മുന്നറിയിപ്പും വിപ്ലവവും
〰
〰
〰
〰
〰
〰
〰
〰
〰
〰
〰
The revolution is not an apple that falls when it is ripe. You have to make it fall.
- Che Guevara 
🔼
🔼
പ്രാകൃത കമ്യൂണിസം എന്നത് മനുഷ്യ സമൂഹത്തിന്റെ പ്രാരംഭഘട്ടമാണ്. ഭക്ഷണം ശേഖരിച്ച് അന്നന്നത്തെ ഭക്ഷണം അന്നന്ന് തന്നെ കണ്ടെത്തിയിരുന്ന ഈ മനുഷ്യർക്കിടയിൽ സമത്വം നിലനിന്നിരുന്നു. സ്വകാര്യ സ്വത്തിന്റെ അസാന്നിദ്ധ്യമായിരുന്നു ഈ സമൂഹത്തിന്റെ പ്രത്യേകത.ഇന്നിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ വിഭാവനംചെയ്യുന്ന വര്‍ഗരഹിതമായൊരു സാമൂഹികവ്യവസ്ഥിതിയോടു കൂട്ടികെട്ടാവുന്ന പ്രാകൃതമനുഷ്യന്റെ ജീവിതചര്യ കൈമോശം വന്നുതുടങ്ങിയത് കൃഷിയുടെയും കൂട്ടായ വാസത്തിന്റെയും ആരംഭത്തോടെയാണ്.ഇതിന്റെ പാരമ്യതയിൽ കൃഷിയോഗ്യമായ ഭൂമി ചിലരുടെമാത്രം ഉടമസ്ഥതയിൽ ആവുകയും, മറ്റുള്ളവർ അവരുടെ അടിമകളായിത്തീരുകയും ചെയ്തു.അടിമത്തവ്യവസ്ഥിതി സൃഷ്‌ടിച്ച പാരതന്ത്ര്യവും വേതന-അസമത്വവും വിയര്‍പ്പൊഴുക്കുന്ന തൊഴിലാളിലെ പുരോഗമനചിന്തകളിലേക്ക് വഴിതെളിച്ചു.സമത്വമെന്ന ആശയത്തെ അവന്‍ സ്വപനംകണ്ടു. മുതലാളിത്തത്തിൽ നിന്നും സോഷ്യലിസത്തിലേക്കുള്ള മാറ്റം അനിവാര്യമാണെങ്കിലും, സർവ്വശക്തമായ മുതലാളിത്തം അതിനെ ചെറുക്കാൻ സകലവിധ നീക്കങ്ങളും നടത്തുമെന്നും അതിനാൽ സായുധ വിപ്ലവം പോലുള്ള മാർഗ്ഗങ്ങളും ഇതിനായി അവലംബിക്കേണ്ടി വരുമെന്നുമുള്ള മാർക്സിസ്റ്റു തത്വചിന്തകളില്‍ തൊഴിലാളി കണ്ടത് പുത്തനൊരാശയത്തെയാണ്.വേതനത്തിനായും സമത്വതിനായുമുള്ള തൊഴിലാളിയുടെ വിപ്ലവങ്ങള്‍ അവനു നല്‍കിയ തിരിച്ചറിവുകള്‍ അനേകമായിരുന്നു.പ്രഭുക്കന്മാരുടെ ആജ്ഞാനുവര്‍ത്തികളായി ജീവിതമവസാനിപ്പിച്ചപ്പോള്‍ തങ്ങളുടെ മുന്‍ഗാമികള്‍ നഷ്ടപ്പെടുത്തിയ ശോഭനമായൊരു ജീവിതത്തെയോര്‍ത്തു സഹതാപംകൊണ്ട് ഇന്നിന്റെ തൊഴിലാളി ഉറ്റുനോക്കിയത് ഒരു ദേശത്തിന്റെയോ രാജ്യത്തിന്റെയോ ശോഭനമായ ഭാവിയെപ്പറ്റി മാത്രമായിരുന്നില്ല,അത് സര്‍വലോകസമത്വമായിരുന്നു.അധ്വാനിക്കുന്നവന്റെ വിയര്‍പ്പിന്റെ വിലയ്ക്ക് കണക്കുചോദിക്കാന്‍ ഇറങ്ങിപുറപ്പെട്ടവര്‍ അനേകം തത്വശാസ്ത്രങ്ങള്‍ സ്വയം രൂപപ്പെടുത്തി സായുധവിപ്ലവിത്തിനൊരുങ്ങുമ്പോഴും അവന്റെയുള്ളില്‍ ജ്വലിച്ചു നിന്നത് സമത്വം,സ്വാതന്ത്ര്യം !!!
