Tuesday, July 31, 2018

ഇരട്ട മാക്ഗഫിനുകളുമായി 'ആട്'®


ഇരട്ട മാക്ഗഫിനുകളുമായി 'ആട്'®
➖➖➖➖➖➖➖➖➖➖➖➖➖

റോജര്‍ എബര്‍ട്ട്,എ.ഒ.സ്കോട്ട് തുടങ്ങിയവരുടെ ആംഗലേയ സിനിമാനിരൂപണങ്ങള്‍ പിന്‍തുടരുന്ന വായനക്കാര്‍ക്ക് പരിചിതമായ പദപ്രയോഗങ്ങളാണ് Red Herring,MacGuffin,Chekov's Gun,Icebox Scene,Butterfly Effect തുടങ്ങിയവ.കഥപറച്ചിലിനുവേണ്ടിയുള്ള ചില ടെക്നിക്കുകളായി ഇവയെ കണക്കാക്കാം.സിനിമ ലക്ഷണമൊത്തതായി രൂപാന്തരം പ്രാപിച്ചനാള്‍ മുതല്‍ കണ്ടുവരുന്ന ഇത്തരം 'സൂത്രവിദ്യകള്‍' ഇന്നും കാലാന്തരമായ മാറ്റത്തോടെ അവതരിപ്പിക്കപ്പെടുന്നുവെന്നതാണ് വാസ്തവം.

🔴 കാഴ്ചക്കാരനെ കബളിപ്പിക്കുവാന്‍ വേണ്ടിയൊരു കഥാപാത്രത്തെയോ സന്ദര്‍ഭത്തെയൊ മുന്‍കൂട്ടി ചിട്ടപ്പെടുത്തുകയും (പലപ്പോഴും വില്ലനാരെന്ന ചോദ്യത്തെ മുന്‍നിര്‍ത്തിയാകും ഇത്തരം കബളിപ്പിക്കലുകള്‍ മലയാളസിനിമയില്‍ കണ്ടുവരുന്നത് ) പിന്നീട് അത്ഭുതപ്പെടുത്തുന്നതിനായി അതിനേക്കാള്‍ വലിയൊരു സര്‍പ്രൈസ് ഒരുക്കിവയ്ക്കുകയും ചെയ്യുന്നൊരു ഏര്‍പ്പാട് ഇന്ന് സിംഹഭാഗം പ്രേക്ഷകര്‍ക്കും പരിചിതമാണ്.ഇത്തരത്തില്‍ വഴിമാറ്റിവിടുവാനായി സൃഷ്ടിക്കപ്പെടുന്ന എന്തിനെയും Red Herring എന്ന് വിളിക്കാം.ഇന്നിന്റെ ത്രില്ലര്‍ സിനിമകളിലെ സ്ഥിരസാന്നിധ്യമാണ് ഈ ടെക്നിക്.'ക്രൈം ഫയല്‍' എന്ന ചിത്രത്തിലെ  കാളിയാറച്ഛന്‍,'ജാഗ്രത'യിലെ മോഹന്‍,വിശ്വം എന്നീ കഥാപാത്രങ്ങളൊക്കെ നല്ല രീതിയില്‍ പ്ലെയിസ് ചെയ്യപ്പെട്ട Red Herring നു ഉദാഹരങ്ങളാണ്.

🔴 സമാനമായി,സിനിമാലോകം പിന്തുടര്‍ന്ന,അല്ലെങ്കില്‍ പിന്തുടരുന്ന ഏറെ ജനപ്രീയമായൊരു ടെക്നിക്കാണ് MacGuffin.ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഭൂരിഭാഗം സിനിമകളും ഒരു MacGuffin ന്റെ സാന്നിധ്യത്തിലാണ് കഥപറയുന്നത്.ഒരു കഥയെ മുന്നോട്ടുകൊണ്ടുപോകുന്ന, ഒരു കാരണത്തെയോ, അമിതപ്രാധാന്യമാവശ്യമില്ലാത്ത ഒരു സന്ദര്‍ഭത്തെയോ, വസ്തുവിനെയോ, വ്യക്തിയെയോ, സമാനമായ മറ്റെന്തിനെയോ നമുക്ക് MacGuffin എന്നു വിളിക്കാം.വിഖ്യാത ചലച്ചിത്രകാരന്‍ ആല്‍ഫ്രഡ്‌ ഹിച്കോക്കാണ് ഈയൊരു ഭാഷാപ്രയോഗത്തിനു ഇത്രമേല്‍ ജനപ്രീതി നേടിക്കൊടുത്തത്.സിംഹഭാഗം സിനിമകളും ഈ ടെക്നിക് ഫോളോ ചെയ്യുന്നുണ്ടെങ്കിലും അത് ചര്‍ച്ചയാകുന്നത് MacGuffin എന്നത് ഒരു വസ്തുവിലേക്കോ,ജീവിയിലെക്കോ ചുരുങ്ങുമ്പോഴാണ്.Pulp Fiction ലെ സ്യൂട്ട്കേസ്,National Treasure ലെ Independence Declaration,The Matrix ലെ Matrix,ദശാവതാരത്തിലെ Virus Gadget,തരംഗത്തിലെ മാല,ജൂനിയര്‍ മാൻഡ്രെക്കിലെ മൊട്ടത്തലയന്‍ പ്രതിമ,ചില സിനിമകളിലെ അക്രമകാരികളായ ഹിംസ്രജന്തുക്കള്‍,UFO കള്‍ എന്നിവയൊക്കെ നല്ല രീതിയില്‍ പ്ലെയിസ് ചെയ്യപ്പെട്ട MacGuffin കള്‍ക്ക് ഉദാഹരണങ്ങളാണ്.

എന്നാല്‍ അനവസരത്തിലുള്ള ഇത്തരം 'സിദ്ധാന്ത'ങ്ങളുടെ ഉപയോഗം ഇന്നിന്റെ പ്രേക്ഷകന് ഒരു ബാധ്യതയാകുന്നുണ്ട് പലപ്പോഴും.വഴിവെട്ടിയ മുന്‍ഗാമികളെ അനുഗമിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പോരായ്മയായിതിനെ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.ഇന്നിന്റെ മലയാളം ത്രില്ലര്‍ സിനിമകള്‍ അനാവശ്യമായി ഉപയോഗിച്ചു പലപ്പോഴും ക്ലീഷേയെന്നു നാമകരണം ചെയ്യപ്പെടുന്ന അവസ്ഥയില്‍ പലപ്പോഴും Red Herring കള്‍  എത്തപ്പെടുന്നുണ്ട് ( സമീപകാല ചിത്രങ്ങളില്‍ ഇത്തരത്തില്‍ മോശപ്പെട്ടൊരു Red Herring നു സാക്ഷിയാക്കിയ ചിത്രമായിരുന്നു 'ശിക്കാരി ശംഭു' ).പ്രേക്ഷകന് മുന്നിലേക്ക് കണ്ടു മടുത്ത ഫോര്‍മുലകള്‍ തിരുകി കയറ്റുമ്പോള്‍ അവന്റെ ആസ്വാദനനിലവാരത്തിലും കാഴ്ചപ്പാടിലും അനുഭവതിലുമുണ്ടാകുന്ന മാറ്റം വ്യക്തമായി മനസ്സിലാക്കുവാന്‍ പലപ്പോഴും സംവിധായകര്‍ക്കും തിരക്കഥാകൃത്തുകള്‍ക്കും കഴിയാതെ പോകുന്നത് നിര്‍ഭാഗ്യകരമെന്നെ പറയേണ്ടു.'ഓഗസ്റ്റ്‌ 1' ല്‍ Red Herring ഉപയോഗിക്കാതെ തന്നെ മികച്ച ത്രില്ലര്‍ ചമയ്ക്കുവാന്‍ അണിയറക്കാര്‍ക്ക് കഴിഞ്ഞപ്പോള്‍ അതിന്റെ തുടര്‍ച്ചയില്‍ പഴയ അതെ ഫോര്‍മുല തിരുകി കയറ്റി Red Herring നായി കഥാപാത്രങ്ങളെ വിന്യസിക്കുകകൂടി ചെയ്തപ്പോള്‍ കാഴ്ചക്കാരന്‍ അക്ഷമനായതിനു അവരുടെമേൽ പഴിചാരാനാകും?

എവിടെയാണ്, അല്ലെങ്കില്‍ എപ്രകാരമാണ് മേല്‍പ്പറഞ്ഞ ഫോര്‍മുലകള്‍ ഒരു സിനിമയ്ക്കായി Calibrate ചെയ്യേണ്ടുന്നത്? ഈയൊരു ചോദ്യത്തിന് ഏറ്റവും അനുയോജ്യമായ ഉത്തരമാണ് ഹിച്കോക്കിന്റെ വിഖ്യാത ചിത്രം 'Psycho'.ഇന്നും ഒരു Ideal ത്രില്ലറായി സൈക്കോ പ്രേക്ഷകമനസ്സില്‍ ജീവിക്കുന്നുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ Calibration നില്‍ ചിത്രം പുലര്‍ത്തിയ അസാമാന്യ മികവാണ് കാരണം.

പറഞ്ഞു വന്നത്,Red Herring നെ പറ്റിയല്ല.ഇവിടെ MacGuffin നാണ് നമ്മുടെ കഥാനായകന്‍.ഒരേ സിനിമയില്‍ തുല്ല്യപ്രാധാന്യത്തോടെ രണ്ടു ലക്ഷണമൊത്ത MacGuffin കളെ അവലംബിക്കുന്നു, ശേഷം അവ രണ്ടിനെയും ഒന്നിലേക്ക് Converge ചെയ്യിച്ചുകൊണ്ടു സിനിമയെ അവസാനിപ്പിക്കുന്നു.അത്രകണ്ട് പരിചിതമല്ലാത്ത ഈ MacGuffin ടെക്നിക്ക് സമീപകാലത്ത് ഒരു മലയാളസിനിമ തന്നെ വിജയകരമായി Calibrate ചെയ്തിരുന്നു !! ബിഗ്‌ സ്ക്രീനില്‍ അമ്പേ പരാജയപ്പെടുകയും വര്‍ഷങ്ങള്‍ക്കിപ്പുറം റീറിലീസ് ചെയ്തുകൊണ്ടും, സീക്വലിറക്കി വമ്പന്‍ വിജയം കൈപ്പിടിയിലൊതുക്കിയും ചരിത്രമെഴുതിയ 'ആടാ'ണ് ഇന്നത്തെ ചിന്താവിഷയം.

സമീപകാലത്ത് മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയ രണ്ടാം 'ആടി'ന്റെ വരവോടെ ഏറെ ചര്‍ച്ചകള്‍ക്ക് വഴിയോരുക്കുകയുണ്ടായി ഒന്നാം 'ആട്'.കഥാപാത്രങ്ങള്‍ക്ക് പതിവിനു വിരുദ്ധമായി കുറച്ചധികം കോമിക് അപ്പീല്‍ നല്‍കിയ ചിത്രം തിരക്കഥയിലും പുതുമ കൊണ്ടുവരികയുണ്ടായി.അങ്ങേയറ്റം വ്യത്യസ്തമായ രണ്ടു MacGuffin കളെ വ്യക്തമായ ധാരണയോടെതന്നെ വിന്യസിച്ചിട്ടുണ്ട് 'ആട്'എന്ന മലയാളിയുടെ പ്രിയചിത്രം.പലപ്പോഴും ഇത്തരം ടെക്നിക്കുകളെ അവലംബിക്കുമ്പോള്‍ അമ്പേ പരാജയമായി പോകുന്ന സമീപകാല സൃഷ്ടികള്‍ക്ക് ഒരു പാഠപുസ്തകമാകുന്നുണ്ട് 'ആട്'.'ആടി'ലെ ഇരട്ട MacGuffin കളിലേക്ക് .....

MacGuffin 1 - പിങ്കി
〰〰〰〰〰〰〰〰

ചിത്രത്തിന്റെ ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെടുന്ന പിങ്കിയെന്ന ആട്ടിന്‍കുട്ടിയാണ് ആദ്യ ലക്ഷണമൊത്ത MacGuffin.ചിത്രത്തിലെ ഐക്കോണിക്ക് ഷാജി പാപ്പനെ ചിത്രത്തിലേക്കടുപ്പിക്കുന്ന കര്‍ത്തവ്യം പിങ്കിയാണ് നിറവേറ്റുന്നത്.വടംവലി മത്സരത്തിനുശേഷം കഥയ്ക്കൊപ്പം ചേരുന്ന പിങ്കി-ഷാജി പാപ്പന്‍,ലോലന്‍,ക്യാപ്റ്റന്‍ ക്ലീറ്റസ്,അറക്കല്‍ അബു,മൂങ്ങാ കുട്ടന്‍,കൃഷ്ണന്‍ മന്ദാരം,തോമസ്‌ പാപ്പന്‍,മേനക കാന്തന്‍,മൃഗസംരക്ഷണനിയമവും തന്റെ സ്റ്റേഷന്‍ പരിധിയില്‍ പെടുന്നതാണെന്നു തിരിച്ചറിവുള്ള സര്‍ബത്ത് ഷമീര്‍ എന്നിവരെ കഥയിലേക്ക്‌ കൂട്ടിക്കൊണ്ടുവരുന്നുണ്ട്.

MacGuffin 2 - നീലക്കൊടുവേലി
〰〰〰〰〰〰〰〰〰〰〰

ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് രണ്ടു ഗാങ്ങുകളാണ്,ഒന്ന് ഷാജി പാപ്പന്റെ വടംവലി ടീമും,രണ്ടു ഡൂഡ് നയിക്കുന്ന ബാങ്കോക് ടീമും.ഇതില്‍ രണ്ടാമത്തെ ഗാങ്ങിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് 'നീലക്കൊടുവേലി'യാണ്.ആശാന്റെ അസുഖം മാറ്റിയെടുക്കാന്‍ ജന്മനാട്ടിലേക്ക് തിരിച്ചെത്തുന്ന ഡൂഡിനെ കാത്തു ഒരുപറ്റം കഥാപാത്രങ്ങള്‍ ഇങ്ങു ഹൈറേഞ്ചിലിരിപ്പുണ്ട്.സാത്താന്‍ സേവിയര്‍,ഹൈറേഞ്ച് ഹക്കീം,കഞ്ചാവു സോമന്‍,ഡ്രാഗൺ‍ പൈലി,ഇല്ലാത്ത വസ്തുക്കളുടെ പേര് പറഞ്ഞു നടക്കുന്ന മാഫിയയ്ക്ക് പിറകെ പോകുന്ന സര്‍ബത്ത് ഷമീര്‍ എന്നിവരെല്ലാം നീലക്കൊടുവേലി എന്ന MacGuffin നു പിന്നില്‍ അണിനിരന്നുകൊണ്ടാണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നു.

⏩⏩  തമ്മില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ഒട്ടനേകം  കഥാപാത്രങ്ങളെ ഒരു ക്യൂവിലെന്നോണം അണിനിരത്തി കഥയിലേക്ക് കൂട്ടികൊണ്ടുവരുന്ന ഇരട്ട MacGuffin കളുടെ ഉപയോഗം 'ആടി'ന്റെ ആസ്വാദനത്തെ വളരെയധികം അനുകൂലമായി തന്നെ സ്വാധീനിച്ചുവെന്നുവേണം കരുതാന്‍.ഒരു കോമിക് മൂഡ്‌ സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന ചിത്രം ഇരു MacGuffin കളെയും പിന്നീട് ഒന്നാക്കി മാറ്റുന്നുകൂടിയുണ്ട്-നീലക്കൊടുവേലി പിങ്കി തന്നെയാണ് ഒടുക്കം സ്വന്തമാക്കുന്നതും.

