Wednesday, July 26, 2017

'Munnariyipp' Explained (Part 7)


മുന്നറിയിപ്പ് - ഒരു അന്വേഷണം (ഭാഗം 7)
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
ആദ്യ ആറു ഭാഗങ്ങൾക്കും നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി പറഞ്ഞുകൊണ്ട് ഏഴാം ഭാഗത്തിലേക്ക് കടക്കുന്നു.മൂന്നു ഭാഗങ്ങളില്‍ അവസാനിപ്പിക്കാം എന്ന് കരുതിയ എനിക്ക് ഓരോ കാഴ്ചയിലും പുതു വ്യാഖ്യാനങ്ങളുമായാണ് 'മുന്നറിയിപ്പ്' എന്ന ഇതിഹാസ ചിത്രം അവതരിക്കുന്നത്.ഒരു ഭാഗത്തില്‍ രാഘവന്‍ എന്ന വ്യക്തി തന്റെ മാനെറിസത്തിലൂടെ നല്‍കുന്ന വ്യാഖ്യാനങ്ങളെപറ്റിയൊരു ഭാഗത്തില്‍ പരാമർശിക്കുവാന്‍ എന്റെ സുഹൃത്ത് Varghesebaby Vellarethu ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ മാനെറിസം മാത്രം കണക്കാക്കാതെ ഒരു സീന്‍ detailing ആണ് ഞാനീ ഭാഗംകൊണ്ട് ഉദ്ദേശിക്കുന്നത്.ചിത്രത്തിന്റെ ക്ലൈമാക്സ് 🎯 രംഗതത്തിനു ശക്തമായ അടിത്തറ പാകുന്ന പ്രധാന രംഗങ്ങളിലൂടെയൊരു പ്രദക്ഷിണം.
●● പോസ്റ്റ്‌ തുടങ്ങുന്നതിനു മുൻപ് എനിക്ക് ലഭിച്ച ഒരു പ്രതികരണത്തിനുള്ള മറുപടി നല്‍കുന്നത് ആര്‍ക്കും മുഷിപ്പുളവാക്കുമെന്നു തോന്നുന്നില്ല 😌

അതിസൂഷ്മതയാണ് പലയിടങ്ങളിലും 'മുന്നറിയിപ്പി'നെ മറ്റു പല ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.അതിഭാവുകത്വം നിറയ്ക്കാതെയുള്ള കഥപറച്ചില്‍ രീതി മടുപ്പുളവാക്കിയെന്ന കാരണത്താലാണ് ചിത്രത്തിന് അര്‍ഹിച്ച വിജയം ലഭിക്കാതെ പോയതെന്ന്‍ ഒരു കിംവദന്തി റിലീസ് ചെയ്ത നാളുകളില്‍ കേള്‍ക്കാമായിരുന്നു.എന്നാല്‍ അതിനു പ്രതിരോധം നല്കാനെന്നവണ്ണം ചമയ്ക്കപ്പെട്ടതാണ് എന്റെയീ പരമ്പരയെന്നു ഒരു സുഹൃത്ത് ഇന്‍ബോക്സ്‌ വഴി അഭിപ്രായപ്പെടുകയുണ്ടായി.അപ്രസക്തമാണെന്ന് ആദ്യം തോന്നിയെങ്കിലും അദ്ധേഹത്തിന്റെ ചേതോവികാരം മനസ്സിലാക്കികൊണ്ട് തന്നെ ഞാന്‍ പറഞ്ഞുകൊള്ളട്ടെ,ആരുടേയും പ്രേരണകള്‍ക്കോ സമ്മര്‍ദത്തിനോ വഴങ്ങി രചിക്കപ്പെട്ടതല്ല ഈ ചെറു പരമ്പര.ഒരു ചിത്രം കണ്ടപ്പോള്‍ എന്നിലെ പ്രേക്ഷകന് തോന്നിയതെന്തോക്കെയോ, അത് സിനിമയെ സ്നേഹിക്കുന്ന ഇതുപോലെയൊരു കൂട്ടായ്മയ്ക്ക് മുന്നില്‍ അവതരിപ്പിക്കുക മാത്രമാണുണ്ടായത്.അതിനപ്പുറം ഒന്നും തന്നെ ഈ പരമ്പരകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നില്ല.അനുകൂലിക്കുന്നവര്‍ക്കും പ്രതികൂലിക്കുന്നവര്‍ക്കും മനസ്സിലാക്കാനാകുന്ന രീതിയില്‍ തന്നെയാണ് മറുപടി കൊടുക്കുന്നതെന്നും ഞാന്‍ വിശ്വസിക്കുന്നു.

★ഭാഗം 7 : പരകോടിയിലെക്ക് 🎯 വിരല്‍ ചൂണ്ടുന്ന 'മുന്നറിയിപ്പ്'
∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆∆

പ്രേക്ഷകനെ വ്യത്യസ്തചിന്താമണ്ഡലത്തിലേക്ക് നയിക്കുന്ന കഥാഗതി മുന്നില്‍നിര്‍ത്തി അവതരിക്കപ്പെട്ട ചിത്രമാണ് 'മുന്നറിയിപ്പ്' എന്നത് പ്രത്യേക പരാമര്‍ശം അര്‍ഹിക്കാത്ത വാചകമാണ്.എങ്കില്‍ പോലും വ്യാഖ്യാനങ്ങളുടെ പറുദീസ തുറന്നു നല്‍കുന്ന ചിത്രം പ്രേക്ഷകനെ ഏറ്റവുമധികം ഞെട്ടിച്ചത് അതിന്റെ പരകോടിയിലെത്തിയപ്പോഴാണു.എന്നാല്‍ സൂചനകള്‍ക്കതീതം എഴുതപ്പെട്ടതാണോ ഈ ക്ലൈമാക്സ്‌ രംഗം ? അല്ല എന്നാണ് എന്റെ പക്ഷം.രാഘവന്‍ എന്താണെന്ന് വ്യക്തമാക്കുന്ന പ്രത്യക്ഷ രംഗങ്ങളും അതിനപ്പുറം പരോക്ഷമായ വ്യാഖ്യാനങ്ങളും ഏതൊക്കെയെന്നു തിരയുന്നതാകട്ടെ ഇന്നത്തെ ഭാഗം.....
[ To be noted : ചുവടെ നല്‍കിയിരിക്കുന്ന ഫോട്ടോ ഒരു റഫറന്‍സ് ആയി കണക്കാക്കുക.ബ്രാക്കറ്റുകളില്‍ നല്‍കിയിരിക്കുന്ന സംഖ്യകള്‍ അവയിലേക്കുള്ള ചൂണ്ടുവിരലുകളാണ് ]
രാഘവന്‍ ജീവിതത്തെപറ്റി പറയുന്നത് ശ്രദ്ധിക്കാം ( 1 )
"പുതിയ ജീവിതം പഴയ ജീവിതം എന്നൊക്കെയുണ്ടോ ? നമുക്കാകെ ഒറ്റ ജീവിതമല്ലേ ഉള്ളു ?"
"പിന്നെയീ ജീവിതം എന്ന് പറയുന്നത് എന്തുവാ? ഈ മരണത്തിനു മുന്പെയുള്ള ഒരു വെപ്രാളം"
ജീവിതത്തെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ ആദ്യ സംഭാഷണമാണിത്.ജീവിതം ഓരോ മനുഷ്യനും പ്രതീക്ഷയുടെ വെള്ളിവെളിച്ചമാണ്.സാധാരണ മനുഷ്യന്റെ ചിന്തകള്‍ക്കപ്പുറം ജീവിതത്തെ മരണത്തിനു പിന്നില്‍ നിര്‍ത്തിയാണ് രാഘവന്റെ സംഭാഷണം.മരണത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നായി അദ്ദേഹം ജീവിതത്തെ നോക്കിക്കാണുന്നു.അമിതാസക്തിക്ക് പാത്രമാകേണ്ട ഒന്നല്ല ജീവിതം എന്ന് രാഘവന്‍ ചിത്രത്ത്തിലാദ്യത്തെ 'മുന്നറിയിപ്പ്' നല്‍കുന്നു.ഇവിടെയൊന്നും അഞ്ജലിയെന്ന സ്വതാല്പ്പര്യവാദിയായ പത്രപ്രവര്‍ത്തക രാഘവന്‍ എന്ന സൈക്കോയെ മനസ്സിലാക്കാതെ പോകുന്നതിന്റെ കഥ ഇവിടെ നിന്നും ആരംഭിക്കുന്നു.ഇതേ സീനില്‍ തന്നെ പരോള്‍,സന്ദര്‍ശകര്‍ എന്നിവരെ പറ്റി ചോദിക്കുമ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാതെ താനൊരു മടിയനാണ് എന്ന് പറയുന്ന രാഘവന്‍ തൊട്ടടുത്ത നിമിഷം റിക്കോഡറെ പറ്റി ചോദിച്ചുകൊണ്ട് സംഭാഷണത്തെ സംശയം കൂടാതെ വ്യതിചലിപ്പിക്കുന്നത് ദ്രിശ്യമാണ് ( 2 ).രാഘവന്‍ എന്ന കൊലപാതകിയുടെ ഉള്ളിലെ അപ്രീയസത്യങ്ങളിലേക്ക്‌ തുറന്നു പിടിച്ച കണ്ണാടിയാണ് ചെറുതെന്ന് തോന്നിക്കുന്ന ഈ രംഗം.ഇവിടെ രാഘവന്‍ എന്ന വ്യക്തിയെ മനസ്സിലാക്കാതെ രാഘവന്‍ എന്ന വാര്‍ത്തയെ പറ്റിമാത്രം ചിന്തിച്ചതാണ് അഞ്ജലിക്ക് വിനയായത്.തൊട്ടടുത്ത സംഭാഷണത്തില്‍ സത്യത്തെ പറ്റിയുള്ള രാഘവന്റെ പരാമര്‍ശം ( 3 ) ശ്രദ്ധിക്കുന്ന ഏതൊരാള്‍ക്കും അയാള്‍ ഒരു നിരപരാധിയാണെന്ന് തോന്നിക്കുമെങ്കിലും അതില്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരര്‍ഥം ആരും ശ്രദ്ധിക്കുന്നില്ല.സത്യത്തെ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നത് നിയമമാണെന്ന് അഞ്ജലിയും പ്രേക്ഷകനും ചിന്തിക്കുമ്പോള്‍ അതെ സത്യത്തെ മൂടിവയ്ക്കുന്നത് താനാണെന്നാണ് രാഘവന്‍ വ്യക്തമാക്കുന്നത്.
