Saturday, June 17, 2017

Why do Indian Films prefer Fridays for release ??

എന്തുകൊണ്ട് സിനിമകൾ റീലീസിനായി വെള്ളിയാഴ്ച ദിവസം തിരഞ്ഞെടുക്കുന്നു
=============================================================================
സിനിമകള്‍ മനുഷ്യന്റെ വിനോദത്തിനു ഭൂഷണമായി കൂടെക്കൂടിയിട്ടു പതിറ്റാണ്ടുകള്‍ കടക്കുന്നു.എഡ്വിന്‍ എസ് പോട്ടര്‍ എന്ന മഹാരഥന്‍ കഥാചിത്രങ്ങള്‍ എന്ന ആശയം മുന്നോട്ടു വച്ച നാള്‍ മുതല്‍ സിനിമ അതിന്റെ ശൈശവത്തില്‍ നിന്നു ഇരുകാലില്‍ നില്‍ക്കാന്‍ തുടങ്ങി.അന്ന് മുതല്‍ ഒരു കലയുടെയും, ലോക സമ്പത്ഘടനയ്ക്ക് കൈത്താങ്ങു നല്‍കാന്‍ പ്രാപ്തമായ ഒരു വ്യവസായത്തിന്റെയും വളര്‍ച്ച ദ്രുതഗതിയിലായി.നാട്ടിലെങ്ങും സിനിമ കൊട്ടകകള്‍ ഉയർന്നു.സിനിമ, മാലോകര്‍ക്ക് ഉത്സവമായി.ആഘോഷങ്ങള്‍ക്കും ഒതുകൂടലുകള്‍ക്കും മാത്രം തന്റെ കാത്തിരിപ്പുകള്‍ മാറ്റിവയ്ക്കാറുള്ള മനുഷ്യന് ഓരോ സിനിമയുടെയും റിലീസ് നാളുകള്‍ പോലും മനപ്പാഠമായ ദിനങ്ങൾ സന്നിഹിതമാകാന്‍ താമസമുണ്ടായില്ല.റിലീസ് ദിനങ്ങള്‍ പൂരത്തിന് സമാനമാകുമ്പോള്‍ അതിനു വേദിയൊരുക്കുന്ന ദിവസങ്ങള്‍ പൊതുവേ വെള്ളിയാഴ്ചയാകാറാണ് പതിവ്.എന്തുകൊണ്ടാകാം വെള്ളിയാഴ്ച ദിവസത്തിന് സിനിമാകൊട്ടകകളുമായി ഇത്ര അഭേദ്യമായ ഒരു ബന്ധം? ആ ചോദ്യത്തിനു ഉത്തരം തെടുന്നതാകട്ടെ ഇന്നത്തെ പോസ്റ്റ്‌ :
ഒരു ചെറു ചോദ്യം നല്‍കി അവസാന ഖണ്ഡിക അവസാനിച്ചു.എന്നാല്‍ അതിനുത്തരം അത്ര ലളിതമാണോ? ഇവിടെ ഉത്തരമില്ല ഒട്ടനേകം ഉത്തരങ്ങളാണുള്ളത്.വസ്തുതകളെക്കാള്‍ വിശ്വാസങ്ങല്‍ക്കാണു ഇവിടെ നമ്മളെ സഹായിക്കാനാകുന്നതെന്ന് തോന്നുന്നു. വെള്ളി എന്ന റിലീസ് ദിനത്തിന് പറയാനുള്ള ഓരോ കഥകള്‍ക്കായി മിഴിതുറക്കാം:
1 ) വിജയങ്ങളാണ് പലപ്പോഴും വിശ്വാസങ്ങള്‍ക്ക് അടിത്തറ നല്‍കുന്നത്.വിജയിയായ ഒരുവന്റെ പ്രയത്നത്തെപ്പറ്റി ചിന്തിക്കാതെ അവനു വിജയം നല്‍കിയ പശ്ചാത്തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ അവിടെ വിശ്വാസത്തിനും വേരുറച്ചു നില്‍ക്കുവാനാകുന്നു.വെള്ളിയാഴ്ച സിനിമകളുടെ ചരിത്രം നമുക്ക് നല്‍കുന്നതും അതുപോലെയൊരു തുടക്കമാണ്.ലോക സിനിമചരിത്രത്തില്‍ ഏറ്റവും വലിയ വിജയ ചിത്രമായ 'Gone with the Wind' ആണ് വെള്ളിയാഴ്ചചരിതത്തിന് തുടക്കം കുറിക്കുന്നത്.1939 ഡിസംബര്‍ 15 വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രത്തിന്റെ മോഹിപ്പിക്കുന്ന വിജയം തുടരെ തുടരെയുള്ള വെള്ളിയാഴ്ച റിലീസുകള്‍ക്ക് കാരണമായി.ഇതിനര്‍ഥം 'Gone with the Wind' നു മുന്‍പ് വെള്ളിയാഴ്ച ചിത്രങ്ങള്‍ റിലീസ് ചെയ്യപ്പെട്ടിട്ടില്ല എന്നല്ല.മറിച്ചു വെള്ളിയാഴ്ച റിലീസിന് ഒരു വിശ്വാസം അഥവാ ട്രെന്‍ഡ് ആയി രൂപമാറ്റം സംഭവിക്കുവാന്‍ പ്രസ്തുത ചിത്രം ഒരു കാരണമായി.എന്നാല്‍ ഇങ്ങു ഇന്ത്യന്‍ സിനിമ ലോകം ഇതേ ട്രെന്‍ഡ് പിടിച്ചതും സമാനമായ സാഹചര്യത്തില്‍ തന്നെയായിരുന്നു.ഇവിടെ ഹീറോ അക്കാലത്തെ ഏറ്റവും വലിയ വിഖ്യാത വിജയ ചിത്രം 'Mughal-E-Azam'.1960 ഓഗസ്റ്റ്‌ 5,വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം നേടിയ ഗംഭീര വിജയം വെള്ളിയാഴ്ചചരിതം ഇന്ത്യയില്‍ വേരോടിയത്തിനു മൂലകാരണമായി കരുതപ്പെടുന്നു.
2 ) മതപരമായി ഇസ്ലാം-ഹിന്ദു മതവിശ്വാസികള്‍ക്ക് ഏറെ പ്രത്യേകതകളുള്ള ദിവസമാണ് വെള്ളി.ലക്ഷ്മി ദേവിയുടെ ( ധനദേവത ) യുടെ സാന്നിധ്യം ഏറ്റവുമധികം ലഭിക്കുന്ന ദിവസമാണത്രെ വെള്ളി.ഈയൊരു വിശ്വാസത്തില്‍ ഐശ്വര്യലബ്ദിക്കായി തങ്ങളുടെ സംരംഭം വിജയതിലെത്താന്‍ പല നിര്‍മാതാക്കളും വെള്ളിയാഴ്ചയിലൂടെ ഭാഗ്യം പരീക്ഷിക്കുന്നു.1940 - 60 കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമ വ്യവസായത്തിലെ പല പ്രമുഖരും ഇസ്ലാം-ഉര്‍ദു മതവിശ്വാസികളായതിനാല്‍ തങ്ങളുടെ ഭാഗ്യ ദിവസമായ വെള്ളി അവർ റിലീസിനായി കണ്ടെത്തി
3 )ആഴ്ച ശമ്പളം വാങ്ങുന്നവരുടെ പോക്കറ്റ്‌ നിറയുന്ന ദിവസമാണ് വെള്ളി. ജോലിക്ക് ലഭിച്ച പ്രതിഭലം ആദ്യം വിനോദോപാധിയായി കാണുവാനാണ് ഓരോ സാധാരണക്കാരനും ശ്രമിക്കാറുള്ളത്.അങ്ങനെയുള്ളവരുടെ ചിന്ത ആദ്യം ഉടക്കുന്നത് സിനിമകളില്‍ ആകും.ആദ്യ ദിനത്തെ സെക്കന്റ്‌ ഷോ rush ഇതിനെ സാധൂകരിക്കുന്നു.