തൊഴിലാളികളെ സംഘടിപ്പിച്ച്, ബോൾഷെവിക് പാർട്ടിയുടെ നേതൃത്വത്തിൽ വിപ്ലവം നടത്തിയ ലെനിന്‍ എന്ന മുന്നണിപോരാളി മഹത്തായ ഒക്ടോബര്‍ വിപ്ലവത്തില്‍ നാടുനീക്കിയത് സാര്‍ ചക്രവര്‍ത്തിമാരുടെ അധീശത്വത്തെ മാത്രമായിരുന്നില്ല,അനേകായിരം തൊഴിലാളികളുടെ വര്‍ഷങ്ങളുടെ യാതനയെയുംകൂടിയാണ്.അടിമത്തവ്യവസ്ഥിതിയില്‍നിന്നുമൊരു മോചനത്തിനായി വിപ്ലവമെന്ന ആശയം തൊഴിലാളിയില്‍ വേരുറച്ചത് കേവലമൊരു ദിവസം കൊണ്ടോ ആഴ്ചകൊണ്ടോ ആയിരുന്നില്ല.പലപ്പോഴും സായുധവിപ്ലവമെന്നത് തൊഴിലാളിക്ക് ഏറെ അകലെയാണെന്നൊരു വിശ്വാസമുണ്ടായ കാരണത്താല്‍ പലപ്പോഴും ഒരു പിന്‍വലിവ് നേരിട്ടിരുന്നു തൊഴിലാളികള്‍.എന്നാല്‍ പിന്നീട് സോഷ്യലിസം എന്ന ആശയത്തോടുള്ള വ്യക്തമായ ധാരണയാണ് സായുധവിപ്ലവമെന്ന ഒരു നിഗമനത്തിലേക്ക് തൊഴിലാളിയെ നയിച്ചത്.
മഹത്തായ ആശയത്തെ സിനിമാവത്കരിക്കപ്പെട്ടപ്പോള്‍ പ്രേക്ഷകപ്രശംസ നേടിയ സൃഷ്ടികളെ ഇന്നും നാമേവരും ഓര്‍മയില്‍ സൂക്ഷിക്കുന്നുണ്ടാകാം.ഇക്കൂട്ടത്തില്‍ പരോക്ഷമായി കമ്മ്യൂണിസം എന്ന ആശയത്തെ സാധൂകരിക്കുന്നൊരു ചിത്രമാണ് 'മുന്നറിയിപ്പെ'ന്നു മുന്‍പൊരു പോസ്റ്റില്‍ ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു.വ്യക്തമായൊരു വ്യാഖ്യാനം, ചിത്രം കമ്മ്യൂണിസ്റ്റ് ആശയത്തിനു നല്‍കുന്നുണ്ട്.രാഘവന്‍ എന്ന വ്യക്തിയെ സ്വാതന്ത്ര്യലബ്ദിയ്ക്കായി നിലകൊള്ളുന്ന തൊഴിലാളി വര്‍ഗ്ഗത്തിന്റെ അപ്പോസ്തലനായും അതെ സമയം മറ്റൊരു വശത്ത് മുതലാളിത്തവ്യവസ്ഥിതിയില്‍ പെട്ടുഴറുന്ന തൊഴിലാളിവര്‍ഗത്തെ അഞ്ജലിയും പ്രതിനിധീകരിക്കുന്നുണ്ട്.എന്നാല്‍ നിലനിൽക്കുന്ന അധികാരികൾക്കെതിരായി ജനങ്ങൾ ഉയിർത്തെഴുന്നേൽക്കുന്നതിലൂടെ താരതമ്യേന ചെറിയ കാലയളവിൽ രാഷ്ട്രീയാധികാരത്തിൽ അഥവാ അധികാരഘടനയിൽ ഉണ്ടാകുന്ന അടിസ്ഥാനപരമായ 'വിപ്ലവ'മെന്ന ആശയത്തെ വളരെ സ്പഷ്ടമായി ചിത്രം സമീപിക്കുന്നുണ്ട്.എപ്രകാരമെന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഈ പോസ്റ്റ് വഴി...
