Tuesday, February 14, 2017

Mammootty vs Mohanlal - The Clashes

അതികായര്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍
____________________________________
ലോകം സാമ്പത്തികമായി സിനിമയെ നോക്കി കാണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ നായകന്‍ എന്ന പദവിക്ക് ഒരു പൂര്‍ണതയുണ്ടായി.ലോകസിനിമയില്‍ ചിറകടിച്ചു പറന്ന നായകര്‍ നിരവധിയാണ്.അവരിലെ വ്യക്തികളെക്കാള്‍ നമ്മള്‍ ആ കഥാപാത്രങ്ങളെ ഇഷ്ടപ്പെട്ടു,ആരാധിച്ചു.അതിനു ഭാഷ പോലും നമുക്ക് ഒരു അതിര്‍വരംബായില്ല.എങ്കിലും സ്വന്തം താരങ്ങള്‍ എന്നും അവര്‍ക്ക് ഒരു വികാരമായിരുന്നു,അവരിലെ ആസ്വാദകരുടെ ആസ്വാദന ശേഷിയുടെ പ്രതിബിംബങ്ങള്‍.ഇങ്ങു കൊച്ചു കേരളത്തിലും ഉണ്ടായി അങ്ങനെ ഒരുപാട് പേര്‍.എങ്കിലും എതൊരു മലയാളി പ്രേക്ഷകനും നെഞ്ചില്‍ ഏറ്റിയത് രണ്ടു പേരുകള്‍ ആണ് "മമ്മൂട്ടി","മോഹന്‍ലാല്‍".പ്രതീക്ഷയ്ക്കും അപ്പുറമുള്ള ചലനചിത്രങ്ങള്‍ ഇരുവരും നമുക്ക് സമ്മാനിച്ചു.മലയാളം എന്ന ചെറു തുരുത്തിനെ ലോക സിനിമയുടെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാനുതകുന്നതാക്കാന്‍ ഇരുവരുടെയും സംഭാവനകള്‍ ഏറെ സഹായിച്ചു.
ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബോക്സ്‌ ഓഫീസിലും നിരൂപകരിലും എങ്ങനെ സ്വാധീനം ചെലുത്തിയെന്ന്‍ നമുക്കൊന്ന് നോക്കാം
#1 1991 സ്വാതന്ത്ര്യ ദിനം___കിലുക്കം ** അനശ്വരം
കാര്യമായ ചര്‍ച്ചകള്‍ ഒന്നും ആവശ്യമില്ലാത്ത ഒരു ക്ലാഷ്.'കിലുക്കം' എന്ന പേര് മാത്രം മതി ബോക്സ്‌ ഓഫീസില്‍ എന്ത് സംഭവിച്ചു എന്നറിയാന്‍.ആ കാലത്തെ industry ഹിറ്റ്‌ ആയി മാറിയ 'കിലുക്കം',സൂപ്പര്‍ സംവിധായകന്‍ ജോമോന്റെ 'അനശ്വര'ത്തെ ഓര്‍മകളില്‍ നിന്നു പോലും മറച്ചു.മലയാളത്തില്‍ ആദ്യമായി 5 കോടി collect ചെയ്ത കിലുക്കം 365 ദിവസം തീയറ്ററുകളില്‍ ഓടി ചരിത്രം സൃഷ്ടിച്ചു.അക്കൊല്ലത്തെ സംസ്ഥാന അവാര്‍ഡുകളില്‍ മികച്ച നടന്‍(മോഹന്‍ ലാല്‍),മികച്ച രണ്ടാമത്തെ നടന്‍(ജഗതി ശ്രീകുമാര്‍),മികച്ച എഡിറ്റിംഗ്(എന്‍.ഗോപാലകൃഷ്ണന്‍),മികച്ച ക്യാമറ(എസ്.കുമാര്‍) അടക്കം 4 അവാര്‍ഡുകള്‍ 'കിലുക്കം' വാരിക്കൂട്ടി
BOX OFFICE-കിലുക്കം
CRITICS-കിലുക്കം
#2 1992 ഓണം __യോദ്ധ ** പപ്പയുടെ സ്വന്തം അപ്പൂസ്
1992 ഓണം ഒരുപക്ഷെ, മലയാള സിനിമയുടെ തന്നെ ഏറ്റവും മികച്ച ഒരു ക്ലാഷിനു രംഗമോരുങ്ങിയ ദിവസം ആയിരുന്നു.കോമഡി,ആക്ഷന്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുകയാണ് 'യോദ്ധ' ചെയ്തതെങ്കില്‍ 'പപ്പയുടെ സ്വന്തം അപ്പുസ്' തികച്ചും വ്യത്യസ്തമായ ഒരു വിഷയം കൈകാര്യം ചെയ്യുകയാണുണ്ടായത്.ബോക്സ്‌ ഓഫീസില്‍ 'യോദ്ധ' തരംഗം സൃഷ്ടിച്ചുവെങ്കിലും 'പപ്പയുടെ സ്വന്തം അപ്പുസി'നെ പിടിച്ചു കെട്ടാന്‍ അത് മതിയായിരുന്നില്ല.അതുവരെ ഉള്ള ഓണം റിലീസ് റെകോര്ടുകള്‍ എല്ലാം കാറ്റില്‍ പറത്തിയ അപ്പുസ് മമ്മൂട്ടിയുടെ തന്നെ ഏറ്റവും വലിയ ഹിറ്റ്‌ ചിത്രങ്ങളില്‍ ഒന്നായി മാറി.ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡുകളില്‍ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ്‌ ചിത്രത്തില്‍ മമ്മൂട്ടിയുടെ മകനായി അഭിനയിച്ച ബാദുഷ നേടുകയുണ്ടായി.