പിറകെ വരുന്ന രണ്ടു അവധി ദിവസങ്ങള്‍ ആളുകളെ കൊട്ടകകളിലേക്ക് ആനയിക്കുന്ന കാഴ്ചയും വിസ്മരിക്കാനാകില്ല.ജോലി ഭാരത്തില്‍ നിന്നു താല്‍ക്കാലിക മുക്തി ലഭിക്കുന്ന ഏതൊരു മനുഷ്യനും ഇതര ജോലികളില്‍ വ്യാപ്രിതരാകുന്നതും വെള്ളിയാഴ്ച ദിനങ്ങളിലാകും.ഇന്നത്തെ ഓണ്‍ലൈന്‍ മീഡിയകളും വഴിയോര പോസ്ററുകളും എല്ലാം ഒരുവന്റെ ശ്രദ്ധയില്‍ പെടുവാന്‍ ഏറ്റവും നല്ല ദിവസവും അങ്ങനെയാകുമ്പോള്‍ വെള്ളി തന്നെ.അത് അവനെ അന്ന് തന്നെയോ അല്ലെങ്കില്‍ തുടര്‍ ദിനങ്ങളിലോ തീയറ്ററുകളിലേക്ക് നയിക്കുമെന്നുള്ളതും വസ്തുതയാണ്.വിശ്വാസത്തിന്റെ പേരില്‍ ഉണ്ടായ വെള്ളിയാഴ്ചചരിതം വസ്തുതകളിലേക്ക് വഴിമാറുന്നത്‌ ഇവിടെ ദര്‍ശിക്കാം.
4 )ചിത്രത്തിന്റെ കളക്ഷന്‍ സംബന്ധമായ പല കണക്കുകളും നീക്കുപോക്കുകള്‍ക്കും നല്ല ദിവസമാണ് വെള്ളി.തുടരെ വരുന്ന രണ്ടു ദിവസങ്ങളും പണമിടപാടുകള്‍ക്ക് പരിമിതികള്‍ ഉള്ള (ബാങ്ക് അവധി ഞായര്‍,ഹാഫ് ഡേ ശനി) കാരണത്താല്‍ നിര്‍മാതാക്കളും വിതരണക്കാരും തങ്ങളുടെ ഷെയര്‍,പ്രോഫിറ്റ് വിഷയങ്ങളില്‍ പല സുപ്രധാന തീരുമാനങ്ങളും കൈക്കൊള്ളാന്‍ വെള്ളിയാഴ്ച ദിവസം കൈക്കൊള്ളുന്നു.
5 ) മൌത്ത് പബ്ലിസിറ്റി ലഭിക്കാന്‍ ഏറെ സഹായകമാണ് വെള്ളി.എങ്ങനെയെന്നാല്‍,ആദ്യ ദിനം തന്നെ നല്ല അഭിപ്രായം നേടുന്ന ഒരു ചിത്രതത്തെപ്പറ്റിയുള്ള തങ്ങളുടെ അഭിപ്രായങ്ങള്‍ മറ്റുള്ളവരില്‍ എത്തിക്കാന്‍ ഒരുവനു കഴിയുന്ന ഏറ്റവും നല്ല ദിവസങ്ങളാണ് ശനി,ഞായര്‍ എന്നിവ.കാരണം സാധാരണക്കാരായ എല്ലാവരും ഈ ദിവസങ്ങളില്‍ മറ്റു ജോലികളില്‍ വ്യാപൃതരല്ല എന്നത് തന്നെ കാരണം.ഓണ്‍ലൈന്‍ മീഡിയകളുടെ അഭിപ്രായങ്ങളും മറ്റുള്ളവരിലേക്ക് എത്താന്‍ ഈ ഒഴിവു ദിവസങ്ങള്‍ സഹായിക്കുന്നു.
6 ) ഇന്ത്യന്‍ സിനിമ ലോകം വെള്ളിയാഴ്ചവ്രതം അനുഷ്ഠിക്കാൻ ഒരുങ്ങിയത്തിനു ബോളിവുഡ് സിനിമയുടെ ആസ്ഥാനമായ മുംബൈക്കും ചിലത് പറയാനുണ്ട്.സ്വാതന്ത്ര്യത്തിനു ശേഷം ബോംബെ നഗരത്തിലെ കാര്യാലയങ്ങള്‍ക്ക് വെള്ളിയാഴ്ച ദിവസം ഹാഫ് ഡേ അവധി ദിവസമായിരുന്നു.വെള്ളിയാഴ്ച ചരിതം തുടരുവാന്‍ ഇതും ഒരു കാരണമാകുകയായിരുന്നു.
7 ) വെള്ളിയാഴ്ചചരിതത്തിന് പിന്നില്‍ ഇന്നൊരു വാണിജ്യ സാധ്യതയും നിലവിലുണ്ട്.ഇന്നത്തെ സിനിമ വ്യവസായത്തിന്റെ ആണിക്കല്ലുകളായ Multiplex തീയറ്ററുകളില്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ നിര്‍മാതാക്കള്‍ക്ക് Screening Fee നല്‍കേണ്ട ആവശ്യമില്ല.എന്നാല്‍ മറ്റു ദിവസങ്ങളില്‍ നിര്‍മാതാക്കള്‍ക്ക് ഈ ഇളവു ലഭിക്കുന്നില്ല.ഏറ്റവുമധികം ആളുകള്‍ കയറുന്ന ഒന്നാം ദിവസം വെള്ളിയാണെങ്കില്‍ നിര്‍മാതാക്കള്‍ക്കു അത് ലാഭകരമാകുന്നു.
8 ) അടുത്തിടയ്ക്ക് പ്രശസ്തനായ ഒരു യുവസംവിധായകനോട് പ്രസ്തുത ചോദ്യം ഉന്നയിക്കപ്പെട്ടപ്പോള്‍ അദ്ദേഹം നല്‍കിയ ഉത്തരം സരസമായിരുന്നുവെങ്കിലും അതിലും വസ്തുതകള്‍ ഒളിഞ്ഞിരിക്കുന്നത് ദര്‍ശിക്കാനാകുമായിരുന്നു.അഭ്യസ്തവിദ്യരെന്നും ബുദ്ധിജീവികള്‍ എന്നും സ്വയം നടിക്കുന്ന റിവ്യൂ എഴുത്തുകാരില്‍ നിന്നും സസ്പെന്‍സ് പൊളിക്കുന്ന ഫാന്‍സ്‌ പുങ്കവന്മാരില്‍ നിന്നും പ്രേക്ഷകന് മുക്തി നേടുവാന്‍ ഒരു പരിധി വരെ വെള്ളിയാഴ്ചചരിതം വഴിയോരുക്കുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.എങ്ങനെയെന്നാല്‍ വലിയ ഹൈപിലും പ്രതീക്ഷയിലും ഇറങ്ങുന്ന ചിത്രങ്ങളെ സാരമായി ബാധിക്കുന്ന പ്രസ്തുത ഘടകങ്ങള്‍ പ്രേക്ഷകരില്‍ അധികവും എത്താന്‍ ഇടയുള്ളത് അവധി ദിവസങ്ങളിലാണ്.വെള്ളിയാഴ്ച റിലീസ് ചെയ്യപ്പെടുന്ന ചിത്രങ്ങളുടെ ഇത്തരത്തിലുള്ള റിവ്യൂ ശ്രദ്ധിക്കാതെ സെക്കന്റ്‌ ഷോയ്ക്കോ പിറ്റേ ദിവസം ആദ്യ ഷോയ്ക്കോ തന്നെ ചിത്രം കാണാന്‍ ശ്രമിക്കുന്നതോടെ ജോലികളില്‍ വ്യാപൃതരായി കേവല സമാധാനത്തിനു തീയറ്റിയറുകളിൽ എത്തുന്ന പ്രേക്ഷകന് ഒരു പരിധി വരെ Spoiler കളില്‍ നിന്നും Degrading ല്‍ നിന്നും രക്ഷ നേടാനാകുന്നു.
സിനിമ ഒരു കല എന്നതിനപ്പുറം ഒരുപാട് പേരുടെ കഷ്ടപ്പാടിലും വേദനയിലും കെട്ടിപ്പടുത്തതാണ്( ക്രെഡിറ്റ്‌സ് : ഉദയനാണ് താരം ).അവിടെ വിജയം സുനിശ്ചിതമല്ലാത്ത കാരണത്താല്‍ വിശ്വാസങ്ങള്‍ക്കും പ്രാര്‍ഥനകള്‍ക്കും അതിന്റേതായ സ്ഥാനമുണ്ട്.തങ്ങളുടെ സംരംഭത്തിന്റെ വിജയത്തിനായി ദൈവത്തിന്റെയും മനുഷ്യന്റെയും പ്രിയദിവസം തന്നെ സിനിമ കൊട്ടകകള്‍ പൂരപ്പറംബാക്കാന്‍ ഓരോ സിനിമ പ്രവര്‍ത്തകനും ശ്രമിക്കുമ്പോള്‍ വെള്ളിയാഴ്ചവൃത്തം സിനിമ ലോകത്തില്‍ ഒരു അനുഷ്ഠാനമായി തുടര്‍ന്നുപോകുന്നു......
കൂടുതൽ വായനയ്ക്ക്:

