Monday, March 19, 2018

The Wailing - Korean movie Revealed in Malayalam

വ്യാഖ്യാനനിപുണരായ പ്രേക്ഷകർക്ക് പുതുമാനം ചമച്ച കൊറിയൻ ചലച്ചിത്രാവിഷ്കാരം®
===================================================================

The magician takes the ordinary something and makes it do something extraordinary. Now you're looking for the secret... but you won't find it, because of course you're not really looking. You don't really want to know. You want to be fooled.

- The Prestige - Movie ■


ആത്മവിശ്വാസത്തിന്റെ 150 മിനുട്ടുകള്‍ ദൈര്‍ഖ്യമുള്ള ഒരു ജാലവിദ്യ ലക്ഷോപലക്ഷം കാണികള്‍ക്കുമുന്നില്‍ അവതരിപ്പിക്കപ്പെടുകയാണ്.എന്ത് ? എങ്ങനെ ? എപ്പോള്‍ ? എവിടെ ?.....ഒട്ടനേകം ചോദ്യങ്ങള്‍ അവശേഷിപ്പിച്ച പ്രദര്‍ശനം അതിന്റെ പാരമ്യതയിലെത്തിയത് ക്ഷണനേരംകൊണ്ടായിരുന്നില്ല.സിംഹഭാഗം കാഴ്ചക്കാരും തങ്ങള്‍ വ്യാഖ്യാനനിപുണരെന്നു സ്വയം കല്‍പ്പിച്ചു പ്രദര്‍ശനശാലയ്ക്ക് പുറത്തെ തങ്ങളുടെ നിത്യജീവിതത്തിന്റെ തുടര്‍ച്ചയിലേക്ക് ഒഴുക്കിനൊത്തു നീന്തി കൂരകളിലഭയം പ്രാപിച്ചപ്പോഴും, തങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സൃഷ്ടിയുടെ ആത്മാവ് തൊട്ടറിയുവാനിറങ്ങിപുറപ്പെട്ട ഒരുപറ്റം ഇരുകാലികള്‍ ചോദ്യങ്ങള്‍ക്ക് പിന്നാലെ പ്രദക്ഷിണംവച്ചുകൊണ്ടേയിരുന്നു.




അപ്പോഴും ബാക്കിയാക്കിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ മാന്ത്രികന്‍ എങ്ങോട്ടോ മറയുന്ന കാഴ്ച അവ്യക്തമെങ്കിലും ദൃശ്യമായിരുന്നു മാന്ത്രികന്റെ നാമം Hong jin Na.പ്രദര്‍ശനത്തിന്റെ പേര് Gok Seong അഥവാ The Wailing.2016-മാണ്ടില്‍ കൊറിയന്‍ ജനതയ്ക്ക് മുന്നില്‍ സിനിമയെന്ന നൂതനരൂപത്തില്‍ അദ്ദേഹം തന്റെ പ്രദര്‍ശനം നടത്തുകയുണ്ടായി.ത്രില്ലര്‍ ശ്രേണിയില്‍ താന്‍ നല്‍കിയ അതിഗംഭീര സംഭാവനകള്‍ക്കിപ്പുറം തന്റെ മൂന്നാം സംവിധാനസംരംഭത്തിലേക്ക് കടന്ന ഹോങ്ങ് ഒരു ജാലവിദ്യയ്ക്ക് കോപ്പു കൂട്ടിയാണ് The Wailing നെ വെള്ളിത്തിരയിലവതരിപ്പിച്ചത്.അന്നോളം കൊറിയന്‍ ത്രില്ലര്‍ ആരാധകര്‍ കണ്ടു തീര്‍ത്ത മാസ്മരിക സൃഷ്ടികള്‍ ചെലുത്തിയ സമ്മര്‍ദ്ദത്തെ ഉള്‍ക്കൊള്ളുവാനും, മറികടക്കുവാനും സംവിധായകന്‍ പ്രാപ്തനായതിന്റെ ബാക്കിപത്രമായി വേണം The Wailing നെ നോക്കിക്കാണാന്‍.ഗംഭീരം,അതിമനോഹരം എന്നെല്ലാം വര്‍ണിക്കുമ്പോഴും പ്രേക്ഷകന്‍ തൃപ്തനായിരുന്നുവോ? അവരുടെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അവരുടെ തന്നെ ബോധമണ്ഡലം സൃഷ്ടിക്കുന്നതാണെന്ന്‍ പ്രത്യക്ഷമായി പറയുമ്പോഴും മേല്‍പറഞ്ഞ പ്രകാരം കാഴ്ചക്കാരന്റെ കൌതുകം ഒരു പ്രഹസനം മാത്രമാണെന്ന്‍ പരോക്ഷമായി പറഞ്ഞവസാനിപ്പിചിരിക്കാം പ്രീയ മാന്ത്രികന്‍ Hong.

