Saturday, June 9, 2018

Briefing the highly controversial "Azaria Murder Case" in Malayalam

ഒരമ്മ തന്റെ മകളെ കഴുത്തറുത്തു കൊലപ്പെടുത്തിയെന്നോ....!!!????
അതെ,അവര്‍ തന്നെയാണ്....!!! അവരൊരു മന്ത്രവാദിനിയാണ്...!!
ആഭിചാരക്രീയകളുടെ ഭാഗമായി കുഞ്ഞിന്റെ കഴുത്തറുത്തു കൊലപ്പെടുത്തിയതാണവര്‍....!!!!
ഒരു നരഹത്യയുടെ വിചാരണയ്ക്കായി ലോകം മുഴുവന്‍ കാതോര്‍ക്കുക....!! രാജ്യത്താദ്യമായി ഒരു വിചാരണയുടെ ലൈവ് ടെലികാസ്റ്റിനു അനുമതി നല്‍കുക..!! മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറവും മരണപ്പെട്ടയാളുടെ മൃതദേഹം ലഭിക്കാതെയാവുക തുടങ്ങി ഒട്ടനേകം സവിശേഷതകളുടെ കഥ പറയാനുണ്ട് ഓസ്ട്രേലിയന്‍ മഹാരാജ്യം കണ്ട ഏറ്റവും വാര്‍ത്താപ്രാധാന്യം നേടിയ "നരഹത്യ"യ്ക്ക്.
1980 ഓഗസ്റ്റ്‌ 17 നാണ് അയേര്‍സ് റോക്കിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തില്‍ രണ്ടു മാസം മാത്രം പ്രായമുണ്ടായിരുന്ന അസാറിയ ചേംബര്‍ലിന്‍ എന്ന പെണ്‍കുഞ്ഞിനെ കാണാതാകുന്നത്.തങ്ങളുടെ മകളെ ഒരു കാട്ടുനായ കടിച്ചുകൊണ്ടു പോയതാണെന്നും അതു നേരില്‍ കണ്ടുവെന്നും മാതാപിതാക്കളായ ലിന്‍ഡി-മൈക്കില്‍ ദമ്പതികള്‍ പോലീസിന് മൊഴിനല്‍കി.സംഭവത്തിന്‌ മറ്റു ദൃക്സാക്ഷികളോ പറയത്തക്ക തെളിവുകളോ ഉണ്ടായിരുന്നില്ല.
എന്നാല്‍ മകളുടെ മരണശേഷവും സന്തോഷവതിയായി കാണപ്പെട്ട ലിന്‍ഡിയുടെ ചിത്രങ്ങള്‍ പത്രമാധ്യമങ്ങളില്‍ നിരന്തരം പ്രദര്‍ശിപ്പിക്കപ്പെട്ടത് അവര്‍ക്കെതിരായ ജനരോഷത്തെ ആളിക്കത്തിച്ചുകൊണ്ടേയിരുന്നു.അങ്ങനെ കേവലം ഒരു കോടതിമുറിയുടെ നാല് ചുവരുകള്‍ക്കിടയില്‍ അവസാനിക്കേണ്ടിയിരുന്ന അസാറിയ മര്‍ഡര്‍ കേസ് ഓസ്ട്രേലിയ കണ്ട ഏറ്റവും വലിയ വിവാദത്തിനു കളമൊരുക്കി മുന്നേറി.ലിന്‍ഡിയെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ടു നിവേദനങ്ങള്‍ സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ കുമിഞ്ഞു കൂടി,അവരുടെ ശിക്ഷയ്ക്കാഹ്വാനം ചെയ്തുകൊണ്ട് ക്യാമ്ബൈനുകള്‍ രൂപംകൊണ്ടു,മനുഷ്യാവകാശ സംഘടനകള്‍ മുറവിളി കൂട്ടി !!!!!

