Wednesday, December 20, 2017

Butterfly Effect in the Movie "Munnariyipp"


മുന്നറിയിപ്പും ചിത്രശലഭപ്രഭാവവും®
===================================
കാല്‍പനികതയുടെ തോളിലേറി കഥാപശ്ചാത്തലവും കഥാപാത്രസൃഷ്ടിയും രൂപപ്പെടുത്തുന്ന വേളകളില്‍ സൈദ്ധാന്തിക പ്രഭാവങ്ങളുടെ സ്വാധീനം കഥയെ പ്രത്യക്ഷമായോ പരോക്ഷമായോ, സമാന്തരമായ ആശയങ്ങളിലേക്കോ ഉപസംഹാരങ്ങളിലേക്കോ വഴിതിരിച്ചു വിട്ടേക്കാം.എന്നാല്‍ ഇത് കഥയുടെ അഥവാ കഥാപാത്രങ്ങളുടെ ആത്മാവിനോട് ചേര്‍ന്നുനില്‍ക്കാത്ത പക്ഷം പ്രേക്ഷകനുണ്ടായേക്കാവുന്ന വിരസത കലാരൂപത്തിന്റെപോലും പതനത്തിനു വഴിവച്ചെക്കാം.ഇത്തരം സൈദ്ധാന്തിക വീക്ഷണങ്ങള്‍ നിര്‍ബന്ധപൂര്‍വം കഥാഗതിയിലാകമാനം സ്വാധീനം ചെലുത്തുകയും അതുവഴി പ്രേക്ഷക വിരസതയ്ക്ക് പാത്രമാകേണ്ടിയും വന്ന ചലച്ചിത്ര രൂപങ്ങളും ഉണ്ടായിട്ടുണ്ട്.സായിപ്പിന്റെ Donnie Darko ഒരുദാഹരണം.എന്നാല്‍ മറ്റൊരു വിഭാഗം സിനിമാക്കാര്‍ ഇത്തരം പ്രഭാവസൃഷ്ടികള്‍ക്ക് ചിത്രത്തിന് സമാന്തരമായി ഒരിരിപ്പിടം നല്‍കി നേരിട്ട് കഥാഗതിയില്‍ സ്വാധീനം ചെലുത്താന്‍ ഇടനല്‍കാതെ അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകനു ലഭിക്കുന്ന സംതൃപ്തിയുടെ അടിസ്ഥാനത്തില്‍ 'മുന്നറിയിപ്പി'ലെ 'ചിത്രശലഭപ്രഭാവം' ( Butterfly Effect ) വിജയകരമായ ഒരു പരോക്ഷസൈദ്ധാന്തിക വീക്ഷണത്തിന് ഉത്തമ ഉദാഹരണമാണ്.
◆ What's Butterfly effect ?------------------------------------------

പ്രത്യക്ഷത്തിൽ ഒരു ക്രമവും കാണാത്ത, എന്നാൽ പ്രത്യേക നിരീക്ഷണത്തിൽ മറഞ്ഞിരിക്കുന്ന ക്രമങ്ങൾ വെളിപ്പെടുന്ന ക്രമരഹിതമായ അവസ്ഥയാണ് കയോസ് ( Chaos ).കയോസ് സിദ്ധാന്തത്തിലെ 'പ്രാരംഭ വ്യവസ്ഥകളിന്മേൽ ചില അരേഖീയ വ്യൂഹങ്ങൾക്കുണ്ടാവുന്ന സൂക്ഷ്മമായ ആശ്രയത്വം' എന്ന സാങ്കേതിക സങ്കല്പത്തെ ലളിതമായി വിശദീകരിക്കുന്ന ഒരു പദമാണ്‌ ചിത്രശലഭ പ്രഭാവം അഥവാ ബട്ടർഫ്ലൈ ഇഫക്ട്.
ഒരു ചലന വ്യൂഹത്തിലെ പ്രാഥമിക ഘട്ടത്തിലുള്ള ചെറിയ വ്യതിയാനങ്ങൾ പോലും ദീർഘകാലയളവിലുള്ള ആ ചലനവ്യൂഹത്തിന്റെ സ്വഭാവഘടനയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നു എന്നാണ്‌ ബട്ടർഫ്ലൈ ഇഫക്ട് സിദ്ധാന്തിക്കുന്നത്.സങ്കീർണ്ണ സ്വാഭാവമുള്ളതാണങ്കിലും ലളിതമായ ചലന പ്രകിയയുടെ ഉദാഹരണത്തിലൂടെ ഇത് വിശദീകരിക്കാൻ കഴിയും ==== ഒരു കുന്നിന്റെ മുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന പന്തിന്റെ ഗതിവിഗതികൾ ആ പന്തിന് കുന്നിന്റെ മുകളിലുള്ള തീരെച്ചെറിയ സ്ഥാന വ്യതിയാനങ്ങളെപ്പോലും അനുസരിച്ച് മാറിക്കൊണ്ടിരിക്കും‌. സമയ സഞ്ചാരം പോലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചില കഥകളിൽ ഈ വിഷയം സാധാരണമായി കടന്നു വരാറുണ്ട്.
