ഇരട്ട മാക്ഗഫിനുകളുമായി 'ആട്'®
➖➖➖➖➖➖➖➖➖➖➖➖➖
റോജര്‍ എബര്‍ട്ട്,എ.ഒ.സ്കോട്ട് തുടങ്ങിയവരുടെ ആംഗലേയ സിനിമാനിരൂപണങ്ങള്‍ പിന്‍തുടരുന്ന വായനക്കാര്‍ക്ക് പരിചിതമായ പദപ്രയോഗങ്ങളാണ് Red Herring,MacGuffin,Chekov's Gun,Icebox Scene,Butterfly Effect തുടങ്ങിയവ.കഥപറച്ചിലിനുവേണ്ടിയുള്ള ചില ടെക്നിക്കുകളായി ഇവയെ കണക്കാക്കാം.സിനിമ ലക്ഷണമൊത്തതായി രൂപാന്തരം പ്രാപിച്ചനാള്‍ മുതല്‍ കണ്ടുവരുന്ന ഇത്തരം 'സൂത്രവിദ്യകള്‍' ഇന്നും കാലാന്തരമായ മാറ്റത്തോടെ അവതരിപ്പിക്കപ്പെടുന്നുവെന്നതാണ് വാസ്തവം.
🔴 കാഴ്ചക്കാരനെ കബളിപ്പിക്കുവാന്‍ വേണ്ടിയൊരു കഥാപാത്രത്തെയോ സന്ദര്‍ഭത്തെയൊ മുന്‍കൂട്ടി ചിട്ടപ്പെടുത്തുകയും (പലപ്പോഴും വില്ലനാരെന്ന ചോദ്യത്തെ മുന്‍നിര്‍ത്തിയാകും ഇത്തരം കബളിപ്പിക്കലുകള്‍ മലയാളസിനിമയില്‍ കണ്ടുവരുന്നത് ) പിന്നീട് അത്ഭുതപ്പെടുത്തുന്നതിനായി അതിനേക്കാള്‍ വലിയൊരു സര്‍പ്രൈസ് ഒരുക്കിവയ്ക്കുകയും ചെയ്യുന്നൊരു ഏര്‍പ്പാട് ഇന്ന് സിംഹഭാഗം പ്രേക്ഷകര്‍ക്കും പരിചിതമാണ്.ഇത്തരത്തില്‍ വഴിമാറ്റിവിടുവാനായി സൃഷ്ടിക്കപ്പെടുന്ന എന്തിനെയും Red Herring എന്ന് വിളിക്കാം.ഇന്നിന്റെ ത്രില്ലര്‍ സിനിമകളിലെ സ്ഥിരസാന്നിധ്യമാണ് ഈ ടെക്നിക്.'ക്രൈം ഫയല്‍' എന്ന ചിത്രത്തിലെ കാളിയാറച്ഛന്‍,'ജാഗ്രത'യിലെ മോഹന്‍,വിശ്വം എന്നീ കഥാപാത്രങ്ങളൊക്കെ നല്ല രീതിയില്‍ പ്ലെയിസ് ചെയ്യപ്പെട്ട Red Herring നു ഉദാഹരങ്ങളാണ്.
🔴 സമാനമായി,സിനിമാലോകം പിന്തുടര്‍ന്ന,അല്ലെങ്കില്‍ പിന്തുടരുന്ന ഏറെ ജനപ്രീയമായൊരു ടെക്നിക്കാണ് MacGuffin.ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഭൂരിഭാഗം സിനിമകളും ഒരു MacGuffin ന്റെ സാന്നിധ്യത്തിലാണ് കഥപറയുന്നത്.ഒരു കഥയെ മുന്നോട്ടുകൊണ്ടുപോകുന്ന, ഒരു കാരണത്തെയോ, അമിതപ്രാധാന്യമാവശ്യമില്ലാത്ത ഒരു സന്ദര്‍ഭത്തെയോ, വസ്തുവിനെയോ, വ്യക്തിയെയോ, സമാനമായ മറ്റെന്തിനെയോ നമുക്ക് MacGuffin എന്നു വിളിക്കാം.വിഖ്യാത ചലച്ചിത്രകാരന്‍ ആല്‍ഫ്രഡ് ഹിച്കോക്കാണ് ഈയൊരു ഭാഷാപ്രയോഗത്തിനു ഇത്രമേല്‍ ജനപ്രീതി നേടിക്കൊടുത്തത്.സിംഹഭാഗം സിനിമകളും ഈ ടെക്നിക് ഫോളോ ചെയ്യുന്നുണ്ടെങ്കിലും അത് ചര്‍ച്ചയാകുന്നത് MacGuffin എന്നത് ഒരു വസ്തുവിലേക്കോ,ജീവിയിലെക്കോ ചുരുങ്ങുമ്പോഴാണ്.Pulp Fiction ലെ സ്യൂട്ട്കേസ്,National Treasure ലെ Independence Declaration,The Matrix ലെ Matrix,ദശാവതാരത്തിലെ Virus Gadget,തരംഗത്തിലെ മാല,ജൂനിയര്‍ മാൻഡ്രെക്കിലെ മൊട്ടത്തലയന്‍ പ്രതിമ,ചില സിനിമകളിലെ അക്രമകാരികളായ ഹിംസ്രജന്തുക്കള്‍,UFO കള്‍ എന്നിവയൊക്കെ നല്ല രീതിയില്‍ പ്ലെയിസ് ചെയ്യപ്പെട്ട MacGuffin കള്‍ക്ക് ഉദാഹരണങ്ങളാണ്.
