Monday, February 13, 2017

Industry Hits in Mollywood

ഇന്ടസ്ട്രി ഹിറ്റുകളുടെ മോളിവുഡ്
===================================


വാണിജ്യപരമായി സിനിമ എന്ന കലാരൂപത്തെ നോക്കിക്കാണാന്‍ മനുഷ്യന്‍ ശ്രമിച്ചു തുടങ്ങിയത് മുതല്‍ ആ കലാരൂപത്തിന്റെ വളര്‍ച്ചയും ധ്രുത ഗതിയിലായി.ലോകമെമ്പാടും സിനിമ കൊട്ടകകള്‍ പ്രത്യക്ഷപ്പെട്ടു,സിനിമയ്ക്കായി പണം ഇറക്കാന്‍ ആളുകള്‍ തിരക്ക് കൂട്ടി.ഒരു വാണിജ്യ ശക്തിയായി സിനിമ വളര്‍ന്നു.ഒരു പക്ഷെ ഒരു നൂറ്റാണ്ടിന്റെ മാത്രം പാരമ്പര്യം കൈമുതലായുള്ള ഇത്രയും വലിയ മറ്റൊരു  വ്യവസായത്തെ  കണ്ടെത്താന്‍ പറഞ്ഞാല്‍ ഏതൊരാളും ഒന്ന് വിയര്‍ക്കും എന്ന് പറയാതെ വയ്യ.ഹോളിവൂഡില്‍ തുടങ്ങി ഇങ്ങു കൊച്ചു കേരളത്തില്‍ വരെ പണം വാരി പടങ്ങള്‍ നിര്‍മാതാക്കളുടെ കീശ നിറച്ചുകൊന്ടെയിരുന്നു.കോടികളുടെ കിലുക്കം മലയാള സിനിമ വ്യവസായത്തെയും വളരെയേറെ സ്വാധീനിച്ചു.കളക്ഷന്‍ എന്ന വിഷയത്തില്‍ പിന്നോക്കം ആണെന്നു പരക്കെ ഒരപവാദം കേട്ടിരുന്നു നമ്മുടെ കൊച്ചു മോളിവൂഡും ഇന്ന് ഒരു 150 കോടി പടം പ്രേക്ഷകര്‍ക്കായി നല്കി ചരിത്രം കുറിച്ച്.മലയാളക്കരയ്ക്ക് കോടികളുടെ തിളക്കം നല്‍കി ഇന്ടസ്ട്രി ഹിറ്റുകള്‍ ആയ സിനിമകളെപ്പറ്റി എന്റേതായ രീതിയില്‍ ഒരു ചെറു അവലോഹനം എഴുതുന്നു.....

1)നല്ല തങ്ക (1950)

1950 ജനുവരി മാസം തീയറ്ററുകളില്‍ എത്തിയ 'നല്ല തങ്ക' മലയാള സിനിമ ലോകത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ്.പി വി കൃഷ്ണയ്യരുടെ സംവിധാനത്തില്‍ മിസ്സ്‌ കുമാരി,അഗസ്റ്റിന്‍ ജോസഫ്‌,വൈക്കം മണി എന്നിവര്‍ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു.1949 ലെ 'വെള്ളിനക്ഷത്രം' എന്ന സിനിമയ്ക്ക്‌ ശേഷം ഉദയ സ്റ്റുഡിയോയുടെ രണ്ടാമത്തെ ചിത്രമായിരുന്നു 'നല്ല തങ്ക'.മലയാള സിനിമ ലോകം സിനിമ ആസ്വാദനം എന്നതിനെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗം ആക്കിയതില്‍ ഈ ചിത്രത്തിനുള്ള പങ്കു ഒട്ടും ചെറുതല്ല.1950 ജനുവരി മാസം തീയറ്ററുകളില്‍ എത്തിയ 'നല്ല തങ്ക' മലയാള സിനിമ ലോകത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ്

2)നീലക്കുയില്‍ (1954)

സ്വന്തമായി ശക്തമായ തിരക്കഥകള്‍ ഉണ്ടായിരുന്നില്ല എന്നാതായിരുന്നു 'നീലക്കുയിലി'നു മുന്‍പുള്ള മലയാള സിനിമകളുടെ പൊതുവായ ന്യൂനത.ഇതിനൊരു അറുതി വരുത്തിക്കൊണ്ട്  'നീലക്കുയില്‍' അവതരിച്ചത് മലയാള സംസ്കാരത്തില്‍ ഊന്നിയ ഒരു തിരക്കഥയുമായാണ്.കേരളത്തില്‍ നിലനിന്നിരുന്ന ജന്മിത്ത വ്യവസ്ഥിതിയെയും തൊട്ടുതീണ്ടായ്മയെയും സ്ത്രീകള്‍ നേരിടുന്ന അരാജകത്വത്തെയും പ്രതിപാദിച്ച തിരക്കഥയില്‍ സംഭാഷണങ്ങള്‍ എല്ലാം തന്നെ പ്രാദേശിക മലയാളത്തില്‍ ആയിരുന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ്.ദേശീയ  തലത്തില്‍ അംഗീകാരം നേടിയെടുക്കാന്‍ മലയാള സിനിമയ്ക്ക്  ആദ്യമായി കഴിഞ്ഞതും 'നീലക്കുയിലി'ലൂടെ തന്നെയാണ്.പി ഭാസ്കരന്‍,രാമു കാര്യാട്ട് എന്നിവരുടെ സംവിധാന മികവില്‍ സത്യന്‍,മിസ്സ്‌ കുമാരി എന്നിവര്‍  താരനിരയില്‍ മുന്‍പില്‍ നിന്നു.മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും കരസ്ഥമാക്കി ചിത്രം.

3)ചെമ്മീന്‍ (1965)

മലയാള സിനിമയ്ക്ക് ലഭിച്ച മണിമുത്ത് എന്ന് വിശേഷിപ്പികാവുന്ന മികച്ച ഒരു കലാസ്രിഷ്ടി,അതായിരുന്നു ചെമ്മീന്‍.കളര്‍ സിനിമകള്‍ ഒരു അത്ഭുതമായി കണ്ടിരുന്ന കാലഖട്ടങ്ങളില്‍ പിറവിയെടുത്ത ചിത്രമായിരുന്നു 'ചെമ്മീന്‍'.രാമു കാര്യാട്ട് എന്ന സംവിധായകന്‍ തന്റെ സംവിധാനമികവ് വീണ്ടും പുറത്തെടുത്തപ്പോള്‍ തിരശ്സീലയില്‍ വിരിഞ്ഞത് ഇന്ത്യന്‍ സിനിമയിലെ തന്നെ സാന്കെതികതികവിലും കലാമൂല്യത്തിലും മുന്നിട്റ്റ് നിന്നു ഒരു ചലച്ചിത്ര സപര്യ തന്നെയായിരുന്നു.പ്രസിഡന്റിന്റെ കൈയില്‍ നിന്നു ആദ്യമായി സ്വര്‍ണ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ ചലച്ചിത്രമായി 'ചെമ്മീന്‍' മാറി.മധു, ഷീല എന്നിവര്‍ മുഖ്യ താര നിരയില്‍ അണിനിരന്നപ്പോള്‍ തന്റെ അഭിനയ ജീവിതത്തില്‍ മറ്റൊരു സ്വര്‍ണ തൂവല്‍ കൂടി ‍ചാര്‍ത്തി സത്യന്‍ എന്ന അഭിനയ വിസ്മയം മലയാളികളെ അമ്പരപ്പിച്ചു.സലീല്‍ ചൌദരിയുടെ സംഗീതത്തില്‍ വിരിഞ്ഞ പാട്ടുകള്‍ ഇന്നും മലയാളികളുടെ ഈണങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.Cannes,Chicago ഫിലിം ഫെസ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം ഹിന്ദി,ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ മൊഴി മാറ്റി റിലീസ്  ചെയ്തതും ചരിത്രം

