Sunday, October 8, 2017

Communist Interpretation in "Munnariyipp" - Part 1

പ്രത്യക്ഷവും പരോക്ഷവുമായ അര്‍ത്ഥതലങ്ങള്‍ വേര്‍തിരിച്ചെടുക്കാനുള്ള എന്റെ ശ്രമങ്ങളാണ് ഏഴു ഭാഗങ്ങളിലായി എഴുതപ്പെട്ട 'മുന്നറിയിപ്പ്-ഒരു അന്വേഷണം' എന്ന പരമ്പര. നിങ്ങളില്‍ പലരും അത് വായിച്ചിരിക്കാം.ഓരോ കാഴ്ചയിലും പുതുവ്യാഖ്യാനങ്ങള്‍ തുറന്നു നല്‍കുന്ന ചിത്രം പ്രേക്ഷകരിലെ ബൌധിക, വൈകാരിക കാഴ്ചപ്പാടുകളെ ആഴത്തില്‍ സ്പര്‍ശിചിട്ടുണ്ടാകും എന്ന് വേണം കരുതാന്‍.പ്രത്യക്ഷത്തില്‍ പ്രേക്ഷകന് മുന്നിലേക്ക് തുറന്നു കാട്ടുന്ന കഥാഗതിക്കപ്പുറം പരോക്ഷമായി ഒന്നിലധികം ശ്രേഷ്ഠവ്യാഖ്യാനങ്ങള്‍ അവതരിക്കപ്പെടുമ്പോള്‍ 'മുന്നറിയിപ്പ്' സമീപകാലത്തെ ചിത്രങ്ങളില്‍ നിന്നും തന്റേതായ ഒരു സ്ഥാനം സ്വയം സൃഷ്ടിക്കുന്നു.ചിത്രത്തില്‍ പലയിടങ്ങളിലും സ്ഫുരിക്കുന്ന കമ്മ്യൂണിസം എന്ന തത്വശാസ്ത്രത്തിന്റെ പ്രസരിപ്പുകള്‍ തേടിയിറങ്ങുകയാണ് ചുവടെയുള്ള വാക്കുകള്‍.

രാഷ്ട്രതന്ത്രത്തിലും സാമൂഹികശാസ്ത്രത്തിലും കമ്യൂണിസം എന്നതു സാമൂഹിക, രാഷ്ട്രീയ, സാമ്പത്തികവുമായ തത്ത്വശാസ്ത്രവും അതിനെയൂന്നിയുള്ള ഒരു പ്രസ്ഥാനവുമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വിഭാവനം ചെയ്യുന്നത് വർഗ്ഗരഹിതമായ ഒരു സാമുഹിക വ്യവസ്ഥിതി വാർത്തെടുക്കുക എന്നതാണ്. ഈ തത്ത്വശാസ്ത്രപ്രകാരം നിർമ്മാണവും അതുമായി ബന്ധപ്പെട്ട ഉടമസ്ഥതയും ഒരു സമൂഹത്തില്‍  പൊതുവായിരിക്കുകയും സ്വകാര്യവ്യക്തികൾക്കോ ഏതെങ്കിലും വർഗ്ഗങ്ങൾക്കൊ അതിൽ പങ്കുണ്ടാകുകയേ ഇല്ല. ഇതുമൂലം സമ്പത്ത് സ്വകാര്യവ്യക്തിയുടെ കയ്യിൽ ഒതുങ്ങി നിൽകാതെ സമൂഹത്തിലെല്ലാവരിലേക്കും ആവശ്യമനുസരിച്ച് മാറ്റപ്പെടുന്നു.കമ്യൂണിസത്തിൽ ആരും സമ്പത്ത് കൈകാര്യം ചെയ്യുന്നില്ല. എല്ലാവരും പൊതുവായ ഒരു സംസ്ഥനത്തിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണശാലകളിൽ അവരാലാകുന്നതുപോലെ തൊഴിലെടുക്കുന്നു. ഒരോരുത്തരുടെ തൊഴിലും പ്രതിനിധീകരണത്തിനും ആവശ്യത്തിനുമനുസരിച്ച് ലാഭം പങ്കുവക്കപ്പെടുന്നു.ഈയൊരു തത്വശാസ്ത്രത്തില്‍ ഊന്നിയൊരു വ്യാഖ്യാനം 'മുന്നറിയിപ്പ്' മുന്നോട്ടു വയ്ക്കുന്നുണ്ട്.
ചിത്രത്തില്‍ തന്റെ തൂലികയ്ക്ക് വിലയിട്ട് അതുവഴി തന്റെ സ്വാതന്ത്ര്യത്തിനു വിഖാതം നിന്ന ഒരുവളെ സി കെ രാഘവന്‍ എന്ന വ്യക്തി കൊലചെയ്യുന്നു. അതിനു ന്യായീകരണം എന്നോണം തന്റേതായ ഒരു തത്വശാസ്ത്രവും രാഘവന്‍ കണ്ടെത്തുന്നു എന്ന് പരമ്പരയില്‍ നമ്മള്‍ വിശദീകരിക്കുകയുണ്ടായി.കമ്മ്യൂണിസം പലപ്പോഴും വിപ്ലവാത്മകമായ ചിന്താഗതികളിലെക്ക് വഴിതിരിക്കുന്നത് സാധാരണക്കാരായ തൊഴിലാളികള്‍ക്ക്മേല്‍ അടിച്ചമര്‍ത്തലുകളുടെ കരങ്ങള്‍ വീഴുമ്പോഴാണ്.ഇവിടെ രാഘവനും അതുപോലെ തന്നെയാണ്.രാഘവന്‍ പറയുന്നത് ശ്രദ്ധിക്കുക

