മുന്നറിയിപ്പ് - ഒരു അന്വേഷണം (ഭാഗം 7)
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
ആദ്യ ആറു ഭാഗങ്ങൾക്കും നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി പറഞ്ഞുകൊണ്ട് ഏഴാം ഭാഗത്തിലേക്ക് കടക്കുന്നു.മൂന്നു ഭാഗങ്ങളില്‍ അവസാനിപ്പിക്കാം എന്ന് കരുതിയ എനിക്ക് ഓരോ കാഴ്ചയിലും പുതു വ്യാഖ്യാനങ്ങളുമായാണ് 'മുന്നറിയിപ്പ്' എന്ന ഇതിഹാസ ചിത്രം അവതരിക്കുന്നത്.ഒരു ഭാഗത്തില്‍ രാഘവന്‍ എന്ന വ്യക്തി തന്റെ മാനെറിസത്തിലൂടെ നല്‍കുന്ന വ്യാഖ്യാനങ്ങളെപറ്റിയൊരു ഭാഗത്തില്‍ പരാമർശിക്കുവാന്‍ എന്റെ സുഹൃത്ത് Varghesebaby Vellarethu ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ മാനെറിസം മാത്രം കണക്കാക്കാതെ ഒരു സീന്‍ detailing ആണ് ഞാനീ ഭാഗംകൊണ്ട് ഉദ്ദേശിക്കുന്നത്.ചിത്രത്തിന്റെ ക്ലൈമാക്സ്
🎯 രംഗതത്തിനു ശക്തമായ അടിത്തറ പാകുന്ന പ്രധാന രംഗങ്ങളിലൂടെയൊരു പ്രദക്ഷിണം.
●● പോസ്റ്റ് തുടങ്ങുന്നതിനു മുൻപ് എനിക്ക് ലഭിച്ച ഒരു പ്രതികരണത്തിനുള്ള മറുപടി നല്‍കുന്നത് ആര്‍ക്കും മുഷിപ്പുളവാക്കുമെന്നു തോന്നുന്നില്ല
😌
അതിസൂഷ്മതയാണ് പലയിടങ്ങളിലും 'മുന്നറിയിപ്പി'നെ മറ്റു പല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.അതിഭാവുകത്വം നിറയ്ക്കാതെയുള്ള കഥപറച്ചില്‍ രീതി മടുപ്പുളവാക്കിയെന്ന കാരണത്താലാണ് ചിത്രത്തിന് അര്‍ഹിച്ച വിജയം ലഭിക്കാതെ പോയതെന്ന്‍ ഒരു കിംവദന്തി റിലീസ് ചെയ്ത നാളുകളില്‍ കേള്‍ക്കാമായിരുന്നു.എന്നാല്‍ അതിനു പ്രതിരോധം നല്കാനെന്നവണ്ണം ചമയ്ക്കപ്പെട്ടതാണ് എന്റെയീ പരമ്പരയെന്നു ഒരു സുഹൃത്ത് ഇന്‍ബോക്സ് വഴി അഭിപ്രായപ്പെടുകയുണ്ടായി.അപ്രസക്തമാണെന്ന് ആദ്യം തോന്നിയെങ്കിലും അദ്ധേഹത്തിന്റെ ചേതോവികാരം മനസ്സിലാക്കികൊണ്ട് തന്നെ ഞാന്‍ പറഞ്ഞുകൊള്ളട്ടെ,ആരുടേയും പ്രേരണകള്‍ക്കോ സമ്മര്‍ദത്തിനോ വഴങ്ങി രചിക്കപ്പെട്ടതല്ല ഈ ചെറു പരമ്പര.ഒരു ചിത്രം കണ്ടപ്പോള്‍ എന്നിലെ പ്രേക്ഷകന് തോന്നിയതെന്തോക്കെയോ, അത് സിനിമയെ സ്നേഹിക്കുന്ന ഇതുപോലെയൊരു കൂട്ടായ്മയ്ക്ക് മുന്നില്‍ അവതരിപ്പിക്കുക മാത്രമാണുണ്ടായത്.അതിനപ്പുറം ഒന്നും തന്നെ ഈ പരമ്പരകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നില്ല.അനുകൂലിക്കുന്നവര്‍ക്കും പ്രതികൂലിക്കുന്നവര്‍ക്കും മനസ്സിലാക്കാനാകുന്ന രീതിയില്‍ തന്നെയാണ് മറുപടി കൊടുക്കുന്നതെന്നും ഞാന്‍ വിശ്വസിക്കുന്നു.
