Friday, September 8, 2017

Korean Movie "Memories of Murder" Revealed in Malayalam

കൊറിയ കണ്ട ഏറ്റവും വലിയ കൊലപാതക പരമ്പരയും അതിന്റെ ദൃശ്യവത്കരണവും======================================================================
'Stranger murders are notoriously difficult to crack, but thankfully they are also very rare. When the motive for the murder is the self-gratification of the killer, the fear is that he will strike again.'-
ലോക പ്രശസ്തമായ Thrill Killers കേസ് അന്വേഷിച്ച ജോണ്‍ ഷട്ഫോഡ് എന്ന ഡിറ്റക്ടീവിന്റെ വാക്കുകള്‍.കാരണമില്ലാതെ ചെയ്യുന്ന നരഹത്യകള്‍ എന്നും ചോദ്യങ്ങള്‍ അവശേഷിപ്പിക്കാറുണ്ട്.കുറ്റാന്വേഷകനു ഏറ്റവും വലിയ വിലങ്ങുതടിയായി പരിണമിക്കുന്നതും ഇതല്ലാതെ മറ്റൊന്നല്ല.മാര്‍ഗെരെറ്റ് മുള്ളര്‍ എന്ന പെണ്‍കുട്ടിയെ 'ഒരു രസ'ത്തിനായി വകവരുത്തിയ ഇരട്ടകൊലയാളികളെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ പോലും ഈ കാരണത്തിനാവുകയുണ്ടായി.മരണശിക്ഷ ഉറപ്പിച്ച കേസില്‍ സുപ്രസിദ്ധ അഭിഭാഷകന്‍ ക്ലാരെന്‍സ് ഡാരോയുടെ വാദം ഇപ്രകാരമായിരുന്നു ആരംഭിച്ചത് - 'ഇത്രയും ക്രൂരവും പൈശാചികവുമായ കൊലപാതകം കാഴ്ചവയ്ക്കുവാന്‍ മനോനില തെറ്റിയവര്‍ക്കല്ലാതെ മറ്റാര്‍ക്കും സാധി്ക്കുകയില്ല എന്നത് സംശയമേതുമില്ലാതെ സമർധിക്കാവുന്ന വസ്തുതയാണ്.അത്തരത്തില്‍ ഒരു നരഹത്യ ചെയ്തവര്‍ക്ക് മരണശിക്ഷ നല്‍കി അതെ നാണയത്തില്‍ തിരിച്ചടിക്കാന്‍ ആദരണീയമായ നീതിപീഠത്തിനു സാധിക്കുമോ ?' എന്ന ചോദ്യത്തില്‍ തുടങ്ങി 12 മണിക്കൂറോളം നീണ്ട വാദപ്രദിവാദത്തിന്റെയൊടുക്കം ഇരട്ടകൊലപാതകികളെ ഏവരുടെയും പ്രതീക്ഷകള്‍ അസ്ഥാനത്താക്കി ഡാരോ മരണശിക്ഷയില്‍ നിന്നും രക്ഷിച്ചു.ലോകം മുഴുവന്‍ കാതോര്‍ത്തിരുന്ന ഒരു വിചാരണയുടെ വിധി തന്നെ പാടെ മാറ്റിമറിക്കുവാന്‍ 'കാരണമില്ലാത്ത ഈ കാരണത്തിന്' സാധിച്ചു.മനോനില തെറ്റിയ കൊലപാതകികള്‍ ഓരോ കുറ്റാന്വേഷകനും കുരുക്കുകള്‍ സൃഷ്ടിച്ചു നല്‍കുമ്പോള്‍ ഉത്തരം കിട്ടാതെ പോയ ചോദ്യങ്ങളും അവയ്ക്ക് കാരണഭൂതരായവരും മറനീക്കി പുറത്തുവരാതെ മാന്യമുഖങ്ങളായി സമൂഹത്തില്‍ വിലസുന്ന സന്ദര്‍ഭങ്ങള്‍ ഒരു പുതുമയല്ലാത്ത വസ്തുതയാകുന്നത് അവരുടെ ചെയ്തികളിലെ മേല്‍പ്പറഞ്ഞ കാരണമില്ലായ്മയും,ബന്ധമില്ലയ്മയുമാണ്.ഈയൊരു മുന്തൂക്കം ഒരായുധമാക്കി ഇന്നും മറനീക്കി പുറത്തുവരാന്‍ മടിക്കുന്ന ഒരുവനാണ് കൊറിയന്‍ മഹാരാജ്യാത്തെ ആദ്യ Serial Killing നു പിന്നിൽ.