ഇത്തരത്തില്‍ ഒരു കഥാഗതിയെ മുന്നോട്ടു നയിക്കുന്ന, തുല്യപ്രാധാന്യമുള്ള, രണ്ടു ഘടകങ്ങളെ ഹാസ്യത്തിന്റെ മേമ്പോടിയില്‍ അനവസരത്തില്‍ അവലംബിക്കാതെ അവയെ ഒന്നിലേക്ക് മാത്രമാക്കി ചുരുക്കുകയും ചെയ്തുകൊണ്ടുള്ള മികച്ച കഥാഗതി 'ആട്' ഇന്ന് നേടിയ കള്‍ട്ട് പദവിക്ക് അടിത്തറയായിരുന്നുവെന്നു വേണം കരുതാന്‍.

ഷാജിപാപ്പനെയും കൂട്ടരെയും വീണ്ടും വീണ്ടും മികച്ച കഥാഗതികളോടെ അവതരിപ്പിക്കുവാൻ മിഥുൻ മാനുവലിനും അണിയറക്കാര്‍ക്കു സാധിക്കട്ടേയെന്ന് പ്രത്യാശയോടെ കാത്തിരിക്കുന്നു....

( നിങ്ങൾക്ക് പരിചിതമായ MacGuffin കൾ ചുവടെ പങ്കുവയ്ക്കുക )

കൂടുതൽ വായനയ്ക്ക് ചുവടെയുള്ള ഹാഷ് ടാഗുകൾ ഉപയോഗിക്കുക,ബ്ലോഗ് സന്ദർശിക്കുക

#rhshy_anilkumar

#MS_UNICO

rhshyanil.blogspot.com

Tuesday, July 17, 2018

Mullholand Drive - Explained in Malayalam

THE UNVEILING PARADISE -PART 1
◆◆◆◆◆◆◆◆◆◆◆◆◆◆◆◆

ലോകസിനിമയിൽ, ചോദ്യങ്ങൾ ബാക്കിയാക്കിയും തെറ്റിദ്ധാരകളുടെ പറുദീസ തുറന്നു നൽകുകയും ചെയ്ത Mind Bending ചലച്ചിത്രങ്ങളുടെ ഉള്ളറകൾ തേടിയൊരു പ്രദക്ഷിണമാണ് ഈ പരമ്പര.ആദ്യ ഭാഗത്തിൽ വിഖ്യാത സംവിധായകൻ ഡേവിഡ് ലിഞ്ചിന്റെ 'Mullholand Drive' സ്ഥാനം പിടിക്കുന്നു......

Mullholand Drive-ചോദ്യങ്ങളും ഉത്തരങ്ങളും
==============================================

ഒരുപക്ഷെ ഈ നൂറ്റാണ്ടിന്റെ ചലനചിത്രം എന്ന് ഇതിനെ വിശേഷിപ്പിക്കാന്‍ എനിക്കിപ്പൊ തോന്നുകയാണ്....!!!ഇന്നേക്ക് പതിനാറു  വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരശീലയില്‍ പ്രത്യക്ഷപ്പെട്ട ചിത്രം ഇന്നും പലര്‍ക്കും ഒരു ചുരുളഴിയാ രഹസ്യമായി നിലകൊള്ളുകയാണ്.ചിത്രം കണ്ട വ്യക്തി എന്ന നിലയില്‍ എന്റേതായ വീക്ഷണങ്ങളും അഭിപ്രായങ്ങളും സംശയങ്ങളും ഈ പോസ്റ്റ്‌ വഴി നിങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്.Interpretation എന്ന വാക്കിനു ഇത്രയധികം മാനങ്ങള്‍ നല്‍കിയ മറ്റൊരു ചിത്രവും ഉണ്ടെന്നു തോന്നുന്നില്ല....!!!

● Spoilers Ahead!!!!

ഇനി വിഷയത്തിലേക്ക് വരാം .....

ചിത്രത്തെ 36  സീനുകളായി ആദ്യം തന്നെ വേര്‍തിരിക്കുകയാണ്.....

1) Jitterbug contest

2) റീത്തയുടെ Accident

3) 2 പോലീസ്  ഉദ്യോഗസ്ഥര്‍ Mullholand drive ലെ അപകട സ്ഥലത്ത് എത്തുന്നു

4) Aunt Ruth ന്റെ appartment ല്‍ റീത്ത കയറുന്നു

5) Dan എന്നയാള്‍ മറ്റൊരാളുമായി തന്റെ സ്വപ്നതെപ്പറ്റി winkeys ലിരുന്നു സംസാരിക്കുന്നു

6) Mr.Roque ഉം മറ്റു രണ്ടു പേരും കാണാതായ 'ഏതോവൊരു' പെണ്‍കുട്ടിയെ  പറ്റി ഫോണില്‍ സംസാരിക്കുന്നു

7) ബെറ്റി എയര്‍ പോര്‍ട്ടില്‍ നിന്നും വരുന്നു

8 ) ബെറ്റി Coco യുടെ appartment ല്‍  വരുന്നു

9) ആദമിന്റെ ചിത്രത്തിന്റെ discussion

10) Hitman തന്റെ സുഹൃത്തിനെയും,വെടി  കൊണ്ട യുവതിയെയും ഒരു sweeper നെയും കൊല്ലുന്നു

11) റീത്ത തന്റെ ബാഗില്‍ നിന്നും പണവും താക്കോലുമെടുക്കുന്നു

12) ഒരു വേശ്യയും hitman ഉം മറ്റൊരാളുമായി ഉള്ള സംഭാഷണം

13) ആദം വീട്ടിലേക്ക് പോകുന്നു

14) Mullholand drive എന്ന പദം ആദ്യമായി ചിത്രത്തില്‍ ഉച്ഛരിക്കുന്നു.

15) ആദം തന്റെന്‍ ഭാര്യയും poolman ഉം ആയുള്ള അവിഹിതം കണ്ടു പിടിക്കുന്നു

16) റീത്തയും ബെറ്റിയും അപകടത്തെ പറ്റി അറിയാന്‍ പോലീസിന് ഫോണ്‍ ചെയുന്നു.അവിടെ വച്ച് Diane Selwyn എന്ന പേര് റീത്തയ്ക്ക് ഓര്മ വരുന്നു

17) ഒരു തടിയന്‍ ആദമിനെ അന്വേഷിച്ചു അയാളുടെ വീട്ടില്‍ എത്തുന്നു

18) ആദമിനോട് Cynthiya "cowboy" എന്നയാളെ പറ്റി  പറയുന്നു

19) Diane Selwyn നെ അന്വേഷിച്ചു പോകാന്‍ തീരുമാനിക്കുന്ന റീത്തയും ബെറ്റിയും Louis Bonner എന്ന യുവതിയെ കാണുന്നു

20) ആദം cowboy യെ കാണുന്നു

21) ബെറ്റി audition വേണ്ടി പോകുന്നു

22) ബെറ്റി ആദമിന്റെ സെറ്റില്‍ എത്തുന്നു

23) ബെറ്റിയും റീത്തയും Diane Selwyn ന്റെ വീട്ടില്‍ എത്തുന്നു

24) റീത്ത തന്റെ appearence ല്‍ മാറ്റം വരുത്തുന്നു

25) റീത്ത രാത്രിയില്‍ ബെറ്റിയോടൊപ്പം Silencio theatre ല്‍ എത്തുന്നു

26) അവര്‍ റൂമില്‍ തിരിച്ചെത്തുന്നു.ബെറ്റിയെ കാണാതാകുന്നു.താക്കോല്‍ ഉപയോഗിച്ച് നീല ബോക്സ്‌ റീത്ത തുറക്കുന്നു

27) Aunt Ruth കതകു തുറക്കുന്നു

28) 12 ആം appartment ല്‍ താമസിക്കുന്ന സ്ത്രീയുടെ ശബ്ദം കേട്ട് Diane Selwyn ഉറക്കമെഴുന്നേല്‍ക്കുന്നു

29) ബെറ്റി നഗ്നയായ റീത്തയുടെ അടുത്തേക്ക് പോകുന്നു

30) സെറ്റില്‍ ആദമും റീത്തയും ചുംബിക്കുന്നത് ബെറ്റി കാണുന്നു.

31) Diane പിന്നീട Camilia യെ തന്റെ റൂമില്‍ നിന്നു പുറത്താക്കുന്നു പിന്നീട Orgasm ചെയ്യുന്നു

32)ഫോണ്‍ റിംഗ് ചെയ്യുന്നു

33)Diane കാറില്‍ കയറി Camila യുടെയും ആദമിന്റെയും reception നു പോകുന്നു

34)Diane തന്റെ hollywood ലേക്കുള്ള വരവും മുന്കാലവും വിശദമാക്കുന്നു

35)Diane ഉം hitman ഉം ആയുള്ള സംഭാഷണം

36)Diane സ്വയം  ഷൂട്ട്‌ ചെയ്യുന്നു

⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛

 ഒരിക്കലും ചിത്രത്തിന്റെ കഥയോ മറ്റോ അല്ല ഞാന്‍  ലിസ്റ്റ് ചെയ്തിരിക്കുന്നത്.താഴേക്ക് പറയാന്‍ സഹായിക്കുന്ന ഒരു reference എന്ന രീതിയില്‍ മാത്രം മേൽപ്പറഞ്ഞിരിക്കുന്നതിനെ കണ്ടാല്‍ മതി.

❓ശരിക്കും എന്താണ് ചിത്രത്തിന്റെ genre ?

✅ ഒരു Mystery revenge ത്രില്ലര്‍

❓സിനിമയുടെ ബേസിക് തീം എന്താണ്?

✅ Diane Selwyn എന്ന ഒരു നടിയുടെ,അല്ലെങ്കില്‍ ഒരു നായികയാകാന്‍ കൊതിച്ച് ജീവിതം നശിച്ച ഒരു യുവതിയാണ് കഥയിലെ കേന്ദ്ര കഥാപാത്രം.സ്വവര്‍ഗ അനുരാഗിയായ അവള്‍ Camilia Rhodes എന്ന നടിയെ ഒരു വാടക കൊലയാളിയാല്‍ കൊലപ്പെടുതുകയാണ് ചിത്രത്തില്‍.ഒടുവില്‍ തന്റെ തോല്‍വിയും നഷ്ടബോധവും അവളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമാണ്‌ കഥ.എന്നാല്‍ ഈ വിഷയം സ്വപ്നത്തിന്റെയും യാഥാർഥ്യത്തിന്റെയും ഇടയില്‍ മുക്കിയെടുതാണ് സംവിധായകന്‍ നമുക്ക് മുന്നില്‍ വച്ച് നീട്ടിയിരിക്കുന്നത്

❓ചിത്രത്തില്‍ ഏതൊക്കെയാണ് സ്വപ്‌നങ്ങള്‍ ?

✅ മുകളിലത്തെ ലിസ്റ്റില്‍ 27 വരെയുള്ള ഭാഗങ്ങൾ Diane Selwyn ന്റെ സ്വപ്നമാണ്

❓ ചിത്രത്തിലെ Blue key എന്താണ് ?

✅ സ്വപ്നത്തില്‍ നിന്നും എഴുന്നേറ്റ Diane ന്റെ റൂമില്‍ blue key ഇരിക്കുന്നത് കാണാം.തന്റെ ജോലി കഴിഞ്ഞ ശേഷം blue key Diane നു കാണാന്‍ സാധിക്കും എന്ന് മുന്‍പ് hitman പറഞ്ഞിരുന്നു

❓ ആദ്യ ഭാഗങ്ങള്‍ ഒക്കെ സ്വപ്നം ആണെങ്കില്‍ jitterbug മത്സരവും സ്വപ്നം ആയിരുന്നോ?

✅ അങ്ങനെ തോന്നുന്നില്ല.കാരണം സ്വപ്നത്തിലും ജീവിതത്തിലും ഒരേ സംഭവങ്ങള്‍ ഉണ്ടാകാം.കൂടാതെ 34  ല്‍ തന്നെപ്പറ്റി സംസാരിക്കുന്ന Diane ഇത് പറയുന്നും ഉണ്ട്

❓ Irene ദമ്പതികള്‍ അപ്പോള്‍ ആരാണ്?

✅ എനിക്ക് തോന്നുന്നത് അത് Diane ന്റെ മാതാപിതാക്കകളാണെന്നാണ്.കാരണം Jitterbug ഷോയില്‍ അവരെ Diane നൊപ്പം കാണിക്കുന്നുണ്ട്.കൂടാതെ അവളുടെ സ്വപ്നത്തില്‍ അവള്‍ക്ക് എയര്‍ പോര്‍ട്ടില്‍ നിന്നും ടാക്സി ശരിയാക്കുന്നതും Irene ആണ്.സ്വപ്നത്തില്‍ അവള്‍ക്ക് വഴികാട്ടിയാകുന്ന Irene ജീവിതത്തിലും അതുതന്നെയാകുമെന്നു കരുതുന്നു.കൂടാതെ Diane മരണപ്പെടുന്ന ദിവസം അവള്‍ അവരെ കണ്ടാണ്‌ സ്വയം ഷൂട്ട്‌ ചെയ്യുന്നത്.മാതാപിതാക്കളുടെ സ്വപ്നങ്ങളും മകളിലുള്ള വിശ്വാസവും തല്ലിക്കെടുത്തി ഒരു drug addict ആയ മകള്‍ക്ക് മുന്നില്‍ എത്തുന്ന അവര്‍ Diane ന്റെ അച്ഛനും അമ്മയും തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു

❓ എങ്കില്‍ സ്വപ്നങ്ങള്‍ക്കിടയില്‍ Hitman തന്റെ സുഹൃത്തിനെ കൊല്ലുന്നതായി കാണിക്കുന്നുണ്ടല്ലോ,അതെന്താണ് ?

✅ Hitman തന്റെ സുഹൃത്തിന്റെ തലയില്‍ നിറയൊഴിക്കുന്നതും  റീത്തയ്ക്ക് സ്വപ്നത്തില്‍  കാര്‍ അപകടം മൂലം തലയ്ക്ക് പരിക്കേല്‍ക്കുന്നതും ഒരേ ഇടത്താണ്.Camila യ്ക്ക് Hitman മൂലം ഉണ്ടാകുന്ന അപകടം ഇവിടെ വ്യാഖ്യാനിക്കപെടുന്നു.കൂടാതെ അനാവശ്യമായി ഒരു സ്ത്രീയേയും ഒരു Sweeper യും കൊല്ലുന്ന Hitman തന്റെ ജോലിക്ക് എത്രമാത്രം അനുയോജ്യന്‍ ആണ് എന്ന Diane ന്റെ വിശ്വാസം ആണ് ഈ സ്വപ്നം

❓ Mullholand drive എന്ന പേര് ചിത്രത്തിനു എന്ത് പ്രാധാന്യം ആണ് നല്‍കുന്നത് ?

✅ പ്രാധാന വസ്തുത എന്തെന്നാല്‍ ഈ സ്ഥലത്ത് വച്ച് തന്നെയാണ് ആദമിന്റെ engagement പാര്‍ടിയില്‍ Diane ക്ഷണിക്കപ്പെടുന്നതും,സ്വപ്നത്തില്‍ Camila യ്ക്ക് അപകടം സംഭവിക്കുന്നതും

❓ 12 ല്‍ Hitman ടൊപ്പം കാണിക്കുന്ന മറ്റു രണ്ടു പേര്‍ ആരാണ് ?