★ഭാഗം 7 : പരകോടിയിലെക്ക്
🎯 വിരല്‍ ചൂണ്ടുന്ന 'മുന്നറിയിപ്പ്'
∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆
∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆
പ്രേക്ഷകനെ വ്യത്യസ്തചിന്താമണ്ഡലത്തിലേക്ക് നയിക്കുന്ന കഥാഗതി മുന്നില്‍നിര്‍ത്തി അവതരിക്കപ്പെട്ട ചിത്രമാണ് 'മുന്നറിയിപ്പ്' എന്നത് പ്രത്യേക പരാമര്‍ശം അര്‍ഹിക്കാത്ത വാചകമാണ്.എങ്കില്‍ പോലും വ്യാഖ്യാനങ്ങളുടെ പറുദീസ തുറന്നു നല്‍കുന്ന ചിത്രം പ്രേക്ഷകനെ ഏറ്റവുമധികം ഞെട്ടിച്ചത് അതിന്റെ പരകോടിയിലെത്തിയപ്പോഴാണു.എന്നാല്‍ സൂചനകള്‍ക്കതീതം എഴുതപ്പെട്ടതാണോ ഈ ക്ലൈമാക്സ് രംഗം ? അല്ല എന്നാണ് എന്റെ പക്ഷം.രാഘവന്‍ എന്താണെന്ന് വ്യക്തമാക്കുന്ന പ്രത്യക്ഷ രംഗങ്ങളും അതിനപ്പുറം പരോക്ഷമായ വ്യാഖ്യാനങ്ങളും ഏതൊക്കെയെന്നു തിരയുന്നതാകട്ടെ ഇന്നത്തെ ഭാഗം.....
[ To be noted : ചുവടെ നല്‍കിയിരിക്കുന്ന ഫോട്ടോ ഒരു റഫറന്‍സ് ആയി കണക്കാക്കുക.ബ്രാക്കറ്റുകളില്‍ നല്‍കിയിരിക്കുന്ന സംഖ്യകള്‍ അവയിലേക്കുള്ള ചൂണ്ടുവിരലുകളാണ് ]
രാഘവന്‍ ജീവിതത്തെപറ്റി പറയുന്നത് ശ്രദ്ധിക്കാം ( 1 )
"പുതിയ ജീവിതം പഴയ ജീവിതം എന്നൊക്കെയുണ്ടോ ? നമുക്കാകെ ഒറ്റ ജീവിതമല്ലേ ഉള്ളു ?"
"പിന്നെയീ ജീവിതം എന്ന് പറയുന്നത് എന്തുവാ? ഈ മരണത്തിനു മുന്പെയുള്ള ഒരു വെപ്രാളം"
"പുതിയ ജീവിതം പഴയ ജീവിതം എന്നൊക്കെയുണ്ടോ ? നമുക്കാകെ ഒറ്റ ജീവിതമല്ലേ ഉള്ളു ?"