Hwaseong പ്രവിശ്യയില്‍ 1986 ല്‍ തുടങ്ങി 5 വര്‍ഷത്തെ ഇടവേളയില്‍ നമ്മുടെ കഥാനായകന്‍ കവര്‍ന്നെടുത്തത് 10 പെണ്ജീവനുകളാണ്.14 മുതല്‍ 71 വയസ്സുവരെ പ്രായമുള്ളവര്‍ ഇരകളായി.ഇവരില്‍ പലരും ലൈംഗീകമായി പീഡിപ്പിക്കപ്പെടുകയും മണിക്കൂറുകളോളം ശാരീരിക പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെടുകയും ചെയ്തിരുന്നു.അവരുടെ തന്നെ വസ്ത്രങ്ങളാല്‍ കൈകാലുകള്‍ ബന്ധിപ്പിച്ചതിനു ശേഷമാണ് ശവശരീരങ്ങള്‍ പലയിടത്തും ഉപേക്ഷിക്കപ്പെടുന്നത്.20 ലക്ഷത്തോളം അന്വേഷകര്‍ കേസിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാനായ് നിയോഗിക്കപ്പെട്ടു.2000 ഓളം ആളുകള്‍ suspect കളായി.9 ആം നരഹത്യക്ക് ശേഷം ലഭിച്ച രക്ത സാമ്പിള്‍ DNA പരിശോധനയ്ക്കായി അയച്ച്‌ ശേഷം സംശയിക്കപ്പെട്ട ഒരാള്‍ക്ക്‌ പോലും അതിനു compitable ആയില്ല.
ചോദ്യങ്ങളുടെ ഒരു പറുദീസാ മനോരോഗിയായ കൊലപാതകി ഓരോ കുറ്റാന്വേഷകനായും മാറ്റിവയ്ക്കുവാന്‍ മറന്നില്ല.1991 ല്‍ 69 വയസുണ്ടായിരുന്ന തന്റെ പത്താം ഇരയെ മരണത്തിലേക്ക് തള്ളിവിട്ട കഥാനായകന്‍ പിന്നീട് ഉത്തരമില്ലാത്ത ഏതോ ഒരു കാരണത്തിന്റെ പിന്ബലത്താല്‍ തന്റെ നരഹത്യയ്ക്ക് കര്‍ട്ടനിട്ടു.75 കിലോയോളം ഭാരമുണ്ടായിരുന്ന 170 cm ഓളം നീളമുണ്ടായിരുന്ന ആ യുവാവ് ഇന്നു ഒരു മധ്യവയസ്കനാകാം, സമൂഹത്തില്‍ ഉന്നത സ്ഥാനം അലങ്കരിക്കുന്ന വ്യക്തിയാകാം, ഒരു സാധരണക്കാരനാകാം,ഒരുപക്ഷെ,തിരിച്ചറിവിന്റെ ഭാരത്താല്‍ ലോകജീവിതം അവസാനിപ്പിച്ചു യാത്ര ചോദിച്ച ഒരുവനുമാകാം.ആരായാലും,അന്നും ഇന്നും അവന്‍ അജ്ഞാതനാണ്.കൊറിയയില്‍ ഇരുട്ടിന്റെ ഇടനാഴികളില്‍ കേള്‍ക്കുന്ന കാലൊച്ചകള്‍ക്ക് മരണത്തിന്റെ കംബളം പുതപ്പിക്കുവാന്‍ അവനൊരു തിരിച്ചുവരവിനു ഒരുങ്ങുന്നുണ്ടോ എന്ന സംശയം ഇന്നും പ്രസക്തമായി തന്നെ നിലനില്‍ക്കുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം, വെള്ളിത്തിരയില്‍ ഈ നരഹത്യാ-പരമ്പരയെ കൂട്ടുപിടിച്ച്, Bong Hoon Joon-jo എന്ന കൊറിയന്‍ സംവിധായകന്‍ തന്റെ രണ്ടാം സംവിധാനസംരംഭം വെള്ളിത്തിരയില്‍ അവതരിപ്പിക്കുകയുണ്ടായി.