✅ സ്വപ്നമെന്നത് നിശ്ചിതമായൊരു Fabric പിന്തുടരുന്ന ഒന്നല്ല.അവിടെ വ്യക്തികളും സന്ദർഭങ്ങളും തമ്മിൽ പുലബന്ധംപോലുമില്ലാതെ നിലകൊള്ളുന്നത് ഒരുപക്ഷേ നമുക്ക് വീക്ഷിക്കേണ്ടി വന്നേക്കാം.Himan ടൊപ്പം കണ്ടവർ Diane ന്റെ ജീവിതത്തിൽ പ്രതികൂലമായോ അനുകൂലമായോ സ്വാധീനിച്ചവരാകാം.താൻ കൂലിക്കെടുത്ത അയാളോടൊപ്പം അവർ കാണപ്പെടുന്നത് അവരോട് Diane ഉണ്ടായിരുന്ന താൽപ്പര്യം വ്യക്തമാക്കുന്നു.

❓ ആരാണ് Cowboy ?

✅ തന്റെ അവസരങ്ങള്‍ എങ്ങനെ നഷ്ടപ്പെട്ടു എന്നതില്‍ അസ്വസ്ഥതയും അതോടൊപ്പം തന്നെ അജ്ന്ജതയുള്ളവളുമാണ് Diane.ആ അജ്ഞതയുടെ സ്വപ്നത്തിലെ രൂപമാണ് Cowboy.സ്വന്തം കഴിവില്‍ അനന്തമായി വിശ്വസിക്കുന്നവളാണ് Diane എന്ന്  21 ല്‍ നമുക്ക് മനസ്സിലാക്കാം.ആയതിനാല്‍ കഴിവുള്ള തന്നെ പിന്തള്ളി മോശം അഭിനയത്രിയായ ( യാഥാര്‍ത്ഥ്യം അങ്ങനെ ആണോ എന്ന് അറിയില്ല,പക്ഷെ സ്വപ്നത്തിലെ Camilia അങ്ങനെ ആയിരുന്നു.സോ യാഥാർഥ്യവും അങ്ങനെ തന്നെയാകുമെന്ന അനുമാനിക്കാം ) Camilia മുന്നില്‍ വന്നത് മറ്റാരുടെയോ അണിയറപ്രവർത്തനങ്ങളുടെ പരിണിതഫലമാണെന്നവള്‍ വിശ്വസിക്കുന്നു.ഈ അണിയറയിലെ കളികളുടെ സൂത്രധാരരുടെ സ്വപ്ന രൂപം കൂടിയാണ് Cowboy.കൂടാതെ Cowboy ആയി സ്വപ്നത്തില്‍ കണ്ട മനുഷ്യനെ യഥാർത്ഥ ജീവിതത്തിൽ‍ നമ്മള്‍ Engagement പാര്‍ടിക്ക് കാണുന്നും ഉണ്ട്

❓Diane Selwyn ന്റെ വീട്ടില്‍ എത്തുന്ന റീത്തയും ബെറ്റിയും കാണുന്ന കറുത്ത കണ്ണടക്കാര്‍ ആരാണ് ?

✅ 28 ല്‍ Diane മായി appartment change ചെയ്ത പെണ്‍കുട്ടി പറയുന്നുണ്ട്,അവളെ കാണാന്‍ രണ്ടു Detectives എത്തിയിരുന്നു എന്ന്.മുഖം ലഭിക്കാതിരുന്ന അന്വേഷകരോട് യാഥാർത്ഥജീവിതത്തിൽ വച്ചുപുലർത്തിയ പേടിയാണ് സ്വപ്നത്തിലും നിഴലിച്ചു കണ്ടത്

❓ എന്താണ് ബ്ലൂ ബോക്സ്‌ ?

✅ 26 ല്‍ ബെറ്റി നീല താക്കോല്‍ ഉപയോഗിച്ച് ആ ബോക്സ്‌ തുറക്കുന്നുണ്ട്.Key എന്നത് എന്നും ഒരു ലോക്ക് അഴിക്കാനുപയോഗിക്കുന്നതാണ്.സ്വപ്നത്തില്‍ ആ ലോക്ക് Camilia അഴിക്കുന്നുണ്ട്.അതിനര്‍ഥം താക്കോലിന്റെ ഉപയോഗം കഴിഞ്ഞു എന്ന് കരുതാം.യഥാർത്ഥത്തില്‍ Camila കൊല്ലപ്പെട്ടു എന്നതിന് തെളിവാണ് അത്.

❓ 28 ല്‍ ബ്ലൂ കീ കാണിക്കുന്നുണ്ട്,അതിനര്‍ഥം Camilia മരിച്ചു എന്നാണു.പക്ഷെ അതിനു ശേഷവും അവളെ ജീവനോടെ നമ്മള്‍ കാണുന്നുണ്ടല്ലോ ?

✅ ഇവിടെ ആണ് സംവിധായകന്‍ തന്റെ non linear കഥപറച്ചില്‍ രീതി വ്യക്തമാക്കുന്നത്.28 ല്‍ ബ്ലൂ കീ കാണുന്നുണ്ട്,അതിനര്‍ഥം Camilia മരിച്ചു എന്ന് തന്നെ.അതോടൊപ്പം തന്നെ അതെ സീനില്‍ appartment യുവതി തന്റെ ആഷ് ട്രേ അവിടെ നിന്നും എടുത്തുകൊണ്ടു പോകുന്നുണ്ട്.പിന്നീട് നഗ്നരായി സോഫയില്‍ കിടക്കുംമ്ബോള്‍ ഇതേ ആഷ് ട്രേ നമുക്ക് വീണ്ടും കാണാം അതിനര്‍ഥം നഗ്നരായുള്ള അവരുടെ സംഭാഷണങ്ങളും(29),ആദമിന്റെ engagement പാര്‍ട്ടിയും(33),Diane camilia യെ തന്റെ റൂമില്‍ നിന്നും പുറത്താക്കുന്നതും(31) എല്ലാം Diane സ്വപ്നത്തില്‍ നിന്നും ഉണരുന്നതിനു(28)നു മുന്‍പുള്ളതാണ്.സംവിധായകന്‍ ചുവന്ന background ല്‍ കാട്ടുന്ന ഓരോ ഫ്രെയിമുകളും ശ്രദ്ധയോടെ വീക്ഷിക്കെണ്ടവയാണ്.ഇതില്‍ നിന്നും മനസ്സിലാക്കാം linear കഥാഗതി ആയിരുന്നു എങ്കില്‍ 29,30,31,32,33,34,35 എന്നീ  ഭാഗങ്ങള്‍ 28 നും 36 നും മുന്‍പ് ഉണ്ടാവെണ്ടവയാണ്

❓ Diane നിനു Camilia യോട് ദേഷ്യം ഉണ്ടെന്ന എങ്ങനെ ഉറപ്പിക്കാം ?

✅ അതിനു ഒരുപാട് സീനുകള്‍ നമുക്ക് സംവിധായകന്‍ കാട്ടി തരുന്നുണ്ട്.

1) ആദം camilia യെ Diane ന്റെ മുന്നില്‍ വച്ച് seduce ചെയ്യുന്നു
2) Engagement ല്‍ Camilia യോട് അടുത്ത പെരുമാറുന്ന ആദം
3) സ്വയംഭോഗം ചെയ്യുന്ന Diane
4) Hitman ഓടു Camilia യുടെ മരണതെക്കാള്‍  മറ്റൊന്നും ഈ ഭൂമിയില്‍ തനിക്കു പ്രധാനം അല്ല എന്ന് പറയുന്ന സീന്‍

❓സ്വപ്നത്തില്‍ റീത്തയുടെ പക്കല്‍ ഉണ്ടായിരുന്ന പണം എന്താണ് ?

✅ Hitman കൊടുത്ത പണത്തിന്റെ സ്വപ്ന രൂപം

❓ സ്വപനത്തില്‍ റീത്തയ്ക്ക് അപകടം ഉണ്ടാകുന്ന നേരം ഡ്രൈവര്‍ എന്തിനാണ് തോക്ക് കാട്ടിയത് ?

✅ Mullholand drive ആണ് ആ സ്ഥലം.അവിടെ വച്ച് തന്നെയാണ് അതുപോലെ ഒരു LIMO യില്‍ Camilia തന്റെ പാര്‍ടിക്ക് Diane കൂട്ടിക്കൊണ്ട് പോകുന്നത്.തോക്ക് ചൂണ്ടുന്നത് Camilia യ്ക്ക് സംഭവിക്കാന്‍ പോകുന്ന ( അല്ലെങ്കില്‍ സംഭവിച്ചു കഴിഞ്ഞ )  അപകടത്തെ സൂചിപ്പിക്കുന്നു-The Hitman

❓ സ്വപ്നത്തില്‍ ഭാര്യയാല്‍ ആദം ചതിക്കപ്പെടുന്നത് എന്തിനാണ് കാണിക്കുന്നത് ?

✅ യാഥാർഥ്യത്തിൽ‍ Diane നു ആദമിനോട് വിദ്വേഷമൊന്നുമില്ല എന്ന മനസ്സിലാക്കാം.കാരണം സ്വപ്നതില്‍ അയാള്‍ ഭാര്യയാല്‍ ചതിക്കപ്പെടുന്നു കൂടാതെ 22 ല്‍ Diane ആദത്തെ നോക്കുന്നതും അവരുടെ കണ്ണുകള്‍ കോര്‍ക്കുന്നതും വ്യക്തമായി കാണിക്കുന്നുണ്ട്.അതിനര്‍ഥം വിഭാര്യനും അഥവാ ഭാര്യയാൽ‍ ചതിക്കപ്പെട്ടവനുമായ ആദം, Camilia യെ എന്തോ നിര്‍ബന്ധത്തിനു വഴങ്ങി തിരഞ്ഞെടുത്തതാനെന്നും Camilia യുടെ വലയില്‍ കുടുങ്ങി പോയ ഒരാളും ആണെന്നും  Diane വിശ്വസിക്കുന്നുണ്ടാകാം

___________________________________________________

വ്യാഖ്യാന നിപുണരായ ജിജോ തങ്കച്ചനെ പോലെയുള്ളവർക്കു ഇടിച്ചു പിഴിഞ്ഞ് ജ്യൂസ്‌ അടിക്കാനുള്ള എല്ലാ സംഗതികളുമുള്ളവൊരു ചിത്രമാണ് ഇത്.ഏതൊരു സിനിമ പ്രേമിയും നിര്‍ബന്ധമായി കണ്ടിരിക്കേണ്ട ഒന്നായി ഞാന്‍ ഇതിനെ കണക്കാക്കുന്നു...

ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്ത ഒരുപാട് ഭാഗങ്ങള്‍ ഉണ്ടെന്നു അറിയാമെങ്കിലും എല്ലാവരുടെയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു .തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക

അടുത്ത ഭാഗത്തിൽ നിങ്ങൾക്ക് വിശദീകരണം ആവശ്യമാണെന്ന് തോന്നുന്ന ചിത്രങ്ങൾ ഏതൊക്കെയെന്ന കമെന്റസിൽ ഉൾക്കൊള്ളിക്കാനാകുന്നതാണ്.

തുടരും.....

#rhshy_anilkumar

#mullholand_drive_revealed

#unveiling_paradise

( തുടർന്നുള്ള ഭാഗങ്ങൾ വായിക്കാൻ അവസാന ഹാഷ് ടാഗ് ഉപയോഗിക്കാവുന്നതാണ് )

കൂടുതൽ വായനയ്ക്ക് : rhshyanil.blogspot.com

Saturday, June 9, 2018

Briefing the highly controversial "Azaria Murder Case" in Malayalam

ഒരമ്മ തന്റെ മകളെ കഴുത്തറുത്തു കൊലപ്പെടുത്തിയെന്നോ....!!!????
അതെ,അവര്‍ തന്നെയാണ്....!!! അവരൊരു മന്ത്രവാദിനിയാണ്...!!
ആഭിചാരക്രീയകളുടെ ഭാഗമായി കുഞ്ഞിന്റെ കഴുത്തറുത്തു കൊലപ്പെടുത്തിയതാണവര്‍....!!!!
ഒരു നരഹത്യയുടെ വിചാരണയ്ക്കായി ലോകം മുഴുവന്‍ കാതോര്‍ക്കുക....!! രാജ്യത്താദ്യമായി ഒരു വിചാരണയുടെ ലൈവ് ടെലികാസ്റ്റിനു അനുമതി നല്‍കുക..!! മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറവും മരണപ്പെട്ടയാളുടെ മൃതദേഹം ലഭിക്കാതെയാവുക തുടങ്ങി ഒട്ടനേകം സവിശേഷതകളുടെ കഥ പറയാനുണ്ട് ഓസ്ട്രേലിയന്‍ മഹാരാജ്യം കണ്ട ഏറ്റവും വാര്‍ത്താപ്രാധാന്യം നേടിയ "നരഹത്യ"യ്ക്ക്.
1980 ഓഗസ്റ്റ്‌ 17 നാണ് അയേര്‍സ് റോക്കിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തില്‍ രണ്ടു മാസം മാത്രം പ്രായമുണ്ടായിരുന്ന അസാറിയ ചേംബര്‍ലിന്‍ എന്ന പെണ്‍കുഞ്ഞിനെ കാണാതാകുന്നത്.തങ്ങളുടെ മകളെ ഒരു കാട്ടുനായ കടിച്ചുകൊണ്ടു പോയതാണെന്നും അതു നേരില്‍ കണ്ടുവെന്നും മാതാപിതാക്കളായ ലിന്‍ഡി-മൈക്കില്‍ ദമ്പതികള്‍ പോലീസിന് മൊഴിനല്‍കി.സംഭവത്തിന്‌ മറ്റു ദൃക്സാക്ഷികളോ പറയത്തക്ക തെളിവുകളോ ഉണ്ടായിരുന്നില്ല.
എന്നാല്‍ മകളുടെ മരണശേഷവും സന്തോഷവതിയായി കാണപ്പെട്ട ലിന്‍ഡിയുടെ ചിത്രങ്ങള്‍ പത്രമാധ്യമങ്ങളില്‍ നിരന്തരം പ്രദര്‍ശിപ്പിക്കപ്പെട്ടത് അവര്‍ക്കെതിരായ ജനരോഷത്തെ ആളിക്കത്തിച്ചുകൊണ്ടേയിരുന്നു.അങ്ങനെ കേവലം ഒരു കോടതിമുറിയുടെ നാല് ചുവരുകള്‍ക്കിടയില്‍ അവസാനിക്കേണ്ടിയിരുന്ന അസാറിയ മര്‍ഡര്‍ കേസ് ഓസ്ട്രേലിയ കണ്ട ഏറ്റവും വലിയ വിവാദത്തിനു കളമൊരുക്കി മുന്നേറി.ലിന്‍ഡിയെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു നിവേദനങ്ങള്‍ സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ കുമിഞ്ഞു കൂടി,അവരുടെ ശിക്ഷയ്ക്കാഹ്വാനം ചെയ്തുകൊണ്ട് ക്യാമ്ബൈനുകള്‍ രൂപംകൊണ്ടു,മനുഷ്യാവകാശ സംഘടനകള്‍ മുറവിളി കൂട്ടി !!!!!