"പിന്നെയീ ജീവിതം എന്ന് പറയുന്നത് എന്തുവാ? ഈ മരണത്തിനു മുന്പെയുള്ള ഒരു വെപ്രാളം"
ജീവിതത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ആദ്യ സംഭാഷണമാണിത്.ജീവിതം ഓരോ മനുഷ്യനും പ്രതീക്ഷയുടെ വെള്ളിവെളിച്ചമാണ്.സാധാരണ മനുഷ്യന്റെ ചിന്തകള്‍ക്കപ്പുറം ജീവിതത്തെ മരണത്തിനു പിന്നില്‍ നിര്‍ത്തിയാണ് രാഘവന്റെ സംഭാഷണം.മരണത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നായി അദ്ദേഹം ജീവിതത്തെ നോക്കിക്കാണുന്നു.അമിതാസക്തിക്ക് പാത്രമാകേണ്ട ഒന്നല്ല ജീവിതം എന്ന് രാഘവന്‍ ചിത്രത്ത്തിലാദ്യത്തെ 'മുന്നറിയിപ്പ്' നല്‍കുന്നു.ഇവിടെയൊന്നും അഞ്ജലിയെന്ന സ്വതാല്പ്പര്യവാദിയായ പത്രപ്രവര്‍ത്തക രാഘവന്‍ എന്ന സൈക്കോയെ മനസ്സിലാക്കാതെ പോകുന്നതിന്റെ കഥ ഇവിടെ നിന്നും ആരംഭിക്കുന്നു.ഇതേ സീനില്‍ തന്നെ പരോള്‍,സന്ദര്‍ശകര്‍ എന്നിവരെ പറ്റി ചോദിക്കുമ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാതെ താനൊരു മടിയനാണ് എന്ന് പറയുന്ന രാഘവന്‍ തൊട്ടടുത്ത നിമിഷം റിക്കോഡറെ പറ്റി ചോദിച്ചുകൊണ്ട് സംഭാഷണത്തെ സംശയം കൂടാതെ വ്യതിചലിപ്പിക്കുന്നത് ദ്രിശ്യമാണ് ( 2 ).രാഘവന്‍ എന്ന കൊലപാതകിയുടെ ഉള്ളിലെ അപ്രീയസത്യങ്ങളിലേക്ക് തുറന്നു പിടിച്ച കണ്ണാടിയാണ് ചെറുതെന്ന് തോന്നിക്കുന്ന ഈ രംഗം.ഇവിടെ രാഘവന്‍ എന്ന വ്യക്തിയെ മനസ്സിലാക്കാതെ രാഘവന്‍ എന്ന വാര്‍ത്തയെ പറ്റിമാത്രം ചിന്തിച്ചതാണ് അഞ്ജലിക്ക് വിനയായത്.തൊട്ടടുത്ത സംഭാഷണത്തില്‍ സത്യത്തെ പറ്റിയുള്ള രാഘവന്റെ പരാമര്‍ശം ( 3 ) ശ്രദ്ധിക്കുന്ന ഏതൊരാള്‍ക്കും അയാള്‍ ഒരു നിരപരാധിയാണെന്ന് തോന്നിക്കുമെങ്കിലും അതില്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരര്‍ഥം ആരും ശ്രദ്ധിക്കുന്നില്ല.സത്യത്തെ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നത് നിയമമാണെന്ന് അഞ്ജലിയും പ്രേക്ഷകനും ചിന്തിക്കുമ്പോള്‍ അതെ സത്യത്തെ മൂടിവയ്ക്കുന്നത് താനാണെന്നാണ് രാഘവന്‍ വ്യക്തമാക്കുന്നത്.
രാഘവന്‍ ജയിലില്‍ കിടക്കുമ്പോഴുള്ള രംഗം ശ്രദ്ധിക്കാം.ഇവിടെ ചന്ദ്രന്‍ ഉദിക്കുന്നത് കാണിക്കുന്നുണ്ട് ( 4 ).ആദ്യം ചന്ദ്രനില്ലാത്ത നേരം രാഘവന്റെ മുഖം ഇരുട്ടായി കാണപ്പെടുന്നു.തൊട്ടടുത്ത നിമിഷം ചന്ദ്രന്‍ ഉദിക്കുമ്പോള്‍ രാഘവന്റെ മുഖം പ്രകാശഭൂരിതമാകുന്നു .വീണ്ടും ചന്ദ്രന്റെ ഛായ ജയിലിന്റെ ബേസ്മെന്റ്റ്ല്‍ തട്ടി ഇല്ലാതാകുമ്പോള്‍ രാഘവന്റെ മുഖം വീണ്ടും ഇരുട്ടിലേക്ക് തെന്നി മാറുന്നതായി കാണാം.ഒന്ന് ശ്രദ്ധിച്ചു ആലോചിച്ചാല്‍ ചിത്രത്തിന്റെ പൂര്‍ണമായ കഥ ഇവിടെ സിംബോളിക്കലായി അവതരിപ്പിക്കപ്പെടുകയാണ്.സാധാരണക്കാരന്റെ മനസ്സില്‍ ജയില്‍ ഒരു ഇരുണ്ട പശ്ചാത്തലം നല്കുന്നിടമാണ്.ചിത്രത്തില്‍ ജയിലാകുന്ന ഇരുട്ടില്‍ നിന്ന് സാധാരണക്കാരന്റെ സ്വാതന്ത്ര്യ സങ്കല്‍പ്പമായ പുറംലോകമെന്ന വെളിച്ചത്തിൽ എത്തിച്ചേരുന്ന രാഘവന്‍ വീണ്ടും ഇരുട്ടാകുന്ന ജയിലിലെക്ക് തിരിച്ചു പോകുകയാണ്.
