Monday, April 24, 2017

How a Movie become profitable?

എന്നും സിനിമ ലോകത്ത് ഏറ്റവുമധികം തര്‍ക്കങ്ങള്‍ നടക്കുന്ന വേദിയാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍.ഹിറ്റ്‌,സുപെര്‍ഹിറ്റ്,ബ്ലോക്ക്‌ബസ്റര്‍ എന്നിങ്ങനെയുള്ള തരാം തിരിവുകള്‍ എന്നും തര്‍ക്കങ്ങള്‍ക്ക് ആക്കാം കൂട്ടിക്കൊണ്ടിരുന്നു.പല ഫാന്‍സ്‌ പേജുകളിലും ഇങ്ങനെ സംവാദങ്ങളും അഭിപ്രായ വ്യത്യാസങ്ങളും കാണുമ്പോള്‍ ഞാനടക്കം പലര്‍ക്കും സിനിമ എന്നതിന്റെ വ്യവസായ സാധ്യതകള്‍,അല്ലെങ്കില്‍ വ്യാവസായിക അവതരണം എന്നിവ അപരിചിതമാകാം.അത്തരത്തിലുള്ള ഒരു അറിവില്ലായ്മയാണ് ഈ പോസ്റ്റിലേക്ക് എന്നെ നയിച്ചത്.ഓരോ സിനിമകളുടെയും വ്യാവസായികമായ ഘട്ടങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഈ പോസ്റ്റ്‌ പുരോഗമിക്കപ്പെടുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.പലപ്പോഴും കളക്ഷന്‍/ബജറ്റ് എന്നിവ പരിഗണിക്കുമ്പോള്‍ ഹിറ്റ്‌ എന്ന് നമുക്ക്   തോന്നുന്ന പല ചിത്രങ്ങളും യാധാര്ത്യത്തില്‍ എങ്ങനെ പരാജയങ്ങള്‍ ആയി മാറി ? 3൦ കോടി ബജറ്റ്ല്‍ ഇറങ്ങിയ ചിത്രങ്ങള്‍ 7൦ കോടില്‍ കളക്റ്റ് ചെയ്തിട്ട് പോലും എങ്ങനെ പരാജയമാകുന്നു ?എങ്ങനെയൊക്കെയാണ് ഒരു ചിത്രത്തിനു ഹിറ്റ്‌ അഥവാ ഫ്ലോപ്പ് ടാഗുകള്‍ നല്‍കുന്നത് എന്നൊരു തിരിഞ്ഞുനോട്ടമാകാട്ടെ ഈ പോസ്റ്റ്‌

1.ചിത്രത്തിനായി പണം മുടക്കുന്നയാലാണ്   നിര്‍മാതാവ്.സംവിധായകന്‍,അഭിനേതാക്കള്‍,അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും അദ്ദേഹത്തിനു വേണ്ടി   ജോലി ചെയ്യുന്നു അഥവാ അദ്ദേഹം ഇവരെയെല്ലാം വാടകയ്യ്ക് എടുത്തിരിക്കുന്നു.ചിത്രത്തിനായി   ഒരു നിശ്ചിത  തുക അദ്ദേഹം ഇന്‍വെസ്റ്റ്‌ ചെയ്യുന്നു.

2.പ്രസ്തുത തുകയില്‍   അവസാനിപ്പിക്കുന്ന ചിത്രം പിന്നീട് വിതരണത്തിന്       തയ്യാറാകുന്നു.  അതിനായി നിര്‍മാതാവിനെ സഹായിക്കുന്നവരാന് വിതരണക്കാര്‍.നിര്‍മാതാവ് ചിത്രത്തിനായി മുടക്കിയത്തിലും വലിയ ഒരു തുകയില്‍ വിതരണക്കാര്‍ ചിത്രം വെള്ളിത്തിരയില്‍ എത്തിക്കാമെന്നു ഉറപ്പുകൊടുത്ത് നിര്‍മാതാവില്‍ നിന്നും ചിത്രം വാങ്ങുന്നു.എന്നാല്‍ ചില അവസരങ്ങളില്‍ നിര്‍മാതാവ് തന്നെ നേരിട്ട് ചിത്രങ്ങള്‍ വിതരണത്തിന് വെക്കുകയും ചെയ്യാറുണ്ട്.വിതരണക്കാര്‍ നിര്‍മാതാവില്‍ നിന്നും ചിത്രം വാങ്ങുന്നതോടെ നിര്‍മാതാവ് തന്റെ ലാഭം ഉറപ്പാക്കുന്നു.

3.ചിത്രത്തിനായി അങ്ങനെ പ്രമോഷന്‍ വര്‍ക്കുകള്‍ വിതരണക്കാര്‍  നടപ്പിലാക്കുന്നു.അതിനായി ഒരു നിശ്ചിത തുകയും അവര്‍ ചിലവാക്കുന്നു.   അങ്ങനെയാകുമ്പോള്‍ നിര്‍മാതാവില്‍ നിന്നും വാങ്ങിയ തുകയും പ്രമോഷനും മറ്റുമായി  ചിലവാക്കിയ പണവും കൂട്ടിയെടുക്കുന്നതാണ് ഇപ്പോള്‍ ചിത്രത്തിന്റെ വില.

4.ചാനലുകളില്‍ നിന്നും,ഓഡിയോസില്‍ നിന്നും നിശ്ചിത തുകകള്‍   സാറ്റെലൈറ്റ് റൈട്സ്,ഓഡിയോ റൈട്സ്  എന്നിങ്ങനെ വിതരണക്കാര്‍ക്ക്     ലഭിക്കുന്നു.അങ്ങനെ സിനിമ കൊട്ടകകളില്‍ എത്തുന്നതിനു മുന്‍പ് തന്നെ   ചിത്രം വിതരണക്കാര്‍ക്ക് വരുമാനം എത്തിച്ചുകൊടുക്കുന്നു.

5.മുഖ്യ വിതരണക്കാര്‍ അത് ചെറുകിട വിതരണക്കാര്‍ക്ക്   നല്‍കുന്നു.അവരത് തീയറ്ററുകള്‍ക്ക് അഥവാ എക്സിബിറ്റെഴ്സിനു നല്‍കുന്നു.അങ്ങനെ തീയറ്ററുകളില്‍ എത്തുന്ന ചിത്രം പ്രദര്‍ശനം ആരംഭിക്കുന്നു.

6.ഓരോ ടിക്കെറ്റില്‍ നിന്നും 20 % എന്റര്‍റൈന്‍മെന്റ് റ്റാക്സ്‌ എന്ന പേരില്‍   സര്‍ക്കാരിന് പോകുന്നു.100 രൂപ ടിക്കറ്റില്‍ തീയറ്ററിനു ലഭിക്കുന്നത് 80 രൂപ.എന്നാല്‍ അത് പൂര്‍ണമായും   തീയറ്റര്‍ ഉടമയ്ക്ക് അവകാശപ്പെട്ടതല്ല.അത്  വിതരണക്കാര്‍ക്കും അവകാശപ്പെട്ടതാണ്.അങ്ങനെയാകുമ്പോള്‍ 25 : 75 (സംസ്ഥാനങ്ങള്‍ക്കനുസരിച്ച് ഈ അനുപാതത്തില്‍ വ്യത്യാസങ്ങള്‍ ഉള്ളതാണ്) എന്ന അനുപാതത്തില്‍ വരുമാനം പകുത്തെടുക്കുന്നു.അങ്ങനെയാകുമ്പോള്‍ 60 രൂപ വിതരണക്കാരനും 20 രൂപ   തീയറ്റര്‍   ഉടമയ്ക്കും ലഭിക്കുന്നു.തുടര്‍ച്ചയായി ചിത്രം     പ്രദര്‍ശിക്കപ്പെട്ടാല്‍   ആഴ്ചകള്‍ക്കനുസരിച്ചു ഈ അനുപാതം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും.     മള്‍ടിപ്ലക്ക്സ് തീയറ്ററുകളില്‍   ഈ   അനുപാതം   50 : 50 എന്നാണു.അതായത്   വിതരണക്കാരന്   40 രൂപ ലഭിക്കുന്നു എന്നര്‍ഥം( സംസ്ഥാനങ്ങള്‍ക്കനുസരിച്ച് അനുപാതം വ്യത്യാസപ്പെട്ടിരിക്കും )

7.ഇത്തരത്തില്‍ ചിത്രത്തിന് ലഭിക്കുന്ന കളക്ഷനു 'നെറ്റ് ഇന്‍കം' എന്ന്   പറയുന്നു (ടിക്കറ്റ്‌   വഴിയും റൈട്സ് വഴിയും ലഭിക്കുന്ന വരുമാനം ).   ചിത്രത്തിന്റെ വില ( നിര്‍മാതാവിന് നല്‍കിയ പണം + പ്രമോഷന് ചിലവാക്കിയ പണം ) 'നെറ്റ് ഇന്‍ക'ത്തെക്കാള്‍ കൂടുതല്‍ ആണെങ്കില്‍ ചിത്രം    ഫ്ലോപ്പ് എന്നും അല്ലാത്ത പക്ഷം ഹിറ്റ്‌ എന്നും പറയാനാകും.


ഒരു   ഉദാഹരണമായി   ഹിന്ദി ചിത്രം 'തേവര്‍'ന്റെ ബോക്സ്‌    ഓഫീസ് യാത്ര      ഒന്ന് പരിശോദിക്കാം


** നിര്‍മാതാവ് ബോണി കപൂര്‍ ചിത്രത്തിനായി 30 കോടി രൂപ ഇന്‍വെസ്റ്റ്‌ ചെയ്യുന്നു

**വിതരണത്തിനായി 'ഇറോസ് ഇന്റര്‍നാഷണല്‍' ചിത്രം 48 കോടി രൂപയ്ക്ക് വാങ്ങുന്നു.

**വിതരണക്കാര്‍ 12 കോടി രൂപ ചിത്രത്തിന്റെ പ്രമോഷനായി ചിലവിടുന്നു.അങ്ങനെയാകുമ്പോള്‍ ചിത്രത്തിന്റെ മുഴുവന്‍ വില 60 കോടിയായി ഉയര്‍ന്നു

**റൈട്സ്   വഴി ചിത്രത്തിന് 18 കോടി  ലഭിക്കുന്നു.അങ്ങനെയാകുമ്പോള്‍ 42 കോടി രൂപ തിരികെ കിട്ടിയാല്‍ മാത്രമേ ചിത്രം വിജയം ആകുകയുള്ളൂ.