ചിത്രം-Memories of Murder.യഥാര്‍ത്ഥ സംഭവങ്ങള്‍ പലതും Fiction ഓടു ചേര്‍ത്ത് നിര്‍ത്തി അവതരിപ്പിച്ച ചിത്രം കൊറിയന്‍ സിനിമ ചരിത്രത്തിലെ തന്നെ പോന്തൂവലായി മാറിയത് ചരിത്രം.നഗരത്തോട് മാറി നില്‍ക്കുന്ന പ്രാന്തപ്രദേശത്ത് കണ്ടെത്തുന്ന യുവതിയുടെ ശവശരീരത്തിന് പിന്നാലെ അന്വേഷണം ആരംഭിക്കുന്നു.സമാന്തരമായി തങ്ങളുടെ യുക്തിയിലും കഴിവിലും ( കഴിവില്ലായ്മയിലും ) ബോധമുള്ള രണ്ടു കുറ്റാന്വേഷകരേ ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നു.സംശയം തോന്നുന്ന പലരെയും ഇരുവരും കണ്ടെത്തുന്നു.കൊലപാതകിയുടെ ശാരീരിക ഘടന മനസ്സിലാക്കുവാനും,അയാളെ നേരിട്ട് കണ്ടെന്നു അവകാശപ്പെടുന്ന ഒരു മനുഷ്യനെയും, പ്രധാനം എന്ന് 'കരുതപ്പെടുന്ന' നിരവധി തെളിവുകളും ഇരുവര്‍ക്കും സഹായഹസ്തം നല്‍കുന്നു.എന്നാല്‍ അവരില്‍ നിന്നും ഒരുവന്‍ മാത്രം അകന്നു നിന്നു,ചിത്രത്തിലെ മുഖം വ്യക്തമാക്കാത്ത പ്രതിനായകന്‍.ഏതൊരു കുറ്റാന്വേഷണ കഥയിലും സത്യം പുറത്തുകൊണ്ടുവരാന്‍ അഹോരാത്രം പ്രയത്നിക്കുന്ന നായകകഥാപാത്രങ്ങളുടെ കഷ്ടപ്പാടിനു വില നല്കുംപോലെ കുറ്റവാളി മറനീക്കി പുറത്തുവരുന്നതാണ് പതിവ്.ഇവിടെ കഥയിലോ യാഥാർഥ്യത്തിലോ കുറ്റവാളി പ്രേക്ഷകന് മുന്നിലോ ലോകത്തിനു മുന്നിലോ അവതരിക്കുന്നില്ല.നിസ്സഹായതയുടെ വക്താക്കളാകാന്‍ വിധിക്കപ്പെടുന്നു കഥയില്‍ ഇരട്ടകുറ്റാന്വേഷകര്‍.കഴിവിന്റെയും ഭാഗ്യത്തിന്റെയും അകമ്പടിയോടെ അവര്‍ കണ്ടെത്തിയ തെളിവുകള്‍ എല്ലാം തന്നെ അര്‍ത്ഥശൂന്യമാണെന്ന തിരിച്ചറിവില്‍ ജീവിതം തുടരാന്‍ വിധിക്കപ്പെടുകയാണ് ഇരുവരും.
വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ തോല്‍വിക്ക് വേദിയൊരുക്കിയ ഇടത്തില്‍ കുറ്റാന്വേഷകരില്‍ ഒരുവന്‍ എത്തുന്നു.തനിക്കു നേരിടേണ്ടി വന്ന ഓരോ വൈകാരിക നിമിഷങ്ങളും ആ മനുഷ്യന്റെ കണ്ണുകളില്‍ മിന്നി മാഞ്ഞുകൊണ്ടിരുന്നു.അവിടെയെത്തിയ ഒരു പെണ്‍കുട്ടിയുമായി സംസാരിക്കവേ നിമിഷങ്ങൾക്കിപ്പുറം തന്റെ പ്രതിയോഗിയായിരുന്നവന്‍ ഇവിടം സന്ദര്‍ശിച്ചുവെന്നും അവന്‍ ഏതൊരാളെയും പോലെ പരന്ന മുഖമുള്ള സാധരണക്കാരന്‍ എന്ന് തോന്നിക്കും വിധം രൂപസാദ്രിശ്യം ഉള്ളവനാണെന്നും കുറ്റാന്വേഷകനായിരുന്ന മനുഷ്യന്‍ മനസ്സിലാക്കുന്നു.എന്തോ തിരിച്ചറിഞ്ഞ ഒരുവനെ പോലെ അയാള്‍ പ്രേക്ഷകരിലേക്ക് കണ്ണോടിച്ചു,അപ്പോഴും അയാളുടെ മുഖത്ത് നിസ്സഹായതയുടെ നിഴല്‍ ബാക്കിയാക്കി ചിത്രം അവസാനിച്ചു.
ഇവിടെ ആരാകാം കൊലപാതകിയായ Psycho ?
```````````````````````````````````````````````````````````````
★ കൊലപാതകത്തിലെ തന്റെ അനായാസ്യത സൂചിപ്പിക്കുവാന്‍ വിരഹഗാനം മാലോകര്‍ക്കായി സംപ്രേഷണം ചെയ്യുവാന്‍ ആവശ്യപ്പെട്ട യുവാവ് ഒരു മനോരോഗിയായ കൊലപാതകിയുടെ വ്യക്തിത്വത്തോട് ചേര്‍ന്ന് നില്‍ക്കുന്നവന്‍ തന്നെയായിരുന്നു.എന്നാല്‍,തെറ്റു പറ്റില്ല എന്ന് മനുഷ്യന്‍ അടിയുറച്ചു വിശ്വസിക്കുന്ന ശാസ്ത്രം അവന്‍ നിരപരാധിയാണെന്ന് വിധിയെഴുതിയപ്പോള്‍ രക്ഷപ്പെട്ടത് ഒരു നിരപരാധിയോ അപരാധിയോ ആകാം.
★ മരണപ്പെട്ടവരുടെ കല്ലറയ്ക്കരികിൽ ഒരു സ്ത്രീയുടെ അടിവസ്ത്രം നോക്കിക്കൊണ്ട് സ്വയംഭോഗം ചെയ്യുവാന്‍ സന്നദ്ധനായ ഒരു മനോരോഗിയ്ക്ക് സമമായ വ്യക്തിത്വം കൊണ്ടുനടക്കുന്നവന്‍ നിരപരാധിയെന്ന്‍ മുദ്ര കുത്തപ്പെട്ടത്‌ കേവലം അയാളുടെ കൈപ്പത്തികളുടെ മൃദുലത കാരണമാണ്.തന്റെ അവസാന നിമിഷങ്ങള്‍ മുന്നില്‍ കണ്ടപ്പോള്‍ ഭയചിത്തയായി ഒരു യുവതി നടത്തിയ ചെല്‍പ്പനയില്‍ വിശ്വസിച്ചുകൊണ്ടാണു കുറ്റാന്വേഷകന്‍ അയാളെ നിരപരാധിയെന്ന്‍ മുദ്രകുതിയത് പ്രാധാന്യം അര്‍ഹിക്കുന്ന സംഭവമാണ്.