പുനര്‍ചിന്തനങ്ങള്‍ക്ക് വെടിക്കോപ്പ് കൂട്ടുന്ന സഹൃദയരായ പ്രേക്ഷകര്‍ക്ക്‌ ആവോളം വിഭവങ്ങളൊരുക്കിയാണ് The Wailing തിരശ്ശീലയ്ക്കുപിന്നിലൊളിക്കുന്നത്.നന്മ-തിന്മകളുടെ അതിര്‍വരമ്പുകളിന്മേല്‍ കൂടുകൂട്ടുന്ന ചിത്രത്തിന്റെ കഥാപശ്ചാത്തലം മനുഷ്യന്റെ കേവലവികാരങ്ങളിന്മേല്‍ ചെലുത്തുന്ന സ്വാധീനമേറെയാണ്‌.ഹൊറര്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുവാനുള്ള എല്ലാ സാധ്യതകളും ഉണ്ടായിരുന്നിട്ടുകൂടിയും തികച്ചും വ്യത്യസ്തമായൊരാഖ്യാന ശൈലി സ്വീകരിച്ച സംവിധായകന്‍ കഥാപാത്രരൂപികരണത്തിലാണ് ഏറെ ശ്രദ്ധ ചെലുത്തിയതെന്ന്‍ തോന്നുന്നു.Male chauvinism പ്രകടിപ്പിക്കുന്ന അലസനായ ഉത്തരവാദിത്വബോധമില്ലാത്ത കഥാനായകനും,തന്റെ സംശയങ്ങള്‍ അധികമായി പങ്കുവയ്ക്കാന്‍ താല്പ്പര്യപെടാത്ത പുരോഹിതസഹായിയും,മാതാപിതാക്കളുടെ ലൈംഗീകവേഴ്ചയെപ്പോലും പക്വതയോടെ കാണുവാന്‍ പ്രാപ്തിയുള്ള ബാലികയും,പിശാചെന്നു നാട്ടാരും പ്രേക്ഷകനും വിശ്വസിക്കുമ്പോഴും പേടിയും സങ്കടവും ഉള്ളിലൊതുക്കാന്‍ വിധിക്കപ്പെട്ട ജപ്പാന്‍കാരനുമെല്ലാം ഇത്തരം അതിഗംഭീരകഥാപാത്രസൃഷ്ടികള്‍ക്ക് ഉദാഹരണങ്ങളാകുന്നു.എന്നാല്‍ എവിടെയാണ് The Wailing വേറിട്ട്‌ നില്‍ക്കുന്നത് ? വിശുദ്ധ ബൈബിളുമായി ചിത്രത്തിനുള്ള അഭേദ്യമായ ബന്ധമോ,മനുഷ്യോത്പത്തിയോടുള്ള പരോക്ഷമായ സമീപനമോ,നന്മ-തിന്മകളുടെ വര്‍ഗീകരണം സൃഷ്ടിക്കുന്ന കഥാപശ്ചാത്തലത്തിലെ സങ്കീര്‍ണതയോ ആകാമത്.Goksung പ്രവിശ്യയിലെ കൊലപാതകങ്ങള്‍ക്ക് പിന്നിലെ മൂലകാരണം ആരെന്ന ചോദ്യമാണ് ഏറെ പ്രേക്ഷകര്‍ക്കും വിലങ്ങുതടിയായി അവശേഷിച്ചതെന്നു വിശ്വസിച്ചുകൊണ്ട് ആദ്യം തന്നെ അതിനൊരുത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഈ പോസ്റ്റ്‌ വഴി....

★  Film in a brief ( Spoilers Ahead )
----------------------------------------------

( Please go through the first comment for character clarification )

ദക്ഷിണകൊറിയയിലെ ജനസാന്ദ്രത കുറഞ്ഞ Goksung പ്രവിശ്യയിലെ ഒരു ഗ്രാമത്തിനടുത്തെ മലമുകളില്‍ ഒരു ജപ്പാന്‍കാരന്‍ കുടിയേറിപാര്‍ക്കുന്നു.ശേഷം അപരിചിതമായ വ്യാധി ഗ്രാമത്തിലുടലെടുക്കുന്നു.പരസ്പരബന്ധമില്ലാതെ പെരുമാറുക,അക്രമാസക്തരാകുക,തൊലിപ്പുറം ചൊറിഞ്ഞു തടുക്കുക,എല്ലുകളുടെ ശക്തി നഷ്ടപ്പെടുക തുടങ്ങി ഒട്ടനേകം രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി.എന്നാല്‍ ഏറ്റവും ദാരുണമായ പരിസമാപ്തി കാത്തിരുന്നത് രോഗികളെയായിരുന്നില്ല എന്നതാണ് അങ്ങേയറ്റം വിചിത്രമായി കാണപ്പെട്ട വസ്തുത.രോഗികളാല്‍ തന്നെ അതിക്രൂരമായി അവരുടെ ബന്ധുജനങ്ങള്‍ കൊലചെയ്യപ്പെടുന്നു.അതിഥിയായി തങ്ങളുടെ ഗ്രാമത്തിലേക്ക് കാലെടുത്തുവച്ച 'പ്രേത'മായ ജപ്പാന്‍കാരനാണ് ഇക്കണ്ട നരഹത്യകളുടെയെല്ലാം അപ്പോസ്തലനെന്ന വിശ്വാസം യാഥാസ്തിതികരായ നാട്ടുകാരില്‍ ഉടലെടുത്തത് സ്വാഭാവികമെന്നേ പറയേണ്ടു.കൊലപാതകപരമ്പരകളുടെ അന്വേഷകനായി Jong-goo വും അദ്ധേഹത്തിന്റെ ഡെപ്പ്യുട്ടി Oh Sung-bok എത്തുന്നു.Jong-goo വാണ് നമ്മുടെ പ്രീയങ്കരനായ കഥാനായകന്‍.


