Monday, February 27, 2017

Veeram - A Retrospect

മലയാള സിനിമ ഇന്ന് പുതുമയ്ക്കായി കാതോര്‍ക്കുകയാണ്.ലോക സിനിമയിലെ തന്നെ പല മഹത്സൃഷ്ടികളും പിറവികൊണ്ട മലയാള ഭാഷയെ പിന്നോട്ടടിച്ചുകൊണ്ടിരുന്ന ഒന്നാണ് ബജറ്റ്.അയല്‍ക്കാര്‍ തന്നെ വന്‍ ബജറ്റ്ല്‍ ബ്രഹ്മാണ്ട ചലച്ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തിച്ചപ്പോള്‍ നോക്കി നില്‍ക്കുവാന്‍ വിധിക്കപ്പെട്ടവരായിരുന്നു നമ്മള്‍ മലയാളികള്‍.തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷ ചിത്രങ്ങള്‍ ഇവിടെ നിന്നും കോടികള്‍ കീശയിലാക്കി മടങ്ങിയപ്പോള്‍ മികച്ച പല മലയാള സിനിമകള്‍ക്ക്‌ നിരാശയോടെ കൊട്ടകകള്‍ വിട്ടു മടങ്ങേണ്ടി വന്നു.എന്നാല്‍ ഇന്ന് ആ പ്രവണതയ്ക്ക് മാറ്റങ്ങള്‍ ഏറെ വന്നിരിക്കുന്നു.ഭൈരവ,സിംഗം പോലെയുള്ള നിലവാരം ലവലേശമില്ലാത്ത ബിഗ്  ബജറ്റ് സിനിമകള്‍ കേരള ബോക്സ്‌ ഓഫീസില്‍ വന്‍ ദുരന്തങ്ങള്‍ ആകുമ്പോള്‍ മറുവശത്ത് മലയാള സിനിമകള്‍ അന്യനാട്ടില്‍ പോലും ഉജ്ജ്വല വിജയം നേടി മുന്നേറുന്നു.അപ്രാപ്യം എന്ന് കരുതിയ 100 കോടി എന്ന കളക്ഷന്‍ പോലും ദിവസങ്ങളുടെ മാത്രം കാലയളവില്‍ മലയാള സിനിമ കൈപ്പിടിയില്‍ ഒതുക്കിയപ്പോള്‍ അമ്പരന്നത് മലയാളികള്‍ മാത്രമല്ല,ഇന്ത്യന്‍ സിനിമ ലോകം തന്നെയാണ്.അതേ മലയാള സിനിമാലോകം പ്രേക്ഷകര്‍ക്ക്‌ നല്‍കിയ പുത്തന്‍ അനുഭവമാണ് 'വീരം'.

ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ ഒന്നും തന്നെ മലയാളിക്ക് പരിചിതമായ മുഖങ്ങള്‍ക്കു ഉടമകളല്ല.ഡോണ്‍ 2 എന്ന ചിത്രത്തില്‍ മാത്രം ഞാന്‍ കണ്ടിട്ടുള്ള കുനാല്‍ കപൂര്‍ ചന്തുവായി എത്തിയപ്പോള്‍ പ്രതീക്ഷകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.എന്നാല്‍,ചന്തു എന്ന കഥാപാത്രത്തെ മികച്ചതാക്കാന്‍ കുനാല്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്,അതില്‍ ഏറെക്കുറെ അദ്ദേഹം വിജയിക്കുകയും ചെയ്തു എന്നതാണ് വാസ്തവം.കാമം,സ്ഥാനലബ്ദി,പക എന്നിവയ്ക്ക് പിന്നാലെ പായുന്ന ചന്തുവായി മികച്ച പ്രകടനം അദ്ദേഹം കാഴ്ച വച്ചു.വാള്‍പയറ്റ് രംഗങ്ങളില്‍ അസാമാന്യമായ വേഗവും ചടുലതയും ആ പ്രകടനത്തില്‍ വ്യക്തമായിരുന്നു.അഭിനയം എന്നത് ഭാവങ്ങള്‍ മാത്രമാണെന്ന് വിശ്വസിക്കുന്ന മലയാളികള്‍ക്ക് ഒരുപക്ഷെ ഞാന്‍ ഈ പറഞ്ഞത് ദാഹിചെന്നു വരില്ല.ചിത്രത്തിന്റെ ഏറ്റവും വലിയ അപാഗത എന്നൊരു ചോദ്യം ഉന്നയിക്കപ്പെട്ടാല്‍ ആദ്യം സ്ഫുരിക്കുന്ന ഉത്തരം ഹിമാര്‍ഷ വെങ്കിടസ്വാമി എന്നാകും.പുത്തൂരം വീടിന്റെയും ചന്തുവിന്റെയും കഥപറഞ്ഞിട്ടുള്ള മുന്‍കാല ചിത്രങ്ങളിലൊക്കെ ഉണ്ണിയാര്‍ച്ച എന്ന കഥാപാത്രത്തിന് തന്റേതായ സ്ഥാനം ലഭിച്ചിരുന്നു.എന്നാല്‍ 'വീരം' ഉണ്നിയാര്ച്ചയ്ക്ക് മറ്റൊരു മുഖമാണ് നല്‍കുന്നത്.ഒരു സ്ത്രീരത്നം എന്നതിനേക്കാളുപരി കാമം ഉറ്റുനില്‍ക്കുന്ന ഒരുവളായി ഉണ്ണിയാര്‍ച്ച ചിത്രീകരിക്കപ്പെട്ടു.ഉണ്ണിയാര്‍ച്ച എന്ന കഥാപാത്രത്തിനു ഒന്നും ചെയ്യാനാവാതെ പോകുകയാണ് 'വീര'ത്തിലൂടെ.ഇത് കഥാപാത്രത്തിന്റെ കാര്യം.ഇനി ആ കഥാപാത്രത്തിന്റെ അവതരണത്തെ പറ്റി പറയുകയാണെങ്കില്‍ അത് കൂടുതല്‍  അസഹനീയമായി അനുഭവപ്പെട്ടു.സിനിമ എന്ന വ്യവസായതിനോട് തന്നെ പരിചയം കുറവായിരുന്ന ഒരു മോഡലിനെ ഈ വേഷത്തിനു വേണ്ടി ജയരാജ്‌ തിരഞ്ഞെടുത്തതിന്റെ ചേതോവികാരം എന്താണെന്നു ഒരെത്തും പിടിയും കിട്ടുന്നില്ല.വിരഹം,പക എന്നീ ഭാവങ്ങള്‍ ഉണ്ണിയാര്‍ച്ച ചെയ്തപ്പോള്‍ അത് മറ്റെന്തോ ആയി പ്രേക്ഷകര്‍ക്ക്‌ അനുഭവപ്പെട്ടിട്ടുണ്ടാകണം.മേനിപ്രദര്‍ശനത്തിനു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ട അഭിനയം.മറുവശത്ത് ലേഡി മാക്ബെത്ത്  അഥവാ കുട്ടിമാണിയായി ദിവിന താക്കൂര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.'വടക്കന്‍ വീരഗാഥ'യില്‍  സ്ത്രീജനങ്ങളില്‍ ഉണ്ണിയാര്‍ച്ചയ്ക്ക് സ്ഥാനം ലഭിച്ചപ്പോള്‍ 'വീരം' അത് കുട്ടിമാണിക്ക് വച്ച് മാറി. സ്വതാല്‍പ്പര്യങ്ങള്‍ക്ക് അമിതമായി വില കല്‍പ്പിക്കുന്ന കുട്ടിമാണിക്ക് വേണ്ടി തയ്യാറാക്കിയ സംഭാഷണങ്ങള്‍ എടുത്തു പറയേണ്ടതാണ്.പ്രണയത്തിലും,കാമത്തിലും കുട്ടിമാണി താനാരാണെന്ന് വിളിച്ചു പറയുന്നുണ്ടെങ്കിലും അത് മനസ്സിലാക്കുവാന്‍ പലര്‍ക്കും കഴിയുന്നില്ല.ആരോമല്‍,അരിങ്ങോടര്‍ എന്നീ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയവര്‍ ആയോധനകലകളില്‍ അഗ്രഗണയരായി അനുഭവപ്പെട്ടുവെങ്കിലും ഭാവാഭിനയത്തില്‍ പിന്നോക്കം നിന്നു.ആരോമല്‍ ഉണ്ണിയായി എത്തി ചന്തുവിന്റെ കഥ കഴിക്കുന്ന വീരനായ കഥാപാത്രത്തിന് ഒരൊറ്റ സംഭാഷണശകലം പോലും സംവിധായകന്‍ നല്‍കിയില്ല എന്നത് ആശ്ച്ചര്യകരമായ ഒന്നാണ്.