Friday, June 2, 2017

Coherence Movie Revealed in Malayalam

THE UNVEILING PARADISE -PART 2
◆◆◆◆◆◆◆◆◆◆◆◆◆◆◆◆
ലോകസിനിമയിൽ, ചോദ്യങ്ങൾ ബാക്കിയാക്കിയും തെറ്റിദ്ധാരകളുടെ പറുദീസ തുറന്നു നൽകുകയും ചെയ്ത ചിത്രങ്ങളെ Mind Bending movies എന്ന ഓമനപ്പേരിൽ പ്രേക്ഷകൻ വിളിക്കുവാൻ തുടങ്ങി.ഇത്തരത്തിൽ ബാക്കി വയ്ക്കപ്പെട്ടു പോയ ചിത്രങ്ങളുടെ ഉള്ളറകൾ തേടി ഒരു പ്രദക്ഷിണമാണ് ഈ പരമ്പര.ആദ്യ ഭാഗത്തിൽ വിഖ്യാത സംവിധായകൻ ഡേവിഡ് ലിഞ്ചിന്റെ 'Mullholand Drive' സ്ഥാനം പിടിച്ചപ്പോൾ മനുഷ്യന്റെ ബുദ്ധിമണ്ഡലങ്ങളിൽ കോളിളക്കം സൃഷ്ടിച്ച 'Coherence' എന്ന ചലച്ചിത്ര സപര്യയുടെ ഉള്ളറകൾ തേടിയിറങ്ങുകയാണ് ഈ ഭാഗം
Coherence - ചോദ്യങ്ങളും ഉത്തരങ്ങളും
===============================
( ആദ്യം തന്നെ പറയട്ടെ.പോസ്റ്റ് നിറയെ സ്പോയിലറുകളാണ്.എങ്കിലും ചിത്രം കാണാത്തവരും ഇതു വായിച്ച ശേഷം ചിത്രം കാണുന്നത് നന്നായിരിക്കും)
എമിലി എന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തിയാണ് കഥ മുന്നോട്ടു പോകുന്നത്.8 സുഹൃത്തുക്കള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു reunion എന്നോണം തങ്ങളുടെ സുഹൃത്തുക്കളായ മൈക്ക്-ലീ ദമ്പതിമാരുടെ വീട്ടില്‍ ഒത്തുകൂടുന്നു.എമിലി,കെവിന്‍ എന്നിവര്‍ പ്രണയത്തിലാണ്.ആമിര്‍,ലോറി എന്നിവര്‍ ഇപ്പോള്‍ പ്രണയത്തിലാണെങ്കിലും ലോറി മുന്‍കാലത്ത് കെവിനെ പ്രണയച്ചിരുന്നു. ഹുഗ്-ബെത്ത് എന്നിവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണ്.എന്നാല്‍ ബെത്തിനു മൈക്കുമായി 12 വര്‍ഷങ്ങള്‍ക്കപ്പുറം ബന്ധമുണ്ടായിരുന്നു.ഇത് ഹുഗിനു ഒഴിച്ച് മറ്റെല്ലാവര്‍ക്കും അറിയാം.