【 'മുന്നറിയിപ്പും കമ്മ്യൂണിസവും' എന്ന എന്റെ തന്നെ പോസ്റ്റിലെ ചില വസ്തുതകള്‍ ചുവടെ ചേര്‍ക്കുന്നു 】
തന്റെ ജീവിതത്തില്‍ ഒരു പുതുമ അല്ലെങ്കില്‍ വഴിത്തിരിവുകള്‍ സാധ്യമല്ല അല്ലെങ്കില്‍ അതിനു താല്‍പ്പര്യമില്ല എന്ന് വിശ്വസിക്കുന്നയാളാണ് രാഘവന്‍.മുതലാളിത്തവ്യവസ്ഥിതിയില്‍ പെട്ടുപോകുന്ന സാധാരണക്കാരന്റെ അവസ്ഥയും ഇത് തന്നെയാണ്.പിന്നീട് "നമ്മുടെ വര്‍ത്തമാനം മാത്രമല്ല ചിന്തകളും പിടിക്കുന്ന യന്ത്രമാണോ ?" എന്ന് recorder നോക്കിക്കൊണ്ട് സംസാരിക്കുന്ന രാഘവന്‍ തന്നിലെ വ്യാകുലതകളുടെ താക്ക്കോല്‍ അവിടെ അഴിക്കാന്‍ ശ്രമിക്കുന്നുണ്ട്.വിപ്ലവാത്മകമായ ചിന്താഗതിയുടെ തീക്കനല്‍ വീഴ്ത്തിയ കമ്മ്യൂണിസം എന്ന തത്വശാസ്ത്രത്തില്‍ സാധാരണക്കാരായ ജനങ്ങളിലെ വിശ്വാസം ഇവിടെ 'മുന്നറിയിപ്പ്' വരച്ചു കാട്ടുന്നു.തങ്ങളുടെ വിപ്ലവചിന്തകള്‍ മുതലാളിമാരില്‍ എത്തുന്നുണ്ടോ എന്ന സാധാരണക്കാരന്റെ വ്യാകുലതകള്‍ രാഘവനിലൂടെ സംവിധായകന്‍ പ്രകടിപ്പിക്കുന്നുണ്ട്.
സാധാരണക്കാരന്റെ വ്യാകുലതകളുടെ രണ്ടാം അദ്ധ്യായം ഇവിടെ തുടങ്ങുന്നു.തങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നു എന്ന് സമര്‍ധിക്കുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളോടുള്ള വിശ്വാസ്യതയിലെ ഏറ്റക്കുറവു ഇവിടെ സ്ഫുരിക്കുന്നു.എന്നോടൊപ്പം ഉണ്ടെന്ന ഞാന്‍ വിശ്വസിക്കുന്ന പ്രതിബിംബത്തെ പോലെയാണ് കമ്മ്യൂണിസം,അത് എന്നോടൊപ്പം ഞാന്‍ കാണുമ്പോഴെല്ലാം കൂടെയുണ്ട്.ഞാന്‍ കാണാത്ത നേരത്ത് അതിന്റെ ചെയ്തികള്‍ എനിക്ക് അജ്ഞാതമാണ്.തന്നോടൊപ്പം നില്‍ക്കുന്ന പ്രസ്ഥാനത്തിന്റെ പരിമിതികളിലുള്ള തിരിച്ചറിവും മുതലാളിമാരുടെ ശക്തിസ്രോതസ്സുകളിലുള്ള ഭയവും സാധാരണക്കാരില്‍ ഇങ്ങനെയൊരു ആകുലത സൃഷ്ടിച്ചതില്‍ തെറ്റു പറയാന്‍ കഴിയില്ലെന്ന് 'മുന്നറിയിപ്പ്' പറയാതെ പറയുന്നു.