രാഘവന്‍ ജയിലില്‍ കിടക്കുമ്പോഴുള്ള രംഗം ശ്രദ്ധിക്കാം.ഇവിടെ ചന്ദ്രന്‍ ഉദിക്കുന്നത് കാണിക്കുന്നുണ്ട് ( 4 ).ആദ്യം ചന്ദ്രനില്ലാത്ത നേരം രാഘവന്റെ മുഖം ഇരുട്ടായി കാണപ്പെടുന്നു.തൊട്ടടുത്ത നിമിഷം ചന്ദ്രന്‍ ഉദിക്കുമ്പോള്‍ രാഘവന്റെ മുഖം പ്രകാശഭൂരിതമാകുന്നു .വീണ്ടും ചന്ദ്രന്റെ ഛായ ജയിലിന്റെ ബേസ്മെന്റ്റ്ല്‍ തട്ടി ഇല്ലാതാകുമ്പോള്‍ രാഘവന്റെ മുഖം വീണ്ടും ഇരുട്ടിലേക്ക് തെന്നി മാറുന്നതായി കാണാം.ഒന്ന് ശ്രദ്ധിച്ചു ആലോചിച്ചാല്‍ ചിത്രത്തിന്റെ പൂര്‍ണമായ കഥ ഇവിടെ സിംബോളിക്കലായി അവതരിപ്പിക്കപ്പെടുകയാണ്.സാധാരണക്കാരന്റെ മനസ്സില്‍ ജയില്‍ ഒരു ഇരുണ്ട പശ്ചാത്തലം നല്കുന്നിടമാണ്.ചിത്രത്തില്‍ ജയിലാകുന്ന ഇരുട്ടില്‍ നിന്ന് സാധാരണക്കാരന്റെ സ്വാതന്ത്ര്യ സങ്കല്‍പ്പമായ പുറംലോകമെന്ന വെളിച്ചത്തിൽ എത്തിച്ചേരുന്ന രാഘവന്‍ വീണ്ടും ഇരുട്ടാകുന്ന ജയിലിലെക്ക് തിരിച്ചു പോകുകയാണ്.
രാഘവനുമായി അഞ്ജലി പിന്നീട് നടത്തിയ സംഭാഷണം ശ്രദ്ധിക്കാം ( 5 ).സ്വന്തം ജീവിതത്തെപ്പറ്റി ഒന്നും എഴുതാത്ത കാരണങ്ങള്‍ ചോദിക്കുമ്പോള്‍ അതെന്തിന് എഴുതിവേയ്ക്കണം,നമുക്ക് അറിയാവുന്ന കാര്യങ്ങളല്ലേ എന്നാണു രാഘവന്‍ വ്യക്തമാക്കുന്നത്.അഞ്ജലി എന്ന വ്യക്തി രാഘവന്റെ എഴുത്തിലൂടെ അടുത്തറിഞ്ഞത് അയാളിലെ സാമൂഹിക അവബോധം മാത്രമാണ്.സ്വവ്യക്തിത്വം മറ്റുള്ളവരുടേതുമായി വ്യത്യസ്തമാണെന്ന് തിരിച്ചറിവുള്ള ഒരു മനുഷ്യന്റെ എഴുത്താണത്.അതില്‍ അയാളുടെ വീക്ഷണങ്ങള്‍ മാത്രം അയാള്‍ കുറിചിട്ടപ്പോള്‍ അഞ്ജലി പോയതും അതെ വീക്ഷങ്ങള്‍ക്ക് പുറകെയാണ്.സ്വന്തം ജീവിതത്തിൽ എന്തൊക്കെയാണ് നടന്നതെന്നത് അഞ്ജലി അറിഞ്ഞതിനപ്പുറം ഒന്നുമില്ല എന്ന് രാഘവന്‍ ഈ സംഭാഷണത്തിലൂടെ വ്യക്തമാക്കുന്നു.അതറിയാതെ പോയതും അഞ്ജലിക്ക് പറ്റിയ തെറ്റാണ്.
( 6 ) അഞ്ജലി എന്ത് ചെയ്യാന്‍ വേണ്ടിയിട്ടാണ് രാഘവനെ പുറത്തിറക്കിയതെന്നതു വ്യക്തമാക്കുന്ന സീന്‍ ശ്രദ്ധിക്കുക.അതുവരെ കൌതുകചിത്തനായ മുഖത്തോടെ മാത്രം കാണപ്പെട്ടിരുന്ന രാഘവന്‍ പെട്ടന്നു തന്നെ അസ്വസ്ഥനാകുകയും അഞ്ജലിയുടെ ദ്രിഷ്ടിയില്‍നിന്നു മുഖം തിരിക്കുന്നതും ശ്രദ്ധിക്കാം.അതിനു ശേഷം തിരിച്ചു പോകാനെന്നോണം രാഘവന്‍ തന്റെ സഞ്ചികള്‍ പരതുന്നത് കാണാം.തിരിച്ചു ജയിലിലെക്ക് പോകാന്‍ രാഘവന്‍ ആദ്യമായി ചിന്തിച്ച നിമിഷം ഇതാണെണ്ണ്‍ ഞാന്‍ വിശ്വസിക്കുന്നു.ഈ സീന്‍ മുതല്‍ അവസാനം ഒറ്റപ്പെട്ട വീട്ടില്‍ താമസമാക്കുന്നത് വരെ ഒരു കണ്‍ഫ്യൂഷനില്‍ അകപ്പെട്ട രാഘവനെ നമ്മള്‍ക്ക് കാണാന്‍ കഴിയും 【 റഫറന്‍സ് :ഭാഗം 6 】
രാഘവന്‍ കെ പി അനില്‍കുമാറിനോട് പറയുന്നത് ശ്രദ്ധിക്കുക.( 7 )
"നിന്റെ കഥയ്ക്കൊരു ഗുണപാഠമുണ്ട്.ഇല്ലാത്ത കഥ ഉണ്ടാക്കി പറയരുത്"
ഇത് അനില്‍ കുമാറിന് മാത്രമുള്ള ഗുണപാഠമല്ല പ്രേക്ഷകനും കൂടിയുള്ളതാണ്.ശരിക്കും ഇല്ലാത്ത ഒരു കഥ നിര്‍ബന്ധിച്ചു എഴുതുവാന്‍ വേണ്ടി വിളിക്കപ്പെട്ടയാളാണ് രാഘവന്‍.സമൂഹത്തെ പറ്റിയല്ലാതെ സ്വജീവിതത്തില്‍ അയാള്‍ക്ക്‌ രഹസ്യങ്ങളില്ല.അയാളുടെ ജീവിതത്തില്‍ നടമാടിയതെന്തോ അത് വെളിച്ചത്തുവന്നതാണ്.അതിനപ്പുറം എന്തോ എഴുതുവാനായി പ്രേരിപ്പിക്കപ്പെടുമ്പോള്‍ ഒരാളില്‍ മാനസികമായുണ്ടാകുന്ന സമ്മര്‍ദ്ദമാണ് രാഘവനിലും ഉണ്ടായത്.ഒരു കഥ മെനഞ്ഞെടുത്തു അഞ്ജലിക്ക് നല്‍കാനുള്ള പ്രാപ്തിയോ സാമർധ്യമോ മടിയനെന്നു സ്വയം വിശേഷിപ്പിക്കുന്ന രാഘവനില്ല.അതുകൊണ്ട് തന്നെയാണ് കെ പി അനില്‍കുമാര്‍ തന്റെ കൈയില്‍ ഒരു കഥയുണ്ടെന്നു പറയുമ്പോള്‍ അത് കേള്‍ക്കാന്‍ രാഘവന്‍ സന്നദ്ധനാകുന്നത് ( 8 ).തമാശയ്ക്കു വേണ്ടി ചിട്ടപ്പെടുത്തിയതാണെന്നു ഒറ്റ നോട്ടത്തില്‍ പ്രേക്ഷകന് തോന്നുമെങ്കിലും അതങ്ങനെയല്ല.രാഘവന്‍ എന്നയാളുടെ നിസ്സഹായതയാണിവിടെ വ്യക്തമാകുന്നത്.
വൃദ്ധദമ്പതികളെ കണ്ടു രാഘവന്‍ ദേഷ്യത്തോടെ പിന്‍വാങ്ങുന്നതിനെപറ്റി ( 9 ) മറ്റൊരു ഭാഗത്തില്‍ നമ്മള്‍ പ്രതിപാദിക്കുകയുണ്ടായി 【 റഫറന്‍സ് : ഭാഗം 4 】.അതുകൊണ്ട് കാര്യമായ വിശദീകരണം ഈ സീനിനു ആവശ്യമുണ്ടെന്നു തോന്നുന്നില്ല.ചിത്രത്തിന്റെ ക്ലൈമാക്സിലേക്ക് വിരല്‍ ചൂണ്ടുന്ന മറ്റൊരു സുപ്രധാന ഭാഗമാണിത്.
