Sunday, February 12, 2017

Ezra review

പ്രതീക്ഷകൾക്ക് കോട്ടം തട്ടിക്കാതെ 'എസ്രാ'
ഇടകാലങ്ങളിൽ ഏറ്റവുമധികം കേട്ട  പേരാണ് 'എസ്രാ'.മലയാളത്തിലെ ഏറ്റവും മികച്ച ഹൊറർ ത്രില്ലർ ആകുവാനുള്ള എല്ലാ സാധ്യതകളും കല്പിക്കപ്പെട്ട 'എസ്രാ' ഇന്ന് FDFS കാണാൻ ഇറങ്ങിപുറപ്പെട്ടപ്പോൾ പ്രതിക്ഷകളുടെ മാറാപ്പു സിനിമ കോട്ടകയ്ക്കു വെളിയിൽ ഊരി എറിഞ്ഞാണ് അകത്തു കയറിയത്.കൊട്ടാരക്കരയുടെ പ്രീയപ്പെട്ട 'മിനർവ്വ'യ്‌ക്ക് മുന്നിൽ പ്രതീക്ഷിച്ച പോലെ നല്ല ആൾത്തിരക്കുണ്ടായിരുന്നു.അകത്തു കയറിയത് മുതൽ 'ഗ്രേറ്റ് ഫാദർ' ടീസർ കാണാൻ നോക്കി ഇരുന്നപ്പോൾ ഏവരെയും നിരാശപ്പെടുത്തി ദ്രാവിഡ് ബീഡി വലി പരസ്യവുമായി വന്നു.ടീസർ ഉണ്ടായിട്ടുന്നില്ല😢.എസ്രാ തുടങ്ങി.10 മണിക്ക് തുടങ്ങിയ പടം 12.45 നു തീർന്നു.ഇനി പടത്തിലേക്ക് വരാം...
Story
______
ഒരു ഹൊറർ സിനിമയുടെ ക്ളീഷേകളോടെ തന്നെ 'എസ്രാ' ആരംഭിക്കുന്നു.ഒരു മരണം അതിനു തുടർച്ചയായ അന്വേഷണം.മരണത്തിനു കാരണമായ DYBUKK എന്ന പെട്ടി പതിവുപോലെ നായകൻറെ വീട്ടിൽ എത്തുന്നു.ഹൊറർ സിനിമകളുടെ പതിവ് ക്ളീഷേയായ ഒരു പാവയെ കണ്ടു എങ്കിലും അതിനു കാര്യമായി ഒന്നും ചെയ്യാനില്ലാതിരുന്നത് നല്ലൊരു നീക്കം ആയി അനുഭവപ്പെട്ടു.പേടിപ്പെടുത്തുന്ന ചില നിമിഷങ്ങൾ നൽകിയ ഒന്നാം പകുതി ചോദ്യങ്ങൾ ഒരുപാട് ബാക്കിയാക്കി അവസാനിച്ചു.രണ്ടാം പകുതിയിൽ ചിത്രം അതിന്റെ കഥയിലേക്ക് ആഴ്ന്നിറങ്ങുകയാണ്.അബ്രഹാം എസ്രാ എന്ന ദുരാത്മാവിന്റെ ജീവിതത്തിലേക്ക് നീങ്ങുന്ന രണ്ടാം പകുതി മലയാളിക്ക് പരിചിതമല്ലാത്ത നിരവധി നിമിഷങ്ങൾ സമ്മാനിച്ചു മടങ്ങുന്നുണ്ട.
Cast & Perfomance
___________________
പൃഥ്വിരാജ്:സിനിമയുടെ ഹൈപ്പന്റെ മൂലകാരണം പൃഥ്വിരാജ് എന്ന പേര് മാത്രമാണ്.പ്രേക്ഷകർക്ക് ആ പേരിലുള്ള വിശ്വാസം ഇത്തവണയും കളഞ്ഞു കുളിച്ചില്ല മലയാളത്തിന്റെ പ്രിയ നായകൻ.രഞ്ജൻ എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ തന്നെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.ചില സീനുകളിൽ വിഷ്വൽസിനെക്കാളും BGM നേക്കാളും പേടിപ്പെടുത്താൻ പ്രിത്വി എന്ന നടന്റെ ഭയചിത്തമായ മുഖത്തിന് സാധിച്ചു.ക്ലൈമാക്സ് സീനുകളിലെ പ്രിത്വിയുടെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്.ഭീതി,നിസ്സഹായത എന്നീ ഭാവങ്ങളൊക്കെ തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു.