ലളിതമായി ആവിഷ്കരിച്ചാല്‍,ഒരു പൂമ്പാറ്റയുടെ ചിറകടി പോലും പ്രപഞ്ചത്തില്‍ വലിയ മാറ്റങ്ങള്‍ക്കുള്ള സാധ്യതകള്‍ സൃഷ്ടിക്കുന്നുവെന്നു ഈ പ്രഭാവം സിദ്ധാന്തിക്കാന്‍ ശ്രമിക്കുന്നു.Negligibility എന്നൊരു വാക്കിനെ സാധൂകരണയോഗ്യമാക്കുവാന്‍ പാടില്ല എന്ന് ഈ സിദ്ധാന്തം ആഹ്വാനം ചെയ്യുന്നുണ്ട്.ചില Calculus കണക്കുകൂട്ടലുകളില്‍ അനന്തതയിലൊന്ന്‍ ( 1/ ∞ ) എന്നതിനെ 0 എന്ന് നിഷ്കര്‍ഷിക്കുന്നതിനെ Coherence എന്ന ചലച്ചിത്രം ചോദ്യം ചെയ്തത് മേല്‍പ്പറഞ്ഞ Negligibility Factor നോടുള്ള എതിര്‍പ്പിലാണെന്നു വിശ്വസിക്കുവാന്‍ എന്നിലെ പ്രേക്ഷകൻ ഇഷ്ടപ്പെടുന്നു.
മേല്‍പ്പറഞ്ഞ സിദ്ധാന്തത്തിന്റെ പിന്‍ബലത്തില്‍ 'മുന്നറിയിപ്പി'നെ എങ്ങനെ വ്യാഖ്യാനയോഗ്യമാക്കാം എന്നു സമർത്ഥിക്കുവാനുള്ള എന്റെ ശ്രമങ്ങള്‍ ഇവിടെ ആരംഭിക്കുന്നു.
● Scenario 1
----------------------
രാഘവന്‍ എന്ന വ്യക്തിയുടെ ഡയറി കുറിപ്പുകളുടെ പ്രഭാവത്തിലാണ് അയാളിലെ വ്യക്തിത്വത്തെ അഞ്ജലി എന്ന മീഡിയം വഴി ലോകമറിയുന്നത്.ലഭ്യമായ സാധ്യതകളെ മാത്രം ഉപയോഗപ്പെടുത്തി രാഘവന്‍ എന്ന വ്യക്തി എഴുതിക്കൂട്ടിയ വരികള്‍ മാധ്യമങ്ങള്‍ കരഘോഷതോടെയാണ് എതിരേല്‍ക്കുന്നത്.Brain behind the Bars,The Wrongly Convicted,The Prince of Freedom എന്നിങ്ങനെ രാഘവന്‍ വിളിപ്പേരുകള്‍ സമ്പാദിക്കുമ്പോള്‍ വായനക്കാരനെ സ്വാധീനിക്കുന്നത് രാഘവന്‍ എന്ന വ്യക്തിത്വത്തിന്റെ ബൌധീകവീക്ഷണങ്ങളും സ്വാതന്ത്ര്യത്തിലേക്കുള്ള നാള്‍വഴികളുമാണ്.ജയിലഴികള്‍ക്കുള്ളില്‍ക്കിടന്നുകൊണ്ട് രാഘവന്‍ എന്ന കുറ്റവാളി തന്റെ ഡയറിയില്‍ എഴുതിക്കൂട്ടിയതെല്ലാം ആയിരത്തോളം വരുന്ന വായനക്കാരുടെ ചിന്തകളെ സ്വാധീനിക്കുകയും ഒരു വലിയ കോര്‍പ്പറേറ്റ് സ്ഥാപനം അയാളുടെ എഴുത്തിനു വിലയിടുന്ന ഘട്ടം വരെ എത്തുകയുണ്ടായി.അന്നോളം ജയില്‍രേഖകള്‍ മാത്രം അലങ്കരിച്ചുകൊണ്ടിരുന്ന സി.കെ.രാഘവന്‍ എന്ന പേര് നാലാളറിയുവാന്‍ രാഘവന്‍ പരപ്രേരണകൂടാതെ രചിച്ച കേവലം ചില കടലാസുതുണ്ടുകള്‍ക്ക് സാധ്യമാകുന്നു.ഇത് പിന്നീട് രാഘവന്റെ ജയില്‍വാസത്തിനു പോലും അറുതി നല്‍കുന്നു.രാഘവന്റെ ഉള്ളറിഞ്ഞ കടലാസ് തുണ്ടുകളെ പൂമ്പാറ്റയുടെ ചിറകടിയായി അനുമാനിച്ചാല്‍ അതുകൊണ്ടുണ്ടായ അഭേദ്യമായ മാറ്റങ്ങള്‍ മേല്‍പറഞ്ഞ ചിത്രശലഭപ്രഭാവത്തിനു അടിവരയിടുന്നു.