4)ശരപഞ്ചരം (1979)

ആര്‍ട്ട്‌ സിനിമകളില്‍ നിന്നു മാറി ആക്ഷന്‍ സിനിമകളിലേക്ക് മലയാളികളുടെ അഭിരുചി മാറിയതില്‍ ജയന്‍ എന്ന നടനുള്ള പങ്കു ചെറുതൊന്നുമല്ല.ജയന്‍ എന്ന പേര് തന്നെ ഒരു ബ്രാന്‍ഡ്‌ ആയി നിലകൊണ്ട് കാലത്തായിരുന്നു ശരപഞ്ചരം എന്ന സിനിമ മലയാളിക്ക് മുന്നിലേക്ക്‌ എത്തിയത്.ഷീല മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട ജയന്‍ വില്ലനായും നായകനായും ഏവരെയും വിസ്മയിപ്പിച്ചു.ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രം അതുവരെയുള്ള എല്ലാ മലയാള സിനിമ റെക്കോഡുകളും പഴം കഥയാക്കി പുതു ചരിത്രം രചിച്ചു.75 ലക്ഷത്തോളം രൂപ തീയറ്ററുകളില്‍ നിന്നു ശരപഞ്ചരം നേടിയെടുത്തപ്പോള്‍ ജയന്‍ എന്നാ നായകന്‍ എതിരാളികളില്ലാതെ മലയാള സിനിമ ലോകത്തെ കിരീടം വയക്കാത്ത രാജാവായി മാറി.

5)അങ്ങാടി (1980)

ടി ദാമോദരന്റെ തിരക്കഥയില്‍ ഐ വി ശശിയുടെ സംവിധാനത്തില്‍ ജയന്‍,സീമ സുകുമാരന്‍ എന്നിവര്‍ മുഖ്യ വേഷത്തില്‍ അണിനിരന്ന ചിത്രമായിരുന്നു അങ്ങാടി.പോയ വര്‍ഷത്തെ വിജയ ഗാഥ ജയന്‍ 1980 ലും തുടര്‍ന്നപ്പോള്‍ അങ്ങാടി മലയാള സിനിമയിലെ ഏറ്റവും വലിയ വിജയം ആയി മാറി.തന്റെ തന്നെ 'ശരപഞ്ചരം' തീര്‍ത്ത റിക്കാര്‍ഡുകള്‍ ജയന്‍ 'അങ്ങാടി'യാല്‍ പിഴുതെടുത്തു.ജയന്‍ എന്ന നടന്‍ തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും."we are not beggars" എന്ന് തുടങ്ങുന്ന അദ്ധേഹത്തിന്റെ 'അങ്ങാടി'യിലെ ഡയലോഗുകള്‍ ഇന്നും അതിന്റെ തനിമ ചോരാതെ നിലകൊള്ളുന്നു.ശ്യാം ഈണം നല്‍കിയ പാട്ടുകള്‍ കൂടി  ഹിറ്റ്‌ ആയപ്പോള്‍ 'അങ്ങാടി' മലയാള സിനിമയിലെ നാഴികക്കല്ലായി

6)മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ (1980)

ഒരുകൂട്ടം പുതുമുഖങ്ങളുടെ സംഗമമായിരുന്നു 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍'.സംവിധായകന്‍,നായകന്‍,നായിക,വില്ലന്‍, എന്നിവരെല്ലാം പുതുമുഖങ്ങള്‍ ആയിരുന്നു.ശങ്കര്‍,പൂര്‍ണിമ ജയറാം എന്നിവര്‍ മുഖ്യ വേഷത്തില്‍ എത്തിയപ്പോള്‍ പ്രതിനായക വേഷത്തില്‍ ഉണ്ടായിരുന്നത് മോഹന്‍ലാല്‍ ആയിരുന്നു.ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഒരു നടന്റെ ഉദയം കൂടിയായി അങ്ങനെ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍'.1980 ക്രിസ്മസ് കാലത്ത് റിലീസ് ചെയ്യപ്പെട്ട ചിത്രം മലയാളത്തിനു ഒരു പുതിയ മുഖം സമ്മാനിച്ചു.7 ലക്ഷം രൂപയുടെ ബജറ്റില്‍ എത്തിയ ചിത്രം 98 ലക്ഷം രൂപയാണ് കേരള ബോക്സ്‌ ഓഫീസില്‍ നിന്നു കളക്റ്റ് ചെയ്തത്.റിലീസ് ചെയ്ത നാളുകളില്‍ മികച്ച ഓപ്പണിംഗ് ലഭിക്കാതിരുന്ന ചിത്രം പിന്നീട് മികച്ച കളക്ഷന്‍ നേടുകയായിരുന്നു.200 ദിവസത്തോളം പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം മലയാള സിനിമ ലോകത്തിനു നിരവധി പ്രതിഭാശാലികളെയും സമ്മാനിച്ചു


7)ആ രാത്രി(1983)

ജോഷിയുടെ സംവിധാനത്തില്‍ മമ്മൂട്ടി,പൂര്‍ണിമ ജയറാം എന്നിവര്‍  മുഖ്യ വേഷത്തിലെത്തിയ 'ആ രാത്രി' മലയാളത്തില്‍ ആദ്യമായി കോടികളുടെ കിലുക്കം മലയാളക്കരയ്ക്ക് സമ്മാനിച്ചു.മലയാളത്തില്‍ ആദ്യമായി 1 കോടി കളക്ട് ചെയ്ത ചിത്രമായി 'ആ രാത്രി'.മമ്മൂട്ടി എന്ന നടന്റെ ഉദയത്തിനു വഴിയൊരുക്കിയ ഒരുകൂട്ടം ചിത്രങ്ങളില്‍ ഒരു പ്രത്യേക ഇരിപ്പിടം തന്നെ 'ആ രാത്രി'ക്കുണ്ട്.Emotional,Drama elements നല്ല രീതിയില്‍ ഉള്‍ക്കൊള്ളിച്ച ചിത്രം അക്കാലത്തെ എല്ലാ ബോക്സ്‌ ഓഫീസ് റിക്കാര്‍ഡുകളും പഴംകഥയാക്കി.ഇളയരാജയുടെ സംഗീതത്തില്‍ യേശുദാസ്,ജാനകി,ജയചന്ദ്രന്‍ എന്നിവര്‍ പാടിയ പാട്ടുകളും മലയാളിക്ക് എന്നും പ്രീയപ്പെട്ടവയായി മാറി.