രാഘവനുമായി അഞ്ജലി പിന്നീട് നടത്തിയ സംഭാഷണം ശ്രദ്ധിക്കാം ( 5 ).സ്വന്തം ജീവിതത്തെപ്പറ്റി ഒന്നും എഴുതാത്ത കാരണങ്ങള്‍ ചോദിക്കുമ്പോള്‍ അതെന്തിന് എഴുതിവേയ്ക്കണം,നമുക്ക് അറിയാവുന്ന കാര്യങ്ങളല്ലേ എന്നാണു രാഘവന്‍ വ്യക്തമാക്കുന്നത്.അഞ്ജലി എന്ന വ്യക്തി രാഘവന്റെ എഴുത്തിലൂടെ അടുത്തറിഞ്ഞത് അയാളിലെ സാമൂഹിക അവബോധം മാത്രമാണ്.സ്വവ്യക്തിത്വം മറ്റുള്ളവരുടേതുമായി വ്യത്യസ്തമാണെന്ന് തിരിച്ചറിവുള്ള ഒരു മനുഷ്യന്റെ എഴുത്താണത്.അതില്‍ അയാളുടെ വീക്ഷണങ്ങള്‍ മാത്രം അയാള്‍ കുറിചിട്ടപ്പോള്‍ അഞ്ജലി പോയതും അതെ വീക്ഷങ്ങള്‍ക്ക് പുറകെയാണ്.സ്വന്തം ജീവിതത്തിൽ എന്തൊക്കെയാണ് നടന്നതെന്നത് അഞ്ജലി അറിഞ്ഞതിനപ്പുറം ഒന്നുമില്ല എന്ന് രാഘവന്‍ ഈ സംഭാഷണത്തിലൂടെ വ്യക്തമാക്കുന്നു.അതറിയാതെ പോയതും അഞ്ജലിക്ക് പറ്റിയ തെറ്റാണ്.
( 6 ) അഞ്ജലി എന്ത് ചെയ്യാന്‍ വേണ്ടിയിട്ടാണ് രാഘവനെ പുറത്തിറക്കിയതെന്നതു വ്യക്തമാക്കുന്ന സീന്‍ ശ്രദ്ധിക്കുക.അതുവരെ കൌതുകചിത്തനായ മുഖത്തോടെ മാത്രം കാണപ്പെട്ടിരുന്ന രാഘവന്‍ പെട്ടന്നു തന്നെ അസ്വസ്ഥനാകുകയും അഞ്ജലിയുടെ ദ്രിഷ്ടിയില്‍നിന്നു മുഖം തിരിക്കുന്നതും ശ്രദ്ധിക്കാം.അതിനു ശേഷം തിരിച്ചു പോകാനെന്നോണം രാഘവന്‍ തന്റെ സഞ്ചികള്‍ പരതുന്നത് കാണാം.തിരിച്ചു ജയിലിലെക്ക് പോകാന്‍ രാഘവന്‍ ആദ്യമായി ചിന്തിച്ച നിമിഷം ഇതാണെണ്ണ്‍ ഞാന്‍ വിശ്വസിക്കുന്നു.ഈ സീന്‍ മുതല്‍ അവസാനം ഒറ്റപ്പെട്ട വീട്ടില്‍ താമസമാക്കുന്നത് വരെ ഒരു കണ്‍ഫ്യൂഷനില്‍ അകപ്പെട്ട രാഘവനെ നമ്മള്‍ക്ക് കാണാന്‍ കഴിയും 【 റഫറന്‍സ് :ഭാഗം 6 】