'ദി ക്രൈം ആന്‍ഡ്‌ ദി പണിഷ്മെന്റ്റ്' എന്ന പുസ്തകത്തിലെ Raskolnikov എന്ന കഥാപാത്രവും രാഘവനുമായുള്ള അഭേദ്യബന്ധം പോയ ഭാഗത്തില്‍ 【റഫൻസ് : ഭാഗം 6 】 പരിശോധിക്കുകയുണ്ടായി.Raskolnikov തന്റെ മനസ്സിലെ തീരുമാനങ്ങള്‍ക്ക് ഒരു ക്ലാരിറ്റി ലഭിക്കുവാന്‍ വേണ്ടി വീഥികളിലൂടെ അലഞ്ഞുനടക്കുന്നതായി പറയുന്നുണ്ട്.അതിനു സമാനനായി അലഞ്ഞു നടക്കുന്ന രാഘവനും ഒരു ക്ലാരിറ്റിയ്ക്കായി അലഞ്ഞു നടക്കുന്നതായി ചിത്രത്തില്‍ കാണാം ( 10 ).തിരിച്ചു ജയിലിലെക്ക് പോകുന്ന ചിന്ത രാഘവന്റെ മനസ്സില്‍ എങ്ങനെയുദിച്ചു എന്നത് നമ്മള്‍ പറയുകയുണ്ടായി.ഇങ്ങനെ അലഞ്ഞു തിരിയുന്ന വേളയിലാണ് സുധീഷിന്റെ കഥാപാത്രം രാഘവനെ ബാറിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്.അവിടെവച്ചാണ് രാഘവന്‍,നമുക്ക് തടസ്സമായി നില്‍ക്കുന്നവരെ ചിലപ്പോള്‍ നമുക്ക് പറിച്ചുമാറ്റേണ്ടി വരും, എന്ന് പറയുന്നത്.ഈ സംഭാഷണം രതീഷിലുണ്ടാക്കിയ സംശയം ഓരോ പ്രേക്ഷകനിലും ഉണ്ടായിരുന്നിരിക്കണം.രാഘവന്‍ തന്നെയാണ് യഥാര്‍ത്ഥ കൊലപാതകി എന്നത് ശരിക്കും അവിടെ സ്ഥാപിക്കപ്പെടുകയാണ്.എന്നാല്‍ തൊട്ടടുത്ത നിമിഷം ഇത് ചോദ്യം ചെയ്തവരോട്‌ കയര്‍ത്തുസംസാരിച്ചു ഇറങ്ങിപ്പോകുന്ന രാഘവന്‍ വീണ്ടും പ്രേക്ഷകനെ ആശയക്കുഴപ്പത്തിലാക്കുകയാണ്.തിരക്കഥയിലെ മേന്മയാണ് ഇവിടെ വ്യക്തമാകുന്നത്.ചിത്ത്രത്ത്തിന്റെ പൂര്‍ണമായ അര്‍ഥങ്ങള്‍ ഈ സീനില്‍ വിവരിക്കപ്പെട്ടുവെങ്കിലും തൊട്ടടുത്ത നിമിഷം പ്രേക്ഷകനു സംശയത്തിന്റെ വീഥി തുറന്നു നല്‍കി ചിത്രം മുന്നോട്ടു കുതിക്കുന്നു.ഇത്തരത്തിലുള്ള രംഗങ്ങളാണ് ഉണ്ണി ആര്‍ എന്ന തിരക്കഥാകൃത്തിന്റെ മാസ്മരികത വിളിച്ചോതുന്നത്.ഒരേ സമയം സംശയനിവാരണം നടത്തുന്ന തിരക്കഥ തൊട്ടടുത്ത നിമിഷം പ്രേക്ഷകനെ വീണ്ടും സംശയത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുന്നു.
( 11 ) ഏറെ ആശയക്കുഴപ്പങ്ങളുണ്ടാക്കിയ ഒരു രംഗമാണിത്.താന്‍ കൊലപ്പെടുത്തിയ രണ്ടുപേരുടെയും ചിത്രങ്ങള്‍ നേര്‍ക്കുനേര്‍ പിടിക്കുകയും പിന്നീട് ഒന്നിന് മേല്‍ ഒന്നിനെ പിടിച്ചുനോക്കുന്ന രാഘവനെ കാണാം.എന്റെ വീക്ഷണത്തില്‍ രാഘവന്റെ ഒരു UPDATED MENTALITY യാണ് ഇവിടെ സൂചിപ്പിക്കുന്നത്.രംഗം വീക്ഷിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യം രാഘവന്‍ ഒരിക്കല്‍ പോലും തന്റെ ഭാര്യയുടെ ഫോട്ടോ മുകളില്‍ വയ്ക്കുന്നില്ല.പകരം പൂജയുടെ ഫോട്ടോയാണ് എപ്പോഴും മുകളില്‍ പിടിക്കുന്നത്.താന്‍ കൊലപ്പെടുത്തിയവരില്‍ അവസാനയാളുടെ ഫോട്ടോ മുകളില്‍ പിടിക്കുകയാണ് രാഘവന്‍.കൊല നടത്ത്തിയെന്നതിന്റെ സിംബോളിക് റെപ്രസന്‍ടെഷന്‍.മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍ അഞ്ജലിയെ കൊലപ്പെടുത്തുകയാണെങ്കില്‍ ഈ മൂന്നു ഫോട്ടോകളും ഏതു രീതിയില്‍ ALLIGN ചെയ്യണം എന്ന് രാഘവനിലെ സൈക്കോ ആശയക്കുഴപ്പത്തിലാകുന്നതായും കരുതാം.
ഒറ്റപ്പെട്ട സ്ഥലത്ത് എത്തിപ്പെട്ടപ്പോള്‍ നടക്കാനിറങ്ങുന്ന രാഘവന്‍ ( 12 ) നീളമുള്ള ഒരു ദണ്ഡ എടുത്തു മാറ്റിയിടുന്നതായി കാണാം.ശബ്ദം കൊണ്ട് അത് ഇരുമ്പാണെന്നും മനസ്സിലാക്കാം. വ്യക്തമായി ഒന്ന് ശ്രദ്ധിച്ചാല്‍ രാഘവന്‍ അഞ്ജലിയെ കൊല്ലാന്‍ ഉപയോഗിച്ച ഇരുമ്പ്ദണ്ഡയുടെ രൂപവുമായി അതിനു സാദ്രശ്യമുള്ളതായി കാണാം.Raskolnikov നെ പോലെ ക്ലാരിറ്റിയിലെത്തിയ രാഘവന്‍ തന്റെ തീരുമാനം തിരഞ്ഞെടുത്തത് ഈ സീന്‍ വ്യക്തമാക്കുന്നു. പിന്നീട് രാഘവന്‍ ഭക്ഷണം പാകം ചെയ്യുന്ന നേരം "പല്ലി"യുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കുന്ന സീന്‍ ശ്രദ്ധിക്കുക ( 13 ).ചിത്രത്തിലെ പല്ലിയുടെ റഫറന്‍സ് 【 റഫറന്‍സ് : ഭാഗം 3 】 എന്താണെന്ന് മനസ്സിലാക്കിയ നമ്മള്‍ക്ക് അതിനര്‍ത്ഥം കണ്ടെത്താന്‍ ബഹുദൂരം സഞ്ചരിക്കേണ്ട ആവശ്യമില്ല.
"സമയം തീരാന്‍ പോകുവാ,അല്ലെ?"( 14 ) "ഇനി മൂന്നു ദിവസം കൂടിയേ ബാക്കിയുള്ളൂ" എന്നൊക്കെ രാഘവന്‍ അഞ്ജലിക്ക് നല്‍കുന്ന മുന്നറിയിപ്പുകളും ചിത്രത്തിന്റെ ക്ലൈമാക്സ്‌ എന്താണെന്ന ഊഹം പ്രേക്ഷകനില്‍ വര്‍ഷിക്കുന്നതും വിസ്മരിക്കാനാകാത്ത ഭാഗങ്ങളാണ്.
എന്റെ യുക്തിക്ക് തോന്നിയ വ്യാഖ്യാനങ്ങള്‍ മാത്രമാണ് ഇവിടെ ഞാന്‍ നിരത്തിയിരിക്കുന്നത്.ഓരോ പ്രേക്ഷകനും ചിന്തയുടെ പറുദീസ തുറന്നു നല്‍കുന്ന ചിത്രത്തില്‍ നിങ്ങള്‍ ഏവരുടെയും ചിന്തകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും പ്രാധാന്യം ഏറെയാണ്‌.ആയ കാരണത്താല്‍ നിങ്ങള്‍ക്ക് തോന്നിയ സംശയങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുക.കൂടാതെ, അടുത്ത ഭാഗത്തില്‍ പ്രതിപാദിക്കാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളും ഉള്‍പ്പെടുത്താനാകുന്നതാണ്. നന്ദി 
തുടരും...............................
...................................
