Monday, October 23, 2017

Pazhassi's Death - Film and Reality

പഴശ്ശിയുടെ അന്ത്യം - യാഥാര്‍ത്ഥ്യവും ചലച്ചിത്രവും ===========================================

"ബാലനായിരിക്കെ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പരദേവതയായ മുഴക്കുന്നിൽ ശ്രീപോർക്കലി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജ തന്റെ വാക്ക്‌ അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചു"
പ്രശസ്ത ചരിത്രകാരന്റെ വാക്കുകകള്‍ കടമെടുതുകൊണ്ട് തന്നെ ലഘുലേഖ ആരംഭിക്കുവാനായതിലുള്ള സന്തോഷത്തോടെആരംഭിക്കുന്നു.
പഴശ്ശിയുടെ അന്ത്യം - യാഥാര്‍ത്ഥ്യവും ചലച്ചിത്രാവിഷ്കാരവും®
===========================================================
സ്വാതന്ത്ര്യലബ്ദിയുടെ കഥകളില്‍ അഭിമാനം കൊള്ളുന്ന ജനതയുടെ വക്താക്കളാകുന്ന നാമിന്നും അജ്ഞ്ഞരായിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ വിരളിലെണ്ണി തിട്ടപ്പെടുത്താവുന്നതിലുമപ്പുറമാണ്.സ്വാതന്ത്ര്യം തന്നെയമൃതം എന്നാഹ്വാനം ചെയ്യുമ്പോഴും തന്റെ മരണം മുന്നില്‍ക്കണ്ട് പടപൊരുതി രക്തം ചിന്തിയ അനേകായിരം പോരാളികളുടെ ത്യാഗോജ്വലമായ കഥകളില്‍ ഇതിഹാസം രചിച്ച കേരളത്തിന്റെ വീരനായകനാണ് കേരള വര്‍മ പഴശ്ശി തമ്പുരാന്‍ എന്ന പഴശ്ശി രാജ .ലോകം കീഴടക്കിയ നെപോളിയന്‍ ചക്രവര്‍ത്തിയുടെ പതനത്തിനു വഴിവച്ച വാട്ടര്‍ലൂ യുദ്ധത്തില്‍ അദ്ധേഹത്തെ നേരിടുകയും ഇന്ത്യ കണ്ട ഏറ്റവും മികച്ച യുദ്ധ തന്ത്രജ്ഞരിലൊരാളായ ടിപ്പു സുല്‍ത്താനെ തറ പറ്റിക്കുകയും ചെയ്ത മഹാനായ പോരാളി ആര്‍തര്‍ വെല്ലെസ്ലീ തന്റെ ജീവിതത്തില്‍ നേരിട്ട ഏക പരാജയം ഇന്ത്യയെന്ന മഹാരാജ്യത്തെ ഒരു ചെറു നാട്ടുരാജ്യത്തിന്റെ രാജാവിനോടായിരുന്നു,കോട്ടയം രാജ്യത്തെ ജനങ്ങളുടെ പ്രീയങ്കരനായ പിഞ്ചിരാജയെന്ന പഴശ്ശി രാജയോടു.തന്റെ ശത്രു ഇരുളിന്റെ കംബളം പുതയ്ക്കുന്ന വേളയില്‍ മാനായും മയിലായും മരണത്തെ സംഭാവന ചെയ്ത പഴശ്ശിയുടെ ഒളിപ്പോര്‍ വിദ്യയില്‍ ചിറകു കരിഞ്ഞു വീണത്‌ ബ്രിട്ടീഷ്‌ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച യുദ്ധവീരന്മാരായിരുന്നു.വയനാടന്‍ കാടുകളെ തങ്ങള്‍ക്കു പ്രതിരോധത്തിനായി വിന്യസിച്ച പഴശ്ശിയുടെ പോരാളികള്‍തീര്‍ത്ത സ്വാന്തന്ത്ര്യത്തിന്റെ ശിലാഫലകങ്ങളാകുന്ന കെണികളില്‍ ഈയാമ്പാറ്റകളെപോലെ എരിഞ്ഞടങ്ങിയ സൈനിക ബലത്തിന്റെ കണക്കെടുത്താല്‍ അതിന്നും അത്ഭുതാവഹമായൊരു സംഖ്യയാകാം .