**തീയറ്ററില്‍ നിന്നും 42 കോടി ലഭിക്കണമെങ്കില്‍ 85 കോടിയോളം   രൂപയെങ്കിലും ഗ്രോസ് കളക്ഷന്‍ ലഭിക്കണം.എന്റര്‍റൈന്‍മെന്റ് ടാക്‌സ്,തീയറ്റര്‍ ഉടമകളുടെ ഷെയര്‍ എന്നിവ പരിഗണിക്കുമ്പോഴാണ് ചിത്രത്തിന്റെ ഗ്രോസ് ഇത്രയും ഉയരാന്‍ കാരണം.

**ചിത്രം തീയറ്ററുകളില്‍ നിന്നും നേടിയത് 50 കോടിയോളം രൂപ മാത്രമാണ്.അങ്ങനെയാകുമ്പോള്‍ വിതരണക്കാര്‍ക്ക് 25 കോടിയോളം രൂപ ലഭിച്ചിരിക്കാം.അങ്ങനെയാകുമ്പോള്‍ നഷ്ടം 17 കോടി.

**ചിത്രം നിര്‍മാതാവിന് ലാഭവും വിതരണക്കാര്‍ക്ക് വന്‍ നഷ്ടവും വരുത്തിവച്ചു

ജയപരാജയങ്ങള്‍ സംബന്ധിച്ചുള്ള അടിസ്ഥാനപരമായ കാര്യങ്ങള്‍ മാത്രമാണ് പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.1000   കോടി ബജറ്റില്‍ പോലും ചിത്രങ്ങള്‍ വരാന്‍ പോകുന്ന ഈ വേളയില്‍ ഈ പോസ്റ്റിനും പ്രസക്തിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.

പോസ്റ്റ്‌ സംബന്ധമായ സംശയങ്ങളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും   ചുവടെ നല്‍കും എന്ന വിശ്വാസത്തോടെ അവസാനിപ്പിക്കുന്നു

നന്ദി

കൂടുതല്‍ വായനയ്ക്ക് 

Sunday, April 16, 2017

A Rise

"മോഹൻ,നിങ്ങളൊരു നടനാകാണം എന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ,നിങ്ങൾ അത് ആയിരിക്കും"-സൂപ്പർ ഹിറ്റ് ചിത്രം 'ബെസ്റ് ആക്ടറി'ൽ സംവിധായകൻ രഞ്ജിത്ത് മമ്മൂട്ടിയോട് പറയുന്ന സംഭാഷണശകലമാണിത്.ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് മനുഷ്യന്റെ ഉള്ളിലെ വിജയമാഗ്രഹിക്കുന്ന പോരാളിയിലെ തിരശ്ശീലയ്ക്കിപ്പുറമെത്തിച്ചത്.സ്വപ്‌നങ്ങള്‍ അവനെ കടിനാധ്വാനിയാക്കി.വിജയങ്ങളും സ്ഥാനമാനങ്ങളും അവന്‍ കെട്ടിപ്പടുത്ത്.ശാസ്ത്ര സാങ്കേതിക കലാ സാഹിത്യ കായിക മേഖലകളിലെല്ലാം  കൈയടക്കത്തോടെയുള്ള പ്രകടനങ്ങള്‍ മനുഷ്യനെ ചെറു സ്ഥാങ്ങളില്‍ നിന്നും ഉന്നതിയിലെക്കെത്തിച്ചു.ഞാനൊരു സ്വപ്നത്തിന്റെ കഥ പറയാന്‍ പോകുകയാണ് ഒരു നടനാകാന്‍ സ്വപ്നം കണ്ടു നായകനാകാന്‍ കൊതിച്ച ഒരു താരത്തിന്റെ കഥ.

സിനിമ സ്വപ്നം കണ്ട ഒരാളുണ്ടായിരുന്നു ഒരു നാള്‍ മദ്രാസില്‍,അദ്ധേഹത്തിന്റെ പേര് ജോണ്‍ വിക്ടര്‍.ചലന ചിത്രങ്ങള്‍ ഒരു ഹരമായിരുന്ന അദ്ദേഹം ഒരു നടന്‍ എന്ന പേരില്‍ ലോകം വാഴ്തുമെന്ന്‍ പ്രതീക്ഷയില്‍ വേഷങ്ങള്‍ക്കായിഓടി നടന്നു.സിനിമയില്‍ വിനോദ് രാജ് എന്ന പേരില്‍ കുറച്ചധികം ചിത്രങ്ങളില്‍ വേഷം ചെയ്ത അദ്ദേഹം അന്നത്തെ സബ് കളക്ടര്‍ ആയിരുന്ന രാജേശ്വരിയെ കല്യാണം കഴിച്ചു.അളിയനായ എസ്.ത്യാഗരാജന്‍അന്നത്തെ പേരുകേട്ട സംവിധായകനായ കാരണത്താല്‍ വിനോദിന് വേഷങ്ങള്‍ നിരവധി ലഭിച്ചു.ഇതിനിടയ്ക്കാണ് അവര്‍ക്കൊരു ആണ്കുഞ്ഞു ജനിക്കുന്നത്.അച്ഛന്റെപാതയില്‍ തന്റെ ജീവിതലക്ഷ്യം ആ മകനും ഉറപ്പിച്ചു,അവന്റെ പേര് കെന്നഡി  ജോണ്‍ വിക്ടര്‍.പഠന കാലത്ത് തന്നെ ആദ്യ ചിത്രം കെന്നടിയെ തേടിയെത്തി.'എന്‍കാധല്‍ കണ്മണി' എന്ന പേരില്‍  പുറത്തിറങ്ങിയ ചിത്രം കെന്നഡി എന്ന നാടനു യാതൊരു പ്രശംസയും ഏറ്റുവാങ്ങാന്‍ അരങ്ങൊരുക്കിയില്ല.അങ്ങനെ പിന്നീടും അദ്ദേഹത്തിന്റേതായ മൂന്നു ചിത്രങ്ങള്‍ വെള്ളിത്തിരയില്‍ അവതരിച്ചുവെങ്കിലും വന്‍നിരാശ സമ്മാനിച്ചുകൊണ്ട്മൂന്നു ചിത്രങ്ങളും കൊട്ടകള്‍ വിട്ടു.പിന്നീട്  മുന്‍നിര വേഷങ്ങള്‍ തനിക്കു പേരുദോഷം മാത്രമേ നല്‍കുകയുള്ളൂ എന്ന് മനസ്സിലാക്കിയ അദ്ദേഹം സഹനടന്‍ വേഷങ്ങളില്‍ ശ്രദ്ധ ചെലുത്തി.അങ്ങനെ മലയാളം,തമിഴ്,തെലുങ്ക് ഭാഷകളില്‍ ചെറിയ വേഷങ്ങളില്‍  ശ്രദ്ധേയന്‍ ആയെങ്കിലും നിര്‍ഭാഗ്യം അദ്ദേഹത്തെ പിന്തുടരുക തന്നെ ചെയ്യുകയുണ്ടായി.അവസരങ്ങള്‍ ഗണ്യമായി കുറഞ്ഞപ്പോള്‍ ഡബ്ബിംഗില്‍ പോലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ നടനെ പ്രേരിപ്പിച്ചു.സീരിയല്‍,ടിവി രംഗങ്ങളില്‍ അദ്ദേഹത്തിനുള്ള താല്പ്പര്യകുറവും അദ്ധേഹത്തിന്റെ നായകസങ്കല്‍പ്പങ്ങള്‍ക്ക്  ഭംഗം വരുത്തി.7 വര്‍ഷത്തോളം സിനിമ വ്യവസായത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കുവാന്‍ മാത്രമേ ഈ ചെറിയകലാകാരന് കഴിഞ്ഞുള്ളൂ .നിരന്തരമായി സെറുകളിലും മറ്റും നിന്നും ലഭിക്കുന്ന അവഗണനകളും കുറ്റപ്പെടുത്തലുകളും മാത്രം കൈമുതലായി ലഭിച്ചുകൊണ്ടിരുന്ന ഈ കാലം ആ മനുഷ്യന്റെ സ്വപ്നങ്ങള്‍ക്ക് പോലും വിശ്വാസ്യത കുറച്ചു.സിനിമ മോഹം പോലും ഉപേക്ഷിക്കുവാനുള്ള തീരുമാനം കൈക്കൊള്ളാന്‍ ആ ചെറുപ്പക്കാരന്‍ നിര്‍ബന്ധിതനായ കാലത്താണ് 
1997 ൽ,പ്രശസ്ത സംവിധായകൻ ബാലു മഹീന്ദ്രയുടെ അസിസ്റ്റന്റ് ബാലാ തന്റെ ആദ്യ സംവിധാന സംരംഭത്തിനായി സൂപ്പർ നായകൻ അജിത്തിനെ സമീപിച്ചതു.കഥ ഇഷ്ടപ്പെടാത്ത കാരണത്താൽ അജിത് ചിത്രത്തിൽ നിന്ന് പിന്മാറി.ഈ അവസരത്തിലാണ് ചിത്രത്തിലേക്ക് കെന്നടിക്കു ക്ഷണം വരുന്നത്