(പരമ്പരയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കുവാനായി ഈ ഹാഷ് ടാഗുകള്‍ ഉപയോഗിക്കുക)
കൂടുതൽ വായനയ്ക്ക് : rhshyanil.blogspot.com

Donnie Darko Movie Revealed in Malayalam

THE UNVEILING PARADISE -PART 3
◆◆◆◆◆◆◆◆◆◆◆◆◆◆◆◆
ലോകസിനിമയിൽ, ചോദ്യങ്ങൾ ബാക്കിയാക്കിയും തെറ്റിദ്ധാരണകളുടെ പറുദീസ തുറന്നു നൽകുകയും ചെയ്ത ചിത്രങ്ങളെ Mind Bending movies എന്ന ഓമനപ്പേരിൽ പ്രേക്ഷകൻ വിളിക്കുവാൻ തുടങ്ങി.ഇത്തരത്തിൽ ബാക്കി വയ്ക്കപ്പെട്ടു പോയ ചിത്രങ്ങളുടെ ഉള്ളറകൾ തേടി ഒരു പ്രദക്ഷിണമാണ് ഈ പരമ്പര.ആദ്യ ഭാഗത്തിൽ വിഖ്യാത സംവിധായകൻ ഡേവിഡ് ലിഞ്ചിന്റെ 'Mullholand Drive' സ്ഥാനം പിടിച്ചപ്പോൾ മനുഷ്യന്റെ ബുദ്ധിമണ്ഡലങ്ങളിൽ കോളിളക്കം സൃഷ്ടിച്ച 'Coherence' എന്ന ചലച്ചിത്ര സപര്യയുടെ ഉള്ളറകൾ തേടിയിറങ്ങുകയായിരുന്നു രണ്ടാം ഭാഗം.ലോക സിനിമ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു ആശയത്തിന്റെ ചലച്ചിത്രരൂപമായ 'Donnie Darko'യുടെ ഉള്ളറകള്‍ തേടുകയാണ് മൂന്നാം ഭാഗം
Donnie Darko - ചോദ്യങ്ങളും ഉത്തരങ്ങളും
=================================
( ആദ്യം തന്നെ പറയട്ടെ.പോസ്റ്റ് നിറയെ സ്പോയിലറുകളാണ്.എങ്കിലും ചിത്രം കാണാത്തവരും ഇതു വായിച്ച ശേഷം ചിത്രം കാണുന്നത് നന്നായിരിക്കും)
കഥാസാരത്തിനു പിന്നിലേക്ക് നടക്കുംമുന്പ് എല്ലാവരും നിര്‍ബന്ധമായി അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളെകുറിച്ച് ആദ്യം പറയാം.ചിത്രത്തിലെ പ്രധാന കഥാപാത്രം Roberta Sparrow യുടെ പുസ്തകമായ 'The Philosophy of Time Travel' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം മുന്നോട്ടു പോകുന്നത്.ചിത്രത്തില്‍ രണ്ടു പ്രപഞ്ചങ്ങളാണ് ഉള്ളത് നമ്മള്‍ ഇപ്പോള്‍ വിഹരിക്കുന്ന Primary Universe (PU) ഉം അജ്ഞാതമായ കാരണത്താല്‍ ഉണ്ടാക്കപ്പെട്ട Tangent Universe (TU)ഉം.ചിത്രത്തില്‍ കാണിക്കുന്ന 90% രംഗങ്ങളും TU വില്‍ നടക്കുന്നതാണ്.
സമയം എന്നത് തികച്ചു സ്ഥിരമായ ഒരു നിർമിതിയാണ്.Fourth Dimension ല്‍ അതിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ സാധാരണ പ്രപഞ്ചത്തിനു സമാന്തരമായ,ഏതാനും ദിവസങ്ങള്‍ മാത്രമുള്ള മറ്റൊരു പ്രപഞ്ചം സൃഷ്ടിക്കുന്നു.ഇതാണ് Tangent Universe.ഈ പ്രപഞ്ചം Primary യുടെതിനു സമാനമാണെങ്കിലും അതില്‍ സ്ഥിരത എന്നത് തീരെ കുറവാകും.ആയ കാരണത്താല്‍ ഇതിന്റെ ആയുസ്സും കുറവാകും.ചിത്രത്തില്‍ 28 ദിവസമാണ് TU വിന്റെ ആയുസ്സ്.ആയുസ്സ് തീര്‍ന്ന അസ്ഥിരമായി TU ഇല്ലാതാകുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന ഭീമന്‍ തമോഗര്‍ത്തം PU വിനെയും നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്.ഇത് തടയുവാനായി നിയോഗിക്കപ്പെട്ടയാളാണ് നായകന്‍ ഡോണി.ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ സമയത്ത്തിനുണ്ടാകുന്ന വ്യത്യാസം (ക്ലോക്ക് സീന്‍) അതിന്റെ (TU)അസ്ഥിരതയെ സൂചിപ്പിക്കുകയും അതോടൊപ്പം TU ഉണ്ടായികഴിഞ്ഞു എന്നും പ്രേക്ഷകനോട് പരോക്ഷമായി പറയുന്നു (ഒക്ടോബര്‍ 2,അര്‍ദ്ധരാത്രി).TU ഉണ്ടാകുന്ന നേരം അതോടൊപ്പം ഒരു Artifact രൂപംകൊള്ളും.എന്ന് വച്ചാല്‍ ലോഹനിർ്മിതമായ വ്യക്തമായ ഉറവിടമില്ലാത്ത ഒരു നിർമിതിയാകും അത്.ഇവിടെ അത് ഒരു Plane Engine ആണ്.TU ഉണ്ടാക്കുവാന്‍ വേണ്ടിയുള്ള പ്രക്രീയയില്‍സംഭവിച്ച ഏതോ കാരണത്താല്‍ രണ്ടു Artifact രൂപപ്പെടുകയും ഒന്ന് TU വില്‍ ഡോണിയുടെ വീടിനു മുകളില്‍ വീഴുകയും രണ്ടാമത്തേതിന്റെ നിലനില്‍പ്പ്‌ അനന്തതയില്‍ എവിടെയോ തുടരുകയും ചെയ്യുന്നു.TU വിനെ അസ്ഥിരമാക്കുവാന്‍ പോന്ന ഒന്നാണ് Artifact.എങ്ങനെയെന്നു വച്ചാല്‍,TU വിന്റെ ഉത്പത്തിയില്‍ ഉണ്ടാകുന്ന വസ്തുവാണ് Artifact എങ്കിലും, അത് TU വിനുള്ളില്‍ കടന്നാല്‍ PU വില്‍ നിന്നും TU വില്‍ വ്യത്യാസമുണ്ടാക്കും.കാരണം പ്രത്യക്ഷത്തില്‍ PU വിന്റെ പൂര്‍ണമായ പതിപ്പ് തന്നെയാണ് TU.അപ്പോള്‍ PU വില്‍ ഇല്ലാത്ത Artifact എന്ന വസ്തു സ്വാഭാവികമായും ഒരു Foreign Body ആയി TU വില്‍ നിലനില്‍ക്കുകയും അത് അതിന്റെ അസ്ഥിരതയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
TU വില്‍ നിന്ന് Artifact പുറത്തെത്തിച്ചു അതിന്റെ വിനാശത്തില്‍ നിന്ന് രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവനാണ് The Living Reciever (LR).ചിത്രത്തില്‍ ഡോണിയാണ് LR. പുള്ളിക്കാരന് ഒരുപാട് അമാനുഷിക ശക്തികളൊക്കെ ഉണ്ടാകും.ചിത്രത്തിലെ മറ്റു പ്രധാനപ്പെട്ട രണ്ടു സംഗതികളാണ് Manipulated Living (ML) ഉം Manipulated Dead (MD) ഉം.TU വില്‍ ഡോണിയോടൊപ്പം കാണപ്പെടുന്ന ആളുകളിലെ തരംതിരിവാണ് ഇത് രണ്ടും.ഫ്രാങ്ക്,ഗ്രെട്ചെന്‍ എന്നിവര്‍ MD ആണ്,മറ്റുള്ളവര്‍ ML ഉം.MD എന്നിവര്‍ LR നേക്കാള്‍ ശക്തിയുള്ളവരും TU വില്‍ ഭാവിയില്‍ മരണപ്പെട്ടവരുമാണ്,ഇക്കൂട്ടര്‍ക്ക് ടൈം ട്രാവല്‍ സാധ്യമാണ്.ഇവര്‍ സമയത്തിന്റെ Fourth Dimension ല്‍ നിന്നുകൊണ്ട് (പരോക്ഷമാണെന്ന് തോന്നുമെങ്കിലും അതാണ്‌ സത്യം,എന്തെന്നാല്‍ TU വില്‍ ഫ്രാങ്കിന്റെ സാന്നിധ്യം ഒരു HALUCINATION ആയും,ഗ്രെട്ചെന്റെ സാന്നിധ്യം REALITY യായും അവതരിപ്പിക്കപ്പെടുന്നു) LR ഉമായി സംവദിക്കുന്നു.അജ്ഞനായ LR നു തന്റെ ലക്ഷ്യങ്ങള്‍ സാധ്യമാക്കാന്‍ സഹായിക്കുകയാണ് ഇവരുടെ ലക്‌ഷ്യം.ML എന്നവരുടെയും ധര്‍മം ആദ്യം പറഞ്ഞതുതന്നെയാണ്.ഇവര്‍ പരോക്ഷമായി ഡോണിയെ തന്റെ കർമത്തിലേക്ക് അടുപ്പിക്കുന്നു
ചിത്രത്തിലെ മര്‍മപ്രധാനമായ ഒരു വസ്തുതയാണ് ഇനി പറയാന്‍ പോകുന്നത് .ML,MD,LR എന്നിവര്‍ എങ്ങനെ,അല്ലെങ്കില്‍ ആരാല്‍ തിരഞ്ഞെടുക്കപ്പെട്ടു എന്നത്തിനു കൂടുതല്‍ ഉത്തരങ്ങള്‍ ചിത്രം നല്‍കുന്നില്ല.എങ്കിലും അതിനു എനിക്ക് തോന്നിയ ഒരു വ്യാഖ്യാനം പറയാം.ഏതൊരു System ഉം സ്ഥിരതയ്ക്കായി ശ്രമിക്കാവുന്നതിന്റെ അങ്ങേയറ്റം ശ്രമിക്കും.രസതന്ത്രത്തിലെ സംയുക്തങ്ങളുടെ ഉല്‍പ്പാദനം തന്നെ ഉദാഹരണം.ഇത്തരത്തില്‍ സ്ഥിരതയ്ക്കായി വെമ്പല്‍ കൊള്ളുന്നത്‌ TU ആണ്. ഒരുപക്ഷെ,Copying process ല്‍ വരുത്തിയ പിഴവിനെ പരിഹരിക്കാന്‍ TU തന്നെയാകാം ML,MD,LR എന്നിവയുടെ തിരഞ്ഞെടുപ്പിനും,അവയ്ക്കായി സന്ദര്‍ഭങ്ങള്‍ തിരശ്ശീലയിലെന്നോണം മുന്‍കൂട്ടി നിശ്ചയിച്ചതും.