കേവലം ദിവസങ്ങളുടെ ഇടവേളയില്‍ അസാറിയയുടെ മരണം ലോകത്തിന്റെ കണ്ണുകളെ 1980 ഫെബ്രുവരി 20 നു ആലിസ് സ്പ്രിംഗ്സിലെ കോടതി മുറിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു.വിചാരണ നടപടികള്‍ ആരംഭിച്ചു.തെളിവുകളുടെ അഭാവത്താല്‍ ചേംബര്‍ലിന്‍ ദമ്പതികള്‍ നിരപരാധികളാണെന്ന അന്തിമവിധി വന്നു.കുറ്റമറ്റ വിധിയില്‍ കോടതിക്ക് നന്ദി പറഞ്ഞു ചേംബര്‍ലിന്‍ ദമ്പതികള്‍ നടന്നകന്നുവെങ്കിലും കടുത്ത ജനരോഷത്തിനും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കുമുള്ള പ്രതിവിധിയായിരുന്നില്ല ബഹുമാനപ്പെട്ട കോടതിയുടെ വിധിപറച്ചില്‍.
.
.
.
അവിടെ നിന്നും ട്വിസ്റ്റുകൾ ആരംഭിച്ചുതുടങ്ങി...
.
.
.
.
അന്വേഷണം പുനരാരംഭിച്ചു.തെളിവുകളുടെ അഭാവത്താലുഴറിയ പോലീസ് സേനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഇക്കുറി വിജയം കണ്ടു.ചേംബര്‍ലിന്‍ ദമ്പതികളുടെ ഉല്ലാസയാത്രയുടെ ചിത്രങ്ങള്‍ പരിശോധിച്ച പോലീസിന് അസാറിയയുടെ കുപ്പായത്തിന്റെ കഴുത്തില്‍ കത്തികൊണ്ട് കീറിയ തരത്തിലെ പാടുകള്‍ കണ്ടെത്തുവാനായി.ഫോറന്‍സിക് അധികൃതര്‍ ഈ കണ്ടെത്തലിനു ഭാഗീകമായി പച്ചക്കൊടിയുയര്‍ത്തിയത് കേസിനു ജീവശ്വാസമേകി.തുടര്‍ന്ന്,മൈക്കിളിന്റെ കാറിന്റെ മുന്‍സീറ്റിനടുത്തായി Foetal Haemoglobin ന്റെ സാന്നിധ്യം കൂടി കണ്ടെത്തിയത് ചേംബര്‍ലിന്‍ ദമ്പതികളുടെ നേര്‍ക്ക്‌ വിരല്‍ ചൂണ്ടുന്ന പുത്തന്‍ തെളിവായി രൂപംപ്രാപിച്ചു.
മാധ്യമങ്ങളില്‍ ലിന്‍ഡയ്ക്കെതിരായി വന്നുകൊണ്ടിരുന്ന വാര്‍ത്തകള്‍ക്ക് ഈ വിവരങ്ങള്‍ ചൂടുപകര്‍ന്നു.മതപരമായി Seventh-day Adventist ആശയങ്ങളില്‍ വിശ്വാസമര്‍പ്പിച്ചിരുന്ന ചേംബര്‍ലിന്‍ ദമ്പതികള്‍ക്ക് നേരെ ഗോസിപുകളും ആരോപണങ്ങളും രൂപംകൊണ്ടത്‌ ധ്രുതഗതിയിലായിരുന്നു.താന്ത്രികവിദ്യകളില്‍ നിപുണയായ ലിന്‍ഡി തന്റെ മകളെ ബലി നല്‍കിയതാണെന്ന കഥ കാട്ടുതീ പോലെയാണ് രാജ്യമൊട്ടുക്കും പരന്നത്.മകളെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം ശവം ഒരു ക്യാരീ-ബാഗിലാക്കി മറവുചെയ്തെന്നു തെളിവുകളുടെ അഭാവത്തില്‍ പോലും മാധ്യമങ്ങള്‍ വിധിയെഴുതി.മതപരമായ വിഷയങ്ങള്‍ വലിച്ചിഴയ്ക്കപ്പെട്ടത് മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു.ജനരോഷം പതിന്‍മടങ്ങായി വര്‍ദ്ധിച്ചുവന്നു.