സംവിധായകൻ തന്നിൽ അർപ്പിച്ച വിശ്വാസത്തിനു കേടു വരുത്താതെ കെന്നഡി നിരവധി ത്യാഗങ്ങൾ സഹിച്ചുകൊണ്ട തന്റെ വേഷം മികച്ചതാക്കി.മാസങ്ങളോളം പട്ടിണി കിടന്നു 21 കിലോയോളം ശരീരം കുറച്ചു,നഖങ്ങള്‍ നീട്ടി വളര്‍ത്തി സംവിധായകന്റെ ആവശ്യപ്രകാരം തലമുടിയും മുറിക്കാന്‍ കെന്നഡി പ്രേരിതനായി.പക്ഷെ,1997 ൽ നടന്ന FEFSI സമരം ചിത്രീകരണത്തെ സാരമായി ബാധിച്ചു.മാസങ്ങളോളം ചിത്രീകരണം നിർത്തി വയ്‌ക്കേണ്ടി വന്നു.രണ്ടു വര്‍ഷത്തോളം ചിത്രീകരണം നഷ്ടപ്പെട്ട കാരണത്താല്‍ നിര്‍മാതാവ് പ്രൊജക്റ്റ്‌ ഡ്രോപ്പ് ചെയ്യുകപോലും ഉണ്ടാവുകയില്‍ പിന്നീട് അണിയറപ്രവര്‍ത്തകരുടെ അഭ്യര്‍ഥനയെ മാനിച്ചു തിരിച്ചു വരികയും ചെയ്തു.അങ്ങനെ 1999 ജൂണ്‍ ഓടെ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിപ്പിക്കാന്‍ ബാലയ്ക്ക് കഴിഞ്ഞു.
ചിത്രീകരണത്തിന് ശേഷവും തിരിച്ചടികൾ സിനിമയ്ക്ക് നേരിട്ടു. ദുരന്തപര്യവസാനിയായ ചിത്രം ഏറ്റെടുക്കാൻ വിതരണക്കാരാരും മുന്നോട്ടു വന്നില്ല.പ്രസ്‌ മീറ്റുകള്‍ നടത്താന്‍ പോലും പണമില്ലാതെ വന്നപ്പോള്‍ കെന്നഡിയുടെ ഭാര്യയുടെ കൈയില്‍ നിന്നും കടം വാങ്ങിയ കാശിനു ചിത്രത്തിനു വേണ്ടി പ്രസ്‌ മീററ്റുകള്‍ നടത്തിയെങ്കിലും അതൊന്നും വിജയമായില്ല.പ്രമുഖര്‍ക്ക് മുന്നില്‍ സ്ക്രീനിംഗ് നടത്തി നല്ല അഭിപ്രായങ്ങള്‍ ലഭിച്ചിട്ട് പോലും കെന്നഡി എന്ന നടനിലോ ഒരു പുതുമുഖ സംവിധായകനിലോ പ്രതീക്ഷയര്‍പ്പിച്ച് ആരും മുന്നോട്ടു വന്നില്ല.അങ്ങനെ 1999  ഡിസംബര്‍ 10 ആം തീയതി,  ഒരു ബി ക്ലാസ് തീയറ്ററിലെ നൂൺ ഷോ, ചിത്രത്തിന് ഒത്ത് വന്നു.വളരെ പ്രതീക്ഷയോടെ കിട്ടിയ ഷോക്ക് വിരലിലെണ്ണാവുന്ന ആളുകളുടെ സാമീപ്യത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു.ദിവസങ്ങള്‍ കടന്നുപോകുംതോറും,അത്ഭുതകരമാം വിധം ചിത്രത്തിന് ആളുകള്‍ കയറുന്ന കാഴ്ച അനിയറക്കാരെ പോലും അത്ഭുതപ്പെടുത്തി.രണ്ടു  ആഴ്ചകൾക്കുള്ളിൽ ആറു തീയറ്ററുകളിൽ കൂടി ചിത്രം ഫുൾ ഷോ പ്രദർശിപ്പിച്ചു.വാമൊഴിയായി ചിത്രത്തിന് ലഭിച്ച പ്രൊമോഷന്‍ ഒരു ഗംഭീര വിജയം സ്വപ്നം കാണാന്‍ ബാലയ്ക്കും കെന്നടിക്കും ഉത്തേജനം നല്‍കി.തീയറ്ററുകളുടെ എണ്ണം പ്രതീക്ഷയ്ക്കപ്പുറം വര്‍ധിച്ചപ്പോൾ 160 സെന്ററുകളിൽ ചിത്രം 30 വാരം തകർത്തത്തോടി.പ്രേക്ഷകരോടൊപ്പം ചിത്രത്തിന്റെ നിലവാരം നിരൂപകരെയും അത്ഭുതകരമാം വിധം സ്വാധീനിച്ചു.കെന്നഡിയുടെ പ്രകടനം തമിഴ് സിനിമ ലോകത്തെ തന്നെ തങ്കലിപികളില്‍ എഴുതി ചേര്‍ക്കാന്‍ പോലും പോന്നതാണെന്ന അഭിപ്രായങ്ങള്‍ പോലും ഉയര്‍ന്നു.ആ വര്‍ഷത്തെ മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ്‌ നേടിയെടുത്ത ചിത്രം പിന്നീട മികച്ച സംവിധായകന്‍,സിനിമ എന്നീ രംഗങ്ങളില്‍ തമിഴ് നാട് സംസ്ഥാന അവാര്‍ഡുകളും നേടിയെടുത്തു.കെന്നഡിയുടെ പ്രകടനം ഫിലിം ഫെയര്‍ അവാര്‍ഡുകളിലും സംസ്ഥാന അവാര്‍ഡുകളും ആദരിക്കപ്പെട്ടപ്പോള്‍ ചെറു നിരാശ നല്‍കി ദേശീയ അവാര്‍ഡുകളില്‍ കേവല വോട്ട്കള്‍ക്ക് മോഹന്‍ലാലിനോട് പരാജപ്പെടെണ്ടി വന്നുവെങ്കിലും അതൊന്നും കെന്നഡി എന്ന നിശ്ചാദാര്‍ദ്ദ്യമുള്ള നടനു വിലങ്ങുതടിയായിരുന്നില്ല. തമിഴ് നാട്ടില്‍ അതുവരെ പരിചയമില്ലാത്ത ഒരു റിയലിസ്റിക് കഥാഗതി അവതരിപ്പിച്ചതോടെ ചിത്രം ഒരു പുതിയ ട്രെന്‍ഡ് കൂടി സംസ്ഥാനത്ത് അവതരിപ്പിക്കുകയായിരുന്നു.പ്രതിഭാധനനായ ഒരു സംവിധായകന്റെയും നടന്റെയും ഉദയം കാട്ടി തന്ന ചിത്രത്തിന്റെ പേര് 'സേതു'.ചിത്രത്തിലെ നായകന്‍ കെന്നഡി ജോണ്‍ വിക്ടര്‍ അഥവാ വിക്രം :) പിന്നീട് ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ നാമം ചിയാന്‍ തന്റെ പേരിനൊപ്പം വിക്രം കൂട്ടിച്ചേര്‍ത്തു.അങ്ങനെ അദ്ദേഹം ആരാധകര്‍ക്ക് പ്രീയങ്കരനായ ചിയാന്‍ വിക്രമായി.'സേതു'വിന്റെ ഉജ്ജ്വലവിജയം അവസരങ്ങളുടെ പറുദീസാ ഈ മഹാനടന് മുന്നില്‍ തുറന്നപ്പോള്‍ ബോക്സ്‌ ഓഫീസില്‍ പുതു ചരിത്രം ഇദ്ദേഹം രചിച്ചു.സേതുവില്‍ തലനാരിഴയ്ക്ക് നഷ്ടമായ ദേശീയ പുരസ്കാരവും എതിരാളികളെ നിഷ്ഭ്രാമാനാക്കി അദ്ദേഹം നേടിയെടുത്തപ്പോള്‍ കാഴ്ച്ചക്കാരായവരുടെ സന്തോഷം പോലും അതിരില്ലാത്തതായിരുന്നു.കോടി കിലുക്കങ്ങളും അഭിനയത്തിന്റെ നൂതന സാധ്യതകളും തുറന്നു നല്‍കിയ അദ്ദേഹം രാജ്യത്തെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി അവരോധിക്കപ്പെട്ടപ്പോള്‍ ഒരുകാലത്ത് താന്‍ നേരിട്ട അവഗണനകളും ഭാഗ്യമില്ലായ്മയും ഈ മഹാനടന് കൂട്ടുണ്ടായിരുന്നു...

അത്ഭുതങ്ങള്‍ ഉണ്ടാകുന്നില്ല,നാംഉണ്ടാക്കുകയാണ്.മറ്റൊരു അത്ഭുതമാകാന്‍ നമ്മള്‍ക്കെവര്‍ക്കും കഴിയട്ടെ എന്ന പ്രത്യാശയോടെയും പ്രതീക്ഷയോടെയും അവസാനിപ്പിക്കുന്നു :)

 Chase your Dreams

Tuesday, April 11, 2017

'Munnariyipp' Explained (Part 6)

മുന്നറിയിപ്പ് - ഒരു അന്വേഷണം (ഭാഗം 6)
======================================

ആദ്യ അഞ്ചു ഭാഗങ്ങൾക്കും നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി പറഞ്ഞുകൊണ്ട് ആറാം ഭാഗത്തിലേക്ക് കടക്കുന്നു.മൂന്നു ഭാഗങ്ങളില്‍ അവസാനിപ്പിക്കാം എന്ന് കരുതിയ എനിക്ക് ഓരോ കാഴ്ചയിലും പുതു വ്യാഖ്യാനങ്ങളുമായാണ് 'മുന്നറിയിപ്പ്' എന്ന ഇതിഹാസ ചിത്രം അവതരിക്കുന്നത്.അടുത്തിടയ്ക്ക്കാന് എന്റെ സുഹൃത്ത്‌ ജിസോ യുടെ 'മുന്നറിയിപ്പി'നെ കുറിച്ചുള്ള പോസ്റ്റ്‌ കാണുന്നത്.അതില്‍ അദ്ദേഹം ഫ്രാന്‍സ് കാഫ്കയെ പറ്റി പരാമര്‍ശം നടത്തിയിരിക്കുന്നത് ശ്രധിച്ചപ്പോഴാണ് ഈ പോസ്റ്റ്‌ തയ്യാറാക്കാനുള്ള ത്രെഡ് ലഭിക്കുന്നതിനു.അതിനു കാരണക്കാരനായ എന്റെ സുഹൃത്തിനു ആദ്യം തന്നെ നന്ദി പറഞ്ഞുകൊണ്ട് ആരംഭിക്കുന്നു.