കേസന്വേഷണത്തിനിടയില്‍ Moo-myeong എന്ന യുവതിയെ Jong കണ്ടുമുട്ടുകയും കൊലപാതകത്തിന് സാക്ഷിയായ താന്‍ ജപ്പാന്‍കാരനായ മനുഷ്യന്‍ ഭീകരരൂപം പ്രാപിക്കുന്നത് കണ്ടിട്ടുണ്ടെന്നും കൊലപാതകങ്ങളുടെ മൂലകാരണം അന്വേഷിച്ചു മറ്റെങ്ങും പോകേണ്ടതില്ലെന്നും Jong നെ ബോധ്യപ്പെടുത്തുന്നു.അതെ ദിവസം രാത്രി നഗ്നയായ ഒരു സ്ത്രീയെ Jong ഉം Oh Sung ഉം തങ്ങളുടെ ഓഫീസ് സമുച്ഛയത്തിനു മുന്നില്‍ കാണുകയും ശേഷം അവള്‍ മേല്‍പ്പറഞ്ഞ പ്രകാരം നടന്ന ഒരു കൂട്ടക്കൊലയിലെ പ്രതിയാണെന്നും Jong മനസ്സിലാക്കുന്നു.തുടര്‍ന്ന് ജപ്പാന്‍കാരനെ അന്വേഷിച്ചു അയാളുടെ വീട്ടിലെത്തുന്ന അന്വേഷകരും ജപ്പാന്‍ Translator ആയ പുരോഹിതസഹായിയും കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും ആഭിചാരസജ്ജീകരണങ്ങളും അവിടെ കാണുന്നു.പേടിച്ചരണ്ട Oh Sung അവിടെ നിന്നും ലഭിച്ച Jong ന്റെ മകള്‍ Hyo-jin ന്റെ ഷൂ Jong നു കൈമാറുന്നു.തന്റെ മകള്‍ക്കും ഇതുവഴി രോഗം പിടിപെട്ടേക്കാം എന്ന് കരുതുന്ന ആ പിതാവ് തിരിച്ചു വീട്ടിലെത്തിയപ്പോഴേക്കും മകള്‍ രോഗലക്ഷണങ്ങള്‍ കാട്ടിതുടങ്ങിയിരുന്നു.ബാധയെ ഒഴിവാക്കാന്‍ അവര്‍ Il-gwang എന്ന ഷാമനെ ( ആത്മാക്കാളുമായി സമ്പര്‍ക്കം പുലര്‍ത്തുവാനും ക്രീയകളാല്‍ അവരെ ബന്ധിക്കുവാനും കെല്‍പ്പുള്ള മന്ത്രവാദികളാണു ഷാമന്‍മാര്‍ ) കൊണ്ടുവരുന്നു.അദ്ദേഹം ആഭിചാരത്തിലൂടെ തന്നെ മകളെ പൂര്‍വസ്ഥിതിയിലെത്തിക്കാമെന്നു Jong ഉറപ്പു നല്‍കുന്നു.മലമുകളിലെ ജപ്പാന്‍കാരന്‍ ഒരു പ്രേതമാണെന്നും,അയാള്‍ ഗ്രാമത്തിലെ എല്ലാവരെയും കൊലപ്പെടുത്തുമെന്നും Il-gwang,Jong നോട് പറയുന്നു.അങ്ങനെ ഷാമന്റെ നിര്‍ദേശപ്രകാരം ആഭിചാരസജ്ജീകരണങ്ങള്‍ Jong തയ്യാറാക്കി നല്‍കുകയും ക്രീയകള്‍ക്ക് എല്ലാ വിധ പിന്തുണയും ഉറപ്പു നല്‍കുന്നു.എന്നാല്‍ ആഭിചാരകര്‍മത്തില്‍ തന്റെ മകളനുഭവിക്കുന്ന ക്ലേശങ്ങള്‍ മനസ്സിലാക്കുന്ന Jong ആഭിചാരം അവസാനിപ്പിച്ചു പൊയ്ക്കൊള്ളുവാന്‍ Il-gwang നോട് പറയുന്നു.ശേഷം ജപ്പാന്‍കാരനെ വകവരുത്താന്‍ Jong ഉം കൂട്ടാളികളും കാട്ടിലേക്ക് തിരിക്കുകയും അവരെ നരഭോജിയെന്ന്‍ തോന്നുക്കുന്നോരാള്‍ ( ചിത്രത്തിലെ അനേകം നരഹത്യകളിലൊന്നിന്റെ കാരണക്കാരനായ Park Chun-Bae യാണീ നരഭോജി ) അവരെ ആക്രമിക്കുകയും അയാളെ വകവരുത്തുന്ന സംഘം ജപ്പാന്‍കാരനെ പിന്തുടരുകയും ചെയ്യുന്നു.Jong ന്റെ കൈയില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുന്നു ജപ്പാന്‍കാരന്‍ പിന്നീട് യാദൃശ്ചികമായി Jong ന്റെ തന്നെ കാറിടിച്ച് മരണപ്പെടുന്നു.ശവം കൊക്കയില്‍ തള്ളി വീട്ടിലേക്ക് തിരിച്ചെത്തുന്ന Jong രോഗശയ്യയില്‍ നിന്നും മുക്തയായി കാണപ്പെടുന്ന മകളെകണ്ടു പ്രശ്നങ്ങള്‍ അവസാനിച്ചെന്നു വിശ്വസിക്കുന്നു.