1982 ഒക്ടോബര്‍ 22 നു കേസ് വീണ്ടും കോടതിയിലെത്തി.ലഭ്യമായ തെളിവുകളേക്കാള്‍ മാധ്യമങ്ങളുടെ കണ്ടെത്തലുകള്‍ ആ കോടതിമുറിയില്‍ വാദിഭാഗത്തിനു ശക്തിയേകി.വിധി മാറിമറിയുന്ന കാഴ്ച ഞെട്ടലോടെ ലോകം കാതോര്‍ത്തു...!!! ലിന്‍ഡി ചേംബര്‍ലിന്‍ തന്റെ മകളുടെ നരഹത്യയില്‍ ഒന്നാം പ്രതിയായി ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു....!! കൂട്ടുപ്രതിയായി ഭര്‍ത്താവ് മൈക്കിളും...!!!
ഒരുപക്ഷെ,സിംഹഭാഗം ജനങ്ങളെയും സംതൃപ്തിലാഴ്ത്തിയ ആദ്യ കോടതിവിധിയായിരിക്കണം ലിന്‍ഡിയുടേത്.സത്യത്തിന്റെ വിജയമായി ഈ വിധി കൊട്ടിഘോഷിക്കപ്പെട്ടു.ലിന്‍ഡിയുടെ ചിത്രങ്ങള്‍ പത്രമാധ്യമങ്ങളില്‍ നിറഞ്ഞു നിന്നു.ഇരുണ്ട വേഷധാരിയായി / മന്ത്രവാദിനിയായി അവര്‍ ചിത്രീകരിക്കപ്പെട്ട കാര്‍ട്ടൂണുകള്‍ വാര്‍ത്താപ്രാധാന്യം നേടി.
എന്നാല്‍ ട്വിസ്റ്റുകള്‍ അവിടെയും പിന്‍വാങ്ങുവാന്‍ തയ്യാറായിരുന്നില്ല.


മൂന്നു വര്‍ഷം കടന്നുപോയി.ആയിടയ്ക്കാണ് ഡേവിഡ്‌ ബ്രെറ്റ് എന്ന വിനോദസഞ്ചാരി അയേര്‍സ് റോക്കിന് സമീപത്തുള്ള പാറയ്ക്ക് മുകളില്‍ നിന്നും കാല്‍വഴുതിവീണു മരണപ്പെടുന്നത്.ബ്രെറ്റിന്റെ മരണത്തോടനുബന്ധിച്ച് സംഭവസ്ഥലത്തെത്തിയ പോലീസ് സേനയെ കാത്തു മറ്റൊന്ന് കൂടിയുണ്ടായിരുന്നു...!!! കാട്ടുനായകളുടെ വിഹാരകേന്ദ്രമായ അവിടെ നിന്നും രക്തക്കറപറ്റിയ ഒരു കുട്ടിക്കുപ്പായം പോലീസിന് ലഭിച്ചു...!! അത് അസാറിയയുടെതാണെന്നും അതില്‍ കാട്ടുനായകളുടെ പല്ലിന്റെ പാടുകള്‍ വ്യക്തമായി പതിഞ്ഞിരുന്നുവെന്നും വിശദമായ പരിശോധനയില്‍ തെളിഞ്ഞു.വിവാദമായ അസാറിയ കൊലക്കേസ് അങ്ങനെ വീണ്ടും റീ-ഓപ്പണ്‍ ചെയ്യുവാന്‍ കോടതിയുത്തരവുണ്ടായി....!!! തന്റെ ജീവിതത്തിലെ വിലപ്പെട്ട മൂന്നു വര്‍ഷം ജയിലറയ്ക്കുള്ളില്‍ ഹോമിക്കപ്പെട്ട ലിന്‍ഡി ചേംബര്‍ലിന്‍ അന്വേഷണവിധേയമായി സ്വതന്ത്രയാക്കപ്പെട്ടു...!!