പ്രിയ ആനന്ദ്:മലയാളത്തിന് പുതുമുഖമായ നടി സാമാന്യം ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചിട്ടുണ്ട്.സിനിമയുടെ തുടക്കത്തിലൊക്കെ എവിടെയൊക്കെയോ കൈ വിട്ടുപോയി എന്നു തോന്നിക്കുന്ന അഭിനയം കാഴ്ച വച്ചുവെങ്കിലും കഥ പുരോഗമിക്കുന്നതോടെ പ്രിയയും മെച്ചപ്പെട്ടു.മേനി പ്രദർശനം സുപരിചിതമല്ലാത്ത മലയാളത്തിൽ അതിനും മടികാട്ടിയിട്ടില്ല നായിക.എങ്കിലും അതൊന്നും ചിത്രത്തെ ആലോസരപ്പെടുത്തിയില്ല.എങ്കിൽ പോലും പ്രിയ എന്ന വേഷം മറ്റു പലർക്കും കൂടുതൽ ഇണങ്ങും എന്ന് പറയാതെ വയ്യ.ഒരുപക്ഷെ,നയൻതാര ആയിരുന്നുവെങ്കിൽ കൂടുതൽ മെച്ചപ്പെട്ടേനെ എന്ന അഭിപ്രായങ്ങൾ കേട്ടിരുന്നു.
ടോവിനോ തോമസ്:ടീസർ,ട്രെയ്ലറുകളിൽ കണ്ട പോലെ ടോവിനോയ്ക്ക് ചിത്രത്തിലുടനീളം വേഷപ്പ്കർച്ച നടത്താനുള്ള ഒരിടം സംവിധായകൻ നൽകിയിട്ടില്ല.എങ്കിൽ പോലും തന്റെ ACP വേഷം മികച്ചതാകാൻ അദ്ദേഹത്തിന് കഴിഞ്ഞു.തീയറ്ററുകളിൽ പ്രിത്വിയേക്കാളും കൂടുതൽ കൈയടി കിട്ടിയത് ടോവിനോയുടെ ഇന്ററോ സീനിനായിരുന്നു.മലയാളികൾ ഇന്നീ ചെറുപ്പക്കാരനെ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നതിന് മികച്ച ഉദാഹരണമാണത്.
സുജിത് ശങ്കർ:ഒരുപക്ഷെ ചിത്രത്തിലെ ഏറ്റവും മികച്ച കാസ്റ്റിംഗും ഡബ്ബിങ്ങും ഇദ്ദേഹത്തിന്റേതാകാം.ജൂത പുരോഹിതനായി സുജിത് വേഷമിട്ടപ്പോൾ 'മഹേഷിന്റെ പ്രതികാര'തിനു ശേഷം വെള്ളിത്തിരയിൽ അദ്ധേഹത്തിന്റെ ശക്തമായ തിരിച്ചുവരവായി 'എസ്രാ'.സുജിത്തിനു വേണ്ടി സണ്ണി വെയിനിന്റെ ശബ്ദം ഉപയോഗിക്കാൻ സംവിധായകൻ കാണിച്ച ബുദ്ധി റാബി മർക്കസ് എന്ന കഥാപ്പാത്രത്തെ മികച്ചതാക്കി.
മറ്റു കഥാപാത്രങ്ങളെല്ലാം മികച്ചു നിന്ന ചിത്രത്തിൽ 'എസ്‌റ'യായി വേഷമിട്ടയാളുടെ(ആരാണെന്നു പറയാൻ കഴിയാത്തതിൽ ക്ഷമിക്കുന്നു) പ്രകടനം എടുത്തുപറയേണ്ട ഒന്നാണ്.മലയാളത്തിലെ സംവിധായകർ നല്ലതുപോലെ ഉപയോഗിക്കുവനുള്ള എല്ലാ കഴിവും തനിക്കുണ്ടെന്ന 'എസ്രാ'യായി അദ്ദേഹം വിളിച്ചു പറയുന്നു.വിജയ രാഘവൻ,ബാബു ആന്റണി എന്നിവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി
Direction and technical department
__________________________________
ചിത്രത്തിൽ എടുത്തു പറയേണ്ട രണ്ടു പേരുകളാണ് സംവിധായകൻ ജയുടെയും ഛായാഗ്രാഹകൻ സുജിത് വാസുദേവന്റെയും.ഒരു തുടക്കക്കാരന്റെ പരിമിതികൾക്കപ്പുറം 'എസ്രാ'യെ ചിട്ടപ്പെടുത്താൻ തന്റെ തൂലിക ചലിപ്പിക്കുകയും സംവിധാന മികവ് ഉപയോഗിക്കുകയും ചെയ്ത ജയ് ,മലയാള സിനിമയ്ക്ക് ഒരു മുതൽക്കൂട്ടാകും എന്ന് തന്നെ നമുക്ക് വിശ്വസിക്കേണ്ടി വരും.ഇംഗ്ലീഷ് സിനിമകളോട് കിടപിടിക്കുന്ന ഹൊറർ സീനുകൾ നിരവധിയുള്ള 'എസ്രാ' സംവിധായകന്റെ പ്രതിഭ വിളിച്ചോതുകയാണ്.ചിത്രത്തിൽ പ്രിത്വിരാജ് തന്റെ ഭാര്യയെ മറ്റൊരു വീടിന്റെ മതിലിനു മുകളിൽ കാണുന്ന സീനൊക്കെ ഹൊറർ സിനിമ പ്രേമികൾക്ക് ഒരു നവ്യാനുഭവം ആണ്‌.