BOX OFFICE-പപ്പയുടെ സ്വന്തം അപ്പൂസ്
CRITICS-TIE
#3 1993 വിഷു__ ദേവാസുരം ** വാത്സല്യം
പോയ വര്ഷം ഓണത്തിന് മികച്ച രണ്ടു ഹിറ്റുകള്‍ സമ്മാനിച്ച മമ്മൂട്ടിയും മോഹന്‍ലാലും അടുത്ത വര്ഷം വിഷുവിനും അത് ആവര്‍ത്തിച്ചു.ഇത്തവണ കുടുംബ ചിത്രവുമായി മമ്മൂട്ടി എത്തിയപ്പോള്‍ മോഹന്‍ലാല്‍ ഒരു മാസ്സ് ചിത്രവുമായി എത്തി.മോഹന്‍ ലാല്‍-ഐ.വി ശശി ടീമിന്റെ എക്കാലത്തെയും മികച്ച ചിത്രമായി മാറി 'ദേവാസുരം'.150 ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കാന്‍ ദേവാസുരത്തിന് കഴിഞ്ഞപ്പോള്‍ മലയാള സിനിമയിലെ ഒരു പോന്‍തൂവലായി മാറാനും ചിത്രം മറന്നില്ല.മറ്റൊരിടത്ത്,തന്റെ മാസ്മരിക പ്രകടനത്താല്‍ മമ്മൂട്ടി കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്നു.തുടര്‍ച്ചയായി 255 ദിവസം ഓടിയ ചിത്രം ഒരു സംവിധായകന്‍ എന്ന നിലയില്‍ കൊച്ചിന്‍ ഹനീഫയുടെ വന്‍ തിരിച്ചുവരവും ആയി മാറി.കേരള സംസ്ഥാന അവാര്‍ഡില്‍ കൂടെ മത്സരിച്ച മോഹന്‍ലാലിനെ തന്നെ പിന്തള്ളി മമ്മൂട്ടി മികച്ച നടന്‍ അവാര്‍ഡ്‌ നേടിയെടുത്തു
BOX OFFICE-ദേവാസുരം
CRITICS-TIE
#4 1993 ക്രിസ്മസ് __ മണിച്ചിത്രത്താഴ് ** ഗോളാന്തര വാര്‍ത്തകള്‍
വിഷുവിനു ഏറ്റുമുട്ടി വിജയങ്ങള്‍ നേടിയ ഇരുവരും ഇതേ വര്ഷം ക്രിസ്മസിനും ഏറ്റുമുട്ടി.കൂടെ ഇറങ്ങിയ ചിത്രങ്ങളെ ഒക്കെ നിലംപരിശാക്കി മോഹന്‍ലാല്‍-ഫാസില്‍ ടീമിന്റെ 'മണിച്ചിത്രത്താഴ്' മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക് ബസ്റെര്‍ ആയി മാറി.ഇന്ത്യന്‍ സിനിമ അന്നേവരെ കാണാത്ത ഒരു തീം തന്മയത്വത്തോടെ അവതരിച്ചപ്പോള്‍ മലയാളത്തിലെ ഏറ്റവും ബ്രിഹതായ തിരക്കഥയും ചിത്രവും പിറവിയെടുത്തു.മികച്ച നടി,മികച്ച ജനപ്രിയ(Best Popular Film Providing Wholesome Entertainment) ചിത്രം എന്നീ category ല്‍ national അവാര്‍ഡ്‌ ലഭിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ മികച്ച make up,മികച്ച നടി,മികച്ച സാമുഹിക പ്രതിബദ്ധതയുള്ള ചിത്രം(Best Film with Popular Appeal and Aesthetic Value) എന്നിവ നല്‍കി ആദരിച്ചു.മറുവശത്ത് മികച്ച അഭിപ്രായങ്ങള്‍ നേടിയെങ്കിലും 'ഗോളാന്തര വാര്‍ത്തകള്‍'ക്ക് ബോക്സ്‌ ഓഫീസില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ആയില്ല
BOX OFFICE-മണിച്ചിത്രത്താഴ്
CRITICS-മണിച്ചിത്രത്താഴ്
#5 1995 __ഒരു അഭിഭാഷകന്റെ കേസ് ഡയറി ** തച്ചോളി വര്‍ഗീസ്‌ ചേകവര്‍
1995-ഇരുവരുടെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റുകള്‍ ആയ 'ദി കിംഗും' 'സ്ഫടിക'വും ഇറങ്ങിയ വര്ഷം.അതേ വര്ഷം ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ നിരൂപകരെയും പ്രേക്ഷകരെയും ത്രിപ്തിപ്പെടുത്തിയ 'ഒരു അഭിഭാഷകന്റെ കേസ് ഡയറി' വിജയം രുചിച്ചു.വ്യത്യസ്തമായ ഒരു കഥാബീജം ഉണ്ടെങ്കിലും പുതുമയില്ലാത്ത അവതരണവും പ്രധാന താരങ്ങളുടെ മോശം പ്രകടനവും 'തച്ചോളി വര്‍ഗീസിന്' വിനയായി.മമ്മൂട്ടി എന്ന നായകനോടൊപ്പം മികച്ച പ്രകടനത്തോടെ നരേന്ദ്ര പ്രസാദും 'ഒരു അഭിഭാഷകന്റെ കേസ് ഡയറി'ക്ക് മുതല്‍ക്കൂട്ടാവുകയും ചിത്രം 100 ദിവസം തീയേറ്ററില്‍ പ്രദര്പ്പിശിപ്പിക്കപ്പെടുകയും ഉണ്ടായി
BOX OFFICE-ഒരു അഭിഭാഷകന്റെ കേസ് ഡയറി
CRITICS-ഒരു അഭിഭാഷകന്റെ കേസ് ഡയറി
#6 1996 വിഷു __ ഹിറ്റ്‌ലര്‍ ** കാലാപാനി
പോയ വര്ഷം നല്കിയ ഹിറ്റുകളുടെ കഥകളായിരുന്നു ഇരുവര്‍ക്കും പറയാനുണ്ടായത്.അതിന്റെ മുന്നോരുക്കതോടെയാണ് മോഹന്‍ലാല്‍ അതുവരെയുള്ള തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ 'കാലാപാനി'യുമായി വിഷുവിനു എത്തിയത്,പ്രിയ സംവിധായകന്‍ പ്രിയദര്‍ശന്‍ ഇത്തവണയും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു.പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി ഇന്ത്യ ഒട്ടാകെ 450 തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തു.നിരൂപകര്‍ക്ക്‌ പ്രിയപ്പെട്ട ചിത്രമായി കാലാപാനി മാറി.3 ദേശീയ അവാര്‍ഡുകളും 6 സംസ്ഥാന അവാര്‍ഡുകളും ചിത്രത്തെ തേടി എത്തി.ചെറു ബജറ്റ്ല്‍ പുറത്തിറങ്ങിയ 'കാലാപാനി', അന്ന് ചിത്രത്തിന്റെ സാങ്കേതിക തികവ് കാട്ടി ഏവരെയും അല്ഭുതപ്പെടുതുകയുണ്ടായി.പക്ഷെ,മറുവശത്ത് ബോക്സ്‌ ഓഫീസില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.അതുവരെയുള്ള എല്ലാ റെക്കോര്‍ഡുകളും പഴംകഥയാക്കി ഹിറ്റ്‌ലര്‍ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ്‌ ആയി മാറി.സ്വതന്ത്ര സംവിധായകനായി മാറിയ സിദ്ദിക്ക് ചിത്രം 300 ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചു ചരിത്രം സൃഷ്ട്ടിച്ചു.10 കോടി കളക്ഷന്‍ നേടിയ ചിത്രം ഇന്നും മലയാളത്തിനു ഒരു അത്ഭുതം ആണ്.