ഇവര്‍ ഒത്തുകൂടുന്ന ദിവസം പ്രശസ്തമായ 'മില്ലെറിന്റെ വാല്‍നക്ഷത്രം' ഭൂമിക്കു ദ്രിശ്യമാകും പോലെ കടന്നുപോകുന്ന ദിവസം കൂടിയാണ്.പല നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും പറഞ്ഞുകൊണ്ട് അവര്‍ തങ്ങളുടെ ഒത്തുകൂടല്‍ ആഘോഷിക്കുന്ന വേളയില്‍ കറന്റ്‌ പോകുന്നു.ഈ പോയിന്റ്‌ മുതല്‍ ചിത്രം അതിന്റെ ഭാവമാറ്റം പ്രകടിപ്പിച്ചു തുടങ്ങുന്നു. ചുവപ്പ്,നീല,പച്ച എന്നിങ്ങനെ നിറങ്ങളുള്ള മൂന്നു പെട്ടികളില്‍ ഒന്നില്‍ നിന്നും മൈക്ക് തന്റെ നീല ഗ്ലോ സ്റ്റിക്കുകള്‍ പുറത്തെടുക്കുന്നു.തങ്ങളുടെ വീടിനു കുറച്ചകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു വീട്ടില്‍ മാത്രം വെളിച്ചം കാണുന്ന അവര്‍ സ്തബ്ദരാകുകയും അതെ സമയം മുകളിലൂടെ കടന്നുപോയ വാൽനക്ഷത്രത്തെ വീക്ഷിക്കുകയും ചെയ്യുന്നു.വാല്‍നക്ഷത്രം കടന്നുപോകുന്ന വേളയില്‍ അസ്വഭാവികമായി എന്തെങ്കിലും കാണുകയാണെങ്കില്‍ തന്നെ വിളിച്ചറിയിക്കുവാന്‍ ഹുഗിന്റെ സഹോദരന്‍ (വാനനിരീക്ഷണത്തില്‍ തല്‍പ്പരനായ അദ്ധ്യാപകന്‍) അയാളോട് പറഞ്ഞിരുന്നു.അതിനായി ശ്രമിച്ച ഹുഗ് അവിടെയുള്ള ഒരു ഫോണും വര്‍ക്ക്‌ ചെയ്യുന്നില്ല എന്ന് മനസ്സിലാക്കുന്നു.അങ്ങനെ ആമിറും ഹുഗും വെട്ടം കാണുന്ന വീട്ടില്‍ ചെന്ന് ഫോണ്‍ ചെയ്യാന്‍ തീരുമാനിച്ചു വെളിയിലേക്ക് പോകുന്നു.
★വാല്‍നക്ഷത്രം പോയ നേരം വ്യത്യസ്തങ്ങളായ റിയാലിറ്റികള്‍ ഉരുത്തിരുഞ്ഞു വന്നു.ശരിക്കും കറന്റ്‌ ഉള്ളതായി അവര്‍ കണ്ട വീട് അവരുടെ തന്നെ മറ്റൊരു റിയാലിറ്റിയിലെ വീടാണ്.റിയാലിറ്റികള്‍ക്കിടയിലായി ഒരു 'ഡാര്‍ക്ക്‌ സോണ്‍' ഉണ്ട്.അതില്‍ കടന്നുകഴിഞ്ഞാല്‍ പിന്നെ നമ്മളുടെ സ്വന്തം റിയാലിറ്റിയിലേക്ക് നമുക്ക് തിരിച്ചെത്താന്‍ കഴിയില്ല.മറ്റുള്ള ഏതെങ്കിലും സമാന്തരമായ റിയാലിറ്റിയില്‍ നമ്മള്‍ അകപ്പെട്ടു പോകും.അതായത് ഒരാള്‍ മറ്റൊരു റിയാലിറ്റിയില്‍ അകപ്പെട്ടാല്‍ തന്റെതന്നെ പകര്‍പ്പിനെ കാണുവാനാകും.വെട്ടം കണ്ട വീട് നോക്കി പോകുന്ന ആമിറും ഹുഗും മറ്റേതോ റിയാലിറ്റിയില്‍ അകപ്പെടുന്നു.പിന്നീട് ഇവര്‍ ചിത്രത്തിലില്ല.പകരം മറ്റേതോ റിയാലിറ്റിയില്‍ നിന്നെത്തിയ ആമിറും ഹുഗും തിരിച്ചെത്തുന്നു.
ആമിര്‍, ഹുഗ് എന്നിവര്‍ പോയി 5 നിമിഷങ്ങള്‍ക്കുള്ളില്‍ അവരുടെ വീട്ടിന്റെ കതകില്‍ ആരോ മുട്ടുന്നത് കണ്ടു മൈക്ക് കതകു തുറന്നുവെങ്കിലും ആരെയും കാണുവാനാകുന്നില്ല.【ശരിക്കും മുട്ടിയത് മറ്റേതോ റിയാലിറ്റിയിലെ ഹുഗ് ആണ്】.കുറച്ചു സമയങ്ങള്‍ക്കു ശേഷം ഹുഗ് തലയിലൊരു മുറിവുമായും ആമിര്‍ കൈയിലൊരു പെട്ടിയുമായും വരുന്നു.【ശരിക്കും ഇവര്‍ ആദ്യം പോയ ആമിറോ ഹുഗോ അല്ല എന്ന വിവരം മറ്റാര്‍ക്കും അറിയില്ല】.ആമിര്‍ കൊണ്ടുവന്ന പെട്ടി മൈക്ക് തുറക്കുന്നു.അതിനുള്ളില്‍ അവര്‍ ഒരു ടേബിള്‍ ടെന്നീസ് ബാറ്റും വ്യത്യസ്തമായി നമ്പറിംഗ് നടത്തിയിരിക്കുന്ന അവരുടെ തന്നെ ഫോട്ടോകളും കാണുന്നു.പേടി കൊണ്ട് വീര്‍പ്പു മുട്ടുന്ന 7 പേരും വെട്ടം കണ്ട വീട്ടില്‍ താനെന്താണ്‌ കണ്ടതെന്ന് ഹുഗിനോട് ചോദിക്കുന്നു.അത് മറ്റൊരു വീടല്ല മറിച്ചു മൈക്കിന്റെ തന്നെ വീടാണെന്നും,അവിടെ താനും ആമിറും കൂടാതെ മറ്റെല്ലാവരും പേടിച്ചു ഇരിക്കുന്നത് കണ്ടുവെന്നും,ആയ കാരണത്താല്‍ കതകില്‍ മുട്ടിയ ശേഷം താന്‍ പേടിച്ചു ഓടിപ്പോരുന്നു എന്ന് ഹുഗ് പറയുന്നു.Alternate Reality എന്നതിന്റെ നിലനില്പ്പിനെക്കുറിച്ച് അവര്‍ക്ക് ഏകദേശ രൂപം ഇവിടെ ലഭിക്കുന്നു.【അവര്‍ ഇപ്പോഴും കരുതുന്നത് രണ്ടു റിയാലിറ്റികള്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്ന്‍.എന്നാല്‍ സത്യത്തില്‍ അനന്തമായ റിയാലിറ്റികള്‍ നിലനില്‍ക്കുന്നു.ഡാര്‍ക്ക്‌ സോണില്‍ എണ്ണിയെടുക്കാനാകുന്നതിനും അപ്പുറമുള്ള ഒരു റിയാലിറ്റിയിലേക്ക് നാം കടക്കുന്നു】