സംശയത്തോടെ തിരിച്ചെത്തുന്ന ഷാമന്‍ Jong ന്റെ വീടിനു മുന്നില്‍ Moo-myeong നെ കാണുകയും രക്തം ച്ഛർദിച്ചു പേടിച്ചരണ്ടു അവിടെ നിന്ന് ഓടിപ്പോകുകയും ചെയ്യുന്നു.ഇതേ സമയം ഷാമനില്‍ സംശയം തോന്നി അയാളുടെ വീട്ടിലെത്തിയ Jong നെ ഷാമന്‍ വിളിക്കുകയും യഥാര്‍ത്ഥ പിശാചു Moo-myeong ആണെന്നും ജപ്പാന്‍കാരന്‍ തന്നെപ്പോലെ ഒരു ഷാമന്‍ മാത്രമാണെന്നും പറഞ്ഞു മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നു.എത്രയും വേഗം മകളുടെയടുത്ത് എത്തിച്ചേരുവാനും ഷാമന്‍ Jong നെ നിര്‍ബന്ധിക്കുന്നു.വീട്ടിലെത്തുന്ന Jong നെ സ്വീകരിക്കുന്ന Moo-myeong ഷാമന്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും യഥാര്‍ത്ഥ കൊലയാളി ജപ്പാന്‍കാരന്‍ തന്നെയാണെന്നും അവരെ പിടിക്കുവാന്‍ താന്‍ കെണിവച്ചുവെന്നും Jong നോട് പറയുന്നു.എന്നാല്‍ ഇത് വിശ്വസിക്കാതെ വീട്ടിലേക്ക് കയറുന്നു Jong തന്റെ മകളാല്‍ തന്നെ കൊലചെയ്യപ്പെടുന്നു.ഇതേ സമയം,Jong ന്റെ സഹായിയായ പുരോഹിതസഹായി 'കൊല്ലപ്പെട്ട' ജപ്പാന്‍കാരനെ നേരിട്ട് കാണുകയും ചെകുത്താനായി രൂപം പ്രാപിക്കുന്ന അയാളാണു യഥാര്‍ത്ഥ പിശാചെന്നു മനസ്സിലാക്കുകയും ചെയ്യുന്നു.പുരോഹിതസഹായിയെ പിശാചായി രൂപംപ്രാപിച്ച ജപ്പാന്‍കാരന്‍ കൊലചെയ്തുവെന്ന സൂചനകള്‍ നല്‍കി ചിത്രം അവസാനിക്കുന്നു.

____________________________________________________________________________________

◆  Q1 : ആരാണ് കൊലപാതകങ്ങളുടെ മൂലകാരണം ?

ജപ്പാന്‍കാരനായ മനുഷ്യന്‍ എന്നാകും ഭൂരിഭാഗത്തിന്റെയും ഉത്തരമെന്നു ഞാന്‍ വിശ്വസിക്കുന്നു.എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായൊരാശയത്തിലേക്ക് ഒന്നു കണ്ണോടിക്കാം. Moo-myeong എന്ന യുവതിയാണ് യഥാര്‍ത്ഥ പിശാചു.രോഗം ബാധിക്കുന്നവര്‍ ശരിക്കും Possessed ആണെന്നതാണ് സത്യം.Possessed ആയവര്‍ തങ്ങളുടെ ബന്ധുജനങ്ങളെ വകവരുത്തുന്നു,ശേഷം സ്വയം പ്രാണവേദനയോടെ മരണത്തിനു കീഴടങ്ങുന്നു.ആളുകളുടെ ഏതെങ്കിലും ഉപഭോഗവസ്തുക്കളാണ് Moo-myeong ആഭിചാരപ്രക്രീയയ്ക്കായി ഉപയോഗിക്കുന്നത്.Possessed ആയവരുടെ Trinkets,കോട്ടുകള്‍,ഹെയര്‍ പിന്നുകള്‍ എന്നിവ വ്യത്യസ്ത രംഗങ്ങളില്‍ ഇവരുടെ കൈയില്‍ കാണാം.മരണപ്പെട്ടവരെ വീണ്ടും Posses ചെയ്തുകൊണ്ട് അവരെ നരഭോജികളാക്കി ഗ്രാമത്തിന്റെ നാശം പൂര്‍ണമാക്കാനാണ് Moo-myeong ശ്രമിക്കുന്നത്.ഇതിനു തടയിട്ടുകൊണ്ടുള്ള ക്രീയകളാണ് ജപ്പാന്‍കാരനും ഷാമനും പരസ്പരപരിചയമില്ലെങ്കില്‍ കൂടിയും ചെയ്യുന്നത്.Jong നെയും കൂട്ടാളികളെയും കൊല്ലാനെത്തുന്ന മരണപ്പെട്ട Park Chun-Bae യും Jong നാല്‍ മരണപ്പെട്ട ജപ്പാന്‍കാരനും ക്ലൈമാക്സില്‍ ഭീകരരൂപം കൈക്കൊള്ളുന്നത് ഇക്കാരണത്താലാണ്.ഇതേ Park Chun-Bae യുടെ ശവശരീരത്തെ Possession ല്‍ നിന്നും രക്ഷിക്കുവാനാണ് ജപ്പാന്‍കാരന്‍ മന്ത്രവാദം നടത്തുന്നതായി ചിത്രത്തില്‍ കാണിക്കുന്നത്.ചിത്രത്തില്‍ ഷാമന്റെ ആഭിചാരവും ജപ്പാന്‍കാരന്റെ ആഭിചാരവും സമാന്തരമായി കാണിക്കുന്നുണ്ടെങ്കിലും രണ്ടും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നതാണ് സത്യം.ജപ്പാന്‍കാരന്റെ ആഭിചാരത്തിന് തടയിടുകയും പകയോടെ അദ്ദേഹത്തെ വീക്ഷിക്കുകയും ചെയ്യുന്ന Moo-myeong മേല്‍പ്പറഞ്ഞ വസ്തുതയെ സാധൂകരിക്കുന്നു.മരണം നടക്കുന്ന വീടുകളില്‍ കണ്ടെത്തുന്ന പൂക്കുല Moo-myeong തന്നെ Hyper Possession വേണ്ടി സൃഷ്ടിക്കുന്നതാണെന്നു ക്ലൈമാക്സ്‌ രംഗം അടിവരയിടുന്നു.