BOX OFFICE- ഹിറ്റ്‌ലര്‍
CRITICS-കാലാപാനി
#7 1998 വിഷു __ ഒരു മറവത്തൂര്‍ കനവു ** കന്മദം
2 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളിയുടെ പ്രിയതാരങ്ങള്‍ വീണ്ടും നേര്‍ക്കുനേര്‍ വന്നു.മികച്ച ചിത്രങ്ങളുമായി ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ നിരൂപക പ്രശംസ ആവോളം നേടിയ 'കന്മദ'ത്തിനു പക്ഷെ ബോക്സ്‌ ഓഫീസില്‍ 'മറവത്തൂര്‍ കനവി'ന് പിന്നില്‍ നില്‍ക്കാനായിരുന്നു വിധി.ആദ്യ ദിനങ്ങളില്‍ പ്രതികരണങ്ങളിലും കളക്ഷനിലും 'കന്മദം' മുന്നില്‍ നിന്നുവെങ്കിലും മമ്മൂട്ടി എന്ന നടന്റെ മാസ്സ് അപ്പീല്‍ 'മറവത്തൂര്‍ കനവി'ന് മുതല്‍ക്കൂട്ടായി.സര്‍ഗധനരായ നിരവധി സംവിധായകരെ മലയാളത്തിനു നല്കിയ മമ്മൂട്ടി എന്ന നായകന്‍ ഇത്തവണയും പതിവ് കൈവിടാതെ വന്നപ്പോള്‍ മറവത്തൂര്‍ കനവിലൂടെ ലാല്‍ ജോസ് മലയാളത്തിലേക്ക് സ്വപ്ന തുല്യമായ തുടക്കം കാഴ്ചവച്ചു.
BOX OFFICE-ഒരു മറവത്തൂര്‍ കനവു
CRITICS-കന്മദം
#8 ഓണം 2001 __രാക്ഷരാജാവ് ** രാവണപ്രഭു
എക്കാലത്തെയും മികച്ച മലയാള സിനിമകളില്‍ ഒന്നായ 'ദേവാസുര'ത്തിന്റെ രണ്ടാം ഭാഗം എന്ന ഭാരവും പേറി 'രാവണപ്രഭു' എത്തിയപ്പോള്‍ അന്നത്തെ സൂപ്പര്‍ സംവിധായകന്‍ വിനയന്റെ മാസ്സ് ആക്ഷന്‍ ത്രില്ലെര്‍ 'രാക്ഷസരാജാവു'മായി മമ്മൂട്ടിയും എത്തി.എതിരാളികളെ ബഹുദൂരം പിന്നിലാക്കി മോഹന്‍ലാല്‍-രഞ്ജിത്ത് ചിത്രം മലയാള ബോക്സ്‌ ഓഫീസില്‍ പുതു ചരിത്രം എഴുതിയപ്പോള്‍ ഹിറ്റ്‌ ലേബെലില്‍ ഒതുങ്ങാനെ 'രാക്ഷസരാജാവി'നു കഴിഞ്ഞുള്ളൂ.2001 ലെ ഏറ്റവും വലിയ ഹിറ്റ്‌ ആയി മാറിയ 'രാവണപ്രഭു' മികച്ച ഗായകന്‍(യേശുദാസ്) മികച്ച ജനപ്രിയ ചിത്രം എന്നീ സംസ്ഥാന അവാര്‍ഡുകളും മികച്ച സംഗീത സംവിധാനത്തിനുള്ള(സുരേഷ് പീറ്റര്‍സ്) ഫിലിം ഫെയര്‍ അവാര്‍ഡും സ്വന്തമാക്കി.മോഹന്‍ലാല്‍ എന്ന മാസ് നായകന്റെ വമ്പന്‍ തിരിച്ചു വരവ് കൂടിയായിരുന്നു രാവണപ്രഭു.
BOX OFFICE- രാവണപ്രഭു
CRITICS-രാവണപ്രഭു
#9 വിഷു 2003 ___ കിളിച്ചുണ്ടന്‍ മാമ്പഴം** ക്രോണിക് ബാച്ചിലര്‍
തുടര്‍ച്ചയായി പരാജയങ്ങള്‍ രുചിച്ച മമ്മൂട്ടിക്ക് ഒരു ഹിറ്റ്‌ അനിവാര്യമായ സമയത്താണ് സിദ്ദിക് ചിത്രം 'ക്രോണിക് ബാച്ചിലര്‍' തീയറ്ററുകളില്‍ എത്തിയത്.എന്നാല്‍ മറുവശത്ത് സൂപ്പര്‍ സംവിധായകന്‍ പ്രിയദര്‍ശനോടൊപ്പം മറ്റൊരു സൂപ്പര്‍ ഹിറ്റ്‌ പ്രതീക്ഷിച്ചു മോഹന്‍ലാലും അണിനിരന്നു.ഏവരെയും ഞെട്ടിച്ചുകൊണ്ട് 'ക്രോണിക് ബാച്ചിലര്‍' മമ്മൂട്ടിക്ക് തുടര്‍ പരാജയങ്ങളില്‍ നിന്നും ജീവശ്വാസം ആയി.ചിത്രം ബ്ലോക്ക്‌ ബസ്റെര്‍ ആയപ്പോള്‍ 'ഹിറ്റ്‌ലറി'നു ശേഷമുള്ള സിദ്ദിക്-മമ്മൂട്ടി ടീമിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായി മാറി 'ക്രോണിക് ബാച്ചിലര്‍'.മറുവശത്ത് ഹാസ്യ നിമിഷങ്ങള്‍ ഒരുപാടുണ്ടായിട്ടും പരിമിതികളില്‍ തളയ്ക്കപ്പെട്ട മോഹന്‍ലാല്‍(ഭാഷ കൈകാര്യം ചെയ്ത കാര്യമാണ് ഉദ്ദേശിച്ചത്) എന്ന നായകനും കെട്ടുറപ്പില്ലാത്ത തിരക്കഥയും കിളിച്ചുണ്ടന്‍ മാമ്പഴത്തിന് വിനയായി.ചിത്രം ബോക്സ്‌ ഓഫീസില്‍ പരാജയമായി.