Manipulated എല്ലാവരും വ്യത്യസ്തമായ ചെയ്തികള്‍ വഴി LR നെ തന്റെ കര്‍മത്തില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ്.ഇത്തരം ശ്രമങ്ങള്‍ താനറിയാതെ നിര്‍ബന്ധപൂര്‍വം ഡോണിയെ Artifact ന്റെ മാറ്റപ്പെടലിലേക്ക് നയിക്കുകയാണ്.ഈയൊരു പ്രക്രീയെയാണ് ചിത്രത്തില്‍ Ensurance Trap എന്ന് പറയുന്നത്.
ചിത്രത്തിന്റെ ഒടുക്കം ഒരു ചുഴി ഡോണിയുടെ വീടിനു മുകളിലായി കാണപ്പെടുന്നു.TU വിന്റെ അവസാനമാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്.ഇതേ സമയം Artifact ,TU വിനു വെളിയില്‍ എത്തിച്ചില്ലെങ്കില്‍ ഒരേ സമയം TU വിന്റെയും PU വിന്റെയും നാശം ഉണ്ടാകുമെന്നും,തനിക്ക് ഒക്ടോബര്‍ 2 ആം തീയതി വീണ്ടും ജീവിതം ആരംഭിക്കാം എന്ന തിരിച്ചറിവും ഡോണിയെ അത് വെളിയില്‍ എത്തിക്കാന്‍ പ്രേരിപ്പിക്കുന്നു.ഇതിനായി Ensurance Trap വഴി ഉണ്ടാക്കപ്പെട്ട ഒരു പ്ലെയിനില്‍ Artifact ആയ Engine തനിക്കു അതിമാനുഷികമായുള്ള Telekenesis ഉപയോഗിച്ച് ഒരു പോര്‍ട്ടല്‍ വഴി വെളിയിലെത്തിക്കുകയും തന്റെ കര്‍മം അവസാനിപ്പിക്കുകയും ചെയ്യുന്നുണ്ട ഡോണി.അങ്ങനെ താല്‍ക്കാലികമായ ഒരു അവധിയില്‍ നിന്നും PU പിന്‍വാങ്ങുകയും ഒക്ടോബര്‍ 2 ആം തീയതി മുതല്‍ തുടരുകയും ചെയ്യുന്നു.
ഇവിടെ ഏറ്റവും വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ഇതിനു ശേഷമുള്ള രംഗങ്ങളാകും.Manipulated എല്ലാവരും TU വിലെ independent സൃഷ്ടികള്‍ അല്ല എന്നതിനുള്ള സാധ്യതകള്‍ ഇവിടെ നിരത്തപ്പെടുന്നു.പശ്ചാതാപത്തോടെയുള്ള ജിം കണ്ണിന്‍ഹാമിന്റെ കരച്ചില്‍,കണ്ണില്‍ തൊട്ടു നോക്കുന്ന ഫ്രാങ്ക്,plain crash ലേതിനു സമാനമായ ഞെട്ടലോടെ ഉണരുന്ന ഡോണിയുടെ അമ്മ,ഗ്രെട്ചെന്‍ ഡോണിയുടെ മരണശേഷവും അവന്റെ അമ്മയ്ക്ക് നേരെ കൈവീശുന്നത് എല്ലാം TU വിലെ തങ്ങളുടെ ഓര്‍മകളുടെ സാക്ഷിപത്രങ്ങളാണ്.
★★★ചിത്രത്തിന്റെ സാരാംശമാണ് മുകളില്‍ വിവരിച്ചിരിക്കുന്നത്.ഇനി ഇവയിലേക്ക് നീളുന്ന പ്രസക്ത ചോദ്യങ്ങളും ഉത്തരങ്ങളും ★★★
ചോ : ചിത്രത്തില്‍ യാതൊരു കാരണങ്ങളും വ്യക്തമാകാത്ത എന്തെങ്കിലും ഉള്ളതായി തോന്നുന്നുണ്ടോ ?
ഉ : Fourth Dimension ല്‍ എവിടെ അല്ലെങ്കില്‍ എങ്ങനെയാണ് Disturbance ഉണ്ടായതെന്ന് എനിക്ക് വ്യക്തമായിട്ടില്ല.
Stability യ്ക്കായി ശ്രമിക്കുന്ന ഒരു system അതിനു സാഹായിക്കാ്ത്തതും എതിര്‍ക്കുന്നതുമായ ഒരു നിര്‍മിതിയ്ക്കായി ശ്രമിക്കില്ല എന്നത് വസ്തുതയായി നില്‍ക്കുമ്പോഴും TU എന്തിനുവേണ്ടിയാണ് സ്വയം Collapse ആകാന്‍ സാധ്യതയുള്ള Artifact ന്റെ നിര്‍മിതിക്ക് അല്ലെങ്കില്‍ അതിന്റെ സാന്നിധ്യത്തിന് സഹായിച്ചു എന്നത് ഉത്തരമില്ലാത്ത ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു
LR ആയി എന്തുകൊണ്ട് ഡോണി യെ തന്നെ തിരഞ്ഞെടുത്തു എന്നതിന് ചിത്രം വ്യക്തമായ ഉത്തരം നല്‍കുന്നില്ല.ഒരു TU വിന്റെ epicentre ഡോണിയുടെ വീടിനു മുകളില്‍ ആയതാകാം കാരണം.അതായത് TU വിന്റെ ഉല്‍പ്പത്തി അഥവാ copying process ആരംഭിച്ചത് ഡോണിയുടെ വീട്ടില്‍ നിന്നായതുകൊണ്ടും ആദ്യ Human copy ഡോണി ആകാനുള്ള സാധ്യത ഉള്ളതുകൊണ്ടുമാകാം ഡോണിയെ തിരഞ്ഞെടുക്കാന്‍ കാരണം.
ചോ : ആരാണ് ഈ റോബര്‍ട്ട സ്പാരോ ? അവരെങ്ങനെ Philosophy of Time Travel രചിച്ചു ?
ഉ : Fourth Dimension ലെ ന്യൂനത മൂലം ഉണ്ടാക്കപ്പെട്ട ഒരു TU വിലെ LR ആയിരുന്നു റോബര്‍ട്ട.എന്ന് വച്ചാല്‍ സിനിമയില്‍ കാണിക്കാത്ത മറ്റൊരു TU മുന്‍പ് നിലവില്‍ ഉണ്ടായിരുന്നു.അതിന്റെ LR ആയി വിജയിച്ച വ്യക്തിയാണ് അവര്‍.അവരുടെ TU വിലെ Manipulated കള്‍ വഴി ലഭിച്ച വിവരങ്ങളാണ് പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നത്.അവരിലെ അസ്വാഭാവികമായ പെരുമാറ്റം TU അവര്‍ക്ക് സമ്മാനിച്ച ബാക്കിപത്രമാണ്‌.
ചോ : എന്തുകൊണ്ട് ഡോണി ഒക്ടോബര്‍ 2 നു ഉറക്കത്തില്‍ നിന്ന് നടന്നു വെളിയില്‍ പോകുന്നു ?
ഉ : ഡോണിയെ Hallucination എന്ന് തോന്നിക്കും വിധം ഫ്രാങ്കണു വെളിയില്‍ എത്തിക്കുന്നത്.Engine(Artifact) വീഴ്ചയില്‍ നിന്നും LR ആയ ഡോണിയെ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട MD ആയ ഫ്രാങ്ക് ശ്രമിക്കുന്നതാണിത്.
ചോ : എന്തിനു വേണ്ടിയാണ് ഫ്രാങ്ക് ഡോണിയെക്കൊണ്ട് സ്കൂള്‍ വെള്ളക്കെട്ടാക്കുന്നത് ?
ഉ : സിമ്പിള്‍,ഡോണിയെക്കൊണ്ട് ഗ്രെട്ചെനെ പരിചയപ്പെടുത്തുവാന്‍ വേണ്ടി.Ensurance Trap ന്റെ ഭാഗങ്ങളാണ് ഇതൊക്കെ.
ചോ : എങ്കില്‍ Ensurance Trap മറ്റെവിടൊക്കെ വ്യക്തമാക്കുന്നു ?
ഉ : 1) ഫ്രാങ്ക് ഡോണിയോട് ടൈം ട്രാവലിനെക്കുറിച്ചു സംസാരിക്കുന്ന കാരണത്താലാണ് ഡോണി അതന്വേഷിക്കാന്‍ Dr.Munitoff നെ കാണുന്നതും അതുവഴി Philosophy of Time Travel ലഭിക്കുന്നതും.