ഹുഗ് വെട്ടം കണ്ട വീട്ടിലേക്ക് തിരിച്ചു പോകാന്‍ തയ്യാറാകുന്നു.അഥവാ ആരും ആ വീട്ടില്‍ നിന്ന് പുറത്തുവന്നില്ല എങ്കില്‍ "ഞാന്‍ നിങ്ങളെ പേടിപ്പിക്കാന്‍ വന്നതല്ല.നിങ്ങളുടെ ഫോണ്‍ 5 നിമിഷത്തേക്ക് എനിക്കൊന്നു തന്നാല്‍ സഹായകമാണ്" എന്നൊരു കുറിപ്പ് അവരുടെ വീട്ടിന്റെ കതകില്‍ ഒട്ടിച്ചു വയ്ക്കാമെന്ന് തീരുമാനിച്ചു അവര്‍ കുറിപ്പ് തയ്യാറാക്കുന്നു.തയ്യാറാക്കുന്ന നേരം അവരുടെ കതകില്‍ ആരോ മുട്ടുകയും കതകില്‍ അവര്‍ തയ്യാറാക്കിയ അതെ കുറിപ്പ് ഒട്ടിച്ചു പോകുകയും ചെയ്യുന്നു.
★ശരിക്കും മറ്റൊരു റിയാലിറ്റിയില്‍ നിന്നെത്തിയ ഹുഗാണ് കതകില്‍ നോട്ട് ഒട്ടിച്ചിട്ട്‌ പോയത്.ഇതിനര്‍ഥം ഓരോ റിയാലിറ്റിയിലും ആളുകളുടെ പ്രവര്‍ത്തികള്‍ വ്യതസ്തമാണ്.ചില റിയാലിറ്റിയില്‍ ഹുഗ് നോട്ടുമായി പുറത്തിറങ്ങുന്നുവെങ്കില്‍ മറ്റു ചിലതില്‍ അത് ചെയ്യുന്നില്ല.
പിന്നീട് അവര്‍ തങ്ങള്‍ക്കു ലഭിച്ച ഫോട്ടോകള്‍ ശ്രദ്ധിക്കുന്നു.അത് തന്റെ കൈയെഴുത്താണെന്നു എമിലിയും തന്റെ ഫോട്ടോ ഇപ്പോള്‍ എടുത്തതാണെന്നു ആമിറും തിരിച്ചറിയുന്നു.മൈക്ക് പറഞ്ഞതിന്‍ പ്രകാരം മൈക്ക്,ലോറി,എമിലി,കെവിന്‍ എന്നിവര്‍ വെട്ടം കണ്ട വീട്ടില്‍ ചെന്ന് തങ്ങളുടെ ഇരട്ടകളെ കാണാനും,ലീ,ആമിര്‍,ഹുഗ്,ബെത്ത് എന്നിവര്‍ വീട്ടില്‍ തന്നെ നില്‍ക്കുവാനും തീരുമാനിക്കുന്നു.അവിടെയെത്തുന്ന മൈക്ക് അത് തന്റെ വീടാണെന്നു തിരിച്ചറിയുകയും അവിടെ ലീയെ കാണുകയും ചെയ്യുന്നു.പൊടുന്നനെ ചുവന്ന ഗ്ലോ സ്റ്റിക്കുകളുമായി തങ്ങളുടെ ഇരട്ടകളെ നാല്‍വര്‍ സംഘം കാണുകയും പരിഭ്രമിച്ചുകൊണ്ട് തങ്ങളുടെ വീട്ടില്‍ തിരിച്ചെത്തുന്നു.
★ഡാര്‍ക്ക്‌ സോണ്‍ കടന്നു പോയ നാല്‍വര്‍ സംഘം മറ്റൊരു റിയാലിറ്റിയില്‍ എത്തുന്നു.ആ റിയാലിറ്റിയിലെ തന്റെ വീടാണ് മൈക്ക് കാണുന്നത്.അവിടെ അവര്‍ കാണുന്ന ഇരട്ടകള്‍ മറ്റേതോ റിയാലിറ്റിയുടെ സന്തതികളാണ്‌.അവരുടെ കൈയിലുള്ള ചുവന്ന ഗ്ലോസ്റ്റിക്ക്, മുന്‍പ് പറഞ്ഞ റിയാലിറ്റികളുടെ വ്യത്യസ്തതയെ സൂചിപ്പിക്കുന്നു.പരിഭ്രാന്തരായി തിരിച്ചെത്തുന്ന നാല്‍വര്‍ സംഘം യഥാര്‍ത്ഥത്തില്‍ വീണ്ടും ഡാര്‍ക്ക്‌ സോണ്‍ കടന്നു മറ്റേതോ റിയാലിറ്റിയിലാണ് എത്തിപ്പെടുന്നത്.
ആശയക്കുഴപ്പത്തില്‍ അകപ്പെടുന്ന അവര്‍ക്ക് ഹുഗിന്റെ കാറില്‍ നിന്നും അദ്ദേഹത്തിന്റെ സഹോദരന്റെ ഒരു പുസ്തകം ലഭിക്കുന്നു.അതില്‍ ഷ്രോടിഞ്ഞറുടെ പൂച്ചയുടെ കഥ പറയുന്നു.ഒരു പൂച്ചയും ഒരു കുപ്പി വിഷവും ഒരു പെട്ടിയില്‍ അടച്ചു വയ്ക്കുന്നു.സാധാരണ ശാസ്ത്രം ഇവിടെ രണ്ടു പോസ്സിബിലിറ്റികള്‍ നിരത്തുന്നു-പൂച്ച മരിക്കാനും ജീവിക്കാനുമുള്ള പോസ്സിബിലിറ്റികള്‍.പക്ഷെ,ക്വാണ്ടം ഫിസിക്സ്‌ പറയുന്നത് മറ്റൊന്നാണ്.ബോക്സ്‌ തുറക്കുന്നതുവരെ പൂച്ച മരിച്ചുവെന്ന റിയാലിറ്റിയും ജീവിക്കുന്നുവെന്ന റിയാലിറ്റിയും നിലനില്‍ക്കുന്നു.ഇവിടെ പൂച്ചയ്ക്ക് സമാനമാണ് 8 പേരുടെ സംഘവും അവരുടെ വീടും.വാല്‍നക്ഷത്രം രണ്ടാമതും കടന്നുപോകുന്നതു വരെ അവര്‍ ചെയ്യുവാന്‍ സാധ്യതയുള്ള ഓരോ കാര്യങ്ങളും അനേകം (അനന്തം) റിയാലിറ്റികളായി നിലനില്‍ക്കുന്നു.വാല്‍നക്ഷത്രം കടന്നുപോയതിനു ശേഷം നാം അകപ്പെട്ട റിയാലിറ്റിയുമായി പൊരുത്തപ്പെട്ടു ജീവിക്കേണ്ടി വരികയും,അതോടെ ഡാര്‍ക്ക്‌ സോണ്‍ അവസാനിക്കുകയും ചെയ്യുന്നു.
★എങ്കില്‍ പോലും 2 റിയാലിറ്റികള്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്നാണ് ഇപ്പോഴും അവര്‍ വിശ്വസിക്കുന്നത്
ഇതെല്ലാം കേട്ട മൈക്ക് വെട്ടം കണ്ട വീട്ടിലെ എല്ലാവരെയും കൊല്ലാന്‍ പോകുകയാണെന്നും അതുവഴി ഇതിനു അവസാനമാകുമെന്നും പറയുന്നു. എന്നാല്‍ മറ്റൊരു റിയാലിറ്റിയുടെ നാശം തങ്ങളെയും ബാധിക്കും എന്ന് മനസ്സിലാക്കിയ അവര്‍ ഇതില്‍ നിന്ന് പിന്‍വാങ്ങുന്നു.എന്നാല്‍ ഇതേ സംഭാഷണം വെട്ടമുള്ള വീട്ടിലും ഉണ്ടാകാനിടയുണ്ടെന്നും അതുവഴി ചിലപ്പോള്‍ അവര്‍ തങ്ങളെ കൊല്ലാന്‍ വരാനിടയുണ്ടെന്നും അവര്‍ക്ക് തോന്നുന്നു.അങ്ങനെ അവര്‍ക്ക് തോന്നണമെങ്കില്‍ ഇതേ ബുക്ക്‌ അവര്‍ക്കും ലഭിക്കണം.അത് തടയാന്‍ വഴിയൊന്നുമില്ലെന്ന് മനസ്സിലാക്കിയ അവര്‍ ഇനിയൊന്നും ചെയ്യണ്ട എന്ന തീരുമാനത്തില്‍ എത്തുന്നു.എന്നാല്‍ തനിക്ക് വര്‍ഷങ്ങള്‍ക്കു മുന്പ് ബെത്തുമായുള്ള അടുപ്പം വച്ച് തന്റെ ഇരട്ടയെ ബ്ലാക്ക്‌മെയില്‍ ചെയ്യിച്ചു ബുക്ക്‌ തട്ടിയെടുക്കാന്‍ മൈക്ക് പ്ലാന്‍ ചെയ്യുന്നു.