പ്രതിരോധത്തിനായി വാളെടുക്കുന്ന അന്നത്തെ നാട്ടുരാജാക്കന്മാരുടെ പതിവ് തെറ്റിച്ചുകൊണ്ട് എതിരാളിയെ അവന്റെ തട്ടകത്തില്‍ കയറി ആക്രമിക്കാനും പഴശ്ശി മടി കാട്ടിയില്ല എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പ്രശസ്തമായ പനമരം കോട്ടയാക്രമണം.വാര്‍ധക്യത്തിനുപോലും ആഗമിക്കാനൊരവസരം നല്‍കാതെ വീരചരമം പ്രാപിച്ച മഹാനായ പോരാളിയുടെ പൊന്‍തൂവലുകള്‍ ഇങ്ങനെ അനന്തതയിലേക്കടുക്കുന്നു
വര്‍ഷങ്ങള്‍ക്കിപ്പുറം അദ്ധേഹത്തിന്റെ സംഭവബഹുലമായ ജീവിതകഥ അഭ്രപാളികളിലേക്ക് പറിച്ചു നടുവാന്‍ മലയാളിയുടെ പ്രീയപ്പെട്ട സംവിധായകനും നിളയുടെ കഥാകാരനും ശ്രമം നടത്തിയപ്പോള്‍ പിറന്നത്‌, അന്നോളം മലയാള സിനിമ ലോകം സാക്ഷിയാകാത്ത പുതിയൊരു ചലച്ചിത്ര സ്പര്യയ്ക്കാണു.കഥകള്‍ക്കും യാഥാര്‍ത്ഥ്യത്തിനുമൊപ്പം എം ടി യുടെ ഭാവനയും സമാസമം ഇടകലര്‍ത്തിയ ചിത്രം യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണെന്നു ചരിത്രകാരന്മാര്‍ അവകാശപ്പെടുമ്പോഴും തര്‍ക്കവിഷയമായി നിലകൊള്ളുന്ന പഴശ്ശിയുടെ മരണം എന്ന വസ്തുത മറ്റേതു കലാസ്രിഷ്ടിയുടെയും വിമര്‍ശനാത്മകമായ ഭാഗം എന്നോണം ചിത്രം റിലീസായ നാളുകളിലും തന്നെ പ്രചരിച്ചിരുന്നു.അഭ്യസ്തവിദ്യരായ ഫാന്‍സ്‌ ഘടകങ്ങള്‍ യാതൊരു ചരിത്രരേഖയുടെയും പിന്‍ബലമില്ലാതെ കേട്ടുകേള്‍വിയുടെയോ മറ്റോ ബലത്തില്‍ പഴശ്ശിയുടെ മരണത്തെ ആത്മഹത്യയെന്ന്‍ മുദ്രണം ചെയ്തത് ഇന്നും ഓര്‍മകളിലുണ്ട്.എന്നാല്‍ പഴശ്ശിയുടെ മരണം എങ്ങനെയായിരിക്കാം ? ചലച്ചിത്രരൂപത്തിനായി അണിയറപ്രവര്‍ത്തകര്‍ നടത്തിയ കണ്ടെത്തലുകളും ചിത്രത്തിന്റെ പരകൊടിയും എത്രമാത്രം ചരിത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നു ?
പഴശ്ശി രാജാവിനെ കുറിച്ചുള്ള ഏറ്റവും ആധികാരികമായ പഠനം നടത്തിയ പ്രശസ്ത ചരിത്രകാരൻ ഡോക്ടർ കെ കെ എൻ കുറുപ്പ് പഴശ്ശി രാജാവ് പൂർണമായും ഒരു നിസ്സ്വാർത്ഥനായ നേതാവായിരുന്നു എന്നും വ്യക്ത്തി താത്പര്യത്തേക്കാൾ ജനകീയ താത്‌പര്യത്തിനു പ്രാധാന്യം നൽകിയിരുന്നുവെന്നും "പഴശ്ശി സമരങ്ങൾ" എന്ന പുസ്‌തകത്തിൽ എഴുതിയത് പഴശ്ശിയ്ക്കെതിരെയുള്ള പല വാദങ്ങളെയും കാറ്റില്‍ പറത്തുകയുണ്ടായി.എന്നാല്‍ പഴശ്ശിയുടെ അന്ത്യത്തിന്റെ വിവരശേഖരണത്തിന് ഏറ്റവും അനുയോജ്യം പഴശ്ശിയുടെ പതനത്തിനു വഴിതെളിയിച്ച യുദ്ധതന്ത്രങ്ങളുടെ അമരക്കാരന്‍ സബ് കളക്ടര്‍ തോമസ്‌ ബാബറുടെ ഡയറി സൂക്തങ്ങളാണ്.അവയിലേക്കൊരു തിരിഞ്ഞു നോട്ടം നടത്തിയാല്‍, പഴശ്ശി രത്നം വിഴുങ്ങി ആത്മഹത്യ ചെയ്തുവെന്ന വാദത്തെ പ്രതിരോധിക്കുവാന്‍ പോന്ന വാദങ്ങള്‍ ലഭ്യമാകുന്നു .പഴശ്ശിയുടെ അന്ത്യം ബാബര്‍ ഇങ്ങനെ കുറിക്കുന്നു