★ ആദ്യം പരാമര്‍ശിച്ച യുവാവ് നിരപരാധിയാണെങ്കില്‍ അയാളെ മുന്‍നിര്‍ത്തി റേഡിയോ സ്റ്റേനിലെ സംപ്രേഷണ ചുമതലയുള്ള വ്യക്തിയെയും സംശയിക്കാവുന്നതാണ്.
★ 'ഒരു' Psycho Killer എന്ന തിയറി തല്‍ക്കാലത്തേക്ക് ഉപേക്ഷിച്ചാല്‍ ട്രെയിന്‍ തട്ടി മരണപ്പെടുന്ന യുവാവിനെയും,സ്വയംഭോഗം ചെയ്യുന്ന ആളെയുമെല്ലാം സംശയിക്കാം.ഇങ്ങനെ ചോദ്യങ്ങളും സംശയങ്ങളും ഏറെ നിരത്താന്‍ ഓരോ പ്രേക്ഷകനും ചിത്രം ഇടം നല്‍കിയപ്പോള്‍ എന്നിലെ സിനിമ ആസ്വാദകന് തോന്നിയ ചില Notations ചുവടെ കൊടുക്കുന്നു.
●●●●●●●●●●●●●●●●●●●●●
പ്രതിയായി ഒടുക്കം കണ്ടെത്തുന്ന Factory Worker ആയ യുവാവ് പലപ്പോഴും ഒരു മനോരോഗിക്ക് തത്തുല്യമായ മനോനിലയില്‍ പ്രതികരിക്കുന്നയാളാണ്‌.പെട്ടന്ന് തന്നെ eccentric ആകുന്ന അയാള്‍ ആരെയും ഭയപ്പെടുന്നില്ല എന്നത് വ്യക്തമാണ്.അയാളെ വധിക്കുവാന്‍ ശ്രമിക്കുന്ന കുറ്റാന്വേഷകനെ പേടിച്ചു ഭയന്നോടുന്നതിനു പകരം ശക്തമായി ചെറുക്കുവാനാണ് അയാള്‍ ശ്രമിക്കുന്നത്.ഒടുക്കം തന്നെ ഭിത്തിയോട് ചേര്‍ക്കുന്ന കഥാനായകനെ അപ്പോള്‍ പോലും അസഭ്യം പറയുന്നതില്‍ അയാള്‍ ആനന്ദം കണ്ടെത്തുന്നു.വിരഹം (Sad) എന്ന പേരുള്ള, എന്നാല്‍ ശ്രവിക്കുമ്പോള്‍ നിഗൂഢമായ എൻതിനെയോ ഓർമ്മിപ്പിക്കും വിധം പ്രവഹിക്കും പോലെയുള്ള സംഗീതം എല്ലാ കൊലപാതകങ്ങള്‍ക്കും മുന്‍പ് അയാള്‍ റേഡിയോ സ്റ്റേഷനില്‍ വിളിച്ചു ആവശ്യപ്പെടുന്നത് കേവലം Coincidence എന്ന പേരില്‍ വിളിക്കുവാന്‍ എനിക്ക് കഴിയില്ല.പ്രശസ്ത നിരൂപകന്‍ Pierce Conran ന്റെ തിയറി ഏറെ പ്രസക്തമാണ്.Factory Worker ഇന്നാട്ടിലെക്ക് താമസം മാറിയിട്ട് ആഴ്ചകള്‍ മാത്രമേ ആയിട്ടുള്ളൂ.അതിനു മുന്പ് അയാള്‍ GwangJu പ്രദേശത്തില്‍ വസിച്ചിരുന്നയാളാണ്.സാധരണക്കാരെ അതിക്രൂരമായി കൂട്ടക്കൊല നടത്തിയ പട്ടാളവാഴ്ചയുടെ കഥകള്‍ ഏറെ പറയാനുള്ള പ്രദേശമാണ് GwangJu പ്രവിശ്യ.1980 ലെ കൂട്ടക്കൊലയില്‍ Factory Worker കുട്ടിയാണ്.