മുന്നറിയിപ്പ് എങ്ങനെയുണ്ടായി ?
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^


(To be noted :ചുവടെ നല്‍കിയിരിക്കുന്ന ഫോട്ടോ ഒരു റഫറന്‍സ് ആയി കണക്കാക്കുക.ബ്രാക്കറ്റുകളില്‍ നല്‍കിയിരിക്കുന്ന സംഖ്യകള്‍ അവയിലേക്കുള്ള ചൂണ്ടുവിരലുകളാണ്)


ചിത്രത്തിന്റെ തുടക്കത്തില്‍ കെ കെ എന്ന മുതിര്‍ന്ന മാധ്യപ്രവര്തകന്‍   അഞ്ജലിയോടും മറ്റു മാധ്യമപ്രവര്തകരോടും ജോസഫ്‌ കെ എന്ന കഥാപാത്രത്തെപറ്റി ചോദിക്കുന്ന രംഗം കാണാം ( 1 ).പ്രശസ്ത നോവലിസ്റ്റ്‌ ഫ്രാന്‍സ് കാഫ്കയുടെ 'ദി ട്രയല്‍' എന്ന നോവലിനെപ്പറ്റിയാണ് ഇവിടെ പരാമര്‍ശം. നെറിവും കഴിവുമുള്ള ബാങ്ക് ഉദ്യോഗസ്ഥൻ ജോസഫ് കെ. എന്നയാളാണ് ഈ കഥയിലെ മുഖ്യകഥാപാത്രം. അകാരണമായി ഒരു പ്രഭാതത്തിൽ അയാൾ അറസ്റ്റു ചെയ്യപ്പെടുന്നു. അറസ്റ്റിനുള്ള കാരണം ചോദിച്ച അയാൾക്ക് ആരും മറുപടി കൊടുത്തില്ല. കോടതിയിലെ അയാളുടെ വിചാരണ വെറും അസംബന്ധവും പ്രഹസനമായി മാറുന്നു. അറസ്റ്റിനുള്ള കാരണം കോടതിക്കും നിശ്ചയമില്ലായിരുന്നു. ആരോപണങ്ങൾ വ്യക്തമാക്കാനോ അയാളുടെ വൈഷമ്യത്തിനു പരിഹാരമുണ്ടാക്കാനോ ആരും ഒന്നും ചെയ്യാതിരുന്നപ്പോൾ തനിക്കറിയാത്ത കുറ്റാരോപണത്തിൽ നിർദ്ദോഷിത്വം സ്ഥാപിക്കാൻ അയാൾ പരക്കം പായുന്നു. വക്കീലിനെ പോയി കണ്ട അയാൾക്ക് കിട്ടിയ മറുപടി, അറസ്റ്റിനുള്ള കാരണം അറിവില്ലാത്തതിനാൽ കേസ് വാദിക്കാൻ നിവൃത്തിയില്ല എന്നായിരുന്നു. ഒരു പുരോഹിതനെയും അയാൾ സമീപിച്ചെങ്കിലും, "ഇതൊക്കെ സഹിച്ച് ജീവിക്കണം" എന്ന ഉപദേശം മാത്രമാണ് കിട്ടിയത്. ഈ പ്രഹസനങ്ങൾക്കൊടുവിൽ, ജോസെഫ് കെ.31-ആം ജന്മദിനത്തിൽ നിഷ്കരുണം വധിക്കപ്പെടുന്നു.

കെ കെ യുടെ വാക്കുകളും ഇതിനെ ന്യായീകരിക്കുകയാണ്.ആദ്യം തന്നെ ഒരു നിരപരാധിയുടെ കഥ പറഞ്ഞുകൊണ്ട് 'രാഘവന്‍' എന്ന കഥാപാത്രത്തിന് ഒരു നിരപരാധിയുടെ പടച്ചട്ടനല്‍കി പ്രേക്ഷകന്  രാഘവനില്‍ നിന്നും കേവല സംശയം പോലും ഒഴിവാക്കാന്‍ തിരക്കഥാകൃത്ത് ശ്രമ്മിക്കുന്നുണ്ട്.അതിനായി അദ്ദേഹം പ്രശസ്ത നോവലിനെ കൂട്ട് പിടിക്കുന്നു.

ഇനി ഈ കഥ രാഘവന്റെ ജീവിതവുമായി എങ്ങനെ കൂട്ടിവായിക്കാം എന്ന് നോക്കാം.തെറ്റ് ചെയ്തിട്ടില്ല എന്ന് സ്വയം വിശ്വസിക്കുന്ന രാഘവനും ഒരുനാള്‍ കുറ്റം ആരോപിക്കപ്പെട്ടവനാകുന്നു.അയാളുടെ വിചാരണകള്‍ വെറും അസംബന്ധവും പ്രഹസനവും ആണെന്ന് അയാള്‍ വിശ്വസിക്കുന്നു.ചിത്രത്തില്‍ വക്കീലിന്റെ സംഭാഷണങ്ങള്‍ ( 2 ) ഇത് കൂടുതല്‍ വ്യക്തമാക്കുന്നു.

"എന്റെ കാര്യങ്ങള്‍ എന്നെക്കാളും നന്നായി വേറെ ആര്‍ക്കും അറിയില്ലല്ലോ,ഞാന്‍ പറയുന്നു ഞാന്‍ കൊന്നിട്ടില്ല.തെളിവുണ്ടായിട്ടാണോ മനുഷ്യന്‍ ദൈവത്തില്‍   വിശ്വസിക്കുന്നത് "

രാഘവനെ സംബന്ധിച്ചിടത്തോളം 20 വര്‍ഷത്തെ ജയില്‍ ജീവിതം അയാള്‍ക്ക്‌ അര്‍ഹമല്ലാത്ത ശിക്ഷയാണ്.ജോസഫ്‌ കെ യുടെ കാര്യത്തിലും ഇത് ശരിയാണ്.   രാഘവനെ മനസ്സിലാക്കാന്‍ സമൂഹം ശ്രമിക്കുന്നില്ല എങ്കില്‍ ജോസഫ്‌ കെ യുടെ അവസ്ഥയും മറ്റൊന്നല്ല.ഇനി വ്യത്യസ്തമായ സംഗതി എന്തെന്നാല്‍ മേല്പ്പരഞ്ഞതെല്ലാം രാഘവന്റെ വീക്ഷണകോണില്‍ മാത്രമേ പ്രാബല്യത്തില്‍ വരുകയുള്ളു,ജോസഫ്‌ സാധാരണ നിയമഭേദഗതികളില്‍ പോലും തെറ്റുകാരന്‍ അല്ലാതായിട്ടു പോലും ശിക്ഷ അനുഭവിക്കേണ്ടിവന്നയാളാണ്.


'ദി ട്രയല്‍' നെപ്പറ്റി അന്വേഷണം നടത്തുന്ന നേരമാണ് യാദ്രിശ്ചികമായി മറ്റൊരു പുസ്തകത്തെ പറ്റി ഞാന്‍ കേള്‍ക്കുന്നത്.Fyodor Dostoevsky യുടെ 'ദി ക്രൈം ആന്‍ഡ്‌ പണിഷ്മെന്റ്റ്" ആണ് പുസ്തകം.ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് 'ദി ട്രയല്‍' രചിക്കപ്പെട്ടത്‌.എന്റെ വലിയ ഒരു ചോദ്യത്തിന് '
'ദി ക്രൈം ആന്‍ഡ്‌ പണിഷ്മെന്റ്റ്" ഉത്തരം നല്‍കിയെന്നതാണ് ആശ്ച്ചര്യകം.അതിലേക്കു ഒന്ന് കണ്ണോടിക്കാം.