"കയ്നര നദിക്കു മരുവശാത്തായി സുരക്ഷിതരെന്ന് സ്വയം വിശ്വസിക്കുന്ന പത്തില്‍ അധികം പോന്ന ഒരാള്‍ക്കൂട്ടത്തെ ഞങ്ങള്‍ കണ്ടു.അവരുടെ ഇടയിലേക്ക് മുപ്പതോളം വരുന്ന എന്റെ സേനയെ വിന്യസിക്കുമ്പോള്‍ എനിക്കുറപ്പുണ്ടായിരുന്നു എന്റെ ജീവിതത്തിലെ വളരെ ദൈര്‍ഖ്യംകുറഞ്ഞ ചില നിമിഷങ്ങള്‍ക്ക് മാത്രമേ നഷ്ടബോധം അനുഭവിക്കേണ്ടി വരുകയുള്ളുവെന്നു.കലാപകാരികളില്‍ ഞാന്‍ ആദ്യം കണ്ട മുഖങ്ങളില്‍ തന്നെ രാജയുണ്ടായിരുന്നു.കണാര മേനോന്‍ അദ്ധേഹത്തിന്റെ സമീപത്തേക്ക് വന്നപ്പോള്‍ അയാളുടെ നെഞ്ചോടു ചേര്‍ത്ത് തന്റെ വാള്‍മുന കൊള്ളിച്ച രാജ ഒരു രാജാവിന്റെ പരമാധികാരത്തോടെ അയാളോട് സമീപത്തു നിന്ന് മാറിനില്‍ക്കുവാനും,തന്നെ തൊട്ടശുദ്ധമാക്കരുതെന്നും ആജ്ഞാപിച്ചു.പിന്നീടൊരു വെടിയൊച്ച ശ്രവ്യമായിരുന്നു, പഴശ്ശി നിലംപതിക്കുന്നതു ഞാന്‍ കണ്ടു.പഴശ്ശിയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്ത സ്വര്‍ണ കത്തി ഞാനെന്റെ പക്കല്‍ വയ്ക്കുകയും സ്വര്‍ണമാല ക്യാപ്റ്റനു കൈമാറുകയും ചെയ്തു"
സമാനമായ കഥാസന്ദര്‍ഭം തന്നെയാണ് ചലച്ചിത്രരൂപത്തിലും അവലംബിക്കപ്പെട്ടിട്ടുള്ളത്.എന്നാല്‍ പോരാളികളില്‍ ആദ്യം തന്നെ കൊല്ലപ്പെടുന്ന പഴശ്ശിക്ക് വീരോചിതമായൊരന്ത്യം നല്‍കുവാന്‍ വേണ്ടി ചമയ്ക്കപ്പെട്ടതാണ് സംഘട്ടന രംഗമെന്ന വസ്തുത ഇവിടെ വ്യക്തമാണ്.എന്നാല്‍ കലയില്‍ ഭാവനയ്ക്കും ആസ്വാദത്തിനുമുള്ള സ്വാധീനം അണിയറ പ്രവര്‍ത്തകരെ ഇത്തരത്തില്‍ ഒരു രംഗത്തിന്റെ ചിത്രീകരണത്തിലേക്ക് നയിച്ചിരിക്കാം.എന്നാല്‍ ബാബറുടെ സൂക്തങ്ങള്‍ പ്രകാരം ഒട്ടും തന്നെ യോജിക്കാന്‍ കഴിയാത്ത ഒരേയൊരു ഏട് കൈതേരി മാക്കം എന്ന സ്ത്രീരത്നതിന്റെ അവതരണമാണെന്നാണ് എന്റെ വ്യക്തിപരമായ പക്ഷം.
"പഴശ്ശിയുടെ അന്ത്യശയ്യക്ക് കാവലിരിക്കുമ്പോഴും അദ്ധേഹത്തിന്റെ ധര്‍മപത്നിയുടെ മുഖത്ത് വ്യസനത്തിന്റെ ചാഞ്ചല്യങ്ങള്‍ വ്യക്തമായിരുന്നില്ല.അവരുടെ കണ്ണില്‍ നിന്ന് കണീര്‍ പൊഴിയുന്നത് ഞാന്‍ കണ്ടില്ല.ഇടയ്ക്കെപ്പോഴോ എന്നോട് കണ്ണുകോര്‍ത്ത നേരം അവരുടെ മിശ്രഭാവങ്ങള്‍ നിറഞ്ഞ മുഖം എന്നെ ഭയചിത്തനാക്കുകയുണ്ടായി.ആരുടെ ഭാര്യയാണ് അവരെന്ന് ഒരു നിമിഷം ഞാനോര്‍ത്തു പോയി " ( വാമൊഴിയായി ലഭിച്ച അറിവില്‍ നിന്നും എന്റേതായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാണ്‌ ഈയൊരു സൂക്തം ആവിഷ്കരിച്ചിരിക്കുന്നത് )