◆ Q2 : എങ്ങനെയാണ് Jong ന്റെ മകള്‍ അസുഖബാധിതയാകുന്നത് ?

Jong നെ കാണുവാനായി മകള്‍ പോലീസ് സ്റ്റേഷനിലെത്തുന്ന രംഗത്ത് അവളുടെ ഹെയര്‍ പിന്‍ താഴെ വീഴുന്നതായി കാണിക്കുന്നുണ്ട്.അതെടുക്കാന്‍ പോകുന്ന Jong നു അത് കഴിയുന്നില്ല.ശേഷം ക്ലൈമാക്സില്‍ ഇതേ ഹെയര്‍ പിന്‍ Moo-myeong ന്റെ പക്കലുണ്ടായിരുന്നുവെന്നതായി കാണിക്കുന്നുണ്ട്.Jong ന്റെ മകള്‍ Possessed ആകുന്നത് അപ്രകാരമാണ്.ചിത്രത്തില്‍ ജപ്പാന്‍കാരന്റെ പക്കല്‍നിന്നും മകളുടെ ഷൂ ലഭിക്കുന്ന Jong അയാളാണ് കുറ്റക്കാരനെന്നു വിശ്വസിക്കുകയും അയാളെ കൊല്ലാനിറങ്ങിപുറപ്പെടുകയും ചെയ്യുന്നു.യഥാര്‍ത്ഥത്തില്‍,Moo-myeong ന്റെ ആഭിചാരത്തിനെതിരായി ഒരു Anti Possession strategy യുടെ ഭാഗമായാണ് ജപ്പാന്‍കാരന്‍ മരിച്ച വ്യക്തികളുടെ ഫോട്ടോകളും അവരുടെ ഉപഭോഗവസ്തുകളും സ്വരുക്കൂട്ടുന്നത്.മരണപ്പെട്ട Park Chun-Bae യെ Possession ല്‍ നിന്നും മുക്തനാക്കുവാന്‍ അയാളുടെ ഫോട്ടോ ഉപയോഗിച്ചുകൊണ്ട് ജപ്പാന്‍കാരന്‍ നടത്തുന്ന കര്‍മം ഒടുക്കം പരാജയമാകുകയും പ്രതികാരഭാവത്തോടെ Moo-myeong അയാളെ വീക്ഷിക്കുന്ന രംഗങ്ങളും Moo-myeong ന്റെ സാത്താനിസം വ്യക്തമാക്കുന്നു.


◆ Q3 : Jong ന്റെ സുഹൃത്തായ അന്വേഷകന്‍ Oh Sung-bok എങ്ങനെ രോഗബാധിതനാകുന്നു ?