എന്നാല്‍ അനവസരത്തിലുള്ള ഇത്തരം 'സിദ്ധാന്ത'ങ്ങളുടെ ഉപയോഗം ഇന്നിന്റെ പ്രേക്ഷകന് ഒരു ബാധ്യതയാകുന്നുണ്ട് പലപ്പോഴും.വഴിവെട്ടിയ മുന്‍ഗാമികളെ അനുഗമിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പോരായ്മയായിതിനെ പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.ഇന്നിന്റെ മലയാളം ത്രില്ലര്‍ സിനിമകള്‍ അനാവശ്യമായി ഉപയോഗിച്ചു പലപ്പോഴും ക്ലീഷേയെന്നു നാമകരണം ചെയ്യപ്പെടുന്ന അവസ്ഥയില്‍ പലപ്പോഴും Red Herring കള്‍ എത്തപ്പെടുന്നുണ്ട് ( സമീപകാല ചിത്രങ്ങളില്‍ ഇത്തരത്തില്‍ മോശപ്പെട്ടൊരു Red Herring നു സാക്ഷിയാക്കിയ ചിത്രമായിരുന്നു 'ശിക്കാരി ശംഭു' ).പ്രേക്ഷകന് മുന്നിലേക്ക് കണ്ടു മടുത്ത ഫോര്‍മുലകള്‍ തിരുകി കയറ്റുമ്പോള്‍ അവന്റെ ആസ്വാദനനിലവാരത്തിലും കാഴ്ചപ്പാടിലും അനുഭവതിലുമുണ്ടാകുന്ന മാറ്റം വ്യക്തമായി മനസ്സിലാക്കുവാന്‍ പലപ്പോഴും സംവിധായകര്‍ക്കും തിരക്കഥാകൃത്തുകള്‍ക്കും കഴിയാതെ പോകുന്നത് നിര്‍ഭാഗ്യകരമെന്നെ പറയേണ്ടു.'ഓഗസ്റ്റ് 1' ല്‍ Red Herring ഉപയോഗിക്കാതെ തന്നെ മികച്ച ത്രില്ലര്‍ ചമയ്ക്കുവാന്‍ അണിയറക്കാര്‍ക്ക് കഴിഞ്ഞപ്പോള്‍ അതിന്റെ തുടര്‍ച്ചയില്‍ പഴയ അതെ ഫോര്‍മുല തിരുകി കയറ്റി Red Herring നായി കഥാപാത്രങ്ങളെ വിന്യസിക്കുകകൂടി ചെയ്തപ്പോള്‍ കാഴ്ചക്കാരന്‍ അക്ഷമനായതിനു അവരുടെമേൽ പഴിചാരാനാകും?
എവിടെയാണ്, അല്ലെങ്കില്‍ എപ്രകാരമാണ് മേല്‍പ്പറഞ്ഞ ഫോര്‍മുലകള്‍ ഒരു സിനിമയ്ക്കായി Calibrate ചെയ്യേണ്ടുന്നത്? ഈയൊരു ചോദ്യത്തിന് ഏറ്റവും അനുയോജ്യമായ ഉത്തരമാണ് ഹിച്കോക്കിന്റെ വിഖ്യാത ചിത്രം 'Psycho'.ഇന്നും ഒരു Ideal ത്രില്ലറായി സൈക്കോ പ്രേക്ഷകമനസ്സില്‍ ജീവിക്കുന്നുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ Calibration നില്‍ ചിത്രം പുലര്‍ത്തിയ അസാമാന്യ മികവാണ് കാരണം.