● Scenario 2
----------------------
എങ്ങോയിരിക്കുന്ന കോര്‍പ്പറേറ്റ് കമ്പനിയുടെ തീരുമാനത്തെ മേല്‍പ്പറഞ്ഞ കയോസ് തിയറിയുടെ ഉറവിടമായി കണക്കാക്കിക്കൊണ്ട് മറ്റൊരു സാധ്യതകൂടി ഇവിടെ ചിത്രീകരണയോഗ്യമാകുന്നുണ്ട്.എന്തെന്നാല്‍,രാഘവന്റെ കുറിപ്പടികള്‍ വഴി അയാളുടെ ജീവിതം ചൂഴ്ന്നുനോക്കുവാനുള്ള അധികാരം എക്സ്ക്ലൂസീവായി തങ്ങള്‍ക്കു ലഭിക്കുവാന്‍ കമ്പനി തീരുമാനമെടുക്കുന്നു.ഈ തീരുമാനം ഒന്നിലധികം വ്യക്തിത്വങ്ങളുടെ ദിനചര്യകളിലും താല്‍പ്പര്യങ്ങളിലും പോലും വലിയ മാറ്റമുണ്ടായിരിക്കുന്നു.
★ ഈ തീരുമാനം വഴി ജയില്‍ സൂപ്രണ്ട് രാമമൂര്‍ത്തിക്ക് തന്റെ സര്‍വീസ് സ്റ്റോറി തുടരാന്‍ കഴിയുന്നില്ല
★ അഞ്ജലി അറക്കല്‍ ഒരു Freelancer എന്നതില്‍ നിന്നും ഒരു Recognised പത്രപ്രവര്‍ത്തക എന്ന നിലയിലേക്ക് വളരാനുള്ള ആദ്യ ചുവടു സൃഷ്ടിക്കപ്പെടുന്നു( അല്ലെങ്കില്‍ അങ്ങനെ അവര്‍ വിശ്വസിക്കുന്നു )
★ അഞ്ജലിയുടെ സമാധാനപരമായ ജീവിതത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നു
★ രാഘവന്റെ സ്വാതന്ത്ര്യ സങ്കല്പം ഹനിക്കപ്പെടുന്നു
★ അഞ്ജലിയുടെ മരണത്തിനു വഴിവയ്ക്കുന്നു
★ രാഘവന്‍ എന്ന വ്യക്തി തന്റെ മൂന്നാം നരഹത്യ നടപ്പിലാക്കുന്നു
കേവലം സ്വാര്‍ത്ഥതാല്പ്പര്യങ്ങളിലൂന്നിയ തീരുമാനങ്ങള്‍ അചിന്ത്യമായ മാറ്റങ്ങളാണ് വ്യത്യസ്ത വ്യക്തിത്വങ്ങളില്‍ ഉണ്ടാക്കിയത്.വീണ്ടും ഒരു ചിത്രശലഭപ്രഭാവത്തിന്റെ പരോക്ഷരൂപം ഇവിടെ ദ്രിശ്യമാകുന്നു.
● Scenario 3
----------------------
മേല്‍പ്പറഞ്ഞ രണ്ടു സന്ദര്‍ഭങ്ങളും ഒന്നോന്നിന്റെ തുടര്‍ച്ച എന്നോണമാണ് ചിത്രത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.ആദ്യ സന്ദര്‍ഭത്തില്‍ രാഘവന്റെ കടാലാസുചുരുളുകള്‍ മുഖാന്തരം വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ അതിന്റെ തുടര്‍ച്ചയെന്നോണമാണ് കമ്പനിയുടെ തീരുമാനങ്ങളും അതുമൂലമുണ്ടാകുന്ന ഭവിഷത്തുകളും സംഭവിക്കുന്നത്.എന്നാല്‍ ഒന്നോര്‍ത്താല്‍,ഇതിന്റെയെല്ലാം മൂലകാരണം രാഘവന്‍ എന്ന വ്യക്തിയുടെ അഭിപ്രായപ്രകടനങ്ങളും വിശ്വാസങ്ങളുമുള്‍ക്കൊള്ളുന്ന അഞ്ജലി ആദ്യമായി വായിക്കാനിടയായ ഡയറിയിലെ കടലാസുകളാണ്.വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മുന്നേറിയ അതിന്റെ പ്രഭാവം ഒടുക്കം എല്ലാം അവസാനിപ്പിച്ചുകൊണ്ട് രാഘവനില്‍ തന്നെ അവസാനിക്കുന്നു.രാഘവന്റെ സ്വാന്ത്ര്യവ്യാഖ്യാനങ്ങളുടെ കണ്ണാടിയായ അയാളുടെ ഡയറി കുറിപ്പുകള്‍ ഒടുക്കം അയാളില്‍ തന്നെ തിരിച്ചെത്തുന്നു,താന്‍ കാരണം നഷ്ടപ്പെട്ട രാഘവന്റെ സ്വാതന്ത്ര്യം തിരിച്ചു നല്‍കിക്കൊണ്ട്.