"പുതിയ ജീവിതം പഴേ ജീവിതം അങ്ങനെയോക്കെയുണ്ടോ ? നമുക്കാകെ ഒറ്റ ജീവിതമല്ലേ ഉള്ളു"

തന്റെ ജീവിതത്തില്‍ ഒരു പുതുമ അല്ലെങ്കില്‍ വഴിത്തിരിവുകള്‍ സാധ്യമല്ല  അല്ലെങ്കില്‍ അതിനു താല്‍പ്പര്യമില്ല എന്ന് വിശ്വസിക്കുന്നയാളാണ് രാഘവന്‍.മുതളിത്തവ്യവസ്ഥിതിയില്‍ പെട്ടുപോകുന്ന സാധാരണക്കാരന്റെ അവസ്ഥയും ഇത് തന്നെയാണ്.പിന്നീട് "നമ്മുടെ വര്‍ത്തമാനം മാത്രമല്ല ചിന്തകളും പിടിക്കുന്ന യന്ത്രമാണോ" എന്ന് recorder നോക്കിക്കൊണ്ട് സംസാരിക്കുന്ന രാഘവന്‍ തന്നിലെ വ്യാകുലതകളുടെ താക്ക്കോല്‍ അവിടെ അഴിക്കാന്‍ ശ്രമിക്കുന്നുണ്ട്.വിപ്ലവാത്മകമായ ചിന്താഗതിയുടെ തീക്കനല്‍ വീഴ്ത്തിയ കമ്മ്യൂണിസം എന്ന തത്വശാസ്ത്രത്തില്‍ സാധാരണക്കാരായ ജനങ്ങളിലെ വിശ്വാസം ഇവിടെ മുന്നറിയിപ്പ് വരച്ചു കാട്ടുന്നു.തങ്ങളുടെ വിപ്ലവചിന്തകള്‍ മുതലാളിമാരില്‍ എത്തുന്നുണ്ടോ എന്ന സാധാരണക്കാരന്റെ വ്യാകുലതകള്‍ രാഘവനിലൂടെ സംവിധായകന്‍ പ്രകടിപ്പിക്കുന്നു.