കൈതേരി മാക്കം സ്ത്രീജനങ്ങളുടെ സ്ഥായീ വികാരങ്ങളില്‍ നിന്നും വഴിതിരിച്ചു നടന്ന അതിശക്തയായ ഒരു സ്ത്രീരത്നമാണെന്ന്‍ ബാബര്‍ വാദിക്കുന്നു.എന്നാല്‍ ചിത്രത്തില്‍ പലപ്പോഴും ഈയൊരു വ്യക്തിത്വത്തില്‍നിന്നും ഭിന്നമായ വികാരപ്രകടനങ്ങള്‍ മാക്കത്തില്‍ ദ്രിശ്യമായിരുന്നു.പഴശ്ശിയുടെ മരണത്തില്‍ വ്യസനസമേതയായി കാണപ്പെടുന്ന സിനിമയിലെ മാക്കം ബാബറുടെ സൂക്തങ്ങളില്‍ നിന്നും ഏറെ അകലെയാണ്.നാരീജനങ്ങളുടെ സ്ത്രൈണസ്വഭാവസവിശേഷതകളില്‍ നിന്നും മുക്തയാക്കപ്പെട്ട വ്യക്തിത്വതിനുടമായാണ് മാക്കമെന്നു പല ചരിത്രകാരന്മാരും അവകാശപ്പെടുന്നു.ഒരു ചരിത്ര സംഭവത്തെ ചലച്ചിത്രവത്കരിക്കുമ്പോള്‍ സംഭവിക്കാന്‍ പാടില്ലാത്ത ഒരു പോരായ്മയാണ് കഥാപാത്രങ്ങളിലെ വ്യക്തിത്വങ്ങളില്‍ ഉണ്ടാകുന്ന പാകപ്പിഴകള്‍.ഈയൊരു വസ്തുത ഉള്‍ക്കൊണ്ടുകൊണ്ട് ചിന്തിക്കുമ്പോള്‍ പഴശ്ശിരാജയെന്ന ചിത്രത്തിലെ തിരക്കഥയിലെ പ്രധാന പോരായ്മയാണ് കൈതേരി മാക്കം.എന്നാല്‍ മേല്‍പ്പറഞ്ഞ ആസ്വാദനവും ഭാവനും ഇത്തവണയും ഒരു സഹായഹസ്തമായി തിരക്കഥാകൃത്തിനുമുന്നില്‍ അവതരിക്കാമെങ്കിലും എതിരഭിപ്രായക്കാരന്റെ തട്ട് താണ് തന്നെയിരിക്കും.
പിതാമഹന്മാരുടെ മഹനീയതയും സാംസ്കാരിക സാമൂഹിക രംഗങ്ങളിലെ നമ്മുടെ വഴികളുമെല്ലാം തുറന്നിടുന്ന പാത അവസാനിക്കുന്നത് നമ്മുടെ തന്നെ ചരിത്രാന്വേഷണത്തിലാണ്.പുകഴ്പെറ്റ സംസ്കാരം കൈമുതലാക്കിയ നാം ഇന്നനുഭവിക്കുന്ന ഓരോന്നിനും ഒരു ചരിത്രം പറയാനുണ്ട്.ഒരു ഭാരതീയനെന്നു അഭിമാനം കൊള്ളുന്ന ഏതൊരുവനും അവന്റെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും വച്ചനുഭവിക്കുന്ന സ്വാതന്ത്ര്യമൂല്യങ്ങളെക്കുറിച്ചും ബോധാവാനാകുമ്പോള്‍ ചരിത്രം അവനു നല്‍കുന്ന അനേകായിരം സംഭവബഹുലമായ കഥകളില്‍ പഴശ്ശി ഒരു നായകനാകും-ഒരു ജനതയുടെ ചങ്കൂറ്റത്തിന്റെയും വിശ്വാസത്തിന്റെയും അര്‍പ്പണതയുടെയും പാത്രമാകേണ്ടി വന്ന ജനനായകന്‍.
സമൂഹത്തെ സ്വാധീനിക്കുന്ന ഘടകങ്ങളില്‍ ഇന്ന് മുന്‍പന്തിയില്‍ നില്‍ക്കുന്ന സിനിമയെന്ന മാധ്യമം ഭാവനയുടെ ലോകത്ത് നിന്ന് മാത്രം സൃഷ്ടികള്‍ അവലംബിക്കാതെ തങ്ങളുടെ ചരിത്രത്തെകൂടി കലായോഗ്യമാക്കി 'കേരള വര്‍മ പഴശ്ശി രാജ' പോലെയുള്ള ചലനചിത്രങ്ങള്‍ ആവിഷ്കരിക്കട്ടേയെന്ന പ്രത്യാശയോടെ അവസാനിപ്പിക്കുന്നു
കടപ്പാട് :★ The Hindu ,India's National Newspaper
★ചരിത്രപഠനം നടത്തുന്ന എന്റെ സുഹൃത്ത്
(കൂടുതൽ വായനയ്ക്ക് ചുവടെയുള്ള ഹാഷ് ടാഗ് ഉപയോഗിക്കുകയോ ബ്ലോഗ് സന്ദർശിക്കുകയോ ചെയ്യാം)