നഗ്നയായ യുവതിയെ മിന്നല്‍ വെളിച്ചത്തില്‍ കാണുന്ന Jong ഉം കൂട്ടാളിയും പേടിക്കുന്ന രംഗം ശ്രദ്ധിക്കാം.Possession സംഭവിച്ച സ്ത്രീയാണ് അവരെന്ന് പിന്നീട് ചിത്രം വ്യക്തമാക്കുന്നുണ്ട്.Jong നെയും കൂട്ടാളിയെയും Possess ചെയ്യുവാനായി നടത്തിയ ഒരു ശ്രമമാണ് ഇവിടെ നാം കാണുന്നത്.പേടിച്ചു വിറയ്ക്കുന്ന Oh Sung-bok ന്റെ കാര്യത്തില്‍ ഉദ്യമം വിജയിക്കുകയും പ്രതിസന്ധികളെ നേരിടാന്‍ മനോധൈര്യമുള്ള Jong ല്‍ അത് പരാജയപ്പെടുകയും ചെയ്യുന്നു.ഈ സംഭവത്തിന്‌ ശേഷമാണ് Oh Sung-bok പലപ്പോഴും തെറ്റായ നിര്‍ദേശങ്ങള്‍ നല്‍കി Jong നെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്.മകളുടെ ഷൂ കണ്ടെത്തി അത് Jong നു നല്‍കി കുറ്റക്കാരന്‍ ജപ്പാന്‍കാരനാണെന്നു വരുത്തിതീര്‍ത്തു അയാളുടെ മരണത്തിനു പോലും കാരണഭൂതനാകുന്നുണ്ട് പ്രത്യക്ഷത്തില്‍ അമിതപ്രാധാന്യം അര്‍ഹിക്കാത്ത ഈ പ്രധാന കഥാപാത്രം.Jong ന്റെ മകളുടെ സംരക്ഷണത്തിനായി ജപ്പാന്‍കാരന്‍ കൈക്കലാക്കിയ ഷൂ നഷ്ടമായതോടെ മകളില്‍ അന്നു മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു.Jong നെ കൊലപാതകം വഴി പാപിയാക്കുവാനും അതുവഴി അവനില്‍ Possession ലളിതമാക്കുവാനും Moo-myeong ഉപയോഗിച്ച കരുവാണ് Oh Sung-bok.




◆ Q4 : ആരാണ് ഷാമന്‍ ?

ധനലബ്ദിക്കായെങ്കില്‍ കൂടിയും സ്വന്തം ജോലിയില്‍ അര്‍പ്പണബോധമുള്ള സന്‍മാര്‍ഗിയായ മന്ത്രവാദിയാണ് ഷാമന്‍.Possession ലളിതമാക്കാന്‍ Moo-myeong സ്ഥാപിക്കുന്ന 'കാക്കകെണി' തുടക്കത്തില്‍ തന്നെ തച്ചുടച്ചുകൊണ്ട് ഷാമന്‍ തന്റെ ഉദ്ദേശശുദ്ധി വെളിപ്പെടുത്തുന്നുണ്ട് .ശേഷം താന്‍ കാണുവാന്‍ പാടില്ലാത്ത ആരെയെങ്കിലും കണ്ടുവോ എന്ന് അയാള്‍ Jong നോട് ചോദിക്കുന്നുണ്ട്.അതിനു ജപ്പാന്‍കാരനെന്നു Jong ഉത്തരം നല്‍കിയപ്പോള്‍ ഷാമനും ജപ്പാന്‍കാരനാണ് പിശാചെന്നു വിശ്വസിച്ചുകൊണ്ട് ആഭിചാരക്രീയകള്‍ ആരംഭിക്കുന്നു.എന്നാല്‍ കൊലപാതകം നടന്നിടതുവച്ചു Jong കണ്ട Moo-myeong നെയാണ് ഷാമന്‍ ശരിക്കും ഉദ്ദേശിച്ചത്.എന്നാല്‍ ജപ്പാന്‍കാരനാണ് പ്രതിയെന്ന വിശ്വാസത്തില്‍ ഷാമനും Jong ഉം അയാള്‍ക്കെതിരെ തിരിയുന്നു.ശേഷം ക്ലൈമാക്സിനോടടുക്കുമ്പോള്‍ Jong ന്റെ വീട്ടുവളപ്പില്‍ Moo-myeong നെ കാണുന്ന ഷാമന്‍ ചോര ഛർദിക്കുകയും അവിടെ നിന്നും ഓടിയൊളിക്കുകയും ചെയ്യുന്നു.യഥാര്‍ത്ഥ പൈശാചികതയെ നേരില്‍ കാണുന്ന ഷാമന്‍ സത്യങ്ങളെല്ലാം Jong നോട് പറയുകയും ചെയ്യുന്നതായി കാണാം.ശേഷം Jong ന്റെ വീട്ടിലെത്തുന്ന ഷാമന്‍ മരണപ്പെട്ടവരുടെ ഫോട്ടോയെടുക്കുന്നതായി കാണിക്കുന്നുണ്ട്,അതോടൊപ്പം തന്നെ മുന്‍പ് മരണപ്പെട്ടവരുടെ ചിത്രങ്ങള്‍ ഷാമന്റെ കൈയിലുള്ളതായും കാണിക്കുന്നുണ്ട്.Anti Possession നടത്തുവാനായി ജപ്പാന്‍കാരന്‍ ഫോട്ടോകള്‍ ശേഖരിച്ച അതെ വഴി തന്നെ ഷാമനും പിന്തുടരുന്നുവെന്നത് ഇരുവരുടെയും സമാനമായ ഉദ്ദേശ്യത്തെ സാധൂകരിക്കുന്നു.


____________________________________________________________________________________

● The Biblical Notation
*****************************

ചിത്രം ആരംഭിക്കുന്നതുതന്നെയൊരു ബൈബിള്‍ വചനത്തോടെയാണ്.ഉയിര്‍ത്തെഴുന്നേറ്റ യേശുവിനെ നോക്കി ഭയപ്പെട്ടവരോട് അദ്ദേഹം ഇപ്രകാരം അരുള്‍ചെയ്യുന്നു.