8)എന്‍റെ മാമാട്ടികുട്ടിയമ്മയ്ക്കു (1983)

'ആ രാത്രി' തീര്‍ത്ത റിക്കാര്‍ഡുകള്‍ക്ക് മാസങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.തന്റെ ആദ്യ ചിത്രം തന്നെ മികച്ചതാക്കിയ ഫാസില്‍ നവോദയ അപ്പച്ചനോടൊപ്പം കൈകൊര്‍ത്തപ്പോള്‍ മലയാളിക്ക് എക്കാലവും ഓര്‍ത്തിരിക്കാവുന്ന ഒരു ചലന ചിത്രത്തിന്റെ ഉദയമായിരുന്നു അവിടെ സംഭവിച്ചത്.പിന്നീട് മലയാളത്തിന്റെ പ്രിയ നായികയായ ശാലിനിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു 'എന്‍റെ മാമാട്ടികുട്ടിയമ്മയ്ക്കു'.ഭരത് ഗോപി,മോഹന്‍ലാല്‍,പൂര്‍ണിമ ജയറാം എന്നിവര്‍ മുഖ്യ വേഷത്തില്‍ എത്തിയ ചിത്രം തീയറ്ററുകളില്‍ വീണ്ടും കോടികളുടെ തിളക്കം സമ്മാനിച്ചു മടങ്ങി.മോഹന്‍ലാല്‍ എന്ന നടന്‍ മലയാള സിനിമയില്‍ കാലുറപ്പിച്ചതില്‍ ഈ സിനിമയ്ക്കുള്ള പങ്കു ചെറുതൊന്നുമല്ല.കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ചിത്രം,നടന്‍,സംവിധാനം,ബാലതാരം എന്നീ അവാര്‍ഡുകളും 'എന്‍റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്' സ്വന്തമാക്കി.ബിച്ചു തിരുമലയുടെ രചനയില്‍ ജെറി അമല്‍ദേവിന്റെ സംഗീതത്തില്‍ പിറന്ന ഗാനങ്ങളും ജനശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.

9)ന്യൂ ഡല്‍ഹി (1987)

ആദ്യ കാലങ്ങളില്‍ മികച്ച ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിക്കുകയും പിന്നീട് തുടര്‍ച്ചയായി പരാജയങ്ങള്‍ രുചിക്കുകയും ഫീല്‍ഡ് ഔട്ട്‌ ആകും എന്ന് പലരും വിധിയെഴുതിയ,പില്‍ക്കാലത്ത് മലയ സിനിമാലോകത്തിന്റെ തന്നെ അമരക്കാരനായ,മമ്മൂട്ടി എന്ന നായകന്‍റെ അത്യുഗ്രന്‍ തിരിച്ചു വരവായിരുന്നു 'ന്യൂ ഡല്‍ഹി'.മലയാളത്തില്‍ ഹിറ്റുകളുടെ തോഴന്‍ ജോഷിയുടെ സംവിധാനത്തില്‍ മമ്മൂട്ടി,ത്യാഗരാജന്‍,സുമലത എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായി അണിനിരന്ന 'ന്യൂ ഡല്‍ഹി' ഒരു പൊളിറ്റിക്കല്‍ ത്രില്ലെര്‍ ജേണര്‍ കൈകാര്യം ചെയ്തു.ചിത്രം ബോക്സ്‌ ഓഫീസില്‍ വന്‍ വിജയം ആയപ്പോള്‍ ജോഷി തന്നെ ചിത്രത്തിന്റെ ഹിന്ദി,തെലുങ്ക്,കന്നഡ റീമേകുകള്‍ സംവിധാനം ചെയ്യുകയുണ്ടായി.'ന്യൂ ഡല്‍ഹി'ക്ക് ശേഷം 'തനിയാവര്‍ത്തനം' എന്ന ചിത്രം കൂടി ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടിയപ്പോള്‍ മലയാള സിനിമയുടെ എക്കാലത്തെയും വലിയ തിരിച്ചു വരവുകളില്‍ ഒന്നായി മാറി മമ്മൂട്ടിയുടെത്.

10)ഇരുപതാം നൂറ്റാണ്ട്(1987)

പോയ വര്ഷം 'രാജാവിന്റെ മകന്‍' എന്ന ചിത്രത്തിലൂടെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കെത്തിയ മോഹന്‍ലാല്‍ എന്ന നായകന്‍ 1987 ലും തന്റെ വിജയപരമ്പര തുടരുകയായിരുന്നു.കെ മധുവിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍,സുരേഷ് ഗോപി,അംബിക എന്നിവര്‍ പ്രധാന താര നിരയില്‍ അണിനിരന്ന 'ഇരുപതാം നൂറ്റാണ്ട്' മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രമായി മാറി.മലയാളത്തില്‍ പൊതുവേ പരിചിതമല്ലാത്ത 'ഡോണ്‍' കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ 2 കോടിയോളം രൂപയാണ് ചിത്രം നിര്‍മാതാവിന്റെ കീശയില്‍ എത്തിച്ചത്.175 ദിവസത്തോളം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം മമ്മൂട്ടി-മോഹന്‍ലാല്‍ യുഗത്തിന്റെ തുടക്കവും ആയി മാറി.വര്‍ഷങ്ങള്‍ക്കു ശേഷം 2009 ല്‍ 'സാഗര്‍ ഏലിയാസ്  ജാക്കി' എന്ന പേരില്‍ 'ഇരുപതാം നൂറ്റാണ്ടി'ന്റെ ഒരു തുടര്‍ച്ചയും(കഥാപരമായ തുടര്‍ച്ചയല്ല)  റിലീസ് ചെയ്യപ്പെട്ടിരുന്നു.

11)ചിത്രം(1988)

ആക്ഷന്‍ സിനിമകള്‍ക്ക്‌ താല്‍ക്കാലികമായ അവധി നല്‍കി കോമഡിയും തനിക്കു വഴങ്ങും എന്ന് മോഹന്‍ലാല്‍ തെളിയിച്ചത് 'ചിത്ര'ത്തിലൂടെയാണ്.മോഹന്‍ലാലിനൊപ്പം രഞ്ജിനി,ശ്രീനിവാസന്‍,നെടുമുടി വേണു എന്നിവരും ഒന്നിച്ചപ്പോള്‍ സംവിധായകന്‍ പ്രിയദര്‍ശന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി മാറി 'ചിത്രം'.1988 ക്രിസ്മസ് കാലത്ത് റിലീസ് ചെയ്യപ്പെട്ട ചിത്രം മലയാളികള്‍ക്ക് ആസ്വാദനത്തിന്റെ പുതിയ ഒരു ലോകം തന്നെ തുറന്നു കൊടുക്കുകയായിരുന്നു.അതുവരെ നിലനിന്ന എല്ലാ ബോക്സ്‌ ഓഫീസി റിക്കാര്‍ഡുകളും കാറ്റില്‍ പറത്തിയ 'ചിത്രം' മലയാളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം എന്ന ബഹുമതിയും നേടിയെടുത്തു.366 ദിവസം തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു(എന്നാല്‍ godfather 400 ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്ന പേരില്‍ ഇന്നും തര്‍ക്കങ്ങള്‍ തുടരുന്നു).തീയറ്ററുകളില്‍ നിന്നു 3 കോടിയോളം രൂപ നിര്‍മാതാവിന്റെ കീശയില്‍ എത്തിച്ചിരുന്നു 'ചിത്രം'.പിന്നീട പല വര്‍ഷങ്ങളിലായി തെലുങ്ക്,ഹിന്ദി,കന്നഡ,തമിഴ് എന്നീ ഭാഷകളില്‍ ചിത്രം റീമേയിക് ചെയ്യപ്പെട്ടിരുന്നു.