കേവലം ദിവസങ്ങളുടെ ഇടവേളയില്‍ അസാറിയയുടെ മരണം ലോകത്തിന്റെ കണ്ണുകളെ 1980 ഫെബ്രുവരി 20 നു ആലിസ് സ്പ്രിംഗ്സിലെ കോടതി മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു.വിചാരണ നടപടികള്‍ ആരംഭിച്ചു.തെളിവുകളുടെ അഭാവത്താല്‍ ചേംബര്‍ലിന്‍ ദമ്പതികള്‍ നിരപരാധികളാണെന്ന അന്തിമവിധി വന്നു.കുറ്റമറ്റ വിധിയില്‍ കോടതിക്ക് നന്ദി പറഞ്ഞു ചേംബര്‍ലിന്‍ ദമ്പതികള്‍ നടന്നകന്നുവെങ്കിലും കടുത്ത ജനരോഷത്തിനും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കുമുള്ള പ്രതിവിധിയായിരുന്നില്ല ബഹുമാനപ്പെട്ട കോടതിയുടെ വിധിപറച്ചില്‍.
.
.
.
അവിടെ നിന്നും ട്വിസ്റ്റുകൾ ആരംഭിച്ചുതുടങ്ങി...
.
.
.
.
അന്വേഷണം പുനരാരംഭിച്ചു.തെളിവുകളുടെ അഭാവത്താലുഴറിയ പോലീസ് സേനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഇക്കുറി വിജയം കണ്ടു.ചേംബര്‍ലിന്‍ ദമ്പതികളുടെ ഉല്ലാസയാത്രയുടെ ചിത്രങ്ങള്‍ പരിശോധിച്ച പോലീസിന് അസാറിയയുടെ കുപ്പായത്തിന്റെ കഴുത്തില്‍ കത്തികൊണ്ട് കീറിയ തരത്തിലെ പാടുകള്‍ കണ്ടെത്തുവാനായി.ഫോറന്‍സിക് അധികൃതര്‍ ഈ കണ്ടെത്തലിനു ഭാഗീകമായി പച്ചക്കൊടിയുയര്‍ത്തിയത് കേസിനു ജീവശ്വാസമേകി.തുടര്‍ന്ന്,മൈക്കിളിന്റെ കാറിന്റെ മുന്‍സീറ്റിനടുത്തായി Foetal Haemoglobin ന്റെ സാന്നിധ്യം കൂടി കണ്ടെത്തിയത് ചേംബര്‍ലിന്‍ ദമ്പതികളുടെ നേര്‍ക്ക്‌ വിരല്‍ ചൂണ്ടുന്ന പുത്തന്‍ തെളിവായി രൂപംപ്രാപിച്ചു.
മാധ്യമങ്ങളില്‍ ലിന്‍ഡയ്ക്കെതിരായി വന്നുകൊണ്ടിരുന്ന വാര്‍ത്തകള്‍ക്ക് ഈ വിവരങ്ങള്‍ ചൂടുപകര്‍ന്നു.മതപരമായി Seventh-day Adventist ആശയങ്ങളില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന ചേംബര്‍ലിന്‍ ദമ്പതികള്‍ക്ക് നേരെ ഗോസിപുകളും ആരോപണങ്ങളും രൂപംകൊണ്ടത്‌ ധ്രുതഗതിയിലായിരുന്നു.താന്ത്രികവിദ്യകളില്‍ നിപുണയായ ലിന്‍ഡി തന്റെ മകളെ ബലി നല്‍കിയതാണെന്ന കഥ കാട്ടുതീ പോലെയാണ് രാജ്യമൊട്ടുക്കും പരന്നത്.മകളെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം ശവം ഒരു ക്യാരീ-ബാഗിലാക്കി മറവുചെയ്തെന്നു തെളിവുകളുടെ അഭാവത്തില്‍ പോലും മാധ്യമങ്ങള്‍ വിധിയെഴുതി.മതപരമായ വിഷയങ്ങള്‍ വലിച്ചിഴയ്ക്കപ്പെട്ടത് മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു.ജനരോഷം പതിന്‍മടങ്ങായി വര്‍ദ്ധിച്ചുവന്നു.
1982 ഒക്ടോബര്‍ 22 നു കേസ് വീണ്ടും കോടതിയിലെത്തി.ലഭ്യമായ തെളിവുകളേക്കാള്‍ മാധ്യമങ്ങളുടെ കണ്ടെത്തലുകള്‍ ആ കോടതിമുറിയില്‍ വാദിഭാഗത്തിനു ശക്തിയേകി.വിധി മാറിമറിയുന്ന കാഴ്ച ഞെട്ടലോടെ ലോകം കാതോര്‍ത്തു...!!! ലിന്‍ഡി ചേംബര്‍ലിന്‍ തന്റെ മകളുടെ നരഹത്യയില്‍ ഒന്നാം പ്രതിയായി ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു....!! കൂട്ടുപ്രതിയായി ഭര്‍ത്താവ് മൈക്കിളും...!!!
ഒരുപക്ഷെ,സിംഹഭാഗം ജനങ്ങളെയും സംതൃപ്തിലാഴ്ത്തിയ ആദ്യ കോടതിവിധിയായിരിക്കണം ലിന്‍ഡിയുടേത്.സത്യത്തിന്റെ വിജയമായി ഈ വിധി കൊട്ടിഘോഷിക്കപ്പെട്ടു.ലിന്‍ഡിയുടെ ചിത്രങ്ങള്‍ പത്രമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു.ഇരുണ്ട വേഷധാരിയായി / മന്ത്രവാദിനിയായി അവര്‍ ചിത്രീകരിക്കപ്പെട്ട കാര്‍ട്ടൂണുകള്‍ വാര്‍ത്താപ്രാധാന്യം നേടി.
എന്നാല്‍ ട്വിസ്റ്റുകള്‍ അവിടെയും പിന്‍വാങ്ങുവാന്‍ തയ്യാറായിരുന്നില്ല.


മൂന്നു വര്‍ഷം കടന്നുപോയി.ആയിടയ്ക്കാണ് ഡേവിഡ്‌ ബ്രെറ്റ് എന്ന വിനോദസഞ്ചാരി അയേര്‍സ് റോക്കിന് സമീപത്തുള്ള പാറയ്ക്ക് മുകളില്‍ നിന്നും കാല്‍വഴുതിവീണു മരണപ്പെടുന്നത്.ബ്രെറ്റിന്റെ മരണത്തോടനുബന്ധിച്ച് സംഭവസ്ഥലത്തെത്തിയ പോലീസ് സേനയെ കാത്തു മറ്റൊന്ന് കൂടിയുണ്ടായിരുന്നു...!!! കാട്ടുനായകളുടെ വിഹാരകേന്ദ്രമായ അവിടെ നിന്നും രക്തക്കറപറ്റിയ ഒരു കുട്ടിക്കുപ്പായം പോലീസിന് ലഭിച്ചു...!! അത് അസാറിയയുടെതാണെന്നും അതില്‍ കാട്ടുനായകളുടെ പല്ലിന്റെ പാടുകള്‍ വ്യക്തമായി പതിഞ്ഞിരുന്നുവെന്നും വിശദമായ പരിശോധനയില്‍ തെളിഞ്ഞു.വിവാദമായ അസാറിയ കൊലക്കേസ് അങ്ങനെ വീണ്ടും റീ-ഓപ്പണ്‍ ചെയ്യുവാന്‍ കോടതിയുത്തരവുണ്ടായി....!!! തന്റെ ജീവിതത്തിലെ വിലപ്പെട്ട മൂന്നു വര്‍ഷം ജയിലറയ്ക്കുള്ളില്‍ ഹോമിക്കപ്പെട്ട ലിന്‍ഡി ചേംബര്‍ലിന്‍ അന്വേഷണവിധേയമായി സ്വതന്ത്രയാക്കപ്പെട്ടു...!!


തുടര്‍ന്നു വന്ന വിചാരണയിലും Foetal Haemoglobin ന്റെ സാന്നിധ്യം നിരത്തിയ പ്രോസിക്യൂഷന്‍, ലിന്‍ഡിയെ സംശയത്തിന്റെ നിഴലില്‍ തന്നെ നിര്‍ത്തിയെങ്കിലും വിചാരണയുടെ രണ്ടാം ഘട്ടം പ്രതിഭാഗത്തിനൊപ്പം നിന്നത് നാടകീയമായ രംഗങ്ങള്‍ക്ക് കളമൊരുക്കി.Foetal Haemoglobin ടെസ്റ്റിന്റെ വിശ്വാസ്യതയ്ക്കുമേല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുവാന്‍ പ്രതിഭാഗത്തിന് സാധിച്ചു.കാറുകളുടെ നിര്‍മാണാര്‍ഥം പൂശുന്ന Sound Deadener കളുടെ സാന്നിധ്യം തെറ്റായ ടെസ്റ്റ്‌ റിസള്‍ട്ടിന് വഴിയൊരുക്കാന്‍ സാധ്യതയുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശരിവച്ചു.അസാറിയയുടെ രക്തം പുരണ്ട,കാട്ടുനായകളുടെ പല്ലു പതിഞ്ഞ കുപ്പായം പ്രതിഭാഗത്തിന്റെ വാദങ്ങള്‍ക്കു ശക്തി പകര്‍ന്നു.എന്നാല്‍ അപ്പോഴും ജനങ്ങള്‍ക്കിടയില്‍ കഥകള്‍ പ്രചരിച്ചുകൊണ്ടേയിരുന്നത് കേസിനെ ബാധിച്ചു."അസാറിയ" എന്ന വാക്കിനര്‍ത്ഥം 'കുരുതി' എന്നാണെന്ന കഥകള്‍ കോടതിയിലും ചോദ്യങ്ങളുയര്‍ത്തി.തുടര്‍ന്നു വ്യക്തമായ അന്വേഷണത്തില്‍ വാക്കിനു അങ്ങനെയൊരര്‍ത്ഥമില്ലെന്ന് തെളിഞ്ഞത് വീണ്ടും ലിന്‍ഡിയ്ക്കനുകൂലമായി കേസിനെ കൊണ്ടെത്തിച്ചു.ഒടുവില്‍, 1988 സെപ്റ്റംബര്‍ 15 നു ലിന്‍ഡി നിരപരാധിയാണെന്ന വിധി വന്നു....!!! ഒന്നര മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി അവര്‍ക്കു നല്‍കാന്‍ കോടതി വിധിച്ചു...!!!
വര്‍ഷങ്ങള്‍ക്കിപ്പുറം 1995 ല്‍,അസാറിയയുടെ മരണകാരണം "അജ്ഞാതം" എന്ന വിധിയില്‍ കേസിന്റെ മൂന്നാം കൊറോണര്‍ ഇന്‍ക്വെസ്റ്റ് അവസാനിച്ചു.
പിന്നീട് 2012 ജൂണ്‍ മാസം 12 ആം തീയതി വന്ന നാലാം കൊറോണര്‍ ഇന്‍ക്വെസ്റ്റ് വിധി മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറവും രാജ്യം ചര്‍ച്ചചെയ്യുന്ന "The Most Controversial Case" നു തിരശീലയിട്ടു.അസാറിയയുടെ മരണം കാട്ടുനായയുടെ ആക്രമണത്താലാണെന്ന് കോലൊടിച്ചിട്ടുകൊണ്ട് കോടതി സമ്മതിച്ചു...!!!!
സിനിമ
========
ലോകപ്രശസ്തമായ അസാറിയ മര്‍ഡര്‍ കേസിനെ ആധാരമാക്കി ഫ്രെഡ് ഷെപ്പീസിയുടെ സംവിധാനമികവില്‍ മെറില്‍ സ്ട്രീപ്,സാം നീല്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി പുറത്തിറങ്ങിയ ചിത്രമാണ് A Cry in the Dark.യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം ലിന്‍ഡിയുടെ കണ്ണുകളിലൂടെ കഥപറയുന്നു.സമൂഹമാഗ്രഹിക്കുന്ന Stereotipic നാരീരത്നമാകാതെ തനിക്കു നേരിടേണ്ടി വന്ന ദുര്യോഗത്തെ തികച്ചും പ്രാക്ടിക്കലായി നോക്കിക്കണ്ട ലിന്‍ഡി എന്ന അമ്മയോടുള്ള സമൂഹത്തിന്റെ സമീപനം എപ്രകാരം പരിണാമമേറ്റുവാങ്ങിയെന്നു ചിത്രം അടിവരയിടുന്നു.
കടിഞ്ഞാണില്ലാത്ത മാധ്യമങ്ങളുടെ സ്വാധീനം നീതിന്യായ വ്യവസ്ഥിതിയെപ്പോലും പ്രതികൂലമായി സ്വാധീനിക്കുമെന്ന് ചിത്രം വിളിച്ചു പറയുന്നു.മകളെ നഷ്ടപ്പെട്ട ഒരമ്മയെ അഴിക്കുള്ളിലാക്കാന്‍ കോപ്പുകൂട്ടിയ നെറികെട്ട മാധ്യമധര്‍മത്തെയും,വര്‍ഗീയമായി ഏതൊരു വിഷയത്തെയും സമീപിക്കുന്ന യാഥാസ്ഥികവാദികളായ സിംഹഭാഗം ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങളെയും തുറന്നു കാട്ടുന്ന ചിത്രത്തിന്റെ രാഷ്ട്രീയം ഇന്നിന്റെ സാമൂഹികവ്യവസ്ഥിതിയോടും കൂട്ടിവായിക്കാവുന്നതാണ്.
വാര്‍ത്തയെന്നാല്‍ സത്യമെന്നല്ല എന്നു വാദിക്കുമ്പോഴും നാം വിശ്വസിക്കുന്ന സത്യങ്ങള്‍ വാര്‍ത്തകള്‍ തന്നെയാണ്.കിടക്കയില്‍ നിന്നു നെരേയോടി പത്രം തുറക്കുന്ന ഓരോ വായനക്കാരന്റെയും,ടിവിയിലെ എണ്ണിയാലൊടുങ്ങാത്ത ചാനലുകള്‍ക്ക് സാക്ഷിയാകുന്ന ഓരോ പ്രേക്ഷകന്റെയും വിശ്വാസമാണ് ഓരോ പത്രപ്രവര്‍ത്തകന്റെയും അന്നം.സത്യത്തിന്റെ നേര്‍ക്കു തുറന്നുപിടിച്ച കണ്ണാടിയാണു മാധ്യമങ്ങളെന്ന വസ്തുത കേവലം ടാഗ് ലൈനുകള്‍ മാത്രമൊതുങ്ങിപോകാതിരിക്കട്ടെ....!!!
“A good newspaper, I suppose, is a nation talking to itself.”
— Arthur Miller
കൂടുതൽ വായനയ്ക്ക് ചുവടെയുള്ള ഹാഷ് ടാഗുകളൊ ബ്ലോഗ് ലിങ്കോ സന്ദർശിക്കുക...