"ഭൂതത്തെയാണ് കാണുന്നതെന്നു അവര്‍ വിചാരിച്ചു.അവന്‍ അവരോടു ചോദിച്ചു : നിങ്ങള്‍ അസ്വസ്ഥരാകുന്നതെന്തിനു ? നിങ്ങളുടെ മനസ്സില്‍ ചോദ്യങ്ങള്‍ ഉയരുന്നതുമെന്തിനു ? എന്റെ കൈകളും കാലുകളും കണ്ടു ഇതു ഞാന്‍ തന്നെയെന്ന്‍ മനസ്സിലാക്കുവിന്‍.എന്നെ സ്പര്‍ശിച്ചു നോക്കുവിന്‍.എനിക്കുള്ളതുപോലെ മാംസവും അസ്ഥികളും ഭൂതത്തിനില്ലല്ലോ"

- Luke 24:37-40


ചിത്രത്തിന്റെ ഒടുക്കം 'മരണപ്പെട്ട' ജപ്പാന്‍കാരന്‍ പുരോഹിതസഹായിയോടു പറഞ്ഞവസാനിപ്പിക്കുന്നതും ഇതേ സംഭാഷശകലം തന്നെയാണ്.കാലചക്രമത്രയും മനുഷ്യകുലത്തിനായി നിലകൊണ്ട അദ്ദേഹത്തിനു പടുമരണമാണ് ലോകം വിധിച്ചത്.മറ്റുള്ളവന്റെ പാപങ്ങള്‍ക്കായി ക്രൂശിക്കപ്പെട്ട ദൈവപുത്രന്റെ പിന്മുറക്കാരനാകുന്നുണ്ട് പ്രീയപ്പെട്ട ജപ്പാന്‍കാരനായ ഷാമന്‍.ഒരു മനുഷ്യന്റെ ശാരീരിക-മാനസിക ഘടനകള്‍ക്കനുപാതമായി തന്നെ സൃഷ്ടിക്കപ്പെട്ട ഷാമനെ ഭൂതമായും പിശാചായും കണക്കാക്കി ഒറ്റപ്പെടുത്തുമ്പോഴും പരിഭവങ്ങളോ പരാതികളോ പറയാത്ത അദ്ദേഹം മാലോകര്‍ക്കായിതന്നെ ജീവിതമുഴിഞ്ഞുവയ്ക്കുന്നു.എന്നിട്ടും തന്റെ മരണവാഹകരായി കൂടെക്കൂടുന്നവരോടുള്ള സഹതാപമാകാം പിശാചിനു പോലും തളര്‍ത്താനാകാത്ത അര്‍പ്പണബോധം കൈമുതലായുള്ള ആ പടുവൃദ്ധനെ കണ്ണീരിലാഴ്ത്തിയത്.മനുഷ്യന്റെ ഉടലും ചെകുത്താന്റെ മനസ്സുമായി അദ്ദേഹത്തിനു പരിണാമം സംഭവിക്കുമ്പോള്‍ മനുഷ്യനു നഷ്ടമായത് ഒരു സംരക്ഷകനെയാണ്,മനുഷ്യന്റെ പാപങ്ങള്‍ സ്വയമേറ്റു തന്റെ ജീവികുലത്തിന്റെ നിലനില്‍പ്പിനായി അഹോരാത്രം പണിപ്പെട്ട ദൈവപുത്രനെയാണ്.