2)ഡോണിയ്ക്ക് ലഭിച്ച അതിമാനുഷിക കഴിവുകളില്‍ ഒന്നാണ് സമയത്തെ കുറച്ചധികം മുന്നോട്ടു കാണുവാനുള്ള കഴിവു.അതാണ്‌ ആളുകളുടെ നെഞ്ചില്‍ നിന്ന് പുറത്ത് വരുന്ന സുതാര്യമായ ട്യൂബ്.അതിന്റെ പ്രവര്‍ത്തനം മനസ്സിലാക്കുന്ന ഡോണി തന്റെ നെഞ്ചില്‍ നിന്ന് പുറപ്പെടുന്ന ടുബിനെ പിന്തുടര്‍ന്ന് തോക്ക് കണ്ടെത്താന്‍ സഹായിക്കുന്നു.അതെ തോക്കാണ് പിന്നീട് ഫ്രാങ്കിന്റെ മരണത്തിനു കാരണമാകുന്നത് എന്നോര്‍ക്കുക.
3)സിനിമ കാണുവാന്‍ ഗ്രെട്ചെനുമായി എത്തുന്ന ഡോണിയെ ഫ്രാങ്ക് ജിമ്മിന്റെ വീട് കത്തിക്കുവാന്‍ അയക്കുകയും അതുവഴി അയാളുടെ Child Pornographic ചാപല്ല്യം എല്ലാവരും അറിയുകയും അയാള്‍ ജയിലില്‍ ആകുകയും ചെയ്യുന്നു.ഇക്കാരണത്താല്‍ ജിമ്മിന്റെ ആരാധികയായ കിറ്റിക്ക് ഡാന്‍സ് ടീമിനൊപ്പം പോകാനാകാതെ വരികയും അങ്ങനെ ഡോണിയുടെ അമ്മ പകരം പോകുകയും ചെയ്യുന്നു.ഇവര്‍ തിരിച്ചു വരുന്ന പ്ലെയിനിലാണ് Manipulated കള്‍ Artifact സ്ഥാപിക്കുന്നതും അത് പിന്നീട് ക്ലൈമാക്സില്‍ ഡോണി TU വിനു വെളിയില്‍ എത്തിക്കുന്നതും.മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍ ഹല്ലോവീന്‍ പാര്‍ട്ടി നടത്തുവാന്‍ വീട്ടില്‍ ഉള്ളവരെ ഒഴിവാക്കി ഡോണിയെയും സഹോദരി എലിസബത്തിനെയും ഒറ്റയ്ക്കാക്കുവാനുള്ള അതിബുധിപരമായ ഒരു Ensurance Trap.
4)ഹൈപ്നോടിസത്തിനു വിധേയനായ ഡോണിയുടെ വെളിപ്പെടുത്തലുകള്‍ മനോരോഗ വിദഗ്ദ്ധയെ അവനൊരു പൂര്‍ണമാനസികരോഗിയാണെന്ന ഉപസംഹാരത്തില്‍ എത്തുവാന്‍ സഹായിക്കുകയും അതുവഴി അവരുടെ ശല്ല്യം ഡോണിയുടെ ജീവിതത്തില്‍നിന്നും ഇല്ലാതാകുകയും ചെയ്യുന്നു.
5)സ്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട കാരെന്‍ Cellar Door എന്ന വാക്യം ഡോണിക്ക് നല്‍കുന്നുണ്ട്.ഇതേ വാക്ക് ഒര്തെടുത്താണ് ഡോണി അവസാനം റോബര്‍ട്ടയുടെ വീടിന്റെ Cellar (നിലവറ) ലേക്ക് നടക്കുന്നത്. ഇക്കാരണത്താല്‍ cellar മോഷ്ടിക്കനെത്തിയവരുമായി ഡോണി സംഘട്ടനത്തില്‍ ഏര്‍പ്പെടുകയും "Deus ex machina" അവിടെ എത്താന്‍ കാരണമാകുകയും ചെയ്യുന്നു
Note : ഒരു TU വില്‍ അപകടത്തില്‍ അകപ്പെടുന്ന LR നെ രക്ഷിക്കുവാന്‍ "കാരണമില്ലാതെ" അവതരിക്കുന്ന ഏതൊരു വസ്തുവും "Deus ex machina"യായി കണക്കാക്കാം.ഇവിടെ അതൊരു ചുവന്ന കാര്‍ ആണ്."ദൈവത്തിന്റെ യന്ത്രം" എന്നിതിനെ ചിത്രത്തില്‍ വ്യാഖ്യാനിച്ചിരിക്കുന്നു."Deus ex machina" ഗ്രെട്ചെന്റെ മരണത്തിനു കാരണമാകുകയും അതുവഴി അതിനു കാരണക്കാരനായ ഫ്രാങ്കിനെ ഡോണി കൊല്ലുകയും അത് ഡോണിയെ തന്റെ കര്മത്തിലെക്ക് നയിക്കുന്നു.എങ്ങനെയെന്നാല്‍ മരണപ്പെട്ട ഗ്രെട്ചെനെ തിരിച്ചു ജീവിതത്തില്‍ കൊണ്ട് വരാന്‍ TU വിന്റെ collapse നടക്കാന്‍ പാടില്ല എന്ന് മനസ്സിലാക്കുന്ന ഡോണി അതിനായി Artifact നെ തന്റെ Telekenesis കഴിവുപയോഗിച്ചു TU വിനു വെളിയില്‍ എത്തിക്കുന്നു.
ചോ : എങ്കില്‍ എന്തിനു ഡോണി ഇതെല്ലാം അറിഞ്ഞുകൊണ്ട് മരണത്തിനു കീഴടങ്ങി ?
ഉ : ലളിതമായ ഉത്തരം സാധ്യമല്ല.എങ്കിലും എന്റെ അഭിപ്രായം പറയാം.മുന്‍പുള്ള TU വിന്റെ രക്ഷിതാവായ റോബര്‍ട്ട നയിക്കുന്ന ജീവിതം ശ്രദ്ധിക്കുക.അവര്‍ സാധാരണക്കാരില്‍ നിന്ന് വ്യത്യസ്തയായി ഒരു മനോരോഗിക്ക് സമാനമായ മനോനിലയില്‍ ജീവിക്കുന്നു.LR നു ഭാവിയില്‍ നേരിട്ടേക്കാവുന്ന ഇതുപോലെയൊരു ദുര്‍വിധി മുന്‍കൂട്ടി കണ്ടുകൊണ്ടാകാം എല്ലാം അറിഞ്ഞുകൊണ്ടും ഡോണി മരണത്തിനു കീഴടങ്ങിയത്.
ഇനിയും വായനക്കാര്‍ക്ക് ഉണ്ടാകുന്ന സംശയങ്ങളും അഭിപ്രായങ്ങളും ഞാന്‍ സ്വാഗതം ചെയ്യുന്നു .ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്ത ഒരുപാട് ഭാഗങ്ങള്‍ ഉണ്ടെന്നു അറിയാം തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക
അടുത്ത ഭാഗത്തിൽ നിങ്ങൾക്ക് വിശദീകരണം ആവശ്യമാണെന്ന് തോന്നുന്ന ചിത്രങ്ങളും കമന്റുകളിൽ ഉൾക്കൊള്ളിക്കാനാകുന്നതാണ്.
തുടരും.....
(ആദ്യ ഭാഗങ്ങൾ വായിക്കാൻ അവസാന ഹാഷ് ടാഗ് ഉപയോഗിക്കാവുന്നതാണ്)
For more writeups : rhshyanil.blogspot.com
വിവര ക്രോഡീകരണത്തിനു സഹായിച്ചത് : donniedarko.co.uk

Tuesday, July 25, 2017

The "Real" Lalism

നായകനെ മാത്രം വലംവയ്ക്കുന്ന,അയാളുടെ സ്തുതിപാടകരാല്‍ സമ്പന്നമായ ഒരു കഥാഗതിയിലേക്ക് അധികം കൊണ്ട് പോകാതെയുള്ള അവതരണം കൊണ്ട് വിജയമായ 'ജനത ഗാരേജ്' എന്ന ചിത്രത്തിലെ രംഗമാണ് ചുവടെയുള്ളതു.
ഇവിടെ സംഭവം വളരെ സിമ്പിള്‍ ആണ്.പതിവ് തെലുങ്ക് ക്ലീഷേകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള,എന്നാല്‍ അധികം അസഹനീയമാംവിധം ആത്മഹത്യാപരമായ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടില്ലാത്ത ഒരു സാധാരണ തെലുങ്ക് ചിത്രത്തിന്റെ ഇന്റെര്‍വല്‍ സീനാണ് രംഗം.
ഇന്റെര്‍വല്‍ പഞ്ചുകള്‍ നിര്‍ബന്ധമാം വിധം പ്രേക്ഷകനുമേല്‍ അടിചെല്‍പ്പിക്കപെടുന്ന ഇക്കാലത്ത് അതിനു സമാനമാംവിധം സുമുഖ സുന്ദരനായകന്‍ നടന്നുവരികയാണ്.നായകനോളം പ്രാധാന്യമില്ലെങ്കില്‍കൂടിയും കഥയുടെ മര്‍മപ്രധാനമായ വേഷം കൈകാര്യം ചെയ്യുന്ന നടനുമായി, എതിരാളിയെ തുപ്പൽ പീരങ്കി കൊണ്ടു ഉഴിഞ്ഞെടുക്കുംവിധം ഒരു ഘോരപ്രസംഗമാണ് പ്രേക്ഷകന്‍ നായകനിൽ നിന്നും പ്രതീക്ഷിച്ചത് .എന്നാല്‍ സൗമ്യനായി കാര്യങ്ങള്‍ സംസാരിക്കുന്ന നായകന്‍ തെലുങ്ക് സിനിമ ലോകത്തിനു ഒരു വെല്ലുവിളിയാകുമോ എന്ന് തോന്നിച്ചുവെങ്കിലും മെല്ലെ പുള്ളിക്കാരന്‍ ട്രാക്കിലേക്ക് വന്നു.സൗമ്യതയോടെ തന്നെ നായകന്‍ അന്നാട്ടിലെ അതിശക്തനായ ഒരുവനെ അയാളുടെതന്നെ വാസസ്ഥലത്തുവച്ച് വെല്ലുവിളി കലര്‍ന്ന മുന്നറിയിപ്പ് നല്‍കുന്നു.സാധാരണ ഗതിയില്‍ ഈയവസരത്തില്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തെ ത്രിണവത്ഗണിക്കുന്ന അതിദാരുണമായ ഒരു സംഘട്ടനം നടത്തുവാന്‍ പ്രമാണിയും അതിശക്തനുമായ മനുഷ്യന്‍ ശ്രമിക്കേണ്ടതാണ്.എന്നാല്‍ ഇവിടെ സംവിധായകന്‍ അദ്ദേഹത്തോട് ഒന്ന് പുഞ്ചിരിക്കുവാന്‍ മാത്രമാണ് പറഞ്ഞത്.