BOX OFFICE- ക്രോണിക് ബാച്ചിലര്‍
CRITICS-ക്രോണിക് ബാച്ചിലര്‍
#10 ഓണം 2004 ___കാഴ്ച **നാട്ടുരാജാവ്
ഓണക്കാലം എന്നും മലയാള സിനിമ ലോകത്തിനും ഉത്സവ കാലമാണ്.അത്തരത്തില്‍ ഒരു ഉത്സവ കാലം ഗംഭീരമാക്കാന്‍ സുപ്പര്‍ഹിറ്റ് സംവിധയകനോടൊപ്പം മോഹന്‍ലാല്‍ എത്തിയപ്പോള്‍ പുതു സംവിധായകനൊപ്പം അഭിനയപ്രാധാന്യമുള്ള 'കാഴ്ച'യുമായി മമ്മൂട്ടിയും എത്തി.പ്രതീക്ഷിച്ച പോലെ ആദ്യ ദിനങ്ങള്‍ പൂര്‍ണമായും കൈക്കലാക്കിയ 'നാട്ടുരാജാവ്' സ്വപ്നതുല്യമായ തുടക്കം കുറിക്കുകയുണ്ടായി.പക്ഷെ,കാര്യങ്ങള്‍ മാറി മറിയാന്‍ ദിവസങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ.നല്ല സിനിമകള്‍ക്ക്‌ എന്നും പച്ച കൊടി കാട്ടാറുള്ള മലയാളി പ്രേക്ഷകര്‍ ഇക്കുറിയും പതിവ് കൈവിട്ടില്ല.ബ്ലെസി എന്ന സംവിധായകന്‍ തന്റെ ക്രാഫ്റ്റ് മാന്‍ഷിപ്‌ തിരശ്സീലയില്‍ എത്തിച്ചപ്പോള്‍ മമ്മൂട്ടി എന്ന മഹാനടന്‍ തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു പൊന്‍തൂവല്‍ കൂടി നെടുകയാണുണ്ടായത്.മുഖ്യ താരങ്ങളുടെ പ്രകടനങ്ങളും സംവിധാനവും തിരക്കഥയും പാട്ടുകളും എല്ലാം പ്രശംസിക്കപ്പെട്ടു.5 സംസ്ഥാന അവാര്‍ഡുകളും 3 ഫിലിം ഫെയര്‍ അവാര്‍ഡുകളും നേടി 'കാഴ്ച'ചരിത്രം കുറിച്ച്.
BOX OFFICE-കാഴ്ച
CRITICS-കാഴ്ച
#11 ഓണം 2005 ____ നേരറിയാന്‍ CBI ** നരന്‍
Sequel കള്‍ എന്നും മലയാളാത്തില്‍ ഒരു തലവേദന ആയിരുന്നു.വന്‍ വിജയമായ പല ചിത്രങ്ങളും രണ്ടാം ഭാഗവുമായി വന്നപ്പോള്‍ തകര്‍ന്നു പോകുകയും ശരാശരിയില്‍ ഒതുങ്ങുകയും ചെയ്തുപോയ സംഭവങ്ങള്‍ നിരവധിയാണ്.അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് മമ്മൂട്ടിയുടെ CBI സിനിമകള്‍.ഇറങ്ങിയ 3 സിനിമകളും വമ്പന്‍ ഹിറ്റുകള്‍.ഹിറ്റുകളുടെ തുടര്‍ച്ചയ്ക്കായി മമ്മൂട്ടി ഓണക്കാലത്ത് എത്തിയപ്പോള്‍ ഒരു മാസ്സ് ആക്ഷന്‍ സിനിമയുമായി മോഹന്‍ലാല്‍-ജോഷി കൂട്ടുകെട്ടും എത്തി.ഏവരെയും അത്ഭുതപ്പെടുത്തി 'നരന്‍' സൂപ്പര്‍ ഹിറ്റ് ആയി മാറി.മോഹന്‍ലാല്‍ എന്ന നടന്റെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സംഖടന രംഗങ്ങളും,കെട്ടുറപ്പുള്ള തിരക്കഥയും,മികച്ച സംവിധാനവും സിനിമയുടെ വിജയത്തിന് മുതല്‍കൂട്ടായി. ശരാശരി നിലവാരം മാത്രമുണ്ടായിരുന്ന സിബിഐ ഹൈപിന്റെ പിന്‍ബലത്തില്‍ ഹിറ്റ്‌ ലേബലില്‍ ഒതുങ്ങി.2006 ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി 'നരന്‍' മാറിയപ്പോള്‍ നിരവധി തീയറ്ററുകളില്‍ 100 ദിവസം തികയ്ക്കാനും ചിത്രം മറന്നില്ല.നിരൂപകരും പ്രേക്ഷകരും ഇരുകൈയോടെ സ്വീകരിച്ച 'നരന്‍' ,മോഹന്‍ലാല്‍ എന്ന നടന്റെ അര്‍പ്പണബോധതിന്റെയും ശാരീരിക ക്ഷമതയുടെയും ഉത്തമ ഉദാഹരണമായി വാഴതപ്പെട്ടു.
BOX OFFICE-നരന്‍
CRITICS-നരന്‍
#12 ഓണം 2006 ________ഭാര്‍ഗവ ചരിതം മൂന്നാം ഖണ്ഡം ** മഹാസമുദ്രം
മുന്‍കാലങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ നമുക്ക് നല്ല ചിത്രങ്ങള്‍ ലഭിച്ചിരുന്നു.എന്നാല്‍ ആ പ്രവണതയ്ക്ക് ഒരു വ്യത്യാസം വരുത്തിക്കൊണ്ടാണ്‌ 2006 ഓണക്കാലം എത്തിയത്.ഇരു ചിത്രങ്ങളും സൂപ്പര്‍ താരങ്ങളുടെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളുടെ പട്ടികയിലേക്ക് നടന്നു നീങ്ങി.മലയാളത്തിലെ ആദ്യ 'ബ്ലാക്ക്‌ ഹ്യൂമര്‍'പരീക്ഷണം എന്ന പേരില്‍ എത്തിയ 'ഭാര്‍ഗവചരിതം' ബോക്സ്‌ ഓഫീസിലെ എക്കാലത്തെയും വലിയ പരാജയചിത്രമായി മാറിയപ്പോള്‍ സീരിയല്‍ സംവിധായകനൊപ്പം 'മഹാസമുദ്ര'വുമായി എത്തിയ മോഹന്‍ലാലിനും പരാജയം രുചിക്കേണ്ടി വന്നു.