12)കിലുക്കം(1991)

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ മികച്ച ചിത്രം ഏതു എന്ന ചോദ്യത്തിന്  മലയാളി മനസ്സുകളിലേക്ക് ആദ്യം ഓടിയെത്തുന്ന ഉത്തരം  'കിലുക്കം' എന്നാകും.പ്രധാനമായും ഊട്ടിയില്‍ ചിത്രീകരിക്കപ്പെട്ട 'കിലുക്ക'ത്തില്‍ മോഹനലാലിനോപ്പം ജഗതി ശ്രീകുമാര്‍,രേവതി,തിലകന്‍ എന്നിവരും വേഷമിട്ടു.മോഹന്‍ലാല്‍-ജഗതി കൂട്ടുകെട്ടില്‍ പിറന്ന കോമഡി രംഗങ്ങള്‍ ഇന്നും മലയാളിയുടെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ത്തുന്നു എന്നത് ഈ സിനിമയുടെ മനോഹാരിത വ്യക്തമാക്കുന്നു.തനിക്കു കിട്ടിയ നന്ദിനി എന്ന വേഷം ഉജ്ജ്വല പ്രകടനത്തോടെ അവതരിപ്പിച്ച രേവതി മലയാളികളുടെ പ്രിയങ്കരി ആയി മാറി.എസ് പി വെങ്കിടേഷ് ഈണം നല്‍കിയ ഗാനങ്ങളും ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടി.മലയാളത്തില്‍ ആദ്യമായി 5 കോടി കളക്ഷന്‍ നേടുന്ന ആദ്യ ചിത്രമായി 'കിലുക്കം'.ആബാലവൃദ്ധം ജനങ്ങള്‍ക്കും 'കിലുക്കം' പ്രീയപ്പെട്ടതായപ്പോള്‍ 365 ദിവസത്തോളം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ 'കിലുക്ക'ത്തിന് കഴിഞ്ഞു.ഒരേസമയം 32 തീയറ്ററുകളില്‍ മാത്രം റിലീസ് ചെയ്തു 5 കോടി കളക്റ്റ് ചെയ്ത 'കിലുക്കം' ഇന്നും മലയാള സിനിമ ലോകത്തെ അത്ഭുതമാണ്.ചിത്രത്തിന്റെ വിജയത്തിന് ശേഷം പ്രിയദര്‍ശന്‍ തന്നെ ചിത്രം തെലുങ്ക്,ഹിന്ദി ഭാഷകളില്‍ റീമേയിക് ചെയ്തിരുന്നു.സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച നടന്‍,രണ്ടാമത്തെ നടന്‍,ഗായകന്‍,ചായഗ്രഹകന്‍,എഡിറ്റര്‍ എന്നീ വിഭാഗങ്ങളില്‍ പുരസ്കാരങ്ങള്‍ കരസ്തമാക്കുകയുണ്ടായി

13)ആകാശദൂത്(1993)

ഒരു ഇന്ടസ്ട്രി ഹിറ്റ്‌ ആണോ എന്ന ചോദ്യത്തിന് ഇന്നും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഒരു പേരാണ് 'ആകശദൂതി'ന്റെത്.ചില റിപ്പോര്‍ട്ടുകളില്‍ 'കിലുക്ക'ത്തിനേക്കാള്‍ കളക്ഷന്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റു ചിലതില്‍ ചിത്രം 5 കോടി പോലും കളക്റ്റ് ചെയ്തിട്ടില്ല എന്നതു തര്‍ക്കത്തിന് കൂടുതല്‍ മാനങ്ങള്‍ നല്‍കുന്നു.എന്നിരുന്നാലും,മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നാണ് 'ആകാശദൂത്'.ദുരന്തങ്ങളുടെ പരമ്പരയായ ചിത്രത്തിന്റെ തിരക്കഥയും അവതരണവും മലയാളി മനസ്സുകളില്‍ ഉണ്ടാക്കിയ മുറിവുകളുടെ ആഴം ചെറുതൊന്നുമല്ല.മാധവി,മുരളി എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ലൂക്കെമിയ ബാധിച്ച ഒരു വിധവയുടെ കഥയാണ്‌ പറയുന്നത്.മികച്ച കുടുംബ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്‌ കരസ്ഥമാക്കിയ 'ആകാശദൂത്' മികച്ച നടി,ഗായകന്‍,ബാലതാരം എന്നീ വിഭാഗങ്ങളില്‍ കേരള സംസ്ഥാന അവാര്‍ഡുകളും മികച്ച മലയാള നടി എന്ന വിഭാഗത്തില്‍ ഫിലിം ഫെയര്‍ അവാര്‍ഡും സ്വന്തമാക്കി.മലയാള ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമയുടെ തുടര്‍ച്ച സീരിയല്‍ ആക്കി ചിത്രീകരിച്ചതിനുള്ള ബഹുമതിയും 'ആകാശദൂതി'നു സ്വന്തമാണ്.സുര്യ TV യില്‍ 501 എപിസോഡുകള്‍ ഉണ്ടായിരുന്ന സീരിയല്‍ രണ്ടു വര്‍ഷത്തോളം മിനി സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.

14)മണിച്ചിത്രത്താഴ്(1993)

മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥ പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുകയായിരുന്നു മധു മുട്ടം 'മണിചിത്രതാഴി'ലൂടെ.ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച psycho thriller എന്ന വിശേഷണത്തോടെയെത്തിയ 'മണിച്ചിത്രത്താഴ്' നിരൂപക പ്രശംസ ആവോളം നേടുന്നതിനോപ്പം മലയ ബോക്സ്‌ ഓഫീസിലും ചലനങ്ങള്‍ സൃഷ്ട്ടിച്ചു.ഇന്ത്യന്‍ സിനിമയില്‍ തന്നെ കേട്ട് പരിചയം ഇല്ലാത്ത ഒരു തീമുമായി ഫാസില്‍ എത്തിയപ്പോള്‍ മലയാള സിനിമയില്‍ അന്നോളം ഉണ്ടായിരുന്നു ബോക്സ്‌ ഓഫീസ് റിക്കാര്‍ഡുകള്‍ ഒക്കെ കടപുഴകി വീഴുകയായിരുന്നു.സീദ്ദിക്-ലാല്‍,സിബി മലയില്‍,പ്രിയദര്‍ശന്‍ എന്നിവര്‍ സെക്കന്റ്‌ യൂണിറ്റ് സംവിധായകരുടെ വേഷത്തില്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചതും ചിത്രത്തിന് മുതല്‍ക്കൂട്ടായി.മികച്ച ഒരു തീം വെള്ളിത്തിരയില്‍ എത്തിച്ചപ്പോള്‍ ചിത്രത്തിലെ കോമഡി എലെമെന്റ്സും മികച്ചു നിന്നു.ചിത്രത്തിന്റെ തിരക്കഥയെയും ശോഭനയുടെ അഭിനയത്തെയും ആവോളം പുകഴ്ത്തിയ നിരൂപകര്‍ ചിത്രത്തിന്റെ ക്യാമറ,എഡിറ്റിംഗ് എന്നീ മേഖലകളെയും ആവോളം പ്രശംസിക്കുകയുണ്ടായി.365 ദിവസത്തോളം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം മോഹന്‍ലാലിന്‍റെ കരിയറിലെയും പൊന്‍ തൂവലായി മാറി.മികച്ച ജനപ്രിയ ചിത്രം,മികച്ച നടി എന്നീ വിഭാഗങ്ങളില്‍ ദേശീയ അവാര്‍ഡുകളും മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം,മികച്ച നടി,മികച്ച മേക്കപ്പ് എന്നീ വിഭാഗങ്ങളില്‍ കേരള സംസ്ഥാന അവാര്‍ഡുകളും നേടുകയുണ്ടായി.6 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്ത ചിത്രത്തിലെ ഡബ്ബിങ്ങും പ്രശംസ പിടിച്ചു പറ്റി.ഹിന്ദി,തമിഴ്,കന്നഡ എന്നീ ഭാഷകളിലേക്ക് ചിത്രം റീമേയിക് ചെയ്യപ്പെട്ടുവെങ്കിലും 'മണിചിത്രതാഴി'നോട് കിടപിടിക്കാന്‍ അവയില്‍ ഒന്നും തന്നെ ഉണ്ടായില്ല.മിനിസ്ക്രീനില്‍ അപൂര്‍വമായ TRP റിക്കാര്‍ഡും സൃഷ്ടിക്കാന്‍ കഴിഞ്ഞ ചിത്രമാണ് 'മണിച്ചിത്രത്താഴ്.ഒരു വര്ഷം ശരാശരി 12 തവണ ചിത്രം ഏഷ്യാനെറ്റില്‍ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ വര്‍ഷാ-വര്ഷം,ചിത്രത്തിന്റെ TRP rating മുന്‍ വര്‍ഷങ്ങളേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നത് ഒരുപക്ഷെ ലോക സിനിമയില്‍ തന്നെ ആദ്യ സംഭവം ആകാം.IMDb യില്‍ ഏറ്റവുമധികം റിവ്യൂസ് കിട്ടിയ ഹൊറര്‍ ചലച്ചിത്രം എന്ന നേട്ടവും 'മണിച്ചിത്രത്താഴി'നൊപ്പമാണ്.ഈ ലിസ്റ്റില്‍ രണ്ടാമത് നില്‍ക്കുന്നത് Alfed Hitchcock ന്റെ എക്കാലത്തെയും മികച്ച ത്രില്ലെര്‍ ചലച്ചിത്രം,psycho ആണെന്നുള്ളതും എടുത്തു പറയേണ്ട കാര്യമാണ്.

15)ദി കിംഗ്‌ (1995)

1995-മലയാളത്തിലെ ഏറ്റവും വലിയ മൂന്നു ചിത്രങ്ങള്‍ക്ക് സാക്ഷിയായ വര്ഷം.'മണിച്ചിത്രത്താഴ്' സ്ഥാപിച്ച റിക്കാര്‍ഡുകള്‍ ഇതേ വര്ഷം മൂന്നു സിനിമകളാണ് തകര്‍ത്ത് എറിഞ്ഞത്.ദി കിംഗ്‌,സ്ഫടികം,മാന്ത്രികം എന്നിവയായിരുന്നു ആ ചിത്രങ്ങള്‍.ചിത്രങ്ങളുടെ കളക്ഷനില്‍ നിരവധി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുവെങ്കിലും 'ദി കിംഗ്‌' മുന്നില്‍ നില്‍ക്കുന്നുവെന്നു നിരവധി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മോഹന്‍ലാല്‍ എന്ന നടന്‍ നല്‍കിക്കൊണ്ടിരുന്ന തുടര്‍ച്ചയായ വന്‍ വിജയങ്ങള്‍ക്ക് ഒരു വ്യത്യാസം വരുത്തുകയായിരുന്നു ഇത്തവണ മമ്മൂട്ടി.മലയാളത്തിലെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ ത്രില്ലെറുമായി മമ്മൂട്ടി എത്തിയപ്പോള്‍ സിനിമ കൊട്ടകകള്‍ പ്രേക്ഷകരാല്‍ മൂടപ്പെട്ടു.രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ വാണി വിശ്വനാഥ്,വിജരാഘവന്‍,മുരളി എന്നിവരും വേഷമിട്ടു.വില്ലന്‍ റോളില്‍ എത്തിയ മുരളിയുടെ പ്രകടനം ചിത്രത്തിനു വലിയ മുതല്ക്കൂട്ടയപ്പോള്‍ മമ്മൂട്ടിയുടെ തീപ്പൊരി ഡയലോഗുകള്‍ തീയറ്ററുകളില്‍ ആരാധകര്‍ക്ക് ഉത്സവമായി മാറി.200 ദിവസത്തോളം തീയറ്ററുകളില്‍ ചിത്രം പ്രദര്ഷിപ്പിക്കപ്പെട്ടപ്പോള്‍ മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നായി മാറി 'ദി കിംഗ്‌'

16)അനിയത്തിപ്രാവ് (1997)

വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാം തവണയും ഒരു  പുതുമുഖ നായകനെ വച്ച് ഇന്ടസ്ട്രി ഹിറ്റ്‌ സമ്മാനിച്ചുകൊണ്ട് ഫാസില്‍ എന്ന സംവിധായകന്‍ അത്ഭുതമായി മാറി.വിഖ്യാത സംവിധായകന്‍ ബോബന്‍ കുഞ്ചാക്കോയുടെ മകന്‍ കുഞ്ചാക്കോ ബോബനും മലയാളികളുടെ പ്രിയപ്പെട്ട ബേബി ശാലിനിയും നായികാനായകന്മാരായി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടു.മലയാളത്തില്‍ സ്ഥാപിക്കപ്പെട്ട റിക്കാര്‍ഡുകള്‍ ഒന്നൊന്നായി 'അനിയത്തിപ്രാവ്' കടപുഴക്കിയപ്പോള്‍ കുഞ്ചാക്കോ ബോബന്‍ എന്ന പുത്തന്‍ താരോദയവും അവിടെ സംഭവിച്ചു.തുടര്‍ച്ചയായി 255 ദിവസങ്ങളില്‍  സിനമ കൊട്ടകകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു.എസ് രമേശന്‍ നായരുടെ വരികള്‍ക്ക് ഔസേപച്ചന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ചിത്രത്തിന്റെ വിജയത്തിന് മുതല്‍ക്കൂട്ടായി.ചിത്രത്തിന്റെ ഗംഭീര വിജയം തമിഴ്,ഹിന്ദി ഭാഷകളിലേക്ക് റീ മെയിക് ചെയ്യാന്‍ സംവിധായകര്‍ക്ക് പ്രചോദനമായി.