★ഇപ്പോഴും രണ്ടു റിയാലിറ്റികള്‍ എന്ന ചിന്തയിലാണ് ഇവര്‍ അര്‍ത്ഥശൂന്യമായ ഈ പ്ലാനിംഗ് നടത്തുന്നത്
മൈക്ക് വീട്ടിൽ് നിന്നും പോയി ബ്ലാക്ക്മൈല്‍ ലെറ്റര്‍ വെട്ടം കണ്ട വീട്ടിന്റെ കതകിൽ ഒട്ടിക്കുന്നു.ശേഷം തിരിച്ചുവരുന്നു【തിരിച്ചെത്തിയ മൈക്ക് മറ്റൊരു റിയാലിറ്റിയുടെ സംഭാവനയാണ്】ആമിര്‍,ഹുഗ് എന്നിവര്‍ പെട്ടിയും ഫോടോയുമായി പുറത്തുപോകുന്നു,ഇവരുടെ തിരോദ്ധാനം സംശയമുണര്‍ത്തുകയും ഇവരല്ല ആദ്യം വെളിയില്‍ പോയ "തങ്ങളുടെ ആമിറും ഹുഗും" എന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കുന്നു.
വീണ്ടും കറന്റ്‌ പോകുന്നു.ഹുഗിന്റെ കാര്‍ ആരോ തകര്‍ക്കാന്‍ ശ്രമിച്ചതായി കാണപ്പെടുന്നു.എമിലി തന്റെ കാര്‍ ശ്രദ്ധിക്കുവാനായി ചെന്ന നേരം കാറില്‍ നിന്നും തന്റെ മോതിരം എടുക്കുകയും കൂടെയുണ്ടായിരുന്ന കെവിനോട് ഹുഗിന്റെ കാറിനെപ്പറ്റി സംസാരിക്കുമ്പോള്‍ കെവിന്‍ ഒന്നും മനസ്സിലാക്കാത്ത പോലെ നില്‍ക്കുന്നു.തന്നോടൊപ്പം നില്‍ക്കുന്നത് മറ്റേതോ കെവിന്‍ ആണെന്ന് അവള്‍ക്ക് മനസ്സിലാകുകയും അവള്‍ പരിഭ്രമിച്ചുകൊണ്ട് വീട്ടിലേക്ക് ഓടുകയും ചെയ്യുന്നു.
ഹുഗും ആമിറും എമിലിക്ക് ശേഷം വീട്ടിൽ എത്തുന്നു.തലയിലെ ബാന്‍ഡ് ഐട് കണ്ടപ്പോള്‍ അത് മറ്റൊരു ഹുഗ് ആണെന്ന് മനസ്സിലാക്കുന്നു അവര്‍.തങ്ങള്‍ ചുവന്ന ഗ്ലോ സ്റിക്കാണു ഉപയോഗിച്ചതെന്നും ഹുഗ് പറഞ്ഞപ്പോള്‍ അത് തീര്‍ച്ചയാകുന്നു.ഹുഗ് എഴുതിയ നോട്ട് അവരെ കാണിക്കുന്നു,ഇത് കൂടാതെ തന്റെ പഴയ വീട്ടിൽ നിന്നും തനിക്കു ലഭിച്ച നോട്ടിനെപ്പറ്റിയും ഹുഗ് പറയുന്നു.ഇതോടെ 4 നോട്ടുകളുടെ existense നെപ്പറ്റി അവര്‍ക്ക് മനസ്സിലാ്കുകയും അതുവഴി അനേകം റിയാലിറ്റികള്‍ നിലനില്‍ക്കുന്നുവെന്നും അവര്‍ക്ക് മനസ്സിലാകുന്നു.
തങ്ങളുടെ ഫോട്ടോകളിലെ നമ്പറുകള്‍ വീണ്ടും varify ചെയ്യുന്ന എമിലിക്ക് തന്റെ കൂടെയുള്ളവരെല്ലാം പല റിയാലിറ്റിയില്‍ നിന്നും വന്നവരാണെന്ന് മനസ്സിലാകുകയും ചെയ്യുന്നു.ഈ സമയം തന്നെ, തന്നെ ബ്ലാക്ക്മൈല്‍ ചെയ്യാന്‍ മൈക്ക് ഉപയോഗിച്ച നോട്ട് ഹുഗിനു ലഭിക്കുകയും അതുവഴി തന്റെ ഭാര്യയക്ക്‌ 12 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ അവിഹിതം മനസ്സിലാ്കുകയും അത് അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.ഇതുകണ്ട് പ്രശ്നങ്ങള്‍ ഇല്ലാത്ത ഒരു റിയാലിറ്റിയില്‍ എത്തുവാനായി എമിലി വീട് വിട്ടു ഡാര്‍ക്ക്‌ സോണ്‍ വഴി നിരവധി "പ്രശ്നബാധിത" റിയാലിറ്റികള്‍ സന്ദര്‍ശിക്കുകയും ഒടുവില്‍ പ്രശ്നങ്ങള്‍ ഇല്ലാത്ത റിയാലിറ്റിയില്‍ എത്തിപ്പെടുകയും, അതേ റിയാലിറ്റിയിലുള്ള തന്റെ ഇരട്ടയെ ഇടിച്ചു വീഴ്ത്തി അവളെ മറ്റാരും കാണാതെ ബാത്ത് ടബില്‍ മറവു ചെയ്യുന്നു.തുടര്‍ന്ന് ബോധം വരുന്ന എമിലി പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നു.വാല്‍നക്ഷത്രം രണ്ടാമതും പ്രത്യക്ഷപ്പെട്ടതോടെ എമിലിയുടെ ഇപ്പോഴുള്ള റിയാലിറ്റിയാണ് അവസാനം നിലനില്‍ക്കുന്നതെന്ന്‍ അവള്‍ക്കു മനസ്സിലാകുന്നു.എന്നാല്‍ ബാത്ത് ടബിലെ തന്റെ ഇരട്ടയുടെ ശരീരം അവള്‍ക്കു പുലര്‍ച്ചെ കാണുവാനാകുന്നില്ല.ഇതുകഴിഞ്ഞു എമിലി കെവിനുമായി സംസാരിക്കുന്ന നേരം മറ്റൊരു എമിലി കെവിനെ വിളിക്കുന്നിടത്തു സിനിമ അവസാനിക്കുന്നു.ഇതേ റിയാലിറ്റിയില്‍ മറ്റൊരു എമിലിയും എത്ത്തിപ്പെട്ടിട്ടുണ്ട്.അവളാണ് ബാത്ത് ടബിലെ ശരീരം മറവു ചെയ്തത് എന്നു വ്യക്തമാക്കിക്കൊണ്ട് ചിത്രം അവസാനിക്കുന്നു.
ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്ത ഒരുപാട് ഭാഗങ്ങള്‍ ഉണ്ടെന്നു അറിയാം എങ്കിലും എല്ലാവരുടെയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു .തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക
അടുത്ത ഭാഗത്തിൽ നിങ്ങൾക്ക് വിശദീകരണം ആവശ്യമാണെന്ന് തോന്നുന്ന ചിത്രങ്ങളും കമന്റുകളിൽ ഉൾക്കൊള്ളിക്കാനാകുന്നതാണ്.
തുടരും.....
(ആദ്യ ഭാഗങ്ങൾ വായിക്കാൻ അവസാന ഹാഷ് ടാഗ് ഉപയോഗിക്കാവുന്നതാണ്)
◆പോസ്റ്റിന്റെ diagramatic രൂപത്തിനായി ആദ്യ കമെന്റ് റെഫർ ചെയ്യാനാകുന്നതാണ്.(ഫോട്ടോ കടപ്പാട് : thisisbarry.com )◆
കൂടുതൽ വായനയ്ക്ക് : rhshyanil.blogspot.com