BOX OFFICE-TIE
CRITICS-TIE
#13 ദീപാവലി 2006 _______ പോത്തെന്‍ വാവ ** ഫോട്ടോഗ്രാഫര്‍
ഓണക്കാലം നല്കിയ തിരിച്ചടികള്‍ക്ക് ശേഷം മലയാള സിനിമയിലെ അതികായര്‍ 2006 ദീപാവലി സീസണിലും കൊമ്പ് കോര്‍ത്ത്‌.ഹിറ്റുകളുടെ തോഴനായ ജോഷിയോടൊപ്പം മമ്മൂട്ടി, മാസ്സ് ഫാമിലി എന്റര്‍റൈനര്‍ 'പോത്തെന്‍ വാവ'യുമായി എത്തിയപ്പോള്‍ മോഹന്‍ലാല്‍,മലയാളത്തിന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദിന്റെ ആദ്യ സംവിധാന സംരംഭമായ 'ഫോട്ടോഗ്രാഫ'റുമായി തന്റെ വരവറിയിച്ചു.അഭിപ്രായങ്ങളില്‍ ഇരു ചിത്രങ്ങളും പിന്നോട്ട് നിന്നെങ്കിലും റിലീസിന് മുന്‍പുണ്ടാക്കിയ ഹൈപ് 'പോത്തെന്‍ വാവ'ക്ക് മുതല്ക്കൂട്ടയപ്പോള്‍ ബോക്സ്‌ ഓഫീസില്‍ ഭേദപ്പെട്ട വിജയമായി.മറുവശത്ത്,പ്രാധാന്യം ഏറെ ഉണ്ടായിരുന്ന ഒരു വിഷയത്തിന്റെ മോശമായ ചലച്ചിത്രാവിഷ്കാരമായി മാറിയ 'ഫോട്ടോഗ്രാഫര്‍'ബോക്സ്‌ ഓഫീസില്‍ ദുരന്തമായി മാറി.ചിത്രത്തില്‍ വേഷമിട്ട മാസ്റ്റര്‍ മണി മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ്‌ കരസ്ഥമാക്കിയത് ഫോടോഗ്രഫറിനു ലഭിച്ച ജീവശ്വാസം ആയിരുന്നു.
BOX OFFICE-പോത്തെന്‍ വാവ
CRITICS-TIE
#14 ജൂലൈ 2007 ________ മിഷന്‍ 9൦ ഡെയ്സ് ** ഹലോ
ഒരു മികച്ച ചിത്രം ബോക്സ്‌ ഓഫീസില്‍ പരാജയപ്പെട്ട കഥയാണ്‌ 2007 ജൂലൈ മാസത്തിനു പറയാനുള്ളത്.രാജീവ്‌ ഗാന്ധി വധം എന്ന ചരിത്രപ്രാധാനമായ സംഭവത്തോട് പൂര്‍ണമായും നീതിപുലര്‍ത്തിയ ചിത്രമായിട്ടുകൂടി പരാജയം രുചിക്കാനായിരുന്നു ഈ മികച്ച ചിത്രത്തിന്റെ വിധി.മറുവശത്ത്,കോമഡിക്കും ആക്ഷനും പ്രാധാന്യം നല്‍കി എത്തിയ 'ഹലോ'ബ്ലോക്ക്‌ ബസ്റെര്‍ പദവിയോടെ തീയറ്റര്‍ വിട്ടു.56 തീയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം 'മായാവി'ക്ക് താഴെ ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ്‌ ചിത്രമായി മാറി.തെലുങ്ക് നായിക പാര്‍വതി മില്ടന്‍,ജഗതി ശ്രീകുമാര്‍ എന്നീ താരങ്ങള്‍ മോഹന്‍ ലാലിനൊപ്പം ചേര്‍ന്നപ്പോള്‍ തീയറ്ററുകള്‍ പൂരപ്പറംബായി.നിരൂപക പ്രശംസയിലും ചിത്രം പിന്നോക്കം പോയില്ല.മോഹന്‍ ലാലിന്‍റെ energetic പ്രകടനം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങി.
BOX OFFICE-ഹലോ
CRITICS-മിഷന്‍ 9൦ ഡെയ്സ്
#15 വിഷു 2007 _________ ബിഗ്‌ ബി ** ചോട്ടാ മുംബൈ
മലയാളത്തിലെ ഏറ്റവും മികച്ച രണ്ടു എന്റര്‍റൈനേറ്സ്മായി മമ്മൂട്ടിയും മോഹന്‍ലാലും എത്തിയപ്പോള്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ളതെല്ലാം തീയറ്ററുകളില്‍ ഉണ്ടായിരുന്നു.ഇന്നത്തെ ഏറ്റവും branded സംവിധായകര്‍ ആദ്യമായി മുഖാമുഖം വന്നപ്പോള്‍ 'ചോട്ടാ മുംബൈ' ബോക്സ്‌ ഓഫീസില്‍ ബഹുദൂരം മുന്നേറിയെങ്കിലും അഭിപ്രായങ്ങളില്‍ 'ബിഗ്‌ ബി' മികച്ചു നിന്നു.മലയാളത്തിലെ ഏറ്റവും stylish ആയ ചിത്രം എന്നൊരു ചോദ്യമുയര്‍ന്നാല്‍ ഇന്നും ഭൂരിഭാഗത്തിന്റെയും ഉത്തരം 'ബിഗ്‌ ബി' എന്ന് തന്നെയാകും.ഹോളിവുഡ് ചിത്രം '4 brothers'ന്റെ remake കൂടിയായിരുന്നു 'ബിഗ്‌ ബി'.മറുവശത്ത്,നിരൂപകരിലും പ്രേക്ഷകരിലും പൂര്‍ണ സംതൃപ്തി നല്കിയ 'ചോട്ടാ മുംബൈ' 100 ദിവസം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.'മായാവി'ക്കും 'ഹലോ'യ്ക്കും താഴെ ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ്‌ ആയി മാറി 'ചോട്ടാ മുംബൈ'.വര്‍ഷങ്ങള്‍ക്ക് മുന്‍പ് 'രാജമാണിക്യം'എന്ന industry hit മലയാളികള്‍ക്ക് സമ്മാനിച്ച അന്‍വര്‍ റഷീദ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.
BOX OFFICE-ചോട്ടാ മുംബൈ
CRITICS-ബിഗ്‌ ബി
#16 വിഷു 2008 ________ ഇന്നത്തെ ചിന്താവിഷയം ** അണ്ണന്‍ തമ്പി
ഹിറ്റുകള്‍ മാത്രം മലയാളിക്ക് സമ്മാനിക്കുന്ന സംവിധായകന്‍ അന്‍വര്‍ റഷീദ് മറ്റൊരു 'രാജമാണിക്യം'സൃഷ്ടിക്കാന്‍ എത്തിയപ്പോള്‍ മലയാളികളുടെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്റെ പതിവ് ശൈലിയുമായി ബോക്സ്‌ ഓഫീസിലേക്ക് കാലെടുത്തു വച്ചു.'രാജമാണിക്യം'ഒന്നും ആയില്ലെങ്കിലും 'അണ്ണന്‍ തമ്പി'.ബോക്സ്‌ ഓഫീസില്‍ മികച്ച പ്രകടനം നടത്തി.75 തീയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം നിരൂപകരുടെ നെറ്റി ചുളിച്ചു എങ്കിലും മമ്മൂട്ടി എന്ന നടന്റെയും അന്‍വര്‍ റഷീദ് എന്ന സംവിധായകന്റെയും മികവില്‍ സൂപ്പര്‍ ഹിറ്റ്‌ ആയി ബോക്സ്‌ ഓഫീസി വിട്ടു.മറുവശത്ത്,ഒരു മോശം തിരക്കഥയുടെ ഭേദപ്പെട്ട അവതരണമായിരുന്നു 'ഇന്നത്തെ ചിന്താവിഷയം'.തീയറ്ററുകളില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ ചിത്രം average കളക്ഷന്‍ നേടി തീയറ്ററുകള്‍ വിട്ടു.