തിരക്കഥ എന്നതിലേക്ക് വിരല്‍ ചൂണ്ടിയാല്‍,മലയാളം കണ്ട എക്കാലത്തെയും മികച്ച തിരക്കഥകളില്‍ ഒന്നാണ് 'വീരം'.വാമൊഴിയായി പാടിയറിഞ്ഞ  വടക്കന്‍പാട്ടിലെ ചന്തുവിനെയും മഹാസാഹിത്യകാരന്റെ മാക്ബെതിനെയും അസാമാന്യമായ കരവിരുതോടെയാണ് തിരക്കഥയില്‍ ഒരിമിച്ചു ചേര്‍ത്തിരിക്കുന്നത്.മാക്ബത്തിലെ മന്ത്രവാദിനിയെ കൈയടക്കത്തോടെ വടക്കന്‍ പാട്ടിലേക്ക് ആനയിച്ചിരിക്കുന്ന കഥാഗതി ഇതിനു ഉത്തമ ഉദാഹരണമാണ്.ജയരാജ്‌ എന്ന സംവിധായകന്‍ അസാമാന്യമായ കൈയടക്കത്തോടെയാണ് ഈ ചിത്രം പ്രേക്ഷകര്‍ക്ക്‌ മുന്നിലേക്ക്‌ കൊണ്ടെത്തിചിരിക്കുന്നത്.ഗാനങ്ങള്‍,വടക്കന്‍ ഭാഷയിലുള്ള സംഭാഷണങ്ങള്‍,ആഖ്യാനരീതി,ചായഗ്രഹണം,സംഖടനരംഗങ്ങള്‍ എന്നിവ മികച്ചു നിന്നപ്പോള്‍ BGM ചില ഭാഗങ്ങളില്‍ അനാവശ്യമായി അനുഭവപ്പെട്ടു.ചിത്രത്തിന്റെ തുടക്കത്തില്‍ ചന്തുവിന്റെ LIP SYNC ല്‍ ചെറിയ വ്യതിയാനങ്ങള്‍ ഉണ്ടായതും ചിത്രത്തിന്റെ ന്യൂനതയായി എടുത്തുകാട്ടാവുന്നതാണ്.പല ആംഗലേയ ചിത്രങ്ങളെയും അനുസ്മരിപ്പിക്കുന്ന ഫ്രെയിമുകള്‍ ചിത്രത്തിന്റെ ദ്രിശ്യഭംഗിക്ക് കൂടുതല്‍ മിഴിവേകി.അജന്ത-എല്ലോറ ഗുഹകളില്‍ വച്ച് ഷൂട്ട്‌ ചെയ്യപ്പെട്ട രംഗങ്ങള്‍ പ്രത്യേകം എടുത്തു പറയേണ്ടതാണ്.

മലയാളം കണ്ട ഏറ്റവും മികച്ച CGI,VFX സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച ചിത്രമാകും 'വീരം'.ചിത്രത്തിലെ കോഴിപ്പോരു ഇതിനു മികച്ച ഒരുദാഹരണമാണ്.'പുലിമുരുകന്‍' പോലെയുള്ള ചിത്രങ്ങളില്‍ പോലും പലയിടങ്ങളിലും കല്ലുകടിയായിരുന്നു മോശമായ CGI വര്‍ക്ക്‌.എന്നാല്‍ 'വീരം'അതില്‍ നിന്നൊക്കെ വ്യത്യസ്തമാകുന്നു.

Verdict : ഒരു ബഹുബലി പ്രതീക്ഷിച്ചു പോയാല്‍ നിങ്ങളെ നിരാശരാക്കാനുള്ളതെല്ലാം 'വീര'തിലുണ്ട്.എന്നാല്‍ ഒരു നല്ല സിനിമ എന്ന ചിന്താഗതിയോട് സമീപിച്ചാല്‍ 'വീരം' നിങ്ങളെ ആശ്ചര്യപ്പെടുത്തും എന്നത് തീര്‍ച്ച.'പുലിമുരുകന്‍' പോലെയുള്ള ആവറേജ് ചിത്രങ്ങള്‍ക്ക് നല്‍കുന്ന പ്രത്സാഹനങ്ങളുടെ പകുതി നല്‍കിയാല്‍ ഈ ചിത്രം നിരൂപകരോടൊപ്പം ബോക്സ്‌ ഓഫീസിലും സംതൃപ്തിയുടെ ചിരി വിടര്‍ത്തും എന്നതാണ് സത്യം.

A MUST WATCH :) 

No comments:

Post a Comment