Tuesday, July 25, 2017

The "Real" Lalism

നായകനെ മാത്രം വലംവയ്ക്കുന്ന,അയാളുടെ സ്തുതിപാടകരാല്‍ സമ്പന്നമായ ഒരു കഥാഗതിയിലേക്ക് അധികം കൊണ്ട് പോകാതെയുള്ള അവതരണം കൊണ്ട് വിജയമായ 'ജനത ഗാരേജ്' എന്ന ചിത്രത്തിലെ രംഗമാണ് ചുവടെയുള്ളതു.
ഇവിടെ സംഭവം വളരെ സിമ്പിള്‍ ആണ്.പതിവ് തെലുങ്ക് ക്ലീഷേകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള,എന്നാല്‍ അധികം അസഹനീയമാംവിധം ആത്മഹത്യാപരമായ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലാത്ത ഒരു സാധാരണ തെലുങ്ക് ചിത്രത്തിന്റെ ഇന്റെര്‍വല്‍ സീനാണ് രംഗം.
ഇന്റെര്‍വല്‍ പഞ്ചുകള്‍ നിര്‍ബന്ധമാം വിധം പ്രേക്ഷകനുമേല്‍ അടിചെല്‍പ്പിക്കപെടുന്ന ഇക്കാലത്ത് അതിനു സമാനമാംവിധം സുമുഖ സുന്ദരനായകന്‍ നടന്നുവരികയാണ്.നായകനോളം പ്രാധാന്യമില്ലെങ്കില്‍കൂടിയും കഥയുടെ മര്‍മപ്രധാനമായ വേഷം കൈകാര്യം ചെയ്യുന്ന നടനുമായി, എതിരാളിയെ തുപ്പൽ പീരങ്കി കൊണ്ടു ഉഴിഞ്ഞെടുക്കുംവിധം ഒരു ഘോരപ്രസംഗമാണ് പ്രേക്ഷകന്‍ നായകനിൽ നിന്നും പ്രതീക്ഷിച്ചത് .എന്നാല്‍ സൗമ്യനായി കാര്യങ്ങള്‍ സംസാരിക്കുന്ന നായകന്‍ തെലുങ്ക് സിനിമ ലോകത്തിനു ഒരു വെല്ലുവിളിയാകുമോ എന്ന് തോന്നിച്ചുവെങ്കിലും മെല്ലെ പുള്ളിക്കാരന്‍ ട്രാക്കിലേക്ക് വന്നു.സൗമ്യതയോടെ തന്നെ നായകന്‍ അന്നാട്ടിലെ അതിശക്തനായ ഒരുവനെ അയാളുടെതന്നെ വാസസ്ഥലത്തുവച്ച് വെല്ലുവിളി കലര്‍ന്ന മുന്നറിയിപ്പ് നല്‍കുന്നു.സാധാരണ ഗതിയില്‍ ഈയവസരത്തില്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തെ ത്രിണവത്ഗണിക്കുന്ന അതിദാരുണമായ ഒരു സംഘട്ടനം നടത്തുവാന്‍ പ്രമാണിയും അതിശക്തനുമായ മനുഷ്യന്‍ ശ്രമിക്കേണ്ടതാണ്.എന്നാല്‍ ഇവിടെ സംവിധായകന്‍ അദ്ദേഹത്തോട് ഒന്ന് പുഞ്ചിരിക്കുവാന്‍ മാത്രമാണ് പറഞ്ഞത്.
തന്റെ അപാരമായ സ്ക്രീന്‍ പ്രസന്‍സും രൂപഭംഗിയും സംഭാഷണത്തിലെ അനായാസ്യതയുംകൊണ്ട് നായകന്‍ ഉണ്ടാക്കിയെടുത്ത മിനുട്ടുകള്‍ നീണ്ട Build Up ആണ് ഒരു ചെറു പുഞ്ചിരിയില്‍ അലിഞ്ഞില്ലാതെയായത്.ഒരുപക്ഷെ,സംവിധായകന്‍ പോലും ഇത്രയധികം മികച്ച ഒരഭിനയമുഹൂര്‍ത്തം അവിടെ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.
ആയ കാരണത്താലാകാം പിന്നീട് ഒരു മരത്തിന്റെ സീന്‍ കാണിച്ചു നായകന് വീണ്ടും Build Up ഉണ്ടാക്കാന്‍ കൊരട്ടല ശിവ എന്ന സംവിധായകന്‍ ശ്രമിച്ചതും,ഇന്റർവലിൽ നായകനെ മാത്രം സ്ക്രീനിൽ കാണിച്ചുകൊണ്ട് sequence അവസാനിപ്പിച്ചതും.....
ഇത്തരം സന്ദര്‍ഭങ്ങളുടെ സാക്ഷികളാകാൻ ഭാഗ്യം സിദ്ധിച്ച കാരണത്താലാകാം മലയാളി പ്രേക്ഷകര്‍ മോഹന്‍ലാല്‍ എന്ന നടന്റെ വിരലുകള്‍ പോലും അഭിനയിക്കും എന്ന് പ്രസ്താവിക്കുന്നത്.............
For More WriteUps : rhshyanil.blogspot.com


No comments:

Post a Comment