17)ചന്ദ്രലേഖ (1997)

10 കോടി എന്ന മാന്ത്രിക സംഖ്യ മലയാളിക്ക് സമ്മാനിച്ച ആദ്യ ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായ 'ചന്ദ്രലേഖ'.വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിനെ വെള്ളിത്തിരയില്‍ എത്തിക്കുവാന്‍ പ്രിയദര്‍ശന് കഴിഞ്ഞപ്പോള്‍ മലയാളികള്‍ക്ക് തീയറ്ററുകളില്‍ ചിരിയുടെ പൂരം സമ്മാനിച്ചുകൊണ്ട് 'ചന്ദ്രലേഖ' ജൈത്രയാത്ര ആരംഭിച്ചു.മോഹന്‍ലാലിനൊപ്പം പൂജ ഭത്ര,സുകന്യ എന്നിവരും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ച  വച്ചു.ആദ്യാവസാനം കോമഡിക്ക് അമിതപ്രാധാന്യം നല്‍കിയ ചിത്രം പ്രിയദര്‍ശന്റെ കണ്‍ഫ്യൂഷന്‍ കോമഡി സിനിമകളുടെ തുടക്കം കൂടിയായിരുന്നു.ഇതേ വര്ഷം 'അനിയത്തിപ്രാവി'നെ ഉജ്ജ്വല വിജയത്തിലെത്തിച്ച ഫാസില്‍ 'ചന്ദ്രലെഖ'യുടെയും പിന്നണിയില്‍ തന്റെ സാന്നിധ്യം അറിയിച്ചു.ഇത്തവണ നിര്‍മാതാവിന്റെ വേഷത്തില്‍ ഫാസില്‍ എത്തിയപ്പോള്‍ ചന്ദ്രലേഖ എക്കാലത്തെയും വലിയ വിജയ ചിത്രമായി മാറി.

18)ആറാം തമ്പുരാന്‍ (1997)

ഒരേ വര്ഷം 3 ഇന്ടസ്ട്രി ഹിറ്റുകള്‍ക്ക് സാക്ഷ്യം വഹിക്കാനായ വര്‍ഷമാണ്‌ 1997.സൂപ്പര്‍ സംവിധായകന്‍ ഷാജി കൈലസിനോപ്പം മോഹന്‍ലാല്‍ ഒത്തുചേര്‍ന്നപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നതില്‍ തെറ്റ് പറയാന്‍ കഴിയില്ല.പ്രേക്ഷക പ്രതീക്ഷകള്‍ക്ക് കോട്ടം തട്ടിക്കാതെ 'ആറാം തമ്പുരാന്‍' മോഹന്‍ലാല്‍ എന്ന നടന്റെ മാസ്സ് പര്യവേഷത്തിന് പുതിയ മാനങ്ങള്‍ നല്‍കി.1997 ക്രിസ്മസ് സീസണില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം 250 ദിവസത്തോളം പ്രദര്‍ശിപ്പിക്കപ്പെട്ടു.മോഹന്‍ലാലിനെ കൂടാതെ ഒടുവില്‍ ഉണ്ണികൃഷ്ണന്‍,മഞജൂ വാരിയര്‍ എന്നിവരും ഉജ്ജ്വല പ്രകടനം ചിത്രത്തില്‍ കാഴ്ചവച്ചപ്പോള്‍ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡും മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ചിത്രം സ്വന്തമാക്കി.ഗിരീഷ്‌ പുത്തന്‍ചേരി-രവീന്ദ്രന്‍ കൂട്ടുകെട്ടുകളില്‍ പിറന്ന ഗാനങ്ങള്‍ ഇന്നും മലയാളികളുടെ പ്ലേ ലിസ്റ്റിലെ നിറസാന്നിധ്യങ്ങലാണ്.

19)നരസിംഹം (2000)

20 കോടിയുടെ തിളക്കം മലയാളക്കരയിലെക്ക് എത്തിച്ച ആദ്യ ചിത്രമായിരുന്നു ഷാജി കൈലാസ്-രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന 'നരസിംഹം'.മോഹന്‍ലാലിന്‍റെ തന്നെ നിര്‍മാണ സംരംഭമായ ആശിര്‍വാദ് സിനിമാസ് നിര്‍മിച്ച ആദ്യ മലയാള ചലച്ചിത്രം കൂടിയായിരുന്നു 'നരസിംഹം' മോഹന്‍ലാലിനെക്കൂടാതെ ജഗതി ശ്രീകുമാര്‍,തിലകന്‍,ഐശ്വര്യ എന്നിവര്‍ മുഖ്യ വേഷത്തിലെത്തിയ ചിത്രം മലയാള പൗരുഷത്തിനു തന്നെ ഒരു പുതിയ മുഖം സമ്മാനിക്കുകയായിരുന്നു.ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിച്ച "പൊ മോനെ ദിനേശാ" എന്നാ ഡയലോഗ് അക്കാലത്ത് പറയാതിരുന്നു ഒരു മലയാളി പോലും ഉണ്ടാകില്ല.മലയാളത്തിലെ ഏറ്റവും മികച്ച ഗസ്റ്റ് അപ്പിയറന്‍സും 'നരസംഹ'ത്തിലെത് തന്നെയായിരുന്നു.മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടി നന്ദഗോപാല്‍ മാരാര്‍ ആയി വേഷമിട്ട ചിത്രം, മമ്മൂട്ടി ആരാധകരെയും തീയറ്റാറ്കളിലെക്ക് ആകര്‍ഷിക്കാന്‍ ഉത്തകുന്നതായി മാറി.200 ദിവസം പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം തെലുങ്ങിലെക്ക് റീമേയിക്ക് ചെയ്യപ്പെട്ടിരുന്നു.2 കോടിയുടെ ബജറ്റ്ല്‍ എത്തിയ ചിത്രം റിലീസ് ചെയ്ത 32 സ്ക്രീനുകളില്‍ നിന്നും 21 കോടിയോളം രൂപ കളക്റ്റ് ചെയ്തിരുന്നു.ജഗതി ശ്രീകുമാറിന്റെ സിനിമ ജീവിതത്തിലെ നാഴികക്കാല്ലായ 1000 സിനിമകള്‍ എന്ന സ്വപ്നം സാക്ഷാത്കരിച്ചതും 'നരസിംഹ'ത്തിലൂടെയാണ്.

20)രാജമാണിക്യം (2005)

മലയാള സിനിമയ്ക്ക്‌ അപ്രാപ്യമാണെന്നു വിശ്വസിച്ചിരുന്ന 20 കോടി എന്ന കളക്ഷന്‍ നേടി 'നരസിംഹം' നടന്നകന്നപ്പോള്‍ അതിനടുത്തെത്താന്‍ പോലും പിന്നീട് വന്ന സിനിമകള്‍ക്ക്‌ കഴിഞ്ഞില്ല.എന്നാല്‍ 5 വര്‍ഷങ്ങള്‍ക്കിപ്പുറം പുതുമുഖ സംവിധായകന്‍ അന്‍വര്‍ റഷീദിനൊപ്പം മെഗാ സ്റ്റാര്‍ മമ്മൂട്ടി ഒത്തുചേര്‍ന്നപ്പോള്‍ പിറന്നത് മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച മാസ്സ് മസാല ചിത്രമായിരുന്ന്നു.മുന്‍കാല നായകന്‍ റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ് കൂടിയായിരുന്നു ചിത്രം.അതുവരെ അധികം ഉപയോഗിക്കാത്ത തിരുവനന്തപുരം ഭാഷയില്‍ മമ്മൂട്ടി നിറഞ്ഞാടിയപ്പോള്‍ 'രാജമാണിക്യം' ബോക്സ്‌ ഓഫീസില്‍ ചരിത്രം കുറിച്ചു.3 കോടി രൂപയുടെ ബജറ്റ്ല്‍ ഇറങ്ങിയ ചിത്രം 22.5 കോടിയോളം രൂപ കളക്റ്റ് ചെയ്യുകയും 140 ദിവസങ്ങളോളം പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തു.പില്‍ക്കാലത്ത്‌ ദേശിയ അവാര്‍ഡ്‌ ജേതാവായ സുരാജ് വെഞ്ഞാറമമൂട് തിരുവനന്തപുരം ഭാഷ മമ്മൂട്ടിക്ക് പഠിപ്പിക്കുവാനായി എത്തിയത് അദ്ദേഹത്തിന്റെയും കരിയറിലെ ഒരു വഴിത്തിരിവായി മാറി.ഗിരീഷ്‌ പുത്തന്‍ചേരി-അലക്സ്‌ പോള്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളും അന്ന് യുവാക്കളുടെ ഹരമായിരുന്നു.പിന്നീടു കന്നടയിലെക്ക് റീമെയിക് ചെയ്യപ്പെട്ടു എങ്കിലും മമ്മൂട്ടിയുടെ പ്രകടനത്തോട് നീതി പുലര്താനാകാതെ ചിത്രം ബോക്സ്‌ ഓഫീസില്‍ പരാജയമായി മാറി.