ഇവിടെ ഒരു Circulation പ്രക്രീയ നടക്കുന്നുണ്ടെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.ഇരട്ട സന്ദര്‍ഭങ്ങളിലായി ചിത്രീകരിക്കപ്പെടുന്ന Butterfly Effects തുടങ്ങിയിടത്തു തന്നെ ഒടുങ്ങുന്നു.അതായത് വ്യക്തമായ Dimension ഉള്ള ഒരു Loop ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.എന്നാൽ ചിത്രത്തിൽ ഇതിനൊരു തുടർച്ചയില്ല,ഒറ്റ തവണ മാത്രം അതു തുടങ്ങിയിടത്തു തന്നെ അവസാനിച്ചു. വ്യക്തിത്വം നഷ്ടപ്പെട്ട അഞ്ജലി ഭൂമിക്കു ഭാരമാകുമ്പോള്‍ അവളുടെ ശൂന്യത സൃഷ്ടിക്കുന്നതൊന്നും ലോകത്തിന്റെ സന്തുലനാവസ്ഥയ്ക്ക് കാര്യമായ കോട്ടങ്ങള്‍ തട്ടിക്കുന്നില്ല,രാഘവന്‍ തന്റെ സ്വാതന്ത്ര്യ സിദ്ധാന്തങ്ങളിലേക്ക് തിരിഞ്ഞു നടക്കുന്നു,രാഘവന്‍ താല്‍ക്കാലികമായി സൃഷ്‌ടിച്ച വാര്‍ത്തകളും സമയബന്ധിതമായി തന്നെ അവസാനിക്കുന്നു,അന്യന്റെ ചിന്തകള്‍ക്ക് വിലയിട്ട കോര്‍പ്പറേറ്റ് സ്ഥാപനം തങ്ങളുടെ ലക്‌ഷ്യം സാധൂകരിക്കാതെ പരാജയപ്പെടുന്നു-അങ്ങനെ ഒടുക്കം എല്ലാം പഴയപടി തിരിച്ചെത്തുന്നു.
__________________________________________
കലാസ്വാദനത്തിന്റെ അതിര്‍വരമ്പുകള്‍ അനന്തമാണെന്ന ഉള്‍ക്കാഴ്ചയോടുകൂടിയുള്ള സമീപനങ്ങള്‍ ഒരു പ്രേക്ഷകനു നല്‍കുന്നത് വ്യാഖ്യാനങ്ങളുടെയും വ്യത്യസ്ത അര്‍ത്ഥതലങ്ങളുടെയും പറുദീസയാണ്.അത്തരം പ്രത്യക്ഷവും പരോക്ഷവുമായ അര്‍ത്ഥതലങ്ങള്‍ വേര്‍തിരിച്ചെടുക്കാനുള്ള എന്റെ ശ്രമങ്ങളാണ് എട്ടു ഭാഗങ്ങളിലായി എഴുതിയവസാനിപ്പിച്ച 'മുന്നറിയിപ്പ്-ഒരു അന്വേഷണം' എന്ന പരമ്പര.അതിനൊരു തുടര്‍ച്ചയെന്നോണം മേൽപറഞ്ഞ വസ്തുതകളെ നോക്കിക്കാണുവാന്‍ അപേക്ഷിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
കടപ്പാട് :
◆ 'മുന്നറിയിപ്പും കമ്മ്യൂണിസവും' എന്ന പോസ്റ്റില്‍ ഇങ്ങനെയൊരു സാധ്യത ചൂണ്ടിക്കാട്ടിയ സുഹൃത്ത് Sajan Puthenpurakkal
◆ wikipedia.com ( Butterfly Effect references )
(പരമ്പരയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കുവാനായി ഈ ഹാഷ് ടാഗുകള്‍ ഉപയോഗിക്കുക)
കൂടുതൽ വായനയ്ക്ക് :

No comments:

Post a Comment