Friday, April 6, 2018

Communist Interpretation in Munnariyipp-Part 2

മുന്നറിയിപ്പും വിപ്ലവവും
The revolution is not an apple that falls when it is ripe. You have to make it fall.
- Che Guevara 




🔼
പ്രാകൃത കമ്യൂണിസം എന്നത് മനുഷ്യ സമൂഹത്തിന്റെ പ്രാരംഭഘട്ടമാണ്. ഭക്ഷണം ശേഖരിച്ച് അന്നന്നത്തെ ഭക്ഷണം അന്നന്ന് തന്നെ കണ്ടെത്തിയിരുന്ന ഈ മനുഷ്യർക്കിടയിൽ സമത്വം നിലനിന്നിരുന്നു. സ്വകാര്യ സ്വത്തിന്റെ അസാന്നിദ്ധ്യമായിരുന്നു ഈ സമൂഹത്തിന്റെ പ്രത്യേകത.ഇന്നിന്റെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ വിഭാവനംചെയ്യുന്ന വര്‍ഗരഹിതമായൊരു സാമൂഹികവ്യവസ്ഥിതിയോടു കൂട്ടികെട്ടാവുന്ന പ്രാകൃതമനുഷ്യന്റെ ജീവിതചര്യ കൈമോശം വന്നുതുടങ്ങിയത് കൃഷിയുടെയും കൂട്ടായ വാസത്തിന്റെയും ആരംഭത്തോടെയാണ്.ഇതിന്റെ പാരമ്യതയിൽ കൃഷിയോഗ്യമായ ഭൂമി ചിലരുടെമാത്രം ഉടമസ്ഥതയിൽ ആവുകയും, മറ്റുള്ളവർ അവരുടെ അടിമകളായിത്തീരുകയും ചെയ്തു.അടിമത്തവ്യവസ്ഥിതി സൃഷ്‌ടിച്ച പാരതന്ത്ര്യവും വേതന-അസമത്വവും വിയര്‍പ്പൊഴുക്കുന്ന തൊഴിലാളിലെ പുരോഗമനചിന്തകളിലേക്ക് വഴിതെളിച്ചു.സമത്വമെന്ന ആശയത്തെ അവന്‍ സ്വപനംകണ്ടു. മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കുള്ള മാറ്റം അനിവാര്യമാണെങ്കിലും, സർവ്വശക്തമായ മുതലാളിത്തം അതിനെ ചെറുക്കാൻ സകലവിധ നീക്കങ്ങളും നടത്തുമെന്നും അതിനാൽ സായുധ വിപ്ലവം പോലുള്ള മാർഗ്ഗങ്ങളും ഇതിനായി അവലംബിക്കേണ്ടി വരുമെന്നുമുള്ള മാർക്സിസ്റ്റു തത്വചിന്തകളില്‍ തൊഴിലാളി കണ്ടത് പുത്തനൊരാശയത്തെയാണ്.വേതനത്തിനായും സമത്വതിനായുമുള്ള തൊഴിലാളിയുടെ വിപ്ലവങ്ങള്‍ അവനു നല്‍കിയ തിരിച്ചറിവുകള്‍ അനേകമായിരുന്നു.പ്രഭുക്കന്മാരുടെ ആജ്ഞാനുവര്‍ത്തികളായി ജീവിതമവസാനിപ്പിച്ചപ്പോള്‍ തങ്ങളുടെ മുന്‍ഗാമികള്‍ നഷ്ടപ്പെടുത്തിയ ശോഭനമായൊരു ജീവിതത്തെയോര്‍ത്തു സഹതാപംകൊണ്ട് ഇന്നിന്റെ തൊഴിലാളി ഉറ്റുനോക്കിയത് ഒരു ദേശത്തിന്റെയോ രാജ്യത്തിന്റെയോ ശോഭനമായ ഭാവിയെപ്പറ്റി മാത്രമായിരുന്നില്ല,അത് സര്‍വലോകസമത്വമായിരുന്നു.അധ്വാനിക്കുന്നവന്റെ വിയര്‍പ്പിന്റെ വിലയ്ക്ക് കണക്കുചോദിക്കാന്‍ ഇറങ്ങിപുറപ്പെട്ടവര്‍ അനേകം തത്വശാസ്ത്രങ്ങള്‍ സ്വയം രൂപപ്പെടുത്തി സായുധവിപ്ലവിത്തിനൊരുങ്ങുമ്പോഴും അവന്റെയുള്ളില്‍ ജ്വലിച്ചു നിന്നത് സമത്വം,സ്വാതന്ത്ര്യം !!!
തൊഴിലാളികളെ സംഘടിപ്പിച്ച്, ബോൾഷെവിക് പാർട്ടിയുടെ നേതൃത്വത്തിൽ വിപ്ലവം നടത്തിയ ലെനിന്‍ എന്ന മുന്നണിപോരാളി മഹത്തായ ഒക്ടോബര്‍ വിപ്ലവത്തില്‍ നാടുനീക്കിയത് സാര്‍ ചക്രവര്‍ത്തിമാരുടെ അധീശത്വത്തെ മാത്രമായിരുന്നില്ല,അനേകായിരം തൊഴിലാളികളുടെ വര്‍ഷങ്ങളുടെ യാതനയെയുംകൂടിയാണ്.അടിമത്തവ്യവസ്ഥിതിയില്‍നിന്നുമൊരു മോചനത്തിനായി വിപ്ലവമെന്ന ആശയം തൊഴിലാളിയില്‍ വേരുറച്ചത് കേവലമൊരു ദിവസം കൊണ്ടോ ആഴ്ചകൊണ്ടോ ആയിരുന്നില്ല.പലപ്പോഴും സായുധവിപ്ലവമെന്നത് തൊഴിലാളിക്ക് ഏറെ അകലെയാണെന്നൊരു വിശ്വാസമുണ്ടായ കാരണത്താല്‍ പലപ്പോഴും ഒരു പിന്‍വലിവ് നേരിട്ടിരുന്നു തൊഴിലാളികള്‍.എന്നാല്‍ പിന്നീട് സോഷ്യലിസം എന്ന ആശയത്തോടുള്ള വ്യക്തമായ ധാരണയാണ് സായുധവിപ്ലവമെന്ന ഒരു നിഗമനത്തിലേക്ക് തൊഴിലാളിയെ നയിച്ചത്.
മഹത്തായ ആശയത്തെ സിനിമാവത്കരിക്കപ്പെട്ടപ്പോള്‍ പ്രേക്ഷകപ്രശംസ നേടിയ സൃഷ്ടികളെ ഇന്നും നാമേവരും ഓര്‍മയില്‍ സൂക്ഷിക്കുന്നുണ്ടാകാം.ഇക്കൂട്ടത്തില്‍ പരോക്ഷമായി കമ്മ്യൂണിസം എന്ന ആശയത്തെ സാധൂകരിക്കുന്നൊരു ചിത്രമാണ് 'മുന്നറിയിപ്പെ'ന്നു മുന്‍പൊരു പോസ്റ്റില്‍ ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു.വ്യക്തമായൊരു വ്യാഖ്യാനം, ചിത്രം കമ്മ്യൂണിസ്റ്റ്‌ ആശയത്തിനു നല്‍കുന്നുണ്ട്.രാഘവന്‍ എന്ന വ്യക്തിയെ സ്വാതന്ത്ര്യലബ്ദിയ്ക്കായി നിലകൊള്ളുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ അപ്പോസ്തലനായും അതെ സമയം മറ്റൊരു വശത്ത് മുതലാളിത്തവ്യവസ്ഥിതിയില്‍ പെട്ടുഴറുന്ന തൊഴിലാളിവര്‍ഗത്തെ അഞ്ജലിയും പ്രതിനിധീകരിക്കുന്നുണ്ട്.എന്നാല്‍ നിലനിൽക്കുന്ന അധികാരികൾക്കെതിരായി ജനങ്ങൾ ഉയിർത്തെഴുന്നേൽക്കുന്നതിലൂടെ താരതമ്യേന ചെറിയ കാലയളവിൽ രാഷ്ട്രീയാധികാരത്തിൽ അഥവാ അധികാരഘടനയിൽ ഉണ്ടാകുന്ന അടിസ്ഥാനപരമായ 'വിപ്ലവ'മെന്ന ആശയത്തെ വളരെ സ്പഷ്ടമായി ചിത്രം സമീപിക്കുന്നുണ്ട്.എപ്രകാരമെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഈ പോസ്റ്റ്‌ വഴി...
【 'മുന്നറിയിപ്പും കമ്മ്യൂണിസവും' എന്ന എന്റെ തന്നെ പോസ്റ്റിലെ ചില വസ്തുതകള്‍ ചുവടെ ചേര്‍ക്കുന്നു 】
🔷 "പുതിയ ജീവിതം പഴേ ജീവിതം അങ്ങനെയോക്കെയുണ്ടോ ? നമുക്കാകെ ഒറ്റ ജീവിതമല്ലേ ഉള്ളു"
തന്റെ ജീവിതത്തില്‍ ഒരു പുതുമ അല്ലെങ്കില്‍ വഴിത്തിരിവുകള്‍ സാധ്യമല്ല അല്ലെങ്കില്‍ അതിനു താല്‍പ്പര്യമില്ല എന്ന് വിശ്വസിക്കുന്നയാളാണ് രാഘവന്‍.മുതലാളിത്തവ്യവസ്ഥിതിയില്‍ പെട്ടുപോകുന്ന സാധാരണക്കാരന്റെ അവസ്ഥയും ഇത് തന്നെയാണ്.പിന്നീട് "നമ്മുടെ വര്‍ത്തമാനം മാത്രമല്ല ചിന്തകളും പിടിക്കുന്ന യന്ത്രമാണോ ?" എന്ന് recorder നോക്കിക്കൊണ്ട് സംസാരിക്കുന്ന രാഘവന്‍ തന്നിലെ വ്യാകുലതകളുടെ താക്ക്കോല്‍ അവിടെ അഴിക്കാന്‍ ശ്രമിക്കുന്നുണ്ട്.വിപ്ലവാത്മകമായ ചിന്താഗതിയുടെ തീക്കനല്‍ വീഴ്ത്തിയ കമ്മ്യൂണിസം എന്ന തത്വശാസ്ത്രത്തില്‍ സാധാരണക്കാരായ ജനങ്ങളിലെ വിശ്വാസം ഇവിടെ 'മുന്നറിയിപ്പ്' വരച്ചു കാട്ടുന്നു.തങ്ങളുടെ വിപ്ലവചിന്തകള്‍ മുതലാളിമാരില്‍ എത്തുന്നുണ്ടോ എന്ന സാധാരണക്കാരന്റെ വ്യാകുലതകള്‍ രാഘവനിലൂടെ സംവിധായകന്‍ പ്രകടിപ്പിക്കുന്നുണ്ട്.
🔷 "കണ്ണാടിയില്‍ നോക്കുമ്പോള്‍ എന്റെ പ്രതിബിംബം എന്നെ തന്നെ നോക്കി അവിടെ നില്‍ക്കുന്നു,കണ്ണാടി വിട്ടു ഞാന്‍ പോരുമ്പോഴും അതവിടെത്തന്നെ നില്‍ക്കുമോ,അതോ എന്റെ കൂടെ പോരുമോ ?"
സാധാരണക്കാരന്റെ വ്യാകുലതകളുടെ രണ്ടാം അദ്ധ്യായം ഇവിടെ തുടങ്ങുന്നു.തങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നു എന്ന് സമര്‍ധിക്കുന്ന കമ്മ്യൂണിസ്റ്റ്‌ നേതാക്കളോടുള്ള വിശ്വാസ്യതയിലെ ഏറ്റക്കുറവു ഇവിടെ സ്ഫുരിക്കുന്നു.എന്നോടൊപ്പം ഉണ്ടെന്ന ഞാന്‍ വിശ്വസിക്കുന്ന പ്രതിബിംബത്തെ പോലെയാണ് കമ്മ്യൂണിസം,അത് എന്നോടൊപ്പം ഞാന്‍ കാണുമ്പോഴെല്ലാം കൂടെയുണ്ട്.ഞാന്‍ കാണാത്ത നേരത്ത് അതിന്റെ ചെയ്തികള്‍ എനിക്ക് അജ്ഞാതമാണ്.തന്നോടൊപ്പം നില്‍ക്കുന്ന പ്രസ്ഥാനത്തിന്റെ പരിമിതികളിലുള്ള തിരിച്ചറിവും മുതലാളിമാരുടെ ശക്തിസ്രോതസ്സുകളിലുള്ള ഭയവും സാധാരണക്കാരില്‍ ഇങ്ങനെയൊരു ആകുലത സൃഷ്ടിച്ചതില്‍ തെറ്റു പറയാന്‍ കഴിയില്ലെന്ന് 'മുന്നറിയിപ്പ്' പറയാതെ പറയുന്നു.
ജയിലിലെ രാഘവന്‍ സമ്മര്‍ദ്ദങ്ങള്‍ക്കതീതനല്ല,അവിടെ അയാളുടെ ബൗദ്ധീകമണ്ഡലം ക്രമമായും ചിട്ടയോടും ജോലി ചെയ്യുമ്പോള്‍ രാഘവന്റെ ചിന്തകളും വീക്ഷണങ്ങളും പകര്‍ത്തുവാന്‍ അയാള്‍ക്ക് മടിയേതുമില്ല.എന്നാല്‍ അഞ്ജലിയുടെ സമ്മര്‍ദ്ദത്താല്‍ അയാളുടെ ബൗദ്ധീകമണ്ഡലം ക്രമരഹിതമാകുകയും ചിന്തകള്‍ക്ക് വേഗത നഷ്ടപ്പെടുകയും ചെയ്യുന്നു.താന്‍ ആവശ്യപ്പെടുന്ന അന്തരീക്ഷം സൃഷ്ടിക്കുവാനോ തന്നെ സമ്മര്‍ദ്ദവിമുക്തനാക്കാനോ അഞ്ജലി ഒന്നും തന്നെ ചെയ്യുന്നില്ലെന്നു രാഘവൻ ബോധവാനാകുന്നുണ്ട്.ഇത് അഞ്ജലിയുടെ തന്നെ വിനാശത്തിനു കാരണമാകുകയാണ് ചിത്രത്തില്‍.സാധാരണക്കാരനായ തൊഴിലാളിയും രാഘവന് സമനാണ്.ജോലികള്‍ ആയാസരഹിതമായും സമ്മര്‍ദ്ദവിമുക്തമായും ചെയ്യുമ്പോളാണ് ഒരുവന്‍ മാനസികമായി സന്തുഷ്ടനാകുന്നതും അയാള്‍ക്ക്‌ അതിന്റെ ഫലം ലഭിക്കുന്നതും.എന്നാല്‍ താന്‍ അര്‍ക്കിക്കുന്ന വേതനം ലഭിക്കാതെ മറ്റൊരുവനുവേണ്ടി സമയബന്ധിതമായി ജോലി ചെയ്യേണ്ടി വരുമ്പോള്‍ ഏതൊരാളും തന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാനിറങ്ങാം.ഇത് മുതലാളിത്ത വ്യവസ്ഥിതിയുടെ പോലും ഉന്മൂലനത്തിനു കാരണമാകാം.ഇവിടെ വിപ്ലവം എന്ന തത്വം സാധാരണക്കാരന് പകര്‍ന്നു നല്‍കുന്നത് കമ്മ്യൂണിസമാണെങ്കില്‍ രാഘവന് അത് പകരുന്നത് സ്വന്തം ചിന്തകളാണ്.
🔷 താന്‍ ജയിലില്‍ വച്ച് സ്വരുക്കൂട്ടിയ പണം അഞ്ജലിയുടെ കൈയില്‍ തന്നെ വയ്ക്കുവാന്‍ രാഘവന്‍ പറയുമ്പോള്‍ അത് അയാളിലെ വിധേയത്വമാണ് സൂചിപ്പിക്കുന്നത്.താന്‍ കഷ്ടപ്പെട്ട് സ്വരുക്കൂട്ടുന്ന പണം മുതലാളിമാര്‍ക്ക് നല്‍കാന്‍ വിധിക്കപ്പെടുന്ന സാധാരണക്കാരനായ തൊഴിലാളിയുടെ Symbolic Notation ആണിവിടെ രാഘവന്‍.ജയിലിന് സമാനമായി ഇരുംബഴികല്‍ക്കിടയിലൂടെ നോക്കുന്ന രാഘവനും,ജയിലഴികള്‍ പോലെ തോന്നിക്കുന്ന തെങ്ങുകള്‍ക്കിടയിലെ വീട്ടില്‍ കഴിയേണ്ടി വരുന്ന രാഘവനുമൊക്കെ ഇത്തരം Symbolic Notations ന്റെ ഉദാഹരണങ്ങളാണ്.
🔷 എന്നാല്‍ രാഘവനെന്ന കമ്മ്യൂണിസ്റ്റ്‌ അഥവാ തൊഴിലാളി മാനിഫെസ്റ്റേഷന്‍ എപ്രകാരമാണ് സായുധവിപ്ലവമെന്ന ആശയത്തിലേക്ക് നടന്നടുക്കുന്നത് ? അഞ്ജലിയുടെ മരണം പ്രീ പ്ലാന്‍ ചെയ്യപ്പെട്ട ഒന്നാണോ ?
 അല്ലെന്നാണ് എന്റെ പക്ഷം.അതിനായി ചിത്രത്തിലേക്ക് തന്നെ തിരിച്ചുവരാം....
കായല്‍ക്കരയിലെ ഒറ്റപ്പെട്ട വീട്ടിന്റെ ചുറ്റുവട്ടത്തു ഉലാത്തുന്ന രാഘവന്‍ ഒരു വടിയെടുക്കുന്നതും,പിന്നീടത്‌ അത് ഉപയോഗശൂന്യമെന്ന മട്ടില്‍ മാറ്റിയിടുന്നതുമായ രംഗം കാണാം.ചെന്നു വീഴുന്ന വടിയുടെ ശബ്ദംകൊണ്ടു അതൊരു ഇരുമ്പ് കമ്പിയാണെന്നു വ്യക്തമാകുന്നുണ്ട്.ഒന്നുകൂടി വ്യക്തമായി അതിനെ വീക്ഷിച്ചാല്‍ മുന്‍ഭാഗം ഉന്തിനില്‍ക്കുന്ന തരത്തിലുള്ള ഘടനയാണ് അതിനുള്ളതെന്നും മനസിലാക്കാം.അങ്ങനെ ഇതേ വടി കൊണ്ടുതന്നെയാണ് രാഘവന്‍ അഞ്ജലിയെ കൊലപ്പെടുതുന്നതും.
ഇവിടെ രാഘവന്‍ എന്ന വ്യക്തി സംശയാലുവാണ്.സ്വന്തം സ്വാതന്ത്ര്യം ഹനിക്കപ്പെട്ട അവസ്ഥയില്‍ നിന്നെങ്ങനെ രക്ഷ നെടണമെന്ന്‍ അയാള്‍ക്ക് ഉറപ്പില്ല.ഹിംസ ഒരു നല്ല ഓപ്ഷനാണോയെന്നതും അയാള്‍ക്ക് വ്യക്തമല്ല.ആയ കാരണത്താലാണ് ആദ്യം ഇരുമ്പുവടി ഉപേക്ഷിക്കുവാന്‍ അയാള്‍ക്ക് തോന്നിയത്.എന്നാല്‍ പിന്നീട് അതേ വടി ഉപയോഗിച്ചു തന്നെ അഞ്ജലി കൊലചെയ്യപ്പെടുന്നതാണ് നാം കാണുന്നത്.അറിവില്ലാത്ത, സംശയാലുക്കളായ സാധാരണ തൊഴിലാളി വര്‍ഗം ആദ്യ കാലങ്ങളില്‍ സായുധവിപ്ലവമെന്ന ആശയത്തോട് കാട്ടിയ വൈമുഖ്യമാണ് രാഘവന്‍ വടി ഉപേക്ഷിക്കുന്നത് വഴി വരച്ചുകാട്ടുന്നത്.എന്നാല്‍ സായുധവിപ്ലവമാകുന്ന അതേ ഇരുമ്പുവടി തന്നെയാണ് തന്റെ സ്വാതന്ത്ര്യവും അവകാശങ്ങളും തിരികെ നല്‍കാന്‍ പോന്നതെന്ന തിരിച്ചറിവാണ് തൊഴിലാളികളെക്കൊണ്ടും രാഘവനെക്കൊണ്ടും വടിയെടുപ്പിച്ചത്.അതൊരു മഹത്തായ തിരിച്ചറിവായിരുന്നു,സ്വാതന്ത്ര്യമെന്ന മഹത്തായ ആശയത്തിലുള്ള തിരിച്ചറിവ്.....
എന്റെ യുക്തിക്ക് തോന്നിയ വ്യാഖ്യാനങ്ങള്‍ മാത്രമാണ് ഇവിടെ നിരത്തിയിരിക്കുന്നത്.ഓരോ പ്രേക്ഷകനും ചിന്തയുടെ പറുദീസ തുറന്നു നല്‍കുന്ന ചിത്രത്തില്‍ ഏവരുടെയും ചിന്തകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും പ്രാധാന്യം ഏറെയാണ്‌.ഒന്‍പതു ഭാഗങ്ങളിലായി ചിട്ടപ്പെടുത്തിയ 'മുന്നറിയിപ്പ്' പരമ്പരയുടെ തുടര്‍ച്ചയെന്നോണം ഈ അഭിപ്രായപ്രകടനത്തെ സമീപിക്കുക.
(പരമ്പരയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കുവാനായി ഈ ഹാഷ് ടാഗുകള്‍ ഉപയോഗിക്കുക)
കൂടുതൽ വായനയ്ക്ക് : rhshyanil.blogspot.com )