തന്റെ അപാരമായ സ്ക്രീന്‍ പ്രസന്‍സും രൂപഭംഗിയും സംഭാഷണത്തിലെ അനായാസ്യതയുംകൊണ്ട് നായകന്‍ ഉണ്ടാക്കിയെടുത്ത മിനുട്ടുകള്‍ നീണ്ട Build Up ആണ് ഒരു ചെറു പുഞ്ചിരിയില്‍ അലിഞ്ഞില്ലാതെയായത്.ഒരുപക്ഷെ,സംവിധായകന്‍ പോലും ഇത്രയധികം മികച്ച ഒരഭിനയമുഹൂര്‍ത്തം അവിടെ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല.
ആയ കാരണത്താലാകാം പിന്നീട് ഒരു മരത്തിന്റെ സീന്‍ കാണിച്ചു നായകന് വീണ്ടും Build Up ഉണ്ടാക്കാന്‍ കൊരട്ടല ശിവ എന്ന സംവിധായകന്‍ ശ്രമിച്ചതും,ഇന്റർവലിൽ നായകനെ മാത്രം സ്ക്രീനിൽ കാണിച്ചുകൊണ്ട് sequence അവസാനിപ്പിച്ചതും.....
ഇത്തരം സന്ദര്‍ഭങ്ങളുടെ സാക്ഷികളാകാൻ ഭാഗ്യം സിദ്ധിച്ച കാരണത്താലാകാം മലയാളി പ്രേക്ഷകര്‍ മോഹന്‍ലാല്‍ എന്ന നടന്റെ വിരലുകള്‍ പോലും അഭിനയിക്കും എന്ന് പ്രസ്താവിക്കുന്നത്.............
For More WriteUps : rhshyanil.blogspot.com


Plagiarism in "The Great Father"



മമ്മൂട്ടി എന്ന 'താര'ത്തിന്റെ വമ്പന്‍ തിരിച്ചുവരവിന് സാക്ഷിയാകാന്‍ മലയാളി പ്രേക്ഷകര്‍ക്ക്‌ ഭാഗ്യം നല്‍കിയ ഇടക്കാല ചിത്രമാണ് 'ഗ്രേറ്റ്‌ ഫാദര്‍'.ലോകസിനിമയുടെ വിദ്യാപീഠം എന്ന് സ്വയം നടിക്കുന്ന ഫാന്‍സ്‌ പുങ്കവന്മാരുടെ വാഗ്വാദങ്ങള്‍ക്ക് ചെവിക്കൊള്ളാതെ, മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രങ്ങളുടെ ഒരു പട്ടിക നിരത്തിയാല്‍ അതില്‍ മുന്പന്തിയിലുണ്ടാകും 'ഗ്രേറ്റ്‌ ഫാദര്‍' എന്ന വസ്തുത സംശയമേതുമില്ലാതെ എന്നിലെ എളിയ സിനിമ ആസ്വാദകന് സമർധിക്കുവാനാകും.മലയാളസിനിമയിലെ ത്രില്ലര്‍ ശ്രേണിയില്‍ പുതിയൊരനുഭവമായിരുന്ന ചിത്രം എന്നിലെ പ്രേക്ഷകന് ഏറെ സംതൃപ്തി നല്‍കിയ ഒരു സംരംഭം കൂടിയായിരുന്നു.
കൊട്ടകയില്‍ കാഴ്ച്ചക്കാരനായ ദിവസം മുതല്‍ മനസ്സില്‍ തങ്ങി നിന്ന ഒരു വസ്തുതയാണ്,ചിത്രത്തിനു ഒരു കൊറിയന്‍ ചലച്ചിത്രവുമായുണ്ടായ അഭേദ്യമായ സാമ്യം.കൊറിയന്‍ സിനിമ പ്രേമികള്‍ക്ക് ഏറെ പ്രീയപ്പെട്ട 'I Saw the Devil' ആണ് ചിത്രം.ഇരു ചിത്രങ്ങളും Revenge Stories ആണെന്നത് മാത്രമല്ല ഇവയിലെ സാധ്യതകള്‍.എന്നിലെ എളിയ പ്രേക്ഷകന് തോന്നിയ അത്തരം ചില തോന്നലുകളിലൂടെയുള്ള പ്രദക്ഷിണമാണ് ഈ പോസ്റ്റ്‌.
【 ബ്രാക്കറ്റുകളില്‍ കാണപ്പെടുന്ന സംഖ്യകള്‍ പോസ്റ്റില്‍ വിസ്തരിചിരിക്കുന്ന സീനുകളിലേക്കുള്ള ചൂണ്ടുപലകകളാണ്. പോസ്റ്റിന്റെ ആദ്യ 3 കമന്റുകളില്‍ ഈ സീനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.ആയ കാരണത്താല്‍,എല്ലാ വായനക്കാരും കമന്റ്‌ ബോക്സ്‌ കൂടി തുറന്നു നോക്കണം എന്ന് അഭ്യര്‍ഥിക്കുന്നു 】
1)സമന്മാരായ പ്രതിനായകന്മാർ
==========================‍
★ ഇരു ചിത്രങ്ങളിലും വില്ലന്മാര്‍ Psycho killers ആണ്.ഒരാള്‍ പെണ്കുട്ടികളെയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ മറ്റൊരാള്‍ പെണ്കുട്ടികളും അടങ്ങിയ സ്ത്രീജനങ്ങളെ തിരഞ്ഞെടുക്കുന്നു.ഇരുവരും ഇരകളെ തിരഞ്ഞെടുക്കുന്നതില്‍ യാതൊരു pattern ഉം പിന്തുടരുന്നില്ല.ജോക്കര്‍ ഇരകളെ മാനഭംഗം ചെയ്ത ദിവസങ്ങോളം പീഡിപ്പിച്ച ശേഷം തമ്മില്‍ സാദ്രിശ്യം തോന്നാത്ത ഒരിടത്ത് അവരുടെ ശവശരീരം ദര്‍ശനത്തിനു വയ്ക്കുമ്പോള്‍ Jang Kyung-chul അവരെ മാനഭംഗം ചെയ്തു ശരീരഭാഗങ്ങള്‍ വിച്ഛേദിച്ചു തമ്മില്‍ സാദ്രിശ്യം തോന്നാത്ത ഒരിടത്ത് കൊണ്ടിടുന്നു. (1)
★ ഇരുവരും സമൂഹത്തില്‍ മാന്യന്മാരാണ്.ഇരുവില്ലന്മാരും പൈശാചികമായി തന്റെ ഇരകളെ കൊന്നു കൊലവിളിക്കുന്നവരാണു.ISTD അത് വ്യക്തമായി കാണിക്കുമ്പോള്‍ TGF ല്‍ ജോക്കറിന്റെ ചെയ്തികള്‍ ഒരു recording ആയി കേള്‍ക്കുമ്പോള്‍ താങ്ങാനാകാതെ അതവസാനിപ്പിക്കുന്ന നായകന്‍റെ രംഗം ഇതിനു ഉത്തമ ഉദാഹരണമാകുന്നു (2)
★ ജോക്കര്‍ നായകന്‍റെ മകളെ മാനഭാഗം ചെയ്തു മതിയാകാതെ അവളെ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് Jang Kyung-chul നായകന്‍റെ ഭാര്യയെ കൊലപ്പെടുത്തി മതിയാകാതെ അവളുടെ കുടുംബത്തെയും കൊല്ലാന്‍ ഇറങ്ങിപുറപ്പെടുന്നു.
★ ഇരുവരും തങ്ങളുടെ വാഹനങ്ങള്‍ ഇരയുടെ അടുത്ത് നിറുത്തിയ ശേഷം അവരെ തന്ത്രപൂര്‍വ്വം അതില്‍ കയറ്റിക്കൊണ്ടു പോകുന്ന രംഗങ്ങള്‍ ഇരു ചിത്രങ്ങളിലും ദ്രിശ്യമാണ്.ഒരേ പോലെയുള്ള രണ്ടു വാനുകളാണു ഇതിനായി ഇരുവരും ഉപയോഗിക്കുന്നത്.(3)
★ ആവശ്യമെങ്കില്‍ തങ്ങള്‍ക്കു തടസ്സമായി വരുന്ന ആരെയും കൊലപ്പെടുത്താന്‍ ഇരുവര്‍ക്കും ഒരു മടിയുമില്ല.ആയ കാരണത്താലാണ് TGF ല്‍ സാം എന്ന പോലീസുകാരനും ISTD ല്‍ ടാക്സി ഡ്രൈവറും കൊല്ലപ്പെടുന്നത്.