പറഞ്ഞു വന്നത്,Red Herring നെ പറ്റിയല്ല.ഇവിടെ MacGuffin നാണ് നമ്മുടെ കഥാനായകന്‍.ഒരേ സിനിമയില്‍ തുല്ല്യപ്രാധാന്യത്തോടെ രണ്ടു ലക്ഷണമൊത്ത MacGuffin കളെ അവലംബിക്കുന്നു, ശേഷം അവ രണ്ടിനെയും ഒന്നിലേക്ക് Converge ചെയ്യിച്ചുകൊണ്ടു സിനിമയെ അവസാനിപ്പിക്കുന്നു.അത്രകണ്ട് പരിചിതമല്ലാത്ത ഈ MacGuffin ടെക്നിക്ക് സമീപകാലത്ത് ഒരു മലയാളസിനിമ തന്നെ വിജയകരമായി Calibrate ചെയ്തിരുന്നു !! ബിഗ് സ്ക്രീനില്‍ അമ്പേ പരാജയപ്പെടുകയും വര്‍ഷങ്ങള്‍ക്കിപ്പുറം റീറിലീസ് ചെയ്തുകൊണ്ടും, സീക്വലിറക്കി വമ്പന്‍ വിജയം കൈപ്പിടിയിലൊതുക്കിയും ചരിത്രമെഴുതിയ 'ആടാ'ണ് ഇന്നത്തെ ചിന്താവിഷയം.
സമീപകാലത്ത് മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയ രണ്ടാം 'ആടി'ന്റെ വരവോടെ ഏറെ ചര്‍ച്ചകള്‍ക്ക് വഴിയോരുക്കുകയുണ്ടായി ഒന്നാം 'ആട്'.കഥാപാത്രങ്ങള്‍ക്ക് പതിവിനു വിരുദ്ധമായി കുറച്ചധികം കോമിക് അപ്പീല്‍ നല്‍കിയ ചിത്രം തിരക്കഥയിലും പുതുമ കൊണ്ടുവരികയുണ്ടായി.അങ്ങേയറ്റം വ്യത്യസ്തമായ രണ്ടു MacGuffin കളെ വ്യക്തമായ ധാരണയോടെതന്നെ വിന്യസിച്ചിട്ടുണ്ട് 'ആട്'എന്ന മലയാളിയുടെ പ്രിയചിത്രം.പലപ്പോഴും ഇത്തരം ടെക്നിക്കുകളെ അവലംബിക്കുമ്പോള്‍ അമ്പേ പരാജയമായി പോകുന്ന സമീപകാല സൃഷ്ടികള്‍ക്ക് ഒരു പാഠപുസ്തകമാകുന്നുണ്ട് 'ആട്'.'ആടി'ലെ ഇരട്ട MacGuffin കളിലേക്ക് .....
MacGuffin 1 - പിങ്കി
〰〰〰〰〰〰〰〰
ചിത്രത്തിന്റെ ടൈറ്റില്‍ റോളില്‍ പ്രത്യക്ഷപ്പെടുന്ന പിങ്കിയെന്ന ആട്ടിന്‍കുട്ടിയാണ് ആദ്യ ലക്ഷണമൊത്ത MacGuffin.ചിത്രത്തിലെ ഐക്കോണിക്ക് ഷാജി പാപ്പനെ ചിത്രത്തിലേക്കടുപ്പിക്കുന്ന കര്‍ത്തവ്യം പിങ്കിയാണ് നിറവേറ്റുന്നത്.വടംവലി മത്സരത്തിനുശേഷം കഥയ്ക്കൊപ്പം ചേരുന്ന പിങ്കി-ഷാജി പാപ്പന്‍,ലോലന്‍,ക്യാപ്റ്റന്‍ ക്ലീറ്റസ്,അറക്കല്‍ അബു,മൂങ്ങാ കുട്ടന്‍,കൃഷ്ണന്‍ മന്ദാരം,തോമസ് പാപ്പന്‍,മേനക കാന്തന്‍,മൃഗസംരക്ഷണനിയമവും തന്റെ സ്റ്റേഷന്‍ പരിധിയില്‍ പെടുന്നതാണെന്നു തിരിച്ചറിവുള്ള സര്‍ബത്ത് ഷമീര്‍ എന്നിവരെ കഥയിലേക്ക് കൂട്ടിക്കൊണ്ടുവരുന്നുണ്ട്.