Sunday, October 8, 2017

Communist Interpretation in "Munnariyipp" - Part 1

പ്രത്യക്ഷവും പരോക്ഷവുമായ അര്‍ത്ഥതലങ്ങള്‍ വേര്‍തിരിച്ചെടുക്കാനുള്ള എന്റെ ശ്രമങ്ങളാണ് ഏഴു ഭാഗങ്ങളിലായി എഴുതപ്പെട്ട 'മുന്നറിയിപ്പ്-ഒരു അന്വേഷണം' എന്ന പരമ്പര. നിങ്ങളില്‍ പലരും അത് വായിച്ചിരിക്കാം.ഓരോ കാഴ്ചയിലും പുതുവ്യാഖ്യാനങ്ങള്‍ തുറന്നു നല്‍കുന്ന ചിത്രം പ്രേക്ഷകരിലെ ബൌധിക, വൈകാരിക കാഴ്ചപ്പാടുകളെ ആഴത്തില്‍ സ്പര്‍ശിചിട്ടുണ്ടാകും എന്ന് വേണം കരുതാന്‍.പ്രത്യക്ഷത്തില്‍ പ്രേക്ഷകന് മുന്നിലേക്ക് തുറന്നു കാട്ടുന്ന കഥാഗതിക്കപ്പുറം പരോക്ഷമായി ഒന്നിലധികം ശ്രേഷ്ഠവ്യാഖ്യാനങ്ങള്‍ അവതരിക്കപ്പെടുമ്പോള്‍ 'മുന്നറിയിപ്പ്' സമീപകാലത്തെ ചിത്രങ്ങളില്‍ നിന്നും തന്റേതായ ഒരു സ്ഥാനം സ്വയം സൃഷ്ടിക്കുന്നു.ചിത്രത്തില്‍ പലയിടങ്ങളിലും സ്ഫുരിക്കുന്ന കമ്മ്യൂണിസം എന്ന തത്വശാസ്ത്രത്തിന്റെ പ്രസരിപ്പുകള്‍ തേടിയിറങ്ങുകയാണ് ചുവടെയുള്ള വാക്കുകള്‍.

രാഷ്ട്രതന്ത്രത്തിലും സാമൂഹികശാസ്ത്രത്തിലും കമ്യൂണിസം എന്നതു സാമൂഹിക, രാഷ്ട്രീയ, സാമ്പത്തികവുമായ തത്ത്വശാസ്ത്രവും അതിനെയൂന്നിയുള്ള ഒരു പ്രസ്ഥാനവുമാണ്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ വിഭാവനം ചെയ്യുന്നത് വർഗ്ഗരഹിതമായ ഒരു സാമുഹിക വ്യവസ്ഥിതി വാർത്തെടുക്കുക എന്നതാണ്. ഈ തത്ത്വശാസ്ത്രപ്രകാരം നിർമ്മാണവും അതുമായി ബന്ധപ്പെട്ട ഉടമസ്ഥതയും ഒരു സമൂഹത്തില്‍  പൊതുവായിരിക്കുകയും സ്വകാര്യവ്യക്തികൾക്കോ ഏതെങ്കിലും വർഗ്ഗങ്ങൾക്കൊ അതിൽ പങ്കുണ്ടാകുകയേ ഇല്ല. ഇതുമൂലം സമ്പത്ത് സ്വകാര്യവ്യക്തിയുടെ കയ്യിൽ ഒതുങ്ങി നിൽകാതെ സമൂഹത്തിലെല്ലാവരിലേക്കും ആവശ്യമനുസരിച്ച് മാറ്റപ്പെടുന്നു.കമ്യൂണിസത്തിൽ ആരും സമ്പത്ത് കൈകാര്യം ചെയ്യുന്നില്ല. എല്ലാവരും പൊതുവായ ഒരു സംസ്ഥനത്തിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണശാലകളിൽ അവരാലാകുന്നതുപോലെ തൊഴിലെടുക്കുന്നു. ഒരോരുത്തരുടെ തൊഴിലും പ്രതിനിധീകരണത്തിനും ആവശ്യത്തിനുമനുസരിച്ച് ലാഭം പങ്കുവക്കപ്പെടുന്നു.ഈയൊരു തത്വശാസ്ത്രത്തില്‍ ഊന്നിയൊരു വ്യാഖ്യാനം 'മുന്നറിയിപ്പ്' മുന്നോട്ടു വയ്ക്കുന്നുണ്ട്.
ചിത്രത്തില്‍ തന്റെ തൂലികയ്ക്ക് വിലയിട്ട് അതുവഴി തന്റെ സ്വാതന്ത്ര്യത്തിനു വിഖാതം നിന്ന ഒരുവളെ സി കെ രാഘവന്‍ എന്ന വ്യക്തി കൊലചെയ്യുന്നു. അതിനു ന്യായീകരണം എന്നോണം തന്റേതായ ഒരു തത്വശാസ്ത്രവും രാഘവന്‍ കണ്ടെത്തുന്നു എന്ന് പരമ്പരയില്‍ നമ്മള്‍ വിശദീകരിക്കുകയുണ്ടായി.കമ്മ്യൂണിസം പലപ്പോഴും വിപ്ലവാത്മകമായ ചിന്താഗതികളിലെക്ക് വഴിതിരിക്കുന്നത് സാധാരണക്കാരായ തൊഴിലാളികള്‍ക്ക്മേല്‍ അടിച്ചമര്‍ത്തലുകളുടെ കരങ്ങള്‍ വീഴുമ്പോഴാണ്.ഇവിടെ രാഘവനും അതുപോലെ തന്നെയാണ്.രാഘവന്‍ പറയുന്നത് ശ്രദ്ധിക്കുക