Monday, March 19, 2018

The Wailing - Korean movie Revealed in Malayalam

വ്യാഖ്യാനനിപുണരായ പ്രേക്ഷകർക്ക് പുതുമാനം ചമച്ച കൊറിയൻ ചലച്ചിത്രാവിഷ്കാരം®
===================================================================

The magician takes the ordinary something and makes it do something extraordinary. Now you're looking for the secret... but you won't find it, because of course you're not really looking. You don't really want to know. You want to be fooled.

- The Prestige - Movie ■


ആത്മവിശ്വാസത്തിന്റെ 150 മിനുട്ടുകള്‍ ദൈര്‍ഖ്യമുള്ള ഒരു ജാലവിദ്യ ലക്ഷോപലക്ഷം കാണികള്‍ക്കുമുന്നില്‍ അവതരിപ്പിക്കപ്പെടുകയാണ്.എന്ത് ? എങ്ങനെ ? എപ്പോള്‍ ? എവിടെ ?.....ഒട്ടനേകം ചോദ്യങ്ങള്‍ അവശേഷിപ്പിച്ച പ്രദര്‍ശനം അതിന്റെ പാരമ്യതയിലെത്തിയത് ക്ഷണനേരംകൊണ്ടായിരുന്നില്ല.സിംഹഭാഗം കാഴ്ചക്കാരും തങ്ങള്‍ വ്യാഖ്യാനനിപുണരെന്നു സ്വയം കല്‍പ്പിച്ചു പ്രദര്‍ശനശാലയ്ക്ക് പുറത്തെ തങ്ങളുടെ നിത്യജീവിതത്തിന്റെ തുടര്‍ച്ചയിലേക്ക് ഒഴുക്കിനൊത്തു നീന്തി കൂരകളിലഭയം പ്രാപിച്ചപ്പോഴും, തങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സൃഷ്ടിയുടെ ആത്മാവ് തൊട്ടറിയുവാനിറങ്ങിപുറപ്പെട്ട ഒരുപറ്റം ഇരുകാലികള്‍ ചോദ്യങ്ങള്‍ക്ക് പിന്നാലെ പ്രദക്ഷിണംവച്ചുകൊണ്ടേയിരുന്നു.




അപ്പോഴും ബാക്കിയാക്കിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മാന്ത്രികന്‍ എങ്ങോട്ടോ മറയുന്ന കാഴ്ച അവ്യക്തമെങ്കിലും ദൃശ്യമായിരുന്നു മാന്ത്രികന്റെ നാമം Hong jin Na.പ്രദര്‍ശനത്തിന്റെ പേര് Gok Seong അഥവാ The Wailing.2016-മാണ്ടില്‍ കൊറിയന്‍ ജനതയ്ക്ക് മുന്നില്‍ സിനിമയെന്ന നൂതനരൂപത്തില്‍ അദ്ദേഹം തന്റെ പ്രദര്‍ശനം നടത്തുകയുണ്ടായി.ത്രില്ലര്‍ ശ്രേണിയില്‍ താന്‍ നല്‍കിയ അതിഗംഭീര സംഭാവനകള്‍ക്കിപ്പുറം തന്റെ മൂന്നാം സംവിധാനസംരംഭത്തിലേക്ക് കടന്ന ഹോങ്ങ് ഒരു ജാലവിദ്യയ്ക്ക് കോപ്പു കൂട്ടിയാണ് The Wailing നെ വെള്ളിത്തിരയിലവതരിപ്പിച്ചത്.അന്നോളം കൊറിയന്‍ ത്രില്ലര്‍ ആരാധകര്‍ കണ്ടു തീര്‍ത്ത മാസ്മരിക സൃഷ്ടികള്‍ ചെലുത്തിയ സമ്മര്‍ദ്ദത്തെ ഉള്‍ക്കൊള്ളുവാനും, മറികടക്കുവാനും സംവിധായകന്‍ പ്രാപ്തനായതിന്റെ ബാക്കിപത്രമായി വേണം The Wailing നെ നോക്കിക്കാണാന്‍.ഗംഭീരം,അതിമനോഹരം എന്നെല്ലാം വര്‍ണിക്കുമ്പോഴും പ്രേക്ഷകന്‍ തൃപ്തനായിരുന്നുവോ? അവരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അവരുടെ തന്നെ ബോധമണ്ഡലം സൃഷ്ടിക്കുന്നതാണെന്ന്‍ പ്രത്യക്ഷമായി പറയുമ്പോഴും മേല്‍പറഞ്ഞ പ്രകാരം കാഴ്ചക്കാരന്റെ കൌതുകം ഒരു പ്രഹസനം മാത്രമാണെന്ന്‍ പരോക്ഷമായി പറഞ്ഞവസാനിപ്പിചിരിക്കാം പ്രീയ മാന്ത്രികന്‍ Hong.

പുനര്‍ചിന്തനങ്ങള്‍ക്ക് വെടിക്കോപ്പ് കൂട്ടുന്ന സഹൃദയരായ പ്രേക്ഷകര്‍ക്ക്‌ ആവോളം വിഭവങ്ങളൊരുക്കിയാണ് The Wailing തിരശ്ശീലയ്ക്കുപിന്നിലൊളിക്കുന്നത്.നന്മ-തിന്മകളുടെ അതിര്‍വരമ്പുകളിന്മേല്‍ കൂടുകൂട്ടുന്ന ചിത്രത്തിന്റെ കഥാപശ്ചാത്തലം മനുഷ്യന്റെ കേവലവികാരങ്ങളിന്മേല്‍ ചെലുത്തുന്ന സ്വാധീനമേറെയാണ്‌.ഹൊറര്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുവാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടുകൂടിയും തികച്ചും വ്യത്യസ്തമായൊരാഖ്യാന ശൈലി സ്വീകരിച്ച സംവിധായകന്‍ കഥാപാത്രരൂപികരണത്തിലാണ് ഏറെ ശ്രദ്ധ ചെലുത്തിയതെന്ന്‍ തോന്നുന്നു.Male chauvinism പ്രകടിപ്പിക്കുന്ന അലസനായ ഉത്തരവാദിത്വബോധമില്ലാത്ത കഥാനായകനും,തന്റെ സംശയങ്ങള്‍ അധികമായി പങ്കുവയ്ക്കാന്‍ താല്പ്പര്യപെടാത്ത പുരോഹിതസഹായിയും,മാതാപിതാക്കളുടെ ലൈംഗീകവേഴ്ചയെപ്പോലും പക്വതയോടെ കാണുവാന്‍ പ്രാപ്തിയുള്ള ബാലികയും,പിശാചെന്നു നാട്ടാരും പ്രേക്ഷകനും വിശ്വസിക്കുമ്പോഴും പേടിയും സങ്കടവും ഉള്ളിലൊതുക്കാന്‍ വിധിക്കപ്പെട്ട ജപ്പാന്‍കാരനുമെല്ലാം ഇത്തരം അതിഗംഭീരകഥാപാത്രസൃഷ്ടികള്‍ക്ക് ഉദാഹരണങ്ങളാകുന്നു.എന്നാല്‍ എവിടെയാണ് The Wailing വേറിട്ട്‌ നില്‍ക്കുന്നത് ? വിശുദ്ധ ബൈബിളുമായി ചിത്രത്തിനുള്ള അഭേദ്യമായ ബന്ധമോ,മനുഷ്യോത്പത്തിയോടുള്ള പരോക്ഷമായ സമീപനമോ,നന്മ-തിന്മകളുടെ വര്‍ഗീകരണം സൃഷ്ടിക്കുന്ന കഥാപശ്ചാത്തലത്തിലെ സങ്കീര്‍ണതയോ ആകാമത്.Goksung പ്രവിശ്യയിലെ കൊലപാതകങ്ങള്‍ക്ക് പിന്നിലെ മൂലകാരണം ആരെന്ന ചോദ്യമാണ് ഏറെ പ്രേക്ഷകര്‍ക്കും വിലങ്ങുതടിയായി അവശേഷിച്ചതെന്നു വിശ്വസിച്ചുകൊണ്ട് ആദ്യം തന്നെ അതിനൊരുത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഈ പോസ്റ്റ്‌ വഴി....

★  Film in a brief ( Spoilers Ahead )
----------------------------------------------

( Please go through the first comment for character clarification )

ദക്ഷിണകൊറിയയിലെ ജനസാന്ദ്രത കുറഞ്ഞ Goksung പ്രവിശ്യയിലെ ഒരു ഗ്രാമത്തിനടുത്തെ മലമുകളില്‍ ഒരു ജപ്പാന്‍കാരന്‍ കുടിയേറിപാര്‍ക്കുന്നു.ശേഷം അപരിചിതമായ വ്യാധി ഗ്രാമത്തിലുടലെടുക്കുന്നു.പരസ്പരബന്ധമില്ലാതെ പെരുമാറുക,അക്രമാസക്തരാകുക,തൊലിപ്പുറം ചൊറിഞ്ഞു തടുക്കുക,എല്ലുകളുടെ ശക്തി നഷ്ടപ്പെടുക തുടങ്ങി ഒട്ടനേകം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി.എന്നാല്‍ ഏറ്റവും ദാരുണമായ പരിസമാപ്തി കാത്തിരുന്നത് രോഗികളെയായിരുന്നില്ല എന്നതാണ് അങ്ങേയറ്റം വിചിത്രമായി കാണപ്പെട്ട വസ്തുത.രോഗികളാല്‍ തന്നെ അതിക്രൂരമായി അവരുടെ ബന്ധുജനങ്ങള്‍ കൊലചെയ്യപ്പെടുന്നു.അതിഥിയായി തങ്ങളുടെ ഗ്രാമത്തിലേക്ക് കാലെടുത്തുവച്ച 'പ്രേത'മായ ജപ്പാന്‍കാരനാണ് ഇക്കണ്ട നരഹത്യകളുടെയെല്ലാം അപ്പോസ്തലനെന്ന വിശ്വാസം യാഥാസ്തിതികരായ നാട്ടുകാരില്‍ ഉടലെടുത്തത് സ്വാഭാവികമെന്നേ പറയേണ്ടു.കൊലപാതകപരമ്പരകളുടെ അന്വേഷകനായി Jong-goo വും അദ്ധേഹത്തിന്റെ ഡെപ്പ്യുട്ടി Oh Sung-bok എത്തുന്നു.Jong-goo വാണ് നമ്മുടെ പ്രീയങ്കരനായ കഥാനായകന്‍.