MacGuffin 2 - നീലക്കൊടുവേലി
〰〰〰〰〰〰〰〰〰〰〰
ചിത്രത്തെ മുന്നോട്ടുകൊണ്ടുപോകുന്നത് രണ്ടു ഗാങ്ങുകളാണ്,ഒന്ന് ഷാജി പാപ്പന്റെ വടംവലി ടീമും,രണ്ടു ഡൂഡ് നയിക്കുന്ന ബാങ്കോക് ടീമും.ഇതില്‍ രണ്ടാമത്തെ ഗാങ്ങിനെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് 'നീലക്കൊടുവേലി'യാണ്.ആശാന്റെ അസുഖം മാറ്റിയെടുക്കാന്‍ ജന്മനാട്ടിലേക്ക് തിരിച്ചെത്തുന്ന ഡൂഡിനെ കാത്തു ഒരുപറ്റം കഥാപാത്രങ്ങള്‍ ഇങ്ങു ഹൈറേഞ്ചിലിരിപ്പുണ്ട്.സാത്താന്‍ സേവിയര്‍,ഹൈറേഞ്ച് ഹക്കീം,കഞ്ചാവു സോമന്‍,ഡ്രാഗൺ പൈലി,ഇല്ലാത്ത വസ്തുക്കളുടെ പേര് പറഞ്ഞു നടക്കുന്ന മാഫിയയ്ക്ക് പിറകെ പോകുന്ന സര്‍ബത്ത് ഷമീര്‍ എന്നിവരെല്ലാം നീലക്കൊടുവേലി എന്ന MacGuffin നു പിന്നില്‍ അണിനിരന്നുകൊണ്ടാണ് കഥയെ മുന്നോട്ടു കൊണ്ടുപോകുന്നു.
⏩⏩ തമ്മില്‍ യാതൊരു മുന്‍പരിചയവുമില്ലാത്ത ഒട്ടനേകം കഥാപാത്രങ്ങളെ ഒരു ക്യൂവിലെന്നോണം അണിനിരത്തി കഥയിലേക്ക് കൂട്ടികൊണ്ടുവരുന്ന ഇരട്ട MacGuffin കളുടെ ഉപയോഗം 'ആടി'ന്റെ ആസ്വാദനത്തെ വളരെയധികം അനുകൂലമായി തന്നെ സ്വാധീനിച്ചുവെന്നുവേണം കരുതാന്‍.ഒരു കോമിക് മൂഡ് സൃഷ്ടിച്ചുകൊണ്ട് മുന്നേറുന്ന ചിത്രം ഇരു MacGuffin കളെയും പിന്നീട് ഒന്നാക്കി മാറ്റുന്നുകൂടിയുണ്ട്-നീലക്കൊടുവേലി പിങ്കി തന്നെയാണ് ഒടുക്കം സ്വന്തമാക്കുന്നതും.
ഇത്തരത്തില്‍ ഒരു കഥാഗതിയെ മുന്നോട്ടു നയിക്കുന്ന, തുല്യപ്രാധാന്യമുള്ള, രണ്ടു ഘടകങ്ങളെ ഹാസ്യത്തിന്റെ മേമ്പോടിയില്‍ അനവസരത്തില്‍ അവലംബിക്കാതെ അവയെ ഒന്നിലേക്ക് മാത്രമാക്കി ചുരുക്കുകയും ചെയ്തുകൊണ്ടുള്ള മികച്ച കഥാഗതി 'ആട്' ഇന്ന് നേടിയ കള്‍ട്ട് പദവിക്ക് അടിത്തറയായിരുന്നുവെന്നു വേണം കരുതാന്‍.
ഷാജിപാപ്പനെയും കൂട്ടരെയും വീണ്ടും വീണ്ടും മികച്ച കഥാഗതികളോടെ അവതരിപ്പിക്കുവാൻ മിഥുൻ മാനുവലിനും അണിയറക്കാര്‍ക്കു സാധിക്കട്ടേയെന്ന് പ്രത്യാശയോടെ കാത്തിരിക്കുന്നു....
( നിങ്ങൾക്ക് പരിചിതമായ MacGuffin കൾ ചുവടെ പങ്കുവയ്ക്കുക )
കൂടുതൽ വായനയ്ക്ക് ചുവടെയുള്ള ഹാഷ് ടാഗുകൾ ഉപയോഗിക്കുക,ബ്ലോഗ് സന്ദർശിക്കുക
#rhshy_anilkumar
#MS_UNICO
rhshyanil.blogspot.com