"പുതിയ ജീവിതം പഴേ ജീവിതം അങ്ങനെയോക്കെയുണ്ടോ ? നമുക്കാകെ ഒറ്റ ജീവിതമല്ലേ ഉള്ളു"

തന്റെ ജീവിതത്തില്‍ ഒരു പുതുമ അല്ലെങ്കില്‍ വഴിത്തിരിവുകള്‍ സാധ്യമല്ല  അല്ലെങ്കില്‍ അതിനു താല്‍പ്പര്യമില്ല എന്ന് വിശ്വസിക്കുന്നയാളാണ് രാഘവന്‍.മുതളിത്തവ്യവസ്ഥിതിയില്‍ പെട്ടുപോകുന്ന സാധാരണക്കാരന്റെ അവസ്ഥയും ഇത് തന്നെയാണ്.പിന്നീട് "നമ്മുടെ വര്‍ത്തമാനം മാത്രമല്ല ചിന്തകളും പിടിക്കുന്ന യന്ത്രമാണോ" എന്ന് recorder നോക്കിക്കൊണ്ട് സംസാരിക്കുന്ന രാഘവന്‍ തന്നിലെ വ്യാകുലതകളുടെ താക്ക്കോല്‍ അവിടെ അഴിക്കാന്‍ ശ്രമിക്കുന്നുണ്ട്.വിപ്ലവാത്മകമായ ചിന്താഗതിയുടെ തീക്കനല്‍ വീഴ്ത്തിയ കമ്മ്യൂണിസം എന്ന തത്വശാസ്ത്രത്തില്‍ സാധാരണക്കാരായ ജനങ്ങളിലെ വിശ്വാസം ഇവിടെ മുന്നറിയിപ്പ് വരച്ചു കാട്ടുന്നു.തങ്ങളുടെ വിപ്ലവചിന്തകള്‍ മുതലാളിമാരില്‍ എത്തുന്നുണ്ടോ എന്ന സാധാരണക്കാരന്റെ വ്യാകുലതകള്‍ രാഘവനിലൂടെ സംവിധായകന്‍ പ്രകടിപ്പിക്കുന്നു.

"കണ്ണാടിയില്‍ നോക്കുമ്പോള്‍ എന്റെ പ്രതിബിംബം എന്നെ തന്നെ നോക്കി അവിടെ നില്‍ക്കുന്നു,കണ്ണാടി വിട്ടു ഞാന്‍ പോരുമ്പോഴും അതവിടെത്തന്നെ നില്‍ക്കുമോ,അതോ എന്റെ കൂടെ പോരുമോ ?"

സാധാരണക്കാരന്റെ വ്യാകുലതകളുടെ രണ്ടാം അദ്ധ്യായം ഇവിടെ തുടങ്ങുന്നു.തങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നു എന്ന് സമര്‍ധിക്കുന്ന കമ്മ്യൂണിസ്റ്റ്‌ ഇതര നേതാക്കളോടുള്ള വിശ്വാസ്യതയിലെ ഏറ്റക്കുറവു ഇവിടെ സ്ഫുരിക്കുന്നു.എന്നോടൊപ്പം ഉണ്ടെന്ന ഞാന്‍ വിശ്വസിക്കുന്ന പ്രതിബിംബത്തെ പോലെയാണ് കമ്മ്യൂണിസം,അത് എന്നോടൊപ്പം ഞാന്‍ കാണുമ്പോഴെല്ലാം കൂടെയുണ്ട്.ഞാന്‍ കാണാത്ത നേരത്ത് അതിന്റെ ചെയ്തികള്‍ എനിക്ക് അജ്ഞാതമാണ്.തന്നോടൊപ്പം നില്‍ക്കുന്ന പ്രസ്ഥാനത്തിന്റെ പരിമിതികളിലുള്ള തിരിച്ചറിവും മുതലാളിമാരുടെ ശക്തിസ്രോതസ്സുകളിലുള്ള ഭയവും സാധാരണക്കാരില്‍ ഇങ്ങനെയൊരു ആകുല സൃഷ്ടിച്ചതില്‍ തെറ്റു പറയാന്‍ കഴിയില്ല