"കണ്ണാടിയില്‍ നോക്കുമ്പോള്‍ എന്റെ പ്രതിബിംബം എന്നെ തന്നെ നോക്കി അവിടെ നില്‍ക്കുന്നു,കണ്ണാടി വിട്ടു ഞാന്‍ പോരുമ്പോഴും അതവിടെത്തന്നെ നില്‍ക്കുമോ,അതോ എന്റെ കൂടെ പോരുമോ ?"

സാധാരണക്കാരന്റെ വ്യാകുലതകളുടെ രണ്ടാം അദ്ധ്യായം ഇവിടെ തുടങ്ങുന്നു.തങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നു എന്ന് സമര്‍ധിക്കുന്ന കമ്മ്യൂണിസ്റ്റ്‌ ഇതര നേതാക്കളോടുള്ള വിശ്വാസ്യതയിലെ ഏറ്റക്കുറവു ഇവിടെ സ്ഫുരിക്കുന്നു.എന്നോടൊപ്പം ഉണ്ടെന്ന ഞാന്‍ വിശ്വസിക്കുന്ന പ്രതിബിംബത്തെ പോലെയാണ് കമ്മ്യൂണിസം,അത് എന്നോടൊപ്പം ഞാന്‍ കാണുമ്പോഴെല്ലാം കൂടെയുണ്ട്.ഞാന്‍ കാണാത്ത നേരത്ത് അതിന്റെ ചെയ്തികള്‍ എനിക്ക് അജ്ഞാതമാണ്.തന്നോടൊപ്പം നില്‍ക്കുന്ന പ്രസ്ഥാനത്തിന്റെ പരിമിതികളിലുള്ള തിരിച്ചറിവും മുതലാളിമാരുടെ ശക്തിസ്രോതസ്സുകളിലുള്ള ഭയവും സാധാരണക്കാരില്‍ ഇങ്ങനെയൊരു ആകുല സൃഷ്ടിച്ചതില്‍ തെറ്റു പറയാന്‍ കഴിയില്ല

ജയിലിലെ രാഘവന്‍ സമ്മര്‍ദങ്ങള്‍ക്കതീതനല്ല,അവിടെ അയാളുടെ ബൌധീകമണ്ഡലം ക്രമമായും ചിട്ടയോടും ജോലി ചെയ്യുമ്പോള്‍ രാഘവന്റെ ചിന്തകളും വീക്ഷണങ്ങളും പകര്‍ത്തുവാന്‍ അയാള്‍ക്ക് മടിയേതുമില്ല.എന്നാല്‍ അഞ്ജലിയുടെ സമ്മര്‍ദത്താല്‍ അയാളുടെ ബൌധീകമണ്ഡലം ക്രമരഹിതമാകുകയും ചിന്തകള്‍ക്ക് വേഗത നന്നേ കുറയുകയും ചെയ്യുന്നു.താന്‍ ആവശ്യപ്പെടുന്ന അന്തരീക്ഷം സൃഷ്ടിക്കുവാനോ തന്നെ സമ്മര്‍ദവിമുക്തനാക്കാണോ അഞ്ജലി ഒന്നും ചെയ്യുന്നില്ല.ഇത് അഞ്ജലിയുടെ തന്നെ വിനാശത്തിനു  കാരണമാകുകയാണ് ചിത്രത്തില്‍.സാധാരണക്കാരനായ തൊഴിലാളിയും രാഘവന് സമനാണ്.ജോലികള്‍ ആയാസരഹിതമായും സമ്മര്‍ദവിമുക്തമായും ചെയ്യുമ്പോളാണ് ഒരുവന്‍ മാനസികമായി സന്തുഷ്ടനാകുന്നതും അയാള്‍ക്ക്‌ അതിന്റെ ഫലം ലഭിക്കുന്നതും.എന്നാല്‍ താന്‍ അര്‍ക്കിക്കുന്ന വേദനം ലഭിക്കാതെ മറ്റൊരുവനുവേണ്ടി സമയബന്ധിതമല്ലാതെ ജോലി ചെയ്യേണ്ടി വരുമ്പോള്‍ ഏതൊരാളും തന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാനിറങ്ങാം.ഇത് മുതലാളിത്ത വ്യവസ്ഥിതിയുടെ പോലും ഉണ്മൂലനതിനു കാരണമാകാം.ഇവിടെ വിപ്ലവം എന്ന തത്വം സാധാരണക്കാരന് പകര്‍ന്നു നല്‍കുന്നത് കമ്മ്യൂണിസം ആണെങ്കില്‍ രാഘവന് അത് പകരുന്നത് സ്വന്തം ചിന്തകളാണ്.