ജയിലിലെ രാഘവന്‍ സമ്മര്‍ദ്ദങ്ങള്‍ക്കതീതനല്ല,അവിടെ അയാളുടെ ബൗദ്ധീകമണ്ഡലം ക്രമമായും ചിട്ടയോടും ജോലി ചെയ്യുമ്പോള്‍ രാഘവന്റെ ചിന്തകളും വീക്ഷണങ്ങളും പകര്‍ത്തുവാന്‍ അയാള്‍ക്ക് മടിയേതുമില്ല.എന്നാല്‍ അഞ്ജലിയുടെ സമ്മര്‍ദ്ദത്താല്‍ അയാളുടെ ബൗദ്ധീകമണ്ഡലം ക്രമരഹിതമാകുകയും ചിന്തകള്‍ക്ക് വേഗത നഷ്ടപ്പെടുകയും ചെയ്യുന്നു.താന്‍ ആവശ്യപ്പെടുന്ന അന്തരീക്ഷം സൃഷ്ടിക്കുവാനോ തന്നെ സമ്മര്‍ദ്ദവിമുക്തനാക്കാനോ അഞ്ജലി ഒന്നും തന്നെ ചെയ്യുന്നില്ലെന്നു രാഘവൻ ബോധവാനാകുന്നുണ്ട്.ഇത് അഞ്ജലിയുടെ തന്നെ വിനാശത്തിനു കാരണമാകുകയാണ് ചിത്രത്തില്‍.സാധാരണക്കാരനായ തൊഴിലാളിയും രാഘവന് സമനാണ്.ജോലികള്‍ ആയാസരഹിതമായും സമ്മര്‍ദ്ദവിമുക്തമായും ചെയ്യുമ്പോളാണ് ഒരുവന്‍ മാനസികമായി സന്തുഷ്ടനാകുന്നതും അയാള്‍ക്ക് അതിന്റെ ഫലം ലഭിക്കുന്നതും.എന്നാല്‍ താന്‍ അര്‍ക്കിക്കുന്ന വേതനം ലഭിക്കാതെ മറ്റൊരുവനുവേണ്ടി സമയബന്ധിതമായി ജോലി ചെയ്യേണ്ടി വരുമ്പോള്‍ ഏതൊരാളും തന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാനിറങ്ങാം.ഇത് മുതലാളിത്ത വ്യവസ്ഥിതിയുടെ പോലും ഉന്മൂലനത്തിനു കാരണമാകാം.ഇവിടെ വിപ്ലവം എന്ന തത്വം സാധാരണക്കാരന് പകര്‍ന്നു നല്‍കുന്നത് കമ്മ്യൂണിസമാണെങ്കില്‍ രാഘവന് അത് പകരുന്നത് സ്വന്തം ചിന്തകളാണ്.