ചിത്രത്തില്‍ രാഘവന്‍ അഞ്ജലി സൌകര്യപ്പെടുത്തിയ മുറിയില്‍ നിന്നും ഒറ്റപ്പെട്ട ഒരു   വീട്ടിലേക്ക് മാറ്റപ്പെട്ടതിനു ശേഷമാണ് ( 3 ) അഞ്ജലിയുടെ മരണം സംഭവിക്കുന്നത്.എന്തുകൊണ്ടാകാം രാഘവന്‍ മുന്‍പ് തന്നെ ഈ തീരുമാനത്തില്‍ എത്താന്‍ സമയം എടുത്ത്? ഒരു ഉത്തരം നമ്മള്‍ നേരത്തെ കണ്ടെത്തിയിരുന്നു.രാഘവന്‍ എന്ന വ്യക്തി സാഹചര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുന്ന ആളാണെന്നും ആ ഒരു കാരണത്താലാണ് അഞ്ജലിയെ നാളുകള്‍ക്കു ശേഷം കൊലപ്പെടുത്തിയതെന്നും.അപ്പോഴും എന്തുകൊണ്ട് ഒറ്റപ്പെട്ട വീട്ടില്‍ വച്ച് തന്നെ അഞ്ജലി കൊലചെയ്യപ്പെട്ടു ?
''ദി ക്രൈം ആന്‍ഡ്‌ പണിഷ്മെന്റ്റ്" ല്‍ പ്രധാന കഥാപാത്രം Raskolnikov ഒരു ശൂന്യതാവാദി അഥവാ nihilist ആണ്.പൂര്‍ണ അര്‍ഥത്തില്‍ ഒരു nihilist അല്ലെങ്കില്‍ കൂടിയും രാഘവനും ആ പ്രവണത കാണിക്കുന്നുണ്ട്.ജൈല്‍വാസതോടുള്ള അയാളുടെ താല്‍പ്പര്യം ഒക്കെ അതിനു ഉദാഹരണമാണ്.കഥയില്‍ Raskolnikov ഒരു പണമിടപാട്കാരനെ കൊലചെയ്യാനുള്ള തീരുമാനം എടുക്കുന്നു.എന്നാല്‍ അതിനെപ്പറ്റി ബ്യക്തമായ ധാരണകള്‍ ഒന്നും അയാള്‍ക്ക്‌ ഉണ്ടാകുന്നില്ല.പട്ടണ ജീവിതത്തിലെ വേഗതയേറിയ ജീവിതം അയാളെ ചിന്തകളില്‍ പിന്നോട്ടടിച്ചു.കൊലപാതകം എന്നത് ഒരു വാക്ക് മാത്രമായി അയാളില്‍ അവശേഷിച്ചപ്പോളാണ് സമാധാനാമായ ഒരു താഴ്വരയില്‍ അയാള്‍ എത്തി ചേരുന്നത്.ശൂന്യതാവാദിയായ അയാളിലെ ചിന്താമണ്ഡലം പൂര്‍വാധികം ശക്തിയോടെ ജോലി ചെയ്യുകയും പണമിടപാടുകാരിയുടെ കൊലപാതകം അയാള്‍ ഉറപ്പിക്കുകയും ചെയ്യുന്നു.ഇനി രാഘവനിലേക്ക് വരാം,പട്ടണത്തിലെ മുറിയില്‍ അയാള്‍ അസ്വസ്ഥനാണ്.അയാളിലെ ചിന്താമണ്ഡലം അവിടെ ജോലി ചെയ്യുന്നില്ല,അയാള്‍ക്ക്‌ ഇടപിഴകാന്‍ ആരെയും ലഭിക്കുന്നില്ല,ലഭിക്കുന്നവരെ പോലെ ആട്ടി പായിക്കാന്‍ ആളുകള്‍ അയാള്‍ക്ക്‌ ചുറ്റും നില്‍ക്കുന്നു.ഇന്റെര്‍വല്‍ സീനില്‍ അഴികള്‍ക്കിടയിലൂടെ യഥാര്‍ത്ഥ ജയിലില്‍ അകപ്പെട്ട രാഘവനെ കാണിക്കുന്നത് ( 4 ) മേല്പ്പറഞ്ഞതിന്റെ സിംബോളിക് രൂപമാണ്.പിന്നീട്,പട്ടണജീവിതത്തിന്റെ സങ്കീര്‍ണതയില്‍ നിന്നും ഒറ്റപ്പെട്ട സൌമ്യമായ ഒരിടത്തില്‍ എത്തിച്ച കാരണത്താല്‍ രാഘവനു തന്റെ ജൈല്ജീവിതത്തില്‍ ലഭിച്ച സമാധാനം അവിടെ ലഭ്യമാകുന്നു.അങ്ങനെ അയാളിലെ ബുദ്ധിമണ്ഡലം പ്രവര്‍ത്തനസജ്ജമായി.ആയ കാരണത്താല്‍ തന്റെ ജീവിതകഥ എഴുതി പൂര്‍ത്തിയാക്കുവാന്‍ അയാള്‍ക്ക്‌ കഴിഞ്ഞു.Raskolnikov നു താഴ്‌വരയുടെ പശ്ചാത്തലത്തില്‍ ലഭിച്ച ഒരു ക്ലാരിറ്റി ഇവിടെ രാഘവനും ലഭിക്കുന്നു.ആയ കാരണത്താല്‍ ജയിലില്‍ തിരിച്ചു പോകണം എന്ന തീരുമാനം അയാള്‍ എടുക്കുന്നു.ജയിലില്‍ തനിക്കു ലഭിച്ച സമാധാനം ലഭിക്കും എന്ന പ്രതീക്ഷ പൂര്‍ണമായും അസ്തമിച്ച ദിവസം തന്നെയാണ് അഞ്ജലി കൊല്ലപ്പെട്ടത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.തന്റെ സ്വാതന്ത്ര്യത്തിനു പൂര്‍ണമായും അറുതി വന്നു എന്ന തിരിച്ചറിവാണ് രാഘവനെ ജയിലിലേക്ക് വീണ്ടും തിരിച്ചു നടത്തിയത്.

"ഭാരങ്ങള്‍ ഒക്കെ എടുത്തു വയ്ക്കുക" ചിത്രത്തില്‍ പ്രിത്വിരാജ് കഥാപാത്രം അഞ്ജലിയോടു പറയുന്ന സംഭാഷണമാണ് ( 5 ).അഞ്ജലിയോടു പറയുന്നതാണെങ്കില്‍ കൂടിയും ചിത്രത്തില്‍ രാഘവന്‍ ചെയ്തതും അത് തന്നെയാണ്. സീരിസിന്റെ 3 ആം ഭാഗത്തില്‍ ചത്ത്‌ കിടക്കുന്ന പല്ലിയുടെ ഒരു വിവരണം നല്‍കുകയുണ്ടായി.ചിത്രത്തില്‍ പുതിയ വീട്ടില്‍ ഭക്ഷണം തയ്യാറാക്കുന്ന രാഘവന്‍ ഒരു പല്ലിയുടെ കരച്ചില്‍ കേട്ട് തിരിഞ്ഞു നോക്കുന്നതും കാണാം ( 6 ).അഞ്ജലിയുടെ വരാനിരിക്കുന്ന മരണം സിംബോളിക് ആയി ഇവിടെ വ്യക്തമാക്കുന്നു.കൂടാതെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ അതേ വേഷത്തില്‍ തന്നെയാണ് രാഘവന്‍ അഞ്ജലിയെ കൊല്ലുന്നതും ( 7 ).രാഘവന് ലഭിച്ച തിരിച്ചറിവും ഇവിടെ പ്രേക്ഷകനോട് സംവിധായകന്‍ പറയാതെ പറയുന്നു.


'മുന്നറിയിപ്പ്' എന്ന ചിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്ന നിരവധി കഥാസന്ദര്‍ഭങ്ങളും വ്യാഖ്യാനങ്ങളും ഈ രണ്ടു സാഹിത്യ സപര്യകളിലും നിബിടമാണ്.പല വ്യാഖ്യാനങ്ങള്‍ക്കും വ്യക്താമായ ഉത്തരങ്ങള്‍ ഇവിടെ നിന്നെല്ലാം ലഭിക്കുന്നു.'മുന്നറിയിപ്പി'ന്റെ തിരക്കഥയ്ക്ക് പിന്നിലും ഈ സാഹിത്യ സൃഷ്ടികള്‍ ഉണ്ണി ആറിനെ ഏറെ സ്വാധീനിചിട്ടുണ്ടാകാം എന്ന് ഞാന്‍ കരുതുന്നു.
എന്റെ യുക്തിക്ക് തോന്നിയ വ്യാഖ്യാനങ്ങള്‍ മാത്രമാണ് ഇവിടെ ഞാന്‍ നിരത്തിയിരിക്കുന്നത്.ഓരോ പ്രേക്ഷകനും ചിന്തയുടെ പറുദീസ തുറന്നു നല്‍കുന്ന ചിത്രത്തില്‍ നിങ്ങള്‍ ഏവരുടെയും ചിന്തകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും പ്രാധാന്യം ഏറെയാണ്‌.ആയ കാരണത്താല്‍ നിങ്ങള്‍ക്ക് തോന്നിയ സംശയങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുക.കൂടാതെ, അടുത്ത ഭാഗത്തില്‍ പ്രതിപാദിക്കാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളും ഉള്‍പ്പെടുത്താനാകുന്നതാണ്. നന്ദി :)

തുടരും.......


#rhshy_anilkumar

#munnariyipp_tale

(പരമ്പരയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കുവാനായി ഈ ഹാഷ് ടാഗുകള്‍ ഉപയോഗിക്കുക)

Monday, April 10, 2017

അഭിനയസൌകുമാര്യം-സുകുമാരി അമ്മ

നാട്യ-നൃത്യ കലകള്‍ എന്നും മാനുഷനു പ്രീയപ്പെട്ടവയാണ്.കേവലം വിനോദോപാധിയായി അവന്‍ കണക്കാക്കിയവയെല്ലാം അവനറിയാതെ അവന്റെ ജീവിതത്തിലും സംസ്കാരത്തിലും അലിഞ്ഞു ചേര്‍ന്നത്‌ ചരിത്രം.നൃത്തം നെഞ്ചോട്‌ ചേര്‍ത്തവര്‍ ഒരു ചെറു അനുപാതത്തില്‍ ഒതുങ്ങിയപ്പോള്‍ നാട്യം മനുഷ്യനെ ചിന്തയുടെയും ആസ്വാദനത്തിന്റെയും പ്രതിഫലനം ആയി മാറി.സംസ്കാരങ്ങള്‍ മാറി മറിഞ്ഞതോടെ നാട്യം പല രൂപങ്ങളില്‍ അവതരിക്കപ്പെട്ടു.ജനപ്രീതി എന്നതിനെ അടിസ്ഥാനപ്പെടുതിയപ്പോള്‍ മറ്റു കലാരൂപങ്ങളെ ബഹുദൂരം പിന്നിലാക്കി നാടകം എന്ന കല നാട്യത്തിന്റെ പര്യായം ആയി മാറി.തീയറ്ററുകളിലും അമ്പലപറമ്പുകളിലും എല്ലാം നിത്യ സന്ദര്‍ശകനായി നാടകം മാറിയപ്പോള്‍ അഭിനയം എന്നത് സസൂഷ്മം വീക്ഷിക്കപ്പെടെണ്ടതാണ് എന്ന ബോധം ഓരോ പ്രേക്ഷകന്റെയും ഉള്ളില്‍ ജനിക്കുകയായിരുന്നു.പരിണാമങ്ങള്‍ പിന്നെയും സംഭവിച്ചുകൊണ്ടിരുന്നു.നാടകം എന്ന കലാരൂപം ഒരുകാലത്ത് കൈയടക്കിവച്ചിരുന്ന ജനസമ്മതി പുതിയൊരു കലാരൂപത്തിനെ വച്ച്മാറേണ്ടി വന്നു.അതാണ്‌ സിനിമ.നാടക വേദികളില്‍ നാട്യ ശിരോമണികള്‍ അരങ്ങു തകര്‍ത്തപ്പോള്‍ മറുവശത്ത് ചലച്ചിത്രലോകത്ത് സര്‍ഗധനരായ പ്രതിഭകള്‍ തങ്ങളുടെ അഭിനയസപര്യ മിനുക്കിയെടുതപ്പോള്‍ മറ്റെല്ലാത്തിനെയും പിന്നിലാക്കാന്‍ സിനിമ എന്ന കലാവ്യവസായത്തിന് കഴിഞ്ഞു.നായകരും നായികമാരും സഹാനടരുമെല്ലാം വെള്ളിത്തിരയില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു.അഭിനയ കുലപതികള്‍ എന്ന് ലോകം വാഴ്ത്തിയവര്‍ കൂടുതലും പുരുഷ ശ്രേഷ്ഠരായിരുന്നു.നായകരും നായികമാരും സഹാനടരുമെല്ലാം വെള്ളിത്തിരയില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു.അഭിനയ കുലപതികള്‍ എന്ന് ലോകം വാഴ്ത്തിയവര്‍ കൂടുതലും പുരുഷ ശ്രേഷ്ഠരായിരുന്നു.അപ്പോള്‍ എന്താ സ്ത്രീജനങ്ങള്‍ അഭിനയത്തില്‍ പിന്നോക്കമാണോ ? ഒരിക്കലുമല്ല.സ്ത്രീരത്നങ്ങള്‍ അരങ്ങുവാണ കഥകള്‍ ഏറെയാണ്‌.ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ നിലവാരതകര്‍ച്ചയില്‍ നിന്ന് കൈപിടിച് നടത്തുന്ന മലയാള സിനിമ ലോകത്തെ ഒരു അതുല്യ പ്രതിഭയെ നമുക്കൊന്ന് ഓര്‍ക്കാം.