BOX OFFICE-അണ്ണന്‍ തമ്പി
CRITICS-TIE
#17 ജൂലൈ 2008 ________പരുന്ത് ** മാടമ്പി
"പക്ഷെ,എന്‍റെ തലയ്ക്കു മുകളിലൂടെ ഒരു പരുന്തും പറക്കില്ല,പറന്നാല്‍ ചിറകരിഞ്ഞു കളയും ഞാന്‍"-മാടമ്പിയിലെ ഈ ഡയലോഗ് അന്വര്‍ധമാക്കുകയായിരുന്നു ബോക്സ്‌ ഓഫീസ്.നെഗറ്റീവ് ടച്ച്‌ ഉള്ള നായക കഥാപാത്രങ്ങളായി മമ്മൂട്ടിയും മോഹന്‍ലാലും ബോക്സ്‌ ഓഫീസില്‍ ഏറ്റുമുട്ടിയപ്പോള്‍,മമൂട്ടി ചിത്രത്തെ ഏറെ പിന്നിലാക്കി മോഹനലാല്‍-ബി ഉണ്ണികൃഷ്ണന്‍ ടീമിന്റെ 'മാടമ്പി' 2008 ലെ ഏറ്റവും വലിയ ഹിറ്റ്‌ ആയി മാറി.2 വീതം സംസ്ഥാന,ഫിലിം ഫെയര്‍ അവാര്‍ഡുകളും ചിത്രം കരസ്ഥമാക്കി.നിരൂപകരെയും പ്രേക്ഷകരെയും നിരാശയുടെ പടുകുഴിയില്‍ തള്ളിയിട്ടുകൊണ്ട് മമ്മൂട്ടി ചിത്രം 'പരുന്തു' ബോക്സ്‌ ഓഫീസില്‍ വന്‍ ദുരന്തമായി.
BOX OFFICE-മാടമ്പി
CRITICS-മാടമ്പി
#18 ദീപാവലി 2009 _______ എന്ജേല്‍ ജോണ്‍ ** കേരള വര്‍മ പഴശ്ശി രാജാ
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവുകളില്‍ ഒന്നായിരുന്നു പഴശ്ശി രാജയുടെ റിലീസ്.മലയാളികളുടെ പ്രിയ സംവിധായകന്‍ ഹരികരനോപ്പം ഇന്ത്യന്‍ സിനിമയിലെ അതികായരായ മമ്മൂട്ടി,സരത് കുമാര്‍,ഓ എന്‍ വി കുറുപ്പ്,റസൂല്‍ പൂക്കുട്ടി,ഇളയ രാജ,രാമനാഥ് ഷെട്ടി,എം ടി വാസുദേവന്‍ നായര്‍ എന്നിവരുടെ സംഗമമായിരുന്നു വെള്ളിത്തിരയില്‍ വിരിഞ്ഞ 'പഴശ്ശി രാജാ' എന്ന അത്ഭുത ചിത്രം.27 കോടി രൂപയുടെ ബജറ്റ് ഒരു ബാധ്യതയായി കരുതാതെ ചിത്രം വെള്ളിത്തിരയില്‍ എത്തിച്ച ഗോകുലം ഗോപാലന്‍ ഏവരെയും ഞെട്ടിച്ചു.മലയാളത്തില്‍ 130 സ്ക്രീനുകളിലും തമിഴില്‍ 150 സ്ക്രീനുകളിലും ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു.നിലവിലെ റെക്കോര്‍ടുകള്‍ എല്ലാം പഴംകഥയാക്കിയ ചിത്രം 100 ദിവസം പ്രദര്ശിപ്പിക്കപ്പെടുകയും 23 കോടിയോളം‍ കളക്റ്റ് ചെയ്യുകയും ചെയ്തു.4 ദേശീയ അവാര്‍ഡുകളും,8 സംസ്ഥാന അവാര്‍ഡുകളും,7 ഫിലിം ഫെയര്‍ അവാര്‍ഡുകളും ചിത്രം സ്വന്തമാക്കി.പഴശ്ശിയോടൊപ്പം റിലീസ് ഒരുക്കി വച്ച പല ചിത്രങ്ങളും റിലീസ് മാറ്റിവച്ചപ്പോള്‍ 'എന്ജേല്‍ ജോണ്‍' കൂട്ടത്തില്‍ പെടാത്തവനായി.വ്യത്യസ്തമായ പ്രമേയം വെള്ളിത്തിരയില്‍ എത്തിച്ചുവെങ്കിലും ബോക്സ്‌ ഓഫീസില്‍ പരാജയം ആയിരുന്നു ഫലം.തമിഴ് നടന്‍ ശന്തനുവിന്റെ ആദ്യ മലയാള ചിത്രം കൂടിയായിരുന്ന എന്ജേല്‍ ജോണ്‍,മോശമായ തിരക്കഥയുടെയും സംവിധാനത്തിന്റെയും പേരില്‍ വിമര്‍ശിക്കപ്പെട്ടു
BOX OFFICE- കേരള വര്‍മ പഴശ്ശി രാജാ
CRITICS-കേരള വര്‍മ പഴശ്ശി രാജാ
#19 റംസാന്‍ 2010______ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദി സെയിന്റ് ** ശിക്കാര്‍
രണ്ടു മികച്ച ചിത്രങ്ങളുമായി മമ്മൂട്ടിയും മോഹന്‍ലാലും ബോക്സ്‌ ഓഫീസില്‍ ഏറ്റുമുട്ടിയപ്പോള്‍ പ്രേക്ഷകര്‍ക്ക്‌ തീയറ്ററുകളിലെക്ക് ഇരച്ചു കയറാനല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായില്ല.നിരൂപകരെയും പ്രേക്ഷകരെയും ഒരുപോലെ ത്രിപ്തിപ്പെടുത്തിയ പ്രാഞ്ചിയെട്ടന്‍ മമ്മൂട്ടിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായി മാറി.രഞ്ജിത്ത് എന്ന സംവിധായകനിലുള്ള വിശ്വാസം പ്രേക്ഷകര്‍ക്ക്‌ വര്‍ധിക്കുവാന്‍ ഈ ചിത്രം കാരണമായി.തീയറ്ററുകളില്‍ 150 ദിവസം പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം ബ്ലോക്ക്‌ ബസ്റ്റര്‍ ലേബലില്‍ തീയറ്റര്‍ വിട്ടു.മറുവശത്ത്,മീശപിരിയന്‍ മോഹന്‍ലാലിനെ പ്രേക്ഷകര്‍ക്ക്‌ വീണ്ടും കാണുവാനായി.പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും ചിത്രത്തിന് റിലീസിന് മുന്‍പ് ലഭിച്ച ഹൈപ് മുതല്ക്കൂട്ടായപ്പോള്‍ മോഹന്‍ലാലിനു മറ്റൊരു സൂപ്പര്‍ ഹിറ്റ്‌ കൂടി ലഭിക്കുകയുണ്ടായി.പരാജയങ്ങളും average ചിത്രങ്ങളും അലട്ടിയ മോഹന്‍ലാലിനു ഈ ചിത്രം ആശ്വാസമായി.2010 ലെ മോഹന്‍ലാലിന്‍റെ ഏക ഹിറ്റും 'ശിക്കാര്‍'ആയിരുന്നു