സുജിത് വാസുദേവൻ എന്ന ഛായാഗ്രാഹകൻ മലയാളത്തിൽ നിരവധി തവണ തന്റെ പ്രതിഭ പ്രേക്ഷകർക്ക് കാട്ടി തന്ന ആളാണ്.7th ഡേ യിൽ അദ്ദേഹം നൽകിയ പോലെ ഒരു ഡാർക്ക് ഷെയ്ഡ് ആണ് 'എസ്രാ'യ്ക്കും നൽകിയിരിക്കുന്നത്.മികച്ച ആംഗിളുകളും ഷോട്ടുകളും ചിത്രത്തെ കൂടുതൽ ഭീതിജനകം ആക്കുകയുണ്ടായി.സംഗീതം രാഹുൽ രാജ് ആണെന്ന് ആദ്യം കരുതിയെങ്കിലും 'ലൈലകമേ'എന്ന ഗാനം മാത്രമേ അദ്ദേഹത്തിന്റേതായി ഉള്ളുവെന്ന ചിത്രം കണ്ടതോടെ മനസ്സിലാക്കാൻ സാധിച്ചു(ആളുടെ പേര് ഓർമയില്ല).എങ്കിലും ഒരു ഹൊറർ ചിത്രത്തിന് വേണ്ട എല്ലാ മൂഡും നൽകാൻ BGM നു സാധിച്ചു.എഡിറ്റിംഗ് വിവേക് ഹർഷന്റെ കൈയിൽ ഭദ്രമായിരുന്നു.
Overall
_______
മലയാളത്തിലെ ഏറ്റവും മികച്ച ഹൊറർ അനുഭവമാകും എന്ന പ്രസ്താവനയോട് പൂർണമായും നീതി പുലർത്താൻ സാധിച്ച ഒരു ചിത്രമാണ് 'എസ്രാ'.മലയാളത്തിൽ ഇന്നോളം ഉണ്ടായിട്ടുള്ള എല്ലാ ഹൊറർ സിനിമകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് 'എസ്രാ'.ഇംഗ്ലീഷ് സിനിമകളിൽ കണ്ട പല കളീഷേ രംഗങ്ങളും ഉൾക്കൊള്ളിച്ചുവെങ്കിലും,അത് തന്മയത്വത്തോടെ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതിൽ 'എസ്രാ' വിജയിച്ചു.കൂടാതെ ക്ളീഷേകളാൽ ബന്ധിതമല്ലാത്ത മികച്ച പല രംഗങ്ങളും ചിത്രത്തിൽ ഉണ്ടെന്നുള്ളതും എടുത്തു പറയേണ്ട കാര്യങ്ങളാണ്.'എസ്രാ' എന്ന കഥാപാത്രം ആരാണ് എന്നതിനെപ്പറ്റിയുള്ള പല ഊഹാബോഹങ്ങൾ റിലീസിന് മുൻപ് പ്രചരിച്ചിരുന്നു.ഒരുപക്ഷെ,ചിത്രത്തിലെ ഏറ്റവും വലിയ ട്വിസ്റ്റും അതാകും എന്ന പ്രതീക്ഷയിലാകും നമ്മളേവരും 'എസ്രാ'യ്‌ക്ക് ടിക്കറ്റ് എടുക്കുന്നത്.എന്നാൽ അതിനേക്കാൾ മികച്ച ഒരു ട്വിസ്റ്റ് നൽകിയാണ് ചിത്രം അവസാനിക്കുന്നത്.ഒരുപക്ഷെ,ലോക സിനിമയിൽ തന്നെ ആദ്യമായാകാം ജൂത മതത്തെ മുന്നിൽ നിർത്തി ഒരു ഹൊറർ അനുഭവം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.ഹോളിവുഡ് പ്രേതപ്പടങ്ങൾക്കു മാത്രം ജയ് വിളിക്കുന്ന ടോറന്റ് ബുജ്ജീകളെ സംതൃപ്പെടുത്തുവാൻ ചിത്രത്തിന് ആകുമോ എന്നതിൽ എനിക്ക് സംശയമുണ്.എങ്കിൽ കൂടിയും 'Conjuring' സീരീസ് overrated ആണെന്ന് വിശ്വസിക്കുന്ന എന്നെപ്പോലെ ഒരു പ്രേക്ഷകനെ വരെ തൃപ്തിപ്പെടുത്താൻ ജയ് എന്ന സംവിധായകന് കഴിഞ്ഞു.
ഒറ്റവാക്കിൽ പറഞ്ഞാൽ,ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്ന എല്ലാവര്ക്കും ധൈര്യമായി 'എസ്രാ' ടിക്കറ്റ് എടുക്കാം.
Rating______3.5/5

No comments:

Post a Comment