ഒരു അഭിനേതാവ് എപ്പോഴാണ് പൂര്‍ണനാകുന്നത് ? ഏതു തരം വേഷങ്ങളും അയാളില്‍ ഭദ്രം ആകുന്ന നേരം അയാള്‍ സമ്പൂര്‍ണ അഭിനേതാവാകുന്നു.നിര്‍ഭാഗ്യവശാല്‍,അങ്ങനെയൊരു അഭിനയ കുലപതി എങ്ങും ഉണ്ടാകുമെന്നു തോന്നുന്നില്ല.മനുഷ്യനായ കാരണത്താല്‍ അവനു പരിമിതികള്‍ ഉണ്ടാകും.ആ പരിമിതികള്‍ മനസ്സിലാക്കി അത് തങ്ങളുടേതായ രീതിയില്‍ വ്യത്യസ്തമായ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ചു അവതരിപ്പിക്കുമ്പോള്‍ അവന്‍ മികച്ച ഒരു അഭിനേതാവാകും.നമ്മുടെ പ്രീയപ്പെട്ട മമ്മൂക്കയും ലാലേട്ടനും തിലകനും ജഗതി ശ്രീകുമാറും ഒക്കെ ഈയൊരു കൂട്ടത്തില്‍പെടുത്താവുന്നവരാണ്.ഈയൊരു കൂട്ടത്തില്‍ മേല്പ്പരഞ്ഞപോലെ സ്ത്രീജനങ്ങളും ഉണ്ടാകുമല്ലോ ? ആരൊക്കെ അതിനര്‍ഹാരാണു ? എനിക്കുത്തരമില്ല.പക്ഷെ,അര്‍ഹമായ ഒരു പേര് ഞാന്‍ പറയാം-സുകുമാരി,മലയാളികളുടെ സ്വന്തം സുകുമാരി അമ്മ.

ഒരു അഭിനേതാവ് മികച്ചതാകുന്നത് എപ്പോഴാണെന്ന് നമ്മള്‍ പറയുകയുണ്ടായി.അയാളുടെ കഥാപാത്രങ്ങളിലെ ബഹുവിധനൈപുണ്യത്തിന്റെ അഥവാ Versatalility യുടെ വടിവൊത്ത അവതരണമാണു ഒരഭിനേതാവിനെ മികച്ചതാക്കുന്നത്.ഈ ഒരു കാരണത്താല്‍ മലയാളത്തിലെ ഏറ്റവും മികച്ച നടി എന്ന ചോദ്യത്തിന് എനിക്ക് മുന്നില്‍ തെളിയുന്ന ഒരേയൊരു ഉത്തരമാണ് സുകുമാരി അമ്മ.60 വര്ഷം നീണ്ട അഭിനയജീവിതത്തില്‍ ഒരുപക്ഷെ മറ്റൊരു നടിയും ചെയ്യാത്ത അല്ലെങ്കില്‍ ചെയ്യാന്‍ ശ്രമിക്കാത്ത വേഷങ്ങള്‍ ഈ കൈകളില്‍ ഭദ്രമായിരുന്നു.ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് കാലഖട്ടത്തില്‍ നിത്യ യൌവനമായി സുകുമാരി നിറഞ്ഞാടിയ ചിത്രങ്ങള്‍ ഏറെയാണ്‌.ഹിന്ദി,തമിഴ്,തെലുങ്ക്,മലയാളം ഭാഷകളില്‍ ആ ചിരിയും അഭിനയപ്രകടനവും നിറഞ്ഞു നിന്നു.ഒരു ബംഗാളി ചിത്രത്തിനായി ഏഴോളം നൃത്യകലകള്‍ അഭ്യസിക്കുകയും വാദ്യോപകരണങ്ങള്‍ പഠിക്കുകയും ചെയ്ത സുകുമാരി ബഹുമുഖപ്രതിഭകള്‍ക്ക് പോലും ഒരത്ഭുതമായിരുന്നു.ഒരു പാട്ടുകാരി കൂടിയായിരുന്ന സുകുമാരി ചെറുപ്രായത്തില്‍ തന്നെ concert കള്‍ അവതരിപ്പിച്ചതും ഇത് വിളിച്ചോതുന്നു.

അഭിനയം എന്ന മേഖലയില്‍ ഏറ്റവും പ്രയാസകരമായ ഒന്നാണ് തമാശ കൈകാര്യം ചെയ്യാനുള്ള കഴിവ്.ഒരാള്‍ ഒരു തമാശ കണ്ടു എത്രമാത്രം ചിരിക്കുന്നുവോ അത്രമാത്രം അയാളുടെ മനസ്സിനെ സ്വാധീനിക്കാന്‍ ആ ഹാസ്യ നാടനു കഴിഞ്ഞു എന്നതാണ് സത്യം.സുകുമാരി എന്ന നടിക്ക് വ്യത്യസ്തവും പരിചിതവുമാല്ലാത്ത ഒരു പ്രതിശ്ചായയാണ് പ്രിയദര്‍ശന്‍ തന്റെ ചിത്രങ്ങളിലൂടെ സുകുമാരിക്ക് നല്‍കിയത്.പൂച്ചയ്ക്കൊരു മൂക്കുത്തി,ബോയിംഗ് ബോയിംഗ്,വന്ദനം തുടങ്ങിയ ചിത്രങ്ങളില്‍ തമാശ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ട സുകുമാരി പ്രേക്ഷകരെ ചിരിപ്പിക്കുന്നതോടൊപ്പം അത്ഭുതപ്പെടുത്തുകയും ചെയ്തു.മോഹന്‍ലാലിനൊപ്പമുള്ള തമാശ ജോഡി രംഗങ്ങള്‍ ഒരുപക്ഷെ ഇതൊരു സിനിമ പ്രേമിക്കും മറക്കാനാകുന്നതല്ല.തിലകന്‍,ജഗതി പോലെയുള്ളവര്‍ കാട്ടിയ അത്ഭുതകരമായ make over നടത്തിയ ചുരുക്കം ചില നടിമാരില്‍ ഒരാളായി അങ്ങനെ സുകുമാരി അമ്മ.പ്രായം തളര്‍ത്താത്ത അവരുടെ അഭിനയത്തിലെ അനായാസ്യത അത്ഭുതകരമായിരുന്നു.

ഒരു കഥാപാത്രത്തോട് നമുക്ക് ദേഷ്യം തോന്നുന്നുവെങ്കില്‍ അയാള്‍ ആ കഥാപാത്രത്തിനു നല്‍കിയ അധ്വാനം പ്രശംസനീയമാണ്.അത്തരത്തില്‍ നെഗറ്റീവ് റോളുകളും സുകുമാരി അമ്മ വഴങ്ങുമെന്ന് തെളിയിച്ചു.'അമ്മ അമ്മായിയമ്മ' ഒക്കെ ആ നിരയിലെ എടുത്തു പറയണ്ട കഥാപാത്രങ്ങളില്‍ ഒന്നാണ്.ഒരേ സമയം മോഡേണ്‍ വേഷങ്ങളും പ്രാകൃത വേഷങ്ങളും അതിഭാവുകത്വം കലരാതെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞ ഒരേയൊരു മലയാള നടി ആകാം സുകുമാരിയമ്മ.ഭാഷ കൈകാര്യം ചെയ്യുന്നതിലുള്ള അവരുടെ അനായ്സ്യതയും പ്രശംസനീയമാണ്.2002 ള്‍ പുറത്തിറങ്ങിയ അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രം 'നിഴല്‍ക്കൂത്ത്' സുകുമാരി എന്ന നടിയുടെ എക്കാലത്തെയും മികച്ച പ്രകടനം ആയി വാഴ്ത്തപ്പെട്ടു.പശ്ചാതഥാപ വിവശനായി സ്വന്തം ജീവിതം ഹോമിക്കുന്ന ഒരാളുടെ സഹധര്‍മിണിയായി അതിശയിപ്പിക്കുന്ന പ്രകടനം സുകുമാരി കാഴ്ചവച്ചു.അഭിനയ സൌകുമാര്യം പിന്നെയും തുടര്‍ന്നപ്പോള്‍ 'നമ്മ ഗ്രാമം' എന്ന ചിത്രത്തിന് മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്കാരവും സുകുമാരിയുടെ നേട്ടങ്ങള്‍ക്ക്‌ ശോഭ കൂട്ടി.