BOX OFFICE- പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദി സെയിന്റ്
CRITICS-പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദി സെയിന്റ്
#20 ക്രിസ്മസ് 2010 _______ ബെസ്റ്റ് ആക്ടര്‍ ** കാണ്ഡഹാര്‍
2010 ല്‍ ഏറ്റവുമധികം കാത്തിരിക്കപ്പെട്ട ചിത്രമായിരുന്നു 'കാണ്ഡഹാര്‍'.മോഹന്‍ലാല്‍,സുര്യ,അമിതാബ് ബച്ചന്‍ എന്നിവര്‍ വെള്ളിത്തിരയില്‍ ഒന്നിക്കുന്നു എന്ന് കേട്ടെങ്കിലും സുര്യയുടെ വേഷം പിന്നീട് ഗണേഷ് വെങ്കിട്ട രാമന്‍ ചെയ്യുകയായിരുന്നു.കേരളത്തില്‍ 111 തീയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് വന്‍ വരവേല്പ് ലഭിക്കുകയുണ്ടായി.മോഹന്‍ ലാലിന്‍റെ പ്രശസ്തമായ മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രം 'കാണ്ടഹാ'റിലൂടെ പുനര്‍ജനിച്ചു.എന്നാല്‍ റിലീസിന് ശേഷം ചിത്രത്തിന്റെ അവസ്ഥ പരിതാപകരമായിരുന്നു.ചിത്രത്തിന്റെ സംവിധാനവും,മുഖ്യ താരങ്ങളുടെ പ്രകടനങ്ങളും,ഗ്രാഫിക്സും എല്ലാം വിമര്ഷിക്കപ്പെട്ടപ്പോള്‍ ബോക്സ്‌ ഓഫീസിലും വിധി മറ്റൊന്നായിരുന്നില്ല.ചിത്രം 2010 ലെ ഏറ്റവും വലിയ ദുരന്ത ചിത്രങ്ങളില്‍ ഒന്നായി മാറിയപ്പോള്‍ മറുവശത്ത് മമ്മൂട്ടി തന്റെ വിജയ പരമ്പര തുടരുകയായിരുന്നു.പുതുമുഖ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനോപ്പം ചേര്‍ന്ന 'ബെസ്റ്റ് ആക്ടര്‍' 2010 ലെ സര്‍പ്രൈസ് ഹിറ്റ്‌ ആയി മാറി.78 തീയറ്ററുകളില്‍ മാത്രം റിലീസ് ചെയ്യപ്പെട്ട സിനിമയ്ക്ക്‌ പിന്നീടു തീയറ്ററുകള്‍ കൂടുതല്‍ ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ നട്ടെല്ലായി തിരക്കഥ വാഴ്തപ്പെട്ടപ്പോള്‍ സംവിധാനം,അഭിനയം എന്നീ മേഖലകളിലും ചിത്രം മികച്ചു നിന്നപ്പോള്‍ 2010 ലെ അവസാന സൂപ്പര്‍ ഹിറ്റ്‌ ആയി മാറി 'ബെസ്റ്റ് ആക്ടര്‍'
BOX OFFICE-ബെസ്റ്റ് ആക്ടര്‍
CRITICS-ബെസ്റ്റ് ആക്ടര്‍
#21 ഓണം 2014_______ പെരുച്ചാഴി ** രാജാധിരാജ
മികച്ച ചിത്രങ്ങള്‍ ഒന്നും സമ്മാനിക്കാതെയാണ് 2014 ല്‍ സിനിമ ലോകം ഓണത്തെ വരവേറ്റത്.500 റിലീസ് സെന്ററുകളുമായി 'പെരുച്ചാഴി' മലയാളത്തിലെ അന്നെവരെയുള്ള ഏറ്റവും വലിയ റിലീസ് ആയി മാറി.രാജ എന്ന പേരിലുള്ള രാശിയുമായി മമ്മൂട്ടി എത്തിയപോള്‍ പ്രേക്ഷകര്‍ക്ക്‌ ഒരു മാസ്സ് ആക്ഷന്‍ ചിത്രം ലഭിക്കുകയുണ്ടായി.ഇരു ചിത്രങ്ങളും നിരാശപ്പെടുത്തി.നിരൂപകരുടെ വിമര്‍ശന ശരങ്ങള്‍ ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടി വന്നത് 'പെരുചാഴി'ക്ക് ആയിരുന്നു.ലോജിക് ഇല്ലാത്ത കഥയും മോശപ്പെട്ട തിരക്കഥയും ഒരു പരിധി വരെയെങ്കിലും സഹിക്കാവുന്നതാക്കിയത് മോഹന്‍ലാല്‍ എന്ന മഹാനടന്റെ പ്രകടനം ഒന്നുകൊണ്ടു മാത്രമായിരുന്നു.വിജയ്‌ ബാബു,അജു വര്‍ഗീസ്‌,ബാബുരാജ്‌ എന്നിവരുടെ പ്രകടനങ്ങള്‍ ഏറെ വിമര്‍ശിക്കപ്പെട്ടു.മമ്മൂട്ടിയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.തമിഴ് സിനിമകളില്‍ സ്ഥിരമായി കാണുന്ന കഥയുടെ മലയാള ആവിഷ്കാരമായിരുന്നു 'രാജാധിരാജ'.മമ്മൂട്ടി,ജോജോ എന്നിവരുടെ പ്രകടനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ എടുത്തു പറയാന്‍ ഒന്നും തന്നെ സിനിമയില്‍ ഇല്ലായിരുന്നു.മോശം അഭിപ്രായങ്ങള്‍ ചിത്രത്തിന്റെ കളക്ഷനെ കാര്യമായി ബാധിക്കുകയുണ്ടായില്ല.ഇരു ചിത്രങ്ങളും ഹിറ്റ്‌ ടാഗ് നേടി
BOX OFFICE-TIE
CRITICS-TIE
#22 ഓണം 2015________ ഉട്ടോപിയയിലെ രാജാവ്‌ ** ലോഹം