★ തന്റെ പ്രതിയോഗിയെ വെല്ലുവിളിക്കുന്നതില്‍ ഇരുവരും ഏറെ ആനന്ദം കണ്ടെത്തുന്നുണ്ട്.TGF ല്‍ ഒരേ സമയം സാമിനും ഡേവിഡിനും ആന്‍ഡ്ര്യൂസിനും ജോക്കറിന്റെ വെല്ലിവിളി സ്വീകരിക്കേണ്ടി വരുമ്പോള്‍ ISTD യില്‍ അത് നായകന്‍ Kim Soo-hyun ലേക്ക് മാത്രമായി ചുരുങ്ങുന്നു.(4)
★ ഇരുവരും അതിബുദ്ധിമാന്മാരാണ്.ISTD യില്‍ ഈ ബുദ്ധിയെ വിലകുറച്ചുകണ്ടു നായകന്‍ പ്രശ്നങ്ങളെ വിളിച്ചു വരുത്തുമ്പോള്‍ TGF ല്‍ ഡേവിഡ്‌ ശ്രദ്ധാപൂര്‍വ്വം തന്റെ പ്രതിയോഗിയിലേക്ക് എത്തിപ്പെടുകയാണ്.
★ വില്ലന്മാരായ ഇരുവരും ഒടുക്കം പൈശാചികമായി തന്നെ നായകന്മാരാല്‍ കൊല്ലപ്പെടുകയാണ്.(5)
★ ഇരുവര്‍ക്കും സമാനമായ Hide Out കള്‍ ഉണ്ട്.പിന്നീട് നായകന്മാര്‍ ഇതേ Hide Out കണ്ടെത്തി വരുന്നുണ്ട് എന്നതും സമാനതകളില്‍ പെടുത്താം(6)
★ ഇരു ചിത്രങ്ങളിലും പ്രതിനായകര്‍ക്ക് സഹായികളുണ്ട്.ജോക്കറിനു സത്യനും Jang Kyung-chul നു Tae-joo മാണ് സഹായികള്‍.സഹായികള്‍ ഇരുവരും നായകന്മാരുടെ ക്രൂര പീഡനത്തിനു ഇരയായവരാണ് (13)
2)സമന്മാരായ നായകന്മാർ
======================‍
★ ഇരുവരും തങ്ങള്‍ക്കു നേരിട്ട നഷ്ടങ്ങള്‍ക്ക് മുന്‍പ് സൌമ്യരായിരുന്നു.ഡേവിഡ്‌ തന്റെ മകളുടെ സന്തോഷങ്ങല്‍ക്കായി ജീവിച്ച വ്യക്തിയാണ്.Kim Soo-hyun എതോരവസരത്തിലും തന്റെ ഭാര്യയെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു.തന്റെ ജോലിതിരക്കുകള്‍ക്കു ഇടയില്‍ പോലും അവള്‍ക്കായി പ്രേമഗാനം പാടാന്‍ പോലും അയാള്‍ക്ക്‌ സമയം കണ്ടെത്താന്‍ കഴിഞ്ഞു എന്നുള്ളതൊക്കെ അയാളെ വ്യത്യസ്തനാക്കുന്നു.
★ മകള്‍ മാനഭംഗപ്പെട്ടപ്പോഴും ഭാര്യ മരണപ്പെട്ടപ്പോഴും വ്യസനത്തെക്കാള്‍ തങ്ങളുടെ സംരക്ഷണത്തില്‍ വന്ന വീഴ്ചയാണ് ഏറ്റവുമധികം ഇരുവരെയും വേട്ടയാടുന്നത്.
★ ഇരു ചിത്രങ്ങളിലും നായകന്മാർക്ക് സമാന്തരമായി അന്വേഷണം നടത്തുന്ന ഒരു ഉദ്യോഗസ്ഥന്‍ ഉണ്ട്.TGF ല്‍ അത് ആന്‍ഡ്ര്യുസ് ആകുമ്പോള്‍ ISTD ല്‍ അത് Chun Ho-jin ആകുന്നു.ഇരുവരും നായകന്‍റെ ചെയ്തികളില്‍ ബോധവാന്മാരാണ്.തങ്ങളാല്‍ കഴിയുംവിധം നായകന്മാരെ അവരുടെ ദൌത്യത്തില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്.(7)
★ ഇരുവരും വെട്ടയ്ക്കിറങ്ങുമ്പോള്‍ തങ്ങളുടെ സ്ഥായീഭാവങ്ങള്‍ മാറ്റിവച്ചു പുതിയ വേഷവിധാനങ്ങലിലാണ് പുറത്തിറങ്ങുന്നത്.ഏറ്റവും ആശ്ച്ചര്യകമായ വസ്തുത ഇരുവരും ജാക്കറ്റ് പ്രേമികലാണ് എന്നുള്ളതാണ് (8)
★ ഇരുവരും കറുത്ത നിറത്തിലുള്ള ഒരു SUV യിലാണ് വെട്ടയ്ക്കിറങ്ങുന്നത് (9)
★ ഇരുവരും തങ്ങള്‍ക്കു സംശയമുള്ളവരെ കണ്ടെത്തി അവരുടെ ജനനെന്ദ്രിയത്തിനു സാരമായ ക്ഷതം എല്പ്പിച്ചുകൊണ്ടാണ് തങ്ങളുടെ വേട്ട ആരംഭിക്കുന്നത് (10)

★ ഇരുവരും തങ്ങളുടെ ദൌത്യത്തിന് പുറപ്പെടും മുന്‍പ് ഒരു clipboard ല്‍ തങ്ങളുടെ പ്രതിയോഗിയെ സംബന്ധിച്ച വിവരങ്ങള്‍ വീക്ഷിക്കുന്ന രംഗങ്ങള്‍ ഒരേപോലെ ഇരു ചിത്രത്തിലും കാണാം (11)
★ ഇരുവരുടെയും Interrogation Strategy യും സമാനമാണ്.തങ്ങള്‍ക്കു സംശയം ഉള്ളവരെ ഒരു കസേരയില്‍ ബന്ധിച്ചു വിവരങ്ങള്‍ ലഭിച്ച ശേഷം അവര്‍ക്ക് മറക്കാനാകാത്ത വിധം പ്രഹരം ഏല്‍പ്പിച്ചു തിരിച്ചു പോകുകയാണ് ഇരുവരും.TGF ല്‍ സത്യനാണ് ഇതിനിരയായതെങ്കില്‍,ISTD ല്‍ അതൊരു Psycho Killer ആണ് (12)
★ ഇരുവരുടെയും വൈകാരികമായ ചിന്തകള്‍ സമാനമാണ്,ഇരുവരും തങ്ങളുടെ പ്രതിയോഗികളെ പൈശാചികമായി തന്നെ വധിക്കുന്നു.ഒരാള്‍ കണ്ണില്‍ കത്തി കുത്തിയിറക്കി കൊക്കയിലേക്ക് തള്ളിയിടുമ്പോള്‍ മറ്റൊരാള്‍ പ്രതിയോഗിയെ അയാളുടെ തന്നെ മകനെക്കൊണ്ട് തലയറുപ്പിച്ചു കൊലപ്പെടുത്തുന്നു.
★ ഏറ്റവും രസകരമായ വസ്തുത നായകന്മാര്‍ ഇരുവരും കാറോട്ടത്തില്‍ അഗ്രഗണ്യരാണ് എന്നുള്ളതാണ്.Kim Soo-hyun വില്ലനെ അന്വേഷകന് ലഭിക്കാതിരിക്കാന്‍ കാറില്‍ ഒരു Drifting നടത്തി വില്ലനുമായി കടന്നു കളയുമ്പോള്‍ ഡേവിഡ്‌ സമാനമായി അന്വേഷകന് വില്ലനെ ലഭിക്കാതിരിക്കുവാന്‍ പോകുന്ന വേളയില്‍ തനിക്ക് തടസ്സം നില്‍ക്കുന്നവരെ അകറ്റി നിര്‍ത്തുന്നതും ഇതുപോലെ ഒരു Drifting ഉപയോഗിച്ചാണ് എന്നത് രസകരമായ സമാനതയാണ് (14)
സമാനതകള്‍ ഉണ്ടെന്നു ഞാന്‍ സമർധിക്കുമ്പോഴും ഒന്ന് മറ്റൊന്നിന്റെ കോപ്പി അല്ല എന്ന വസ്തുത എല്ലാവരെയും ഓർമിപ്പിച്ചുകൊള്ളട്ടെ.ചിത്രങ്ങളുടെ തിരക്കഥകളില്‍ കേവല സാദ്രിശ്യം പോലും ദര്‍ശിക്കുന്നത് കഷ്ടപ്പാടാണ്.എന്തെന്നാല്‍ രണ്ടു സ്വഭാവത്തിലുള്ള ചിത്രങ്ങളാണ് TGF ഉം ISTD ഉം.പ്രിയ സംവിധായകന്‍ ഹനീഫ് അദേനി കൊറിയന്‍ സിനിമകളുടെ സ്ഥിരപ്രേക്ഷകനാണെന്നതു വ്യക്തമാണ്.മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത രീതിയില്‍ തന്നെ തന്റെ ആദ്യ ത്രില്ലര്‍ ചിത്രം അവതരിപ്പിക്കുവാന്‍ ഈ സംവിധായകനെ ലോക ത്രില്ലര്‍ ശ്രേണിയുടെ കണക്കുപുസ്തകമായ കൊറിയന്‍ സിനിമ ലോകം സ്വാധീനിച്ചതില്‍ എങ്ങനെ തെറ്റ് പറയാന്‍ കഴിയും ? ക്ലീഷേകളുടെ അതിപ്രസരത്തില്‍ കഴിയേണ്ടി വരുന്ന ഇന്ത്യന്‍ ത്രില്ലര്‍ ചലച്ചിത്രങ്ങള്‍ക്ക് ഒരു പുതുമുഖം നല്‍കാന്‍ ഈ സംവിധായകന് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.
കൂടുതല്‍ വായനയ്ക്ക് :