തുടര്‍ന്നു വന്ന വിചാരണയിലും Foetal Haemoglobin ന്റെ സാന്നിധ്യം നിരത്തിയ പ്രോസിക്യൂഷന്‍, ലിന്‍ഡിയെ സംശയത്തിന്റെ നിഴലില്‍ തന്നെ നിര്‍ത്തിയെങ്കിലും വിചാരണയുടെ രണ്ടാം ഘട്ടം പ്രതിഭാഗത്തിനൊപ്പം നിന്നത് നാടകീയമായ രംഗങ്ങള്‍ക്ക് കളമൊരുക്കി.Foetal Haemoglobin ടെസ്റ്റിന്റെ വിശ്വാസ്യതയ്ക്കുമേല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുവാന്‍ പ്രതിഭാഗത്തിന് സാധിച്ചു.കാറുകളുടെ നിര്‍മാണാര്‍ഥം പൂശുന്ന Sound Deadener കളുടെ സാന്നിധ്യം തെറ്റായ ടെസ്റ്റ്‌ റിസള്‍ട്ടിന് വഴിയൊരുക്കാന്‍ സാധ്യതയുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശരിവച്ചു.അസാറിയയുടെ രക്തം പുരണ്ട,കാട്ടുനായകളുടെ പല്ലു പതിഞ്ഞ കുപ്പായം പ്രതിഭാഗത്തിന്റെ വാദങ്ങള്‍ക്കു ശക്തി പകര്‍ന്നു.എന്നാല്‍ അപ്പോഴും ജനങ്ങള്‍ക്കിടയില്‍ കഥകള്‍ പ്രചരിച്ചുകൊണ്ടേയിരുന്നത് കേസിനെ ബാധിച്ചു."അസാറിയ" എന്ന വാക്കിനര്‍ത്ഥം 'കുരുതി' എന്നാണെന്ന കഥകള്‍ കോടതിയിലും ചോദ്യങ്ങളുയര്‍ത്തി.തുടര്‍ന്നു വ്യക്തമായ അന്വേഷണത്തില്‍ വാക്കിനു അങ്ങനെയൊരര്‍ത്ഥമില്ലെന്ന് തെളിഞ്ഞത് വീണ്ടും ലിന്‍ഡിയ്ക്കനുകൂലമായി കേസിനെ കൊണ്ടെത്തിച്ചു.ഒടുവില്‍, 1988 സെപ്റ്റംബര്‍ 15 നു ലിന്‍ഡി നിരപരാധിയാണെന്ന വിധി വന്നു....!!! ഒന്നര മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി അവര്‍ക്കു നല്‍കാന്‍ കോടതി വിധിച്ചു...!!!
വര്‍ഷങ്ങള്‍ക്കിപ്പുറം 1995 ല്‍,അസാറിയയുടെ മരണകാരണം "അജ്ഞാതം" എന്ന വിധിയില്‍ കേസിന്റെ മൂന്നാം കൊറോണര്‍ ഇന്‍ക്വെസ്റ്റ് അവസാനിച്ചു.
പിന്നീട് 2012 ജൂണ്‍ മാസം 12 ആം തീയതി വന്ന നാലാം കൊറോണര്‍ ഇന്‍ക്വെസ്റ്റ് വിധി മൂന്നു പതിറ്റാണ്ടുകള്‍ക്കിപ്പുറവും രാജ്യം ചര്‍ച്ചചെയ്യുന്ന "The Most Controversial Case" നു തിരശീലയിട്ടു.അസാറിയയുടെ മരണം കാട്ടുനായയുടെ ആക്രമണത്താലാണെന്ന് കോലൊടിച്ചിട്ടുകൊണ്ട് കോടതി സമ്മതിച്ചു...!!!!