Bahubali 2 - A Retrospect

കേരളത്തിലെന്നല്ല ഇന്ത്യയൊട്ടാകെ കാത്തിരുന്ന ചോദ്യത്തിന് ഉത്തരവുമായാണ് ഇന്ത്യയിലും ഏറ്റവും വലിയ ചലനചിത്രം എന്ന പ്രസ്താവനയോടെയാണ്  'ബാഹുബലി 2 -The Conclusion' പ്രേക്ഷകര്‍ക്ക്‌  മുന്നിലേക്ക് ആനയിക്കപ്പെട്ടത്.ആദ്യ ഭാഗം നല്‍കിയ പ്രതീക്ഷകള്‍ക്കും ചോദ്യങ്ങള്‍ക്കും ഒരു പരിസമാപ്തി നല്‍കിയ രണ്ടാം ബാഹുബലി ഇന്ത്യന്‍ ബോക്സ്‌ ഓഫീസില്‍ പുതിയ ചരിതം രചിക്കുകയാണ്.എങ്കില്‍ പോലും,ആദ്യ ഭാഗം നല്‍കിയ സംതൃപ്തി അവകാശപ്പെടാന്‍ യാതൊരു അര്‍ഹതയും രണ്ടാം ബാഹുബലിക്കുള്ളതായി എന്നിലെ എളിയ സിനിമ ആസ്വാദകയ്ക്ക് തോന്നിയില്ല.അഭിപ്രായപ്രകടങ്ങള്‍ക്ക് പരമപ്രാധാന്യം നല്‍കിക്കൊണ്ട് പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മയില്‍ എനിക്ക് തോന്നിയ ചിത്രത്തിന്റെ പോരായ്മകളെ മുന്നില്‍ നിര്‍ത്തുന്നതാകട്ടെ ഈ പോസ്റ്റ്‌

1 )പുതുമയെന്നത് ലവലേശം തൊട്ടു തീണ്ടിയിട്ടില്ലാത്ത തികച്ചും ക്ലീഷേകള്‍ മാത്രം നിരത്തിവച്ച തിരക്കഥയായിരുന്നു രണ്ടാം ബാഹുബലി.'കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു' എന്നുള്ള ചോദ്യത്തിനു ഉത്തരങ്ങള്‍ എന്നവണ്ണം ആദ്യഭാഗത്ത് നല്‍കുന്ന സൂചനകള്‍ അക്ഷരംപ്രതി   ശരിയാക്കിയാണ് രണ്ടാം ചിത്രത്തിന്റെ തിരക്കഥ രചിക്കപ്പെട്ടിട്ടുള്ളത്.സാധാരണപ്രേക്ഷകന് ഊഹിക്കാവുന്ന കഥാഗതി ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മയാണ്.രോമാഞ്ചം വന്നുവെന്ന് പലരും അവകാശപ്പെടുന്ന ഭൂരിഭാഗം രംഗങ്ങളും ഇതൊരു പ്രേക്ഷകനും സാമാന്യ ബുദ്ധിയില്‍ ഊഹിക്കാവുന്ന രംഗങ്ങളാണ്

2) 25൦ കോടി മുതല്‍മുടക്കുന്ന ചിത്രത്തിന്റെ ഗ്രാഫിക്സ് രംഗങ്ങള്‍ തികച്ചും പരിതാപകരമായിരുന്നു.കാല,ആന മുതലായ മൃഗങ്ങളെയൊക്കെ ഗ്രാഫിക്സില്‍ അവതരിപ്പിച്ചപ്പോള്‍ ഓര്‍മവന്നത് കേവലം 35 കോടി രൂപയ്ക്ക് കെട്ടിപ്പടുത്ത വീരം എന്ന ചിത്രത്തിലെ കൊഴിപ്പോരാനു.വീരം ഞെട്ടിച്ചുവെങ്കില്‍ ബാഹുബലി മുഖം ച്ചുളിപ്പിക്കുകയാണ് ഉണ്ടായത്.ആദ്യ ഭാഗത്തില്‍ മികച്ചു നിന്ന      വ്ഫ്ക്ഷ       രംഗങ്ങള്‍ രണ്ടാം ഭാഗത്തിലും അതെ മനോഹാരിതയില്‍ ഉണ്ടാകുമെണ്ണ്‍ കരുതിയെങ്കിലും പലയിടങ്ങളിലും തികച്ചും മോശമായി തോന്നി.എന്നാല്‍ ചില രംഗങ്ങള്‍ പ്രതീക്ഷയ്ക്കപ്പുരം  മനോഹരമായത് ആശ്വാസമായി.