കായല്‍ക്കരയിലെ ഒറ്റപ്പെട്ട വീട്ടിന്റെ ചുറ്റുവട്ടത്തു ഉലാത്തുന്ന രാഘവന്‍ ഒരു വടിയെടുക്കുന്നതും,പിന്നീടത് അത് ഉപയോഗശൂന്യമെന്ന മട്ടില്‍ മാറ്റിയിടുന്നതുമായ രംഗം കാണാം.ചെന്നു വീഴുന്ന വടിയുടെ ശബ്ദംകൊണ്ടു അതൊരു ഇരുമ്പ് കമ്പിയാണെന്നു വ്യക്തമാകുന്നുണ്ട്.ഒന്നുകൂടി വ്യക്തമായി അതിനെ വീക്ഷിച്ചാല്‍ മുന്‍ഭാഗം ഉന്തിനില്‍ക്കുന്ന തരത്തിലുള്ള ഘടനയാണ് അതിനുള്ളതെന്നും മനസിലാക്കാം.അങ്ങനെ ഇതേ വടി കൊണ്ടുതന്നെയാണ് രാഘവന്‍ അഞ്ജലിയെ കൊലപ്പെടുതുന്നതും.
ഇവിടെ രാഘവന്‍ എന്ന വ്യക്തി സംശയാലുവാണ്.സ്വന്തം സ്വാതന്ത്ര്യം ഹനിക്കപ്പെട്ട അവസ്ഥയില്‍ നിന്നെങ്ങനെ രക്ഷ നെടണമെന്ന്‍ അയാള്‍ക്ക് ഉറപ്പില്ല.ഹിംസ ഒരു നല്ല ഓപ്ഷനാണോയെന്നതും അയാള്‍ക്ക് വ്യക്തമല്ല.ആയ കാരണത്താലാണ് ആദ്യം ഇരുമ്പുവടി ഉപേക്ഷിക്കുവാന്‍ അയാള്‍ക്ക് തോന്നിയത്.എന്നാല്‍ പിന്നീട് അതേ വടി ഉപയോഗിച്ചു തന്നെ അഞ്ജലി കൊലചെയ്യപ്പെടുന്നതാണ് നാം കാണുന്നത്.അറിവില്ലാത്ത, സംശയാലുക്കളായ സാധാരണ തൊഴിലാളി വര്‍ഗം ആദ്യ കാലങ്ങളില്‍ സായുധവിപ്ലവമെന്ന ആശയത്തോട് കാട്ടിയ വൈമുഖ്യമാണ് രാഘവന്‍ വടി ഉപേക്ഷിക്കുന്നത് വഴി വരച്ചുകാട്ടുന്നത്.എന്നാല്‍ സായുധവിപ്ലവമാകുന്ന അതേ ഇരുമ്പുവടി തന്നെയാണ് തന്റെ സ്വാതന്ത്ര്യവും അവകാശങ്ങളും തിരികെ നല്‍കാന്‍ പോന്നതെന്ന തിരിച്ചറിവാണ് തൊഴിലാളികളെക്കൊണ്ടും രാഘവനെക്കൊണ്ടും വടിയെടുപ്പിച്ചത്.അതൊരു മഹത്തായ തിരിച്ചറിവായിരുന്നു,സ്വാതന്ത്ര്യമെന്ന മഹത്തായ ആശയത്തിലുള്ള തിരിച്ചറിവ്.....
എന്റെ യുക്തിക്ക് തോന്നിയ വ്യാഖ്യാനങ്ങള്‍ മാത്രമാണ് ഇവിടെ നിരത്തിയിരിക്കുന്നത്.ഓരോ പ്രേക്ഷകനും ചിന്തയുടെ പറുദീസ തുറന്നു നല്‍കുന്ന ചിത്രത്തില്‍ ഏവരുടെയും ചിന്തകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും പ്രാധാന്യം ഏറെയാണ്.ഒന്‍പതു ഭാഗങ്ങളിലായി ചിട്ടപ്പെടുത്തിയ 'മുന്നറിയിപ്പ്' പരമ്പരയുടെ തുടര്‍ച്ചയെന്നോണം ഈ അഭിപ്രായപ്രകടനത്തെ സമീപിക്കുക.
(പരമ്പരയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കുവാനായി ഈ ഹാഷ് ടാഗുകള്‍ ഉപയോഗിക്കുക)
കൂടുതൽ വായനയ്ക്ക് : rhshyanil.blogspot.com )
