന്‍ തമ്പിയുടെ പ്രശസ്തമായ പരമ്പരകളില്‍ വേഷമിട്ടുകൊണ്ട് തന്റെ ഹാസ്യഭാവങ്ങള്‍ക്ക് ഭംഗം ഒന്നും വന്നിട്ടില്ലെന്നു അവര്‍ ഊട്ടിയുറപ്പിച്ചു.കവിയൂര്‍ പോന്നമ്മയെ പോലെ അമ്മ വേഷങ്ങളില്‍ സ്ഥിരം മാനെറിസങ്ങള്‍ നല്‍കാതെ വ്യത്യസ്തത നല്‍കാന്‍ സുകുമാരിക്ക് കഴിഞ്ഞപ്പോള്‍ മറ്റൊരാള്‍ക്കും നല്‍കാത്ത ഒരിരിപ്പിടം മലയാളി മനസ്സില്‍ ഈ അമ്മ നേടിയെടുത്തു.2003 ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചപ്പോള്‍ 4 കേരള സംസ്ഥാന അവാര്‍ഡുകളും 3 തമിഴ് നാട് സംസ്ഥാന അവാര്‍ഡുകളും ഈ കൈയില്‍ ഭദ്രമായിരുന്നു.പിന്നീടു 2011 ല്‍ ദേശീയ അവാര്‍ഡ്‌ കരസ്ഥമാക്കിയപ്പോള്‍ കൂട്ടിനു ഒരു ഫിലിം ഫെയര്‍ അവാര്‍ഡും ആറു ഫിലിം ക്രിടിക്ക്സ് അവാര്‍ഡുകളും ഉണ്ടായിരുന്നു.

മികച്ച നടി എന്ന ചോദ്യത്തിന് ഒരു മനോരോഗിയായോ പ്രണയിനിയായോ വേഷമിട്ട കഥാപാത്രങ്ങള്‍ നിങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ എന്റെ പക്കലുള്ളത് 6 പതിറ്റാണ്ടുകളായി ഒരഭിനയപ്രതിഭാസം കാഴ്ചവച്ച 2500 ഓളം ചിത്രങ്ങളാണ്.അന്നും ഇന്നും എന്നും മലയാളത്തിലെ മികച്ച നടി ഇവരല്ലാതെ മറ്റൊരാളാണെന്നു വിശ്വസിക്കാന്‍ എന്നിലെ എളിയ സിനിമാസ്വാദകനു കഴിയില്ല.

No comments:

Post a Comment