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രേക്ഷകര്‍ക്ക്‌ നിരാശയായിരുന്നു മലയാള സിനിമ ലോകം ഓണക്കാലത്ത് നല്‍കിയത്.ഏറ്റവും പ്രതീക്ഷയില്‍ എത്തിയ 'ലോഹം' നിരൂപകരും പ്രേക്ഷകരും കൈവിട്ടപ്പോള്‍ 'ഉട്ടോപിയയിലെ രാജാവ്‌' മമ്മൂട്ടി-കമല്‍ ഭാഗ്യ ജോഡി മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു അധ്യായമായി മാറി.രഞ്ജിത്ത് എന്ന സംവിധായകന്റെ ഏറ്റവും മോശം സിനിമ ആയി ഇന്നും പലരും 'ലോഹ'ത്തെ കാണുന്നു.തിരക്കഥയിലെ അപാകതയായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പരാജയം.മലയാളത്തിന്റെ 'inception' എന്ന് ഫാന്‍സ്‌ വാഴ്ത്തിയതോഴിച്ചാല്‍(സാധാരണ പ്രേക്ഷകര്‍ ഒരിക്കലും അങ്ങനെ പറഞ്ഞു എന്നല്ല) ഒന്നും തന്നെ ഇല്ലാത്ത ഒരു പരാജയ സമീപനം ആയിരുന്നു ലോഹം.എങ്കിലും wide release,മോഹന്‍ലാല്‍-രഞ്ജിത് ഫാക്ടര്‍,ഹൈപ് എന്നിവ ചിത്രത്തിന്റെ ബോക്സ്‌ ഓഫീസ് കളക്ഷനെ സഹായിച്ചു.Avg.Grosser ആയി ലോഹം തീയറ്റര്‍ വിട്ടപ്പോള്‍ ദുരന്തമായി മാറി 'ഉട്ടോപിയയിലെ രാജാവ്‌'.കമല്‍ എന്ന സംവിധായകന്റെതാണോ എന്ന് സംശയം തോന്നുന്ന വിധത്തിലായിരുന്നു ഉട്ടോപ്പിയയുടെ സംവിധാനം.മമ്മൂട്ടി എന്നാ നടന് രക്ഷിക്കാവുന്നതിലും അപ്പുറമായിരുന്ന ചിത്രം വന്‍ പരാജയം ആയി
BOX OFFICE-ലോഹം
CRITICS-TIE
#23 ഒക്ടോബര്‍ 2016_________പുലിമുരുഗന്‍ ** തോപ്പില്‍ ജോപ്പന്‍
മലയാള സിനിമ ലോകം ഏറ്റവുമധികം കാത്തിരുന്ന റിലീസ് ആയിരുന്നു 'പുലി മുരുഗ'ന്റെത്. കേരളത്തില്‍ മാത്രം 350 സ്ക്രീനികളില്‍ റിലീസ് ചെയ്ത 'പുലിമുരുഗന്‍' ചരിത്രമായി മാറി.മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായി 'പുലിമുരുഗന്‍' മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയവും ആയി.ഇതുവരെ 162 കോടി collect ചെയ്ത മുരുഗന്‍ മറ്റു പല സൌത്ത് ഇന്ത്യന്‍ സിനിമകളെയും പിന്തള്ളി മലയാള സിനിമയെ ഉയരങ്ങളില്‍ എത്തിക്കുകയാണ്.മോഹന്ലാല്‍ എന്ന നടന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈ ലൈറ്റ്.കൂടാതെ ഗ്രാഫിക്സ്,VFX എന്നിവയില്‍ ചിത്രം അത്ഭുതമായി.ആവറെജില്‍ ഒതുങ്ങിയ ഒരു കഥ എങ്ങനെ അതി മനോഹരമാക്കാം എന്നാ ചോദ്യത്തിന് എന്നും ഉത്തമ ഉദാഹരണം ആകും 'പുലി മുരുഗന്‍'.അഭിപ്രായങ്ങളില്‍ പിന്നോക്കം നിന്നുവെങ്കിലും മമ്മൂട്ടി ചിത്രം 'തോപ്പില്‍ ജോപ്പന്‍' collection ല്‍ മുന്നിട്ടു നിന്നു.പുലിമുരുഗന്‍ എഫ്ഫക്റ്റ്‌ ഉണ്ടായിട്ടു കൂടിയും തീയറ്ററുകളില്‍ നിന്നും 12 കോടിയോളം collect ചെയ്യാന്‍ ചിത്രത്തിനായി.ഹിറ്റ്‌ ടാഗ് മമ്മൂട്ടി ചിത്രം കരസ്ഥമാക്കി
മലയാള സിനിമ എന്നും അറിയപ്പെടാന്‍ പോകുന്നത് 'മമ്മൂട്ടി','മോഹന്‍ലാല്‍' എന്നീ പേരുകളില്‍ ആകും.വര്‍ഷങ്ങളായി പലരും മികച്ച പ്രകടനങ്ങളുമായി മലയാള വെള്ളിത്തിരയില്‍ വരികയുണ്ടായി.അന്നും ഇന്നും അവര്‍ക്ക് മത്സരിക്കേണ്ടി വന്നത് ഈ രണ്ടു പേരോടും ആയിരുന്നു.നല്ല സിനിമകളെ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകര്‍ക്ക്‌ എന്നും അവരുടെ മമ്മൂക്കയും ലാലേട്ടനും അനശ്വരരാണ്.ഇവരുടെ പേരുകള്‍ ഇല്ലാതെ മലയാളം,എന്തിനു ഇന്ത്യന്‍ സിനിമ ചരിത്രം പോലും ഉണ്ടാകില്ല.ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മികച്ച സിനിമകള്‍ മലയാളിക്ക് ലഭിച്ചു.10 തവണ ബോക്സ്‌ ഓഫീസ് മോഹന്‍ ലാലിനൊപ്പം നിന്നപ്പോള്‍ 11 തവണ ഭാഗ്യം മമ്മൂട്ടിയെ തുണച്ചു.2 തവണ ഇരുവരും ഒപ്പത്തിനൊപ്പം വന്നു.നിരൂപക പ്രശംസയില്‍ 8 തവണ മോഹന്‍ ലാല്‍ മുന്നില്‍ എത്തിയപ്പോള്‍ 8 തവണ മമ്മൂട്ടിയും മുന്നില്‍ എത്തി.7 തവണ ഇരുവരും ഒപ്പത്തിനൊപ്പം വന്നു.ലിസ്റ്റിൽ സിനിമകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക........

No comments:

Post a Comment