രാഘവന്‍ കെ പി അനില്‍കുമാറിനോട് പറയുന്നത് ശ്രദ്ധിക്കുക.( 7 )
"നിന്റെ കഥയ്ക്കൊരു ഗുണപാഠമുണ്ട്.ഇല്ലാത്ത കഥ ഉണ്ടാക്കി പറയരുത്"
ഇത് അനില്‍ കുമാറിന് മാത്രമുള്ള ഗുണപാഠമല്ല പ്രേക്ഷകനും കൂടിയുള്ളതാണ്.ശരിക്കും ഇല്ലാത്ത ഒരു കഥ നിര്‍ബന്ധിച്ചു എഴുതുവാന്‍ വേണ്ടി വിളിക്കപ്പെട്ടയാളാണ് രാഘവന്‍.സമൂഹത്തെ പറ്റിയല്ലാതെ സ്വജീവിതത്തില്‍ അയാള്‍ക്ക് രഹസ്യങ്ങളില്ല.അയാളുടെ ജീവിതത്തില്‍ നടമാടിയതെന്തോ അത് വെളിച്ചത്തുവന്നതാണ്.അതിനപ്പുറം എന്തോ എഴുതുവാനായി പ്രേരിപ്പിക്കപ്പെടുമ്പോള്‍ ഒരാളില്‍ മാനസികമായുണ്ടാകുന്ന സമ്മര്‍ദ്ദമാണ് രാഘവനിലും ഉണ്ടായത്.ഒരു കഥ മെനഞ്ഞെടുത്തു അഞ്ജലിക്ക് നല്‍കാനുള്ള പ്രാപ്തിയോ സാമർധ്യമോ മടിയനെന്നു സ്വയം വിശേഷിപ്പിക്കുന്ന രാഘവനില്ല.അതുകൊണ്ട് തന്നെയാണ് കെ പി അനില്‍കുമാര്‍ തന്റെ കൈയില്‍ ഒരു കഥയുണ്ടെന്നു പറയുമ്പോള്‍ അത് കേള്‍ക്കാന്‍ രാഘവന്‍ സന്നദ്ധനാകുന്നത് ( 8 ).തമാശയ്ക്കു വേണ്ടി ചിട്ടപ്പെടുത്തിയതാണെന്നു ഒറ്റ നോട്ടത്തില്‍ പ്രേക്ഷകന് തോന്നുമെങ്കിലും അതങ്ങനെയല്ല.രാഘവന്‍ എന്നയാളുടെ നിസ്സഹായതയാണിവിടെ വ്യക്തമാകുന്നത്.
വൃദ്ധദമ്പതികളെ കണ്ടു രാഘവന്‍ ദേഷ്യത്തോടെ പിന്‍വാങ്ങുന്നതിനെപറ്റി ( 9 ) മറ്റൊരു ഭാഗത്തില്‍ നമ്മള്‍ പ്രതിപാദിക്കുകയുണ്ടായി 【 റഫറന്‍സ് : ഭാഗം 4 】.അതുകൊണ്ട് കാര്യമായ വിശദീകരണം ഈ സീനിനു ആവശ്യമുണ്ടെന്നു തോന്നുന്നില്ല.ചിത്രത്തിന്റെ ക്ലൈമാക്സിലേക്ക് വിരല്‍ ചൂണ്ടുന്ന മറ്റൊരു സുപ്രധാന ഭാഗമാണിത്.