സിനിമ
========
ലോകപ്രശസ്തമായ അസാറിയ മര്‍ഡര്‍ കേസിനെ ആധാരമാക്കി ഫ്രെഡ് ഷെപ്പീസിയുടെ സംവിധാനമികവില്‍ മെറില്‍ സ്ട്രീപ്,സാം നീല്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി പുറത്തിറങ്ങിയ ചിത്രമാണ് A Cry in the Dark.യാഥാര്‍ത്ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ചിത്രം ലിന്‍ഡിയുടെ കണ്ണുകളിലൂടെ കഥപറയുന്നു.സമൂഹമാഗ്രഹിക്കുന്ന Stereotipic നാരീരത്നമാകാതെ തനിക്കു നേരിടേണ്ടി വന്ന ദുര്യോഗത്തെ തികച്ചും പ്രാക്ടിക്കലായി നോക്കിക്കണ്ട ലിന്‍ഡി എന്ന അമ്മയോടുള്ള സമൂഹത്തിന്റെ സമീപനം എപ്രകാരം പരിണാമമേറ്റുവാങ്ങിയെന്നു ചിത്രം അടിവരയിടുന്നു.
കടിഞ്ഞാണില്ലാത്ത മാധ്യമങ്ങളുടെ സ്വാധീനം നീതിന്യായ വ്യവസ്ഥിതിയെപ്പോലും പ്രതികൂലമായി സ്വാധീനിക്കുമെന്ന് ചിത്രം വിളിച്ചു പറയുന്നു.മകളെ നഷ്ടപ്പെട്ട ഒരമ്മയെ അഴിക്കുള്ളിലാക്കാന്‍ കോപ്പുകൂട്ടിയ നെറികെട്ട മാധ്യമധര്‍മത്തെയും,വര്‍ഗീയമായി ഏതൊരു വിഷയത്തെയും സമീപിക്കുന്ന യാഥാസ്ഥികവാദികളായ സിംഹഭാഗം ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങളെയും തുറന്നു കാട്ടുന്ന ചിത്രത്തിന്റെ രാഷ്ട്രീയം ഇന്നിന്റെ സാമൂഹികവ്യവസ്ഥിതിയോടും കൂട്ടിവായിക്കാവുന്നതാണ്.
വാര്‍ത്തയെന്നാല്‍ സത്യമെന്നല്ല എന്നു വാദിക്കുമ്പോഴും നാം വിശ്വസിക്കുന്ന സത്യങ്ങള്‍ വാര്‍ത്തകള്‍ തന്നെയാണ്.കിടക്കയില്‍ നിന്നു നെരേയോടി പത്രം തുറക്കുന്ന ഓരോ വായനക്കാരന്റെയും,ടിവിയിലെ എണ്ണിയാലൊടുങ്ങാത്ത ചാനലുകള്‍ക്ക് സാക്ഷിയാകുന്ന ഓരോ പ്രേക്ഷകന്റെയും വിശ്വാസമാണ് ഓരോ പത്രപ്രവര്‍ത്തകന്റെയും അന്നം.സത്യത്തിന്റെ നേര്‍ക്കു തുറന്നുപിടിച്ച കണ്ണാടിയാണു മാധ്യമങ്ങളെന്ന വസ്തുത കേവലം ടാഗ് ലൈനുകള്‍ മാത്രമൊതുങ്ങിപോകാതിരിക്കട്ടെ....!!!
“A good newspaper, I suppose, is a nation talking to itself.”
— Arthur Miller
കൂടുതൽ വായനയ്ക്ക് ചുവടെയുള്ള ഹാഷ് ടാഗുകളൊ ബ്ലോഗ് ലിങ്കോ സന്ദർശിക്കുക...