● The Human Inception Notation
*****************************************

മനുഷ്യോത്പത്തിയെക്കുറിച്ചുള്ള യഹൂദ-ക്രൈസ്തവ-ഇസ്ലാമിക,സുമേരിയന്‍,ബാബിലോണിയന്‍ വിശ്വാസങ്ങളോടു കൂട്ടിവായിക്കുവാനുമുള്ള ശിലാഫലകങ്ങള്‍ ചിത്രം നല്‍കുന്നുണ്ട്.ആദിമനുഷ്യന്‍ ആദം പാപിയാകുന്നത് പിശാചിന്റെ ഉദ്ദീപനത്തിനു വഴങ്ങി ഏദന്‍ തോട്ടത്തിന്റെ മധ്യത്തിൽ നിന്നിരുന്ന നന്മതിന്മകളുടെ അറിവിന്റെ വൃക്ഷത്തിലെ ഫലം അനുഭവിക്കുന്നതിൽനിന്നാണ്.അരുതാത്തത് ചെയ്തു പാപിയാകരുതെന്ന ദൈവത്തിന്റെ മുന്നറിയിപ്പ് വകവയ്ക്കാതെയാണ് ആദം പാപിയാകുന്നത്.ആദാമിന്റെ സൃഷ്ടിയോടു സാദൃശ്യമുള്ള കഥകൾ സൂമേറിയരുടെയും ബാബിലോണിയരുടെയും പുരാണങ്ങളിൽ കാണുന്നുണ്ട്. അക്കാദിയൻ പുരാണത്തിലെ അദപ്പാ എന്ന കഥാപാത്രത്തിന് ആദാമിനോടു സാമ്യം കാണുന്നു. ദൈവം നൽകിയ ആഹാരവും നിത്യജീവജലവും അബദ്ധത്തിൽ നിരസിച്ചതിനാൽ മനുഷ്യവർഗത്തിന് അമർത്യത നഷ്ടപ്പെട്ടതായി ആ കഥയിൽ പറയുന്നു.ഇപ്പ്രകാരം ദൈവത്തിന്റെ പ്രതിപുരുഷന്മാരില്‍ നിന്നും ലഭിച്ചുകൊണ്ടിരുന്ന മുന്നറിയിപ്പുകളെ അവഗണിച്ചു പാപിയാകുന്ന Jong-Goo തനിക്കര്‍ഹമായ പടുമരണം ചോദിച്ചുവാങ്ങുകയായിരുന്നു ചിത്രത്തില്‍.ആദമിനെ പോലെ തന്നെ തന്നെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കും Jong-Goo തന്റെ പാപഫലമായി ക്ലേശങ്ങള്‍ സമ്മാനിക്കുന്നു.ദൈവം അനുഗ്രഹമായി നല്‍കിയ തന്റെ മനോധൈര്യത്തെ പാപത്തിന്റെ വഴിയിലേക്ക് വഴിതിരിച്ചുവിടുന്ന അനേകം ഇരുകാലികളുടെ പ്രതീകമാണ് കഥാനായകന്‍.സ്വന്തം വിശ്വാസങ്ങളില്‍ മുറുകെപ്പിടിച്ചു സ്വെച്ച്ചാടികാരികളായും,തീവ്രവാദികളായും,കൊലാപാതകികളായും പരിണാമമേറ്റുവാങ്ങുന്ന ഇന്നിന്റെ മര്‍ത്യപുത്രന്റെ ചെയ്തികളിലുള്ള സംവിധായകന്റെ പ്രതിഷേധമാണ് Jong-Goo എന്ന കഥാപാത്രസൃഷ്ടി.  


നന്മ-തിന്മകള്‍ ആപേക്ഷികമാണെന്ന പൊതുധാരണയ്ക്കുമേലുള്ള സംവിധായകന്റെ വിശ്വാസമില്ലായ്മ ചിത്രത്തിലുടനീളം സ്ഫുരിക്കുന്നതുകാണാം.സ്വന്തം ക്ലേശങ്ങളെ മറയാക്കി പാപത്തിന്റെ വഴിയെ പോകുന്നവന് സമൂഹം നല്‍കുന്ന സഹതാപത്തോട്‌ കനത്ത അമര്‍ഷം പ്രകടിപ്പിക്കുന്നതോടൊപ്പം അവനര്‍ഹിക്കുന്ന ശിക്ഷകളിന്മേല്‍ വന്നുഭവിക്കുന്ന ഇളവുകളോടും പ്രതികൂലമായി തന്നെ പ്രതികരിക്കുവാന്‍ ചിത്രം ശ്രമിക്കുന്നുണ്ട്.വ്യത്യസ്ത നിഗമനങ്ങളില്‍ എത്തിച്ചേരുന്ന പ്രേക്ഷകനെകൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു Fourth Wall Breaking പോലും സംവിധായകന്‍ ചിത്രം വഴി സാധ്യമാക്കിയിട്ടുണ്ട്.കാഴ്ച്ചക്കാരനായ പ്രേക്ഷകന് ആരാണോ ചിത്രത്തിലെ വില്ലന്‍ എന്ന ചോദ്യത്തിനു ലഭിക്കുന്ന ഉത്തരത്തെ നമുക്കിതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്.

ലോകത്തോട്‌ സംസാരിക്കുവാന്‍ മനുഷ്യന്‍ കണ്ടെത്തിയ നൂതനരൂപംകൂടിയാണ് സിനിമയെന്നു ഉദ്ബോധിപ്പിക്കുന്ന സംവിധായകന്‍ വരച്ചുകാട്ടിയത് ലോകത്തിന്റെ സ്പന്ദനങ്ങളുടെ, വെല്ലുവിളികളുടെ, നിലനില്‍പ്പിന്റെ ചുവര്‍ചിത്രങ്ങളാണ്.സാങ്കേതികമായും ആശയപരമായും അവതരണപരമായും ഉന്നത നിലവാരം പുലര്‍ത്തുന്ന ചിത്രം കേവലം ഒരു കൊറിയന്‍ ത്രില്ലര്‍ എന്ന പേരിനപ്പുറം മറ്റെന്തൊക്കെയോ അര്‍ഹിക്കുന്നുണ്ട്.

കാണാത്തവര്‍ കാണുക !!!!!

കടപ്പാട് : wikipedia.com ( മനുഷ്യോത്പത്തി ഭാഗങ്ങള്‍ )

( കൂടുതൽ വായനയ്ക്ക് ചുവടെയുള്ള ഹാഷ് ടാഗുകൾ ഉപയോഗിക്കുകയോ ബ്ലോഗ് സന്ദർശിക്കുകയോ ചെയ്യാം )

#rhshy_anilkumar

#MS_UNICO

rhshyanil.blogpot.com

No comments:

Post a Comment