പ്രായാധിക്യം അമ്മ വേഷങ്ങളില്‍ തളച്ചിട്ടുവെങ്കിലും,തനിക്കു ലഭിക്കുന്ന വേഷങ്ങള്‍ക്ക് മറ്റാര്‍ക്കും നല്കാനാകാത്ത പൂര്‍ണത നല്‍കാന്‍ ഈ നടിക്ക് സാധിച്ചു.ഒരേ സമയം വെള്ളിത്തിരയിലും മിനി സ്ക്രീനിലും സുകുമാരിയമ്മ തിളങ്ങി.ശ്രീകുമാരന്‍ തമ്പിയുടെ പ്രശസ്തമായ പരമ്പരകളില്‍ വേഷമിട്ടുകൊണ്ട് തന്റെ ഹാസ്യഭാവങ്ങള്‍ക്ക് ഭംഗം ഒന്നും വന്നിട്ടില്ലെന്നു അവര്‍ ഊട്ടിയുറപ്പിച്ചു.കവിയൂര്‍ പോന്നമ്മയെ പോലെ അമ്മ വേഷങ്ങളില്‍ സ്ഥിരം മാനെറിസങ്ങള്‍ നല്‍കാതെ വ്യത്യസ്തത നല്‍കാന്‍ സുകുമാരിക്ക് കഴിഞ്ഞപ്പോള്‍ മറ്റൊരാള്‍ക്കും നല്‍കാത്ത ഒരിരിപ്പിടം മലയാളി മനസ്സില്‍ ഈ അമ്മ നേടിയെടുത്തു.2003 ല്‍ രാജ്യം പദ്മശ്രീ നല്കി ആദരിച്ചപ്പോള്‍ 4 കേരള സംസ്ഥാന അവാര്‍ഡുകളും 3 തമിഴ് നാട് സംസ്ഥാന അവാര്‍ഡുകളും ഈ കൈയില്‍ ഭദ്രമായിരുന്നു.പിന്നീടു 2011 ല്‍ ദേശീയ അവാര്‍ഡ്‌ കരസ്ഥമാക്കിയപ്പോള്‍ കൂട്ടിനു ഒരു ഫിലിം ഫെയര്‍ അവാര്‍ഡും ആറു ഫിലിം ക്രിടിക്ക്സ് അവാര്‍ഡുകളും ഉണ്ടായിരുന്നു.

മികച്ച നടി എന്ന ചോദ്യത്തിന് ഒരു മനോരോഗിയായോ പ്രണയിനിയായോ വേഷമിട്ട കഥാപാത്രങ്ങള്‍ നിങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ എന്റെ പക്കലുള്ളത് 6 പതിറ്റാണ്ടുകളായി ഒരഭിനയപ്രതിഭാസം കാഴ്ചവച്ച 2500 ഓളം ചിത്രങ്ങളാണ്.അന്നും ഇന്നും എന്നും മലയാളത്തിലെ മികച്ച നടി ഇവരല്ലാതെ മറ്റൊരാളാണെന്നു വിശ്വസിക്കാന്‍ എന്നിലെ എളിയ സിനിമാസ്വാദകനു കഴിയില്ല.

Thursday, April 6, 2017

'Munnariyipp' Explained (Part 5)

മുന്നറിയിപ്പ് - ഒരു അന്വേഷണം (ഭാഗം 5)
======================================

ആദ്യ നാല് ഭാഗങ്ങൾക്കും നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി പറഞ്ഞുകൊണ്ട് അഞ്ചാം ഭാഗത്തിലേക്ക് കടക്കുന്നു.മൂന്നു ഭാഗങ്ങളില്‍ അവസാനിപ്പിക്കാം എന്ന് കരുതിയ എനിക്ക് ഓരോ കാഴ്ചയിലും പുതു വ്യാഖ്യാനങ്ങളുമായാണ് 'മുന്നറിയിപ്പ്' എന്ന ഇതിഹാസ ചിത്രം അവതരിക്കുന്നത്.കഴിഞ്ഞ രണ്ടു ഭാഗങ്ങളിലും എന്റെയൊരു സുഹൃത്ത്‌ നിര്‍ദേശിച്ചതായിരുന്നു 'മുന്നറിയിപ്പ്' എന്ന പേരിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന ഒരു പോസ്റ്റ്‌ ആവശ്യമാണെന്ന്.അര്‍ദ്ധതലങ്ങള്‍ ഓരോ കാഴ്ചയിലും മാറിമറിയുമ്പോള്‍ ഒരു പേരിനു വ്യാഖ്യാങ്ങള്‍ നല്‍കുക എന്നത് പോലും പ്രയാസകരമാണ്.എങ്കിലും,'മുന്നറിയിപ്പ്' എന്ന പേരിനു പിന്നാലെയുള്ള ഒരു യാത്രയാകട്ടെ ഈ പോസ്റ്റ്‌.


(To be noted :ചുവടെ നല്‍കിയിരിക്കുന്ന ഫോട്ടോ ഒരു റഫറന്‍സ് ആയി കണക്കാക്കുക.ബ്രാക്കറ്റുകളില്‍ നല്‍കിയിരിക്കുന്ന സംഖ്യകള്‍ അവയിലേക്കുള്ള ചൂണ്ടുവിരലുകളാണ്)

പാഠം 5 - ആര്‍ക്കു ആരാണ് മുന്നറിയിപ്പ് നല്‍കുന്നത് ?
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

ചിത്രത്തെ ഒരു രംഗം ശ്രദ്ധിക്കാം ( 1 ).പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരി സില്‍വിയ പ്ലാത്ത് തന്റെ The Unabridged Journals Of Sylvia Plath എന്ന പുസ്തകത്തില്‍  പറഞ്ഞിട്ടുണ്ട് "I Desire the things which will destroy me in the end". രാഘവന്റെ ചിത്രം ക്ലിപ്പ് ബോര്‍ഡില്‍ അഞ്ജലി പിന്‍ ചെയ്യുന്ന നേരം ഇടതു ഭാഗത്ത്‌ പിന്‍ ചെയ്തിരുക്കുന്ന വാചകമാണിത്. "എന്റെ നാശത്തിനു കാരണമാകുന്നതിനെ ഞാന്‍ ആഗ്രഹിക്കുന്നു".എന്താണിത് ? ഒന്ന് ആലോചിച്ചു നോക്കു,ഇതൊരു മുന്നറിയിപ്പ് ആണ്, ആഗ്രഹങ്ങള്‍ക്ക് വിലക്ക് കല്‍പ്പിക്കാന്‍ താല്പ്പര്യപ്പെടാത്ത മനുഷ്യനെന്ന ഇരുകാലിക്ക് എഴുത്തുകാരി നല്‍കിയ മുന്നറിയിപ്പ്.ആഗ്രഹങ്ങളാണ് ഒരു മനുഷ്യനെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.അത് അമിതമായാലോ? അമിതാഗ്രഹം എന്ന ഒറ്റ കാരണമാണ് ലോകത്തിലെ തിന്മകളുടെയെല്ലാം മൂല കാരണം.അമിതാഗ്രഹങ്ങള്‍ക്ക് പിന്നാലെയുള്ള മനുഷ്യന്റെ സഞ്ചാരം അവന്റെ തന്നെ നാശത്തിനു കാരണമാകുന്നു. സ്വതാല്‍പ്പര്യങ്ങല്‍ക്കായി എന്തും ചെയ്യുന്ന അഞ്ജലി ഇന്നത്തെ മനുഷ്യന്റെ പ്രതിഫലനമാണ്.ഒരേ സമയം അഞ്ജലിക്കും അതുവഴി മനുഷ്യ കുലത്തിനും സംവിധായകന്‍ 'മുന്നറിയിപ്പ്' നല്‍കുന്നു.

അഞ്ജലി ആരാണ് ? സ്വന്തം തെറ്റുകള്‍ ന്യായീകരിക്കുന്ന,അല്ലെങ്കില്‍ അവ വളച്ചൊടിക്കാന്‍ പോലും താല്‍പ്പര്യം പ്രകടിപ്പിക്കുന്ന,സ്വന്തം വളര്‍ച്ചയ്ക്കായി എന്ത് ചെയ്യാന്‍ മടി കാട്ടാത്ത,ഉപഭോഗസംസ്കാരത്തിന്റെ പൂജിതാവുമായ കഥാപാത്രമാണ് അഞ്ജലി.മാത്രമല്ല,രാഘവന്‍ എന്ന എഴുത്തുകാരനെ ചൂഷണം ചെയ്യാന്‍ ശ്രമിച്ച വഴി അവള്‍ കോര്‍പ്പറേറ്റ് ചിലന്തിവലയുടെ കണ്ണിയാണെന്നും വ്യക്തം( റഫറന്‍സ്-ഭാഗം 1 ).ഇനി രാഘവനെ ഒന്ന് ശ്രദ്ധിച്ചാല്‍ സ്വന്തം സ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുന്ന,ഒരു പരിധി വരെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ശ്രമിക്കുന്ന,ഉപഭോഗത്തിന് പിന്നാലെ പോകാത്ത,സമൂഹവുമായി ഭേദപ്പെട്ട ഇടപെടലുകള്‍ നടത്താന്‍ ആഗ്രഹിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെതെന്നു മനസ്സിലാക്കാം(റഫറന്‍സ് - ഭാഗം 2 ).അങ്ങനെയോക്കെയാകുമ്പോള്‍ ആധുനിക ലോകത്തിലെ കോര്‍പ്പറേറ്റ് മുതലാളിത്ത വ്യവസ്ഥിതിയുടെ പ്രതിഫലനമായി നമുക്ക് അഞ്ജലിയെ കണക്കാക്കാം.മുതലാളിത്ത വ്യവസ്ഥിതിയ്ക്കുണ്ടായ പ്രതിരോധമായിരുന്നു കമ്മ്യൂണിസം.അപ്പോള്‍ രാഘവന്‍ എന്ന വ്യക്തിത്വത്തെ കമ്മ്യൂണിസം എന്ന ചിന്താഗതിയുടെ വക്താവായി നമുക്ക് ചിത്രീകരിക്കാം. ചിത്രത്തില്‍ രാഘവന്‍ പറയുന്നത് ശ്രദ്ധിക്കാം.