താന്‍ ജയിലില്‍ വച്ച് സ്വരുക്കൂട്ടിയ പണം അഞ്ജലിയുടെ കൈയില്‍ തന്നെ വയ്ക്കുവാന്‍ രാഘവന്‍ പറയുമ്പോള്‍ അത് അയാളിലെ വിധേയത്വമാണ് സൂചിപ്പിക്കുന്നത്.താന്‍ കഷ്ടപ്പെട്ട് സ്വരുക്കൂട്ടുന്ന പണം മുതലാളിമാര്‍ക്ക് നല്‍കാന്‍ വിധിക്കപ്പെടുന്ന സാധാരണക്കാരനായ തൊഴിലാളിയുടെ Symbolic Notation ആണിവിടെ രാഘവന്‍.ജയിലിന് സമാനമായി ഇരുംബഴികല്‍ക്കിടയിലൂടെ നോക്കുന്ന രാഘവനും,ജയിലഴികള്‍ പോലെ തോന്നിക്കുന്ന തെങ്ങുകള്‍ക്കിടയിലെ വീട്ടില്‍ കഴിയേണ്ടി വരുന്ന രാഘവനും ഒക്കെ ഇത്തരം Symbolic Notations ന്റെ ഉദാഹരണങ്ങളാണ് (See First Comment).

രാഘവനെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രതിരൂപമായാണ്‌ ഇതുവരെയും നാം വ്യാഖ്യാനിച്ചു പോയത്.എന്നാല്‍ ഇതിനൊരു മറുപുറമുണ്ട്.രാഘവന് പകരം അഞ്ജലിയെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രതീകമായും രാഘവനെ കമ്മ്യൂണിസ്റ്റ്‌ തത്വശാസ്ത്രത്തിന്റെ പ്രതീകമായും പ്രതിഷ്ടിച്ചുകൊണ്ടുള്ള വ്യാഖ്യാനവും ചിത്രം പ്രദാനം ചെയ്യുന്നുണ്ട്.ബാറില്‍ വച്ച് രാഘവന്‍ പറയുന്നത് ശ്രദ്ധിക്കാം,

"നമ്മള് സ്വാതന്ത്ര്യത്തെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതാണു കാര്യം.നിങ്ങള് കാണുന്ന സ്വാതന്ത്ര്യമായിരിക്കില്ല എന്റെ സ്വാതന്ത്ര്യം.നമുക്ക് തടസ്സമായിട്ട് നില്‍ക്കുന്ന ചില കാര്യങ്ങളെ നമുക്ക് ചിലപ്പം പറിച്ചു മാറ്റേണ്ടി വരും.അതിനല്ലേ സ്വാന്തന്ത്രിയോന്ന്‍ പറയുന്നത്.വീട്ടില്‍ നടന്നാല്‍ കുടുംബകലഹം സമൂഹത്തില്‍ നടന്നാല്‍ വിപ്ലവം.ക്യൂബയിലായാലും കുടുംബത്തിലായാലും വിപ്ലവം നടന്നാല്‍ ചോര വീഴും"