കേസന്വേഷണത്തിനിടയില്‍ Moo-myeong എന്ന യുവതിയെ Jong കണ്ടുമുട്ടുകയും കൊലപാതകത്തിന് സാക്ഷിയായ താന്‍ ജപ്പാന്‍കാരനായ മനുഷ്യന്‍ ഭീകരരൂപം പ്രാപിക്കുന്നത് കണ്ടിട്ടുണ്ടെന്നും കൊലപാതകങ്ങളുടെ മൂലകാരണം അന്വേഷിച്ചു മറ്റെങ്ങും പോകേണ്ടതില്ലെന്നും Jong നെ ബോധ്യപ്പെടുത്തുന്നു.അതെ ദിവസം രാത്രി നഗ്നയായ ഒരു സ്ത്രീയെ Jong ഉം Oh Sung ഉം തങ്ങളുടെ ഓഫീസ് സമുച്ഛയത്തിനു മുന്നില്‍ കാണുകയും ശേഷം അവള്‍ മേല്‍പ്പറഞ്ഞ പ്രകാരം നടന്ന ഒരു കൂട്ടക്കൊലയിലെ പ്രതിയാണെന്നും Jong മനസ്സിലാക്കുന്നു.തുടര്‍ന്ന് ജപ്പാന്‍കാരനെ അന്വേഷിച്ചു അയാളുടെ വീട്ടിലെത്തുന്ന അന്വേഷകരും ജപ്പാന്‍ Translator ആയ പുരോഹിതസഹായിയും കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും ആഭിചാരസജ്ജീകരണങ്ങളും അവിടെ കാണുന്നു.പേടിച്ചരണ്ട Oh Sung അവിടെ നിന്നും ലഭിച്ച Jong ന്റെ മകള്‍ Hyo-jin ന്റെ ഷൂ Jong നു കൈമാറുന്നു.തന്റെ മകള്‍ക്കും ഇതുവഴി രോഗം പിടിപെട്ടേക്കാം എന്ന് കരുതുന്ന ആ പിതാവ് തിരിച്ചു വീട്ടിലെത്തിയപ്പോഴേക്കും മകള്‍ രോഗലക്ഷണങ്ങള്‍ കാട്ടിതുടങ്ങിയിരുന്നു.ബാധയെ ഒഴിവാക്കാന്‍ അവര്‍ Il-gwang എന്ന ഷാമനെ ( ആത്മാക്കാളുമായി സമ്പര്‍ക്കം പുലര്‍ത്തുവാനും ക്രീയകളാല്‍ അവരെ ബന്ധിക്കുവാനും കെല്‍പ്പുള്ള മന്ത്രവാദികളാണു ഷാമന്‍മാര്‍ ) കൊണ്ടുവരുന്നു.അദ്ദേഹം ആഭിചാരത്തിലൂടെ തന്നെ മകളെ പൂര്‍വസ്ഥിതിയിലെത്തിക്കാമെന്നു Jong ഉറപ്പു നല്‍കുന്നു.മലമുകളിലെ ജപ്പാന്‍കാരന്‍ ഒരു പ്രേതമാണെന്നും,അയാള്‍ ഗ്രാമത്തിലെ എല്ലാവരെയും കൊലപ്പെടുത്തുമെന്നും Il-gwang,Jong നോട് പറയുന്നു.അങ്ങനെ ഷാമന്റെ നിര്‍ദേശപ്രകാരം ആഭിചാരസജ്ജീകരണങ്ങള്‍ Jong തയ്യാറാക്കി നല്‍കുകയും ക്രീയകള്‍ക്ക് എല്ലാ വിധ പിന്തുണയും ഉറപ്പു നല്‍കുന്നു.എന്നാല്‍ ആഭിചാരകര്‍മത്തില്‍ തന്റെ മകളനുഭവിക്കുന്ന ക്ലേശങ്ങള്‍ മനസ്സിലാക്കുന്ന Jong ആഭിചാരം അവസാനിപ്പിച്ചു പൊയ്ക്കൊള്ളുവാന്‍ Il-gwang നോട് പറയുന്നു.ശേഷം ജപ്പാന്‍കാരനെ വകവരുത്താന്‍ Jong ഉം കൂട്ടാളികളും കാട്ടിലേക്ക് തിരിക്കുകയും അവരെ നരഭോജിയെന്ന്‍ തോന്നുക്കുന്നോരാള്‍ ( ചിത്രത്തിലെ അനേകം നരഹത്യകളിലൊന്നിന്റെ കാരണക്കാരനായ Park Chun-Bae യാണീ നരഭോജി ) അവരെ ആക്രമിക്കുകയും അയാളെ വകവരുത്തുന്ന സംഘം ജപ്പാന്‍കാരനെ പിന്തുടരുകയും ചെയ്യുന്നു.Jong ന്റെ കൈയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നു ജപ്പാന്‍കാരന്‍ പിന്നീട് യാദൃശ്ചികമായി Jong ന്റെ തന്നെ കാറിടിച്ച് മരണപ്പെടുന്നു.ശവം കൊക്കയില്‍ തള്ളി വീട്ടിലേക്ക് തിരിച്ചെത്തുന്ന Jong രോഗശയ്യയില്‍ നിന്നും മുക്തയായി കാണപ്പെടുന്ന മകളെകണ്ടു പ്രശ്നങ്ങള്‍ അവസാനിച്ചെന്നു വിശ്വസിക്കുന്നു.

സംശയത്തോടെ തിരിച്ചെത്തുന്ന ഷാമന്‍ Jong ന്റെ വീടിനു മുന്നില്‍ Moo-myeong നെ കാണുകയും രക്തം ച്ഛർദിച്ചു പേടിച്ചരണ്ടു അവിടെ നിന്ന് ഓടിപ്പോകുകയും ചെയ്യുന്നു.ഇതേ സമയം ഷാമനില്‍ സംശയം തോന്നി അയാളുടെ വീട്ടിലെത്തിയ Jong നെ ഷാമന്‍ വിളിക്കുകയും യഥാര്‍ത്ഥ പിശാചു Moo-myeong ആണെന്നും ജപ്പാന്‍കാരന്‍ തന്നെപ്പോലെ ഒരു ഷാമന്‍ മാത്രമാണെന്നും പറഞ്ഞു മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നു.എത്രയും വേഗം മകളുടെയടുത്ത് എത്തിച്ചേരുവാനും ഷാമന്‍ Jong നെ നിര്‍ബന്ധിക്കുന്നു.വീട്ടിലെത്തുന്ന Jong നെ സ്വീകരിക്കുന്ന Moo-myeong ഷാമന്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും യഥാര്‍ത്ഥ കൊലയാളി ജപ്പാന്‍കാരന്‍ തന്നെയാണെന്നും അവരെ പിടിക്കുവാന്‍ താന്‍ കെണിവച്ചുവെന്നും Jong നോട് പറയുന്നു.എന്നാല്‍ ഇത് വിശ്വസിക്കാതെ വീട്ടിലേക്ക് കയറുന്നു Jong തന്റെ മകളാല്‍ തന്നെ കൊലചെയ്യപ്പെടുന്നു.ഇതേ സമയം,Jong ന്റെ സഹായിയായ പുരോഹിതസഹായി 'കൊല്ലപ്പെട്ട' ജപ്പാന്‍കാരനെ നേരിട്ട് കാണുകയും ചെകുത്താനായി രൂപം പ്രാപിക്കുന്ന അയാളാണു യഥാര്‍ത്ഥ പിശാചെന്നു മനസ്സിലാക്കുകയും ചെയ്യുന്നു.പുരോഹിതസഹായിയെ പിശാചായി രൂപംപ്രാപിച്ച ജപ്പാന്‍കാരന്‍ കൊലചെയ്തുവെന്ന സൂചനകള്‍ നല്‍കി ചിത്രം അവസാനിക്കുന്നു.

____________________________________________________________________________________

◆  Q1 : ആരാണ് കൊലപാതകങ്ങളുടെ മൂലകാരണം ?

ജപ്പാന്‍കാരനായ മനുഷ്യന്‍ എന്നാകും ഭൂരിഭാഗത്തിന്റെയും ഉത്തരമെന്നു ഞാന്‍ വിശ്വസിക്കുന്നു.എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായൊരാശയത്തിലേക്ക് ഒന്നു കണ്ണോടിക്കാം. Moo-myeong എന്ന യുവതിയാണ് യഥാര്‍ത്ഥ പിശാചു.രോഗം ബാധിക്കുന്നവര്‍ ശരിക്കും Possessed ആണെന്നതാണ് സത്യം.Possessed ആയവര്‍ തങ്ങളുടെ ബന്ധുജനങ്ങളെ വകവരുത്തുന്നു,ശേഷം സ്വയം പ്രാണവേദനയോടെ മരണത്തിനു കീഴടങ്ങുന്നു.ആളുകളുടെ ഏതെങ്കിലും ഉപഭോഗവസ്തുക്കളാണ് Moo-myeong ആഭിചാരപ്രക്രീയയ്ക്കായി ഉപയോഗിക്കുന്നത്.Possessed ആയവരുടെ Trinkets,കോട്ടുകള്‍,ഹെയര്‍ പിന്നുകള്‍ എന്നിവ വ്യത്യസ്ത രംഗങ്ങളില്‍ ഇവരുടെ കൈയില്‍ കാണാം.മരണപ്പെട്ടവരെ വീണ്ടും Posses ചെയ്തുകൊണ്ട് അവരെ നരഭോജികളാക്കി ഗ്രാമത്തിന്റെ നാശം പൂര്‍ണമാക്കാനാണ് Moo-myeong ശ്രമിക്കുന്നത്.ഇതിനു തടയിട്ടുകൊണ്ടുള്ള ക്രീയകളാണ് ജപ്പാന്‍കാരനും ഷാമനും പരസ്പരപരിചയമില്ലെങ്കില്‍ കൂടിയും ചെയ്യുന്നത്.Jong നെയും കൂട്ടാളികളെയും കൊല്ലാനെത്തുന്ന മരണപ്പെട്ട Park Chun-Bae യും Jong നാല്‍ മരണപ്പെട്ട ജപ്പാന്‍കാരനും ക്ലൈമാക്സില്‍ ഭീകരരൂപം കൈക്കൊള്ളുന്നത് ഇക്കാരണത്താലാണ്.ഇതേ Park Chun-Bae യുടെ ശവശരീരത്തെ Possession ല്‍ നിന്നും രക്ഷിക്കുവാനാണ് ജപ്പാന്‍കാരന്‍ മന്ത്രവാദം നടത്തുന്നതായി ചിത്രത്തില്‍ കാണിക്കുന്നത്.ചിത്രത്തില്‍ ഷാമന്റെ ആഭിചാരവും ജപ്പാന്‍കാരന്റെ ആഭിചാരവും സമാന്തരമായി കാണിക്കുന്നുണ്ടെങ്കിലും രണ്ടും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നതാണ് സത്യം.ജപ്പാന്‍കാരന്റെ ആഭിചാരത്തിന് തടയിടുകയും പകയോടെ അദ്ദേഹത്തെ വീക്ഷിക്കുകയും ചെയ്യുന്ന Moo-myeong മേല്‍പ്പറഞ്ഞ വസ്തുതയെ സാധൂകരിക്കുന്നു.മരണം നടക്കുന്ന വീടുകളില്‍ കണ്ടെത്തുന്ന പൂക്കുല Moo-myeong തന്നെ Hyper Possession വേണ്ടി സൃഷ്ടിക്കുന്നതാണെന്നു ക്ലൈമാക്സ്‌ രംഗം അടിവരയിടുന്നു.


◆ Q2 : എങ്ങനെയാണ് Jong ന്റെ മകള്‍ അസുഖബാധിതയാകുന്നത് ?

Jong നെ കാണുവാനായി മകള്‍ പോലീസ് സ്റ്റേഷനിലെത്തുന്ന രംഗത്ത് അവളുടെ ഹെയര്‍ പിന്‍ താഴെ വീഴുന്നതായി കാണിക്കുന്നുണ്ട്.അതെടുക്കാന്‍ പോകുന്ന Jong നു അത് കഴിയുന്നില്ല.ശേഷം ക്ലൈമാക്സില്‍ ഇതേ ഹെയര്‍ പിന്‍ Moo-myeong ന്റെ പക്കലുണ്ടായിരുന്നുവെന്നതായി കാണിക്കുന്നുണ്ട്.Jong ന്റെ മകള്‍ Possessed ആകുന്നത് അപ്രകാരമാണ്.ചിത്രത്തില്‍ ജപ്പാന്‍കാരന്റെ പക്കല്‍നിന്നും മകളുടെ ഷൂ ലഭിക്കുന്ന Jong അയാളാണ് കുറ്റക്കാരനെന്നു വിശ്വസിക്കുകയും അയാളെ കൊല്ലാനിറങ്ങിപുറപ്പെടുകയും ചെയ്യുന്നു.യഥാര്‍ത്ഥത്തില്‍,Moo-myeong ന്റെ ആഭിചാരത്തിനെതിരായി ഒരു Anti Possession strategy യുടെ ഭാഗമായാണ് ജപ്പാന്‍കാരന്‍ മരിച്ച വ്യക്തികളുടെ ഫോട്ടോകളും അവരുടെ ഉപഭോഗവസ്തുകളും സ്വരുക്കൂട്ടുന്നത്.മരണപ്പെട്ട Park Chun-Bae യെ Possession ല്‍ നിന്നും മുക്തനാക്കുവാന്‍ അയാളുടെ ഫോട്ടോ ഉപയോഗിച്ചുകൊണ്ട് ജപ്പാന്‍കാരന്‍ നടത്തുന്ന കര്‍മം ഒടുക്കം പരാജയമാകുകയും പ്രതികാരഭാവത്തോടെ Moo-myeong അയാളെ വീക്ഷിക്കുന്ന രംഗങ്ങളും Moo-myeong ന്റെ സാത്താനിസം വ്യക്തമാക്കുന്നു.


◆ Q3 : Jong ന്റെ സുഹൃത്തായ അന്വേഷകന്‍ Oh Sung-bok എങ്ങനെ രോഗബാധിതനാകുന്നു ?