21)ക്ലാസ്മേറ്റ്സ് (2006)

മലയാളത്തിലെ സൂപ്പര്‍ ഹിറ്റുകളില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ എന്നീ പേരുകള്‍ മാത്രം കേട്ടുകൊണ്ടിരുന്ന മലയാളിക്ക് ലഭിച്ച പുത്തന്‍ താരോദയമായിരുന്നു പ്രിത്വിരാജ്.അച്ഛന്‍ സുകുമാരന്റെ പാത പിന്തുടര്‍ന്ന് അഭിനയ രംഗത്തെത്തിയ അദ്ധേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ്‌ ചിത്രമായിരുന്നു 'ക്ലാസ്സ്‌മേറ്റ്സ്'.ലാല്‍ ജോസ് എന്ന പ്രതിഭാധനനായ സംവിധായകന്റെ ചിത്രത്തില്‍ കാവ്യ മാധവന്‍,ജയസുര്യ,ഇന്ദ്രജിത്ത്,നരേന്‍,രാധിക എന്നിവര്‍ പ്രിത്വിയെക്കൂടാതെ വേഷമിട്ടു.90 കളിലെ കോളേജ് രാഷ്ട്രീയവും പ്രണയവും എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് 'ക്ലാസ്സ്‌മേറ്റ്സ്'എത്തിയപ്പോള്‍ ഇരു കൈയും നീട്ടി സ്വീകരിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല മലയാളി പ്രേക്ഷകര്‍ക്ക്‌.3.5 കോടി ബജറ്റ്ല്‍ എത്തിയ ചിത്രം ബോക്സ്‌ ഓഫീസില്‍ നിന്നും 23 കോടിയോളം രൂപ കളക്റ്റ് ചെയ്തുകൊണ്ട് ചരിത്രം രചിച്ചു.റിലീസ് ചെയ്ത നിരവധി സ്ക്രീനുകളില്‍ 100 ദിവസത്തോളം ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു.ചിത്രത്തില്‍ റസിയ എന്ന വേഷം കൈകാര്യം ചെയ്ത രാധികയുടെ പ്രകടനം ഏറെ നിരൂപക പ്രശംസ നേടുകയുണ്ടായി.മികച്ച കഥ,ഗായകന്‍,സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം എന്നീ വിഭാഗങ്ങളില്‍ സംസ്ഥാന അവാര്‍ഡുകളും 'ക്ലാസ്സ്‌മേറ്റ്‌'സിനെ തേടിയെത്തി.

22)ട്വന്റി ട്വന്റി (2008)

മള്‍ടി-സ്റ്റാര്‍ ചിത്രങ്ങളുടെ തലതൊട്ടപ്പനാണ് 'ട്വന്റി ട്വന്റി'.മലയാളത്തിലെ 5 സൂപ്പര്‍ സ്റ്റാര്‍സിനും തുല്ല്യ പരിഗണന നല്‍കി മലയാള സിനിമ നടന്മാരുടെ കൂട്ടായ്മയായ AMMA യ്ക്ക് വേണ്ടി നടന്‍ ദിലീപാണ് ചിത്രം നിര്‍മ്മിച്ചത്‌.എങ്കില്‍ പോലും മമ്മൂട്ടി മോഹന്‍ലാല്‍ സുരേഷ് ഗോപി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.സൂപ്പര്‍  സംവിധായകന്‍ ജോഷി, ചിത്രത്തിന്റെ  സംവിധാന മേഖല മികച്ചതാക്കി.സൂപ്പര്‍ താരങ്ങളെ കൂടാതെ ഭാവന,കാവ്യാ മാധവന്‍,ജഗതി ശ്രീകുമാര്‍,സലിം കുമാര്‍,സിദ്ദിക്,മധു എന്നിവരും ചിത്രത്തില്‍ വേഷമിട്ടു.കേരളത്തില്‍ ആദ്യമായി 117 സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം മലയാളത്തിലെ ആദ്യ 30 കോടി ചിത്രവുമായി മാറി.7 കോടി രൂപയുടെ ബജറ്റ്ല്‍ ഇറങ്ങിയ ചിത്രം പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ തൃപ്തിപ്പെടുത്തി.ഏവര്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കി തിരക്കഥ രചിച്ച ഉദയ കൃഷണ-സിബി കെ തോമസ്‌ ടീമിന്റെ പ്രകടനം അഭിനന്ദനാര്‍ഹം ആയിരുന്നു.ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയത് സുരേഷ് പീറ്റെഴ്സും ബേണി ഇഗ്നെഷിയസും ചേര്‍ന്നാണ്.

23)ദൃശ്യം (2013)