ജയിലിലെ രാഘവന്‍ സമ്മര്‍ദങ്ങള്‍ക്കതീതനല്ല,അവിടെ അയാളുടെ ബൌധീകമണ്ഡലം ക്രമമായും ചിട്ടയോടും ജോലി ചെയ്യുമ്പോള്‍ രാഘവന്റെ ചിന്തകളും വീക്ഷണങ്ങളും പകര്‍ത്തുവാന്‍ അയാള്‍ക്ക് മടിയേതുമില്ല.എന്നാല്‍ അഞ്ജലിയുടെ സമ്മര്‍ദത്താല്‍ അയാളുടെ ബൌധീകമണ്ഡലം ക്രമരഹിതമാകുകയും ചിന്തകള്‍ക്ക് വേഗത നന്നേ കുറയുകയും ചെയ്യുന്നു.താന്‍ ആവശ്യപ്പെടുന്ന അന്തരീക്ഷം സൃഷ്ടിക്കുവാനോ തന്നെ സമ്മര്‍ദവിമുക്തനാക്കാണോ അഞ്ജലി ഒന്നും ചെയ്യുന്നില്ല.ഇത് അഞ്ജലിയുടെ തന്നെ വിനാശത്തിനു  കാരണമാകുകയാണ് ചിത്രത്തില്‍.സാധാരണക്കാരനായ തൊഴിലാളിയും രാഘവന് സമനാണ്.ജോലികള്‍ ആയാസരഹിതമായും സമ്മര്‍ദവിമുക്തമായും ചെയ്യുമ്പോളാണ് ഒരുവന്‍ മാനസികമായി സന്തുഷ്ടനാകുന്നതും അയാള്‍ക്ക്‌ അതിന്റെ ഫലം ലഭിക്കുന്നതും.എന്നാല്‍ താന്‍ അര്‍ക്കിക്കുന്ന വേദനം ലഭിക്കാതെ മറ്റൊരുവനുവേണ്ടി സമയബന്ധിതമല്ലാതെ ജോലി ചെയ്യേണ്ടി വരുമ്പോള്‍ ഏതൊരാളും തന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാനിറങ്ങാം.ഇത് മുതലാളിത്ത വ്യവസ്ഥിതിയുടെ പോലും ഉണ്മൂലനതിനു കാരണമാകാം.ഇവിടെ വിപ്ലവം എന്ന തത്വം സാധാരണക്കാരന് പകര്‍ന്നു നല്‍കുന്നത് കമ്മ്യൂണിസം ആണെങ്കില്‍ രാഘവന് അത് പകരുന്നത് സ്വന്തം ചിന്തകളാണ്.

താന്‍ ജയിലില്‍ വച്ച് സ്വരുക്കൂട്ടിയ പണം അഞ്ജലിയുടെ കൈയില്‍ തന്നെ വയ്ക്കുവാന്‍ രാഘവന്‍ പറയുമ്പോള്‍ അത് അയാളിലെ വിധേയത്വമാണ് സൂചിപ്പിക്കുന്നത്.താന്‍ കഷ്ടപ്പെട്ട് സ്വരുക്കൂട്ടുന്ന പണം മുതലാളിമാര്‍ക്ക് നല്‍കാന്‍ വിധിക്കപ്പെടുന്ന സാധാരണക്കാരനായ തൊഴിലാളിയുടെ Symbolic Notation ആണിവിടെ രാഘവന്‍.ജയിലിന് സമാനമായി ഇരുംബഴികല്‍ക്കിടയിലൂടെ നോക്കുന്ന രാഘവനും,ജയിലഴികള്‍ പോലെ തോന്നിക്കുന്ന തെങ്ങുകള്‍ക്കിടയിലെ വീട്ടില്‍ കഴിയേണ്ടി വരുന്ന രാഘവനും ഒക്കെ ഇത്തരം Symbolic Notations ന്റെ ഉദാഹരണങ്ങളാണ് (See First Comment).

രാഘവനെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രതിരൂപമായാണ്‌ ഇതുവരെയും നാം വ്യാഖ്യാനിച്ചു പോയത്.എന്നാല്‍ ഇതിനൊരു മറുപുറമുണ്ട്.രാഘവന് പകരം അഞ്ജലിയെ തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രതീകമായും രാഘവനെ കമ്മ്യൂണിസ്റ്റ്‌ തത്വശാസ്ത്രത്തിന്റെ പ്രതീകമായും പ്രതിഷ്ടിച്ചുകൊണ്ടുള്ള വ്യാഖ്യാനവും ചിത്രം പ്രദാനം ചെയ്യുന്നുണ്ട്.ബാറില്‍ വച്ച് രാഘവന്‍ പറയുന്നത് ശ്രദ്ധിക്കാം,

"നമ്മള് സ്വാതന്ത്ര്യത്തെ എങ്ങനെ വ്യാഖ്യാനിക്കുന്നു എന്നതാണു കാര്യം.നിങ്ങള് കാണുന്ന സ്വാതന്ത്ര്യമായിരിക്കില്ല എന്റെ സ്വാതന്ത്ര്യം.നമുക്ക് തടസ്സമായിട്ട് നില്‍ക്കുന്ന ചില കാര്യങ്ങളെ നമുക്ക് ചിലപ്പം പറിച്ചു മാറ്റേണ്ടി വരും.അതിനല്ലേ സ്വാന്തന്ത്രിയോന്ന്‍ പറയുന്നത്.വീട്ടില്‍ നടന്നാല്‍ കുടുംബകലഹം സമൂഹത്തില്‍ നടന്നാല്‍ വിപ്ലവം.ക്യൂബയിലായാലും കുടുംബത്തിലായാലും വിപ്ലവം നടന്നാല്‍ ചോര വീഴും"