ചിത്രത്തിലെ കമ്മ്യൂണിസ്റ്റ്‌ വ്യാഖ്യാനം ഇത്രയും മനോഹരമായി അവതരിപ്പിക്കപ്പെട്ട മറ്റൊരു രംഗമുണ്ടെന്നു തോന്നുന്നില്ല.കുടുംബകലഹം എന്ന് പറയുമ്പോള്‍ അത് തന്റെ വ്യക്തിത്വത്തോട് കൂട്ടിവായിക്കാന്‍ രാഘവന്‍ ആഹ്വാനം ചെയ്യുമ്പോള്‍ സമൂഹം എന്നത് ചിത്രത്തിന്റെ വ്യക്തിത്വം പ്രകടമാക്കുന്നു.അഞ്ജലി ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിനായി ജോലി ചെയ്യാന്‍ തീരുമാനിക്കുന്നു.എന്നാല്‍ ഒരാളുടെ ബുദ്ധിക്കു സമയപരിധികൊണ്ട് വിലയിടുന്നതുവഴി കോര്‍പ്പറേറ്റ് സ്ഥാപനം മുതാളിത്തവ്യവസ്ഥിതിയുടെ പ്രതീകമാകുമ്പോള്‍ അഞ്ജലി അടിച്ചമര്‍ത്തലുകളില്‍പ്പെട്ടുഴറുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രതീകമായും അവതരിപ്പിക്കപ്പെടുന്നു ഇവിടെയാണ്‌ വിപ്ലവാത്മകചിന്താഗതികളോട് താല്‍പ്പര്യം പ്രകടിപ്പിക്കുന്ന രാഘവന്റെ വരവ്. സ്വന്തം അവകാശങ്ങള്‍ തൊഴിലാളികള്‍ക്ക് നേടിക്കൊടുക്കുന്നത് വഴി മുതലാളിത്ത വ്യവസ്ഥിതിയില്‍ നിന്നും അവര്‍ക്കൊരു രക്ഷ നേടിക്കൊടുക്കുന്നുണ്ട് കമ്മ്യൂണിസം എന്ന ആശയം.ഒരുവന്റെ സ്വാതന്ത്ര്യത്തിനു വില കല്പ്പിക്കാത്തവള്‍ വ്യക്തിത്വമില്ലാതവളാണു (അഞ്ജലിയുടെ മരണം ഒരു രക്ഷപ്പെടുത്തല്‍ ആയതെങ്ങനെയെന്ന്‍ പരമ്പരയുടെ          ഭാഗത്തില്‍ വിവരിക്കുകയുണ്ടായി-See First Comment).മുതലാളിത്ത വ്യവസ്ഥിതിയുടെ പിടിയില്‍ പെടുന്ന അജ്ഞ്ഞലിക്ക് രാഘവന്‍ എന്ന കമ്മ്യൂണിസ്റ്റ്‌ ആശയം നല്‍കുന്ന രക്ഷയാണ് മരണം.

എന്റെ യുക്തിക്ക് തോന്നിയ വ്യാഖ്യാനങ്ങള്‍ മാത്രമാണ് ഇവിടെ നിരത്തിയിരിക്കുന്നത്.ഓരോ പ്രേക്ഷകനും ചിന്തയുടെ പറുദീസ തുറന്നു നല്‍കുന്ന ചിത്രത്തില്‍ ഏവരുടെയും ചിന്തകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും പ്രാധാന്യം ഏറെയാണ്‌.ആയ കാരണത്താല്‍ നിങ്ങള്‍ക്ക് തോന്നിയ സംശയങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുക.ഏഴു ഭാഗങ്ങളിലായി ചിട്ടപ്പെടുത്തിയ പരമ്പരയുടെ തുടര്‍ച്ചയെന്നോണം ഈ അഭിപ്രായപ്രകടനത്തെ സമീപിക്കുക.എട്ടു ഭാഗങ്ങളിലായി 'മുന്നറിയിപ്പി'ലെ അന്വേഷണങ്ങള്‍ പറഞ്ഞവസാനിപ്പിക്കുവാന്‍ എനിക്ക് എല്ലാ വിധ പിന്തുണയും നല്‍കിയവര്‍ക്ക് നന്ദി.
...................................
(പരമ്പരയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കുവാനായി ഈ ഹാഷ് ടാഗുകള്‍ ഉപയോഗിക്കുക)
കൂടുതൽ വായനയ്ക്ക് : rhshyanil.blogspot.com )

No comments:

Post a Comment