'ദി ക്രൈം ആന്‍ഡ് ദി പണിഷ്മെന്റ്റ്' എന്ന പുസ്തകത്തിലെ Raskolnikov എന്ന കഥാപാത്രവും രാഘവനുമായുള്ള അഭേദ്യബന്ധം പോയ ഭാഗത്തില്‍ 【റഫൻസ് : ഭാഗം 6 】 പരിശോധിക്കുകയുണ്ടായി.Raskolnikov തന്റെ മനസ്സിലെ തീരുമാനങ്ങള്‍ക്ക് ഒരു ക്ലാരിറ്റി ലഭിക്കുവാന്‍ വേണ്ടി വീഥികളിലൂടെ അലഞ്ഞുനടക്കുന്നതായി പറയുന്നുണ്ട്.അതിനു സമാനനായി അലഞ്ഞു നടക്കുന്ന രാഘവനും ഒരു ക്ലാരിറ്റിയ്ക്കായി അലഞ്ഞു നടക്കുന്നതായി ചിത്രത്തില്‍ കാണാം ( 10 ).തിരിച്ചു ജയിലിലെക്ക് പോകുന്ന ചിന്ത രാഘവന്റെ മനസ്സില്‍ എങ്ങനെയുദിച്ചു എന്നത് നമ്മള്‍ പറയുകയുണ്ടായി.ഇങ്ങനെ അലഞ്ഞു തിരിയുന്ന വേളയിലാണ് സുധീഷിന്റെ കഥാപാത്രം രാഘവനെ ബാറിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്.അവിടെവച്ചാണ് രാഘവന്‍,നമുക്ക് തടസ്സമായി നില്‍ക്കുന്നവരെ ചിലപ്പോള്‍ നമുക്ക് പറിച്ചുമാറ്റേണ്ടി വരും, എന്ന് പറയുന്നത്.ഈ സംഭാഷണം രതീഷിലുണ്ടാക്കിയ സംശയം ഓരോ പ്രേക്ഷകനിലും ഉണ്ടായിരുന്നിരിക്കണം.രാഘവന്‍ തന്നെയാണ് യഥാര്‍ത്ഥ കൊലപാതകി എന്നത് ശരിക്കും അവിടെ സ്ഥാപിക്കപ്പെടുകയാണ്.എന്നാല്‍ തൊട്ടടുത്ത നിമിഷം ഇത് ചോദ്യം ചെയ്തവരോട് കയര്‍ത്തുസംസാരിച്ചു ഇറങ്ങിപ്പോകുന്ന രാഘവന്‍ വീണ്ടും പ്രേക്ഷകനെ ആശയക്കുഴപ്പത്തിലാക്കുകയാണ്.തിരക്കഥയിലെ മേന്മയാണ് ഇവിടെ വ്യക്തമാകുന്നത്.ചിത്ത്രത്ത്തിന്റെ പൂര്‍ണമായ അര്‍ഥങ്ങള്‍ ഈ സീനില്‍ വിവരിക്കപ്പെട്ടുവെങ്കിലും തൊട്ടടുത്ത നിമിഷം പ്രേക്ഷകനു സംശയത്തിന്റെ വീഥി തുറന്നു നല്‍കി ചിത്രം മുന്നോട്ടു കുതിക്കുന്നു.ഇത്തരത്തിലുള്ള രംഗങ്ങളാണ് ഉണ്ണി ആര്‍ എന്ന തിരക്കഥാകൃത്തിന്റെ മാസ്മരികത വിളിച്ചോതുന്നത്.ഒരേ സമയം സംശയനിവാരണം നടത്തുന്ന തിരക്കഥ തൊട്ടടുത്ത നിമിഷം പ്രേക്ഷകനെ വീണ്ടും സംശയത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുന്നു.
( 11 ) ഏറെ ആശയക്കുഴപ്പങ്ങളുണ്ടാക്കിയ ഒരു രംഗമാണിത്.താന്‍ കൊലപ്പെടുത്തിയ രണ്ടുപേരുടെയും ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ പിടിക്കുകയും പിന്നീട് ഒന്നിന് മേല്‍ ഒന്നിനെ പിടിച്ചുനോക്കുന്ന രാഘവനെ കാണാം.എന്റെ വീക്ഷണത്തില്‍ രാഘവന്റെ ഒരു UPDATED MENTALITY യാണ് ഇവിടെ സൂചിപ്പിക്കുന്നത്.രംഗം വീക്ഷിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യം രാഘവന്‍ ഒരിക്കല്‍ പോലും തന്റെ ഭാര്യയുടെ ഫോട്ടോ മുകളില്‍ വയ്ക്കുന്നില്ല.പകരം പൂജയുടെ ഫോട്ടോയാണ് എപ്പോഴും മുകളില്‍ പിടിക്കുന്നത്.താന്‍ കൊലപ്പെടുത്തിയവരില്‍ അവസാനയാളുടെ ഫോട്ടോ മുകളില്‍ പിടിക്കുകയാണ് രാഘവന്‍.കൊല നടത്ത്തിയെന്നതിന്റെ സിംബോളിക് റെപ്രസന്‍ടെഷന്‍.മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍ അഞ്ജലിയെ കൊലപ്പെടുത്തുകയാണെങ്കില്‍ ഈ മൂന്നു ഫോട്ടോകളും ഏതു രീതിയില്‍ ALLIGN ചെയ്യണം എന്ന് രാഘവനിലെ സൈക്കോ ആശയക്കുഴപ്പത്തിലാകുന്നതായും കരുതാം.