കൂട്ടക്കൊലക്ക് സാക്ഷിയായ അവന് തന്റെ പ്രീയപ്പെട്ടവരെ നഷ്ടപ്പെട്ടിരിക്കാം, ചോരയുടെ ഗന്ധവും നിറവും അവനെ ഒരു Trauma യില്‍ എത്തിച്ചതായുള്ള അനുമാനം ഏറെ പ്രസക്തമാണ്.ഇയാളുടെ Killing Pattern ശ്രദ്ധിച്ചാല്‍ രണ്ടു വസ്തുതകള്‍ ഏറെ പ്രസക്തമാണ്-ഇരകള്‍ ചുവന്ന വസ്ത്രം ധരിച്ചിരുന്നു,കൊലപാതകങ്ങള്‍ മഴയുടെ അകമ്പടിയോടെയായിരുന്നു.ചുവന്ന നിറം GwangJu വിൽ ചൊരിഞ്ഞ രക്തത്തിന്റെ അടയാളമാണ്.GwangJu കൂട്ടക്കൊലയ്ക്ക് മഴ പശ്ചാത്തലമായിരുന്നു എന്നത് വിരല്‍ചൂണ്ടുന്നത് കൊലപാതകി Factory Worker ആണെന്നതു തന്നെയാണ്.
വ്യാഖ്യാനങ്ങളുടെ പറുദീസ തുറക്കുവാന്‍ പ്രേക്ഷകന്‍ പ്രാപ്തനായാല്‍ ചിത്രം പുതിയ അര്‍ത്ഥതലങ്ങളിലേക്ക് സഞ്ചരിക്കും.ചിത്രത്തിന്റെ അവസാനരംഗത്തില്‍ കുറ്റാന്വേഷകന്‍ തന്റെ പ്രതിയോഗിയെപ്പറ്റിയുള്ള വിവരണം പെണ്‍കുട്ടിയില്‍ നിന്നും കേള്‍ക്കാനിടയായത്തിനു ശേഷം അദ്ദേഹത്തിന്റെ സംശയം നിഴലിക്കുന്ന കണ്ണുകള്‍ പ്രേക്ഷകന് നേര്‍ക്ക്‌ തിരിയുന്നു.എന്തിനാകാം ? Hwaseong കൊലപാതക പരമ്പരയുടെ സൂത്രധാരന്‍ തീര്‍ച്ചയായും ഈ ചിത്രം കണ്ടിരിക്കാം.ഒരേ സമയം യാഥാര്‍ത്ഥ്യത്തിലും കഥയിലും ചോദ്യങ്ങള്‍ മാത്രം നിരത്തിയ തന്റെ എതിരാളിയെയാണ് കുറ്റാന്വേഷകന്‍ പ്രേക്ഷകര്‍ക്കിടയിലെ ആയിരം കണ്ണുകള്‍ക്കിടയില്‍ പരതിയത്.നിഗൂഢതയുടെ കംബളം പുതച്ചു വ്യക്തമല്ലാത്ത കാരണത്താല്‍ തന്റെ ഉദ്യമം അവസാനിപ്പിച്ച ആ മനുഷ്യന്‍ ഇന്നും ലക്ഷോപലക്ഷം വരുന്ന കൊറിയന്‍ ജനതയില്‍ ജീവിക്കുന്നുണ്ടാകാം,ഒരുപക്ഷെ, തന്റെ സ്വപ്നതുല്യമായ ഒരു രണ്ടാം വരവിനായി ........
കടപ്പാട് : wikipedia.com
twitter.com/pierceconran
(കൂടുതൽ വായനയ്ക്ക് ചുവടെയുള്ള ഹാഷ് ടാഗ് ഉപയോഗിക്കുകയോ ബ്ലോഗ് സന്ദർശിക്കുകയോ ചെയ്യാം)