തുടര്‍ച്ചയായി മലയാളിക്ക് ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ജിത്തു ജോസെഫിന്റെ അഞ്ചാമത് സിനിമ സംരംഭമായിരുന്നു 'ദൃശ്യം'.ഫാമിലി ത്രില്ലെര്‍ എന്ന ഒരു പുതിയ ജേണര്‍ തന്നെ ജിത്തു മലയാളികള്‍ക്ക് പരിചപ്പെടുതിക്കൊടുത്തു.ഒരു ഫാമിലി ചിത്രം എന്ന ലേബലില്‍ എത്തിയ 'ദൃശ്യം' ആദ്യ ദിനങ്ങളിലൊക്കെ ബോക്സ്‌ ഓഫീസില്‍ ശരാശരിക്കു താഴെയുള്ള പ്രകടനമാണ് നടത്തിയത്.എന്നാല്‍,കാര്യങ്ങള്‍ മാറിമറിഞ്ഞത് ദിവസങ്ങള്‍ കൊണ്ടായിരുന്നു.ജനഹൃദയങ്ങളിലേക്ക് 'ദൃശ്യം'ചേക്കേറി.30 കോടി കളക്ഷന്‍ വരെ മാത്രം പരിചയം ഉണ്ടായിരുന്ന മലയാളി പ്രേക്ഷകര്‍ക്ക്‌ ആദ്യമായി 40,50,60,70 കോടിതിളക്കം 'ദൃശ്യം' നല്‍കി.ചിത്രത്തിന്റെ തിരക്കഥ,സംവിധാനം,പ്രധാന താരങ്ങളുടെ പ്രകടനങ്ങള്‍ എന്നിവയെല്ലാം നിരൂപക പ്രശംസ നേടി.75 കോടിയോളം രൂപ കളക്റ്റ് ചെയ്ത ചിത്രം അക്കാലത്തെ ഏറ്റവും വലിയ satelite തുകയായ 5.75 കോടി രൂപയ്ക്കാണ് ഏഷ്യാനെറ്റ്‌ വാങ്ങിയത്.150 ദിവസത്തോളം പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം കേരളത്തിലെ കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ തൃപ്തിപ്പെടുത്തി.സമീപ കാലത്ത് മികച്ച വിജയങ്ങള്‍ ഇല്ലായിരുന്ന മോഹന്‍ലാലിനും ചിത്രം ജീവശ്വാസമായി.തമിഴ് നാട്ടില്‍ 100 ദിവസങ്ങള്‍ തികച്ച ചിത്രം ഹൈദരാബാദ്,മുംബൈ,ബംഗളുരു,അഹമ്മദാബാദ് മള്‍ടിപ്ലേക്സുകളില്‍ അതാവര്‍ത്തിച്ചു.UAE യില്‍ 125 ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച 'ദൃശ്യം' ടൈറ്റാനിക് സ്ഥാപിച്ച റിക്കാര്‍ഡ് പോലും പഴംകഥയാക്കി.സ്ഥിരം കോമഡി പശ്ചാത്തലത്തില്‍ നിന്നും വ്യതിച്ചലിച്ചുകൊണ്ട്‌ പ്രതിനായക വേഷം അവതരിപ്പിച്ച കലാഭവന്‍ ഷാജോണിന്റെ പ്രകടനം അദ്ദേഹത്തിനു സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ സ്പെഷ്യല്‍ ജൂറി പുരസ്കാരം നേടിക്കൊടുത്തു.കൂടാതെ മികച്ച ചിത്രം,മികച്ച സഹ നടി എന്നീ ഫിലിം ഫെയര്‍ പുരസ്കാരങ്ങളും 'ദൃശ്യം'നേടിയെടുത്തു .


24)പുലിമുരുകന്‍ (2016)

ബോക്സ്‌ ഓഫീസില്‍ നിരവധി തവണ ചരിത്രം രചിച്ച 'മോഹന്‍ലാല്‍ എന്ന നടന്‍ മലയാള സിനിമ ലോകത്തിനു സമ്മാനിച്ച അത്ഭുതമായിരുന്നു 'പുലിമുരുകന്‍'.4 വര്‍ഷങ്ങള്‍ക്കു അപ്പുറം 40 കോടി എന്നതിനെപ്പറ്റി പോലും സ്വപ്നം കാണാനാകാതെ ഉഴറിയ മോളിവൂഡിനു 150 കോടി നല്‍കിയാണ്‌ മോഹന്‍ലാല്‍ എന്ന നടന്‍ തന്റെ കഴിവ് തെളിയിച്ചത്.25 കോടി രൂപയുടെ ബജറ്റ്ല്‍ ഇറങ്ങിയ 'പുലിമുരുകന്‍' അതുവരെയുള്ള എല്ലാ ബോക്സ്‌ ഓഫീസ് റിക്കാര്‍ഡുകളേയും നിഷ്പ്രഭമാക്കിയാണ് തന്റെ ജൈത്രയാത്ര തുടരുന്നത്.
മോഹന്‍ലാലിനൊപ്പം കമാലിനി മുഖേര്‍ജീ,ലാല്‍,ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങളില്‍ അണിനിരന്നു.മലയാളത്തില്‍ ഇന്നോളം കണ്ടിട്ടിലാത്ത CGI,VFX സാങ്കേതിക വിദ്യകളാല്‍ സമ്പന്നമായിരുന്നു പുലി മുരുകന്‍.സംവിധായകന്‍ വൈശാഖിന്റെ സംവിധാന മികവു എടുത്തു പറയേണ്ടതാണ്.ശരാശരിക്കു താഴെ നില്‍ക്കുന്ന ഒരു തിരക്കഥയെ മോഹന്‍ലാല്‍ എന്നാ അഭിനേതാവിന്റെയും,വൈശാഖ് എന്ന സംവിധായകന്റെയും,പീറ്റര്‍ ഹെയിന്‍ എന്ന സ്ടന്റ്റ് മാസ്റ്ററുടെയും,സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ മികച്ച ഒരു ദ്രിശ്യ അനുഭവമായി മാറി.500 ഓളം സ്ക്രീനുകളില്‍ 'മാന്യം പുലി'എന്ന പേരില്‍ ആന്ദ്രയില്‍ റിലീസ് ചെയ്ത ചിത്രം 12 കോടിയോളം രൂപ അവിടെ നിന്നും കീശയിലാക്കുകയുണ്ടായി.മലയാളത്തിലെ ഏറ്റവും വലിയ ഒന്നാം ദിവസ കളക്ഷനും 'കസബ'യെ പിന്നിലാക്കി 'പുലിമുരുകന്‍' നേടിയെടുതപ്പോള്‍ മറ്റു ചിത്രങ്ങള്‍ക്കൊന്നും തന്നെ 'പുലിമുരുക'നോളം ഓടി എത്താനുള്ള കെല്‍പ്പുണ്ടായിരുന്നില്ല.വിദേശത്തും പല ബോക്സ്‌ ഓഫീസ് റിക്കാര്‍ഡുകളും പഴംകഥയാക്കിയ 'പുലിമുരുകന്‍' 2016 ല്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മൂന്നാമത്തെ തെക്കേ ഇന്ത്യന്‍ ചലച്ചിത്രവുമായി.

NB : 'പഴശ്ശി രാജ'യുടെ കളക്ഷന്‍ സംബന്ധിച്ച് നിരവധി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഈ ലിസ്റ്റില്‍ ആ ചിത്രം ഉള്‍പ്പെടുമോ എന്നറിയില്ല


മലയാള സിനിമ ഇന്ന് പുതിയ നേട്ടങ്ങള്‍ കൈവരിക്കുകയാണ്.കൊച്ചു കേരളത്തില്‍ മാത്രം ഒതുങ്ങി നിന്ന മോളിവുഡ് എന്ന ചെറു സിനിമ വ്യവസായം ഇന്ന് ഇന്ത്യയുടെ തന്നെ ചലച്ചിത്ര ലോകത്തിന്റെ മുഖമുദ്രയാണ്.അതിനായി കഷ്ടപ്പാടുകളും യാതനകളും സഹിച്ച നിരവധി കലാകാരന്മാരുണ്ട് നമുക്കിടയില്‍.അവരുടെ പരിശ്രമങ്ങളാല്‍ വാര്‍ത്തെടുക്കപ്പെട്ടവയാണ് ഓരോ ചലച്ചിത്ര അത്ഭുതങ്ങളും.ഇന്ന് 150 കോടിയുടെ കൊടുമുടിയില്‍ 'പുലിമുരുകന്‍' നില്‍ക്കുമ്പോഴും അതിനു മുകളില്‍ എത്താന്‍ മറ്റൊരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടാകും.ആ കാത്തിരിപ്പിന് വര്‍ഷങ്ങളുടെ ആയുസ്സ് ഉണ്ടാകരുതേ എന്ന് എല്ലാവരെയും പോലെ ഞാനും പ്രത്യാശിക്കുന്നു .......

https://rhshyanil.blogspot.com
#rhshy_anilkumar
#mollywood_industry_hits


No comments:

Post a Comment