ഒറ്റപ്പെട്ട സ്ഥലത്ത് എത്തിപ്പെട്ടപ്പോള്‍ നടക്കാനിറങ്ങുന്ന രാഘവന്‍ ( 12 ) നീളമുള്ള ഒരു ദണ്ഡ എടുത്തു മാറ്റിയിടുന്നതായി കാണാം.ശബ്ദം കൊണ്ട് അത് ഇരുമ്പാണെന്നും മനസ്സിലാക്കാം. വ്യക്തമായി ഒന്ന് ശ്രദ്ധിച്ചാല്‍ രാഘവന്‍ അഞ്ജലിയെ കൊല്ലാന്‍ ഉപയോഗിച്ച ഇരുമ്പ്ദണ്ഡയുടെ രൂപവുമായി അതിനു സാദ്രശ്യമുള്ളതായി കാണാം.Raskolnikov നെ പോലെ ക്ലാരിറ്റിയിലെത്തിയ രാഘവന്‍ തന്റെ തീരുമാനം തിരഞ്ഞെടുത്തത് ഈ സീന്‍ വ്യക്തമാക്കുന്നു. പിന്നീട് രാഘവന്‍ ഭക്ഷണം പാകം ചെയ്യുന്ന നേരം "പല്ലി"യുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുന്ന സീന്‍ ശ്രദ്ധിക്കുക ( 13 ).ചിത്രത്തിലെ പല്ലിയുടെ റഫറന്‍സ് 【 റഫറന്‍സ് : ഭാഗം 3 】 എന്താണെന്ന് മനസ്സിലാക്കിയ നമ്മള്‍ക്ക് അതിനര്‍ത്ഥം കണ്ടെത്താന്‍ ബഹുദൂരം സഞ്ചരിക്കേണ്ട ആവശ്യമില്ല.
"സമയം തീരാന്‍ പോകുവാ,അല്ലെ?"( 14 ) "ഇനി മൂന്നു ദിവസം കൂടിയേ ബാക്കിയുള്ളൂ" എന്നൊക്കെ രാഘവന്‍ അഞ്ജലിക്ക് നല്‍കുന്ന മുന്നറിയിപ്പുകളും ചിത്രത്തിന്റെ ക്ലൈമാക്സ് എന്താണെന്ന ഊഹം പ്രേക്ഷകനില്‍ വര്‍ഷിക്കുന്നതും വിസ്മരിക്കാനാകാത്ത ഭാഗങ്ങളാണ്.
എന്റെ യുക്തിക്ക് തോന്നിയ വ്യാഖ്യാനങ്ങള്‍ മാത്രമാണ് ഇവിടെ ഞാന്‍ നിരത്തിയിരിക്കുന്നത്.ഓരോ പ്രേക്ഷകനും ചിന്തയുടെ പറുദീസ തുറന്നു നല്‍കുന്ന ചിത്രത്തില്‍ നിങ്ങള്‍ ഏവരുടെയും ചിന്തകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും പ്രാധാന്യം ഏറെയാണ്.ആയ കാരണത്താല്‍ നിങ്ങള്‍ക്ക് തോന്നിയ സംശയങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുക.കൂടാതെ, അടുത്ത ഭാഗത്തില്‍ പ്രതിപാദിക്കാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളും ഉള്‍പ്പെടുത്താനാകുന്നതാണ്. നന്ദി 
തുടരും...............................
...................................
...................................
(പരമ്പരയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കുവാനായി ഈ ഹാഷ് ടാഗുകള്‍ ഉപയോഗിക്കുക)
കൂടുതൽ വായനയ്ക്ക് : rhshyanil.blogspot.com
No comments:
Post a Comment