ചിത്രത്തിലെ കമ്മ്യൂണിസ്റ്റ്‌ വ്യാഖ്യാനം ഇത്രയും മനോഹരമായി അവതരിപ്പിക്കപ്പെട്ട മറ്റൊരു രംഗമുണ്ടെന്നു തോന്നുന്നില്ല.കുടുംബകലഹം എന്ന് പറയുമ്പോള്‍ അത് തന്റെ വ്യക്തിത്വത്തോട് കൂട്ടിവായിക്കാന്‍ രാഘവന്‍ ആഹ്വാനം ചെയ്യുമ്പോള്‍ സമൂഹം എന്നത് ചിത്രത്തിന്റെ വ്യക്തിത്വം പ്രകടമാക്കുന്നു.അഞ്ജലി ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിനായി ജോലി ചെയ്യാന്‍ തീരുമാനിക്കുന്നു.എന്നാല്‍ ഒരാളുടെ ബുദ്ധിക്കു സമയപരിധികൊണ്ട് വിലയിടുന്നതുവഴി കോര്‍പ്പറേറ്റ് സ്ഥാപനം മുതാളിത്തവ്യവസ്ഥിതിയുടെ പ്രതീകമാകുമ്പോള്‍ അഞ്ജലി അടിച്ചമര്‍ത്തലുകളില്‍പ്പെട്ടുഴറുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ പ്രതീകമായും അവതരിപ്പിക്കപ്പെടുന്നു ഇവിടെയാണ്‌ വിപ്ലവാത്മകചിന്താഗതികളോട് താല്‍പ്പര്യം പ്രകടിപ്പിക്കുന്ന രാഘവന്റെ വരവ്. സ്വന്തം അവകാശങ്ങള്‍ തൊഴിലാളികള്‍ക്ക് നേടിക്കൊടുക്കുന്നത് വഴി മുതലാളിത്ത വ്യവസ്ഥിതിയില്‍ നിന്നും അവര്‍ക്കൊരു രക്ഷ നേടിക്കൊടുക്കുന്നുണ്ട് കമ്മ്യൂണിസം എന്ന ആശയം.ഒരുവന്റെ സ്വാതന്ത്ര്യത്തിനു വില കല്പ്പിക്കാത്തവള്‍ വ്യക്തിത്വമില്ലാതവളാണു (അഞ്ജലിയുടെ മരണം ഒരു രക്ഷപ്പെടുത്തല്‍ ആയതെങ്ങനെയെന്ന്‍ പരമ്പരയുടെ          ഭാഗത്തില്‍ വിവരിക്കുകയുണ്ടായി-See First Comment).മുതലാളിത്ത വ്യവസ്ഥിതിയുടെ പിടിയില്‍ പെടുന്ന അജ്ഞ്ഞലിക്ക് രാഘവന്‍ എന്ന കമ്മ്യൂണിസ്റ്റ്‌ ആശയം നല്‍കുന്ന രക്ഷയാണ് മരണം.

എന്റെ യുക്തിക്ക് തോന്നിയ വ്യാഖ്യാനങ്ങള്‍ മാത്രമാണ് ഇവിടെ നിരത്തിയിരിക്കുന്നത്.ഓരോ പ്രേക്ഷകനും ചിന്തയുടെ പറുദീസ തുറന്നു നല്‍കുന്ന ചിത്രത്തില്‍ ഏവരുടെയും ചിന്തകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും പ്രാധാന്യം ഏറെയാണ്‌.ആയ കാരണത്താല്‍ നിങ്ങള്‍ക്ക് തോന്നിയ സംശയങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുക.ഏഴു ഭാഗങ്ങളിലായി ചിട്ടപ്പെടുത്തിയ പരമ്പരയുടെ തുടര്‍ച്ചയെന്നോണം ഈ അഭിപ്രായപ്രകടനത്തെ സമീപിക്കുക.എട്ടു ഭാഗങ്ങളിലായി 'മുന്നറിയിപ്പി'ലെ അന്വേഷണങ്ങള്‍ പറഞ്ഞവസാനിപ്പിക്കുവാന്‍ എനിക്ക് എല്ലാ വിധ പിന്തുണയും നല്‍കിയവര്‍ക്ക് നന്ദി.
...................................
(പരമ്പരയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കുവാനായി ഈ ഹാഷ് ടാഗുകള്‍ ഉപയോഗിക്കുക)
കൂടുതൽ വായനയ്ക്ക് : rhshyanil.blogspot.com )