3)ആദ്യ ഭാഗത്തില്‍ നിന്നും രണ്ടാം ഭാഗത്തിലേക്ക് വന്നപ്പോള്‍ കഥാപാത്രങ്ങളുടെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങളും കാഴ്ച്ചയെ മുരടിപ്പിച്ചു.ആദ്യ ഭാഗങ്ങളില്‍ അച്ഛന്‍ ബാഹുബലിക്ക് തുല്യ സ്വഭാവക്കാരനായിരുന്നു മകന്‍.എന്നാല്‍ രണ്ടാം ഭാഗത്തില്‍ തികച്ചും വ്യത്യസ്തനായി മഹേന്ദ്ര ബാഹുബലി കാണപ്പെട്ടു.ആദ്യ ഭാഗങ്ങളില്‍ ഭയ ഭക്തി ബഹുമാനത്തോടെയും അസാമാന്യ പക്വതയോടെയും കാണപ്പെട്ട കട്ടപ്പ രണ്ടാം ഭാഗത്തിന്റെ തുടക്കത്തില്‍ വിദൂഷകനു സമനായി.

4)ചിത്രത്തിലെ മറ്റൊരു പോരായ്മ കഥാപാത്രങ്ങളുടെ ശാരീരിക ഘടനയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങളാണ്.ചിത്രത്തിന്റെ തുടക്കത്തില്‍ മെലിഞ്ഞു കാണപ്പെടുന്ന ദേവസേന തൊട്ടടുത്ത സീനില്‍ സാമാന്യം തടിയുള്ളവളായി കാണപ്പെട്ടു,തൊട്ടടുത്ത നിമിഷം അവര്‍ വീണ്ടും മെലിഞ്ഞു സുന്ദരിയാകുന്നു.പല്‍വാര്‍ ദേവന്റെ കാര്യവും വ്യത്യസ്തമല്ല.രാജാവായി അഭിഷേകം ചെയ്യപ്പെടുന്ന വേളയില്‍ കഴുത്ത് മെലിഞ്ഞു ശാരീരിക ഘടനയില്‍ വലിയ മാറ്റങ്ങളോടെയാണ് പല്‍വാര്‍ ദേവന്‍  പ്രത്യക്ഷപ്പെടുന്നത്.

5)ബാഹുബലി എന്ന പൌരാണിക ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ തമാശ രംഗങ്ങള്‍ ഒഴിവാക്കപ്പെട്ടിരുന്നു.എന്നാല്‍ രണ്ടാം ഭാഗത്തിന്റെ തുടക്കത്തില്‍ തന്നെ പക്വരായ ബാഹുബലിയെയും കട്ടപ്പയെയും കൊണ്ട് ഇക്കിളിയിട്ടാല്‍ പോലും ചിരിക്കാന്‍ പാടുപെടുന്ന തമാശ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയത് തികച്ചും മോശമായ ഒരു മുന്നേറ്റമായിരുന്നു.അനുഷ്ക എന്ന നടിയുടെയും സുബ്ബരാജു എന്ന നടന്റെയും പ്രകടനങ്ങള്‍ ഒരു പരിധിവരെ ഈ മോശപ്പെട്ട രംഗങ്ങളില്‍ നിന്നും ഒരു രക്ഷയായി.

6)യുദ്ധം എന്ന പേരില്‍ ചമച്ചുണ്ടാക്കിയ ക്ലൈമാക്സ്‌ സീനുകള്‍ ആദ്യ ചിത്രത്തിന്റെ നിഴല്‍പോലുമായില്ല.ആദ്യ ഭാഗത്തില്‍ ഉപയോഗിച്ച യുദ്ധ തന്ത്രങ്ങളും അതിന്റെ അവതരണവും ഏറെ പ്രശംസിക്കപ്പെട്ടവയാണ്.അത് രണ്ടാം ഭാഗത്തേക്ക് പറിച്ചുനട്ടപ്പോള്‍ ഉണ്ടായത് അരോചകം ഉളവാക്കുന്ന ലോജിക് തീരെയില്ലാത്ത ഒരുപിടി രംഗങ്ങളായിരുന്നു.ഒരു സാധാരണ തെലുങ്ക് സിനിമയുടെ ചട്ടക്കൂടിലേക്ക്‌ 'ബഹുബലി' എന്ന ഇതിഹാസ ചിത്രം തെന്നിമാറിയത്‌ വിഷമത്തോടെയാണ് എന്നിലെ സിനിമ ആസ്വാദക നോക്കിക്കണ്ടത്.ഊര്‍ജതന്ത്ര നിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയ ക്ലൈമാക്സ്‌ രംഗങ്ങള്‍ ചിത്രത്തിന്റെ ഏറ്റവും വലിയ പോരായ്മയായി ബാക്കി നിന്നു.

7)ബിജ്ജലദേവ എന്ന കഥാപാത്രത്തെപറ്റി കേവലബോധ്യവും ബഹുബലി എന്ന കഥാപാത്രത്തിന്റെ കര്‍മശുദ്ധിയും ഏറെര്‍ക്കുറെ ഗ്രാഹ്യമുള്ള ശിവകാമി ചിത്രത്തില്‍ ഉടനീളമെടുത്ത്ത തീരുമാനങ്ങള്‍ ഒരു മാനസികരോഗിക്ക് സമാനമായതാണ്.ലോജിക് ഇല്ലായ്മ നിരന്തരം നിഴലിച്ചുകണ്ട പ്രകടനമായിരുന്നു അങ്ങനെ ശിവകാമിയുടെത് (രമ്യ കൃഷ്ണന്‍ എന്ന നടിയെ കുറ്റം പറയുന്നില്ല,മറിച്ചു ആ കഥാപാത്രത്തിന്റെ വ്യക്തിത്വമില്ലയ്മയെ ചോദ്യം ചെയ്യുകയാണ് ഞാന്‍)

തിരക്കഥ വ്യക്തമായി പരിശോധിച്ചാല്‍ തെറ്റുകളുടെയും ലോജിക് ഇല്ലായ്മയുടെയും ഒരു പറുദീസയാണ് 'ബഹുബലി'.Spoiler കള്‍ ഉള്‍പ്പെടുത്താനാവാത്തതുകൊണ്ട്  കൂടുതല്‍ വിശദംശങ്ങളെക്കുറിച്ചു പിന്നീട് ഒരു പോസ്റ്റില്‍ പ്രതിപാദിക്കുന്നതാണ്