"പേടിച്ചിട്ടുള്ള ഒരു ജീവിതം എന്നത് മഹാ ബോറാണ്.അത് നമ്മുടെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും.ആണായാലും പെണ്ണായാലും അതിനു നിന്ന് കൊടുക്കരുത്.നമ്മള്‍ സ്വാതന്ത്ര്യത്തെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതാണ് കാര്യം.നിങ്ങള്‍ കാണുന്ന സ്വാതന്ത്ര്യം ആയിരിക്കില്ല എന്റെ സ്വാതന്ത്ര്യം.നമുക്ക് തടസ്സമായിട്ടു നില്‍ക്കുന്ന ചില കാര്യങ്ങളെ നമുക്ക് ചിലപ്പം പറിച്ചു മാറ്റേണ്ടി വരും. അതിനല്ലേ സ്വാതന്ത്ര്യം എന്ന് പറയുന്നത്.വീട്ടില്‍ നടന്നാല്‍ കുടുംബകലഹം.സമൂഹത്തില്‍ നടന്നാല്‍ വിപ്ലവം.ക്യൂബയിലായാലും കുടുംബത്തിലായാലും വിപ്ലവം നടന്നാല്‍ ചോര വീണിരിക്കും" ( 2 )

ചിത്രത്തിലെ മര്‍മ പ്രധാനമായ ഭാഗങ്ങളില്‍ ഒന്നാണിത്.പലയിടങ്ങളില്‍ പല രീതിയില്‍ വ്യാഖ്യാനിക്കാനാകുന്ന തരത്തിലാണ് ഈ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.നമ്മളുടെ കമ്മ്യൂണിസ്റ്റ്‌ തിയറിക്ക് ഇത് എത്രമാത്രം യോജ്യമാണെന്ന് നോക്കാം.മുതലാളിത്ത വ്യവസ്ഥിതിയെ പേടിച്ചിട്ടാണ് ഒരു കാലത്ത് വേതനം പറ്റുന്നവര്‍ ജീവിച്ചിരുന്നത്.അത് പിന്നീട് മുതലെടുക്കാന്‍ മുതലാളിമാര്‍ക്ക് കഴിഞ്ഞു.അങ്ങനെ വേതനം പറ്റുന്നവരെ ചൂഷണം ചെയ്തു അവര്‍ക്ക് ലഭിക്കേണ്ട വേതനം പോലും നല്‍കാതെ അവരുടെ സ്വാതന്ത്ര്യം പോലും ഹനിക്കപ്പെട്ടു.അങ്ങനെ തങ്ങള്‍ക്കു തടസ്സമായി നിരന്തരം അവതരിച്ചുകൊണ്ടിരുന്ന മുതലാളിത്ത വ്യവസ്ഥിതിയെ പറിച്ചുമാറ്റാന്‍ തൊഴിലാളികള്‍ നിര്‍ബന്ധിതരായപ്പോള്‍ അവിടെ കമ്മ്യൂണിസം എന്ന പ്രസ്ഥാനം രൂപം കൊണ്ടു.വിപ്ലവം സമാധാനത്തിന്റെ പാതയില്‍ സാധ്യമല്ല ചോര കൊടുത്തും എടുത്തും വിപ്ലവം വിജയിച്ചു.ഇവിടെ രാഘവന്റെ സ്ഥിതിയും ഇതിനു സമാനമാണ്.തന്നിലെ സ്വാതന്ത്ര്യം പോലും കണക്കാക്കാതെ തന്നെ ചൂഷണം ചെയ്യാനെത്തിയ മൂന്നു സ്ത്രീരത്നങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തികള്‍ വഴി വ്യക്തിത്വമില്ലാതവരാണെന്നു സ്വയം സമ്മതിക്കുന്നു.അത്തരത്തില്‍ ചിന്തിക്കുന്ന മനുഷ്യന്‍ ജീവിക്കാനര്‍ഹനല്ല.അവരെ പറിച്ചു മാറ്റണ്ടതാണ്.രാഘവന്‍ ചെയ്തതും അത് തന്നെയാണ്.വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രത്യക്ഷമായി തൊഴിലാളികളെ ചൂഷണം ചെയ്തുകൊണ്ടിരുന്ന മുതലാളിമാര്‍ കോര്‍പ്പറേറ്റ് എന്ന പേരില്‍ പരോക്ഷമായി ഇന്ന് അത് ചെയ്യുന്നു.ഏതു സമയം വേണമെങ്കിലും ഒരു വിപ്ലവം പൊട്ടിപുറപ്പെടാം എന്ന് കോര്‍പ്പറേറ്റ് രംഗത്തോട് മുന്നറിയിപ്പ് നല്‍കുന്നു സംവിധായകന്‍.


ഇനി മറ്റൊരു കാര്യം ശ്രദ്ധിച്ചാല്‍ രാഘവന്‍ എന്ന വ്യക്തി തന്നെ പല അവസരങ്ങളിലും പരോക്ഷമായി അഞ്ജലിക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.ചേട്ടന്റെ ജീവിതത്തെപ്പറ്റി ഒന്നും എഴുതാത്തതെന്താ എന്നാ ചോദ്യത്തിന് അതൊക്കെ നമുക്ക് അറിയാവുന്നതല്ലേ എന്നാണു രാഘവന്റെ മറുപടി.തന്റെ ജീവിതം അഞ്ജലി അറിഞ്ഞതില്‍ കൂടുതല്‍ ഒന്നുമില്ലയെന്നു രാഘവന്‍ അവിടെ വ്യക്തമാക്കുന്നു.എഴുതണം എന്ന ആജ്ഞയ്ക്കു എന്താണ് എഴുതേണ്ടത്?എങ്ങനെയാണ് എഴുതേണ്ടത്? എന്നൊക്കെയാണ് രാഘവന്‍ ഉത്തരം നല്‍കുന്നത്.അഞ്ജലിയുടെ വരവ് ബുദ്ധിമുട്ടാണെന്ന് പലപ്പോഴും രാഘവന്‍ അവളോട്‌ പറയാതെ പറയുന്നു,അയാളുടെ മുഖഭാവങ്ങള്‍ പലപ്പോഴും ഇത് വ്യക്തമാക്കി തരുന്നു.അഞ്ജലി പ്രസിദ്ധീകരിച്ച മാസിക ജയിലില്‍ വച്ച് തുറന്നു നോക്കി വായിക്കാന്‍ ശ്രമിക്കുന്ന രാഘവന് അഞ്ജലി നല്‍കിയ വീട്ടിലിരുന്നുകൊണ്ട് കഴിയാത്തതും ഇതിനു ആക്കം കൂട്ടുന്നു.പ്രത്യക്ഷമായ അഭിപ്രായ പ്രകടനങ്ങളില്‍ താല്‍പ്പര്യം ഏതുമില്ലാത്ത രാഘവന്‍ ഇങ്ങനെ നിരവധി തവണ അഞ്ജലിക്ക് 'മുന്നറിയിപ്പ്'  നല്‍കുന്നു.

ചിത്രത്തില്‍ അധികമാരും ശ്രദ്ധിക്കാത്ത മറ്റൊരു മുന്നറിയിപ്പ് കൂടിയുണ്ട്.കോര്‍പ്പറേറ്റ് മേധാവി, അഞ്ജലി അറക്കലിനു നല്‍കുന്നത്.30 ദിവസത്തെ ഒരു കാലയളവ്‌ മാത്രം നല്‍കിക്കൊണ്ട് രാഘവന്റെ ആശയങ്ങള്‍ക്ക് അവര്‍ വിലയിട്ടു.ഒരു മനുഷ്യന്റെ ആശയങ്ങള്‍ക്ക് പോലും സമയദൈര്‍ഖ്യം പ്രഖ്യാപിച്ചുകൊണ്ട് എത്രമാത്രം അധപ്പതിച്ച ചിന്താഗതികളുടെ പിന്മുറക്കാരാണ് കോര്‍പ്പറേററ്റുകള്‍ എന്ന് ഇവിടെ സംവിധായകന്‍ വ്യക്തമാക്കുന്നു.പ്രത്യക്ഷമായ ഈ മുന്നറിയിപ്പിന് പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചതുകൊണ്ടാണ് രാഘവന്‍ നല്‍കിയ പരോക്ഷമായ മുന്നറിയിപ്പ് അഞ്ജലി അറക്കലിനു വ്യക്തമാകാതെ പോയത്.കോര്‍പ്പറേറ്റ് നല്‍കിയ DEADLINE തന്റെ ജീവിതത്തിനും DEADLINE ആകപ്പെടും എന്ന അഞ്ജലിയുടെ തിരിച്ചരിവില്ലായ്മ ഈ ചിത്രത്തിന്റെ Caption ഉം എത്രമാത്രം മികച്ചതാണെന്ന് കാട്ടിതരുന്നു.


ഒരു തലക്കെട്ട്‌ ഒരു സിനിമയ്ക്ക്‌, അല്ലെങ്കില്‍ ഒരു സൃഷ്ടിക്കു എത്രമാത്രം യോജ്യമാണെന്നു 'മുന്നറിയിപ്പ്' കാട്ടിത്തരുന്നു.എന്റെ യുക്തിക്ക് തോന്നിയ വ്യാഖ്യാനങ്ങള്‍ മാത്രമാണ് ഇവിടെ ഞാന്‍ നിരത്തിയിരിക്കുന്നത്.ഓരോ പ്രേക്ഷകനും ചിന്തയുടെ പറുദീസ തുറന്നു നല്‍കുന്ന ചിത്രത്തില്‍ നിങ്ങള്‍ ഏവരുടെയും ചിന്തകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും പ്രാധാന്യം ഏറെയാണ്‌.ആയ കാരണത്താല്‍ നിങ്ങള്‍ക്ക് തോന്നിയ സംശയങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുക.കൂടാതെ, അടുത്ത ഭാഗത്തില്‍ പ്രതിപാദിക്കാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളും ഉള്‍പ്പെടുത്താനാകുന്നതാണ്. നന്ദി :)

തുടരും.......


#rhshy_anilkumar

#munnariyipp_tale

(പരമ്പരയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കുവാനായി ഈ ഹാഷ് ടാഗുകള്‍ ഉപയോഗിക്കുക)