നഗ്നയായ യുവതിയെ മിന്നല്‍ വെളിച്ചത്തില്‍ കാണുന്ന Jong ഉം കൂട്ടാളിയും പേടിക്കുന്ന രംഗം ശ്രദ്ധിക്കാം.Possession സംഭവിച്ച സ്ത്രീയാണ് അവരെന്ന് പിന്നീട് ചിത്രം വ്യക്തമാക്കുന്നുണ്ട്.Jong നെയും കൂട്ടാളിയെയും Possess ചെയ്യുവാനായി നടത്തിയ ഒരു ശ്രമമാണ് ഇവിടെ നാം കാണുന്നത്.പേടിച്ചു വിറയ്ക്കുന്ന Oh Sung-bok ന്റെ കാര്യത്തില്‍ ഉദ്യമം വിജയിക്കുകയും പ്രതിസന്ധികളെ നേരിടാന്‍ മനോധൈര്യമുള്ള Jong ല്‍ അത് പരാജയപ്പെടുകയും ചെയ്യുന്നു.ഈ സംഭവത്തിന്‌ ശേഷമാണ് Oh Sung-bok പലപ്പോഴും തെറ്റായ നിര്‍ദേശങ്ങള്‍ നല്‍കി Jong നെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്.മകളുടെ ഷൂ കണ്ടെത്തി അത് Jong നു നല്‍കി കുറ്റക്കാരന്‍ ജപ്പാന്‍കാരനാണെന്നു വരുത്തിതീര്‍ത്തു അയാളുടെ മരണത്തിനു പോലും കാരണഭൂതനാകുന്നുണ്ട് പ്രത്യക്ഷത്തില്‍ അമിതപ്രാധാന്യം അര്‍ഹിക്കാത്ത ഈ പ്രധാന കഥാപാത്രം.Jong ന്റെ മകളുടെ സംരക്ഷണത്തിനായി ജപ്പാന്‍കാരന്‍ കൈക്കലാക്കിയ ഷൂ നഷ്ടമായതോടെ മകളില്‍ അന്നു മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു.Jong നെ കൊലപാതകം വഴി പാപിയാക്കുവാനും അതുവഴി അവനില്‍ Possession ലളിതമാക്കുവാനും Moo-myeong ഉപയോഗിച്ച കരുവാണ് Oh Sung-bok.




◆ Q4 : ആരാണ് ഷാമന്‍ ?

ധനലബ്ദിക്കായെങ്കില്‍ കൂടിയും സ്വന്തം ജോലിയില്‍ അര്‍പ്പണബോധമുള്ള സന്‍മാര്‍ഗിയായ മന്ത്രവാദിയാണ് ഷാമന്‍.Possession ലളിതമാക്കാന്‍ Moo-myeong സ്ഥാപിക്കുന്ന 'കാക്കകെണി' തുടക്കത്തില്‍ തന്നെ തച്ചുടച്ചുകൊണ്ട് ഷാമന്‍ തന്റെ ഉദ്ദേശശുദ്ധി വെളിപ്പെടുത്തുന്നുണ്ട് .ശേഷം താന്‍ കാണുവാന്‍ പാടില്ലാത്ത ആരെയെങ്കിലും കണ്ടുവോ എന്ന് അയാള്‍ Jong നോട് ചോദിക്കുന്നുണ്ട്.അതിനു ജപ്പാന്‍കാരനെന്നു Jong ഉത്തരം നല്‍കിയപ്പോള്‍ ഷാമനും ജപ്പാന്‍കാരനാണ് പിശാചെന്നു വിശ്വസിച്ചുകൊണ്ട് ആഭിചാരക്രീയകള്‍ ആരംഭിക്കുന്നു.എന്നാല്‍ കൊലപാതകം നടന്നിടതുവച്ചു Jong കണ്ട Moo-myeong നെയാണ് ഷാമന്‍ ശരിക്കും ഉദ്ദേശിച്ചത്.എന്നാല്‍ ജപ്പാന്‍കാരനാണ് പ്രതിയെന്ന വിശ്വാസത്തില്‍ ഷാമനും Jong ഉം അയാള്‍ക്കെതിരെ തിരിയുന്നു.ശേഷം ക്ലൈമാക്സിനോടടുക്കുമ്പോള്‍ Jong ന്റെ വീട്ടുവളപ്പില്‍ Moo-myeong നെ കാണുന്ന ഷാമന്‍ ചോര ഛർദിക്കുകയും അവിടെ നിന്നും ഓടിയൊളിക്കുകയും ചെയ്യുന്നു.യഥാര്‍ത്ഥ പൈശാചികതയെ നേരില്‍ കാണുന്ന ഷാമന്‍ സത്യങ്ങളെല്ലാം Jong നോട് പറയുകയും ചെയ്യുന്നതായി കാണാം.ശേഷം Jong ന്റെ വീട്ടിലെത്തുന്ന ഷാമന്‍ മരണപ്പെട്ടവരുടെ ഫോട്ടോയെടുക്കുന്നതായി കാണിക്കുന്നുണ്ട്,അതോടൊപ്പം തന്നെ മുന്‍പ് മരണപ്പെട്ടവരുടെ ചിത്രങ്ങള്‍ ഷാമന്റെ കൈയിലുള്ളതായും കാണിക്കുന്നുണ്ട്.Anti Possession നടത്തുവാനായി ജപ്പാന്‍കാരന്‍ ഫോട്ടോകള്‍ ശേഖരിച്ച അതെ വഴി തന്നെ ഷാമനും പിന്തുടരുന്നുവെന്നത് ഇരുവരുടെയും സമാനമായ ഉദ്ദേശ്യത്തെ സാധൂകരിക്കുന്നു.


____________________________________________________________________________________

● The Biblical Notation
*****************************

ചിത്രം ആരംഭിക്കുന്നതുതന്നെയൊരു ബൈബിള്‍ വചനത്തോടെയാണ്.ഉയിര്‍ത്തെഴുന്നേറ്റ യേശുവിനെ നോക്കി ഭയപ്പെട്ടവരോട് അദ്ദേഹം ഇപ്രകാരം അരുള്‍ചെയ്യുന്നു.

"ഭൂതത്തെയാണ് കാണുന്നതെന്നു അവര്‍ വിചാരിച്ചു.അവന്‍ അവരോടു ചോദിച്ചു : നിങ്ങള്‍ അസ്വസ്ഥരാകുന്നതെന്തിനു ? നിങ്ങളുടെ മനസ്സില്‍ ചോദ്യങ്ങള്‍ ഉയരുന്നതുമെന്തിനു ? എന്റെ കൈകളും കാലുകളും കണ്ടു ഇതു ഞാന്‍ തന്നെയെന്ന്‍ മനസ്സിലാക്കുവിന്‍.എന്നെ സ്പര്‍ശിച്ചു നോക്കുവിന്‍.എനിക്കുള്ളതുപോലെ മാംസവും അസ്ഥികളും ഭൂതത്തിനില്ലല്ലോ"

- Luke 24:37-40


ചിത്രത്തിന്റെ ഒടുക്കം 'മരണപ്പെട്ട' ജപ്പാന്‍കാരന്‍ പുരോഹിതസഹായിയോടു പറഞ്ഞവസാനിപ്പിക്കുന്നതും ഇതേ സംഭാഷശകലം തന്നെയാണ്.കാലചക്രമത്രയും മനുഷ്യകുലത്തിനായി നിലകൊണ്ട അദ്ദേഹത്തിനു പടുമരണമാണ് ലോകം വിധിച്ചത്.മറ്റുള്ളവന്റെ പാപങ്ങള്‍ക്കായി ക്രൂശിക്കപ്പെട്ട ദൈവപുത്രന്റെ പിന്മുറക്കാരനാകുന്നുണ്ട് പ്രീയപ്പെട്ട ജപ്പാന്‍കാരനായ ഷാമന്‍.ഒരു മനുഷ്യന്റെ ശാരീരിക-മാനസിക ഘടനകള്‍ക്കനുപാതമായി തന്നെ സൃഷ്ടിക്കപ്പെട്ട ഷാമനെ ഭൂതമായും പിശാചായും കണക്കാക്കി ഒറ്റപ്പെടുത്തുമ്പോഴും പരിഭവങ്ങളോ പരാതികളോ പറയാത്ത അദ്ദേഹം മാലോകര്‍ക്കായിതന്നെ ജീവിതമുഴിഞ്ഞുവയ്ക്കുന്നു.എന്നിട്ടും തന്റെ മരണവാഹകരായി കൂടെക്കൂടുന്നവരോടുള്ള സഹതാപമാകാം പിശാചിനു പോലും തളര്‍ത്താനാകാത്ത അര്‍പ്പണബോധം കൈമുതലായുള്ള ആ പടുവൃദ്ധനെ കണ്ണീരിലാഴ്ത്തിയത്.മനുഷ്യന്റെ ഉടലും ചെകുത്താന്റെ മനസ്സുമായി അദ്ദേഹത്തിനു പരിണാമം സംഭവിക്കുമ്പോള്‍ മനുഷ്യനു നഷ്ടമായത് ഒരു സംരക്ഷകനെയാണ്,മനുഷ്യന്റെ പാപങ്ങള്‍ സ്വയമേറ്റു തന്റെ ജീവികുലത്തിന്റെ നിലനില്‍പ്പിനായി അഹോരാത്രം പണിപ്പെട്ട ദൈവപുത്രനെയാണ്.

● The Human Inception Notation
*****************************************

മനുഷ്യോത്പത്തിയെക്കുറിച്ചുള്ള യഹൂദ-ക്രൈസ്തവ-ഇസ്ലാമിക,സുമേരിയന്‍,ബാബിലോണിയന്‍ വിശ്വാസങ്ങളോടു കൂട്ടിവായിക്കുവാനുമുള്ള ശിലാഫലകങ്ങള്‍ ചിത്രം നല്‍കുന്നുണ്ട്.ആദിമനുഷ്യന്‍ ആദം പാപിയാകുന്നത് പിശാചിന്റെ ഉദ്ദീപനത്തിനു വഴങ്ങി ഏദന്‍ തോട്ടത്തിന്റെ മധ്യത്തിൽ നിന്നിരുന്ന നന്മതിന്മകളുടെ അറിവിന്റെ വൃക്ഷത്തിലെ ഫലം അനുഭവിക്കുന്നതിൽനിന്നാണ്.അരുതാത്തത് ചെയ്തു പാപിയാകരുതെന്ന ദൈവത്തിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെയാണ് ആദം പാപിയാകുന്നത്.ആദാമിന്റെ സൃഷ്ടിയോടു സാദൃശ്യമുള്ള കഥകൾ സൂമേറിയരുടെയും ബാബിലോണിയരുടെയും പുരാണങ്ങളിൽ കാണുന്നുണ്ട്. അക്കാദിയൻ പുരാണത്തിലെ അദപ്പാ എന്ന കഥാപാത്രത്തിന് ആദാമിനോടു സാമ്യം കാണുന്നു. ദൈവം നൽകിയ ആഹാരവും നിത്യജീവജലവും അബദ്ധത്തിൽ നിരസിച്ചതിനാൽ മനുഷ്യവർഗത്തിന് അമർത്യത നഷ്ടപ്പെട്ടതായി ആ കഥയിൽ പറയുന്നു.ഇപ്പ്രകാരം ദൈവത്തിന്റെ പ്രതിപുരുഷന്മാരില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്ന മുന്നറിയിപ്പുകളെ അവഗണിച്ചു പാപിയാകുന്ന Jong-Goo തനിക്കര്‍ഹമായ പടുമരണം ചോദിച്ചുവാങ്ങുകയായിരുന്നു ചിത്രത്തില്‍.ആദമിനെ പോലെ തന്നെ തന്നെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കും Jong-Goo തന്റെ പാപഫലമായി ക്ലേശങ്ങള്‍ സമ്മാനിക്കുന്നു.ദൈവം അനുഗ്രഹമായി നല്‍കിയ തന്റെ മനോധൈര്യത്തെ പാപത്തിന്റെ വഴിയിലേക്ക് വഴിതിരിച്ചുവിടുന്ന അനേകം ഇരുകാലികളുടെ പ്രതീകമാണ് കഥാനായകന്‍.സ്വന്തം വിശ്വാസങ്ങളില്‍ മുറുകെപ്പിടിച്ചു സ്വെച്ച്ചാടികാരികളായും,തീവ്രവാദികളായും,കൊലാപാതകികളായും പരിണാമമേറ്റുവാങ്ങുന്ന ഇന്നിന്റെ മര്‍ത്യപുത്രന്റെ ചെയ്തികളിലുള്ള സംവിധായകന്റെ പ്രതിഷേധമാണ് Jong-Goo എന്ന കഥാപാത്രസൃഷ്ടി.  


നന്മ-തിന്മകള്‍ ആപേക്ഷികമാണെന്ന പൊതുധാരണയ്ക്കുമേലുള്ള സംവിധായകന്റെ വിശ്വാസമില്ലായ്മ ചിത്രത്തിലുടനീളം സ്ഫുരിക്കുന്നതുകാണാം.സ്വന്തം ക്ലേശങ്ങളെ മറയാക്കി പാപത്തിന്റെ വഴിയെ പോകുന്നവന് സമൂഹം നല്‍കുന്ന സഹതാപത്തോട്‌ കനത്ത അമര്‍ഷം പ്രകടിപ്പിക്കുന്നതോടൊപ്പം അവനര്‍ഹിക്കുന്ന ശിക്ഷകളിന്മേല്‍ വന്നുഭവിക്കുന്ന ഇളവുകളോടും പ്രതികൂലമായി തന്നെ പ്രതികരിക്കുവാന്‍ ചിത്രം ശ്രമിക്കുന്നുണ്ട്.വ്യത്യസ്ത നിഗമനങ്ങളില്‍ എത്തിച്ചേരുന്ന പ്രേക്ഷകനെകൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു Fourth Wall Breaking പോലും സംവിധായകന്‍ ചിത്രം വഴി സാധ്യമാക്കിയിട്ടുണ്ട്.കാഴ്ച്ചക്കാരനായ പ്രേക്ഷകന് ആരാണോ ചിത്രത്തിലെ വില്ലന്‍ എന്ന ചോദ്യത്തിനു ലഭിക്കുന്ന ഉത്തരത്തെ നമുക്കിതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.

ലോകത്തോട്‌ സംസാരിക്കുവാന്‍ മനുഷ്യന്‍ കണ്ടെത്തിയ നൂതനരൂപംകൂടിയാണ് സിനിമയെന്നു ഉദ്ബോധിപ്പിക്കുന്ന സംവിധായകന്‍ വരച്ചുകാട്ടിയത് ലോകത്തിന്റെ സ്പന്ദനങ്ങളുടെ, വെല്ലുവിളികളുടെ, നിലനില്‍പ്പിന്റെ ചുവര്‍ചിത്രങ്ങളാണ്.സാങ്കേതികമായും ആശയപരമായും അവതരണപരമായും ഉന്നത നിലവാരം പുലര്‍ത്തുന്ന ചിത്രം കേവലം ഒരു കൊറിയന്‍ ത്രില്ലര്‍ എന്ന പേരിനപ്പുറം മറ്റെന്തൊക്കെയോ അര്‍ഹിക്കുന്നുണ്ട്.

കാണാത്തവര്‍ കാണുക !!!!!

കടപ്പാട് : wikipedia.com ( മനുഷ്യോത്പത്തി ഭാഗങ്ങള്‍ )

( കൂടുതൽ വായനയ്ക്ക് ചുവടെയുള്ള ഹാഷ് ടാഗുകൾ ഉപയോഗിക്കുകയോ ബ്ലോഗ് സന്ദർശിക്കുകയോ ചെയ്യാം )

#rhshy_anilkumar

#MS_UNICO

rhshyanil.blogpot.com